കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

‘‘കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ 4500- ഓളംപേർ മുങ്ങിമരിച്ചിട്ടുണ്ട്. ഇതിൽ മിക്കവാറും മഴക്കാലത്ത് സംഭവിച്ചതാണ്. ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 3 പേർക്ക് വെള്ളത്തിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജയകൃഷ്ണൻ ടി. എഴുതിയ ലേഖനം.

കാലാവസ്ഥാമാറ്റം ഭൂമിയിലെല്ലായിടത്തും ഉണ്ടാകുമെങ്കിലും ഇതിന്റെ ദുരന്തങ്ങൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളിലായിരിക്കും. ഇന്ത്യയിൽ തന്നെ ഇതിന്റെ ദുരന്തങ്ങൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കാലാവസ്ഥാ വ്യതിയാനം നമ്മുടെ വികസന ചർച്ചയുടെ ഭാഗമാകണമെങ്കിലും ഇത് ഒരിക്കലും രാഷ്ട്രീയക്കാരുടേയോ, ബ്യൂറോക്രാറ്റുകളുടേയോ, ആസൂത്രണ വിദഗ്ധരുടേയോ അജണ്ടയിൽ സ്ഥാനം പിടിക്കാറില്ല. കഴിഞ്ഞ ഇലക്ഷൻ കാലത്ത് ആരോഗ്യമേഖലചർച്ച ചെയ്യപ്പെട്ടെങ്കിലും കാലാവസ്ഥാമാറ്റം ഒരിക്കലും ചർച്ചകളുടെ വിഷയമായിരുന്നില്ല.

ഭൂപ്രകൃതിയും
കാലാവസ്ഥയും

കടലിനോട് തള്ളിനിൽക്കുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് മൂലയിൽ പടിഞ്ഞാറ് അറബിക്കടലിനടിയിലും കിഴക്ക് പശ്ചിമഘട്ടത്തിനടിയിലും തിരുകിവെച്ചതുപോലെ കിടക്കുന്ന ഭൂപ്രദേശമാണ് കേരളം. കിഴക്ക് തൊട്ട് പടിഞ്ഞാറ് വരെ 30 തൊട്ട് 120 കിലോമീറ്റർ മാത്രം വീതിയിൽ ഭൂപ്രകൃതി കൊണ്ട് തീരനാട്, ഇടനാട്, മലനാട് എന്നിങ്ങനെ വിഭജിച്ച് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഇതിന്റെ പടിഞ്ഞാറുള്ള കടൽ തീര പ്രദേശം 600 കിലോമീറ്ററോളം നീണ്ടുകിടക്കുന്നു.

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള കേരളത്തിൽ വർഷം തോറും ശരാശരി 3000 മി.മി. മഴപെയ്യുന്നു (1800 മുതൽ 3800 മിമി വരെ). ശരാശരി താപനില 22 തൊട്ട് 32 ഡിഗ്രി സെൻ്റി ഗ്രേഡ് വരേയും ഈർപ്പാവസ്ഥ 73 - 80 % വുമാണ്. 3.40 കോടിയോളം ജനസംഖ്യയുള്ള ഇവിടെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 860 ലധികമുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയുമാണ്. സെൻസസ് രേഖകൾ പ്രകാരം അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ 50 % ലധികം പ്രദേശങ്ങൾ പട്ടണപ്രദേശങ്ങളായി മാറിയിട്ടുണ്ട്. 44 നദികളിൽ ഒന്നൊഴികെ മറ്റെല്ലാം പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. ദേശിയ വൾനറബിലിറ്റി അറ്റ്ലസ് പ്രകാരം കേരളത്തിലെ 16% പ്രദേശങ്ങൾ വെള്ളപ്പൊക്ക ദുരിതബാധിതമാണ്. ഭൂപ്രകൃതി കൊണ്ടും ജനനിബിഡത കൊണ്ടും നിയന്ത്രിതമില്ലാത്ത ഭൂവിനിയോഗത്തിന്റെ പ്രത്യേകതകൾ കൊണ്ടും കേരളം കാലാവസ്ഥാമാറ്റത്തിന്റെ ഒരു ഹോട്ട് സ്പോട്ട് ആയിക്കഴിഞ്ഞിട്ടുണ്ട്.

സമുദ്രനിരപ്പ് അടുത്ത നൂറു വർഷത്തിനിടയിൽ 10- 20 മി മി ഉയരാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം. തെക്ക് കിഴക്കൻ ഏഷ്യയിൽ ഗ്ലോബൽ വാമിങ്ങ് മൂലം താപനില ഏറ്റവും കൂടിവരാനും ചുഴലിക്കാറ്റ് കൂടുതലുണ്ടാകാനും സാദ്ധ്യതയുള്ള സമുദ്രമേഖല അറബിക്കടലാണ്. കാലാവസ്ഥാമാറ്റം മൂലമുള്ള ചൂടിനെതുടർന്ന് സമുദ്രനിരപ്പ് ഉയരുമ്പോൾ തീര പ്രദേശത്തുള്ള പുഴകളിലും കായലുകളിലും ഉപ്പുവെള്ളം ലീച്ചു ചെയ്ത് കയറി മറ്റ് ജല സ്രോതസ്സുകളേയും ബാധിക്കും. ഇത് പ്രകൃതിയേയും ജീവജാലങ്ങളേയും കൃഷിയേയും മത്സ്യ സമ്പത്തിനേയും ബാധിച്ചിട്ടുണ്ട്. ഇത് ഭക്ഷ്യലഭ്യത കുറച്ചതിനോടൊപ്പം രോഗാണുക്കളുടെയും കീടങ്ങളുടെയും സ്ഥല- കാല വ്യാപനം കൂട്ടിയിട്ടുമുണ്ട്. ഇതിന്റെ ദുരിതങ്ങൾ ഏറ്റവും ബാധിച്ചിട്ടുള്ളത് സമുദ്രനിരപ്പിൽനിന്ന് താഴെകിടക്കുന്ന കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിക്കപ്പെട്ട 500 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള കുട്ടനാട് പ്രദേശത്താണ്. ഇപ്പോൾ തന്നെ ഈ പ്രശ്‌നം മൂലം ആളുകൾ ഇവിടെനിന്ന് ഒഴിഞ്ഞുപോകുന്നുമുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളൊഴിച്ച് മറ്റിടങ്ങളിൽ 2017 വരെ പ്രതിവർഷം ശരാശരി ലഭ്യമായ മഴ 10% വരെ കുറവായിരുന്നു. 2017- നുശേഷം ഈ പ്രവണത മാറുകയും മഴ കൂടുകയും ജൂൺ - ജൂലായിൽ നിന്ന് മാറി ആഗസ്ത് - സപ്തംബറിൽ കൂടുതലായി കാലം തെറ്റി പെയ്യുകയും ചെയ്യുകയാണ്. കൂടാതെ മുമ്പ് രണ്ട് മൺസൂണുകളിൽ മാത്രം ചെയ്തിരുന്ന മഴക്കാലം സമയംതെറ്റി ഏത് മാസങ്ങളിലും വരാമെന്ന അവസ്ഥയിലുമായിട്ടുണ്ട്.

പെരുമഴയെ തുടർന്ന് 2018- ലുണ്ടായ വെള്ളപ്പൊക്കത്തിൽ 450ലധികം പേർ മരിക്കുകയും 5.4 മില്യൻ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു. 2019, 2020 വർഷങ്ങളിൽ ആഗസ്റ്റിലും 2021 ഒക്ടോബറിലും സംസ്ഥാനത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ 4500- ഓളംപേർ മുങ്ങിമരിച്ചിട്ടുണ്ട്. ഇതിൽ മിക്കവാറും മഴക്കാലത്ത് സംഭവിച്ചതാണ്. ഇത് പ്രകാരം കണക്കാക്കിയാൽ സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 3 പേർക്ക് വെള്ളത്തിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്.

പെരുമഴയെ തുടർന്ന് 2018- ലുണ്ടായ വെള്ളപ്പൊക്കത്തിൽ 450ലധികം പേർ മരിക്കുകയും 5.4 മില്യൻ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.
പെരുമഴയെ തുടർന്ന് 2018- ലുണ്ടായ വെള്ളപ്പൊക്കത്തിൽ 450ലധികം പേർ മരിക്കുകയും 5.4 മില്യൻ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.

കേരളത്തിന്റെ ഭൂപ്രകൃതിയുടെയും മണ്ണിന്റെയും പ്രത്യേകതകൾ നിമിത്തം തുടർച്ചയായി പെയ്യുന്ന കനത്ത മഴ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടാക്കുന്നുണ്ട്. ഇതിപ്പോൾ കൂടിവരികയുമാണ്. 2019- ൽ കവളപ്പാറയിലും പുതുമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 60- ലേറെ പേരാണ് മരിച്ചത്. 2020- ൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 70 ഓളം പേർ മരിച്ചു. 2024 ജൂലായ് 31ന് രാത്രി വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് ചതുരശ്രകിലോമീറ്ററിനുള്ളിൽ തന്നെ മുന്നൂറിലധികം ജീവനുകൾ ഒഴുകിപ്പോയി.

കാലാവസ്ഥാമാറ്റവും ആരോഗ്യവും

1901 തൊട്ട് 2021 വരെയുള്ള രേഖകൾ പരിശോധിക്കുമ്പോൾ, നൂറ് വർഷം കൊണ്ട് കേരളത്തിലെ ശരാശരി താപനില 1.05 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും താപനില കൂടിയ 10 വർഷങ്ങളിൽ 8 എണ്ണവും കഴിഞ്ഞ ദശകങ്ങളിലായിരുന്നു (2010- നുശേഷം). കേരളത്തിൽ പൊതുവേ തീരദേശത്തേയും, മലനാടുകളേയും അപേക്ഷിച്ച് ഇടനാടുകളിലാണ് പകൽ താപനില കൂടുതലുള്ളത്. രാത്രി കടൽ തണുക്കാത്തതിനാൽ തീരപ്രദേശങ്ങളിൽ മറ്റ് രണ്ട് പ്രദേശങ്ങളേയും അപേക്ഷിച്ച് താപനില കൂടുതലുമാണ്. 2000 തൊട്ട് 2020 വരെ ഇവിടങ്ങളിലെ പകലുകളിലേയും രാത്രികളിലേയും ലഭ്യമായ ശരാശരി താപനില വർഷംതോറും ക്രമാനുഗതമായി കൂടിവരികയാണ് എന്ന് ഗ്രാഫുകൾ കാണിക്കുന്നു. 2016- ൽ എല്ലാ ജില്ലകളിലും ശരാശരി താപനില 2 തൊട്ട് 3 ഡിഗ്രി വരെ കൂടുതലായിരുന്നു. പാലക്കാട് 5 ഡിഗ്രി വരെ അധികം കൂടി. ആ വർഷം ചരിത്രത്തിലാദ്യമായി കേരളത്തിൽ താപതരംഗമുണ്ടായതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിവന്നിട്ടുമുണ്ട്. ശേഷമുള്ള വർഷങ്ങളിൽ സംസ്ഥാനത്ത് സൂര്യാഘാതം മൂലമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 2019- ൽ ഉയർന്ന താപം മൂലമുള്ള സൂര്യാഘാതം പോലുള്ള അവസ്ഥകളെ സംസ്ഥാന ദുരന്തമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അന്തരീക്ഷത്തിൽ ഈർപ്പാവസ്ഥ കൂടുതലായതിനാൽ അന്തരീക്ഷ താപനിലയേക്കാൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന താപനില (ഹീറ്റ് ഇൻഡക്സ്) വളരെ കൂടുതലായിരിക്കും. അതു കൊണ്ട് ചെറിയ തോതിലുള്ള താപവർദ്ധനവ് തന്നെ വലിയ ആഘാതമുണ്ടാക്കും. കൂടാതെ പകുതിയിലധികം പ്രദേശങ്ങളും നഗരവത്കരിക്കപ്പെട്ടതിനാലും ഇവിടങ്ങളിൽ കോൺക്രീറ്റ് വൽക്കരണം അതിദ്രുതം പുരോഗമിക്കുന്നതിനാലും അർബ്ബൻ ഹീറ്റ് ഐലണ്ട് (Urban Heat island) എന്ന പ്രതിഭാസം മൂലം ചൂട് കൂടിയതിന്റെ ദോഷവശങ്ങൾ കൂടുതലായി അനുഭവപ്പെടും.

2025- ൽ വേനൽ തുടങ്ങുന്നതിനെ മുൻപേ ജനുവരിയിൽ തന്നെ സംസ്ഥാന സർക്കാറിന് ഉഷ്ണതരംഗമുന്നറിയിപ്പ് നൽകേണ്ടിവന്നിട്ടുണ്ട്. താപനില കൂടുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം കൂടുതൽ നഷ്ടപ്പെടുന്നതിനാൽ രക്തം കട്ട പിടിക്കാനുള്ള സാധ്യതകൾ കൂടുന്നതിനാൽ ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം തുടങ്ങിയവ കൂടാം. സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിൽ ഇവ രണ്ടും കൂടിവരുന്നുമുണ്ട്. താപനില ഒരു യൂനിറ്റ് വർധിക്കുമ്പോൾ വയറിളക്കരോഗങ്ങൾ 3% കൂടാം. വരൾച്ച മൂലം കേരളത്തിലെ പ്രതിശീർഷ ശുദ്ധജല ലഭ്യത മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. (1951- 14413 ലിറ്റർ, 2021- 5301 ലിറ്റർ).

താപനില വർദ്ധിക്കുമ്പോൾ അന്തരീക്ഷത്തിൽ കൂടുതൽ പൊടിപടലങ്ങളുണ്ടാകും. നിർമ്മാണപ്രവർത്തികളും വാഹനങ്ങളും കൂടിയ കേരളത്തിൽ ഇവ ചേർന്ന് അന്തരീക്ഷമലിനീകരണം കൂട്ടും. ഇത് ആസ്തമാ- അലർജി രോഗങ്ങളും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കാം. കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പട്ടണങ്ങളിലെ വായുമലനീകരണതോത് (എയർ ക്വാളിറ്റി ഇന്റക്സ്) ചെന്നൈ, ഹൈദരബാദ്, പൂന തുടങ്ങിയ നഗരങ്ങളിലേതിന് സമാനമാണ്.

2010 മുതൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിലെ വായുമലിനീകരണഇൻ്റക്സ് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കയാണ്. കേരളത്തിൽ സാധാരണ നടക്കുന്ന മരണങ്ങളിൽ 7.4%- ഓളം വായുമലീനികരണം ഒരു കാരണമാണ് എന്നാണ് സർക്കാറിന്റെ കാലാവസ്ഥാവ്യതിയാന റിപ്പോർട്ടിലുള്ളത്. കേരളീയരിൽ 1000-ൽ 47 പേരിലും ദീർഘകാലശ്വാസകോശരോഗമായ COPD-യും 37 പേരിൽ ആസ്തമയുമുണ്ട് എന്നാണ് സർവ്വേകളിൽ കാണിക്കുന്നത്.

കാലാവസ്ഥാമാറ്റം നേരിട്ട് അത്യുഷ്ണം, വരൾച്ച, വെള്ളപ്പൊക്കം എന്നിവ കൂടാതെ പകർച്ചവ്യാധികൾ , ജലജന്യരോഗങ്ങൾ, ഭക്ഷ്യവിഷബാധ, പ്രാണി- മൃഗ ജന്യരോഗങ്ങൾ, പോഷകാഹാരക്കുറവ്, മാനസിക രോഗങ്ങൾ ഇവയൊക്കെ വർധിപ്പിക്കാൻ കാരണമാണ്. അവയൊക്കെ എങ്ങനെയാണ് കേരളത്തിൽ നിലവിലുള്ളത് എന്ന് എപിഡിമിയോളജിയുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകും.

താപനിലയിലെ മാറ്റങ്ങൾ മണ്ണിലേയും വെള്ളത്തിലേയും വായുവിലേയും സൂക്ഷ്മാണുക്കളുടെയും കീടങ്ങളുടെയും അതിജീവനത്തെയും പെരുപ്പത്തെയും ബാധിക്കുന്നതിനാൽ കൃഷിയിടം തൊട്ട് ഭക്ഷണപാത്രം വരെയുള്ള ഭക്ഷണപദാർത്ഥങ്ങളിൽ രോഗാണുക്കളു​ടെ കടന്നുകയറ്റമുണ്ടാകാം. മഴ ഒരു യൂണിറ്റ് വർദ്ധിക്കുമ്പോൾ 2% വയറിളക്കരോഗങ്ങൾ കൂടാം. അതിനാൽ കേരളത്തിൽ കൂടുതലായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകളെ വെറും ശുചിത്വപ്രശ്നങ്ങൾ ക്കപ്പുറം കാലാവസ്ഥാമാറ്റവുമായി ചേർത്ത് പരിശോധിക്കേണ്ടതുണ്ട്.

കാലാവസ്ഥാമാറ്റം കൊതുക്, ചെള്ള് തുടങ്ങിയ രോഗകാരികളായ പ്രാണികളുടെ സ്ഥല- കാല വിതരണത്തിൽ അപഭ്രംശങ്ങളുണ്ടാക്കാം.
കാലാവസ്ഥാമാറ്റം കൊതുക്, ചെള്ള് തുടങ്ങിയ രോഗകാരികളായ പ്രാണികളുടെ സ്ഥല- കാല വിതരണത്തിൽ അപഭ്രംശങ്ങളുണ്ടാക്കാം.

കാലാവസ്ഥാമാറ്റം കൊതുക്, ചെള്ള് തുടങ്ങിയ രോഗകാരികളായ പ്രാണികളുടെ സ്ഥല- കാല വിതരണത്തിൽ അപഭ്രംശങ്ങളുണ്ടാക്കാം. ഈർപ്പവും താപവുമുള്ള അന്തരീക്ഷത്തിൽ കൊതുകുകളുടെ ആയുസ്സും പുനരുത്പാദന നിരക്കും രക്തപാനനിരക്കും കൂട്ടാം. മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടുകൾ കൊതുകു ലാർവകളുടെ പെരുപ്പം കൂട്ടും. ഇതുമൂലം പല കൊതുകുജന്യരോഗങ്ങളും കൂടാം. ജൈവ വൈവിധ്യത്തിന്റെ “ഹബ്” ആയ കേരളത്തിൽ വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ജീവികൾക്കൊപ്പം രോഗാണുക്കളും പലായനം ചെയ്യപ്പെട്ട് പുതിയ സ്ഥലങ്ങളിലെത്തും. കൂടാതെ ഇവിടെയുള്ള രോഗാണുക്കൾക്ക് ജനിതക വ്യതിയാനവും ഉണ്ടാവും.

കാലാവസ്ഥാമാറ്റവും
പകർച്ചവ്യാധികളും

2004 അവസാനം ഇന്ത്യൻ മഹാസമുദ്രത്തിലും തുടർന്ന് അറബിക്കടലിലുമുണ്ടായ സുനാമിക്ക് ശേഷം അടുത്തവർഷങ്ങളിൽ തീരപ്രദേശമായ കേരളത്തിൽ രോഗങ്ങൾ ആഞ്ഞടിച്ചു. അഞ്ചാറു വർഷത്തോളം ചിക്കൻ ഗുനിയയുടെ സുനാമി മൂലം അനേകം പേർ കിടപ്പിലായി. ജനസംഖ്യയിൽ 80% പേരെയെങ്കിലും ബാധിച്ചത് ഹേർഡ് ഇമ്യൂണിറ്റിയെതുടർന്ന് കെട്ടടങ്ങി. അവർക്ക് ശരാശരി 30- 120 ദിവസം വരെ പ്രവൃത്തി നഷ്ടമുണ്ടായിട്ടുണ്ട് എന്നതിൽനിന്ന് ഇതുണ്ടാക്കിയ സാമ്പത്തികനഷ്ടം ഊഹിക്കാം.

സുനാമിക്കുശേഷം അറബിക്കടലിലുള്ള മൗറിഷ്യസ് ദ്വീപസമൂഹത്തിലെ റീ യൂനിയൻ ദ്വീപിൽ നിന്നാണ് കൊതുകുകൾ വഴി കേരളത്തിൽ ചിക്കൻ ഗുനിയ വൈറസ് എത്തിയത്. ഇത് ഇവിടെയുണ്ടായിരുന്ന ഏഷ്യൻ ജീനോ ടൈപ്പിനുപകരം കിഴക്കൻ ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത പുതിയ ജീനോ ടൈപ് വൈറസുകളായിരുന്നു. 2007- ൽ മലയോര മേഖലയായ ഇടുക്കി ജില്ലയിൽ ചിക്കൻ ഗുനിയ പകർത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാറിന് സൈന്യത്തെ നിയോഗിക്കേണ്ടി വന്നതും നമ്മുടെ ആരോഗ്യചരിത്രരേഖകളിലുണ്ട്.

കേരളത്തിൽ 1990- കളുടെ രണ്ടാം പകുതി തൊട്ട് ഡെംഗു വ്യാപനം തുടങ്ങി. ഇപ്പോൾ എല്ലാ ജില്ലകളിലും ഒരുപോലെ ഡെംഗു വ്യാപനമുണ്ട്. കേരളീയരിൽ മുതിർന്നവരിൽ 50 % ലധികം പേർക്കും എപ്പോഴെങ്കിലും ഡെംഗു അണുബാധ യുണ്ടായിട്ടുണ്ട് എന്നാണ് സീറോ (sero) സർവ്വേകളിൽ കണ്ടത്. വർഷംതോറും 3- 5% പേർക്ക് പുതുതായി ഡെംഗു അണുബാധയുണ്ടാകുന്നുണ്ട്. ആയിരക്കണക്കിന് പേർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഡെംഗു പരത്തുന്ന ഈഡീസ് കൊതുകുകൾ പെരുകാനുള്ള ഉറവിടങ്ങൾ നമ്മുടെ വീടുകൾക്ക് ചുറ്റുമുണ്ട്.

1950- കളിൽ പശ്ചിമഘട്ടത്തിലെ കാടുകളിൽ പെരുകിയിരുന്ന ഈഡീസ് കൊതുകുകൾ വനനശീകരണത്തേയും കാലാവസ്ഥാമാറ്റത്തെയും തുടർന്ന് അവിടം ഉപേക്ഷിച്ച് വീടുകളുടെ പരിസരങ്ങളിലേക്ക് കുടിയേറിയതാണ് എന്നാണ് മുതിർന്ന പ്രാണിശാസ്ത്രജ്ഞരുടെ അഭിപ്രായം.

1970- കളിൽ മലമ്പനി നിർമ്മാജനം ചെയ്യുന്നതിൽ വിജയിച്ച ഇന്ത്യൻ സംസ്ഥാനമായാണ് കേരളം അറിയപ്പെട്ടിരുന്നത്. എന്നാൽ 1990- കളോടെ മലമ്പനി വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത് ആദ്യകാലത്ത് പുറത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മലമ്പനിയായിരുന്നുവെങ്കിൽ ഇപ്പോൾ തദ്ദേശീയമായും മലമ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . അനോഫിലസ് കൊതുകുകൾ ഇവിടെ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്. പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ മലമ്പനി ഔട്ട് ബ്രേയ്ക്കുണ്ടാകുന്നുണ്ട്.

ഇവിടേക്ക് മൈഗ്രേറ്റ് ചെയ്യുന്ന രോഗവാഹകരായ മത്സ്യത്തൊഴിലാളികളുടെ യാത്രകൾ ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് (ഉദാ: വലിയതുറ). മുമ്പുണ്ടായിരുന്ന താരതമ്യേന ചികിത്സിച്ച് മാറ്റാവുന്ന വൈവാക്സ് മലമ്പനിക്ക് പകരം ഗുരുതരാവസ്ഥകൾ ഉണ്ടാക്കുന്ന ഫാൽസിപാരം മലമ്പനി രോഗാണുക്കളുടെ വർദ്ധനവ് ഇപ്പോൾ ഭീഷണിയാണ്. കാലാവസ്ഥാമാറ്റം മൂലം ഭാവിയിൽ ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളും മലമ്പനി ബാധിതമാകാമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുമുണ്ട്.

ആലപ്പുഴയിൽ 1996- ലെ തുലാവർഷത്തിൽ പൊട്ടിപ്പുറപ്പെട്ട ജപ്പാൻജ്വരം എല്ലാ വർഷവും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൃഷി ഉപേക്ഷിക്കപ്പെട്ട നെൽപ്പാടങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകൾ, ഈ​ രോഗം പകർത്തുന്ന ക്യൂലക്സ് കൊതുകുകൾ പെരുകാനുള്ള താവളമാണ്. ഇതേ വെള്ളക്കെട്ടുകളിൽ വളരുന്ന കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ എന്ന രോഗവും കേരളത്തിൽ കുറച്ചുവർഷങ്ങളായി അങ്ങിങ്ങ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മൃഗങ്ങളിൽനിന്ന് സ്പിൽ ഓവർ ചെയ്ത് രോഗാണുക്കൾ മനുഷ്യരിലെത്താൻ കാലാവസ്ഥാമാറ്റം പ്രധാന കാരണമാണ്.

എലിപ്പനിയും ഭൂപ്രകൃതിയും

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എലിപ്പനി. 1980- കൾ തൊട്ടാണ് ഈ രോഗം കേരളത്തിൽ അറിയപ്പെട്ടുതുടങ്ങുന്നത്. മഴയും വെള്ളക്കെട്ടും മണ്ണിലെ ഈർപ്പാവസ്ഥയും രോഗാണുക്കളുടെ പെരുപ്പവും ആയുസ്സും കൂട്ടുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മാളങ്ങളുപേക്ഷിക്കുന്ന എലികൾ അവയുടെ മൂത്രം വഴി രോഗാണുക്കളെ മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന മഴവെള്ളം ഇവയുടെ വിസ്തൃതവ്യാപനം എളുപ്പം സാധ്യമാക്കുന്നു. കേരളത്തിലെ മണ്ണിന്നടിയിലെ ഉയർന്ന താപനില (22 ഡിഗ്രി) ഇതിനനുകൂലമാണ്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എലിപ്പനി. 1980- കൾ തൊട്ടാണ് ഈ രോഗം കേരളത്തിൽ അറിയപ്പെട്ടുതുടങ്ങുന്നത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എലിപ്പനി. 1980- കൾ തൊട്ടാണ് ഈ രോഗം കേരളത്തിൽ അറിയപ്പെട്ടുതുടങ്ങുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ പശുക്കളും, ആടുകളും, നായകളും, പന്നികളും ഈ രോഗത്തിന്റെ വാഹകരമായിട്ടുണ്ട്. അതിനാൽ എലിപ്പനി കേരളത്തിൽ മണ്ണുമായി ഇടപെടുന്നവരിലെ തൊഴിൽജന്യരോഗവുമായി മാറിയിട്ടുണ്ട്. ചികിത്സ ലഭ്യമായിട്ടും രോഗബാധിതരിൽ 10% പേർ മരിക്കുന്നുമുണ്ട്.

കേരളത്തിൽ 2008- നുശേഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധിയാണ് ചെള്ള് പനിയെന്നറിയപ്പെടുന്ന സ്ക്രബ് ടൈഫസ്. ഈ നൂറ്റാണ്ടിന്റെ ആദ്യം വരെ ഇന്ത്യയിൽ ഹിമാലയത്തിലെ കാർഗിൽ മേഖലകളിൽ മാത്രമേ ഈ രോഗം അറിയപ്പെട്ടിരുന്നുള്ളൂ. എലികളിലെ ചെള്ളുകൾ വഴി പകരുന്ന ഈ രോഗം കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് കൂടിവരികയാണ്. ഇപ്പോൾ എല്ലാ ജില്ലകളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ക്യാസനൂർ ഫോറസ്റ്റ് - കുരങ്ങ് രോഗം

കർണ്ണാടക സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് വന പ്രദേശങ്ങളിൽ മാത്രം ഉണ്ടാകുന്ന മൃഗജന്യവൈറസ് രോഗമായിരുന്നു കുരങ്ങുരോഗം. കുരങ്ങുകളിലും കാട്ടിലെ അണ്ണാനുകളിലുമുള്ള ‘ഉണ്ണി’കൾ (ticks) വഴിയാണ് രോഗം പകരുന്നത്. 2013- ലെ വേനലിൽ ബ്രഹ്മഗിരി മേഖലയിലുണ്ടായ കാട്ടുതീക്ക് ശേഷമാണ് വയനാട്ടിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് നിലമ്പൂർ ഭാഗത്തും രോഗം ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാമാറ്റം മൂലം കാട് വരളുമ്പോൾ കുരങ്ങുകളും ഉണ്ണികളും ഇര തേടി പലായനം ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു എന്ന് അനുമാനിക്കുന്നു.

കാലാവസ്ഥാമാറ്റം ജൈവവൈവിധ്യത്തിൽ തന്നെ മാറ്റമുണ്ടാക്കും. കഠിനമായ വരൾച്ചയും മഴയും വെള്ളപ്പൊക്കവും ആവാസവ്യവസ്ഥ തകരാറിലാക്കും. അതിനാൽ ചെറുജീവികൾ ക്കൊപ്പം സസ്യഭോജികളും (ആന) / മാംസ ഭോജികളുമായ (കടുവ) വന്യജീവികൾക്ക് ഇരയും ജലവും തേടി പലായനം ചെയ്യേണ്ടിവരും. ഇത് പലപ്പോഴും മനുഷ്യവാസസ്ഥലത്തേക്കാകാം. കേരളത്തിൽ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ഇപ്പോൾ പ്രധാന അതിജീവനപ്രശ്നമായി മാറിയിട്ടുണ്ട്. വർഷം തോറും നൂറിലധികം പേർ ഇത് മൂലം മരിക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണവും കഴിഞ്ഞ വർഷങ്ങളിൽ കൂടിവരുന്നുണ്ട്.

വരൾച്ചയും മലവെള്ളപ്പാച്ചിലിനിടയാക്കുന്ന മഴക്കാലവും ഒരുപോലെ ജലജന്യരോഗങ്ങൾ കൂട്ടും. ആദ്യത്തേത് ജലക്ഷാമവും വെള്ളത്തിൽ രോഗാണുക്കളുടെ സാന്ദ്രതാപരിധിയും കൂട്ടും. രണ്ടാമത്തേത് തോടുകളിലേയും പുഴകളിലേയും വെള്ളപ്പൊക്കം മൂലവും, ജലവിതരണ- സാനിറ്ററി സംവിധാനങ്ങളിൽ തകരാറുകളുണ്ടാക്കിയും രോഗാണുക്കളുടെ കൂടിക്കലരൽ വർധിപ്പിക്കും. കിണറുകളുടേയും സെപ്ടിക് ടാങ്കുകളുടെയും സാന്ദ്രത കൂടിയ കേരളത്തിൽ മഴക്കാലത്ത് രോഗാണുക്കൾ ജലസ്രോതസ്സുകളിലെത്താനുള്ള സാധ്യത കൂടുതലാണ്.

മഴയിൽ പച്ചക്കറി കൃഷിയിടങ്ങളിൽ മലിനജലം ഒഴുകിയെത്തുന്നത് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകും. ഹെപ്പറൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തവ്യാപനം കൂടാനുള്ള ഒരു കാരണമിതാണ്. ഇതുമൂലമുണ്ടാകുന്ന ഔട്ട് ബ്രേക്കുകളിൽ ബാധിക്കുന്നവരുടെ എണ്ണവും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഇപ്പോൾ യുവാക്കളിലെ മഞ്ഞപ്പിത്തവ്യാപനത്തെ ഒരു ‘ഡവലപ്പ്മെൻ്റ് പാരാഡോക്സ്’ ആയിട്ടാണ് എപിഡിമിയോളജിസ്റ്റുകൾ കരുതുന്നത്.

മിക്കവാറും അപൂർവ്വമായി മാറിയിരുന്ന വയറിളക്ക രോഗമായ ഷിഗെല്ല ഡിസന്ററി കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ തിരിച്ചുവരവിലാണ്. മലിന ജലത്തിലൂടെ പകരുന്ന ടൈഫോയിഡും റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു ജലജന്യരോഗമാണ്. വെള്ളത്തിന്റെ ഉപരിതലതാപനില കൂടുന്നത് കോളറ പോലുള്ള ബാക്ടീരിയകളുടെ അതിജീവനവും വ്യാപനവും കൂട്ടാം. 2024- ൽ തിരുവനന്തപുരത്തും വയനാട്ടിലും കോളറവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ, സംസ്ഥാനത്ത് പല പുതിയ രോഗങ്ങൾ ഉണ്ടാകുകയും പഴയ രോഗങ്ങൾ തിരിച്ചുവരികയും ചെയ്യുന്നുണ്ട്. ഇവയിൽ 80%- വും മൃഗങ്ങളിൽനിന്ന് മനുഷ്യരിലെത്തുന്നതാണ്.

ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്ന, കരിമ്പനി എന്ന് മാധ്യമങ്ങൾ പേരിട്ട ലീഷ്മാനിയാസിസ് (കാലാ - അസർ) രോഗം കേരളത്തിൽ മുമ്പുണ്ടായിരുന്നില്ല. സാൻഡ് ഫ്ലൈ - (മണലീച്ച) വഴി പകരുന്ന ഈ രോഗം 2015- നുശേഷം മലപ്പുറം, തൃശൂർ, കൊല്ലം മലയോരമേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തന്നെ വിരളമായ, ബാക്ടീരിയകളുണ്ടാക്കുന്ന പ്രാണിജന്യരോഗമായ ലൈം രോഗം (Lyme) 2013-ലും 2024-ലും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി തെക്കേ ഇന്ത്യയിൽ നിപ രോഗ ബാധയുണ്ടായത് 2018-ൽ കോഴിക്കോട്ടാണ്. പ്രകൃത്യാൽ നിപ വൈറസ് വാഹകരായ പ്റ്റീറോപസ് വർഗ്ഗത്തിൽപ്പെട്ട വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് സ്പിൽ ഓവർ മൂലം എങ്ങനെയാണ് വൈറസ് മനുഷ്യരിലെത്തുന്നതെന്ന വിഷയത്തിൽ പഠനം നടക്കുകയാണ്. നൂറ്റാണ്ടുകളായി വവ്വാലുകളുടെ ആവാസവ്യവസ്ഥയായ പശ്ചിമഘട്ടപ്രദേശങ്ങളിലെ കാലാവസ്ഥാമാറ്റമുണ്ടാക്കിയ ആഘാതങ്ങളും കേരളത്തിലെ രോഗപകർച്ചകൾക്ക് കാരണമാണ്.

ലോകത്തുതന്നെ വിരളമായി മനുഷ്യരിൽ കാണുന്ന 90% മരണസാധ്യതയുള്ള അമീബിക്ക് മസ്തിഷ്ക ജ്വരവും സമീപകാലത്ത് കേരളത്തിൽ ആളുകളെ ബാധിക്കുന്നുണ്ട്. ഇതുണ്ടാക്കുന്ന പ്രത്യേകതരം ഏകകോശജീവികളായ അമീബകൾ 30 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള വെള്ളത്തിൽ ജീവിക്കുന്നവയാണ്. അതിനാൽ ഈ രോഗവ്യാപനം കാലാവസ്ഥാമാറ്റത്തിന്റെ മറ്റൊരു ദുരന്തമാണെന്ന് പറയാം. രോഗഭയം മൂലം പല സ്ഥലത്തും ആളുകൾ കുളങ്ങളിൽ നീന്തിക്കുളിക്കാൻ ഭയക്കുന്നു. കുളങ്ങൾ കമ്പിവേലി കെട്ടി താഴിട്ട് പൂട്ടിയിടേണ്ടിവന്നിട്ടുമുണ്ട്.

കൂടുതൽ മഴയുണ്ടാകുമ്പോൾ മേൽമണ്ണ് ഒഴുകിപ്പോയി ഫലഭൂയിഷ്ഠത കുറയുന്നതിനാൽ അവിടെയുണ്ടാകുന്ന ഭക്ഷ്യവിളകൾക്കും പോഷക ഗുണം കുറവായിരിക്കും. കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി കൃഷിഭൂമി കുറയുകയും വിളകൾ നശിക്കുകയും ഭക്ഷ്യ ഉത്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറച്ചിട്ടുണ്ട്. ഇതുമൂലം പാലുത്പാദനവും മത്സ്യ ബന്ധനവും കുറയാം. ഇത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല ഭക്ഷ്യസുരക്ഷയെയും കാര്യമായി ബാധിക്കാം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇതും ഒരു കാരണമാണ്.

കുട്ടികളിലെ പോഷകാഹാരക്കുറവ് ആ പ്രദേശത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഒരു സൂചകമായി സാധാരണ ഉപയോഗപ്പെടുത്തുന്നതാണ്. അടുത്ത് നടന്ന അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൂക്കക്കുറവുള്ള കുട്ടികളുടെ ശതമാനം 16.1% ൽ നിന്ന് 19.7% കൂടിയതും വളർച്ചക്കുറവുള്ള കുട്ടികളുടെ എണ്ണം 19.7% ൽ നിന്ന് 23.4% മായി കൂടിയതും കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കുറഞ്ഞുവരുന്ന ഭക്ഷ്യസുരക്ഷയുടെ സൂചനയായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാലാവസ്ഥാദുരന്തങ്ങൾ മൂലം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. വളരെയധികം പേർക്ക് നാടും വീടും തൊഴിലും വീട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. പലർക്കും ബന്ധുക്കൾ നഷ്ടമായി. ദുരിതാശ്വാസക്യാമ്പുകളിൽ ദീർഘകാലം കഴിയേണ്ടി വരുന്നുവരുമുണ്ട്. വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഭയന്ന് കഴിയുന്നവരുണ്ട്. ഇതുണ്ടാക്കുന്ന മാനസിക വിഷമങ്ങൾ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസ് ഓർഡർ, ഉറക്കക്കുറവ്, ഉൽകണ്ഠാരോഗങ്ങൾ, വിഷാദരോഗങ്ങൾ ഇവയൊക്കെ കാലാവസ്ഥാ മാറ്റങ്ങളുടെ ആരോഗ്യആഘാതങ്ങളുടെ മറ്റൊരു വശമാണ്.

ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടെയും ഫലമായി, കാലാവസ്ഥാമാറ്റത്തിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്ന സംസ്ഥാനമായി കേരളത്തെ പരിഗണിച്ച് ഭാവിവികസനത്തിന്റെ വഴികൾ ഇപ്പോൾ തന്നെ തെരഞ്ഞെടുക്കാത്തപക്ഷം കുറച്ചു തലമുറകൾക്കപ്പുറം കടലെടുത്തുപോകുന്ന ഒരു കഥയായി കേരളം മാറിയേക്കാം.

References:

1. State Action Plan on Climate Change 2023 – 2030. Department of Environment, Government of Kerala 2022.

2. Kerala state Action plan for climate change and human health -2022.

3. Government of kerala state planning board thirteenth five-year plan 2017-2022Working group on climate change and disaster management report.

4. Dr Jayakrishnan T .Health Impacts of Climate change –Kerala Perspective .Association of Health care providers India – Conference (AHPICON) Manipur , Imphal 2025 Souvenir 2025 p 50-54.

READ : മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments