സ്‌ട്രോക്കിനെതിരായ
പ്രതിരോധം
സാമൂഹികാവശ്യമാണ്

‘‘25 വയസ്സിനു മുകളിലുള്ള നാലിൽ ഒരാൾക്ക് ജീവിതദശയിൽ സ്‌ട്രോക്ക് വരാൻ സാധ്യതയുണ്ട്. ഇന്ത്യയിലാകട്ടെ പ്രതിവർഷം 18 ലക്ഷം പേർക്ക് സ്‌ട്രോക്ക് സംഭവിക്കുന്നതായി 2025-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഒരു ലക്ഷത്തിൽ 135-ഓളം പേർക്ക് സ്‌ട്രോക്ക് വരുന്നുണ്ട്. അതായത് പ്രതിവർഷം 40,000 ത്തിൽ പരം ആളുകൾക്ക് സ്‌ട്രോക്ക് ഉണ്ടാകാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയി​ൽ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. വി.ജി. പ്രദീപ്കുമാർ നൽകിയ മറുപടി.

ലച്ചോറിലെ നാഡീവ്യൂഹങ്ങളിലേയ്ക്കുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതു മൂലമോ, രക്തധമനികൾ പൊട്ടുന്നതു മൂലമോ ഉണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. 80 ശതമാനത്തോളം സ്‌ട്രോക്കും രക്തധമനികൾ അടഞ്ഞുപോകുന്നതു മൂലമുണ്ടാകുന്നതാണ്. ഇതിനെ ത്രോംബോട്ടിക്ക് സ്‌ട്രോക്ക് (Thrombotic Stroke) എന്നും രക്തധമനികൾ പൊട്ടിപ്പോകുന്നതു മൂലമുണ്ടാകുന്ന സ്‌ട്രോക്കിനെ സെറിബ്രൽ ഹെമറേജ് (Cerebral Hemorrhage) എന്നും പറയുന്നു.

സെറിബ്രൽ ഹെമറേജ് ഇരുപതു ശതമാനത്തോളം വരും. ലോകത്താകമാനം ഏകദേശം 120 ലക്ഷം ആളുകൾക്ക് പ്രതിവർഷം സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. 25 വയസ്സിനു മുകളിലുള്ള നാലിൽ ഒരാൾക്ക് ജീവിതദശയിൽ സ്‌ട്രോക്ക് വരാൻ സാധ്യതയുണ്ട്. ഇന്ത്യയിലാകട്ടെ പ്രതിവർഷം 18 ലക്ഷം പേർക്ക് സ്‌ട്രോക്ക് സംഭവിക്കുന്നതായി 2025-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നാലു മിനുട്ടിൽ ഒരാൾക്ക് വീതം സ്‌ട്രോക്ക് വരുന്നു. കേരളത്തിൽ ഒരു ലക്ഷത്തിൽ 135-ഓളം പേർക്ക് സ്‌ട്രോക്ക് വരുന്നുണ്ട്. അതായത് പ്രതിവർഷം 40,000 ത്തിൽ പരം ആളുകൾക്ക് സ്‌ട്രോക്ക് ഉണ്ടാകാം.

മറ്റുരോഗങ്ങളിൽനിന്നും സ്‌ട്രോക്കിനെ വ്യത്യസ്തമാക്കുന്നത് അതുണ്ടാക്കുന്ന വൈകല്യമാണ്. എണ്ണം കൊണ്ട് ഏറ്റവും വലിയ രണ്ടാമത്തെ വൈകല്യത്തിനു കാരണമാണ് സ്‌ട്രോക്ക്. അതുപോലെതന്നെ വളരെ ഉയർന്ന മരണനിരക്കും സ്‌ട്രോക്കിന്റെ ഗുരതരാവസ്ഥ വെളിവാക്കുന്നു.

അപകട ഘടകങ്ങൾ

  • പ്രായം 65നു മുകളിൽ

  • പ്രമേഹരോഗം

  • രക്താതിമർദ്ദം

  • പുകവലി, മദ്യപാനം

  • വ്യായാമമില്ലായ്മ

  • ഹൃദ്രോഗം

  • പാരമ്പര്യഘടകങ്ങൾ

ഇവയെല്ലാമാണ് മസ്തിഷ്‌കാഘാതത്തിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ അപൂർവ്വമായ മറ്റ് കാരണങ്ങൾ: ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, കാൻസർ, രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള ഘടകങ്ങളുടെ ശരീരത്തിലുള്ള കുറവ്.

രോഗലക്ഷണങ്ങൾ

ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്നുണ്ടാവുന്ന തളർച്ച, മുഖം കോടൽ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടുക, കാഴ്ച മങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്യുക എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ സ്‌ട്രോക്ക് ചികിത്സ ലഭ്യമായ തൊട്ടടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കേണ്ടതുണ്ട്. രോഗനിർണ്ണയത്തിലും ചികിത്സയിലും വൈകുന്ന ഓരോ മിനുട്ടിലും ഏകദേശം 19 ലക്ഷം നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ സ്‌ട്രോക്കിന്റെ രോഗ നിർണ്ണയവും ചികിത്സയും വളരെ വേഗത്തിൽ തന്നെ ചെയ്യേണ്ടതുണ്ട്.

രക്തധമനികൾ പൊട്ടിപ്പോകുന്നതു മൂലമുണ്ടാകുന്ന സ്‌ട്രോക്കിനെ സെറിബ്രൽ ഹെമറേജ് (Cerebral Hemorrhage) എന്നും പറയുന്നു.
രക്തധമനികൾ പൊട്ടിപ്പോകുന്നതു മൂലമുണ്ടാകുന്ന സ്‌ട്രോക്കിനെ സെറിബ്രൽ ഹെമറേജ് (Cerebral Hemorrhage) എന്നും പറയുന്നു.

രോഗനിർണ്ണയം, ചികിത്സ

സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ ഉടൻ രോഗിയെ തൊട്ടടുത്ത സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലെത്തിക്കുകയും തല സ്‌കാനിന് (CT സ്‌കാൻ, MRI സ്‌കാൻ എന്നിവയിലേതെങ്കിലും) വിധേയമാക്കുകയും വേണം. തലച്ചോറിലെ രക്തസ്രാവം (Cerebral Haemorrhage) സെക്കന്റുകൾക്കുള്ളിൽത്തന്നെ സി.ടി. സ്‌കാൻ ഉപയോഗിച്ച് കണ്ടുപിടിക്കാം. രക്തധമനികളിലെ തടസ്സം സി.ടി. ആൻജിയോഗ്രാം പരിശോധനകൊണ്ട് കണ്ടുപിടിക്കാൻ സാധിക്കും. നാലര മണിക്കൂറിനുള്ളിൽ സ്‌ട്രോക്ക് രോഗിയെ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തിച്ചാൽ രക്തധമനിയിലെ തടസ്സം അഥവാ ത്രോംബസ് അലിയിച്ചുകളയുന്നതിനുള്ള ഇഞ്ചക്ഷൻ (Actylase / Tenectase) രോഗികൾക്കു നൽകാൻ കഴിയും.

അതുപോലെ, വലിയ രക്തധമനികളിലെ തടസ്സം അഥവാ ത്രോംബസ് നീക്കുന്നതിന് കത്തീറ്റർ കടത്തി തടസ്സം നീക്കുന്ന ചികിത്സാരീതിയായ മെക്കാനിക്കൽ ത്രോംബെക്ടമിയ്ക്കുള്ള (Mechanical Thrombectomy) സൗകര്യം ഇന്ന് കേരളത്തിലെ പല ആശുപത്രികളിലും ലഭ്യമാണ്. എന്നാൽ എല്ലാ സ്‌ട്രോക്ക് രോഗികൾക്കും ചികിത്സ ഒരേപോലെ ആയിക്കൊള്ളണമെന്നില്ല; മാത്രവുമല്ല ചികിത്സയോടുള്ള രോഗികളുടെ പ്രതികരണവും അനുബന്ധമായ മറ്റു നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. രണ്ടു ചികിത്സാരീതികളുടെയും ഫലം ഉടൻതന്നെ കാണണമെന്നില്ല; ചിലപ്പോൾ ആഴ്ചകൾ മുതൽ മാസങ്ങൾവരെ വേണ്ടിവന്നേക്കാം.

സ്‌ട്രോക്ക് വന്ന രോഗികളുടെ തുടർചികിത്സയും വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹം, രക്താതിമർദ്ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് എന്നിവയുടെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. കൃത്യമായ വ്യായാമം, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയ്ക്കു പുറമെ ചില രോഗികൾക്ക് ഗളപേശികൾ ശക്തിപ്പെടുത്തുന്നതിനുള്ള സ്വാളോ തെറാപ്പി (swallow therapy) കൂടി വേണ്ടിവരാറുണ്ട്.

നിലവിൽ സ്‌ട്രോക്ക് ചികിത്സിയ്ക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ (Stroke Management Protocol) ദേശീയതലത്തിൽത്തന്നെ നിഷ്‌കർഷിക്കപ്പെട്ടിട്ടുണ്ട്. സ്‌ട്രോക്ക് ചികിത്സയെ ജീവൻരക്ഷാചികിത്സാപദ്ധതികളിലുൾപ്പെടുത്തി സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണം. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത്, കേരള സർക്കാർ നടപ്പാക്കുന്ന മെഡിസെപ്പ്, മറ്റ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് സ്‌കീമുകൾ എന്നിവയിൽ സ്‌ട്രോക്കിന്റെ അടിയന്തിര ചികിത്സയും തുടർപരിശോധനകളും പൂർണ്ണമായി ഉൾപ്പെടുത്തുന്ന സ്ഥിതിയുണ്ടാകേണ്ടതുണ്ട്.

സമൂഹത്തിലെ ബോധവൽക്കരണത്തിനായി സ്‌ട്രോക്ക് അതിജീവിതരുടെ കൂട്ടായ്മകൾ വഴിയും വിവിധ സാമൂഹ്യ- സാംസ്‌കാരിക- യുവജന സംഘടനകൾ വഴിയും പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കഴിയണം. സ്‌ട്രോക്ക് ഒരു വ്യക്തിയെ മാത്രമല്ല, അവരുടെ കുടുംബത്തെയും അതുപോലെ സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ കാണിക്കുന്ന അതേ ശുഷ്‌കാന്തി സർക്കാരുകളും പുലർത്തേണ്ടതാണ്. എന്തെന്നാൽ സ്‌ട്രോക്ക് ഉണ്ടാക്കുന്ന വൈകല്യം, വ്യക്തിയിൽനിന്നും സമൂഹത്തിലേക്കും അതുവഴി രാജ്യത്തിന്റെ പുരോഗതിയിലേക്കും വ്യാപിക്കുന്നു.

READ: തലവേദനയെക്കുറിച്ച്…

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Viji pradeepkumar Writes about Stroke in Indian Medical Association Nammude Arogyam Magazine.


ഡോ. വി.ജി. പ്രദീപ്​കുമാർ

സ്ട്രോക്ക് പ്രോഗ്രാം മെഡിക്കൽ ഡയറക്ടർ, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള മുൻ പ്രസിഡൻറ്​. പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments