നേമം, വട്ടിയൂർക്കാവ്;
തിരുവനന്തപുരത്ത്
ആരുടെ സാധ്യതയ്ക്കാണ്
ലീഡ്?

തിരുവനന്തപുരം കോർപറേഷനിൽ അടക്കം നേടിയ വിജയം ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതിനെ നേരിടാൻ എൽ.ഡി.എഫും യു.ഡി.എഫും മെനയുന്ന തന്ത്രങ്ങളായിരിക്കും തിരുവനന്തപുരം ജില്ലയുടെ റിസൾട്ട് നിർണയിക്കുക: ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ പരമ്പര: തിരുവനന്തപുരം ജില്ല.

2011-ലെ സെൻസസ് പ്രകാരം തിരുവനന്തപുരം ജില്ലയിൽ 33.01 ലക്ഷത്തോളം ജനങ്ങളാണുള്ളത്. 66.46% ഹിന്ദുക്കളും 19.10% ക്രിസ്ത്യാനികളും 13.72% മുസ്ലിംകളുമാണ്.

73 ഗ്രാമപഞ്ചായത്തുകൾ, നാല് നഗരസഭകൾ, തിരുവനന്തപുരം കോർപറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ലയിലുള്ളത്. പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് സമീപകാലത്ത് കണ്ടുവരുന്നത്. ബി.ജെ.പി കൂടുതൽ സ്വാധീനമുറപ്പിക്കുന്ന പ്രദേശമായി തിരുവനന്തപുരം ജില്ല മാറുന്നതായി നിയമസഭ / ലോകസഭയിലേക്കും തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം നോർത്ത്‌, കിളിമാനൂർ, ആര്യനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ 2008- ലെ ഡിലിമിറ്റേഷൻ പ്രക്രിയയിലൂടെ റദ്ദാക്കുകയും ചിറയിൻകീഴ്, അരുവിക്കര, കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങൾ പുതുതായി രൂപീകരിക്കുകയും ചെയ്തു. മറ്റു മണ്ഡലങ്ങളുടെ അതിർത്തികൾ നേരിയ തോതിൽ മാറ്റം വരുത്തി രൂപീകരിച്ച 14 നിയമസഭ മണ്ഡലങ്ങളാണ് 2011 മുതൽ ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർപട്ടിക പരിഷ്കാര പ്രക്രിയയിലൂടെ 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 25,26,325 വോട്ടർമാരാണ് ജില്ലയിലുള്ളത്.

ഉറച്ച UDF കോട്ട,
മലപ്പുറത്തെ സാധ്യതകൾ

എൽ.ഡി.എഫ് ശക്തമായി തിരിച്ചുവന്ന തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്. കോവളം ഒഴികെ 13 മണ്ഡലങ്ങളിലും എൽ.ഡി.എഫാണ് ജയിച്ചത്. 13 സിറ്റിങ് എം.എൽ.എമാരിൽ എൽ.ഡി.എഫ് 11 പേരെയും രംഗത്തിറക്കിയിട്ടുണ്ട്. സി.പി.എം 10 പേരെ നിലനിർത്തി. സി.പി.ഐയിലെ മന്ത്രി ജി.ആർ അനിൽ നെടുമങ്ങാട്ടും മനോജ് ഇടമന ചിറയിൻകീഴിലും മത്സരിക്കും. കേസിലെ കുരുക്കുമൂലം ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനാകില്ല.

കഴിഞ്ഞ തവണ വി.ശിവൻകുട്ടിയിലൂടെ പിടിച്ചെടുത്ത, ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമം തന്നെയാണ് ഇത്തവണയും ശ്രദ്ധാകേന്ദ്രം. എൽ.ഡി.എഫിനുവേണ്ടി സിറ്റിങ് എം.എൽ.എ വി. ശിവൻകുട്ടിയും എൻ.ഡി.എയ്ക്കുവേണ്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കാമ്പയിൻ തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫിന് സ്ഥാനാർഥിയെ തീരുമാനിക്കാനായിട്ടില്ല.

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ മുന്നിലെത്തിയ ആത്മവിശ്വാസത്തോടെ ബി.ജെ.പി രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മുൻ ഡി.ജി.പി ആർ. ശ്രീലേഖയാണ് എൻ.ഡി.എ സ്ഥാനാർഥി. സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത് എൽ.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങുമ്പോൾ, മണ്ഡലം സ്വന്തമാക്കാൻ യു.ഡി.എഫിനുവേണ്ടി കെ. മുരളീധരനാണ് മാറ്റുരയ്ക്കുന്നത്.

തൊണ്ടിമുതൽ കേസിൽ പ്രതിയായ മുൻ എം.എൽ.എ ആന്റണി രാജുവിന് മത്സരിക്കാനാകാത്തതിനാൽ പകരം സ്ഥാനാർഥിയെ കണ്ടെത്താനാവാതെ തിരുവനന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫ് ആശയക്കുഴപ്പത്തിലാണ്. സീറ്റ് ഏറ്റെടുക്കാൻ സി.പി.എമ്മിന് താൽപര്യമില്ല. പൊതുസ്വതന്ത്രനെ നിർത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

കോൺഗ്രസിനും യു.ഡി.എഫിനും തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായിട്ടില്ല. തിരുവനന്തപുരം​ സെൻട്രലിൽ സി.എം.പി നേതാവ് സി.പി. ജോൺ മത്സരിക്കുന്നു. കോവളത്ത് സിറ്റിങ് എം.എൽ.എ എം. വിൻസെന്റ് തന്നെയാണ്. ചിറയിൻകീഴ് രമ്യ ഹരിദാസും. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. ജില്ലയില നാല് മണ്ഡലങ്ങളിൽമാത്രമേ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് കാമ്പയിൻ തുടങ്ങാനായിട്ടുള്ളൂ.

കോർപറേഷനിൽ അടക്കം നേടിയ വിജയം ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

1. വർക്കല:
എൻ.ഡി.എ
ഫാക്റ്റർ

  • 2016ലും 2021-ലും ബി ജെ പി വോട്ടു വർധിക്കുകയും അതിനാനുപാതികമായി യു ഡി എഫ് വോട്ടു കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതുമുന്നണിക്ക് 2026- ലും വർക്കലയിൽ വിജയം നേടാനായേക്കാം.

1957 മുതൽ പ്രാബല്യത്തിലുള്ള വർക്കലയിൽ, വർക്കല നഗരസഭ ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സമുദായ സംഘടനകളുടെ നിലപാടുകൾ രാഷ്ട്രീയ ബലാബലത്തിൽ നിർണ്ണായകമാകും. കടൽക്ഷോഭം, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങൾ, ടൂറിസം വികസനം തുടങ്ങിയ വിഷയങ്ങളും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിഷയമാകാറുണ്ട്.

മണ്ഡലം പരമ്പരാഗതമായി ഇടതുപക്ഷത്തോടാണ് കൂടുതൽ ആഭിമുഖ്യം പുലർത്താറുള്ളതെങ്കിലും കോൺഗ്രസിനും ഐക്യമുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും സ്വാധീനമുള്ള പല പ്രദേശങ്ങളും മണ്ഡലത്തിലുള്ളതിനാൽ രണ്ടു മുന്നണികളും തമ്മിൽ കടുത്ത മത്സരം നടക്കുന്നതായിട്ടാണ് പല ഘട്ടങ്ങളിലും കണ്ടു വന്നത്.

ദ്വയാംഗ മണ്ഡലമായിരുന്ന വർക്കലയിൽ 1957- ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ കെ. ശിവദാസനും ടി. എ. മജീദും വിജയിച്ചപ്പോൾ 1960- ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ബാലകൃഷ്ണനും കോൺഗ്രസിലെ ഷംസുദ്ദീനും വിജയിച്ചു.

ഇടതുകോട്ട,
സുധാകര​ന്റെ
കണ്ണൂർ

1957- ൽ ജനറൽ വിഭാഗത്തിൽ വിജയിച്ച കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ടി എ മജീദ് ഇ എം എസ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 1967, 1970, 1977 വർഷങ്ങളിലും ടി എ മജീദ് (സി പി ഐ) വിജയിച്ചപ്പോൾ സിപിഎമ്മിലെ വർക്കല രാധാകൃഷ്ണനാണ് തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ (1980,1982, 1987,1991) വിജയിച്ചത്. 1987–91 കാലഘട്ടത്തിലെ നിയമസഭാ സ്‌പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തി. സിപിഎമ്മിലെ അലിഹസ്സൻ 1996- ൽ വിജയിച്ചതിനുശേഷം 2001 മുതൽ തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് പാർട്ടിയിലെ വർക്കല കഹാറാണ് വർക്കലയിൽ വിജയിച്ചത്. 2016, 2021- ൽ വിജയിച്ചത് സിപിഎമ്മിലെ വി ജോയിയാണ്. ഇത്തവണയും ജോയി ത​ന്നെയാണ് സ്ഥാനാർഥി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  വർക്കല മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വർക്കല മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

സമീപകാല തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്കും മണ്ഡലത്തിൽ വോട്ട് വർധിക്കുന്നുണ്ട്. ഇത് പരമ്പരാഗത മുന്നണികളുടെ വോട്ടുകൾ ഭിന്നിപ്പിക്കാനും ഇരുമുന്നണികളും പ്രതീക്ഷിക്കുന്ന വിജയത്തെ ബാധിക്കുന്നതുമായ പ്രധാന ഘടകമായി മാറാം.

2021-ൽ ആകെ പോൾ ചെയ്ത 135229 വോട്ടിൽ സി പി എമ്മിലെ വി ജോയ് 50.89 ശതമാനം വോട്ട് നേടി കോൺഗ്രസ്സിലെ ബി. ആർ. ബി. ബഷീറിനെ 17000 ലേറെ വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വർക്കല നഗരസഭയും ഇലകമൺ, ഇടവ ഗ്രാമ പഞ്ചായത്തുകളും ഇടതുമുന്നണിയും മടവൂർ, നാവായിക്കുളം, പള്ളിക്കൽ, ചെമ്മരുതി, വെട്ടൂർ ഗ്രാമപഞ്ചായത്തുകൾ ഐക്യ മുന്നണിയുമാണ് നേടിയത്. പ്രസ്തുത തിരഞ്ഞടുപ്പിലെ വോട്ട് പരിശോധിക്കുമ്പോൾ, യു.ഡി.എഫിനേക്കാൾ 4000 ലേറെ വോട്ടാണ് ഇടതുമുന്നണിക്ക്‌ ലഭിച്ചത്.

2021- ൽ 50 ശതമാനത്തിലേറെയുള്ള വോട്ടാണ് ഇടതുമുന്നണി നേടിയത്. അതോടൊപ്പം, 2016ലും 2021-ലും മണ്ഡലത്തിൽ ബി ജെ പി വോട്ടു വർധിക്കുകയും അതിനാനുപാതികമായി യു ഡി എഫ് വോട്ടു കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതുമുന്നണിക്ക് 2026- ലും വർക്കലയിൽ വിജയം നേടാനായേക്കാം.

2.ആറ്റിങ്ങൽ:
വർധിക്കുന്ന
ബി.ജെ.പി വോട്ട്

  • മൂന്നാംശക്തിയായി വളർന്നുവന്ന ബി ജെ പിയുടെ വോട്ടുവിഹിതമായിരിക്കും ജനവിധിയെ അന്തിമമായി നിർണയിക്കുക.

റ്റിങ്ങൽ പട്ടികജാതി സംവരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിക്കുമ്പോൾ, ഇടതു- കോൺഗ്രസ് മുന്നണികൾ മാറിമാറി വിജയിച്ച മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ.1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ ആറ്റിങ്ങൽ നഗരസഭയും, ചെറുന്നിയൂർ, കരവാരം, കിളിമാന്നൂർ , മണമ്പൂർ, നഗരൂർ, ഓട്ടൂർ, പഴയ കുന്നുമ്മേൽ, പുളിമത്, വക്കം ഗ്രാമപഞ്ചായത്തുകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.

1957- ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ആർ. പ്രകാശം വിജയിച്ചപ്പോൾ 1960- ൽ കോൺഗ്രസിലെ എൻ കുഞ്ഞുരാമനാണ് ജയിച്ചത്. സി പി എമ്മിലെ കെ പി കോസല രാമദാസ് (1967), കാട്ടായിക്കോണം ശ്രീധർ (1969 ഉപതെരഞ്ഞെടുപ്പ്), ആനത്തലവട്ടം ആനന്ദൻ (1987, 1996, 2006), ബി. സത്യൻ (2011, 2016), കോൺഗ്രസിലെ വക്കം പുരുഷോത്തമൻ (1970, 1977, 1980, 1982, 2001), പി. വിജയ ദാസ് (1985 ഉപതെരഞ്ഞെടുപ്പ്), ശരത് ചന്ദ്രപ്രസാദ് (1991) എന്നിവർ ആറ്റിങ്ങലിലെ മുൻ ജനപ്രതിനിധികളാണ്.

നക്സലൈറ്റ് മൂവ്മെന്റിനെതിരെ സർക്കാർ കടുത്ത അടിച്ചമർത്തൽ നടപടി സ്വീകരിക്കുന്ന ഘട്ടത്തിലാണ് സി പി എമ്മിലെ ആറ്റിങ്ങൽ എം എൽ എ കോസല രാമദാസ് നക്സലൈറ്റ് പ്രസ്ഥാനത്തോട് ഐക്യം പ്രകടിപ്പിച്ച് പാർട്ടി അംഗത്വവും എം എൽ എ സ്ഥാനവും രാജിവെച്ചത്. ഈ ഒഴിവിലേക്ക് 1969- ൽ നടന്ന ഉപ തിരെഞ്ഞെടുപ്പിലാണ് സി പി എമ്മിലെ കാട്ടായിക്കോണം ശ്രീധരൻ ആറ്റിങ്ങലിൽ നിന്ന് വിജയിച്ചത്.

ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമായ വക്കം സ്വദേശിയായ വക്കം പുരുഷോത്തമനാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ ദീഘകാലം ജനപ്രതിനിധിയായ പ്രധാന വ്യക്തികളിലൊരാൾ. 1970- ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ 1970-77 ലെ സി. അച്യുത മേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായി വിജയിച്ച വക്കം 1980-81 നായനാർ മന്ത്രിസഭയിൽ ആരോഗ്യ, ടൂറിസം മന്ത്രിയായും 1982-84 കാലഘട്ടത്തെ നിയമസഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു. 1984 ൽ ആലപ്പുഴയിൽ നിന്ന് ലോകസഭാംഗമായി വക്കം പുരുഷോത്തമൻ തെരഞ്ഞെടുത്തതിനെത്തുടർന്ന് ഒഴിവുവന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി വിജയദാസാണ് വിജയിച്ചത്.

വക്കം പുരുഷോത്തമൻ 1996- ൽ വീണ്ടും ആറ്റിങ്ങലിൽ മത്സരിച്ചെങ്കിലും സി പി എമ്മിലെ ആനത്തലവട്ടം ആനന്ദനോട് പരാജയപ്പെട്ടു. 2001-ൽ സി പി എമ്മിലെ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ആറ്റിങ്ങലിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വക്കം 2001 മുതൽ 2004 വരെ കേരള സ്‌പീക്കറായും 2004-06 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ-എക്‌സൈസ് മന്ത്രിയായും ചുമതല നിർവ്വഹിച്ചു .

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആറ്റിങ്ങൽ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആറ്റിങ്ങൽ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആറ്റിങ്ങലിൽ വിജയിച്ചത് സി പി എമ്മിലെ ഒ എസ് അംബികയാണ്. ആകെ പോൾ ചെയ്ത 147626 വോട്ടിൽ 47.35% വോട്ടു നേടി സി പി എമ്മിലെ ഒ എസ് അംബികയാണ് ജയിച്ചത്. 31,636 വോട്ടിന്റെ വ്യത്യാസത്തിലാണ് ബി ജെ പിയിലെ പി സുധീറിനെ (25.92% വോട്ട് ) പരാജയപ്പെടുത്തിയത്. യു ഡി എഫ് ഘടകക്ഷിയായ ആർ എസ് പിയിലെ എ. ശ്രീധരൻ 25.03 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.

അംബിക തന്നെയാണ് ഇത്തവണയും സി.പി.എം സ്ഥാനാർഥി. യു.ഡി.എഫിനുവേണ്ടി സന്തോഷ് ഭദ്രനും എൻ.ഡി.എയ്ക്കുവേണ്ടി അഡ്വ. പി. സുധീറുമാണ് മത്സരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നഗരസഭയിലും ഓട്ടൂർ, കരവാരം, കിളിമാന്നൂർ, നഗരൂർ, പഴയകുന്നുമ്മേൽ, പുളിമത്, വക്കം, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയും മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞടുപ്പിൽ ഐക്യ മുന്നണിയെക്കാൾ 6000 ലേറെ വോട്ട് ഇടതുമുന്നണിക്ക്‌ കൂടുതൽ ലഭിച്ചിട്ടുണ്ട്

സമീപകാല ലോകസഭ / നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി ജെ പിയുടെ വോട്ട് വലിയ തരത്തിൽ വർധിച്ച കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ് ആറ്റിങ്ങൽ. ഇതനുസരിച്ച് റിസൽട്ട് ഇടതുമുന്നണിക്ക് അനുകൂലമായി മാറുമെന്ന് വിശ്വസിക്കുന്ന ആറ്റിങ്ങലിലെ ജനവിധി അന്തിമമായി നിശ്ചയിക്കുന്നതിൽ പ്രധാന ഘടകം മൂന്നാംശക്തിയായി വളർന്നുവന്ന ബി ജെ പിയുടെ വോട്ടുവിഹിതമായിരിക്കുമെന്നതിൽ തർക്കമില്ല.

3. ചിറയിൻകീഴ്‌:
ഇടത് സാധ്യത

  • മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില പരിഗണിച്ചാൽ ചിറയിൻകീഴ് 2026 ലും ഇടതുമുന്നണിയോടൊപ്പമാകാനാണ് സാധ്യത.

2008 -ൽ നടന്ന മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ പ്രക്രിയക്കുശേഷം രൂപീകരിച്ചതാണ് ചിറയിൻകീഴ്. അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്‌, കടക്കാവൂർ, കിഴുവിലം, മുണ്ടക്കൽ, കഠിനംകുളം, മംഗലപുരം ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ .

മണ്ഡലരൂപീകരണത്തിനുശേഷമുള്ള മൂന്നു ​തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി സി പി ഐയുടെ വി.ശശിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഏതാണ്ട് 12000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മൂന്നു തവണയും വിജയിച്ചത്. മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ള ശക്തമായ സംഘടന അടിത്തറയും ജനപിന്തുണയും ഇത് വ്യക്തമാക്കുന്നു.

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

ഇത്തവണ മനോജ് ബി. ഇടമനയാണ് സി.പി.ഐ സ്ഥാനാർഥി. രമ്യ ഹരിദാസാണ് കോൺഗ്രസ് സ്ഥാനാർഥി.

2016- ൽ 14.08% വോട്ട് ലഭിച്ച ബി ജെ പി 2021ലെ ?തെരഞ്ഞെടുപ്പിൽ 21.36 ശതമാനമായി വോട്ട് വർധിപ്പിപ്പിച്ചു. ഇത് ഇരുമുന്നണികൾക്കും വെല്ലുവിളിയാണ്. ബി ജെ പി വളർന്നുവരുന്ന മണ്ഡലങ്ങളിലൊന്നായി ചിറയിൻകീഴ് മാറുകയാണ്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിറയിൻകീഴ്  മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിറയിൻകീഴ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിലെ ചിറയിൻകീഴ്‌, കടക്കാവൂർ, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും അഞ്ചുതെങ്, കഠിനംകുളം, കിഴുവിലം ഗ്രാമപഞ്ചായത്തുകളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. അഴൂർ, മുണ്ടക്കൽ ഗ്രാമപഞ്ചായത്തുകളിൽ ബിജെപിക്കാന് അധികാരം. പ്രസ്തുത തിരഞ്ഞടുപ്പിലെ കണക്ക് പ്രകാരം ഇടത് മുന്നണിയെക്കാൾ 1500 ലേറെ വോട്ട് ഐക്യ മുന്നണിക്ക്‌ കൂടുതലുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില പരിഗണിച്ചാൽ ചിറയിൻകീഴ് 2026 ലും ഇടതുമുന്നണിയോടൊപ്പമാകാനാണ് സാധ്യത. മാത്രമല്ല, രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കോലം കത്തിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇത് വോട്ടെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു.

4..നെടുമങ്ങാട്:
വർധിക്കുന്ന
ബി.ജെ.പി വോട്ട്

  • 2026-ലും നെടുമങ്ങാട് ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്.

1957- ൽ രൂപീകരിച്ച മണ്ഡലത്തിൽ നെടുമങ്ങാട് നഗരസഭയും മാണിക്കൽ, കരകുളം, അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലം. രൂപീകരണം മുതൽ സി പി ഐയും ഇടതുപക്ഷ മുന്നണിയും വിജയമാണ് ബഹുഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിലും വിജയിക്കുന്നത്.

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

പി എസ് പി യിലെ സോമശേഖരൻ നായരെയും കെ പി നടരാജ പിള്ളയെയും യഥാക്രമം 1957 ലും 1960 ലും പരാജയപ്പെടുത്തിയ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ എൻ നീലകണ്ഠർ പണ്ടാരത്തിലാണ് ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും നെടുമങ്ങാട് വിജയിച്ചത്. അതിനുശേഷം സി പി ഐ നേതാക്കളായ കെ ജി കുഞ്ഞുകൃഷ്ണപിള്ള (1967,1970), കണിയാപുരം രാമചന്ദ്രൻ (1977) , കെ വി സുരേന്ദ്രനാഥ്‌(1980 ,1982,1987), മാങ്കോട് രാധാകൃഷ്ണൻ (2001 2006), സി ദിവാകരൻ (2016) എന്നിവരും വിവിധ കാലയളവിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോൺഗ്രസിലെ പാലോട് രവി 1991,1996, 2011 വർഷങ്ങളിൽ വിജയിച്ചപ്പോഴാണ് നെടുമങ്ങാട് ഇടതുപക്ഷം മൂന്നുതവണ പരാജയപ്പെട്ടത്. 2021- ൽ സി പി ഐ യുടെ ജി.ആർ. അനിലാണ് വിജയിച്ചത്. ഇത്തവണയും അദ്ദേഹം തന്നെയാണ് സി.പി.ഐ സ്ഥാനാർഥി.

യുവരാജ് ഗോകുലാണ് എൻ.ഡി.എ സ്ഥാനാർഥി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നെടുമങ്ങാട്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നെടുമങ്ങാട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ 23,309 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി ഐയുടെ ജി.ആർ. അനിൽ വിജയിച്ചത്. ആകെ പോൾ ചെയ്ത 153002 വോട്ടിൽ അനിൽ 47.54 ശതമാനം വോട്ട് നേടി കോൺഗ്രസിലെ പി എസ് പ്രശാന്തിനെയാണ് പരാജയപ്പെടുത്തിയത്. 2011 ലെ തെരഞ്ഞെടുപ്പിൽ കേവലം 4.80 ശതമാനം വോട്ട് നേടിയ ബി ജെ പി 2016 ൽ ബി ജെ പി നേതാവ് വി വി രാജേഷിലൂടെ 23.22 ശതമാനത്തേക്കും 2021 ൽ ജെ ആർ പദ്‌മകുമാറിലൂടെ 17.56 ശതമാനത്തേക്കുമാണ് വോട്ടു വർധിപ്പിച്ചത്.

2025- ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിലും മാണിക്കൽ, പോത്തൻകോട്, വെമ്പായം, കരകുളം ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തെരഞ്ഞടുപ്പിലെ കണക്ക് പ്രകാരം ഐക്യ മുന്നണിയെക്കാൾ 11000 - ലേറെ വോട്ട് ഇടത്‌ മുന്നണിക്ക്‌ കൂടുതലുണ്ട്.
2026ലും നെടുമങ്ങാട് ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്.

5.വാമനപുരം:
ഇടതുപ്രതീക്ഷ

  • ഏഴു ശതമാനത്തിനടുത്ത് വോട്ട് എൽ ഡി എഫിന് അധികമായി മിക്ക തെരഞ്ഞെടുപ്പുകളിലും ലഭിക്കുന്നത് പരിഗണിച്ചാൽ വാമനപുരം 2026- ലും ഇടതുമുന്നണിയോടൊപ്പമാകാനാണ് കൂടുതൽ സാധ്യത.

വാമനപുരം മണ്ഡലം 1967- ലാണ് രൂപീകരിച്ചത്. നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്നിയോട്, പനവൂർ, പാങ്ങോട്, പെരിങ്ങമല ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ളതും കർഷകരുടെയും തൊഴിലാളികളുടെയും സംഘടന സംവിധാനം ശക്തവുമായ മണ്ഡലത്തിൽ ഇടതുപക്ഷമാണ് മണ്ഡലരൂപീകരണം മുതൽ മേധാവിത്യം പുലർത്തിവരുന്നത്.

സി പി എമ്മിലെ എൻ. വാസുദേവൻ പിള്ള (1967,1977), കോലിയക്കോട് കൃഷ്ണൻ നായർ (1980,1982,1987,1991, 2011) പിരപ്പൻകോട് മുരളി ( 1996,2001 ) ജെ അരുന്ധതി (2006) എന്നിവർ വിജയിച്ച മണ്ഡലത്തിൽ 1970- ൽ കോൺഗ്രസിലെ എം. കുഞ്ഞുകൃഷ്ണ പിള്ള ജയിച്ചപ്പോഴാണ് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

ഏറ്റവും കൂടുതൽ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് പ്രമുഖ സഹകാരിയായിരുന്ന കോലിയക്കോട് കൃഷ്ണൻ നായരാണ്. 21 വർഷക്കാലമാണ് അദ്ദേഹം വാമനപുരത്തെ പ്രതിനിധീകരിച്ചത്. 2016 ലും 2021 ലും സി പി എമ്മിലെ ഡി കെ മുരളിയാണ് മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണയും മുരളി തന്നെയാണ് സി.പി.എം സ്ഥാനാർഥി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  വാമനപുരം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വാമനപുരം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ഇടതുമുന്നണിയിലെ ഡി.കെ. മുരളി 10,242 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021- ൽ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ആനന്ദ് ജയനെയാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 146525 വോട്ടിൽ ഡി കെ മുരളിക്ക് 49.91 ശതമാനം വോട്ടും ആനന്ദ് ജയന് 42.92 ശതമാനം വോട്ടും ബിജെപിമുന്നണിയിലെ ബിഡിജെഎസ് സ്ഥാനാർഥി താഴവ സഹദേവന് 3.82 ശതമാനം വോട്ടുമാണ് ലഭിച്ചത്. ജില്ലയിലെ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബി ജെ പിക്ക് കുറഞ്ഞ വോട്ട് ലഭിച്ച മണ്ഡലമാണ് വാമനപുരം.

തദ്ദേശ തെരഞ്ഞെടുപ്പിൽ നെല്ലനാട്, ആനാട്, പനവൂർ, നന്നിയോട് ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും കല്ലറ, വാമനപുരം, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ എന്നിവിടങ്ങളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. ഇടതു മുന്നണിയെക്കാൾ 1000- ലേറെ വോട്ട് യു.ഡി.എഫിനുണ്ട്.

വോട്ടുനില സൂചിപ്പിക്കുന്നത്, വാമനപുരം മണ്ഡലത്തിൽ ഏതാണ്ട് ​ഏഴു ശതമാനത്തിനടുത്ത് വോട്ട് എൽ ഡി എഫിന് അധികമായി മിക്ക തെരഞ്ഞെടുപ്പുകളിലും ലഭിക്കുന്നുണ്ടെന്നാണ്. ഇത് പരിഗണിച്ചാൽ വാമനപുരം 2026- ലും ഇടതുമുന്നണിയോടൊപ്പമാകാനാണ് കൂടുതൽ സാധ്യത.

6. കഴക്കൂട്ടം:
സാധ്യത ആർക്ക്?

  • ഇടതുമുന്നണി 10 ശതമാനത്തിൽ കൂടുതൽ വോട്ട് അധികം നേടുന്ന സ്ഥിതിയാണ് 2016- ലും 2021- ലും.

1967- ൽ പ്രാബല്യത്തിൽ വന്ന കഴക്കൂട്ടം മണ്ഡലത്തിൽ കോർപ്പറേഷന്റെ ഭാഗമായ കഴക്കൂട്ടം, ശ്രീകാര്യം തുടങ്ങിയ മുൻ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളാണുള്ളത്.

ആദ്യ കാല തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരുന്നു മുൻതൂക്കം. മുസ്ലിം ലീഗിലെ എം ഹക്കിംജി സാഹിബ് (1967), എസ് എസ് പിയിലെ പി നീലകണ്ഠൻ (1970), കോൺഗ്രസിലെ തലേക്കുന്നിൽ ബഷീർ (1977) എന്നിവർ ആദ്യകാല ജനപ്രതിനിധികളാണ്. 1977- ൽ കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചപ്പോൾ മുഖ്യമന്ത്രിയായ എ കെ ആൻ്റണിക്ക് നിയമസഭാംഗമാകുന്നതിന് തലേക്കുന്നിൽ ബഷീർ എം എൽ എ സ്ഥാനം രാജിവെച്ചു. 1977-ലെ ഈ ഉപതെരഞ്ഞെടുപ്പിൽ ആൻ്റണി ജയിച്ചു. എം എം ഹസ്സനും (1980,1982) സി പി എം വിട്ട് സി എം പി രൂപീകരിച്ച എം വി രാഘവനും (1991) കഴക്കൂട്ടത്ത് വിജയിച്ചവരാണ്. 1991- ൽ എം.എൽ.എയായപ്പോഴാണ് എം.വി. രാഘവൻ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായത്. കോൺഗ്രസിലെ എം എ വാഹിദായിരുന്നു 2001, 2006, 2011 കാലത്ത് എം.എൽ.എ.

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

ഇടതുപിന്തുണയോടെ 1987-ൽ നബീസ ഉമ്മാൾ വിജയിച്ചപ്പോഴാണ് കഴക്കൂട്ടത്ത് ഇടതുമുന്നണിയുടെ ആദ്യ ജയമുണ്ടായത്. അതിനുശേഷം സി പി എം നേതാവ് കടകംപളളി സുരേന്ദ്രൻ 1996, 2016, 2021 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. ഇത്തവണയും അദ്ദേഹം തന്നെയാണ് സി.പി.എം സ്ഥാനാർഥി. വി. മുരളീധരനാണ് എൻ.ഡി.എ സ്ഥാനാർഥി.

രണ്ടു മുന്നണികൾക്കും ഒരേപോലെ വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലങ്ങളിലൊന്നായ കഴക്കൂട്ടം സമീപകാലത്ത് ഇടതുപക്ഷത്തിനോടാണ് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നത്. എന്നാൽ ബി ജെ പി സ്വാധീനം ഗണ്യമായി വർധിച്ചുവരുന്നതും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. 30 ശതമാനത്തിലേറെ വോട്ടു നേടി ബി ജെ പിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കഴക്കൂട്ടം  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കഴക്കൂട്ടം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ൽ 23,497 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയിലെ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കടകംപള്ളി സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 138325 വോട്ടിൽ കടകംപള്ളി സുരേന്ദ്രൻ 46.04 % വോട്ടാണ് നേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പിയാണ് അധികാരത്തിലെത്തിയതെങ്കിലും ഇടതു മുന്നണിക്ക് 2000-ലേറെ വോട്ടിന്റെ മേൽക്കൈയുണ്ട്.

2006- മുതൽ എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള വോട്ടുവ്യത്യാസം നേരിയതായിരുന്നെങ്കിലും 2016- ലും 2021- ലും ബി ജെ പിയുടെ ശക്തി വർധിച്ചതോടെ ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം വർധിക്കുന്ന സാഹചര്യമുണ്ടായി. ഇടതുമുന്നണി 10 ശതമാനത്തിൽ കൂടുതൽ വോട്ട് അധികം നേടുന്ന സ്ഥിതിയാണ് 2016 ലും 2021 ലും. ഈ പശ്ചാത്തലത്തിൽ 2026- ലും ഇടതുമുന്നണി വിജയിക്കാനാണ് സാധ്യത.

7.വട്ടിയൂർക്കാവിലെ
ബി.ജെ.പി സ്വപ്നങ്ങൾ

  • ശക്തമായ ത്രികോണമത്സരത്തിൽ മൂന്ന് മുന്നണികളും ഒരേപോലെ ജയം പ്രതീക്ഷിക്കുന്നുണ്ട്.

1957- മുതൽ 1970 വരെ തിരുവനന്തപുരം- 2 എന്നും 2006 വരെ തിരുവനന്തപുരം നോർത്തെന്നും അറിയപ്പെട്ട വട്ടിയൂർക്കാവ് 2011-ലാണ് നിലവിൽ വന്നത്. തിരുവനന്തപുരം കോർപറേഷനിലെ വാർഡുകൾ ഉൾപ്പെട്ടതാണ് മണ്ഡലം.

പഴയ മണ്ഡലമായ തിരുവനന്തപുരം-2 മണ്ഡലത്തിൽ 1957- ലും 1960- ലും വിജയിച്ചത് പി എസ് പി യിലെ പട്ടം എം. താണുപിള്ളയാണ്. കേരളത്തിലെ രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രിയായ അദ്ദേഹം പഞ്ചാബ് ഗവർണറായി നിയമിതനായപ്പോൾ രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റു പാർട്ടിയിലെ കെ. അനിരുദ്ധൻ വിജയിച്ചത്.

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ കോൺഗ്രസിലെ കെ രവീന്ദ്രൻ നായർ (1977), ജി. കാർത്തികേയൻ (1982), കെ. മോഹൻകുമാർ (2001) എന്നിവർ ഐക്യമുന്നണിയുടെയും സി പി എമ്മിലെ കെ. അനിരുദ്ധൻ (1980), എം. വിജയകുമാർ (1987, 1991, 1996, 2006) എന്നിവർ ഇടതുമുന്നണിയുടെയും പാനലിൽ വിജയിച്ചവരാണ്.

വട്ടിയൂർക്കാവ് രൂപീകരിച്ചതിനുശേഷം 2011, 2016 വർഷങ്ങളിൽ കോൺഗ്രസിലെ കെ. മുരളീധരനാണ് വിജയിച്ചത്. 2019- ൽ മുരളീധരൻ വടകരയിൽ നിന്ന് ലോകസഭാംഗമായപ്പോൾ രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മേയറായിരുന്ന വി കെ പ്രശാന്തിനായിരുന്നു ജയം. 2021- ലും പ്രശാന്ത് വിജയിച്ചു. ബി ജെ പിയുടെ വോട്ടുവിഹിതം 2011 ൽ 12 ശതമാനമായിരുന്നെങ്കിൽ 2016- ൽ 32 ശതമാനവും 2021- ൽ 28.80 ശതമാനമായും വർദ്ധിച്ചു. അതുകൊണ്ടുതന്നെ തങ്ങൾക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമായാണ് ബി.ജെ.പി വട്ടിയൂർക്കാവിനെ പരിഗണിക്കുന്നത്.

2021- ൽ ആകെ പോൾ ചെയ്ത 137636 വോട്ടിൽ വി കെ പ്രശാന്ത് 44.40% വോട്ടു നേടിയപ്പോൾ ബി ജെ പിയിലെ വി വി രാജേഷ് 28.80% വോട്ടാണ് നേടിയത്. 25.75% വോട്ട് ലഭിച്ച കോൺഗ്രസിലെ വീണ എസ്. നായർ മൂന്നാം സ്ഥാനത്തായി. കോൺഗ്രസും ബി ജെ പിയും ഏതാണ്ട് 25- 30 ശതമാനത്തിനിടയിൽ വോട്ട് സമാഹരിച്ച 2021-ൽ, മേൽക്കൈ നേടാനായതിനാലാണ് ഇടതുമുന്നണി ജയിച്ചുകയറിയത്. ഇത്തവണയും വി.കെ. പ്രശാന്ത് തന്നെയാണ് സി.പി.എം സ്ഥാനാർഥി. ശക്തമായ ത്രികോണമത്സരത്തിൽ മൂന്ന് മുന്നണികളും ഒരേപോലെ ജയം പ്രതീക്ഷിക്കുന്നുണ്ട്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ്- യു ഡി എഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ്- യു ഡി എഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 3000-ലേറെ വോട്ടിന്റെ മേൽക്കൈയുണ്ട്. 2026- ൽ ബി ജെ പി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. അതിനുള്ള പ്രധാന കാരണം തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ ലഭിച്ച മേധാവിത്വമാണ്. എന്നാൽ, സിറ്റിങ് എം.എൽ.എ വി കെ പ്രശാന്തിനുള്ള സ്വീകാര്യതയെ മറികടക്കൽ എളുപ്പമാവില്ല.

8. തിരുവനന്തപുരം:
സ്ഥാനാർഥി പ്രതിസന്ധികൾ

  • സി.പി. ജോണിന്റെ സ്ഥാനാർഥിത്വത്തോടെ, തിരുവനന്തപുരം മണ്ഡലം ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. മാത്രമല്ല, യു.ഡി.എഫിന് വിജയപ്രതീക്ഷയുമുണ്ട്.

1957 മുതൽ 1970 വരെ തിരുവനന്തപുരം-1 നിയമസഭാ മണ്ഡലമെന്നും 1977 മുതൽ 2006 വരെ തിരുവനന്തപുരം വെസ്റ്റ് നിയമസഭാ മണ്ഡലമെന്നും അറിയപ്പെട്ട മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2008-ൽ തിരുവനന്തപുരം നിയമസഭാ മണ്ഡലം സ്ഥാപിതമായത്. കോർപറേഷനിലെ വാർഡുകളാണ് 2011ൽ രൂപീകരിച്ച തിരുവനന്തപുരം മണ്ഡലത്തിലുള്ളത്.

മുഖ്യ പാർട്ടികൾ അപൂർവമായി മാത്രമാണ് പഴയ തിരുവനന്തപുരം-I / തിരുവനന്തപുരം വെസ്റ്റ് മണ്ഡലങ്ങളിൽ വിജയിച്ചിരുന്നത്. പി എസ് പി, എസ് എസ് പി, ആർ എസ് പി, മുസ്ലിം ലീഗ്, സി എം പി, കേരള കോൺഗ്രസ്, ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ഇവിടെ ജയിക്കാറ്.

1987,1991 വർഷങ്ങളിൽ ജയിച്ച എം. എം. ഹസ്സൻ മാത്രമാണ് ജയിച്ച കോൺഗ്രസ് ജനപ്രതിനിധി. ആർ എസ്‌ പിയിലെ കെ പങ്കജാക്ഷൻ (1977), മുസ്ലിം ലീഗിലെ കെ മുഹമ്മദ് കണ്ണ് (1980,1982), കേരള കോൺഗ്രസിലെ ആൻ്റണി രാജു (1996), വി സുരേന്ദ്രൻ പിള്ള (2006), സി എം പിയിലെ എം വി രാഘവൻ (2001) എന്നിവർ വിജയിച്ച മണ്ഡലത്തിൽ സി പി എം, സി പി ഐ പ്രതിനിധികളാരും വിജയിച്ചിട്ടില്ല.

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

തീരദേശമേഖല ഉൾപ്പെട്ട മണ്ഡലത്തിലെ ജനവിധിയെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ജാതി - മത ഘടകങ്ങളാണ്. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ വി എസ് ശിവകുമാറാണ് വിജയിച്ചത്. 2011-16 കാലഘട്ടത്തിലെ കോൺഗ്രസ് മന്ത്രിസഭയിൽ അദ്ദേഹം ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.

2021-ൽ ഇടതുമുന്നണി ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജു വി.എസ്. ശിവകുമാറിനെയാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 128236 വോട്ടിൽ ആൻ്റണി രാജു 38.01% വോട്ടും വി എസ് ശിവകുമാർ 32.49% വോട്ടും നേടിയപ്പോൾ ബി ജെ പിയിലെ ജി കൃഷ്ണകുമാർ 27.29% വോട്ടാണ് നേടിയത്. എൽ ഡി എഫിനും യു ഡി എഫിനും മണ്ഡലത്തിലുള്ള സ്വാധീനത്തിന് സമാനമായി ബി ജെ പിക്കും ജനപിന്തുണയുള്ള മണ്ഡലമാണിതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഉൾപ്പെട്ട കോർപറേഷനിൽ ബി ജെ പി അധികാരത്തിലെത്തിയെങ്കിലും വാർഡുകളിൽ ഇടതുമുന്നണിക്കായിരുന്നു മുൻതൂക്കം. ഇടതുമുന്നണിക്ക് 6000- ലേറെ വോട്ടിന്റെ മേൽക്കൈയുണ്ട്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ   തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

സി.പി. ജോണിന്റെ സ്ഥാനാർഥിത്വത്തോടെ, തിരുവനന്തപുരം മണ്ഡലം ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. മാത്രമല്ല, യു.ഡി.എഫിന് വിജയപ്രതീക്ഷയുമുണ്ട്. തുടക്കത്തിൽ ജോണിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വി.എസ്. ശിവകുമാറിന്റെയും കോൺഗ്രസ് പ്രവർത്തകരുടെയും ​എതിർപ്പുണ്ടായിരുന്നുവെങ്കിലും അത് നീണ്ടുനിൽക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. അതേസമയം, എൽ.ഡി.എഫിന് സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയാത്തത്, തുടക്കത്തിലേ മുന്നണിക്ക് കല്ലുകടിയായിട്ടുമുണ്ട്.

9.നേമം:
തുടരുമോ
ശിവൻകുട്ടി?

  • മൂന്നു മുന്നണികളുടെയും സ്ഥാർത്ഥികൾക്ക്‌ മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെയും യു ഡി എഫ് നേടുന്ന വോട്ടിനെയും അടിസ്ഥാനത്തിലായിരിക്കും 2026 ലെ നേമത്തെ വിജയം.

കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 1977 മുതൽ 2006 വരെ പ്രാബല്യത്തിലുണ്ടായിരുന്ന തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലെയും പഴയ നേമം മണ്ഡലത്തിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നേമം മണ്ഡലം നിലവിൽവന്നത്.

1977- ൽ നിലവിൽവന്ന തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ എൻ ഡി പിയിലെ പി. നാരായണൻ നായർ (1977), സി എസ് നീലകണ്ഠൻ നായർ (1980), കോൺഗ്രസ്- എസിലെ കെ. ശങ്കര നാരായണ പിള്ള (1982,1987), കോൺഗ്രസിലെ ബി വിജയകുമാർ (1991,1996,2001), സി പി എമ്മിലെ വി ശിവൻകുട്ടി (2006) എന്നിവർ വിവിധ കാലങ്ങളിൽ വിജയിച്ചവരാണ്.

1957- ൽ നിലവിൽ വന്ന നേമം മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ എം സദാശിവൻ (1957,1967), പി എസ് പിയിലെ പി വിശ്വംഭരൻ (1960), ജി കുട്ടപ്പൻ (1970), കോൺഗ്രസിലെ എസ് വരദരാജൻ നായർ (1977), ഇ രമേശൻ നായർ (1980), കെ കരുണാകരൻ (1982), എൻ ശക്തൻ (2001, 2006), സി പി എമ്മിലെ വി ജെ തങ്കപ്പൻ (1987,1991), വെങ്ങാന്നൂർ ഭാസ്കരൻ (1996) എന്നിവരാണ് 2006 വരെ വിജയിച്ചവർ.

അതിർത്തി പുനർനിശ്ചയച്ചതിനുശേഷം 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ സി പി എമ്മിലെ വി ശിവൻകുട്ടി (2011, 2021), ബി ജെ പിയിലെ ഒ. രാജഗോപാൽ (2016) എന്നിവർ വിജയിച്ചു. ഇത്തവണയും ശിവൻകുട്ടിയാണ് സി.പി.എം സ്ഥാനാർഥി.

കേരളത്തിൽ ബി ജെ പി ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. മുഖ്യ പാർട്ടിയുടെ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനുപകരം ഘടകക്ഷികളുടെ ദുർബലനായ സ്ഥാർത്ഥിയെ യു.ഡി.എഫ് മത്സരിപ്പിച്ചതിലൂടെയുണ്ടായ സാഹചര്യം അനുകൂലമാക്കിയാണ് 2016- ൽ ഒ രാജഗോപാൽ, ബി.ജെ.പിക്കുവേണ്ടി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്. യു.ഡി.എഫ് ഘടകകക്ഷി സ്ഥാനാർഥിയായ വി സുരേന്ദ്രൻ പിള്ളയ്ക്ക് 9.70 ശതമാനം വോട്ടു മാത്രമാണുണ്ടായിരുന്നത്. യു.ഡി.എഫിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ബി.ജെ.പിക്ക് പിടിച്ചതുമൂലമാണ് രാജഗോപാലിന് 47.46% വോട്ട് ലഭിച്ചത്. വി ശിവൻകുട്ടിക്ക് 41.39% വോട്ടാണ് 2016- ൽ ലഭിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നേമം  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നേമം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ വി ശിവൻകുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി നേമം ഇടതുപക്ഷത്തിന് അനുകൂലമാക്കി. 2016ൽ ഐക്യമുന്നണിക്ക് നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകൾ കോൺഗ്രസ്സിലെ കെ മുരളീധരന് ലഭിച്ചുവെന്നാണ് 2021 ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കെ മുരളീധരന് 25 ശതമാനം വോട്ടും ബിജെപിയിലെ കുമ്മനം രാജശേഖരന് 35 .54 ശതമാനം വോട്ടുമാണ് ലഭിച്ചത്. വിജയിച്ച വി ശിവൻ കുട്ടിക്ക് 38 .24 ശതമാനം വോട്ടാണ് ലഭിച്ചത്.

2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് ലഭിച്ചത്.

നേമം മണ്ഡലം ഇടതു മുന്നണിക്കും ബിജെപിക്കും ഒരേപോലെ സാധ്യതയുള്ള മണ്ഡലമാണെന്നാണ് 2011 മുതലുള്ള തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ മൂന്നു മുന്നണികളുടെയും സ്ഥാർത്ഥികൾക്ക്‌ മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെയും യുഡിഎഫ് നേടുന്ന വോട്ടിനെയും അടിസ്ഥാനത്തിലായിരിക്കും 2026 ലെ നേമത്തെ വിജയം എന്നുളളതാണ് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന ഏക കാര്യം.

10. അരുവിക്കര:
കോൺഗ്രസ് പ്രതീക്ഷയും
പ്രതിസന്ധിയും

  • യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ വിജയ സാധ്യതയുള്ള മണ്ഡലം.

തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ മേഖലയിലെ അരുവിക്കര മണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകളായ അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, ഉഴമലയ്ക്കൽ, വെള്ളനാട് , കുറ്റിച്ചൽ , പൂവച്ചൽ എന്നീ പ്രദേശങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 2008 ലെ ഡീലിമിറ്റേഷൻ പ്രക്രിയക്കുശേഷമാണ് 1967 മുതൽ 2006 വരെ ഉണ്ടായിരുന്ന ആര്യനാട് മണ്ഡലം റദ്ദാവുകയും പുതുതായി അരുവിക്കര മണ്ഡലം രൂപീകരിക്കുകയും ചെയ്തത്. എസ് എസ് പിയിലെ എം മജീദ് (1967), സോമശേഖരൻ നായർ (1970), ആർ എസ്‌പിയിലെ കെ സി വാമദേവൻ (1977), കോൺഗ്രസ്സിലെ ജി കാർത്തികേയൻ (1991 മുതൽ 2011 വരെ) എന്നിവരാണ് പഴയ ആര്യനാട് മണ്ഡലത്തിലെ ജനപ്രതിനിധികൾ.

2011 മുതൽ പ്രാബല്യത്തിൽ വന്ന അരുവിക്കരയിൽ ജി. കാർത്തികേയനാണ് 2011- ൽ വിജയിച്ചത്. 2015 മാർച്ചിൽ അദ്ദേഹം മരിച്ചപ്പോൾ നടന്ന ഉപ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കെ എസ് ശബരീനാഥ് അരുവിക്കരയിൽ വിജയിച്ചു. 2016 ലും ശബരീനാഥ് വിജയം ആവർത്തിച്ചെങ്കിലും 2021 ൽ സിപിഎമ്മിലെ ജി സ്റ്റീഫനോട് പരാജയപ്പെട്ടു.

2021-ൽ ആകെ പോൾ ചെയ്ത 145708 വോട്ടിൽ 45. 83% വോട്ട് നേടിയ ജി സ്റ്റീഫൻ 5046 വോട്ടിന്റെ വ്യത്യാസത്തിലാണ് ശബരീനാഥിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും ജി. സ്റ്റീഫനാണ് സി.പി.എം സ്ഥാനാർഥി. വി.എസ്. ശിവകുമാർ, ശബരീനാഥ് എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ അരുവിക്കര, ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട്, വിതുര ഗ്രാമ പഞ്ചായത്തുകളിൽ ഇടതുമുന്നണിയും തൊളിക്കോട്, കുറ്റിച്ചൽ, പൂവച്ചൽ എന്നിവിടങ്ങളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തെരഞ്ഞടുപ്പിലെ കണക്ക് പ്രകാരം 2000 ലേറെ വോട്ട് ഐക്യമുന്നണിക്ക്‌ കൂടുതലുണ്ട്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അരുവിക്കര  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അരുവിക്കര മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ഇരു മുന്നണികൾക്കും ഒരുപോലെ വിജയ സാധ്യതയുള്ള മണ്ഡലമാണിത്. വി.എസ്. ശിവകുമാർ അരുവിക്കരയിൽ മത്സരിക്കാൻ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.

11.പാറശ്ശാല:
എൽ.ഡി.എഫ് പ്രതീക്ഷ

  • പാറശ്ശാല ഒരു മുന്നണിക്കും സ്ഥിരമായി ആധിപത്യം നൽകാത്ത മണ്ഡലമാണ്. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി വിജയിച്ചിട്ടുണ്ട്.

ജില്ലയുടെ തെക്കേ അറ്റത്ത് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാ മണ്ഡലമാണ് പാറശ്ശാല. 1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അമ്പൂരി, ആര്യൻകോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖര മംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട ഗ്രാമപഞ്ചായത്തുകളാണ്.

പാറശ്ശാല ഒരു മുന്നണിക്കും സ്ഥിരമായി ആധിപത്യം നൽകാത്ത മണ്ഡലമാണ്. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി വിജയിച്ചിട്ടുണ്ട്. കോൺഗ്രസിലെ എം കുഞ്ഞികൃഷ്ണൻ നാടാർ (1957,1960,1977), എൻ. ഗമാലിൽ (1967), എൻ. സുന്ദരൻ നാടാർ (1980, 1982, 1996, 2001), എം രഘുചന്ദ്രബാൽ (1991), എ ടി ജോർജ് (2011), സിപിഎമ്മിലെ എം. സത്യനേശൻ (1970, 1979*, 1987), ആർ സെൽവരാജ് (2006) എന്നിവരാണ് മുൻകാല ജനപ്രതിനിധികൾ.

ആദ്യ രണ്ടു സഭകളിലും അഞ്ചാം നിയമസഭയിലും പാറശ്ശാലയെ പ്രതിനിധീകരിച്ച എം. കുഞ്ഞുകൃഷ്ണൻ നാടാർ 1978 ആഗസ്റ്റു 15 ന് നിയമസഭാംഗമായിരിക്കെയാണ് മരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് പാറശാലയിലെ മുൻ എംഎൽഎ കൂടിയായ സി പി എമ്മിലെ എം സത്യനേശനായിരുന്നു.

ഏറ്റവും കൂടുതൽ കാലം മണ്ഡലത്തിൽ ജനപ്രതിനിധിയായത് മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എൻ. സുന്ദരൻ നാടാരാണ്. 1980, 1982, 2001 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1996- ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വാതന്ത്രനായുമാണ് അദ്ദേഹം മത്സരിച്ചത്. 1996-ൽ ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർഥി എം രഘുചന്ദ്രബാലിനെയാണ് അദ്ദേഹം തോൽപിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പാറശ്ശാല  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പാറശ്ശാല മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2016 ലും 2021 ലും സി പി എമ്മിലെ സി കെ ഹരീന്ദ്രനാണ് വിജയിച്ചത്. 2021- ലെ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 163090 വോട്ടിൽ സി കെ ഹരീന്ദ്രൻ 48.16 ശതമാനം വോട്ടു നേടി യു ഡി എഫിലെ അൻസജിതാ റസ്സലിനെ 25828 വോട്ടിനാണ് തോൽപ്പിച്ചത്. 2016 ലും 2021 ലും ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച കരമന ജയൻ 20 ശതമാനത്തിനടുത്ത് വോട്ടുകളാണ് നേടിയത്. ഇത്തവണയും സി.കെ. ഹരീന്ദ്രനാണ് സി.പി.എം സ്ഥാനാർഥി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യൻകോട്, ഒറ്റശേഖരമംഗലം,കള്ളിക്കാട്, വെള്ളറട, കൊല്ലയിൽ, കുന്നത്തകാൽ ഗ്രാമ പഞ്ചായത്തുകളിൽ ഇടതുമുന്നണിയും പാറശ്ശാല, അമ്പൂരി, പെരുങ്കടവിള എന്നിവിടങ്ങളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞടുപ്പിലെ കണക്ക് പ്രകാരം 8000 ലേറെ വോട്ട് ഇടതുമുന്നണിക്ക്‌ കൂടുതലുണ്ട്.

12.കാട്ടാക്കട:
സി.പി.എം പ്രതീക്ഷ

  • തദ്ദേശ തെരഞ്ഞെടുപ്പിൽ 6000 ലേറെ വോട്ട് ഇടതുമുന്നണിക്ക്‌ കാട്ടാക്കടയിൽ കൂടുതലായി ലഭിച്ചിട്ടുണ്ട്.

ജില്ലയിലെ കിഴക്കൻ മേഖലയിലെ കാട്ടാക്കട 2008- ലെ അതിർത്തി പുനർനിർണയ പ്രക്രിയയിലൂടെ പുതുതായി രൂപീകരിച്ച മണ്ഡലമാണ്. മലയൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

2011- ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ ശക്തൻ വിജയിച്ചെങ്കിലും പിന്നീട് രണ്ടു തിരഞ്ഞെടുപ്പുകളിലും സി പി എമ്മിലെ ഐ ബി സതീഷാണ് ജയിച്ചത്.

2021-ൽ ആകെ പോൾ ചെയ്തത് 145619 വോട്ടാണ്. എൽ ഡി എഫിലെ ഐ ബി സതീഷ് 45.52% വോട്ട് നേടി കോൺഗ്രസിലെ മലയൻകീഴ് വേണുഗോപാലനെ 23231 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബി ജെ പിയാകട്ടെ 23.72% വോട്ടും നേടി. 2021 ൽ പി കെ കൃഷ്ണദാസായിരുന്നു ബി ജെ പി സ്ഥാനാർത്ഥി. 2011ലും 2016 ലും യഥാക്രമം 19.20, 26.90 ശതമാനം വീതം വോട്ടാണ് ബി ജെ പി നേടിയത്. ഇത്തവണയും ഐ.ബി. സതീഷാണ് സി.പി.എം സ്ഥാനാർഥി.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കാട്ടാക്കട മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കാട്ടാക്കട മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ കാട്ടാക്കട, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും മലയൻകീഴ് പഞ്ചായത്തിൽ ഐക്യ മുന്നണിയും ഭൂരിപക്ഷം നേടി. മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിൽ ബി ജെ പിക്കായിരുന്നു ഭൂരിപക്ഷം. 6000 ലേറെ വോട്ട് ഇടതുമുന്നണിക്ക്‌ കാട്ടാക്കടയിൽ കൂടുതലായി ലഭിച്ചിട്ടുണ്ട്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാട്ടാക്കട  മണ്ഡലത്തിൽ എൽഡിഎഫ്- യു ഡി എഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാട്ടാക്കട മണ്ഡലത്തിൽ എൽഡിഎഫ്- യു ഡി എഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

13. കോവളം:
കോൺഗ്രസ് ഉറപ്പ്

  • 1967 മുതൽ സി പി എം / സി പി ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാത്ത കോവളത്ത് സമീപകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണ് മുൻ‌തൂക്കം.

കോവളം നിയമസഭാ മണ്ഡലം 1967- ലാണ് നിലവിൽവന്നത്. ബാലരാമപുരം, കല്ലിയൂർ, വെങ്ങാന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ ഗ്രാമപഞ്ചായത്തുകളാണുള്ളത്. തീരദേശ മേഖലയിലെ വോട്ടർമാരും നാടാർ സമുദായവും പ്രധാന സ്വാധീനഘടകങ്ങളാണ്.

സോഷ്യലിസ്റ്റു പാർട്ടി പിന്തുണയോടെ കമാലിയാസ് മൊറായിസ് (1967), കുഞ്ഞുകൃഷ്ണൻ നാടാർ (1970) എന്നിവർ ആദ്യകാല ജനപ്രതിനിധികളായി. കേരള കോൺഗ്രസിസ് നേതാവായിരുന്ന ശക്തൻ നാടാരാണ് 1977-ൽ കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി കോവളത്ത് മത്സരിച്ചത്‌. എന്നാൽ നീലലോഹിതദാസ് നാടാറാണ് അന്ന് ജയിച്ചത്. 1980- ലാണ് എം ആർ രഘുചന്ദ്ര ബാലിന്റെ വിജയത്തിലൂടെ ആദ്യമായി കോൺഗ്രസ് ജയിച്ചത്. മുൻ എം എൽ എ കൂടിയായ കോൺഗ്രസിലെ രഘുചന്ദ്ര ബാലിനെ 1982- ൽ ശക്തൻ നാടാർ തോൽപിച്ചിരുന്നു. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ കോവളത്ത് കോൺഗ്രസും എൽ.ഡി.എഫ് ഘടകകക്ഷിയായ ജനതാദളുമാണ് കൂടുതൽ തവണയും ഏറ്റുമുട്ടിയത്. കൂടുതൽ തവണ (1987,1991,1996,2001) തിരഞ്ഞെടുക്കപ്പെട്ടത് ജനത / ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച എ നീലലോഹിതദാസൻ നാടാരാണ്. 2011 ൽ ജനതാദളിലെ (എസ് ) ജമീലാപ്രകാശമാണ് വിജയിച്ചത്. കോൺഗ്രസിലെ ജോർജ് മെർസിയർ 2006- ലും എം വിൻസെന്റ് 2016, 2021 തിരഞ്ഞെടുപ്പുകളിലും ജയിച്ചു. 1967 മുതൽ സി പി എം / സി പി ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാത്ത കോവളത്ത് സമീപകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണ് മുൻ‌തൂക്കം. ഇത്തവണയും എം. വിൻസെന്റ് തന്നെയാണ് കോൺഗ്രസ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്വതന്ത്രനായി ഭഗത് റൂഫസ് രംഗത്തിറങ്ങുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോവളം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോവളം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്തത് 159100 വോട്ടാണ്. എം വിൻസെന്റ് 47.06% വോട്ട് നേടി നീല ലോഹിദാദാസ് നാടാരെ 11562 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബാലരാമപുരം, കല്ലിയൂർ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും വെങ്ങാന്നൂർ കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ എന്നിവിടങ്ങളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞടുപ്പിലെ കണക്ക് പ്രകാരം 19,000 ലേറെ വോട്ട് ഐക്യ മുന്നണിക്ക്‌ കൂടുതലായി ലഭിച്ചിട്ടുണ്ട്.

ഇടതുമുന്നണിക്ക് സംസ്ഥാന വ്യാപകമായി മേധാവിത്യമുണ്ടായ 2016ലും 2021 ലും കോൺഗ്രസ് ജയിച്ച മണ്ഡലമെന്ന നിലയിലും മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള ഇടതുമുന്നണി സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലും 2026- ലും വിജയം ആവർത്തിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

14.നെയ്യാറ്റിൻകര:
മുൻതൂക്കവും പ്രതീക്ഷയും

  • 2026 ൽ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്ന നെയ്യാറ്റിൻകരയിൽ അല്പം മുൻ‌തൂക്കം ഇടതുമുന്നണിക്കാണെന്നാണ് സൂചന.

മിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന നെയ്യാറ്റിൻകര മണ്ഡലത്തിൽ നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

1957- ൽ പ്രാബല്യത്തിൽ വന്ന മണ്ഡലത്തിൽ ഇരു മുന്നണികളും വിവിധ ഘട്ടങ്ങളിൽ വിജയിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ഒ ജനാർദ്ദനൻ നായർ (1957), പി എസ് പി യിലെ പി നാരായണൻ തമ്പി (1960), കോൺഗ്രസിലെ ആർ ജി നായർ (1967), സി പി എമ്മിലെ ആർ പരമേശ്വരൻ പിള്ള (1970), എൻ ഡി പി യിലെ ആർ സുന്ദരേശ്വരൻ നായർ (1977, 1980), ജനതാപാർട്ടിയിലെ എസ് ആർ തങ്കരാജ് (1982,1987) എന്നിവർ ആദ്യകാലങ്ങളിൽ വിജയിച്ചവരാണ്. 1990-കളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി തമ്പാനൂർ രവി തുടർച്ചയായി മൂന്നു തവണ (1990,1996,2001) മണ്ഡലത്തിൽ വിജയിച്ചത്.

ഇടതുപക്ഷത്തിന് അനുകൂലമായി തുടർച്ചയായി വിധിയെഴുതുന്ന തരത്തിൽ മണ്ഡലത്തിലെ രാഷ്ട്രീയ സ്വഭാവം പിന്നീട് മാറി. 2006 ലും 2011ലും ഇടതുമുന്നണിയിയാണ് ജയിച്ചത്. 2011ൽ സി.പി.എം സ്ഥാനാർത്ഥി ആർ സെൽവരാജ് വിജയിച്ചെങ്കിലും അദ്ദേഹം എം എൽ എ സ്ഥാനം രാജിവെച്ചു. 2012-ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സെൽവരാജ് വീണ്ടും നിയമസഭാംഗമായി. കേവലം രണ്ടുപേരുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഐക്യമുന്നണിയുടെ രാഷ്ട്രീയ തന്ത്രങ്ങളാണ് ആർ. ശെൽവരാജിനെ കൂറുമാറ്റിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  നെയ്യാറ്റിൻകര  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നെയ്യാറ്റിൻകര മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2016-ലും 2021- ലും ഇടതുമുന്നണി മണ്ഡലത്തിൽ മേൽക്കൈ നേടുന്നുവെന്ന് മാത്രമല്ല കോൺഗ്രസിലേക്ക് കൂറുമാറിയ സെൽവരാജിനെ പരാജയപ്പെടുത്തുകയും ചെയ്തു. സി പി എമ്മിലെ കെ. ആൻസലലാണ് 2016- ലും 2021- ലും ജയിച്ചത്.

2021- ൽ ആകെ പോൾ ചെയ്ത 139291 വോട്ടിൽ ആൻസലൻ 47.02% വോട്ടു നേടി സെൽവരാജിനെ ​തോൽപ്പിച്ചു. ഭൂരിപക്ഷം: 14642 വോട്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നഗരസഭയിൽ ഇടതുമുന്നണിയും കാരോട്, ചെങ്കൽ,കുളത്തൂർ, തിരുപുറം പഞ്ചായത്തുകളിൽ ഐക്യ മുന്നണിയുമാണ് അധികാരത്തിലെത്തിയത്. അതിയന്നൂർ പഞ്ചായത്തിൽ ബി ജെ പിക്കാണ് ഭൂരിപക്ഷം. പ്രസ്തുത തിരഞ്ഞടുപ്പിലെ കണക്ക് പ്രകാരം 10000 ലേറെ വോട്ട് യു.ഡി.എഫിനുണ്ട്.

2026 ൽ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്ന നെയ്യാറ്റിൻകരയിൽ അല്പം മുൻ‌തൂക്കം ഇടതുമുന്നണിക്കാണെന്നാണ് സൂചന. എങ്കിലും നല്ല സ്വാധീനമുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

2026-ലെ
സാധ്യതകൾ:

മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടു വിഹിതവും അതാതു മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ 14 നിയമസഭ മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിൽ 2026- ലെ ജനവിധി താഴെ സൂചിപ്പിക്കും പ്രകാരമാകാനാണ് സാധ്യത . 2021- ൽ വിജയിച്ച മുന്നണിക്ക് പ്രതികൂലമായി 2026 ൽ വലിയതരത്തിൽ വോട്ട് മാറിയാൽ സംഭവിക്കാൻ സാധ്യതയുള്ള ജനവിധിയും താഴെ സൂചിപ്പിച്ചിട്ടുണ്ട്.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments