''ദൈവപുത്രന്
വീഥിയൊരുക്കുവാൻ
സ്‌നാപക യോഹന്നാൻ വന്നു''
വയലാർ പണ്ടെഴുതിയ ഒരു സിനിമാ ഭക്തിഗാനമാണിത്. കേരളത്തിലെ മികച്ച ആശുപത്രിശൃംഖലകളായ Aster, KIMS, Baby Memorial തുടങ്ങിയ ഗ്രൂപ്പുകളെ അമേരിക്കൻ കമ്പനികളായ KKR-ഉം Stone-ഉം ഏറ്റെടുത്തു എന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഓടിവന്നത് വയലാറിന്റെ പാട്ടാണ്.
കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് എടുത്ത ഒരു തീരുമാനം മീഡിയ ശ്രദ്ധിച്ചു കണ്ടില്ല. ഇൻഷുറൻസ് രംഗത്ത് 100% വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നു. ഇതോടൊപ്പം ഗവൺമെന്റ് നടപ്പാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ (CE Bill) കൂടി ചേർത്തുവായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
കേരളത്തിലെ ആരോഗ്യരംഗത്ത് ചുവടുറപ്പിച്ച അമേരിക്കൻ കമ്പനികളെപ്പറ്റി അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ പറ്റിയ കാര്യങ്ങൾ രസകരമാണ്. ഇവരൊന്നും വിദേശത്ത് എവിടെയും ആശുപത്രികൾ നടത്തുന്നില്ല. ബ്ലാക്ക് സ്റ്റോൺ (Black Stone) കമ്പനികളുടെ ആസ്തി ഇന്ത്യാ രാജ്യത്തിന്റെ ഒരു വർഷത്തെ ജി.ഡി.പിയെക്കാൾ കൂടുതലാണ്. അതിനർത്ഥം കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും വേണ്ടിവന്നാൽ വിലയ്ക്കുവാങ്ങാൻ കെല്പുണ്ട് എന്നർത്ഥം.

CE ബിൽ വഴി കേരളത്തിൽ നടക്കാൻപോകുന്നത് പണ്ട് 60-കളിൽ അമേരിക്കയിൽ ഉണ്ടായ അതേ കാര്യങ്ങളാണ്. അമേരിക്കയിൽ പണ്ട് ഇവിടുത്തെപോലെ 70- 30 അനുപാതത്തിലാണ് ആശുപത്രി കിടക്കകൾ ഉണ്ടായിരുന്നത്. ക്വാളിറ്റി കൺട്രോൾ (Quality Control) എന്നപേരിൽ നടപ്പാക്കിയ പരിപാടികൾ മൂലം എല്ലാ ചെറുകിട പൊതുസംവിധാനങ്ങൾ എല്ലാം അടച്ചുപൂട്ടി. പലതും വലിയ കമ്പനികളുടെ കീഴിലായി. ആശുപത്രി അധികാരികളായിരുന്ന സീനിയർ ഡോക്ടർമാരായ സൂപ്രണ്ടുമാർ മാറി, പകരം ഫൈനാൻസ് എം.ബി.എ പഠിച്ച സി.ഇ ഒ മാരായി.
ഇതോടൊപ്പമാണ് ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ചികിത്സ ഇല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇൻഷുറൻസ് കമ്പനികളും ഇത്തരം ഭീമൻ കമ്പനികളുടെ ഉടമസ്ഥതയിൽ തന്നെ.
ഏതാണ്ട് 34 കോടി ജനങ്ങളുള്ള അമേരിക്കയിൽ 8 കോടിയോളം ആൾക്കാർക്ക് ഇൻഷുറൻസ് ഇല്ല. അതിനർത്ഥം ചികിത്സ ഇല്ല എന്നുതന്നെ. ഇതുകൊണ്ടാണ് കോവിഡ് വന്നപ്പോൾ ഇന്ത്യയിലേക്കാൾ കൂടുതൽ മരണം അവിടെ ഉണ്ടായത്.
കേരളത്തിലേക്ക് വന്നാൽ CE Bill വന്നതുതന്നെ ആശുപത്രികൾക്ക് മൂക്കുകയറിടാനാണെന്ന വ്യാജേനയാണ്. പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വിലവിവര പട്ടിക പ്രദർശിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. ഒന്നാലോചിക്കുക, ഇപ്പോൾ തന്നെ ഏതെങ്കിലും ആശുപത്രിയിൽ ഓപ്പറേഷനും മറ്റും അഡ്മിറ്റ് ചെയ്യുന്നതിനുമുൻപ് എന്ത് ചെലവു വരും എന്ന് അന്വേഷിക്കാറില്ലേ?. അപ്പോൾ ഇതൊന്നുമല്ല വിഷയം. അടിസ്ഥാന ആവശ്യങ്ങൾ (Minimum Requirement) എന്നപേരിൽ വരാൻ പോകുന്ന നിബന്ധനകളാണ്. അതിൽ പെട്ടതാണ് അത്യാഹിത കേസുകളിൽ രോഗിയെ സ്റ്റബിലൈസ് (stabilize) ചെയ്യണം എന്ന നിബന്ധന.
തലയ്ക്ക് പരിക്ക് പറ്റിയ ഒരാളെ കൊണ്ടുവന്നു എന്നു കരുതുക. അബോധാവസ്ഥയാണെങ്കിൽ വെൻറിലേറ്റർ നിർബന്ധം. ഇയാളെ വലിയ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കാൻ ഒരു വെൻറിലേറ്റർ (ventilator) സൗകര്യമുള്ള ആംബുലൻസും സ്റ്റാഫും വേണം. CE Bill പ്രകാരം 6 ബെഡിന് ഉയർന്ന മികച്ച പരിശീലനം കിട്ടിയ (qualified nurse) നേഴ്സും വേണം. കേരളത്തിൽ എത്ര ചെറിയ - ഇടത്തരം (small/medium) ആശുപത്രികളിൽ ഇതുണ്ട്?
CE Bill നടപ്പിലാക്കുന്നതോടെ ഇപ്പോൾ കേരളത്തിലുള്ള ചെറിയ ഇടത്തരം ആശുപത്രികളിൽ നല്ലൊരു ശതമാനം പൂട്ടിപ്പോകും, ഉറപ്പ്. കെ. കെ ആർ, ബ്ലാക്ക് സ്റ്റോൺ (KKR, Black Stone) തുടങ്ങിയ ഭീമന്മാരുടെ ഏറ്റെടുക്കലാണ് നടക്കാൻ പോകുന്നത്.
അമേരിക്കയിൽ സംഭവിച്ചപോലെ ചികിത്സാച്ചെലവ് കുതിച്ചുയരും. അതുകൊണ്ടുതന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ എല്ലാവരും നിർബന്ധിതരാകും.
ഒരു 30 വർഷം മുൻപുവരെ നാമൊക്കെ ആരോഗ്യ ഇൻഷുറൻസ് (Health Insurance) എന്ന് കേട്ടിരുന്നോ? സർക്കാർ തന്നെ ഇപ്പോൾ ഇൻഷുറൻസ് എടുക്കാൻ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗവൺമെന്റ് ആശുപത്രിയിലെ ചികിത്സയ്ക്ക് എന്തിനാണ് ഇൻഷുറൻസ് എന്ന് എനിക്കു മനസ്സിലാകുന്നില്ല. ആദ്യം RSBY, ഇപ്പോൾ KASP. ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സ ഇല്ല എന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്ന് അമേരിക്കയിൽ ഒരു വ്യക്തിക്ക് ഇൻഷുറൻസ് എടുക്കാൻ ഏതാണ്ട് 10,000 ഡോളർ വേണം. ഭാര്യ, ഭർത്താവ്, 2 കുട്ടികൾ എന്നിവരുണ്ടെങ്കിൽ 25,000 ഡോളർ. വരുമാനത്തിന്റെ 25% ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ നീക്കിവെക്കണം. ഇൻഷുറൻസ് നടത്തുന്നവർ തന്നെ ആശുപത്രികൾ നടത്തിയാൽ സൗകര്യമായി. ഇന്ത്യയെ പോലെയുള്ള ഒരു ദരിദ്രരാജ്യത്ത് ഇൻഷുറൻസ് നിർബന്ധമാക്കിയാൽ ഉണ്ടാകാൻ പോകുന്ന അവസ്ഥ ആലോചിക്കാൻ തന്നെ പറ്റില്ല. ഇൻഷുറൻസ് വന്നതോടെ തന്നെ പലപ്പോഴും ചികിത്സ ഏതുവേണം എന്ന് തീരുമാനിക്കുന്നത് ഇൻഷുറൻസ് കമ്പനി മാനേജർമാരാണ്, ഡോക്ടർമാരല്ല.
ഒരുകാര്യം മാത്രമേ പറയാനുള്ളൂ. നമ്മുടെ ആരോഗ്യസംവിധാനത്തിന് പല കുറവുകളും ഉണ്ട്. എന്നാൽ അത് പടിഞ്ഞാറൻ രാജ്യങ്ങളേക്കാൾ മികച്ചതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആരോഗ്യരംഗം പൂർണ്ണമായും ആഗോളഭീമന്മാരുടെ കയ്യിലാകാൻ അനുവദിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് കണ്ടുതന്നെ അറിയണം.
വായിക്കാം: ‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ
നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?
കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?
നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?
അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ
കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ
നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


