അടുത്തകാലത്ത് സംസ്കാരത്തെയും ചിന്തയെയും അറിവിനെയും വായനയെയും മനുഷ്യബന്ധങ്ങളെയും ഏറ്റവുമധികം മാറ്റിമറിച്ചത് ഡിജിറ്റൽ സാങ്കേതികവിദ്യയാണെന്ന കാര്യത്തിൽ സംശയമില്ല. ചിലപ്പോൾ നമ്മുടെ അറിവോടെയും ചിലപ്പോൾ നാം അറിയാതെയും അത് നമ്മുടെ വിചാരത്തെ, പെരുമാറ്റരീതികളെ, സൗഹൃദങ്ങളുടെ ലോകത്തെ, ആവിഷ്കാരവിധങ്ങളെ, പരിവർത്തനം ചെയ്തു കൊണ്ടിരുന്നു, ചെയ്തുകൊണ്ടിരിക്കുന്നു.
ജീവിതത്തിൽ വൈകിമാത്രം കമ്പ്യൂട്ടറും ഇന്റർനെറ്റും എ.ഐ ചാറ്റും മറ്റും കടന്നുവന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ; എന്നാൽ എന്റെ തലമുറയിൽ ആദ്യം അതിലേക്കുവന്നവരിൽ ഒരാളുമാണ്. എന്റെ ജോലിയും എഴുത്തും ശാസ്ത്രത്തിലുള്ള അടിത്തറയും ഉണർന്നിരിക്കുന്ന ജിജ്ഞാസയുമെല്ലാം അതിന്നു പ്രേരകമായിട്ടുണ്ടാകാം. എന്റെ ഡെസ്ക് ടോപ് ഉപയോഗം സജീവമായത് ഇ- മെയിൽ പ്രചാരം നേടിയ ശേഷമാണ്. വീട്ടിലും ആദ്യം വന്നത് ഡെസ്ക് ടോപ് ആണ്.
എന്റെ തലമുറയിലുള്ള- ഇപ്പോൾ എഴുപതുകളുടെ രണ്ടാം പകുതിയിൽ എത്തിയ- പലരെയും പോലെ നവസാങ്കേതികവിദ്യകളെ ആനന്ദത്തോടൊപ്പം സങ്കോചത്തോടും കൂടിയാണ് ഞാനും സമീപിക്കുന്നത് എന്നുപറയാം. ഉദാഹരണത്തിന്, ഇ- മെയിൽ, സംവേദനങ്ങൾക്ക് വേഗം കൂട്ടി, എന്നാൽ പഴയതരം കത്തുകളുടെ വൈയക്തിക സ്വഭാവവും വൈകാരികതയും കത്ത് കിട്ടുമ്പോഴുള്ള ആനന്ദവും അത് കുറച്ചിട്ടില്ലേ?
കത്തുകൾ കാര്യമാത്രപ്രസക്തമായതോടെ, മുൻപ് കൈ കൊണ്ടെഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്തിരുന്ന കത്തുകളിലെ അനേകം വിഷയവ്യതിയാനങ്ങളും, വിശേഷങ്ങളും സ്വകാര്യങ്ങളും പങ്കുവെച്ചിരുന്ന രീതികളും, അവയിലൂടെ വളർന്നിരുന്ന സർഗ്ഗാത്മകതയും ഏതോ രീതിയിൽ പ്രക്ഷീണമായിട്ടില്ലേ?
വാട്സ്ആപ്പ് കൂടി വന്നതോടെ ഭാഷ തന്നെയും ചുരുക്കെഴുത്തായി മാറുകയും അത് ഭാഷാശേഷിയെ ബാധിക്കുകയും ചെയ്യുന്നില്ലേ?
ഫേസ്ബുക്ക് കമന്റുകൾ സുഹൃത്തുക്കൾക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്നതിനാൽ വർഗ്ഗീയവാദികൾ എന്റെ പോസ്റ്റുകൾ(അവ പബ്ലിക് ആണ്) അവരുടെ ചുവരിൽ പങ്കുവെച്ച് കൂട്ടുകാരെ എന്നെ ശകാരിക്കാൻ ക്ഷണിക്കുകയാണ് പതിവ്; അവരുടെ പല അക്കൗണ്ടുകളും കള്ളപ്പേരുകളിൽ - അധികവും മുസ്‍ലിം, ക്രിസ്ത്യൻ, സ്ത്രീ നാമങ്ങളിൽ- ആണ്.
ലോകസഞ്ചാരങ്ങളിൽ പല മ്യൂസിയങ്ങളിലും പോകുമ്പോൾ പ്രശസ്തരായ എഴുത്തുകാരുടെ കത്തുകളുടെ ശേഖരം കാണാൻ ഇട വന്നിട്ടുണ്ട്, അവ ചിലപ്പോൾ അച്ചടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്, അങ്ങനെ ഒരു സാഹിത്യവിഭാഗം തന്നെയുണ്ട്. അവയിൽ പലതും സാഹിത്യചരിത്രത്തിന്റെ ഭാഗമാണ്. സാഹിത്യ വിമർശകരും തത്വചിന്തകരും രാഷ്ട്രീയ ചിന്തകരുമെല്ലാം ദീർഘമായ കത്തുകളിലൂടെ അതിപ്രധാനമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് നമുക്കറിയാം. അത്തരം കത്തുകൾ ഇനി എഴുതപ്പെടാതാകും എന്ന് ഞാൻ ഭയപ്പെടുന്നു. ഇ- മെയിൽ സംവേദനങ്ങൾ ഹ്രസ്വങ്ങളും താത്കാലികങ്ങളുമാണ്. ഒരുതരത്തിൽ പഴയ ചർച്ചകളുടെ സ്ഥാനം കുറെയൊക്കെ ടി.വി ചർച്ചകളും യുട്യൂബിൽ പകർത്തപ്പെട്ട, സാഹിത്യോത്സവങ്ങളിലും മറ്റും നടക്കുന്ന, സംവാദങ്ങളും ഏറ്റെടുത്തിട്ടുണ്ട് എന്നുപറയാം; പഴയ കത്തുകളുടെ വ്യക്തിപരമായ ഊഷ്മളതയും ക്ഷമയും വിവേകവും അവയിൽ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ എങ്കിലും.
ഇ- മെയിൽ പ്രചാരത്തിൽ വരും മുൻപ്, എഴുത്തുകാർക്കും വായനക്കാർക്കും ഞാൻ എഴുതിയതും അവർ എനിക്ക് എഴുതിയതുമായ കത്തുകൾക്ക്, ഇപ്പോൾ ഞങ്ങൾ കൈ മാറുന്ന, പലപ്പോഴും ഹ്രസ്വവും കാര്യമാത്രപ്രസക്തവുമായ, ഇ- മെയിലുകളുമായി താരതമ്യം ഇല്ല. കത്തെഴുത്ത് എന്ന, ചിലപ്പോൾ കവിതകൾ പോലുമായി മാറാറുള്ള, കല മിക്കവാറും ഇല്ലാതായി എന്ന് പറയാം. വാട്സ്ആപ്പ് ആകട്ടെ, അതിനേക്കാൾ ഹ്രസ്വജീവിതമുള്ള സന്ദേശക്കൈമാറ്റങ്ങളുടെതാണ്. അവ പലപ്പോഴും ചുരുക്കെഴുത്തിലും ഭാവചിഹ്നങ്ങളിലും ആണുതാനും.

ഫേസ്ബുക്കിൽ ഞാൻ ചേരുന്നത് ഏതാണ്ട് അത് ഇന്ത്യയിൽ വന്ന കാലത്തു തന്നെയാണ്, മറാഠി കവി ദിലീപ് ചിത്രേ ആണ് അതിന് എന്നെ നിർബന്ധിച്ചത്. അന്ന് അത് താരതമ്യേന നിഷ്കളങ്കമായ ഒരു മാദ്ധ്യമം ആയിരുന്നു- അകലെയുള്ള സുഹൃത്തുക്കൾ തമ്മിൽ ബന്ധപ്പെടാൻ. ഞാൻ അക്കൗണ്ട് കൂടാതെ, സാഹിത്യത്തിനു മാത്രമായി ഒരു പേജും തുടങ്ങിയെങ്കിലും രണ്ടും കൂടി കൈകാര്യം ചെയ്യുക വിഷമമായി. ആദ്യകാലത്ത് അതിൽ ചേരാൻ രണ്ടു പേരുകൾ വേണമായിരുന്നു, അതിനാൽ വീട്ടുപേര് ചേർക്കേണ്ടിവന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോൾ വേറെ ഒന്നുകൂടി തുടങ്ങി, അത് ഇപ്പോൾ സജീവമല്ല.
ഇപ്പോഴും പുസ്തകവായനയുടെ കാര്യത്തിൽ ഞാൻ പഴഞ്ചൻ തന്നെയാണ്. ഇ- മെയിലിൽ വരുന്ന പി ഡി എഫുകളും, വാങ്ങിക്കാത്ത ചില പുസ്തകങ്ങളും -കിന്റിലിൽ- വായിക്കാറുണ്ടെങ്കിലും ഇ-വായന താരതമ്യേന കുറവാണ്, പുതുതലമുറയിൽ അതാണ് കാര്യമായി നടക്കുന്നത് എന്ന് തോന്നാറുണ്ടെങ്കിലും.
കൃത്യമായ ‘ഫേസ്ബുക്ക് പോളിസി’ എന്ന ഒന്ന് ഇല്ലെങ്കിലും ഞാൻ ആ മാദ്ധ്യമം ഉപയോഗിക്കുന്നത് ചില കാര്യങ്ങൾക്കാണ്.
1. സുഹൃത്തുക്കളുമായി വ്യക്തിഗത വിശേഷങ്ങൾ- യാത്രകൾ, പരിപാടികൾ, വിശേഷദിവസങ്ങൾ, ഫോട്ടോകൾ മുതലായവ- പങ്കിടുക. 2. പ്രത്യേക അവസരങ്ങളിൽ പൊതുവായ ആശംസകൾ നേരുക അഥവാ സന്ദേശങ്ങൾ കൈമാറുക.
3. ഞാൻ അൽപ്പകാലം കൊണ്ടുനടന്ന ബ്ലോഗ് സമയക്കുറവു മൂലം നിർത്തിയതിനാൽ, എന്റെ കവിതകൾ, അവയുടെ പരിഭാഷകൾ, പുസ്തകങ്ങളെ സംബന്ധിച്ച വാർത്തകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുക.
4. മറ്റുള്ളവരുടെ ചില സൃഷ്ടികൾ, വായിച്ച പുസ്തകങ്ങൾ മുതലായവ പരിചയപ്പെടുത്തുക, സുഹൃത്തുക്കളെ അഭിനന്ദിക്കേണ്ട അവസരങ്ങളിൽ- പുരസ്കാരം ലഭിക്കുമ്പോഴും മറ്റും – അഭിനന്ദിക്കുക, ആവശ്യപ്പെടുമ്പോൾ കവർ പ്രകാശനം തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുക.
5. (തത്കാലമെങ്കിലും) അക്കാദമിയുടെ പരിപാടികൾക്കും പുതിയ പുസ്തകങ്ങൾക്കും പ്രചാരം നൽകുക.
6. രാഷ്ട്രീയവും സാമൂഹ്യവുമായി ശ്രദ്ധിക്കപ്പെടണം എന്ന് എനിക്ക് തോന്നുന്ന ചില വാർത്തകൾ, അഭിപ്രായങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ പങ്കുവെയ്ക്കുകയോ അവയോടു പ്രതികരിക്കുകയോ ചെയ്യുക: ഇത് ഇപ്പോൾ പ്രധാനമായും ഇന്ത്യയിൽ വളർന്നുവരുന്ന ഫാഷിസത്തിന്നെതിരായാണ് ഞാൻ ഉപയോഗിക്കുന്നത്, ഒപ്പം ഇടതുപക്ഷത്തിന്റെ ചില വ്യതിയാനങ്ങളെയും സദുദ്ദേശ്യത്തോടെ തുറന്നുകാട്ടുന്നു.

എന്റെ പൊതു രാഷ്ട്രീയനിലപാട് ‘ഇന്ത്യ’ സഖ്യത്തിനു അനുകൂലമാണ്, സഖ്യം ഉണ്ടാവും മുൻപേ- 2014 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്ന ലേഖനം തന്നെ അതിന് തെളിവാണ്- അതിന്റെ ആവശ്യം എനിക്ക് ബോദ്ധ്യമായിരുന്നു. (ഫേസ്ബുക്കിലും വാട്സ്ആപ്പിലും എനിക്ക് കിട്ടുന്ന സന്ദേശങ്ങൾ അധികവും എന്റെ ഏതെങ്കിലും കവിതയെയോ ലേഖനത്തെയോ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും സ്നേഹപ്രകടനങ്ങളും യോഗങ്ങൾക്കുള്ള ക്ഷണങ്ങളും ആണ്. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇല്ലാതില്ല, എങ്കിലും എല്ലാ പോസ്റ്റുകളും ശ്രദ്ധിക്കാൻ കഴിയാറില്ല; ഒന്നിന്റെയും അഡ്മിൻ ആകാനും തയ്യാറായിട്ടില്ല – അപ്പോൾ എല്ലാ സന്ദേശങ്ങളും ശ്രദ്ധിക്കണം, ചിലരെ പുറത്താക്കണം- അതൊന്നും വയ്യ. (ഒരു കുടുംബഗ്രൂപ്പിലും, ഞങ്ങൾ താമസിക്കുന്ന കമ്മ്യൂണിറ്റിയായ ഹരിതാ ഹോംസിന്റെ ഗ്രൂപ്പിലും, ദേശീയ മാനവികവേദി എന്ന, വർഗ്ഗീയതയെ പ്രതിരോധിക്കുന്ന ഗ്രൂപ്പിലും – അതിലെ അംഗങ്ങൾ ചില പൊതു പരിപാടികളും സംഘടിപ്പിക്കാറുണ്ട് – മാത്രമാണ് ഞാൻ സജീവമായി ഉള്ളത്).
ഫേസ്ബുക്ക് കമന്റുകൾ സുഹൃത്തുക്കൾക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്നതിനാൽ വർഗ്ഗീയവാദികൾ എന്റെ പോസ്റ്റുകൾ (അവ പബ്ലിക് ആണ്) അവരുടെ ചുവരിൽ പങ്കുവെച്ച് കൂട്ടുകാരെ എന്നെ ശകാരിക്കാൻ ക്ഷണിക്കുകയാണ് പതിവ്; അവരുടെ പല അക്കൗണ്ടുകളും കള്ളപ്പേരുകളിൽ - അധികവും മുസ്‍ലിം, ക്രിസ്ത്യൻ, സ്ത്രീ നാമങ്ങളിൽ- ആണ്. അവർക്ക് യുക്തിസഹമായ വാദങ്ങളോ അഭിപ്രായങ്ങളോ ഇല്ലാത്തതിനാൽ അവരുടെ സംസ്കാരത്തിന് ചേർന്ന ശകാരപദങ്ങൾ മാത്രമാണ് പ്രതികരണമായി വരിക. ആദ്യമാദ്യം എനിക്ക് അതിൽ വിഷമം തോന്നിയിരുന്നു, വിശേഷിച്ചും എന്നെപ്പറ്റി നുണകൾ പറയുമ്പോൾ; എന്നാൽ ഇപ്പോൾ അവയെ ഞാൻ തീർത്തും അവഗണിക്കുന്നു. അവരുടെ ഡി എൻ എ മാറ്റാൻ കഴിയില്ലല്ലോ. നിരന്തരമായ ഫേസ്ബുക്ക് നിരോധനങ്ങളും ഇന്ന് എന്നെ സംബന്ധിച്ച് ഒരു പതിവ് കാര്യമായിക്കഴിഞ്ഞു, ആദ്യം അതുണ്ടായപ്പോൾ സ്കൂൾ കുട്ടികൾ പോലും എന്നോട് ഐക്യദാർഢൃം പ്രകടിപ്പിച്ചതിൽ നന്ദിയും സന്തോഷവും ഉണ്ടെങ്കിലും.
വലിയ ഒരു വിഭാഗം ചെറുപ്പക്കാരിൽ- അവരിൽ എഴുത്തുകാരും വായനക്കാരും ഉൾപ്പെടുന്നു- കാണുന്ന ‘അരാഷ്ട്രീയത’ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു പ്രച്ഛന്നരൂപം തന്നെയാണ്. അതുകൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരം നേടുന്ന ചില ആശയങ്ങൾ മാത്രമല്ല, ‘സാഹിത്യ’ സൃഷ്ടികളും നിഷ്കളങ്കമല്ല.
ട്വിറ്ററിൽ (ഇപ്പോൾ എക്സ്) എന്റെ സാന്നിധ്യം അപൂർവ്വമാണ്. ഒരിക്കൽരാഷ്ട്രീയ കമന്റുകൾ അതിൽ ആകാം എന്ന് തീരുമാനിച്ചുവെങ്കിലും എല്ലാംകൂടി കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായി. ഇപ്പോൾ ആരെങ്കിലും ശ്രദ്ധ ക്ഷണിക്കുമ്പോൾ മാത്രം അവിടെ പോകുന്നു, ചിലത് റി- ട്വീറ്റ് ചെയ്യുന്നു. സുഹൃത്ത് ശബ്നം ഹഷ്മി ആണ് പലപ്പോഴും അവരുടെ ചില ട്വീറ്റുകളിലേക്ക് എന്റെ ശ്രദ്ധ സന്ദേശങ്ങളിലൂടെ ക്ഷണിക്കാറുള്ളത്.
ഇന്റർനെറ്റ്, എ. ഐ. ചാറ്റ് / മെറ്റ- ഇവ ഞാൻ വസ്തുതാപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ, ആദ്യം എ ഐ യെക്കൊണ്ട്, അതിന് എത്ര സർഗാത്മകമാകാൻ കഴിയും എന്നറിയാൻ , ചില കവിതകളൊക്കെ എഴുതിച്ചുനോക്കിയെങ്കിലും. ( ആദ്യം ചെയ്തത് ഇംഗ്ലീഷ് കവി വേഡ്സ് വർത്ത് കേരളത്തെക്കുറിച്ച് ഒരു കവിത എഴുതിയാൽ എങ്ങനെയിരിക്കും എന്ന് ചോദിക്കുകയാണ്- പ്രാസവും വൃത്തവും ഒപ്പിച്ച്, കേരളപ്രകൃതിയെ സ്തുതിക്കുന്ന 12 വരികൾ കിട്ടി, അതിൽ വേഡ്സ് വർത്ത് ഉണ്ടായിരുന്നില്ലെന്ന് മാത്രം) അതിൽ ഫീഡ് ചെയ്യപ്പെട്ടതിന്റെ പുതിയ കലർപ്പുകൾ മാത്രമേ അതിനു നൽകാനാവൂ എന്ന് പെട്ടെന്നുതന്നെ ബോദ്ധ്യമായി, അതുകൊണ്ട്, ഇയ്യിടെ നോം ചോംസ്കി, അത് വെറും ഭാവനാശൂന്യമായ അനുകരണയന്ത്രം - പ്ലേജ്യാറിസം മെഷീൻ- ആണെന്ന് പറഞ്ഞപ്പോൾ ഒട്ടും അത്ഭുതമുണ്ടായില്ല. അതിന് ഒരു റില്കെയോ ദസ്തയെവ്സ്കിയോ കാഫ്കയോ കാൽവിനോയോ ആകാൻ കഴിയില്ല. ഇപ്പോൾ ഞാൻ ചില ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ചിത്രങ്ങൾ ഉണ്ടാക്കാനാണ് അത് അധികവും ഉപയോഗിക്കുന്നത്.

തീർച്ചയായും ഇവയെല്ലാം എന്റെ കുറെ സമയം അപഹരിക്കുന്നുണ്ട്. സന്തോഷവും സങ്കടവും നൽകുന്നുണ്ട്. ഒരുപക്ഷെ എല്ലാവരുടെയും സ്ഥിതി ഇതാകാം. ഒരു മസ്തിഷ്കരോഗമുള്ളതിനാൽ എനിക്ക് ഉറക്കം കുറയ്ക്കാനും ആവില്ല. എന്നാൽ കടുത്ത നടപടികളൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല, എഴുത്തു തുടരണമെങ്കിൽ താമസിയാതെ വേണ്ടി വന്നേക്കാം എന്ന ഭയമുണ്ടെങ്കിലും.
എന്റെ പല തരം പ്രവർത്തനങ്ങളെ ബാലൻസ് ചെയ്യാൻ ശ്രമിക്കയാണ് ഞാൻ. ഇതെഴുതുമ്പോൾ ഞാൻ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ വെച്ചിരിക്കയാണ്. മറ്റു കാര്യങ്ങൾക്കും ക്ലിപ്തസമയങ്ങൾ വെയ്ക്കാൻ നോക്കുന്നു. അതിനൊക്കെ ഇപ്പോൾ സംവിധാനങ്ങൾ ഉപകരണങ്ങളിൽ തന്നെ ഉണ്ടല്ലോ.
വലതുപക്ഷം പ്രവർത്തിക്കുന്നത് പ്രതിലോമാശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു മാത്രമല്ല, മാനുഷികവും ജനാധിപത്യപരവും ചൂഷണവിരുദ്ധവും സമത്വോന്മുഖവും അധികാരവിരുദ്ധവുമായ ആശയങ്ങളുടെ പ്രചാരം പല രീതികളിൽ അസാദ്ധ്യമാക്കിക്കൊണ്ടുകൂടിയാണ്.
ഇപ്പോഴും പുസ്തകവായനയുടെ കാര്യത്തിൽ ഞാൻ പഴഞ്ചൻ തന്നെയാണ്. ഇ- മെയിലിൽ വരുന്ന പി ഡി എഫുകളും, വാങ്ങിക്കാത്ത ചില പുസ്തകങ്ങളും -കിന്റിലിൽ- വായിക്കാറുണ്ടെങ്കിലും ഇ-വായന താരതമ്യേന കുറവാണ്, പുതുതലമുറയിൽ അതാണ് കാര്യമായി നടക്കുന്നത് എന്ന് തോന്നാറുണ്ടെങ്കിലും. ഒരുപക്ഷെ വായനയുടെ ഭാവി ആ വഴിക്കാവാം, ചില പുതിയ പഠനങ്ങൾ, യുവജനം അച്ചടിപ്പുസ്തകങ്ങളിലേക്ക് തിരിച്ചുവരുന്നതായി പറയുന്നുണ്ടെങ്കിലും. എന്റെ പ്രശ്നം വെറും ശീലമാകാം. കിന്റിൽ വൈറ്റ് പേപ്പർ പുസ്തകത്തിന്റെ പല സൗകര്യങ്ങളും നൽകുന്നുണ്ട് എന്ന് ഞാൻ മറക്കുന്നില്ല. അത് ഇനി പേപ്പറിന്റെ മണം പോലും നല്കിക്കൂടെന്നുമില്ല. എന്നാൽ പത്രങ്ങൾ, മാസികകൾ തുടങ്ങിയവ, വിശേഷിച്ചും ഇംഗ്ലീഷ് ഭാഷയിലുള്ളവ, ധാരാളമായി ഡിജിറ്റലായി ഞാൻ വായിക്കാറുണ്ടു താനും.
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള എന്റെ എഴുത്ത് വളരെക്കാലമായി ലാപ്ടോപ്പിൽ / ടാബ്‍ലറ്റിൽ ആണ്. കവിത മാത്രം മിക്കപ്പോഴും ആദ്യ ഡ്രാഫ്റ്റ് കടലാസിൽ പേന കൊണ്ട് എഴുതുന്നു. പിന്നെ പല കുറി വേഡിൽ തിരുത്തലുകൾ നടത്തുന്നു. ഇതും ശീലമാകാം. അതേസമയം പരിഭാഷകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവ നേരിട്ട് ‘വേഡി’ൽ തന്നെ ചെയ്യുന്നു. കഥകൾ രണ്ടു രീതിയിലും ചെയ്യാറുണ്ട്.

ഒരു സാങ്കേതികവിദ്യയും- ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾപ്പെടെ, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന ‘മാന്വലുമായി’ അല്ല വരുന്നത്. അണുവിദ്യകളായാലും, യന്ത്രമനുഷ്യരായാലും, കൃത്രിമബുദ്ധി ആയാലും. ആർ, എന്തിനുവേണ്ടി അവയെ ഉപയോഗിക്കുന്നു എന്നതാണ് ജീവിതത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും ബാധിക്കുക. ലോകത്തിന്റെ വലിയ ഒരു ഭാഗത്തെ വലതുപക്ഷ ചിന്തകളും രീതികളും – അധാർമ്മികമായ ധനസമ്പാദനം, പലതരം ചൂഷണങ്ങൾ, മത- വംശ- വർഗ്ഗ- ലിംഗപരമായ ആധിപത്യരൂപങ്ങൾ, ഖേദരഹിതമായ ഹിംസ, ജനാധിപത്യവിരോധം, പ്രതിപക്ഷപീഡനം, ധൈഷണികതയോടുള്ള ഭയം, അസത്യപ്രചാരണം- ഭരിക്കുന്ന ഈ കാലത്ത് പുത്തൻ സാങ്കേതികവിദ്യകളും അവയുടെ സേവകരാവുന്നത് ഭീതിദമെങ്കിലും സ്വാഭാവികവുമാണ്. ഒന്ന് മാറാതെ മറ്റേതും മാറുകയില്ല.
വലിയ ഒരു വിഭാഗം ചെറുപ്പക്കാരിൽ- അവരിൽ എഴുത്തുകാരും വായനക്കാരും ഉൾപ്പെടുന്നു- കാണുന്ന ‘അരാഷ്ട്രീയത’ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു പ്രച്ഛന്നരൂപം തന്നെയാണ്. അതുകൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരം നേടുന്ന ചില ആശയങ്ങൾ മാത്രമല്ല, ‘സാഹിത്യ’ സൃഷ്ടികളും നിഷ്കളങ്കമല്ല, അവയുടെ നിർമ്മാതാക്കൾ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവ വിമർശനബുദ്ധിയെ മരവിപ്പിക്കുകയും ചിന്താരാഹിത്യം പ്രോത്സാഹിപ്പിക്കുകയുമാണ്. ഇത്, പലരും കരുതും പോലെ, ഒരു ‘ലാവണ്യ’പ്രശ്നമോ ‘നിലവാര’പ്രശ്നമോ ‘അഭിരുചി’പ്രശ്നമോ മാത്രമല്ല; ആഴമേറിയ, പുതുമുതലാളിത്തം സൃഷ്ടിക്കുന്ന ഇച്ഛാശേഷിയില്ലാത്ത ഐ. ടി. അടിമത്തവുമായി കൂട്ടിവായിക്കേണ്ട, ഒരു സാംസ്കാരിക- രാഷ്ട്രീയ പ്രതിസന്ധിയാണ്. വലതുപക്ഷം പ്രവർത്തിക്കുന്നത് പ്രതിലോമാശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു മാത്രമല്ല, മാനുഷികവും ജനാധിപത്യപരവും ചൂഷണവിരുദ്ധവും സമത്വോന്മുഖവും അധികാരവിരുദ്ധവുമായ ആശയങ്ങളുടെ പ്രചാരം പല രീതികളിൽ അസാദ്ധ്യമാക്കിക്കൊണ്ടുകൂടിയാണ്.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More