പ്രതിരോധ പട്ടികയെക്കുറിച്ചാണ് കേട്ടോ.
ഈ കുറിപ്പിൽ പ്രധാനമായും ദേശീയ പ്രതിരോധ പട്ടികയിലെ കുത്തിവെപ്പുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഏറെ ബൃഹത്തായ ഈ വിഷയത്തിൽ നമ്മൾ ഇന്ന് ഊന്നൽ നൽകുന്നത് ഒരു കാര്യത്തിന് മാത്രമാണ്. ‘ഏതൊക്കെ സാഹചര്യ ങ്ങളിലാണ് നമ്മൾ ഈ പട്ടികയിൽ നിന്ന് വ്യതിചലി ക്കേണ്ടിവരുന്നത്? അത്തരം സാഹചര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണം?’
പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെ മുഖം തിരിഞ്ഞ്, അറിഞ്ഞുകൊണ്ട് വൈകിക്കുന്നവരുടെ കാര്യം അല്ല പറയുന്നത്. അക്കൂട്ടർക്ക് പോലും മനംമാറ്റമുണ്ടായാൽ പട്ടികയിൽ വേണ്ട മാറ്റം വരുത്തി പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാം എന്നത് മറ്റൊരു കാര്യം.
സാധാരണയായി ഈ വാക്സിനേഷൻ ഷെഡ്യൂൾ പിന്തുടരാൻ സാധിക്കാത്ത ചില സാഹചര്യങ്ങളും അത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കാവുന്ന മാറ്റങ്ങളും താഴെ നൽകുന്നു:
സാധാരണയായി ഷെഡ്യൂൾ പിന്തുടരാൻ സാധിക്കാത്ത സാഹചര്യങ്ങൾ
കുട്ടിക്ക് അസുഖം വരുമ്പോൾ: പനി, ജലദോഷം അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഗുരുതരമായ അസുഖങ്ങൾ ഉള്ളപ്പോൾ വാക്സിനേഷൻ നേരത്ത തീരുമാനിച്ച തീയതിയിൽ നിന്ന് താൽക്കാലികമായി മാറ്റാൻ സാധ്യതയുണ്ട്. പക്ഷെ ഒരു കാര്യം പ്രത്യേകം ഓർക്കുക, ചെറിയ ജലദോഷം പോലുള്ള നിസ്സാര അസുഖങ്ങളിൽ വാക്സിനേഷൻ സാധാരണയായി മാറ്റിവയ്ക്കാറില്ല.
വാക്സിൻ ലഭ്യമല്ലാത്ത അവസ്ഥ: ചില സമയങ്ങളിൽ ചില വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. ഇത് വാക്സിനേഷൻ വൈകാൻ കാരണമായേക്കാം. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഇത് താരതമ്യേന അപൂർവ്വമാണ്.
യാത്രകൾ: ഒഴിവാക്കാനാവാത്ത ദൂരയാത്രകൾ ചെയ്യേണ്ടിവരുമ്പോൾ ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. ഒട്ടും തന്നെ മാറ്റിവെക്കാൻ പാടില്ലാത്ത ചില കുത്തിവെപ്പുകൾ, ഉദാഹരണത്തിന് പേവിഷ ബാധക്കെതിരെയുള്ളവ ഇത്തരം സാഹചര്യങ്ങളിലും നൽകാൻ ശ്രമിക്കണം. മിക്ക വാക്സിനുകളും ഇതര സംസ്ഥാനത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ലഭിക്കും. ചിലപ്പോൾ വ്യത്യസ്ത ബ്രാൻഡുകൾ ആവാം, എങ്കിലും അത്തരം സന്ദർഭങ്ങളിൽ വിദഗ്ധോപദേശം നേടിയശേഷം വേണം നൽകാൻ എന്നുമാത്രം.
സാരമായ ആരോഗ്യ പ്രശ്നങ്ങൾ വന്ന് ചികിത്സയിലായാൽ: ഇത്തരം കേസുകളിൽ എത്രയും നേരത്തെ ഷെഡ്യൂൾ പുനരാരംഭിക്കുമ്പോൾ ആദ്യം മുതൽ മുതൽ തുടങ്ങേണ്ടതില്ല, വിട്ടു പോയ ഇടത്തു നിന്ന് തുടരാം, മുൻപെടുത്ത വാക്സിനുകൾ കൂടി കണക്കിലെടുത്തുതന്നെ എന്നു സാരം.
രക്ഷകർത്താക്കളുടെ അസൗകര്യം: ചിലപ്പോൾ രക്ഷകർത്താക്കളുടെ ജോലിസംബന്ധമായ തിരക്കുകൾ മൂലമോ മറ്റ് അത്യാവശ്യങ്ങൾ മൂലമോ കൃത്യസമയത്ത് വാക്സിനേഷന് എത്താൻ സാധിക്കാതെ വന്നേക്കാം.
വാക്സിനേഷനോടുള്ള ഭയം അല്ലെങ്കിൽ തെറ്റിദ്ധാ രണകൾ: ചില രക്ഷിതാക്കൾക്ക് വാക്സിനേഷനോട് ഭയമോ തെറ്റിദ്ധാരണകളോ ഉണ്ടാകാം. ഇന്ത്യയിൽ മാത്രമല്ല പല വികസിത രാജ്യങ്ങളും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. അമേരിക്കയിൽ ഇപ്പോൾ അഞ്ചാം പനി പടർന്നുപിടിക്കുകയാണ്. മൂന്നോളം മരണങ്ങളുമുണ്ടായി. അഞ്ചാം പനിക്കെതിരെ കുത്തിവെപ്പ് തുടങ്ങിയ അറുപതുകൾ തൊട്ടിങ്ങോട്ട് വാക്സിൻ ഉപയോഗിച്ച് ഈ രോഗം തികച്ചും നിയന്ത്രണാധീനമാക്കിയ ഒരു രാജ്യത്ത് ഇത്തരം മരണങ്ങൾ എത്രയോ പതിറ്റാണ്ടുകൾക്കുമുമ്പാണുണ്ടായത് എന്നോ ർക്കുക. നമ്മുടെ നാട്ടിലും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളും വാക്സിനെതിരായ പ്രവർത്തനങ്ങളും കൊണ്ട് കുറച്ചുപേരെങ്കിലും വാക്സിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നുണ്ട്. ഇത് വാക്സിനേഷൻ വൈകിപ്പിക്കുന്നതിനോ ഒഴിവാക്കുന്നതിനോ കാരണമായേക്കാം.
പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ മറ്റ് അടിയന്തര സാഹചര്യങ്ങൾ: ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ തടസ്സപ്പെടുകയും വാക്സിനേഷൻ വൈകുകയും ചെയ്യാം.
ഇത്തരം സാഹചര്യങ്ങളിൽ ഷെഡ്യൂളിൽ ആവശ്യമായ ശാസ്ത്രീയ തിരുത്തൽ വരുത്തി മുന്നോട്ട് പോവാം. ഓരോ സാഹചര്യവും വ്യത്യസ്തമായതിനാൽ, വാക്സിനേഷൻ ഷെഡ്യൂളിൽ വരുത്തേണ്ട മാറ്റങ്ങളും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, പൊതുവായി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:
അസുഖം മാറിയ ശേഷം: കുട്ടിക്ക് അസുഖം മാറിയ ഉടൻ തന്നെ വാക്സിനേഷൻ നൽകാൻ ശ്രമിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ ഇടവേളയ്ക്ക് ശേഷം വാക്സിൻ നൽകാവുന്നതാണ്.

വാക്സിൻ ലഭ്യമല്ലാത്തപ്പോൾ: വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ കുട്ടിക്ക് വാക്സിൻ നൽകുക. ഇതിനായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. ഇവിടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്ന കാര്യം അവർ മറന്നുകൂടാ.
ഒരു രാജ്യത്തെ ജനങ്ങൾ നൂറു ശതമാനവും പ്രധാന രോഗങ്ങൾക്കെതിരെ പ്രതിരോധം നേടേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്വം ആണ്. ഇത് ഒരു വ്യക്തിയുടെ സുരക്ഷ മാത്രമല്ല, സമൂഹത്തിൽ നിന്നും ആ രോഗാണുവിനെ എന്നേ ക്കുമായി കെട്ടുകെട്ടിക്കാൻ വാക്സിനേഷൻ കൊണ്ടാവും. അതുകൊണ്ടുതന്നെ ഒരു വ്യക്തി പോലും പ്രതിരോധ കുത്തിവെപ്പിന് വന്നു വെറും കയ്യോടെ തിരിച്ചു പോവാൻ ഇടയാവരുത്. എന്തെങ്കിലും കാരണവശാൽ വാക്സിൻ നൽകാൻ ആയില്ല എങ്കിൽ അവരുടെ വിവരങ്ങൾ കുറിച്ചെടുത്തു വാക്സിൻ ലഭിക്കുന്ന നിമിഷം ആ കുടുംബവുമായി ബന്ധപ്പെട്ട് വാക്സിൻ നൽകി എന്ന് ഉറപ്പുവരുത്തണം
യാത്രകളിൽ: യാത്രയ്ക്ക് മുൻപോ ശേഷമോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി മുൻ കൂട്ടി ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കുന്നത് നല്ലതാണ്.
ആശുപത്രിയിൽ നിന്ന് വൈകി ഡിസ്ചാർജ് ചെയ്യുമ്പോൾ: ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് തന്നെ കുഞ്ഞിന് നൽകേണ്ട ആദ്യ ഡോസുകൾ നൽകാൻ ആശുപത്രി അധികൃതർ ശ്രദ്ധിക്കാറുണ്ട്. വൈകിയാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വാക്സിൻ നൽകുക.
രക്ഷകർത്താക്കളുടെ അസൗകര്യം: വാക്സിനേഷനായി ഒരു പ്രത്യേക ദിവസം മാറ്റി വയ്ക്കാൻ ശ്രമിക്കുക. ആരോഗ്യ കേന്ദ്രങ്ങളിൽ പലപ്പോഴും സൗകര്യപ്രദമായ സമയങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്.
വാക്സിനേഷനോടുള്ള ഭയം അല്ലെങ്കിൽ തെറ്റിദ്ധാര ണകൾ: വാക്സിനേഷനെ ക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുങ്കെിൽ ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ച് സംശയങ്ങൾ ദൂരീകരിക്കുക. വാക്സിനേഷന്റെ പ്രാധാന്യ ത്തെക്കുറിച്ച് മനസ്സിലാക്കുക.
അടിയന്തര സാഹചര്യങ്ങളിൽ: സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിയ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിനേഷൻ പൂർത്തിയാക്കുക.
ഇനി ചില പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് അൽപ്പം കൂടി:
ജനിച്ച ദിവസത്തെ കുത്തിവെപ്പുകൾ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ: പ്രതിരോധ പട്ടികയിലെ വാക്സിനുകളിൽ പലപ്പോഴും മാറ്റിവെക്കേണ്ടിവരുന്നത് ജനിച്ച് ആദ്യ ദിവസം കൊടുക്കേണ്ട വാക്സിനുകളാണ്. തൊണ്ണൂറ് ശതമാനം കേസുകളിലും കുഞ്ഞിനെ അമ്മ ഏറ്റുവാങ്ങി മുലയൂട്ടി ഒപ്പം ചേർക്കാനാവുമെങ്കിലും പത്തു ശതമാനമെങ്കിലും കേസുകളിൽ പല കാരണങ്ങൾ കൊണ്ടും കുഞ്ഞിനെ നവജാത ശിശു വിഭാഗത്തത്തിലേക്ക് മാറ്റി പരിചരിക്കേണ്ടിവരും. മാസം തികയാതെ പ്രസവിച്ചതാവാം, തൂക്ക കുറവാകാം, കരയാൻ വൈകിയതാവാം. ഇതല്ലാതെ മറ്റനേകം കാരണങ്ങൾ കൊണ്ടാവാം. പ്രസവിച്ച ശേഷം 24 മണിക്കൂറിനകം ചെയ്യേണ്ടുന്ന മൂന്നു പ്രതിരോധ വാക്സിനുകളിൽ ഏറ്റവുമാദ്യം ചെയ്യേണ്ടത് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ആണ്. ഇത് പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നൽകുന്നതാണ് ഉത്തരം. വായിൽ ഒഴിച്ച് കൊടുക്കുന്ന പോളിയോ വാക്സിൻ 24 മണിക്കൂറിനുള്ളിൽ കൊടുക്കാനായില്ലെങ്കിലും പ്രസവിച്ച് രണ്ടാഴ്ചക്കകം ആവാം. ബി സി ജി വാക്സിൻ ചിലപ്പോൾ ഇത്തിരി കൂടി വൈകി ആറാഴ്ചയിൽ അമ്മയും കുഞ്ഞും ആസ്പത്രിയിൽ എത്തുമ്പോൾ ആവാം.
മാസം തികയാതെയോ തൂക്കക്കുറവോ ഉള്ള കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഈയടുത്ത കാലം വരെ ഇത്തിരി വൈകിച്ചാണ് നൽകിയിരുന്നത്. ഒന്നുകിൽ കുഞ്ഞിന് രണ്ടു കിലോ തൂക്കം വെച്ച ശേഷം അല്ലെങ്കിൽ കുട്ടിക്ക് ഒരു മാസം തികയുമ്പോൾ ആയിരുന്നു കൊടുത്തിരുന്നത്. പക്ഷെ ഇപ്പോൾ പുതിയ മാർഗനിർദ്ദേശപ്രകാരം അത്തരം വൈകിപ്പിക്കൽ വേണ്ട, തൂക്കം എത്ര ആയാലും കുഞ്ഞിന്റെ അവസ്ഥ ഗൗരവം കൂടിയതല്ല എങ്കിൽ എത്രയും നേരത്തെ നൽകാം. നവജാത ശിശു വിഭാഗത്തിലേക്ക് കൊണ്ടുചെന്ന് ഈ വാക്സിൻ നൽകാം എന്നർത്ഥം
ജനന ദിവസം കഴിഞ്ഞ് 6, 10, 14 ആഴ്ചകളിൽ മൂന്നു തവണ വേണം കുത്തിവെപ്പുകൾ. നാലാഴ്ചത്തെ ഇടവേളയിൽ. ചെറിയ ചെറിയ കൺ ഫ്യൂഷ്യനുകൾ അവിടെ പതിവാണ്. എന്നാൽ അവിടെയൊക്കെ കൃത്യമായ ഉത്തരവുമുണ്ട്.
ചിലപ്പോൾ ആറാഴ്ചയിലെ ആദ്യത്തെ ഡോസ് കൊടുക്കാൻ വൈകാം. മറ്റു ചിലപ്പോൾ പിന്നീടുള്ളവയുടെ ഇടവേളകൾ നാലാഴ്ചക്കു ഇത്തിരി മുൻപ് ആവാമോ എന്ന ചോദ്യം ആവും ചിലർക്ക്. മറ്റു ചിലർക്ക് അതെത്ര വരെ വൈകി ആവാം എന്നാവും അറിയേണ്ടത്. സ്വാഭാവികം, ഇന്നത്തെ കാലഘട്ടത്തിൽ എന്തൊക്കെ കാര്യങ്ങൾ അപ്രതീക്ഷിതമായി ഉണ്ടാവുന്നു.
ആദ്യത്തെ ഡോസ് ഇത്തിരി വൈകി എന്നതുകൊണ്ട് കുഴപ്പമില്ല. വികസിത രാജ്യങ്ങളിൽ പലയിടത്തും ആദ്യ ഡോസ് എട്ട് ആഴ്ചയിൽ ആണ് തുടങ്ങുന്നത്. ഇടവേളയാകട്ടെ നാലാഴ്ച, ചിലപ്പോൾ ആറും എട്ടും ആഴ്ചകൾ വരെ ഇടവേളയുണ്ടാവും. അപ്പോൾ ചോദ്യം സ്വാഭാവികം, നമ്മുടെ നാട്ടിൽ മാത്രം എന്തിനിത്ര തിടുക്കത്തിൽ തുടങ്ങി വേഗത്തിൽ തീർക്കാൻ ശ്രമിക്കുന്നു?
ഉത്തരം: നമ്മുടെ നാട്ടിൽ ഈ വാക്സിൻ കൊണ്ട് തടയേണ്ട പകർച്ചവ്യാധികൾ കൂടുതലാണ്. അവക്കെതിരെ പ്രതിരോധം ഏറ്റവും നേരത്തെ നേടണം. അപ്പോൾ വൈകിപ്പിക്കുന്നതിന്റെ ഒരു കുഴപ്പം അവരുടെ പ്രതിരോധവും വൈകുന്നു എന്നതുതന്നെ. കൊക്കക്കൊരയോ മറ്റോ ഉള്ള ആൾക്കാരുമായി സംസർഗമുണ്ടായാലോ?. അതുകൊണ്ട് ഈ മൂന്ന് പ്രൈമറി ഡോസുകളും കഴിയുന്നതും നേരത്തെ എടുക്കുന്നതാണ് നല്ലത്.
അടുത്ത ഡോസ് നാലാഴ്ചക്ക് മുൻപ് എടുക്കാമോ? ഒരു ദീർഘയാത്രയുണ്ട്. ചെല്ലുന്ന ഇടത്ത് വാക്സിൻ കൊടുക്കാനാവുന്ന സാഹചര്യം അല്ല. തിരിയെ എത്താൻ ഇത്തിരി ദിവസം കൂടി എടുക്കും. അത്തരം സാഹചര്യങ്ങളിൽ അടുത്ത ഡോസ് എടുക്കേണ്ട തീയതിക്ക് നാല് ദിവസം മുൻപ് വരെ ആവാം. പക്ഷെ ഇതൊരു പതിവാക്കരുത്. ഇടവേള ഇത്തിരി കൂടുന്നതാണ് പ്രതിരോധ ഘടകങ്ങൾ കൂടുതൽ അളവിൽ ഉണ്ടാവാൻ നല്ലത്. നേരത്തെ എടുക്കുന്നതിനേക്കാൾ നന്നാവുക ഇത്തിരി വൈകി ആവും. ദീർഘദൂര യാത്രയുടെ കാലാവധിയും മറ്റു പോംവഴികളും ഒക്കെ കണക്കിലെടുത്തു ഏതാണ് മെച്ചമെന്ന് തീരുമാനിക്കാം.

വാക്സിനേഷന് ചെന്നപ്പോഴാണറിയുന്നത്, അന്ന് ചെയ്യേണ്ട നാല് വാക്സിനുകളിൽ ഒന്ന് എത്തിയിട്ടില്ല. എന്ത് ചെയ്യണം. ഒരു വാക്സിനും എടുക്കാതെ കാത്തിരിക്കണോ? അതോ ഉള്ളത് എടുത്ത്, ഇല്ലാത്തതു പിന്നെയാവാം എന്ന് തീരുമാനിക്കണോ? അങ്ങനെ പറ്റുമോ? എങ്കിൽ എപ്പോൾ? നാലാഴ്ചക്കു ശേഷം അടുത്ത ഡോസി നിടയിൽ, എപ്പോഴെങ്കിലും ആ വാക്സിൻ വരുമ്പോൾ എടുക്കാനാവുമോ? അങ്ങനെ എങ്കിൽ അടുത്ത ഡോസ് അത്ര തന്നെ വൈകിപ്പിക്കേണ്ടതുണ്ടോ?
ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് പ്രതി രോധ കുത്തിവെപ്പുകളെക്കുറിച്ചു ഇത്തിരി അറിവ് വേണം. പ്രതിരോധ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്ന ആൻ്റിജനുകൾ ആണല്ലോ വാക്സിനിലുള്ളത്. അത് പല തരത്തിൽ ഉള്ളവയുണ്ട്. അതനുസരിച്ചു വാക്സിനുകൾ പലതായി തരംതിരിച്ചിട്ടുണ്ട്.
കിൽഡ് വാക്സിൻ (killed vaccine): അതെ രോഗാണുവിനെ കൊന്നു തയാറാക്കുന്നത്.
ലൈവ് അറ്റ് അറ്റീനിയുവേറ്റഡ് (Live Attenuated): ജീവനുള്ള രോഗാണു, പക്ഷെ രോഗമുണ്ടാക്കാനുള്ള കഴിവ് നശിപ്പിച്ചവ.
മറ്റു പല വകകളും കൂടിയുണ്ട്: ടോക്സോയിഡ്, സബ് യൂണിറ്റ് വാക്സിൻ ഒക്കെ ഉദാഹരണങ്ങൾ.
ഇവയിൽ പലതും തമ്മിൽ പരസ്പരം ഇത്ര ഇടവേള വേണമെന്നില്ല. അതായത് ഒരെണ്ണം ഇന്നും, മറ്റൊന്ന് നാളെയോ മറ്റന്നാളോ ഒക്കെ എടുക്കാം. പക്ഷെ രണ്ടാമത് പറഞ്ഞ ലൈവ് അറ്റീനിയുവേറ്റഡ് എന്ന ഗണത്തിലുള്ള വാക്സിനുകളിൽ ഒരെണ്ണം എടുത്ത് കഴിഞ്ഞാൽ ആ ഗണത്തിൽ ഉള്ള ഒരെണ്ണം നാലാഴ്ച്ച ഇടവേളക്ക് ശേഷമേ എടുക്കാവൂ. ആ ഒരു തത്വം ഇവിടെ പ്രസക്തമാണ്. രണ്ടു ഡോസുകളുടെ ഇടയിൽ കയറി ഈ വാക്സിൻ ഡോസ് കൊടുക്കാനാവില്ല.
ഒരു വാക്സിനും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത ഒരാൾ, വാക്സിനേഷൻ എടുക്കാനായി വരുന്നു. മുൻപ് വാക്സിനേഷൻ എടുക്കാതിരുന്നത് ചിലപ്പോൾ അതിനെതിരെ മുഖം തിരിച്ചുനിന്നതുകൊണ്ടാവാം. ഇപ്പോൾ കാര്യങ്ങൾ മനസ്സിലായപ്പോൾ തിരുത്താൻ തീരുമാനിച്ചു. അതല്ലാതെ തന്നെ മറ്റനേകം കാരണങ്ങൾ കൊണ്ടും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ട സമയത്ത് എടുക്കാത്തവരുണ്ട്. അവരെ കുറ്റപ്പെടുത്താതെ കുത്തുവാക്കുകൾ ഒഴിവാക്കി, നല്ല തീരുമാനത്തെ പ്രശംസിച്ച് വാക്സിനുകൾ നൽകണം
‘കാച്ച്അപ്പ് വാക്സിനേഷൻ’:
വൈകിയാണെങ്കിലും, എത്രയും പെട്ടെന്ന് കുട്ടിക്ക് വാക്സിനുകൾ നൽകി ഷെഡ്യൂൾ പൂർത്തിയാക്കാൻ ശ്രമിക്കുക. ഇതിനെ ‘കാച്ച്അപ്പ് വാക്സിനേഷൻ’ എന്ന് പറയാറുണ്ട്. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്ന് ലഭിക്കും. ഏതൊക്കെ വാക്സിനുകൾ, എപ്പോഴൊക്കെ എന്നത് പല ഘടകങ്ങൾ കണക്കിലെടുത്തു വേണം.
പ്രധാനമായി കണക്കിലെടുക്കേണ്ട ഘടകങ്ങൾ ഇവയാണ്:
കുട്ടിയുടെ പ്രായം ഒരു വയസ്സിനു താഴെയാണെങ്കിൽ എളുപ്പമായി. കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതെ പട്ടിക പ്രകാരം തന്നെ നൽകാം. ഏറെ വൈകി എത്തുമ്പോൾ പട്ടികയിൽ നിന്ന് കുറെയേറെ വ്യതി ചലിക്കേണ്ടിവരും. മിക്ക വാക്സിനുകളും കൃത്യമായ പ്രായത്തിനു മുൻപ് തന്നെ എടുക്കേണ്ടവയാണ്.
പ്രായക്കൂടുതലാവുമ്പോൾ അവ എടുക്കാനാവില്ല, അതിന്റെ ചേരുവകൾ ഇത്തിരി വ്യത്യാസപ്പെടുത്തിയ വാക്സിനുകൾ വേണ്ടി വരും. ഉദാഹരണത്തിന്, ബി സി ജി, ന്യുമോകോക്കൽ വാക്സിൻ, പെൻ്റാവാലൻ്റ് വാക്സിൻ, റോട്ടാവൈറസ് വാക്സിൻ കുത്തി വെക്കുന്ന പോളിയോ വാക്സിൻ ((IPV) എല്ലാം ഒരു വയസ്സിനു താഴെ മാത്രമേ കൊടുക്കാനാവൂ, (സർവ്വ ദേശീയ പ്രതിരോധ പട്ടിക പ്രകാരം, സൗജന്യമായി ഇവ ആ പ്രായത്തിനുമേൽ കൊടുക്കാനാവില്ല). അവയിൽ ചിലത് കയ്യിൽ നിന്ന് കാശ് കൊടുത്തു വാങ്ങി കൊടുക്കാനാവും.
എത്രയും വേഗത്തിൽ പകർച്ചവ്യാധികൾക്കെതിരെ കഴിയുന്നത്ര പ്രതിരോധം നൽകാനാവണം. മിക്ക വാക്സിനുകളും ഒരൊറ്റ ഡോസ് മതിയാവില്ല. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന ആൾക്ക് ഒരു സന്ദർശനത്തിൽ തന്നെ പരമാവധി പ്രതിരോധ കുത്തിവെപ്പുകൾ നൽകണം. അപ്പോൾ സ്വാഭാവികമായി സംശയം തോന്നും. ഇത്രയേറെ കുത്തിവെപ്പുകൾ ഒരു ദിവസം നൽകാമോ? നൽകാം. സത്യത്തിൽ നമ്മുടെ പ്രതിരോധ വ്യവസ്ഥ ഓരോ ദിവസവും എത്ര രോഗാണുക്കളെ പരസ്പരം കണ്ടുമുട്ടുന്നു? രോഗാണുക്കൾ മാത്രമല്ല, പല ആൻ്റിജനുകളെയും കാണുന്നു. അവർക്കെതിരെ ആയുധമെടുക്കുന്നു.
ഈ മൂന്നു ഘടകങ്ങൾ കണക്കിലെടുത്ത്, പരമാവധി രോഗങ്ങൾക്കെതിരെ പ്രതിരോധം നൽകുന്ന ഒരു പട്ടിക ഡോക്ടർ ഉണ്ടാക്കുന്നു. ആദ്യ ദിവസം കഴിയുന്നത്ര എണ്ണം വാക്സിൻ നൽകി. രണ്ടാമത്തെയും മൂന്നാമത്തെയും അതും കഴിഞ്ഞു പിന്നീട് ബൂസ്റ്റർ ഡോസുകളെക്കുറിച്ചും കൃത്യമായ പട്ടിക തയ്യാറാക്കിതരുന്നു.
പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വാക്സിനേഷൻ ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടി വന്നാൽ, ഒരു ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തരുടെയോ ഉപദേശം തേടുന്നത് വളരെ പ്രധാനമാണ്.
വാക്സിൻ എടുക്കാത്ത ഒരു കുട്ടിയെ കണ്ടുമുട്ടിയാൽ ‘അയ്യോ വൈകിപ്പോയല്ലോ’ എന്ന് പരിവേദനമല്ല വേണ്ടത്, ഉച്ചത്തിൽ പറയുക, ‘better late than never’. ഓരോ വൈകലിനും അപ്പുറത്ത് ഒരവസരം കൂടി കാത്തിരിപ്പുണ്ട്.
READ: ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ
എന്താണ് അലർജി?
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

