കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

‘‘രണ്ടു കണ്ണും കാണാതെയും ചെവി കേൾക്കാതെയുമിരുന്നാൽ എങ്ങനെ മനോവിഭ്രാന്തി ഉണ്ടാവാതിരിക്കും എന്ന് ഞാൻ ഓർത്തുപോയി. ഇന്നും ഇടക്കിടെ ആ അമ്മ എന്നെ കാണാൻ വരും. രണ്ടാമത്തെ കണ്ണ് കൂടി ഓപ്പറേഷൻ ചെയ്യണമെന്നാണ് ഒടുവിൽ വന്നപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഉമ്മൻ വർഗീസ് എഴുതിയ ലേഖനം.

കുറച്ചുകാലം മുമ്പ് ഒരു സൗജന്യ നേത്രചികിത്സാ ക്യാമ്പിൽ ഡോക്ടറായി എത്തിയപ്പോഴുള്ള അനുഭവമാണ്.

ക്യാമ്പ് സംഘടിപ്പിച്ചത് സാക്ഷരതാ മിഷൻ. ക്യാമ്പ് നടക്കവേ സംഘാടകരിൽ ഒരു പ്രമുഖൻ ഒരു അപേക്ഷയുമായി എത്തി: ഡോക്ടറേ, ഒരു പേഷ്യൻ്റ് വരും, ക്യൂ ഇല്ലാതെ പെട്ടെന്ന് കണ്ടു വിടണം.

ഞാൻ സമ്മതിച്ചു. ഒന്നുമില്ലെങ്കിലും ക്യാമ്പ് സംഘടിപ്പിക്കാൻ കഷ്ടപ്പെട്ട ആളല്ലേ? അൽപ്പം കഴിഞ്ഞ് രോഗി എത്തി. സ്​ത്രീ ആണ്, 65 വയസ്​ തോന്നിക്കും. മനോവിഭ്രാന്തിയിലാണ്. കണ്ണ് രണ്ടും കാണില്ല, ചെവി കേൾക്കില്ല, എന്തൊക്കെയോ പുലമ്പുന്നു. പറയുന്നതൊന്നും നല്ല വാക്കുകളും അല്ല. ഒരു ഡിക്ഷണറിയിലും ഇല്ലാത്ത വാക്കുകൾ. എതിരെ വീശുന്ന കാറ്റിനെപോലും ചീത്ത വിളിക്കുന്നു. എല്ലാവരും കൂടി രോഗിയെ എന്റെയടുത്ത് എത്തിച്ചു.

ഞാൻ അമ്മേ എന്നു വിളിച്ചു, എന്താണ് അമ്മയുടെ ബുദ്ധിമുട്ട് എന്നു ചോദിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷെ അതിനുമുമ്പേ എനിക്ക് കിട്ടി, നല്ല തെറിയഭിഷേകം. ഞാൻ കണ്ണിലേക്ക് ടോർച്ച് അടിച്ചു നോക്കുമ്പോൾ വീണ്ടും എന്നെ ഞാനിന്നുവരെ കേട്ടിട്ടില്ലാത്ത ചീത്തവാക്കുകളിലുള്ള ശകാരവർഷം.

ആ അമ്മയുടെ രണ്ടു കണ്ണിലും ചെറിയ പ്രകാശം മാത്രമേ കാണുള്ളൂ. രണ്ടു കണ്ണിലും തിമിരം മുറ്റിയിട്ടു കൃഷ്ണമണിയിലൂടെ കാണാം, പാൽപോലെ വെള്ള നിറം.

രോഗിയെ തിരിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കോളാൻ ഞാൻ പറഞ്ഞു. ഒപ്പം വന്നയാളിനെ വിളിച്ചിട്ട് കാര്യങ്ങൾ പറഞ്ഞു: അമ്മക്ക് രണ്ടു കണ്ണിലും തിമിരമാണ്, അത് മുറ്റി നിൽക്കുകയാണ്, അതു കാരണമാണ് ഒട്ടും കാണാത്തത്. ഓപ്പറേഷൻ ചെയ്യുകയല്ലാതെ ഇനി മറ്റൊരു മാർഗ്ഗവുമില്ല. ആശുപത്രിയിൽ കൊണ്ടുവന്നാൽ തിമിരം ഓപ്പറേഷൻ ചെയ്തുതരാമെന്നും പറഞ്ഞു.

മിക്കവാറും അവർ ആശുപത്രിയിൽ വരില്ലായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാരണം തിമിരം ഇത്രയും കൂടുന്നതുവരെ വച്ചുനീട്ടിക്കൊണ്ടുപോയ ആ രോഗിയെ ആരു കൊണ്ടുവരാനാണ്? ആരെങ്കിലും സഹായിക്കുമായിരുന്നെങ്കിൽ ഇതിനുമുമ്പേ വരുമായിരുന്നല്ലോ.

തൊട്ടടുത്ത ദിവസം രാവിലെ 9 മണിക്ക് ആശുപത്രിയുടെ ലോഞ്ചിൽ ഒരു വലിയ ബഹളം. തൊട്ടുതലേ ദിവസം കണ്ട ആ അമ്മയെ ആശുപത്രിയിൽ കൊണ്ടുവന്നതിന്റെ ബഹളമാണ്. വണ്ടിയിൽ വന്ന രോഗിക്ക് ഇറങ്ങാൻ പറ്റുന്നില്ലെങ്കിൽ വീൽ ചെയറുമായി അറ്റെൻഡർ എത്തും. സാധാരണ അങ്ങനെയാണല്ലോ. ഇവിടെയും അങ്ങനെ വീൽചെയറുമായി അറ്റൻഡർ എത്തി, അമ്മയോട് ഇറങ്ങി വീൽചെയറിൽ ഇരിക്കാൻ പറഞ്ഞു, അറ്റെൻഡറും ഞെട്ടിത്തരിച്ചു പോയി, അമ്മ പറഞ്ഞ തെറിവാക്കുകൾ കേട്ടപ്പോൾ. എന്നെ വിളിച്ചപോലെ ഡിക്ഷണറിയിൽ ഇല്ലാത്ത വാക്കുകൾ. അതു കേട്ടു മടുത്തായിരിക്കാം അറ്റൻഡർ അമ്മയേയും വഹിച്ചുള്ള വീൽചെയർ എത്രയും പെട്ടെന്ന് എന്റെ മുന്നിലെത്തിച്ച്, ഉടൻ നിഷ്ക്രമിച്ചു.

ഞാൻ വീണ്ടും അമ്മേന്ന് വിളിച്ച് കണ്ണിലേക്കു ടോർച്ച് തെളിയിച്ചു. വീണ്ടും കിട്ടി ആവോളം തെറി വാക്കുകൾ ചേർന്ന ശകാരവർഷം. വേദനയില്ലാതെ ഓപ്പറേഷൻ ചെയ്യാൻ മൂന്ന് മാർഗങ്ങളാണ്.
ഒന്ന്: രോഗിയെ മൊത്തമായി മയക്കുക.
രണ്ട്: രോഗിയുടെ കണ്ണുകൾക്ക് ചുറ്റും ഇൻജെക്ഷൻ നൽകി മരവിപ്പിക്കുക.
മൂന്ന്: തുള്ളിമരുന്ന് ഒഴിച്ച് കണ്ണ് മാത്രം മരവിപ്പിക്കുക.

READ ALSO:

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

നമ്മുടെ ഈ അമ്മക്ക് ഓപ്പറേഷൻ ചെയ്യാൻ ഒന്നാമത്തെ വഴിയെ പറ്റൂ. അതായത് രോഗിയെ മൊത്തമായി മയക്കിയതിനുശേഷം മാത്രം ഓപ്പറേഷൻ ചെയ്യുക. അതിനായി ഒരു വിധം അനസ്​തേഷ്യ ഡോക്ടറുടെ അരികിലേക്ക് വിട്ടു. അവിടെയും അമ്മ എന്നോട് പറഞ്ഞതെല്ലാം നിശ്ചയമായും പറഞ്ഞു കാണും. മയക്കുന്നതിനു മുമ്പ് കുറെ ടെസ്റ്റുകൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കൂടെ വന്ന ബന്ധുവിനാവട്ടെ അതൊന്നും ചെയ്യാൻ കാശും മനസ്സും ഇല്ല താനും.

എന്ത് ചെയ്യാൻ? ആ അമ്മ കണ്ണു തുറന്നു കാണണം എന്നു മാത്രമായിരുന്നു ഞങ്ങളുടെ മോഹം. അവസാനം കുറേ ചർച്ചകൾക്കു ശേഷം ഞങ്ങൾ രണ്ടു ഡോക്ടർമാരും ടീമും ചേർന്ന് ആ അമ്മക്ക് തിമിര ശസ്​ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടിയാണ് കണ്ണിനു ചുറ്റും ഇൻജെക്ഷൻ നൽകി മരവിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ ബലമായി തന്നെ. എങ്ങനെയൊക്കെയോ ഓപ്പറേഷനും ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ. ഒരു മിനുട്ടും 48 സെക്കൻഡും കൊണ്ട് ഓപ്പറേഷൻ തീർത്തു. ഒരു ഡോക്ടർ തിമിരം ബാധിച്ച ലെൻസ്​ മാറ്റി, രണ്ടാമത്തെ ഡോക്ടർ പുതിയ ലെൻസ്​ സ്​ഥാപിച്ചു. അക്ഷരാർത്ഥത്തിൽ ഞങ്ങൾ കൃതാർത്ഥരായി.

പിറ്റേ ദിവസം കണ്ണിന്റെ കെട്ടഴിച്ചപ്പോൾ അമ്മക്ക് എല്ലാം വ്യക്തമായി കാണാമെന്നായി. തലേദിവസം വന്ന അമ്മ തന്നെയാണോ എന്നു സംശയിക്കുമാറ് ആ അമ്മ മാറിപ്പോയിരിക്കുന്നു. മുഖത്തു ചിരിയുണ്ട്, സന്തോഷമുണ്ട്, വളരെ ശാന്തയായ ഒരമ്മ.

അതെ, രണ്ടു കണ്ണും കാണാതെയും ചെവി കേൾക്കാതെയുമിരുന്നാൽ എങ്ങനെ മനോവിഭ്രാന്തി ഉണ്ടാവാതിരിക്കും എന്ന് ഞാൻ ഓർത്തുപോയി. ഇന്നും ഇടക്കിടെ ആ അമ്മ എന്നെ കാണാൻ വരും. രണ്ടാമത്തെ കണ്ണ് കൂടി ഓപ്പറേഷൻ ചെയ്യണമെന്നാണ് ഒടുവിൽ വന്നപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞത്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments