നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

‘‘നിപ്പ രോഗത്തിന്റെ സ്ഥിരീകരണത്തോടെ കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത പുതിയ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്കാണ് കടന്നത്. ആരോഗ്യപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ഏകോപിത ഇടപെടലിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും വ്യക്തതയോടെ രോഗത്തിന്റെ ഉറവിടം ഇന്നും നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ലയെന്നത് നമ്മെ അലോസരപ്പെടുത്തുന്നുമുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. മോഹനൻ നായർ എഴുതിയ ലേഖനം.

പൂർണമായും നിയന്ത്രണവിധേയമായെന്ന് കരുതിയിരുന്ന സാംക്രമിക രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതും, കേട്ടുകേൾവിയില്ലാത്ത പുതിയ രോഗങ്ങൾ ഉയർന്നുവരുന്നതും ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യ ഇടപെടലുകളിലും ലോകത്തിലെ മുൻനിര രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിന് വലിയ വെല്ലുവിളി തന്നെയാണ്.

2018 മെയിൽ കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് ചങ്ങരോത്തിൽ ഒരു യുവാവ് പനിയും തലച്ചോറിലെ രോഗാണുബാധയെന്നു സംശയിക്കാവുന്ന രോഗലക്ഷണങ്ങൾ കാണിക്കുകയും അതിവേഗം മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവം ഇത്തരമൊരു പതനത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചത്. വാസ്തവത്തിൽ ആ യുവാവ് മരിക്കുമ്പോൾ രോഗം എന്താണെന്നു കണ്ടെത്തിയിരുന്നില്ല. പിന്നീട് നടത്തിയ വിശദ പരിശോധനകളിലൂടെയാണ് അത് നിപ്പാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

ആ സ്ഥിരീകരണത്തോടെ കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പുതിയ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്കാണ് കടന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുക, സമ്പർക്കപട്ടിക തയ്യാറാക്കുക, രോഗബാധയുടെ വ്യാപനം തടയുക എന്നീ നടപടികൾ അതിവേഗം നടപ്പിലാക്കി. ആരോഗ്യപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ഏകോപിതമായ ഇടപെടലിലൂടെ രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് സാധിച്ചു. എന്നാൽ, അതിനായി ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും പണയംവയ്ക്കേണ്ടിവന്നു. അതിശക്തമായ പ്രഹരശേഷിയും, മാരകശേഷിയുമുള്ള ഈ വൈറസ് രോഗം പൊതുജനങ്ങളിലും ഭരണാധികാരികളിലും പരിഭ്രാന്തി പരത്തിയതിൽ അതിശയമില്ല. കണ്മുന്നിൽ രോഗം പടർന്നുകൊണ്ടിരിക്കുകയും, അസംഖ്യം വ്യക്തികൾ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന ഒരവസ്ഥ ഒരിക്കലും ലളിതമായി കാണാൻ പറ്റുന്നതല്ലല്ലോ.

ആരോഗ്യമേഖലയ്ക്കു
പുറത്തേയ്ക്ക് നീളുന്ന
വസ്തുതകൾ

നിപ്പ ഒരു തരം വൈറസ് ഉണ്ടാക്കുന്ന സാംക്രമിക രോഗമെന്നതിലുപരി മറ്റൊന്നും തന്നെ തുടക്കത്തിൽ അറിയില്ലായിരുന്നു. സംക്രമണത്തിലെ പ്രത്യേകതക ളോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം സംബന്ധിച്ച പ്രത്യേകതകളോ, രോഗവാഹികളായി സംശയിക്കപ്പെടുന്ന വവ്വാലുകളുടെ ആവാസ വ്യവസ്ഥയിലും അവയുടെ മനുഷ്യരുമായുള്ള സമ്പർക്കസാധ്യതകളിലോ ഒക്കെ തന്നെ വ്യക്തമായ ഒരറിവും തുടക്കത്തിൽ ഉണ്ടായിരുന്നില്ല.

എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരം സങ്കീർണമായ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിഞ്ഞു എന്നതും രോഗവ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്ന, ആരോഗ്യമേഖലയ്ക്കു പുറത്തുള്ള ഘടകങ്ങളെ എളുപ്പത്തിൽ പുറത്തു കൊണ്ടുവരുവാൻ അന്ന് കഴിഞ്ഞു എന്നതും നേട്ട ങ്ങൾ തന്നെയാണ്.

എന്നാലും, വ്യക്തതയോടെ രോഗത്തിന്റെ ഉറവിടം ഇന്നും നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ലയെന്നത് നമ്മെ അലോസരപ്പെടുത്തുന്നുമുണ്ട്. "ഏകാരോഗ്യം" എന്ന സങ്കല്പവും മനുഷ്യനും പരിസ്ഥിതിയുമായുള്ള അവരുടെ അതിസങ്കീർണ്ണമായ ബന്ധങ്ങളും ഒക്കെ അനാവരണം ചെയ്യുന്ന പലതും ഒരിക്കൽ കൂടി ചർച്ചാവിഷയമാകുന്നതിന് നിപ്പ വ്യാപനം കാരണമായി. കോടാനുകോടി ജീവജാലങ്ങൾ അധിവസിക്കുന്ന ഈ ഭൂതലത്തിൽ അവയി​ലോരോന്നും മനുഷ്യ ഇടപെടലുകൾ വഴി നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി, അവ നമുക്കുനേരെ ഉയർത്തുന്ന ഭീഷണിയെക്കാൾ പതിന്മടങ്ങാണെന്ന വസ്തുത തിരിച്ചറിയാനും, പരിസ്ഥിതി സംരക്ഷണത്തിൽ ഒരു പുതിയ മാനം കെട്ടിപ്പടുക്കുന്നതിനും നിപ്പ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ കാരണമായി എന്ന് തോന്നുന്നു.

നിപ്പ വൈറസ്:
ഘടന, രോഗവ്യാപനം,
പ്രത്യേകതകൾ

നിപ്പ വൈറസ് RNA വൈറസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു വൈറസാണ്. ഇത് Paramyxoviridae കുടുംബത്തിലെ Henipavirus ജനുസ്സിൽ ഉൾപ്പെടുന്നു. വൈറസിന് പുറത്ത് കൊഴുപ്പ് അടങ്ങിയ ഒരു ആവരണം (Envelope) ഉള്ളതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വൈറസിന്റെ വലുപ്പം ഏകദേശം 40 മുതൽ 600 നാനോമീറ്റർ വരെ ആണെങ്കിലും, ഭൂരിഭാഗം വൈറസ് കണികകളും 150 മുതൽ 300 നാനോമീറ്റർ വരെ മാത്രം വലുപ്പമുള്ളവയാണ്.

വൈറസിന്റെ പുറം ആവരണം കൊഴുപ്പുകൊണ്ടുള്ളതായതിനാൽ സോപ്പും ഡിറ്റർജന്റുകളും ഈ ആവരണത്തെ നശിപ്പിക്കുകയും വൈറസിനെ പ്രവർത്തന രഹിതമാക്കുകയും ചെയ്യുന്നു. അതിനാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് രോഗപ്രതിരോധത്തിന് വളരെ ഫലപ്രദമാണ്.

നിപ്പ വൈറസിന് G (Attachment glycoprotein), F (Fusion protein), N (Nucleocapsid protein), P (Phosphoprotein), L (RNA polymerase), M (Matrix protein) തുടങ്ങിയ പ്രധാന പ്രോട്ടീനുകൾ ഉണ്ട്. ഈ പ്രോട്ടീനുകൾ, വൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നതിനും പെരുകുന്നതിനും രോഗവ്യാപനത്തിനും സഹായിക്കുന്നു.

RNA വൈറസായതിനാൽ ജനിതക വ്യതിയാനങ്ങൾ (Mutations) സംഭവിക്കാൻ സാധ്യതയുണ്ട്. Pteropus വിഭാഗത്തിൽപ്പെടുന്ന പഴംതീനി വവ്വാലുകളാണ് (Fruit bats/Flying foxes) നിപ്പ വൈറസിന്റെ സ്വാഭാവിക ആവാസകേന്ദ്രം (Natural reservoir). വവ്വാലുകൾ കടിച്ചതോ ഉമിനീർ പുരണ്ടതോ ആയ പഴങ്ങൾ കഴിക്കുന്നതിലൂടെയും, രോഗബാധിതരായ പന്നി പോലുള്ള മൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെയും, രോഗബാധിതരായ മനുഷ്യരുടെ ഉമിനീർ, സ്രവങ്ങൾ എന്നിവയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പകരാം. അതിനാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുണ്ട്.

ഇൻക്യുബേഷൻ കാലയളവ് (Incubation period) സാധാരണയായി 4 മുതൽ 14 ദിവസം വരെ യാണ്. ചില അപൂർവ സാഹചര്യങ്ങളിൽ ഇത് കൂടുതൽ ദിവസങ്ങ ൾ നീണ്ടുനിൽക്കുകയും ചെയ്യാം.

രോഗലക്ഷണങ്ങൾ

നിപ്പ വൈറസ് ബാധിച്ച വ്യക്തിയിൽ രോഗലക്ഷണങ്ങൾ സാധാരണയായി രോഗബാധയ്ക്ക് ശേഷം 4–14 ദിവസങ്ങൾക്കുള്ളിൽ പ്രകടമാകുന്നു. പനി, കടുത്ത തലവേദന, പേശിവേദന, ക്ഷീണം, തൊണ്ടവേദന, ഛർദ്ദി, ചുമയും ശ്വാസതടസ്സവും തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. എന്നാൽ പതിയെ തലച്ചോറിലെ രോഗാണുബാധ യുടെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നു. തലച്ചോറിന്റെ വീക്കം (Encephalitis), ആശയക്കുഴപ്പം, അപസ്മാരം (Fits/Seizures), ബോധക്ഷയം, പൂർണമായും ബോധം മറയൽ അഥവാ കോമ തുടങ്ങിയ ലക്ഷണങ്ങളും ചില രോഗികളിൽ ഗുരുതരമായ ശ്വാസകോശ അണുബാധയും ഉണ്ടാകാം.

രോഗനിർണയം

കൃത്യവും, വിശദവുമായ ഒരു രോഗചരിത്രം, ഇതിൽ പ്രത്യേകമായും യാത്രകൾ, മൃഗങ്ങളുമായോ പക്ഷികളുമായോ ഉള്ള സമ്പർക്കം, അസാധാരണമായ ആഹാര ചരിത്രം എന്നിവയും ഉയർന്ന സംശയത്തോടെയുള്ള (High degree of suspicion) കാര്യങ്ങൾ തിരക്കുന്നതുമൊക്കെ വളരെ പ്രധാനമാണ്. അതിനുശേഷം യുക്തമായ ലാബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.

ലബോറട്ടറി പരിശോധനകൾ:

  • RT-PCR – വൈറസിന്റെ ജനിതകവസ്തു (RNA) കണ്ടെത്താൻ.

  • ELISA – വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്താൻ.

  • ആവശ്യമായ സാഹചര്യങ്ങളിൽ രക്തം, തൊണ്ട സ്രവം, മൂത്രം, സെറിബ്രോസ്പൈനൽ ദ്രാവകം (CSF) എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

ചികിത്സ

നിപ്പ വൈറസ് ബാധയ്ക്ക് നിലവിൽ പൊതുവായി ഉപയോഗിക്കുന്ന പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല. ചികിത്സ പ്രധാനമായും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനാണ്.

  • ആവശ്യത്തിന് ദ്രാവകങ്ങളും പോഷകാഹാരവും നൽകുക.

  • പനിയും വേദനയും നിയന്ത്രിക്കുക.

  • ശ്വാസതടസ്സമുള്ളവർക്ക് ഓക്സിജൻ അല്ലെങ്കിൽ വെന്റിലേറ്റർ സഹായം നൽകുക.

  • ഗുരുതര രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സിക്കുക.

എന്നിവയാണ് ചുരുക്കത്തിൽ ഈ രോഗികൾക്ക് നല്കാൻ കഴിയുന്ന പരിചരണം. ഈ മേഖലയിൽ വാക്സിൻ വികസന ശ്രമങ്ങൾ അതിതീവ്രമായി നടന്നുവരുന്നുണ്ട്.

രോഗപ്രതിരോധമാർഗങ്ങൾ

  • കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ശാസ്ത്രീയമായി കഴുകുക.

  • വവ്വാലുകൾ കടിച്ചതോ, ഉമിനീർ പുരണ്ടതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക.

  • നന്നായി കഴുകിയ പഴങ്ങൾ മാത്രം ഉപയോഗിക്കുക.

  • പച്ച ഈന്തപ്പനനീര് (Raw Date Palm Sap) കുടിക്കുന്നത് ഒഴിവാക്കുക.

  • രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക.

  • രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുമ്പോൾ മാസ്കും കൈറയും പോലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE) ഉപയോഗിക്കുക.

  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുക.

തുടങ്ങിയവയാണ് പ്രധാന രോഗപ്രതിരോധ മാർഗങ്ങൾ.

കേരളത്തിലെ
നിപ്പ വൈറസ് ബാധയുടെ
ചരിത്രം

കേരളത്തിൽ നിപ്പ വൈറസ് ബാധ ആദ്യമായി 2018-ൽ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചു. തുടർന്ന് 2019, 2021, 2023, 2024 വർഷങ്ങളിലും ഒറ്റപ്പെട്ട കേസുകളും ചെറിയ രോഗവ്യാപനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓരോ തവണയും രോഗികളെ വേഗത്തിൽ കണ്ടെത്തൽ, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ (Contact Tracing), ഐസൊലേഷൻ, കർശനമായ പൊതുജനാരോഗ്യ നടപടികൾ എന്നിവയിലൂടെ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചു.

കേരളത്തിൽ നിപ്പ വൈറസ് ബാധ ആദ്യമായി 2018-ൽ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചു. തുടർന്ന് 2019, 2021, 2023, 2024 വർഷങ്ങളിലും ഒറ്റപ്പെട്ട കേസുകളും ചെറിയ രോഗവ്യാപനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കേരളത്തിൽ നിപ്പ വൈറസ് ബാധ ആദ്യമായി 2018-ൽ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചു. തുടർന്ന് 2019, 2021, 2023, 2024 വർഷങ്ങളിലും ഒറ്റപ്പെട്ട കേസുകളും ചെറിയ രോഗവ്യാപനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ:

  • ചില സമൂഹമാധ്യമങ്ങൾ, അശാസ്ത്രീയ ഉറവിടങ്ങൾ എന്നിവയിൽ നിന്ന് വരുന്ന വാർത്തകളും വിവരങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

  • അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്.

  • ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുക.

  • രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ യാത്രയും പൊതുസമ്പർക്കവും ഒഴിവാക്കുക.

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക.

  • കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക.

  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

ആരോഗ്യപ്രവർത്തകരുടെ മുൻകരുതലുകൾ:

  • രോഗികളെ പരിചരിക്കുമ്പോൾ PPE നിർബന്ധമായും ഉപയോഗിക്കുക.

  • കൈശുചിത്വം കൃത്യമായി പാലിക്കുക.

  • രോഗികളെ പ്രത്യേക ഐസൊലേഷൻ വാർഡുകളിൽ പരിചരിക്കുക.

  • രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക.

  • ഉപയോഗിച്ച ഉപകരണങ്ങൾ അണുവിമുക്തമാക്കുക.

സമൂഹ പങ്കാളിത്തം (Community Participation):

നിപ്പ വൈറസ് രോഗവ്യാപനം തടയുന്നതിൽ സജീവവും ജാഗ്രതയോടെയുള്ള സമൂഹ പങ്കാളിത്തം ഏറ്റവും നിർണായകമാണ്. രോഗലക്ഷണമുള്ളവരെ നേരത്തേ കണ്ടെത്തി ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതും, ആവശ്യമുള്ളപ്പോൾ ഐസൊ ലേറ്റ് ചെയ്യുന്നതും, രോഗബാധിതരുടെ സമ്പർക്കപ്പട്ടിക (Contact Tracing) തയ്യാറാക്കി നിരീക്ഷിക്കുന്നതും സമൂഹത്തിന്റെ സഹക രണത്തോടെയാണ് ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്നത്. അതോടൊപ്പം, രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കാതെ ആരോഗ്യപ്രവർത്തകരെ അറിയിക്കുക, ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക എന്നിവയും സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണ്.

വവ്വാലുകളും മറ്റ് വന്യജീവികളും നിപ്പ വൈറസിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗ മായതിനാൽ അവയെ ഉപദ്രവിക്കുകയോ ആവാസവ്യവസ്ഥ നശിപ്പിക്കുകയോ ചെയ്യാതെ, മനുഷ്യരും വന്യജീവികളും തമ്മിലുള്ള അനാവശ്യ സമ്പർക്കം കുറയ്ക്കുകയും, രോഗനിരീക്ഷണം ശക്തമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അസാധാരണമായ മൃഗമരണങ്ങളോ രോഗലക്ഷണങ്ങളോ ശ്രദ്ധയി ൽപ്പെട്ടാൽ അധികാരികളെ ഉടൻ അറിയിക്കണം.

സമൂഹം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തി ലൂടെയാണ് നിപ്പ വൈറസ് രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനാവുക.

കേരളത്തിലെ പൊതുജനാരോഗ്യവ്യവസ്ഥയും
നിപ്പ ഉയർത്തുന്ന പുതിയ വെല്ലുവിളികളും

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം രാജ്യത്തെ ഏറ്റവും ശക്തമായ സംവിധാനങ്ങളിലൊന്നായി പൊതുവേ വില യിരുത്തപ്പെട്ടിരുന്നു. സമീപകാലത്ത് പ്രാഥമികാരോഗ്യ സംവിധാനത്തിൽ ചില ഘടനാപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, അവ പൊതുജനാരോഗ്യ പ്രവർത്തന ങ്ങളുടെ കാര്യക്ഷമതയെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ടാകാം.

പ്രാഥമികാരോഗ്യ രംഗത്തുണ്ടായ
അനഭിലഷണീയ മാറ്റങ്ങൾ:

കേരളാ ആരോഗ്യ വകുപ്പിന് കീഴിൽ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളും, താലൂക്കാശുപത്രികൾ, ജില്ല / ജനറൽ ആശുപത്രികളും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും ചുരുക്കം ചില സ്പെഷ്യാലിറ്റി ആശുപത്രികളുമാണുള്ളത്. ഇവയിൽ ഗ്രാമീണമേഖലയിലുള്ള പ്രാഥമികാരോ ഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ജില്ലാ ആശുപത്രികൾ എന്നിവയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന PP യൂണിറ്റുകൾ എന്നിവ മുഖ്യമായും പ്രാഥമികാരോഗ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സ്ഥാപനങ്ങളായിരുന്നു.

കേരളാ ആരോഗ്യ വകുപ്പിന് കീഴിൽ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളും, താലൂക്കാശുപത്രികൾ, ജില്ല / ജനറൽ ആശുപത്രികളും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും ചുരുക്കം ചില സ്പെഷ്യാലിറ്റി ആശുപത്രികളുമാണുള്ളത്.
കേരളാ ആരോഗ്യ വകുപ്പിന് കീഴിൽ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളും, താലൂക്കാശുപത്രികൾ, ജില്ല / ജനറൽ ആശുപത്രികളും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും ചുരുക്കം ചില സ്പെഷ്യാലിറ്റി ആശുപത്രികളുമാണുള്ളത്.

രോഗങ്ങൾ തടയുക, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടത്തുക എന്നിവയ്ക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനങ്ങളുടെ മുഖ്യ പ്രവർത്തനങ്ങൾ "സമഗ്ര പ്രാഥമികാരോഗ്യ പ്രവർത്തനങ്ങൾ" അഥവാ Comprehensive Primary Healthcare Activities ആയിരുന്നു. ഇപ്പോഴും അതു തന്നെയാണ് അവയിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ സമീപകാലത്തുണ്ടായ ചില മാറ്റങ്ങൾ ഇവയെ പ്രാഥമികാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രങ്ങൾ എന്നതിലുപരി ചികിത്സാസേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന തരത്തിൽ ആയിപ്പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഫീൽഡ് പ്രവർത്തനങ്ങളിൽ നിന്നകലുന്ന
ഡോക്ടർമാരും ജീവനക്കാരും:

ഫീൽഡ് വിഭാഗം ജീവനക്കാരുടെ ചിട്ടയായ പ്രവർത്തനം, അവർക്കുമേലുള്ള നിയന്ത്രണവും മേൽനോട്ടവും എന്നിവയൊക്കെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രാഥമികാരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും ചികിത്സ നൽകുന്ന വിധത്തിൽ പുനഃ ക്രമീകരിക്കുക വഴി ഫീൽഡ് പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രണവും മേൽനോട്ടവും ഒരു പരിധിവരെ നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. സേവനഭാരവും ഭരണപരമായ പുനഃസംഘടനയും മൂലം ഡോക്ടർമാരുടെ ശ്രദ്ധ സ്വാഭാവികമായും സ്ഥാപനാടിസ്ഥാനത്തിലുള്ള ചികിത്സാസേവനങ്ങളിലേക്ക് കൂടുതലായി കേന്ദ്രീകരിക്കപ്പെടുകയും, ഫീൽഡ് മേൽനോട്ടത്തിന് ലഭിക്കുന്ന സമയം കുറയുകയും ചെയ്തിട്ടുണ്ട്.

ഫീൽഡ് വിഭാഗം ജീവനക്കാരുടെ അപര്യാപ്തതയും അസന്തുലിതാവസ്ഥയും:

പ്രാഥമികാരോഗ്യ സംവിധാനത്തിൽ ഏറ്റവും മുഖ്യമായ കണ്ണികൾ ‘ഉപകേന്ദ്രങ്ങൾ’ അഥവാ ‘subcentres’ ആണ്. ഓരോ ഉപകേന്ദ്രത്തിലും ഒരു പുരുഷ ജീവനക്കാരനും ഒരു സ്ത്രീ ജീവനക്കാരിയും ഉണ്ടാകണം എന്നാണ് വിവക്ഷ. കേന്ദ്ര സർക്കാർ പുനർ നാമകരണം ചെയ്തതനുസരിച്ച് ഇവർ "വിവിധോദ്ദേശ്യ ആരോഗ്യപ്രവർത്തകർ’’ (Multipurpose Health Workers) എന്നാണറിയപ്പെടുന്നതെങ്കിലും ഇവരിൽ മഹിളാ പ്രവർത്തകർ മുഖ്യമായും മാതൃ- ശിശു സംരക്ഷണ പ്രവർത്തനങ്ങളിലും, പുരുഷ ജീവനക്കാർ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി തടയലും, നിയന്ത്രണവും, മാലിന്യ നിർമ്മാർജനം, ശുദ്ധജല മലിനീകരണം തടയൽ തുടങ്ങിയ മുഖ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ നൽകേണ്ട തരത്തിലാണ് പ്രവർത്തനച്ചുമതലകൾ നിർവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇവരുടെ പ്രവർത്തന ചുമതലകൾ പുനർനിർണയിച്ചപ്പോൾ പകർച്ചേതര രോഗങ്ങളായ ജീവിതശൈലീരോഗങ്ങൾ കൂടി നിയന്ത്രിക്കുന്ന പ്രവർത്തനങ്ങൾ ഇവർക്ക് നൽകി.

ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രവർത്തന ചുമതലകളുടെ പുനർനിർണയം:

ഏകദേശം കാൽ നൂറ്റാണ്ടു മുൻപ് പുനർനിർണയിച്ച പ്രവർത്തന ചുമതലകളനുസരിച്ചാണ് ഈ വിഭാഗം ജീവനക്കാർ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഈ കാലയളവിൽ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം, സമൂഹത്തിലുള്ള രോഗങ്ങളുടെ വിന്യാസം എന്നിവയിലൊക്കെ പ്രകടമായ മാറ്റങ്ങളുണ്ടായെങ്കിലും അവയ്ക്കനുസൃതമായി ഇവരുടെ പ്രവർത്തന ചുമതലകൾ പുന ർനിർണയിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല മാറിയ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്ന തരത്തിൽ അവരെ ശാക്തീകരിക്കാനും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അനിവാര്യമാണ്.

കേരളത്തിൽ JPHN എന്നറിയപ്പെടുന്ന വനിതാ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കുടുംബക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ഫണ്ടിൽ നിന്നാകയാൽ അവരുടെ നിയമനം, പ്രൊമോഷൻ, ഒഴിവുവരുന്ന പോസ്റ്റുകൾ നികത്തൽ എന്നിവയൊക്കെ ഏകദേശം നന്നായി തന്നെ നടക്കുന്നു. എന്നാൽ പുരുഷജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും പൂർണമായും സംസ്ഥാന സർക്കാരിന്റെ ചുമതലയിലാകയാൽ ഇവരുടെ നിയമനം, ഒഴിവുവരുന്ന തസ്തികകൾ നികത്തൽ, ജോലിക്കയറ്റം എന്നിവയിൽ മെല്ലെ പ്പോക്ക് നയമാണ് അനുവർത്തിച്ചുകാണുന്നത്.

കേരളത്തിൽ പ്രാഥമികാരോഗ്യരംഗത്ത് വനിതാ ജീവനക്കാരുടെ ഏകദേശം പകുതി എണ്ണം മാത്രമേ പുരുഷജീവനക്കാരുള്ളൂ. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. പകർച്ചവ്യാധികൾ സ്ഥിരമായി തന്നെ തലപൊക്കുന്നു. അത്യാഹിതങ്ങൾ സംഭവിക്കുന്ന സമയത്തു മാത്രം മറ്റു പ്രദേശങ്ങളിൽ നിന്ന് പുനർവിന്യസിച്ചോ, താൽക്കാലിക നിയമനം കൊണ്ടോ "ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന" സമീപനം മാറി Acitve Surveillance പ്രവർത്തനങ്ങൾ നടത്തുന്ന അളവിൽ ജീവനക്കാരുണ്ടാവുകയും അവരുടെ പ്രവർത്തനങ്ങൾ കൃത്യമായി മേൽനോട്ടം വഹിച്ചു നിയന്ത്രിക്കാനുള്ള മേലുദ്യോഗസ്ഥരും ഡോക്ട ർമാരും ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമൂണ്ടാകൂ.

സജീവ നിരീക്ഷണത്തിലൂടെ മുന്നിട്ടിറങ്ങി രോഗികളെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം:

Active Surveillance- ന് പ്രാധാന്യം നൽകി വിവിധ തരത്തിൽ രോഗികളെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. നിപ്പ രോഗത്തിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർവ്വചിക്കുകയും, അത്തരം നിർവചനത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ലക്ഷണങ്ങളുമായി ഏത് സ്ഥാപനത്തിലും എത്തുന്ന രോഗികളെയും, ഫീൽഡിൽ കണ്ടെത്തുന്ന രോഗികളെയും "ഉയർന്ന സംശയത്തോടെ വീക്ഷിച്ച്, നിപ്പ രോഗം അല്ല" എന്നുറപ്പു വരുത്തുന്ന തരത്തിൽ മറ്റു പരിശോധനകൾ ചെയ്യേണ്ടതുണ്ട്.

നിപ്പ വൈറസ് RNA വൈറസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു വൈറസാണ്. ഇത് Paramyxoviridae കുടുംബത്തിലെ Henipavirus ജനുസ്സിൽ ഉൾപ്പെടുന്നു.
നിപ്പ വൈറസ് RNA വൈറസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു വൈറസാണ്. ഇത് Paramyxoviridae കുടുംബത്തിലെ Henipavirus ജനുസ്സിൽ ഉൾപ്പെടുന്നു.

അതുപോലെ നിപ്പ സാധ്യത കൂടുതലുള്ള മേഖലകളിൽ രോഗികളെ കണ്ടെത്താനുള്ള ഉയർന്ന സംശയത്തോടെയുള്ള ശ്രമങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഏകാരോഗ്യ സങ്കല്പത്തിലൂന്നിയ ആരോഗ്യപ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകിവരുന്ന ഈ അവസരത്തി ൽ നിപ്പ പോലെ "മനുഷ്യ - ജന്തു" ഇടപെടലുകൾ വളരെ പ്രാധാന്യമുള്ള രോഗങ്ങളുടെ കാര്യത്തിൽ ഇത്തരം ഏകാരോഗ്യത്തിലൂന്നിയ ശ്രമങ്ങളിലൂടെയും രോഗി കളെ കണ്ടെത്താനുള്ള ശ്രമങ്ങ ൾ അത്യാവശ്യമാണ്. വവ്വാലുകളുടെയും, അവയുമായി സമ്പർക്കത്തിൽ വരുന്ന മൃഗങ്ങളും മനുഷ്യ രുമുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ വർഷം മുഴുവൻ നീളുന്ന രോഗികളെ കണ്ടെത്തൽ ശ്രമ ങ്ങൾ ഊർജിതമായി നടത്തേണ്ടതുണ്ട്.

ഇതൊക്കെ പറയുമ്പോഴും ആദ്യമായി നിപ്പ രോഗം കണ്ട സ്ഥലങ്ങളിൽ പോലും കൃത്യമായി ഉറവിടം കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല എന്ന വസ്തുത ഓർക്കേണ്ടതുണ്ട്. Epidemiologic investigations ലൂടെ രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.

ലബോറട്ടറി സേവനങ്ങളുടെ ലഭ്യത

അതോടൊപ്പം, ജില്ലാതല വൈറോളജി ലാബുകളും (തുടക്കത്തിൽ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ജില്ലകളിലെങ്കിലും) ഉണ്ടാവുകയും, രോഗനിർണയോപാധികൾ കുറേക്കൂടി സുലഭവും, സമീപവും ആയാൽ മാത്രമേ രോഗപ്രതിരോധ നിയന്ത്രണ പരിപാടികൾക്ക് ആക്കം കൂടൂ. ആദ്യഘട്ട രോഗനിർണയം വികേന്ദ്രീകരിക്കാൻ കഴിയുന്നത് രോഗനിയന്ത്രണത്തിൽ നിർണായകമാണ്.

ആശ വർക്കർമാരുടെ
ഉപയോഗവും
‘ദുരുപയോഗ’വും

പ്രാഥമികാരോഗ്യ സ്ഥാപനങ്ങളിലെ സൗകര്യങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും അവ ലഭ്യമാക്കുന്നതിന് സമൂഹത്തിനെ സഹായിക്കുന്നതിനും വിവക്ഷിക്കപ്പെട്ടിട്ടുള്ള, "വോള ണ്ടറി" പ്രവർത്തകരാണ് ‘ആശ’മാർ. ആശ പ്രവർത്തകരുടെ സേവനം പൊതുജനാരോഗ്യ സംവിധാനത്തിന് അമൂല്യമായ സംഭാവനയാണ്. എന്നാൽ അവർക്ക് സ്ഥിരം പൊതുജനാരോഗ്യ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ കൈമാറുന്നത് ആരോഗ്യസംവിധാനത്തിന്റെ ദീർഘകാലശേഷിയെ ബാധിക്കാനിടയുണ്ട്.

ഫീൽഡ് പ്രവർത്തനങ്ങൾ നേരിട്ട് ചെയ്യേണ്ട ജീവനക്കാർ, ആശ പ്രവർത്തകരുടെ മേൽനോട്ടം നടത്തുന്ന ജീവനക്കാരായി ചമയുകയും ഫീൽഡ് പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും, അവ ചെയ്യാനുള്ള യോഗ്യതയോ പരിശീലനമോ ഇല്ലാത്ത ആശ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ സംസ്ഥാനം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. പകർച്ചവ്യാധി തടയൽ, നിയന്ത്രണം എന്നിവയിലൊക്കെ ഇത്തരമൊരു വ്യതിയാനം ഉണ്ടാക്കുന്ന പരിണത ഫലങ്ങൾ ഊഹിക്കാവുന്നതേ ഉള്ളു. രോഗം വന്ന പ്രദേശങ്ങളിൽ അടിയന്തിരമായി ഇടപെടുന്നതോടൊപ്പം, രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ കൃത്യമായ ഫീൽഡ് പ്രവർത്തന ങ്ങൾ ഉറപ്പു വരുത്തുന്നത് കൂടി ചെയ്യേണ്ട അത്യാവശ്യം ഉണ്ട്.

ഭാവി ഇരുളടഞ്ഞതല്ല തന്നെ.
നിപ്പ ഒരു മെഡിക്കൽ പ്രശ്നം മാത്രമല്ല; പരിസ്ഥിതി, മൃഗാരോഗ്യം, മനുഷ്യാരോഗ്യം എന്നിവയുടെ സംയുക്ത വെല്ലുവിളിയാണ്.
"One Health" സമീപനമാണ് ദീർഘകാല പരിഹാരം.

ജാഗ്രത, ശാസ്ത്രീയ സമീപനം, സമൂഹപങ്കാളിത്തം എന്നിവയിലൂടെ നിപ്പയെ ഫലപ്രദമായി നിയന്ത്രിക്കാനാകും. വന്യജീവി–മനുഷ്യ സമ്പർക്കം കുറയ്ക്കൽ, വനസംരക്ഷണം, വന - വന്യ ജീവി നിരീക്ഷണം എന്നിവയൊക്കെ നിതാന്തമായ സ്ഥിര പ്രവർത്തനങ്ങളിൽ പെടേണ്ടിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ തുടർച്ചയായ പരിശീലനം, രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തൽ Artificial Intelligence, GIS, ഡിജിറ്റൽ Surveillance എന്നിവയുടെ പ്രയോജനം, ഗവേഷണത്തിനും വാക്സിൻ വികസനത്തിനും കൂടുതൽ നിക്ഷേപം, പൊതുജനങ്ങളിൽ ശാസ്ത്രീയ അവബോധം വളർത്തൽ, തെറ്റായ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും എതിരായ ശക്തമായ ആശയവിനിമയം എന്നിവയൊക്കെ അതീവ ശ്രദ്ധ ആവശ്യമുള്ള ഘടകങ്ങളാണ്. ഇത്തരം സമഗ്രമായ ഇടപെടലുകളിലൂടെ ഈ രോഗവും നമുക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

READ: മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments