ഡേറ്റയിൽ അധിധിഷ്ഠിതമായ സാങ്കേതികവിദ്യ നമ്മുടെ ആശയവിനിമയങ്ങളെ മാത്രമല്ല സ്വാധീനിച്ചത്, ഒരു നിമിഷം പോലും അവയുടെ സഹായമില്ലാതെ നിലനിൽക്കാനാവാത്ത വിധം ജീവിതത്തെ അത് മാറ്റിമറിച്ചു.
ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെയും സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും അത് മോചിപ്പിച്ചു. വീട് വിടാനോ യാത്ര ചെയ്യാനോ അവസരം നിഷേധിക്കപ്പെട്ട സ്ത്രീകൾക്ക് പുതിയ ആകാശം തന്നെ അത് തുറന്നു. സ്ത്രീയവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ ഡിജിറ്റൽ സ്പേസിൽ പൂർവാധികം ശക്തി പ്രാപിച്ചു. സ്ത്രീകൾക്ക് ജനാധിപത്യപരമായി ഇടപെടാൻ ഭൂമിയിൽ മറ്റൊരിടമില്ലായിരുന്നു എന്നതാണ് സത്യം. വിദ്യാഭാസപരമായും തൊഴിൽപരമായും രാഷ്ട്രീയ-സാമൂഹ്യമേഖലകളിൽ പ്രാതിനിധ്യപരമായി ഇടപെടാനും ഡിജിറ്റൽ വിപ്ലവം സ്ത്രീകൾക്ക് മുന്നിൽ വലിയ വാതിലുകൾ തുറന്നിട്ടു. പ്രത്യേകിച്ച് കോവിഡ്- കോവിഡാനന്തര ലോകത്ത്, ഡിജിറ്റൽ സ്പേസിൽ മനുഷ്യരുണ്ടാക്കിയ കുതിച്ചുചാട്ടം ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു.
അതിന്റെ തുടർച്ചയെന്നോണം രൂപപ്പെട്ട 'ബിഗ് -ഡേറ്റ' പതിയെപ്പതിയെ ടെക്- ഭീകരന്മാരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും സാമ്രാജ്യത്വശക്തികൾ അവയെ വർഗീയതയും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നത് അതേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തന്നെ നമുക്ക് എതിരിടേണ്ടിവന്നു. ഡിജിറ്റൽ സ്പേസ് സ്വയംഭരണാധികാരസ്വഭാവമുള്ളതോ ലിംഗനിഷ്‌പക്ഷമോ അല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടായി. സാമൂഹ്യരാഷ്ട്രീയത്തിന്റെ അധികാരക്കൈകൾ സാങ്കേതികവിദ്യകളെ തങ്ങൾക്ക് അനുകൂലമാംവിധം ഡിസൈൻ ചെയ്തു ഉപയോഗിക്കുന്നുവെന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുന്നു. പക്ഷെ, പലവിധ സാമൂഹ്യപ്രശ്നങ്ങൾക്കും പരിമിതികൾക്കും പരിഹാരവും ഈ സാങ്കേതികവിദ്യ തന്നെയാണെന്നത് അതീവ ഗൗരവമായിട്ടെടുക്കേണ്ട വിഷയമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സാങ്കേതികവിദ്യകൾ അപ്രാപ്യമാണ്. പ്രാപ്യമാണെങ്കിൽ പോലും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതും രണ്ടുമുണ്ടെങ്കിലും അവയുടെ ഉപയോഗം പുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകുന്നുണ്ട്.
സാങ്കേതിക മേഖല അതിദ്രുതം മുന്നോട്ട് കുതിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗം പോലും പ്രാപ്യമല്ലാത്ത സ്ത്രീകളെയും ചില വംശീയ ന്യൂനപക്ഷങ്ങളേയും ഡിജിറ്റൈസ്ഡ് ലോകം പുറന്തള്ളുന്നുവെന്നും അതിനാൽ അവർക്കു സാങ്കേതിക പരിജ്ഞാനവും സാങ്കേതിക ഉപാധികളും ലഭ്യമാക്കേണ്ടത് അടിസ്ഥാന ആവശ്യമാണെന്നും ഇന്റർസെക്ഷണൽ ഫെമിനിസം നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന്, യു.എന്നും ചില മനുഷ്യാവകാശസംഘടനകളും മുൻകൈയെടുത്ത് പല പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. EQUALS skills coalition, women connect, women rights online(WRO) എന്നിവ സാങ്കേതിക ലോകത്തെ ലിംഗ വ്യത്യാസങ്ങൾക്കും അനീതികൾക്കുമെതിരെ പ്രവർത്തിക്കുന്ന സംഘടനകളാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സാങ്കേതികവിദ്യകൾ അപ്രാപ്യമാണ്. പ്രാപ്യമാണെങ്കിൽ പോലും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതും രണ്ടുമുണ്ടെങ്കിലും അവയുടെ ഉപയോഗം പുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകുന്നുണ്ട്. വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ ഈ വ്യത്യാസം പ്രകടമാണ്. സാങ്കേതിക വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിൽ പെൺകുട്ടികൾ വിമുഖത കാണിക്കുന്നത്, ടെക് തൊഴിലിടങ്ങൾ അനുകൂലമല്ലാത്തതുകൊണ്ടുകൂടിയാണ്.
ആഗോളാടിസ്ഥാനത്തിൽ അധ്യാപന മേഖലയിലും ആരോഗ്യമേഖലയിലും സ്ത്രീപങ്കാളിത്തം 70 ശതമാനമാണെങ്കിൽ ടെക് മേഖലയിൽ 30 ശതമാനമേ ഉള്ളൂ.
അൽഗോരിതത്തിൽ അധിഷ്ഠിതമായി രൂപപ്പെട്ട നൂതനസാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിലവിലെ ചരിത്രത്തെയും സാമൂഹ്യ- രാഷ്ട്രീയ ആശയങ്ങളെയും അടിസ്ഥാനമാക്കിയാണ് വർത്തിക്കുന്നത്. നിലനിൽക്കുന്ന പുരുഷകേന്ദ്രീകൃത ആശയങ്ങൾ തന്നെയാണ് ഇവയെയും സ്വാധീനിക്കുന്നത്. alexa, Siri പോലുള്ള Virtual personal assistance (VPAs) കളെല്ലാം അനുസരണയും അച്ചടക്കവുമുള്ള സ്ത്രീസ്വത്വ(ശബ്ദ)ത്തെയാണ് പുനരുജ്ജീവിപ്പിക്കുന്നത്.
ഡിജിറ്റൈസ് ആയ ലോകത്ത് സ്‌ത്രീശാക്തീകരണം അസാധ്യമല്ല. എന്നാൽ ഇത്തരത്തിൽ സ്വാതന്ത്ര്യവും അധികാരവും നേടിയെടുത്ത സ്ത്രീകൾക്കുവേണ്ടി ലോകം അഴിച്ചു പണിയേണ്ടതെങ്ങനെയെന്നാണ് ഇനി ആലോചിക്കേണ്ടത്.
ആമസോൺ ഡെവലപ്പ് ചെയ്ത അൽഗോരിതം സ്ത്രീ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ തള്ളിക്കളഞ്ഞത്, പുരുഷകേന്ദ്രീകൃത ആശയങ്ങൾ സ്വഭാവികമാകുന്ന സാമൂഹ്യസാഹചര്യങ്ങൾ അവയെ സ്വാധീനിക്കുന്നതുകൊണ്ടു കൂടിയാണ്. Google അടക്കമുള്ള ടെക് ഭീകരന്മാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലിംഗ പക്ഷപാതിത്തെ തരണം ചെയ്യാനുള്ള പോംവഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലകളിൽ സ്ത്രീപ്രാതിനിധ്യം അടിയന്തരമായി കൂട്ടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ജോലി ചെയ്യാത്ത സ്ത്രീകൾ എന്നൊരു വർഗ്ഗമേയില്ല. ‘ജോലിചെയ്തിട്ടും വേതനം നല്കപ്പെടാത്തവർ’ എന്ന വർഗ്ഗമാണുള്ളത്. സ്ത്രീകൾ എപ്പോഴും ജോലി ചെയ്യുന്നു. അവർ പ്രതിഫലം കൂടാതെയും കുറഞ്ഞ വേതനത്തിലും അദൃശ്യമായും ജോലി ചെയ്യുന്നു. ആധുനിക തൊഴിലിടങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല. ജോലിസ്ഥലങ്ങളോ അവിടേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങളോ സമയങ്ങളോ നിയമങ്ങളോ ഒന്നും സ്ത്രീകളെ പരിഗണിക്കുന്നില്ല. അവിടെയുള്ള ഉപകരണങ്ങളും പരിസരവും പോലും പുരുഷജീവിതത്തെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്ത്രീകളുടെ ശാരീരികസൗകര്യങ്ങളെ പരിഗണിക്കുന്ന കാറുകൾ പോലും വിപണിയിലില്ല എന്നതാണ് വാസ്തവം. പകരം, അപകടകരമായ സിഗരറ്റ് കത്തിക്കാനും കളയാനുമുള്ള സൗകര്യം പോലും സജ്ജീകരിച്ചിട്ടുണ്ടാവും.
കരോളിൻ ക്രിയാഡോ പെരസിന്റെ (Caroline Criado Perez) Invisible Women: Exposing Data Bias in a World Designed for Men എന്ന പുസ്തകം തുറന്നുതരുന്നത് ഇത്തരമൊരു കാഴ്ചപ്പാടാണ്. അവർ വിശദീകരിക്കുന്ന മറ്റൊരു വസ്തുത, digital data gap എന്ന ഗൗരവമേറിയ വസ്തുതയാണ്. Digital ലോകം by default പുരുഷകേന്ദ്രീകൃതമാണ്. ഗവേഷണങ്ങളുടെ ഭാഗമായി ശേഖരിക്കപ്പെടുന്ന ഡേറ്റ ബഹുഭൂരിപക്ഷവും healthy male voulnteer-ടേതായിരിക്കും. ഹ്യൂമൻ എന്നാൽ man ആയി മാറുന്ന അവസ്ഥയാണത്.
സഹസ്രാബ്ദങ്ങളായി, പുരുഷശരീരങ്ങൾക്ക് മനുഷ്യരാശിയെ മൊത്തത്തിൽ പ്രതിനിധീകരിക്കാൻ കഴിയുമെന്ന അനുമാനത്തിലാണ് വൈദ്യശാസ്ത്രം പോലും പ്രവർത്തിക്കുന്നത്. തൽഫലമായി, സ്ത്രീ ശരീരങ്ങളുടെ കാര്യത്തിൽ ചരിത്രപരമായ വലിയ ഡേറ്റാ ഗ്യാപ്പുണ്ട്. പ്രത്യുല്പാദനസാധ്യതയാണ് സ്ത്രീകളെ ഇത്തരം ഗവേഷണങ്ങളിൽ എത്തിക്കലി vulnerable subjects ആക്കുന്നത്. എന്നാൽ ഈ പരിമിതിയെ വൈദ്യശാസ്ത്രം മറികടക്കുന്നേയില്ല എന്നതും ആലോചിക്കേണ്ടതുണ്ട്.
ഡിജിറ്റൈസ് ആയ ലോകത്ത് സ്‌ത്രീശാക്തീകരണം അസാധ്യമല്ല. എന്നാൽ ഇത്തരത്തിൽ സ്വാതന്ത്ര്യവും അധികാരവും നേടിയെടുത്ത സ്ത്രീകൾക്കുവേണ്ടി ലോകം അഴിച്ചു പണിയേണ്ടതെങ്ങനെയെന്നാണ് ഇനി ആലോചിക്കേണ്ടത്. സാങ്കേതികരംഗത്തെ ലൈംഗിക ചൂഷണവും സൈബർ ആക്രമണവുമെല്ലാം പഴകിയുറച്ച പാട്രിയാർക്കി മാറുന്ന കാലത്തിനനുസരിച്ചു പുറത്തെടുക്കുന്ന ആയുധങ്ങൾ മാത്രമാണെന്ന് തിരിച്ചറിവാണ് സ്ത്രീകൾക്ക് വേണ്ടത്.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More