ഭാഷയുടെ ഉത്ഭവത്തിനുമുമ്പും ലോകത്തിന്റെ വാസയോഗ്യമായ ഇടങ്ങളിലധികവും മനുഷ്യരുടെ ജീവിതങ്ങളുണ്ടായിരുന്നു. എന്നാൽ ചെറുസമൂഹങ്ങൾ എന്ന നിലയിൽനിന്ന് പ്രദേശം, പ്രദേശങ്ങൾ ചേർന്ന് ദേശം, ദേശങ്ങൾ ചേർന്ന് ലോകം എന്നിങ്ങനെ പടർന്നൈക്യപ്പെടുന്നതിലേക്ക് മനുഷ്യസമൂഹത്തെ സഹായിച്ചത് ഭാഷയാണെന്ന് കാണാം. ഭാഷ ആദ്യം അത് ഉപയോഗിക്കുന്ന സമൂഹങ്ങളെ കെട്ടുറപ്പുള്ളതാക്കി. പിന്നെ മറ്റൊരു ഭാഷയോട് കൂട്ടുകൂടാൻ പഠിച്ചു. ഏത്രയും ഭാഷകൾ പഠിച്ചെടുക്കാനുള്ള മനുഷ്യധൈഷണികശേഷി ഈ കൂട്ടുകൂടലിൽ വലിയതോതിൽ സഹായിച്ചു. ഒരേ ഭാഷ സംസാരിക്കുന്നവർക്ക് സാധ്യമായ വിധത്തിലൊക്കെയും വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവർക്കും വിനിമയിക്കാം എന്നുവന്നു. രണ്ടു ഭാഷകരെ ഒരേയിടത്തിൽ സാധ്യമാക്കുന്ന സന്ദർഭമായിരുന്നു ആദ്യം മാധ്യമമെങ്കിൽ പിന്നീടത് പരിഭാഷകരും സാങ്കേതികതയും ഏറ്റെടുത്തു. പറച്ചിൽ രേഖപ്പെടുത്താമെന്ന് വന്നപ്പോൾ അതായി മാധ്യമം. രേഖപ്പെടുത്തുന്നത് പകർത്തിയെഴുതാമെന്നും കൈമാറാമെന്നും വന്നപ്പോൾ അതായി മാധ്യമപ്രവർത്തനം. ഒരേ വിവരം ഒരേ സമയം ഒരുപാടുപേരിലേക്ക് എത്തിക്കുവാൻ ഇപ്രകാരം സാങ്കേതികത സഹായിച്ചു. രേഖപ്പെടുത്തൽ അച്ചടിയിലൂടെ അനശ്വരമായി. പകർപ്പെടുക്കൽ യാന്ത്രികമായി. ഒറിജിനൽ, പകർപ്പ് എന്ന ഭേദമില്ലാതായി. കൈമാറ്റം വേഗത്തിലും ദൂരത്തിലും സാധ്യമായി. അച്ചടിമാധ്യമം ലോകത്തെ നിർവചിക്കുന്നിടത്ത് കാര്യങ്ങളെത്തി. പിന്നേയും മാധ്യമങ്ങൾ അനവധിയുണ്ടായി.
സാങ്കേതികത മുന്നോട്ടുപോകുംതോറും മാധ്യമരംഗം കൂടുതൽ വേഗത്തിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ പഠിച്ചു. റേഡിയോയും ടെലിവിഷനും പിന്നീട് എല്ലാത്തിനെയും ഉൾചേർത്ത ഡിജിറ്റൽ / സൈബർ മാധ്യമവും ഇതിനു പുതിയ മാനങ്ങൾ നല്കി. വിവരങ്ങൾ വിരൽ സ്പർശത്തിനുപിന്നിൽ വരിനില്ക്കുന്ന കാലമായി. ഒരേ വിവരം ഏത് മാധ്യമത്തിലൂടെ, എങ്ങനെ, കാണണം, വായിക്കണം, കേൾക്കണം എന്നു തീരുമാനിക്കുന്ന ഉപയോക്താവായി പ്രധാനം. ദാതാവിന് പ്രാധാന്യമുണ്ടായിരുന്ന ആശയവിനിമയം സ്വീകർത്താവിന് പ്രാധാന്യമുള്ളതായി തലതിരിഞ്ഞു. അങ്ങനെയൊക്കെയാണ് ഇന്നു കാണുന്ന മാധ്യമലോകം യാഥാർഥ്യമാകുന്നത്.

ചുരുക്കത്തിൽ ആശയവിനിമയങ്ങളാണ് ഇന്നു കാണുന്ന വിധത്തിൽ ലോകത്തെ രൂപപ്പെടുത്തിയത്. അതല്ലെങ്കിൽ മാധ്യമങ്ങളാണ് ലോകത്തെ ‘കണ്ടുപിടിച്ചത്’ എന്നും പറയാം. ഭാഷകൾ പലതായിട്ടും ഒരു വീട്ടിലെന്നപോലെ ലോകത്തിന്റെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലുള്ളവർ ഇടപഴകുന്നു, വിനിമയിക്കുന്നു. ‘ലോകമേ തറവാട്’ എന്ന കവിവാക്യം (തറവാട് എന്ന പ്രയോഗത്തിന്റെ മുഴുവൻ സൂചനകളും ഇവിടെ വിവക്ഷിക്കുന്നില്ല. അത് സാമുഹികമായ പ്രിവിലേജുകൾ അനുഭവിക്കുന്ന ഒരു വിഭാഗത്തെമാത്രം പ്രതിനിധീകരിക്കുന്നു) സാമാന്യമായ അർഥത്തിൽ മാധ്യമീകൃതലോകമെന്ന് മനസ്സിലാക്കാവുന്നതാണ്
നിത്യവൃത്തി (Everyday) എന്ന സൈദ്ധാന്തികമായ സങ്കല്പനം മനുഷ്യന്റെ മാധ്യമീകൃതജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കാവുന്നതാണ്. ലെഫെബ്‌വേയാണ് മാർക്സിയൻ പരികല്പനകളോട് ചേർത്ത് ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നത്. വ്യക്തിയുടെ ദൈനംദിന ജീവിതത്തിലെ അപ്രധാന സംഭവങ്ങൾക്ക് സംസ്കാരത്തിൽ ലഭിക്കുന്ന പ്രാമുഖ്യത്തെ അടയാളപ്പെടുത്താനാണ് സമകാലിക ചിന്തകർ ഈ പദം ഉപയോഗിക്കുന്നത്. സാഹിത്യപഠനത്തിന്റെ ഭാഗമായി കൂടുതൽ ഉപയോഗിച്ചുവരുന്ന നിത്യവൃത്തി മാധ്യമപഠനത്തിന് സ്വീകരിക്കാവുന്നതാണ്. കാരണം നിത്യവൃത്തിയുടെ ഭാഗമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്ന് എന്ന വിധത്തിലാണ് ജീവിതത്തിൽ പത്രമോ മറ്റ് മാധ്യമങ്ങളോ അനുഭവപ്പെടുന്നത്. നിത്യവൃത്തിയെന്ന നിലയിൽ ഒരു അപ്രധാനത ഇതിലുണ്ടുതാനും.
വാർത്തയറിയാൻ പത്രം വായിക്കേണ്ട ഗതികേട് ഇക്കാലത്ത് ആർക്കുമില്ല എന്നതുമാണ്. തത്സമയം നമ്മളറിഞ്ഞും ചർച്ചിച്ചും ട്രോളിയും പുളിച്ചുപഴകിയ വാർത്തകളല്ലാതെ മറ്റെന്തുണ്ട് ഒരു പത്രത്തിന് വിളമ്പാൻ?
ഒരു ശീലത്തിന്റെ ഭാഗമായാണ് കൂടുതൽ പേരും മാധ്യമങ്ങൾ ഉപയോഗിക്കുന്നത് എന്നുകാണാം. എന്നാൽ മാധ്യമങ്ങൾ അതുപയോഗിക്കുന്നവരെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട് എന്നതാണ് ആ രംഗത്ത് വന്നിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ഉപയോഗിച്ചില്ലെങ്കിൽപോലും ഏതെങ്കിലും മാധ്യമം വാങ്ങുന്നതിലൂടെ / കാണുന്നതിലൂടെ / ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരാൾ തന്റെ സമ്മതി /പങ്കാളിത്തം /വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാനോ നിർണ്ണയിക്കാനോ അവരുടെ ചിന്തകളിൽ ഇടപെടാനോ പ്രത്യക്ഷമോ പരോക്ഷമോ ആയി മാധ്യമങ്ങൾക്ക് കഴിയുന്നു. അപ്രകാരം ഇടപെടാനുള്ള സമ്മതം പോലുമാണ് ഒരു മാധ്യമം ഉപയോഗിക്കുന്നതിലൂടെ ഒരാൾ നല്കുന്നത്.

ഭാഷയും ഇതര ചിഹ്നങ്ങളും വഴി അബോധത്തിലും ഗൂഢമായും മാധ്യമങ്ങൾ വ്യക്തിചിന്തയെ നിയന്ത്രിക്കുന്നു. അതുവഴി സമൂഹചിന്തയേയും. ഇതിനുള്ള കഴിവാണ് മാധ്യമങ്ങളെ ഇത്രയും വലിയ ശക്തിയാക്കി തീർത്തത്. ഇന്ന് അടിമുടി മാധ്യമീകൃതമാണ് / മാധ്യമങ്ങളുടെ കയ്യിലാണ് ലോകമെന്ന് നിസ്സംശയം പറയാം. ഇങ്ങനെ ദിനചര്യയായി മാധ്യമം വ്യക്തിയിൽ ഇടപെടുന്നു. വൃത്തിയുടെ ആവർത്തനം കൊണ്ടും സാധാരണത്തം കൊണ്ടും പതിയെ അത് അപ്രധാനമായി മാറുന്നു. എന്നാലത് കൂടുതൽ ശക്തമായി / സൂക്ഷ്മമായി സാമൂഹിക, സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിൽ ഇടപെടുന്നു.
ഡിജിറ്റൽ മാത്രം
ഇപ്പോൾ പത്രം വായിക്കാറില്ല എന്നു പറയാൻ എനിക്ക് മടിയില്ല എന്നുമാത്രമല്ല, അനല്പമായ അഭിമാനവുമുണ്ട്.
മാധ്യമഭാഷയിൽ, വിശേഷിച്ച് പത്രഭാഷയിൽ ഗവേഷണം പൂർത്തിയാക്കിയ ഒരാളാണ് ഇതു പറയുന്നത് എന്നതാണ് സത്യം. അതെന്റെ നിത്യവൃത്തി അല്ലാതായിരിക്കുന്നു. എന്റെ തലമുറയിലുള്ള (പത്രം വായിക്കുന്നത് ശീലമാക്കിയ അവസാന തലമുറകളിൽ ഒന്ന്) മിക്കവരുടെയും കഥ വ്യത്യസ്തമാവില്ല. അഥവാ നൊസ്റ്റുവടിച്ച് പത്രം കയ്യിലെടുത്താൽതന്നെ ഒളിച്ചും പാത്തും വേണം വായിക്കാൻ. ആരെങ്കിലും കണ്ടാൽ എന്റെ രാഷ്ട്രീയം / പൊട്ടത്തരം / പ്രായാധിക്യം വെളിപ്പെടുമെന്നതുതന്നെ കാര്യം. മറ്റൊന്ന്, വാർത്തയറിയാൻ പത്രം വായിക്കേണ്ട ഗതികേട് ഇക്കാലത്ത് ആർക്കുമില്ല എന്നതുമാണ്. തത്സമയം നമ്മളറിഞ്ഞും ചർച്ചിച്ചും ട്രോളിയും പുളിച്ചുപഴകിയ വാർത്തകളല്ലാതെ മറ്റെന്തുണ്ട് ഒരു പത്രത്തിന് വിളമ്പാൻ? മുഴുവൻസമയ വാർത്താചാനലും തത്സമയ സൈബർ മാധ്യമങ്ങളും ചേർന്ന ഡിജിറ്റൽ മീഡിയയാൽ നിർണ്ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു ന്യൂവേൾഡിൽ പഴകിയ ഒരു ദുശ്ശീലത്തിന്റെ പേരിലാണ് ആരോ ചിലർ പത്രം വരുത്തുന്നതും വായിക്കുന്നതും എന്നത് സത്യമല്ലേ?

റേഡിയോവിൽമാത്രം ലോകത്തെ അറിഞ്ഞിരുന്ന ബാല്യത്തിൽനിന്ന് നാട്ടിൽ ഒന്നോ രണ്ടോ മാത്രം പ്രത്യക്ഷപ്പെട്ട ടെലിവിഷനിലേക്ക് വരിനിന്നുകൊണ്ടാണ് എന്റെ തലമുറയിലെ പലരും വളർന്നത്. ഇപ്പോഴാലോചിക്കുമ്പോൾ സത്യമാണ്, ആക്ഷരികമാണ്, ആദ്യത്തെ ക്യൂനില്പ് മാധ്യമലഭ്യതയ്ക്ക് (മീഡിയ ആക്‌സസിന്) വേണ്ടിയായിരുന്നു. ടെലിവിഷൻ എന്ന ഡിവൈസുള്ള വീട്ടുകാരുടെ കരുണ പ്രതീക്ഷിച്ചാണ് ഞങ്ങൾ കുട്ടികൾ ഗേറ്റിന് വെളിയിൽ വരി നിൽക്കാറ്. ചിലപ്പോഴൊക്കെ സുലഭമായും മിക്കപ്പോഴും അപഹാസ്യരായും ലോകത്തിന് അകത്തും പുറത്തുമെന്ന് ഞങ്ങൾ ഡിവൈഡ് ചെയ്യപ്പെട്ടതും ആ ഡിവൈസ് വന്നശേഷമാണെന്ന് ഓർക്കുന്നു.
സത്യത്തിൽ ഒരാളുടെ ജീവിതം അയാളുപയോഗിക്കുന്ന മാധ്യമങ്ങളുടെ ജീവിതം കൂടിയാണ് എന്ന് തോന്നുന്നു. പത്രം, റേഡിയോ, ടെലിവിഷൻ, സൈബർ എന്നിങ്ങനെ അതിന്റെ കഥകളിലും അനുഭവത്തിലും പ്രതിജനഭിന്നവും വിചിത്രവുമായ ചരിത്രങ്ങളുണ്ടാവും.
ഇന്ന് പകരംവീട്ടലിന്റെ കാലവുമാണ്. മീഡിയ എന്റെ വിരൽതുമ്പിൽ, എന്റെ ലഭ്യതയ്ക്ക് വരി നില്ക്കുന്നു.
ഇന്നോർക്കുമ്പോൾ ചിരിയും കൗതുകവും കേൾക്കുന്നവർക്ക് ക്രിഞ്ചും ആകാവുന്ന ധാരാളം അനുഭവങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ജീവിതത്തിലുണ്ടായിട്ടുണ്ട്.
ടെലിവിഷൻ ഉണ്ടാക്കിയ പുകിലുകൾതന്നെ അനവധി. സത്യത്തിൽ ഒരാളുടെ ജീവിതം അയാളുപയോഗിക്കുന്ന മാധ്യമങ്ങളുടെ ജീവിതം കൂടിയാണ് എന്ന് തോന്നുന്നു. പത്രം, റേഡിയോ, ടെലിവിഷൻ, സൈബർ എന്നിങ്ങനെ അതിന്റെ കഥകളിലും അനുഭവത്തിലും പ്രതിജനഭിന്നവും വിചിത്രവുമായ ചരിത്രങ്ങളുണ്ടാവും. ഇപ്പോൾ തൂണിലും തുരുമ്പിലും ദൈവമല്ല, മീഡിയയാണ് സർവവ്യാപിയും സർവസംഹാരിയുമായിരിക്കുന്നത് എന്നോർക്കുമ്പോൾ അവ മനുഷ്യജീവിതത്തെ നിർണ്ണയിക്കുന്നതിൽ അത്ഭുതപ്പെടാനുമില്ലല്ലോ. തുടക്കത്തിൽ പറഞ്ഞതുപോലെ ഇന്ന് പത്രം വായിക്കുന്ന തലമുറ, ഫേസ്ബുക്ക് ഉപയോഗിക്കുന്ന തലമുറ എന്നൊക്കെ പറയുന്നത് കുറേക്കൂടി പുതിയ തലമുറക്ക് തന്ത വൈബിന്റെ പ്രത്യക്ഷസൂചകങ്ങളാണ്.

പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്നാൾമുതൽ ടാപ്പിങ് പഠനത്തിന് ഇറങ്ങിപ്പുറപ്പെട്ട പുലർകാലങ്ങൾ ഇന്നും അത്രയൊന്നും അസ്തമിക്കാതെയും എന്നാൽ വെളിച്ചം വീഴാതെയും ഉള്ളിലുണ്ട്. ചെറിയ തുകയാണ് അന്നൊക്കെ അതിനുള്ള പ്രതിഫലം. പാലെടുക്കലും ഉറയൊഴിക്കലും ഷീറ്റടിക്കലുമൊക്കെയാണ് അന്ന് മെയിൻ പണികൾ. പിന്നെപ്പിന്നെ ടാപ്പിങ്ങടക്കമുള്ള ജോലികളെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാം എന്നായി. വരുമാനവും മെച്ചപ്പെട്ടു. എങ്കിലും വൈദ്യുതിയില്ലാത്ത വീട്ടിൽനിന്ന് ടെലിവിഷനുള്ള വീടുകൾക്കുമുമ്പിൽ രാമായണവും ചിത്രഹാറും സീരിയലുമൊക്കെ കാണാൻ വരിനില്ക്കുന്നത് തുടർന്നുവന്നു. ഇതിനോടകം തൊട്ടടുത്ത വീടുകളിൽ ചിലത് ടെലിവിഷൻ സ്വന്തമാക്കി, ലോകത്തെ സ്വീകരണമുറിയിലേക്ക് സ്വീകരിച്ചിരുത്തിയിരുന്നു. ചേച്ചിമാർ ജനപ്രിയ വാരികകളിൽനിന്ന് പതിയെ മുഖമുയർത്തി ചിത്രഗീതത്തിലും കണ്ണീർപാടത്തിലുമൊക്കെ മിഴികളൂന്നിയ കാലം. അവർക്കും വരിനില്ക്കേണ്ടിവന്നു. എങ്കിലും ഇന്നോർക്കുമ്പോൾ ജാത്യാഭിമാനത്തിന്റെ സൂക്ഷ്മശരീരങ്ങളിൽനിന്ന് ചേച്ചിമാർക്ക് താഴെയിറങ്ങാനും അടുത്തവീടുകളിലെ അകത്തളങ്ങളിൽ ഐക്യപ്പെടാനും ടെലിവിഷൻ വഴിവെച്ചു എന്നതും കൗതുകമായി കാണുന്നു. ടെലിവിഷന്റെ ഉടമസ്ഥരായവർക്ക് ജാത്യതീയമായി അനല്പമായ അധികാരങ്ങൾ കൈവന്നു. ഒരിക്കൽ ചേച്ചിമാർക്ക് ഈ അധികാരങ്ങളിൽപെട്ട് അപമാനിതരാവേണ്ടിയും വന്നു. ഇതറിഞ്ഞ അവരുടെ അനുജൻ നടത്തിയ പ്രതികാരഫലമാണ് വീട്ടിലെത്തിയ വൈദ്യുതിയും ടെലിവിഷനും.
ദൂരദർശന്റെ ഹിന്ദിയും മലയാളവും തമിഴും എന്നിങ്ങനെ ചുരുങ്ങിയ പ്രാദേശികതകളിൽനിന്ന് സാവധാനം ഡിഷ് ആൻ്റിനയിലെ വിശാല ദേശീയതയിലേക്കും കേബിളിന്റെ ആഗോള ലോകത്തിലേക്കും യൗവനത്തോടൊപ്പം വണ്ടി കയറിയത് ഇന്ന് കേവലമായ നൊസ്റ്റാൾജിയ മാത്രമാണ്.
അച്ഛന്റെ മരണാനന്തരം അച്ഛൻപെങ്ങൾ വളരെ വൈകി അനുവദിച്ച വിഹിതം അന്നത്തെ ചെറുവാല്യക്കാരൻ മുൻപിൻ നോക്കാതെ ചെലവഴിച്ചത് അങ്ങനെയാണ്. കിട്ടിയ 15,000 രൂപയ്ക്ക് ആദ്യം വൈദ്യുതിയും മോട്ടോറും എത്തി. അടുത്ത വീട്ടിലെ ചേച്ചിമാർവഴി അവരുടെ സഹോദരനിലൂടെ അസംബ്ലഡ് ടെലിവിഷൻ തൊട്ടുപിന്നാലെ വീട്ടിലെത്തി. പുരപ്പുറത്തെ ആൻ്റിനയുടെ അഭിമാനം ചെറുതായിരുന്നില്ല. അങ്ങനെ ഞാനും കുടുംബവും ഒരു ടെലിവിഷൻ സെറ്റിനുമുന്നിലിരുന്ന് വാർത്തകളോടും കഥകളോടും സിനിമകളോടും കൂട്ടുകൂടി. കുടുംബം, കൂടുമ്പോൾ ഇമ്പമുള്ളതായത് ഇപ്രകാരം അത്ഭുതമായി മാറിയ ഡിജിറ്റൽ മീഡിയയുടെകൂടി മാധ്യസ്ഥത്തിലായിരുന്നു, എന്നെ സംബന്ധിച്ചെങ്കിലും.
ദൂരദർശന്റെ ഹിന്ദിയും മലയാളവും തമിഴും എന്നിങ്ങനെ ചുരുങ്ങിയ പ്രാദേശികതകളിൽനിന്ന് സാവധാനം ഡിഷ് ആൻ്റിനയിലെ വിശാല ദേശീയതയിലേക്കും കേബിളിന്റെ ആഗോള ലോകത്തിലേക്കും യൗവനത്തോടൊപ്പം വണ്ടി കയറിയത് ഇന്ന് കേവലമായ നൊസ്റ്റാൾജിയ മാത്രമാണ്. പിന്നെയും എത്രയോ വൈകിയാണ് ഇൻ്റർനെറ്റും ഫോണുമൊക്കെ വന്നത്. ഇന്നിപ്പോൾ ഫോണിലേക്ക് സകല മാധ്യമങ്ങളും ഇൻ്റർനെറ്റിന്റെ സഹായത്തോടെ വരിനില്ക്കാൻ തയ്യാറായിരിക്കുന്നു. എന്റെ ഒരു തലോടലാണ്, ക്ലിക്കാണ് അവയ്ക്കിന്ന് കൊതി.

മീഡിയകളെല്ലാം ഡിജിറ്റലായ കാലമാണിത്. പരമ്പരാഗത മാധ്യമങ്ങളെല്ലാം പഴയത് നിലനിർത്തിയപ്പോഴും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും ഡിവൈസുകളിലേക്കും പരകായപ്പെട്ടുകഴിഞ്ഞു. ടെലിവിഷനുമുന്നിൽ എന്നതിനേക്കാൾ അതിരാവിലെ എഴുന്നേറ്റ് BSNL സിമ്മിന് എക്സേഞ്ചിൽപോയി വരിനിന്നതിന്റെ ഓർമ്മയും മങ്ങിയിട്ടില്ല. അക്കാലംമുതൽ അക്ഷരാർഥത്തിൽ ഞാനും ഡിജിറ്റലായി എന്ന് പറയാം. അല്ലെങ്കിൽ അത് ഡിജിറ്റൽ വേൾഡിലേക്കുള്ള എന്റെ എൻട്രിയായിരുന്നു എന്നും.
ടെലിവിഷനുശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടം ഇൻ്റർനെറ്റിൻ്റേതായിരുന്നു. കഫെകളിൽ നിന്ന് എത്ര വേഗമാണ് അത് നമ്മുടെ കൈകളിലേക്ക് കുതിച്ചെത്തിയത്. ഇന്നിപ്പോൾ ജീവിതത്തിന് ഓൺലൈൻ ഓഫ് ലൈൻ മോഡുകളൊന്നുമില്ല. മുഴുവൻ ഓൺലൈൻ തന്നെ. അതായത് ഓൺലൈനിലും ഡിവൈസിലും അതുവഴി ഡിജിറ്റൽ മാധ്യമങ്ങളിലും അടിമുടി മാധ്യമീകൃതമാണ് ജീവിതം എന്നർഥം. ഈ മാധ്യമീകരണം ലോകത്തെ എങ്ങനെ മാറ്റി എന്നതിനേക്കാൾ വ്യക്തിപരമായി അതെങ്ങനെ ബാധിച്ചു അഥവാ അനുഭവിച്ചു എന്നതാണ് ആലോചിക്കുന്നത്. തീർച്ചയായും ആ ബാധ ചെറുതല്ലതന്നെ.
അമേരിക്കയിലെ പ്രസിഡൻ്റു തെരഞ്ഞെടുപ്പ് മുതൽ ഇങ്ങേയറ്റത്ത് വാർഡ് തല തെരഞ്ഞെടുപ്പുവരെ വിധി നിർണ്ണയിച്ചത് ഈ ഡിജിറ്റൽ മീഡിയകൾ കൂടിയാണ് എന്നത് അതിശയോക്തിയല്ല. എന്റെ വസ്ത്രവും ഭക്ഷണവും വരെ എന്റെ ചോയ്സല്ല, ഞാനുപയോഗിക്കുന്ന മീഡിയകളുടെ ചോയ്സാണ്.
നവമാധ്യമങ്ങൾ എന്ന് വന്നകാലത്ത് വിളിക്കപ്പെട്ടവയെല്ലാം ഇപ്പോൾ പഴകിക്കഴിഞ്ഞു. സൈബർ / ഡിജിറ്റൽ മാധ്യമങ്ങൾ എന്നേ അവയ്ക്കിന്ന് പ്രസക്തിയുള്ളൂ. ഈ ഡിജിറ്റൽ വേൾഡിൽ മറ്റൊരു ഡിജിറ്റൽ ഉപകരണമാവുകയാണ് സൂക്ഷ്മാർഥത്തിൽ നമ്മളെന്ന് തോന്നുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെയും പ്രതലങ്ങളുടേയും പൊതുവായ ഒരു പ്രത്യേകത അത് നേരത്തേതന്നെ പ്രോഗ്രാമ്ഡാണ് എന്നതാണ്. കാലികമായി അപ്ഡേറ്റ് ചെയ്യുന്നതും അതിന്റെ സ്വഭാവമാണ്. നമ്മുടെ അനുഭവം മറിച്ചാണെങ്കിലും സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് Why we post- ന്റെ പഠനങ്ങൾ പറയുന്നതുപോലെ, പ്ലാറ്റ്ഫോമുകൾ ഉപഭോക്താവിനെയല്ല, തിരിച്ചാണ് അപ്ഡേറ്റ് ചെയ്യുന്നതെന്നും പറയാം. എന്നാലിത് ഏകപക്ഷീയമല്ലതന്നെ. ഉപയോഗിക്കുന്നവരിൽ വലിയ വിഭാഗത്തെയും പ്രോഗ്രാം ചെയ്യാം എന്നതാണ് ഡിജിറ്റൽ മീഡിയയുടെ യഥാർഥ ശക്തി. എല്ലാ മീഡിയയ്ക്കും ഈ ശേഷിയുണ്ട് എന്നിരിക്കിലും ഡിജിറ്റൽ മീഡിയയുടെ ക്ഷമതയോ വേഗതയോ അവയ്ക്കില്ല.

അമേരിക്കയിലെ പ്രസിഡൻ്റു തെരഞ്ഞെടുപ്പ് മുതൽ ഇങ്ങേയറ്റത്ത് വാർഡ് തല തെരഞ്ഞെടുപ്പുവരെ വിധി നിർണ്ണയിച്ചത് ഈ ഡിജിറ്റൽ മീഡിയകൾ കൂടിയാണ് എന്നത് അതിശയോക്തിയല്ല. എന്റെ വസ്ത്രവും ഭക്ഷണവും വരെ എന്റെ ചോയ്സല്ല, ഞാനുപയോഗിക്കുന്ന മീഡിയകളുടെ ചോയ്സാണ്. അതുകൊണ്ട് സൂക്ഷ്മാർഥത്തിൽ ഞാൻ ആരാണ് എന്ന എക്കാലത്തെയും ദാർശനികവ്യഥയ്ക്ക് ഞാൻ ഞാനുപയോഗിക്കുന്ന മാധ്യമമാണ് എന്ന മറുപടിക്ക് സാംഗത്യണ്ട് ഇപ്പോൾ. ഇൻസ്റ്റയിലും ഫേസ്ബുക്കിലും വാട്സാപ്പിലും ഞാനുണ്ട്. എന്റെ ഡിജിറ്റൽ മാധ്യമങ്ങളെല്ലാംചേരുന്ന ഒന്നാണ് ഇന്ന് ഞാൻ.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More