‘‘A Child is not a miniature of an adult’’-
എം.ബി.ബി.എസ് ഫാർമക്കോളജി ടെക്സ്റ്റ്ബുക്കിലെ ഒരു വാചകമാണിത്. ഒരു കുഞ്ഞിനെ ചികിത്സിക്കുമ്പോൾ ഒരു മുതിർന്ന മനുഷ്യന്റെ ചെറുരൂപമായി അല്ല കാണേണ്ടത് എന്നർത്ഥം.
കുഞ്ഞുങ്ങൾക്ക് മരുന്നു നൽകുമ്പോൾ അനേക ഘടകങ്ങൾ ഒരു ഡോക്ടർക്ക് കണക്കിലെടുക്കേണ്ടി വരും, കണക്കുകൂട്ടേണ്ടിയും വരും.
കുഞ്ഞുങ്ങൾക്ക് മരുന്നുകുറിക്കുമ്പോൾ അവരുടെ അസുഖത്തോടൊപ്പം പ്രായം, തൂക്കം, പോഷകനിലവാരം, കഴിക്കുന്ന മറ്റുമരുന്നുകൾ, രോഗങ്ങൾ, സ്‌കൂളിൽപോകുന്നവരാണോ അല്ലയോ എന്ന് തുടങ്ങി പരിപാലനം വരെയുള്ള വസ്തുതകൾ ആലോചിക്കണം.
ഒരേ മരുന്ന് തന്നെ പല രൂപങ്ങളിലും അളവുകളിലും മാർക്കറ്റിൽ ലഭ്യമാണ്. ഒരു ദിവസത്തേക്കോ ഒരു നേരത്തേക്കോ ഉള്ള ഡോസ് കണക്ക് കൂട്ടുന്നതിൽ ഏതുതരം പ്രിപ്പറേഷൻ (preparation) ആണ് കുഞ്ഞിന് നൽകുന്നത് എന്നതിന് വലിയ പ്രാധാന്യമുണ്ട്.
ഉദാഹരണത്തിന്, പനിക്കും ചെറിയ വേദനകൾക്കും ഉള്ള പാരസെറ്റമോൾ തന്നെ എടുത്താൽ ഡ്രോപ്‌സ്, 1 മില്ലിയിൽ 100 മില്ലിഗ്രാം ആണെങ്കിൽ, സിറപ്പ് 5 മില്ലിയിൽ 120, 125,156, 250, 500 മില്ലിഗ്രാം എന്നിങ്ങനെ പോകുന്നു. സിറപ്പിന്റെ അളവിൽ ഡ്രോപ്‌സ് കൊടുത്താൽ തീർച്ചയായും കുഞ്ഞിന് അമിതഡോസ് അകത്തുചെല്ലും. ഇനി പാരസെറ്റമോൾ തന്നെ മലദ്വാരത്തിൽ വെക്കുന്നതാകുമ്പോൾ 80 മില്ലിഗ്രാം, 170 മില്ലിഗ്രാം, 250 മില്ലിഗ്രാം എന്ന തോതിൽ ഉണ്ട്. ഇഞ്ചക്ഷൻ ആയാൽ പിന്നെയും വ്യത്യാസം വന്നു. പറഞ്ഞുവരുന്നത്, ഡോക്ടർ ഒരു മരുന്ന് നിർദ്ദേശിച്ചാൽ അതേ രൂപത്തിൽ അതേ അളവിൽ അതേപോലെതന്നെ നൽകാൻ എപ്പോഴും ശ്രദ്ധിക്കുക.
ഓരോ മരുന്നുകുപ്പിയുടെ പുറത്തും മരുന്നിന്റെ ബ്രാൻഡ് നെയിം, ജനറിക്‌നെയിം, മൊത്തം എത്ര അളവ് ഉണ്ട് എന്നെല്ലാം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ അതുണ്ടാക്കിയ ഡേറ്റ് (manufacturing date), എത്ര വരെ ഉപയോഗിക്കാം (expiry date) എന്നുമുണ്ടാകും. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ ഒരിക്കലും ഉപയോഗിക്കരുത്. മൊത്തം അളവ് 10 ml, 15 ml, 30 ml, 60 ml തുടങ്ങി 100, 200 ml വരെ ആകാം. ഒരു ദിവസം ഇത്ര മില്ലി വെച്ച് ആകെ എത്ര ദിവസത്തേക്ക് മരുന്ന് തികയുമെന്ന് അങ്ങനെ കണക്കുകൂട്ടാം. ഡ്രോപ്‌സ് ആണെങ്കിൽ ഓരോ ഒരു മില്ലിയിൽ ഇത്രഅളവ് മരുന്നെന്നും, സിറപ്പോ സസ്‌പെൻഷനോ ആണെങ്കിൽ 5 മില്ലിയിൽ, 10 മില്ലിയിൽ ഇത്ര ഇത്ര അളവ് മരുന്നുകൾ എന്നും കാണാം.. മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്നു വാങ്ങിച്ചാൽ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുമായി ഒത്തുനോക്കുക. കുഞ്ഞുങ്ങൾക്കുള്ള ചില മരുന്നുകൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം.

ആന്റിബയോട്ടിക്കുകൾ പൊടി ആയിട്ടായിരിക്കും കുപ്പിയിലുണ്ടാവുക. അത് അതിൽ തന്നെ ലഭ്യമായ വെള്ളം ഉപയോഗിച്ചോ അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്തോ കലക്കി ദ്രാവക രൂപത്തിലാക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ കുപ്പിയിലെ മാർക്ക് ചെയ്തിടം വരെ വെള്ളം ചേർത്ത് നല്ലവണ്ണം കുലുക്കി പൊടിയോ കട്ടയോ നിറവ്യത്യാസമോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ആ മിശ്രിതത്തിൽ നിന്ന് ഡോക്ടർ നിർദ്ദേശിച്ച അളവ് പറഞ്ഞ നേരങ്ങളിൽ കുഞ്ഞിന് നൽകണം. ഓരോ തവണയും കുപ്പി നല്ലപോലെ കുലുക്കി മിശ്രിതത്തിന് എല്ലായിടത്തും ഒരേ സാന്ദ്രത അല്ലേ എന്ന് ശ്രദ്ധിക്കണം. ഇങ്ങനെ കലക്കുന്ന മരുന്നുകൾ എപ്പോഴും 7 ദിവസത്തിനുള്ളിൽ ഉപയോഗിക്കുക, (അതിനുശേഷം വരുന്നത് കളയുക). അവ അന്തരീക്ഷ ഊഷ്മാവിൽ വെക്കുന്നതിനേക്കാൾ നല്ലത് ഫ്രിഡ്ജ് ഡോർ പാനലിൽ വെക്കുന്നതാണ്. കുപ്പിയുടെ അടപ്പ് കൃത്യമായി അടച്ചു വെക്കാൻ ഓരോ തവണയും ശ്രദ്ധിക്കാം.
എപ്പോഴും ആന്റിബയോട്ടിക്കുകൾ ഡോക്ടർ നിർദ്ദേശിച്ച കാലയളവിൽ തന്നെ കൃത്യമായി നൽക ണം. മരുന്നുകൾ കൊടുക്കേണ്ടത് ഭക്ഷണത്തിന് മുൻപോ ഒപ്പമോ ശേഷമോ എന്ന കാര്യങ്ങളിൽ ഡോക്ടറുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക. ഒരു മരുന്ന് 2 നേരം എന്നുദ്ദേശിക്കുന്നത് രാവിലെയും വൈകിട്ടും എന്നതാണ്. 3 നേരം എന്നാൽ രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്നാണ്. സ്‌കൂളിൽ പോകുന്നവരാണെങ്കിൽ കാലത്ത്, സ്‌കൂൾ വിട്ടുവന്ന ഉടൻ, പിന്നീട് പത്തുമണിക്ക് എന്ന രീതിയിലേക്ക് മാറ്റാം.
പലപ്പോഴും കുഞ്ഞുങ്ങളെക്കൊണ്ട് മരുന്നുകൾ കുടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. ഫില്ലറിൽ ആക്കി കൊടുക്കുന്നത് തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് മതി. മറ്റുള്ളവർക്ക് ഫില്ലറിലും കുപ്പിയുടെ അടപ്പിലും മറ്റും നൽകുന്നതിനേക്കാൾ അഭികാമ്യം ഒരു സ്പൂണിൽ കൃത്യമായ അളവ് പകർന്നെടുത്ത് കൊടുക്കുന്നതാണ്. പിന്നാലെ അപ്പോൾ തന്നെ ഒരുസ്പൂൺ വെള്ളം നൽകി വായയിൽനിന്നും തൊണ്ടയിൽനിന്നും ചവർപ്പു രസത്തെകളയാം. വാശിപിടിച്ചു ചർദ്ദിക്കാൻ നോക്കുന്ന വിരുതന്മാരെ കളിപറഞ്ഞും തമാശപറഞ്ഞും ശ്രദ്ധ തിരിപ്പിക്കാം. മരുന്നു കൊടുത്തു 15 മിനിറ്റിനകം ഛർദി ച്ച് കളഞ്ഞാൽ ആ ഡോസ് വീ ണ്ടും കൊടുക്കുന്നതാണ് ഉചിതം.
ഗുളികകൾ കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക, കാരണം കുറച്ചുകൂടെ കൃത്യതയോടെ മരുന്ന് ശരീരത്തിൽ എത്താൻ അത് സഹായിക്കും. എന്നാൽ ഗുളിക ലാഘവത്തോടെ വായിലോട്ട് എറിയാതെ കൃത്യമായി നാക്കിൽ പുറകിൽവച്ച് വെള്ളം കുടിപ്പിക്കണം. വെള്ളത്തിൽ അലിയിപ്പിച്ചും ചില ഗുളികകൾ കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്.

പനി, ചുമ, ജലദോഷം എന്നിങ്ങനെയുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ സീൽ പൊട്ടിച്ചുകഴിഞ്ഞാൽ പരമാവധി ഒന്നോരണ്ടോ മാസംവരെ ഉപയോഗിക്കാം. ടോണിക്കുകൾ ആണെങ്കിൽ പറഞ്ഞ അളവിൽ തുടർച്ചയായി ഉപയോഗിച്ച് അവസാനിപ്പിക്കണം. ഓരോ പ്രാവശ്യവും കുപ്പിയുടെ അടപ്പ് കൃത്യമായി അടച്ചു വെക്കാൻ ശ്രദ്ധിക്കാം. ഉപയോഗിച്ചു തുടങ്ങിയ മരുന്നുകൾ ദിവസം ഏറുംതോറും അതിന്റെഗുണം കുറയാനും മലിനമാവാനും അതിനകത്ത് രാസമാറ്റങ്ങൾ സംഭവിക്കാനും ഉള്ള സാധ്യത ഏറെയാണ്. വീട്ടിൽ സൂക്ഷിക്കുന്ന മരുന്നുകളും ഗുളികകളും അലസമായി വെയിൽ ഏൽക്കുന്ന ജനാലക്കരികിലും അടുക്കളയിൽ, അടുപ്പിനടുത്ത് , പെട്ടിയിൽ വെക്കുന്നതും ഒഴിവാക്കുക. കാറിനകത്ത് മരുന്നുകൾ സ്റ്റോക്ക് ചെയ്യാതിരിക്കാം.
ചുമയ്ക്കും ശ്വാസംമുട്ടിനും വീട്ടിൽ നെബുലൈസ്‌ചെയ്യുമ്പോൾ കൂടെ ഓക്‌സിജൻ വയ്ക്കുന്നില്ല എന്നതിനാൽ കുഞ്ഞിന് ഹൈപോക്‌സിയ (ഓക്‌സിജൻ അളവ്കുറഞ്ഞു പോകുന്ന അവസ്ഥ) ഉണ്ടാകാനും ഹൃദയമിടിപ്പ് കൂടാനും ഉള്ള സാഹചര്യമുണ്ടാവാം. എപ്പോഴും നെബുലൈ സ് ചെയ്യാനുള്ള സുരക്ഷിതമായ സ്ഥലം ആശുപത്രിയാണ്.
ഈ വെല്ലുവിളികളൊക്കെ മനസ്സിലാക്കി അങ്ങേയറ്റം ഒഴിവാക്കാൻ പറ്റാത്ത അവസരത്തിൽ മാത്രം വീട്ടിൽ നെബുലൈസ് ചെയ്യേണ്ടിവരികയാണെങ്കിൽ മാസ്‌ക് ഉപയോഗിക്കാതെ വളരെ കുറച്ചു സമയത്തേക്ക് മാത്രംചെയ്യുക.
ഏത് അസുഖത്തിനും, മരുന്നുകൾ കൊടുക്കുമ്പോഴും നല്ല ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളവും കുഞ്ഞുങ്ങൾക്ക് കുടിക്കാൻ കൊടുക്കുക. വെള്ളം കുടിക്കുന്നതിലും ഭക്ഷണക്രമത്തിലും എന്തെങ്കിലും നിയന്ത്രണങ്ങൾ ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാലിക്കാം.
മോഡേൺ മെഡിസിൻ മരുന്നുകൾ എടുക്കുമ്പോൾ അതോടൊപ്പമുള്ള ആയുർവേദം- ഹോമിയോ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക. ഈ മരുന്നുകളെല്ലാം ഒരാളുടെ ശരീരത്തിൽ എങ്ങനെയൊക്കെയാണ് പ്രതിപ്രവർത്തിക്കുകയെ ന്ന് ആർക്കും പ്രവചിക്കാനാവില്ല. പിന്നീട് കൃത്യമായ തീരുമാനങ്ങളിലും അനുമാനങ്ങളിലും എത്താൻ അതൊരു ഡോക്ടർക്ക് തടസ്സമായേക്കാം.
READ : ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?
കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ
ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?
ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ
സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

