ലാസ്റ്റ് ബെൽ

മാർച്ചിലവസാനിക്കുന്ന പരീക്ഷാകാലങ്ങളുടെ ഓർമകൾ. ആനന്ദ് ഗംഗൻ എഴുതുന്ന പരമ്പര- 90’s Nostalgia- അവസാനിക്കുന്നു.

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
പത്താം വഴി



രാവിലെയൊരു ഒരു മണിക്കൂർ നേരമുണ്ട്. മുഹൂർത്തം കുറിച്ച് പറഞ്ഞാൽ ഏഴിനും എട്ടിനും ഇടയിൽ. അതിരാവിലെ നല്ലനടപ്പിന് ഇറങ്ങിയവർ തളർന്ന് തിരികെ കയറുന്ന നേരം. ജോലിക്കും കൂലിക്കും ഓടുന്നവരുടെ തിക്കും തിരക്കും റോഡ് കയ്യേറുന്നതിന് മുൻപുള്ള നേരം. ഹോട്ടലുമ്മറങ്ങളിലെ സമോവർ ചായകൾ തിളച്ചുതൂവുന്ന നേരം. ആ നേരത്തിന് എന്താണിത്ര പ്രത്യേകത എന്നാണ് ചോദ്യമെങ്കിൽ,
ആ നേരം കുഞ്ഞുപൂമ്പാറ്റകൾ കൊച്ചി പൊതിയും. കുഞ്ഞുപൂക്കളുടെ ഉദയച്ചിരി നഗരം കാണും. പറഞ്ഞുവന്നത് കുഞ്ഞുപിള്ളേർക്കൂട്ടം പഠിക്കാനിറങ്ങുന്ന സമയത്തെക്കുറിച്ചാണ്. വലുതും ചെറുതുമായ മഞ്ഞ ബസുകൾ നഗരഞരമ്പിൽ നിറയുന്ന നേരത്തെക്കുറിച്ചാണ്. നൂറുവഴികൾ നൂറുബസുകളെ കാത്തുനിൽക്കും. ഇസ്തിരിവടിവിലുള്ള ഇത്തിരിക്കുഞ്ഞൻമാരെ ഒന്നായൊന്നായി പെറുക്കിയെടുത്ത് പലദിക്കിലെ പല,പല പാഠശാലകളിലേക്ക് മഞ്ഞവണ്ടികൾ ഗിയർ മാറ്റും. കണ്ടിട്ടില്ലേ, ഉല്ലാസപ്പൂത്തിരികളുടെ ആ ഉന്മേഷയാത്ര. ഒരു ദിനമാകെ ഉണർവും ഊർജവുമേകാൻ ആ കൂട്ടത്തിലെ ഉറക്കംതൂങ്ങിക്കൊച്ചിന് വരെ സാധിക്കും.

വായിക്കാം, കേൾക്കാം: മെമ്മറിഫുൾ

എന്തു വെളിച്ചമാണ്,
വെള്ളിയാഴ്ചകൾക്ക്…

താലീസും
പാലൈസും

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി

വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ

തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ

ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്

പ്രാണൻ നിറച്ച പാട്ടുകൾ

കാലം,
എംബാപ്പെയുടെ
കാൽവേഗത്തിൽ

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി

വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ

തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ

ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്

പ്രാണൻ നിറച്ച പാട്ടുകൾ

ഇപ്പോൾ നിങ്ങളുടെ ഈ കുഞ്ഞു ഹീറോസ് എന്തുചെയ്യുകയായിരിക്കും. അവരെല്ലാം പരീക്ഷാത്തിരക്കുകളിലാകും. വേനലവധിപരീക്ഷയുടെ തയ്യാറെടുപ്പുകളിൽ. പുതിയ പരീക്ഷകൾ, പഴയകാല പരീക്ഷകളെ പോലെ തന്നെ തുടരുന്നുണ്ടോ, പുതിയ മാർച്ച് മാസങ്ങൾ പഴയ മാർച്ച് മാസങ്ങളെപ്പോലെ തന്നെയാണോ. ഓർമ്മക്കലണ്ടറിൽ മാർച്ച് ഒരു മധുരനൊമ്പരമാസമാണ്. മാർച്ചിൽ, നമ്മൾ കുത്തിയിട്ട സ്കൂളോർമകളുടെ സൂചി വലിച്ചൂരിയാൽ ചോര പൊടിയുമെന്നത് തീർച്ച. എന്തെന്നാൽ വെക്കേഷൻ കാലത്തേക്കുള്ള കവാടം മാത്രമായിരുന്നില്ല മാർച്ച്. കുത്തിമറിയൽ കൂട്ടുകളെല്ലാം കുത്തിട്ട് നിർത്തുന്ന, വേർപിരിയലിൻറെ വേനൽച്ചൂട് തുടങ്ങുന്ന മാർച്ച്. പാസ് മാർക്ക് പോലും തരാതെ പലരുടേയും പഠിപ്പ് നിർത്തിച്ച മാർച്ച്. അതുവരെ ഒപ്പം പഠിച്ചവനെ പുതിയ സ്കൂളിലേക്കും പുതിയ ക്ലാസിലേക്കും പുതിയ ഡിവിഷനിലേക്കും മാറ്റുന്ന മാർച്ച്. മാർച്ചിലവസാനിക്കുന്ന പരീക്ഷാകാലങ്ങളുടെ ഓർമകളാണ് ഇക്കുറി.

ലാസ്റ്റ് ബെൽ കേൾക്കുന്നില്ലേ,
എഴുത്തുനിർത്തി, പേപ്പർ തിരികെ നൽകാം. ഓർമോപനിഷത്ത് അവസാന ലക്കം.

ഓർമ്മക്കലണ്ടറിൽ  മാർച്ച് ഒരു മധുരനൊമ്പരമാസമാണ്. മാർച്ചിൽ, നമ്മൾ കുത്തിയിട്ട സ്കൂളോർമകളുടെ സൂചി വലിച്ചൂരിയാൽ ചോര പൊടിയുമെന്നത് തീർച്ച.
ഓർമ്മക്കലണ്ടറിൽ മാർച്ച് ഒരു മധുരനൊമ്പരമാസമാണ്. മാർച്ചിൽ, നമ്മൾ കുത്തിയിട്ട സ്കൂളോർമകളുടെ സൂചി വലിച്ചൂരിയാൽ ചോര പൊടിയുമെന്നത് തീർച്ച.


മാർച്ചോർമകൾക്ക് മാർക്കെത്ര?

സ്കൂൾ ഓർമകളെ എഴുതിത്തുടങ്ങാൻ എറ്റവും നല്ലത് പരീക്ഷാമുറികളാണ്. എന്തെന്നാൽ ഇന്ന് ഇവൻറെ ഓർമശക്തി ഒന്ന് പരീക്ഷിച്ചുകളയാം എന്ന് തലച്ചോർ തീരുമാനമെടുക്കുന്ന ദിവസങ്ങളാണ് പരീക്ഷാപ്പകലുകൾ. ചെറിയ ക്ലാസുകളിൽ വലിയ മുന്നൊരുക്കങ്ങളോടെയായിരുന്നു പരീക്ഷാപ്പുറപ്പാട്. തയ്യാറെടുപ്പുകൾ ഒന്നും പഠനത്തിൽ മാത്രം തീരില്ല. മുഴുവൻ പഠിക്കുന്നവർ പോലും താൻ പാതി ദൈവം പാതി എന്ന നാട്ടുനടപ്പിൽ വിശ്വസിക്കുന്ന കാലമാണ്. അപ്പോൾ പകുതി പഠിക്കുന്നവർക്ക് ദൈവത്തെ പാതി ഷെയർ ഇടുന്നവനാക്കി മാറ്റി നിർത്താൻ ആകുമായിരുന്നില്ല. വിദ്യാസൂക്തം മുതൽ വഴിപാടുകൾ, തേങ്ങയുടക്കൽ, ചരടുകെട്ടൽ എല്ലാം കഴിഞ്ഞേ സ്കൂളിലെത്തൂ. കൂടെയുള്ളവനോട് രണ്ട് പെൻ ഉണ്ടോ എന്ന് ചോദിച്ച് പരീക്ഷയ്ക്ക് കയറും. തേങ്ങ പെറുക്കാനും തൊഴുത് പ്രാർത്ഥിക്കാനും പോയ നേരം നിനക്കെല്ലാം ഒരു പെൻ എടുത്ത് പോക്കറ്റിൽ ഇട്ട് കൂടായിരുന്നോ എന്ന് പലവൻമാരോടും ദൈവം ഉള്ളിൽ ചോദിച്ചുകാണും. നീണ്ട ബെൽ വരാന്തകളെ ശൂന്യവും നിശബ്ദവുമാക്കും. പതുക്കെ പരീക്ഷകൾ ആരംഭിക്കും.

ആരാകും പരീക്ഷാ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകനെന്നതാകും ആദ്യത്തെ ആശങ്ക. ചില അധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി പൊലീസുകാരുടെ പട്രോളിംഗ് ഡ്യൂട്ടിപോലെയാണ്. ചിലർക്ക് അത് ട്രാഫിക് ഡ്യൂട്ടിപോലെയും. പട്രോളിംഗിന് ഇറങ്ങിയവരാണ് എത്തുന്നതെങ്കിൽ വട്ടംകറങ്ങി, വട്ടംകറക്കിക്കൊണ്ടേയിരിക്കും. ട്രാഫിക് ഡ്യൂട്ടിയിലുള്ളവരെ പേടിക്കേണ്ട. ഏറിവന്നാൽ ചില അപായ സിഗ്നലുകൾ മാത്രം. അതിനപ്പുറം അവർ പോകില്ല. അധ്യാപകരാര് എന്ന ആശങ്ക വഴിമാറിയാൽ പിന്നെ ചോദ്യപേപ്പറിൽ എന്തെല്ലാമാകും എന്ന ബേജാറിൻറെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പലവിധ പരീക്ഷാ പരിഷ്കാരങ്ങളുടെ കാലം കൂടിയായിരുന്നു. മാർക്കെല്ലാം നിർത്തി ഗ്രേഡാക്കിയ കാലം, കുട്ടികൾ കൂളായി മാത്രം എഴുതിത്തുടങ്ങാൻ കൂൾ ഓഫ് ടൈമെല്ലാം സർക്കാർ അനുവദിച്ചു തന്നിരുന്നു. കൂൾ ടൈമും കഴിഞ്ഞേ ഉത്തരമെഴുതി തുടങ്ങാൻ പറ്റൂ. സമയം ഓടിത്തുടങ്ങും.

എന്തെങ്കിലും ആഗ്രഹിച്ചാൽ പ്രകൃതി ഒക്കച്ചങ്ങായിയായി കൂടെ വരുമെന്ന ആപ്തവാക്യത്തിൽ അവിശ്വാസം തോന്നിപ്പിക്കുന്നതുകൂടെയായിരുന്നു മിക്ക പരീക്ഷാദിനങ്ങളും. പഠിച്ച ഉത്തരങ്ങളെ പകർത്തേണ്ട ചോദ്യങ്ങൾ മഷിയിട്ട് നോക്കിയാലും കാണില്ല. ഇനി കണ്ടാലോ ഒന്നോർത്ത് അത് എഴുതി തുടങ്ങുമ്പോഴേക്കും ഒരറ്റത്ത് നിന്ന് ആ ഓർമകളെ മായ്ക്കുന്ന പണി തലച്ചോർ തുടങ്ങിയിട്ടുണ്ടാകും. ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹിന്ദി വാക്കുകളും ഹിന്ദി പരീക്ഷയ്ക്ക് ഇംഗ്ലീഷ് വാക്കുകളും തലക്ക് ചുറ്റും കറങ്ങും. ഓർത്തെടുക്കേണ്ട വാക്കും വരിയും ഓർമയുടെ ഭൂപടത്തിൽ നിന്ന് ഒളിച്ചോടി എങ്ങോ പോയിട്ടുണ്ടാകും. അതുവരെ ആലോചിച്ചിട്ടില്ലാത്തതും ഈ ആയുഷ്കാലം ആലോചിക്കേണ്ടതേ ഇല്ലാത്തതുമായ പദഘോഷയാത്ര പിന്നാലെ വരും. സമയം തീരാറായെന്ന തീട്ടൂരം വരും. രക്ഷപ്പെടാനുള്ള വക എഴുതി ഉറപ്പിച്ചെന്ന് എണ്ണിക്കൂട്ടും. കൂട്ടിവച്ച കണക്കുകൾ ചീട്ടുകൊട്ടാരം പോലെ തകരാൻ പരീക്ഷ കഴിഞ്ഞുള്ള പത്തുമിനിറ്റ് നേരം മതി. അതായിരുന്നില്ല ഉത്തരമെന്നും ഇതായിരുന്നു ഉത്തരമെന്നും വിശദീകരിക്കുന്നവരുടെ അടുത്ത് നിന്ന് ഓടിരക്ഷപ്പെടും. അക്കാലം പഠിപ്പിക്കാത്ത ചോദ്യങ്ങൾക്ക് മാർക്ക് വെറുതെ തരുമായിരുന്നു. നോബോളിന് ഫ്രീഹിറ്റ് എന്നതുപോലെ കിട്ടുന്ന ആ മാർക്കുകൾ പലർക്കും രക്ഷകനായിട്ടുണ്ട്.

ആരാകും പരീക്ഷാ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകനെന്നതാകും ആദ്യത്തെ ആശങ്ക. ചില അധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി പൊലീസുകാരുടെ പട്രോളിംഗ് ഡ്യൂട്ടിപോലെയാണ്. ചിലർക്ക് അത് ട്രാഫിക് ഡ്യൂട്ടിപോലെയും.
ആരാകും പരീക്ഷാ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകനെന്നതാകും ആദ്യത്തെ ആശങ്ക. ചില അധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി പൊലീസുകാരുടെ പട്രോളിംഗ് ഡ്യൂട്ടിപോലെയാണ്. ചിലർക്ക് അത് ട്രാഫിക് ഡ്യൂട്ടിപോലെയും.

പകർത്തിയെഴുത്തിന്റെ
പിപ്പിടിവിദ്യകൾ

ചെറിയ ക്ലാസുകളിലെ വലിയ മുന്നൊരുക്കങ്ങളിൽ നിന്ന് വലിയ ക്ലാസുകളിലെ ചെറിയ മുന്നൊരുക്കങ്ങളിലേക്ക് പരീക്ഷാക്കാലം മാറി. അൽപ്പം തരികിട വഴികളിലൂടേയും അനുകൂല വിധിയെഴുത്ത് സമ്പാദിക്കാനാകുമെന്ന് അനുഭവസ്ഥർ വഴികാട്ടി. പേപ്പറുകൾ കൈമാറുന്നതിൽ തുടങ്ങും നോക്കിയെഴുത്തിൻറെ ദശാരംഭം. മെയ്യ് കണ്ണായും കൈ കാറ്റായും മാറും. നൊടിയിട കൊണ്ട് ഒടിവിദ്യപോലെ പേപ്പറുകൾ പറക്കും. രണ്ടാം ദശയിൽ ആർക്കും ഡീക്കോഡ് ചെയ്യാനാകാത്ത വിധത്തിൽ ഡെസ്ക്കിൽ അരാമിക്കിലും അറബിക്കിലുമെല്ലാം ഉത്തരങ്ങൾ ആലേഖനം ചെയ്യപ്പെടും. ഉത്തരം കൊത്തിയെടുത്ത ഉരുപ്പിടിയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകില്ല. അതിനെല്ലാം മിടുക്കുള്ള തച്ചുഗുണമുള്ള കൊച്ചൻമാർ ഒരു ക്ലാസിൽ ഒരാളെങ്കിലും എന്തായാലും കാണും. തച്ചൻ മാത്രമല്ല തയ്യൽക്കാരുമുണ്ടാകും. അവർ പരീക്ഷാക്കാലം തുണ്ട് തുന്നിയിട്ട കുപ്പായങ്ങളൊരുക്കും.

അങ്ങനെ പെന്നും പെൻസിലുമൊക്കെ വാങ്ങിയുറപ്പിച്ച പരീക്ഷാക്കാലത്ത് നിന്ന് ബ്ലേഡും കത്രികയും കൂടി വാങ്ങിച്ച് ഉറപ്പിക്കുന്ന പുതിയ പരീക്ഷക്കാലം പിറന്നു. ടെക്സ്റ്റ് ബുക്കുകൾ ഏറ്റവും ചെറിയ വലുപ്പത്തിൽ ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകിയിരുന്ന കടകൾക്ക് പരീക്ഷാത്തലേന്ന് കൃത്യമായി അറ്റൻഡൻസ് നൽകി. തുണ്ട് തയ്യാറാക്കി, അത് ഒളിപ്പിച്ചുകടത്തി, ഒരു സംശയംപോലും തോന്നിക്കാത്തമട്ടിൽ പേപ്പറിലാക്കുന്ന കല കൈവശമുള്ള എത്രയോ പേരുണ്ടായിരുന്നു. പകർത്തിൽ പരാജയം രുചിച്ച് പിടിക്കപ്പെട്ടവരും ഏറെ. പിടിക്കപ്പെട്ടിട്ടും ഒപ്പമുള്ളവരെ ഒറ്റാതെ കാത്തവർ എത്രയോ, ഞാൻ മാത്രമല്ല അവനും അവരുമെന്ന് പറഞ്ഞ് കൂട്ട കോപ്പിയടി കയ്യോടെ പൊക്കാൻ കാരണമായ കൂട്ടത്തിലെ അപ്പുക്കുട്ടൻമാരെ ഓർക്കുന്നില്ലേ. എല്ലാം കണ്ടിട്ടും ഞാനിതെത്ര കണ്ടതെന്ന ഭാവത്തിൽ സ്നേഹത്തിൽ കണ്ണടച്ച അധ്യാപകർ അതിലേറെ.
തെറ്റില്ലാതെ തീർന്നുകൊണ്ടിരുന്ന പരീക്ഷാകാലം ശരിയില്ലാതെ തീരുന്ന ഗ്രഹണകാലത്തിന് വഴിമാറിയതല്ലാതെ കോപ്പിയും പേസ്റ്റും ആരേയും എല്ലാക്കാലവും സംരക്ഷിച്ചില്ല. പഠിച്ചവർ, പ്രയത്നിച്ചവർ വിജയമധുരത്തിൻറെ ലഹരി രുചിച്ചു. അല്ലാത്തവരുടെ വിജയക്കുമിളകൾ അൽപായുസ് താണ്ടിയില്ല. നാലക്ഷരം പഠിച്ചാൽ നിനക്ക് കൊള്ളാമെന്ന അശരീരി കേൾക്കാതെ വളർന്നവരാരെങ്കിലുമുണ്ടോ?

പരീക്ഷാപേപ്പർ വിതരണവും ഉദ്വേഗജനകം തന്നെയായിരുന്നു. സ്കൂൾ തുറന്നാൽ ഒന്നാംദിനം തന്നെ ഉത്തര പേപ്പറുമായി വരുന്ന അധ്യാപകരുണ്ടായിരുന്നു. പേപ്പർ നോക്കിക്കഴിഞ്ഞോ എന്ന് നൂറുവട്ടം ചോദിച്ചാൽ മാത്രം പേപ്പർ നോക്കി തരുന്നുവരുടേത് കൂടിയായിരുന്നു സ്റ്റാഫ് റൂം. നാടകീയത നിറച്ചാകും ഉത്തരപേപ്പർ വിതരണമേള. ആദ്യം പേരുവിളിക്കും. അരികിലെത്തിയാൽ പേപ്പർ നീട്ടി മാർക്ക് ഉച്ചത്തിൽ വിളിച്ചുപറയും. അനുമോദനമോ അടിയോ വാങ്ങി തിരികെപ്പോകാം. പരീക്ഷാപ്പേപ്പറിൽ രക്ഷിതാക്കളുടെ ഒപ്പിട്ട് കൊണ്ടുവരുക, തെറ്റിയ ഉത്തരം ഓരോന്നും പത്തുവട്ടം എഴുതിക്കൊണ്ടുവരുക ഇത്തരം അനാചാരങ്ങൾ കൊടികുത്തി വാണ കാലം കൂടിയായിരുന്നു. ഒപ്പ് ഒപ്പിക്കുന്നതിലും വലിയ ബാലികേറാമല എംപോസിഷൻ തന്നെയായിരുന്നു. പ്രോഗ്രസ് കാർഡിലേക്കാണ് സകല പരീക്ഷാക്കാലങ്ങളും കൊട്ടിയിറങ്ങുക. റേഷൻ കാർഡ് കഴിഞ്ഞാൽ അക്കാലത്തെ മുന്തിയ കാർഡ് പ്രോഗ്രസ് കാർഡായിരുന്നു. ഓരോ പ്രോഗസ് കാർഡും ഓരോ ജീവിതങ്ങളായിരുന്നുവെന്ന് തയ്യാറാക്കിയ അധ്യാപകനോ ഒപ്പിട്ട് തരാത്ത രക്ഷിതാക്കളോ അക്കാലം തിരിച്ചറിഞ്ഞിരുന്നുവോ എന്ന് സംശയിക്കാതെ വയ്യ!

ണ്ടാം ദശയിൽ ആർക്കും ഡീക്കോഡ് ചെയ്യാനാകാത്ത വിധത്തിൽ ഡെസ്ക്കിൽ അരാമിക്കിലും അറബിക്കിലുമെല്ലാം ഉത്തരങ്ങൾ ആലേഖനം ചെയ്യപ്പെടും.
ണ്ടാം ദശയിൽ ആർക്കും ഡീക്കോഡ് ചെയ്യാനാകാത്ത വിധത്തിൽ ഡെസ്ക്കിൽ അരാമിക്കിലും അറബിക്കിലുമെല്ലാം ഉത്തരങ്ങൾ ആലേഖനം ചെയ്യപ്പെടും.

ക്ലാസ് പരീക്ഷ, ഓണം പരീക്ഷ, ക്രിസ്മസ് പരീക്ഷ, വിഷു പരീക്ഷ ഇവയെല്ലാം സംയോജിപ്പിച്ച് ഏകപരീക്ഷാകോഡ് നടപ്പാക്കണമെന്ന് വാദിക്കുന്നവരുള്ളതുപോലെ തന്നെ എസ് എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി തുടങ്ങി പരീക്ഷകളായ പരീക്ഷകളിൽ കൈവിഷം കിട്ടിയവരും കൂടിചേരുന്നതായിരുന്നു സുഹൃദ്സംഘം. പരീക്ഷകളുടെ എണ്ണം കുറക്കണമെന്നതുപോലെ തന്നെ, പഠനഭാരം കുറക്കാൻ മലയാളം ഫസ്റ്റും സെക്കൻഡും ഇംഗ്ലീഷ് ഫസ്റ്റും സെക്കൻഡും കണക്ക് ഫസ്റ്റും സെക്കൻഡും ലയിപ്പിച്ച് ഒന്നാക്കണമെന്ന മടിയൻമാരുടെ ആവശ്യവും അക്കാലം ഉയർന്നുകേട്ടിരുന്നു. സത്യത്തിൽ കഥകൾ മാത്രം അച്ചടിച്ചിറങ്ങിയ സെക്കൻഡ് പാർട്ടുകൾ നിലനിർത്തി മലയാളം ഫസ്റ്റും ഇംഗ്ലീഷ് ഫസ്റ്റും പിന്നെ കണക്ക് മൊത്തത്തിലും നിരോധിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. കാലാന്തരത്തിൽ സെക്കൻഡ് പാർട്ടുകൾ സിലബസ് വിട്ടിറങ്ങി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പരീക്ഷാമുറികളിൽ പേടിയുടെ നിഴലുകളില്ല. പരീക്ഷാമുന്നൊരുക്കങ്ങളും രസകരമായ ഓർമകൾ മാത്രം. ടൈംടേബിൾ വരുന്ന നേരം മുതൽ നന്നാവാൻ കൂട്ടമായ തീരുമാനങ്ങളുണ്ടാകും. പോയകാല പരീക്ഷാപാളിച്ചകൾ തിരുത്താൻ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കും. ഇന്ന് രാത്രി തുടങ്ങാം, നാളെ രാവിലെ തുടങ്ങാം, നാളെ രാത്രി തുടങ്ങാം എന്നിങ്ങനെ ഗണപതിക്കല്യാണം പോലെ പദ്ധതി നീളും. ഒടുവിൽ പരീക്ഷാത്തലേന്നുകളെത്തും. ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളെ മാത്രം പഠിക്കുക എന്ന അവസ്ഥയിലേക്ക് സമയം കുതിക്കും. ടിവിയിൽ നല്ല സിനിമകളുണ്ടാകുക, കളിക്കാൻ അനുകൂലമായ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുക, വീട്ടിൽ വിരുന്നുകാർ വരുക തുടങ്ങി പ്രതികൂല സാഹചര്യത്തെ വെല്ലുവിളിക്കുന്ന സകലതും തിടമ്പേറി എഴുന്നള്ളത്ത് നടത്തുന്നതും പഠിക്കാൻ ഇരിക്കുന്ന നേരം തന്നെ. തീരില്ല, പഠനസാമഗ്രികൾ പലതും കയ്യില്ലില്ലെന്ന സത്യം തിരിച്ചറിയുന്നതും പരീക്ഷാച്ചൂട് ഉച്ചിയിലെത്തുമ്പോൾ മാത്രം. ഒന്നുംപഠിച്ചില്ലെന്ന് പറഞ്ഞെത്തി എല്ലാം എഴുതി എഴുന്നേറ്റ് പോകുന്നവനാരോ അവനായിരുന്നു അക്കാലം വർഗവഞ്ചനയുടെ പട്ടികയിൽ ഒന്നാമത്.

സത്യത്തിൽ കഥകൾ മാത്രം അച്ചടിച്ചിറങ്ങിയ സെക്കൻഡ് പാർട്ടുകൾ നിലനിർത്തി മലയാളം ഫസ്റ്റും ഇംഗ്ലീഷ് ഫസ്റ്റും പിന്നെ കണക്ക് മൊത്തത്തിലും നിരോധിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. കാലാന്തരത്തിൽ സെക്കൻഡ് പാർട്ടുകൾ സിലബസ് വിട്ടിറങ്ങി.
സത്യത്തിൽ കഥകൾ മാത്രം അച്ചടിച്ചിറങ്ങിയ സെക്കൻഡ് പാർട്ടുകൾ നിലനിർത്തി മലയാളം ഫസ്റ്റും ഇംഗ്ലീഷ് ഫസ്റ്റും പിന്നെ കണക്ക് മൊത്തത്തിലും നിരോധിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. കാലാന്തരത്തിൽ സെക്കൻഡ് പാർട്ടുകൾ സിലബസ് വിട്ടിറങ്ങി.


ലേബർ ഇന്ത്യ മുതൽ
ലേണിംഗ് ആപ്പുകൾ വരെ

പാരലൽ കോളേജുകളുടെ പ്രതാപകാലം കൂടിയായിരുന്നു അക്കാലം. ജയഭാരതിയുടെ പേര് മുതൽ ആർക്കിമിഡീസിൻറെ പേര് വരെ കടമെടുത്ത പാരലൽ കോളേജുകൾ നാട്ടിലുണ്ടായിരുന്നു. വിവിധ ബിരുദത്തോടൊപ്പം അവരെല്ലാം സ്കൂൾ ട്യൂഷനും ആരംഭിച്ചു. അതുവഴി കയറി സ്കൂളിലെത്തുന്ന ശീലം നാടിൻറെ ശീലമായി. അന്ന് സന്തോഷ് ജോർജ് കുളങ്ങര ഞങ്ങൾക്ക് സഞ്ചാരിയായിരുന്നില്ല. കാണാമറയത്തുള്ള ഞങ്ങളുടെ ട്യൂഷൻ മാസ്റ്ററായിരുന്നു. ട്യൂഷന് പോയിരുന്നത് മൂപ്പരുടെ വീട്ടിലല്ലെങ്കിലും അക്കാലം ലേബർ ഇന്ത്യ വഴി അങ്ങേർക്ക് ഗുരുദക്ഷിണ വക്കാത്തവർ കാണില്ല. സ്കൂൾ മാസ്റ്റർ, വി ഗൈഡ് എന്നിങ്ങനെ പഠനസഹായികൾ പലതും വന്നുപോയെങ്കിലും ലേബർ ഇന്ത്യയുടെ തട്ട് താണ് തന്നെയിരുന്നു. പഠിച്ചും പകർത്തിയും പലകാല പരീക്ഷകളെ പിന്നിട്ടു. ഒൻപതാം ക്ലാസുവരെ മേയ് രണ്ടിന് ചങ്കിടിപ്പോടെ സ്കൂൾ മുറ്റത്തെത്തി ബ്ലാക്ക് ബോർഡിലേക്ക് എത്തി നോക്കി ഫലമറിഞ്ഞു. പത്താംതരം ഓൺലൈനായി റിസൽട്ടെത്തി. പത്താംക്ലാസിലെ അവസാന പരീക്ഷ, അക്ഷരാർത്ഥത്തിൽ വേർപിരിയലിൻറെ വേനൽച്ചൂടിൽ എല്ലാവരേയും ഒരുപോലെ പൊളളിച്ചുനിർത്തി.

ഗ്രേഡിംഗ് ബാച്ചിലേക്ക് മാറിയ ഹയർസെക്കൻഡറി കാലം പരീക്ഷകളെ കേവലം പരീക്ഷകൾ എന്നതിനപ്പുറം കോംപറ്റെറ്റീവ് എക്സാം എന്ന കനപ്പെട്ട ടൈറ്റിലിൽ അവതരിപ്പിച്ചു. ചാടിക്കടന്നതത്രയും ഒന്നുമായിരുന്നില്ലെന്ന് തോന്നിപ്പിക്കും മട്ടിൽ എൻട്രൻസ് എക്സാമുകളുടെ നീണ്ട നിര വന്നു. കോർപ്പറേറ്റുകൾ, കൊമേഴ്ഷ്യലുകളെ കൂടെ കൂട്ടി വന്നപ്പോൾ പരീക്ഷകളുടെ പഴയ കാലത്തിന് കർട്ടൻ വീണു.
ഉത്സവമാകില്ലെന്ന് ഉറപ്പായിരുന്നുവെങ്കിലും മത്സരം മാത്രമായി സകലതും മാറുന്ന പുത്തൻ ട്രെൻഡ് വന്നു. പാലായിലോ മറ്റോ പോയി എൻട്രൻസ് പരീക്ഷാ പരീശീലനം പൂർത്തിയാക്കി തിരിച്ചുവരുന്ന വിസ്മയങ്ങളിൽ നിന്ന് നാടെങ്ങും പ്രവേശനപരീക്ഷകളുടെ പരിശീലന കേന്ദ്രങ്ങളുണ്ടായ കാലത്തിലേക്ക് കാലം വഴുതി മാറി. ആ പരിശീലനവും പ്രവേശനവും എത്ര എളുപ്പമല്ലെന്ന് മനസിലാക്കി, എൻട്രൻസിൽ നിന്ന് എക്സിറ്റായി. ഡിസ്ക്വാളിഫൈഡ് എന്നതാണ് പ്രയോഗിക്കേണ്ട വാക്കെങ്കിലും സ്വയംമതിപ്പുവിലയിട്ട് മറ്റൊരു വാക്കുപയോഗിച്ചെന്ന് മാത്രം. ശേഷം ഡിഗ്രി അത്ര മോശം ഡിഗ്രി അല്ലെന്ന തീരുമാനം ധൈര്യപൂർവം കൈക്കൊണ്ടു. ഡിഗ്രിക്കാല പരീക്ഷകൾ സർവസ്വാതന്ത്ര്യം തന്നു. തോൽവി എന്നതിനപ്പുറം സൌകര്യംപോലെ എഴുതിയെടുക്കാമെന്ന സാധ്യതയായി സപ്ലിമെൻററി പരീക്ഷകൾ. പ്രാക്ടിക്കൽ പരീക്ഷകളും വൈവകളും സമ്മർദ്ദങ്ങൾക്കെല്ലാമപ്പുറം ചിരിയോർമയായി ആരിലാണ് അവശേഷിക്കാത്തത്.

ഒന്നുമുതൽ പിജിവരെ എഴുതി തോറ്റും എഴുതി ജയിച്ചും കടന്നുപോയ പരീക്ഷകൾക്ക് ഒടുവിൽ അതിജീവനത്തിൻറെ എത്ര അഭിമുഖപരീക്ഷകളും നമ്മൾ നേരിട്ടു. വിറളിയ, വിയർത്ത, വീഴാതെ പിടിച്ചു നിന്ന പലകാല പല പരീക്ഷകൾ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടവരല്ല നമ്മളെന്ന് പഠിക്കാൻ എത്രകാലം നമ്മൾ താണ്ടി. എല്ലാവർക്കും മാർക്കിട്ട് നോക്കാനുള്ള സബ്ജക്ടല്ല നമ്മളെന്ന് പഠിക്കാൻ നമ്മൾ എത്ര ദൂരം നടന്നു. ഒരു മാർച്ചിൽ ഒരു പരീക്ഷാഹാളിൽ നിന്ന് ലാസ്റ്റ് ബെല്ലും കഴിഞ്ഞ് പേപ്പർ നൽകിയിറങ്ങിയ നമ്മൾ ഈ മാർച്ചിൽ ഉത്തരം തേടുന്ന ചോദ്യമുണ്ടോ?

സ്കൂൾ മാസ്റ്റർ, വി ഗൈഡ് എന്നിങ്ങനെ  പഠനസഹായികൾ പലതും വന്നുപോയെങ്കിലും ലേബർ ഇന്ത്യയുടെ തട്ട് താണ് തന്നെയിരുന്നു. പഠിച്ചും പകർത്തിയും പലകാല പരീക്ഷകളെ പിന്നിട്ടു.
സ്കൂൾ മാസ്റ്റർ, വി ഗൈഡ് എന്നിങ്ങനെ പഠനസഹായികൾ പലതും വന്നുപോയെങ്കിലും ലേബർ ഇന്ത്യയുടെ തട്ട് താണ് തന്നെയിരുന്നു. പഠിച്ചും പകർത്തിയും പലകാല പരീക്ഷകളെ പിന്നിട്ടു.

ഐ ഹേറ്റ് മൈ സെൽഫ്!

‘ഞാൻ എന്നെ വെറുക്കുന്നു’ എന്നെഴുതിവച്ച് ഒരു കുഞ്ഞൻ അവന്റെ ജീവിതമൊടുക്കിയ വാർത്ത അവനോളം കുഞ്ഞുകോളത്തിൽ അച്ചടിച്ചുവന്നിട്ടുണ്ട് ഈ പരീക്ഷാക്കാലം പുറത്തിറങ്ങിയ പത്രങ്ങളിൽ.
നവോദയ സ്കൂളിലെ വിദ്യാർത്ഥിയാണ്. തീരുന്നില്ല, പത്തുമാസത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയാണ് അവിടം ജീവനൊടുക്കുന്നത് എന്ന ഒരു വരിയിലാണ് ആ വാർത്ത അവസാനിക്കുന്നത്. വെറുത്ത വിദ്യാലയങ്ങളുണ്ട്. അതിലേറെ വെറുപ്പിച്ച അധ്യാപകരുണ്ട്. വെറുപ്പോടെ, വേറെ വഴിയില്ലാതെ പഠിച്ച വിഷയങ്ങൾ നോക്കിയാൽ അവയും ഒത്തിരി ഒത്തിരിയുണ്ട്. പക്ഷേ സ്വയം വെറുക്കുന്നവനാക്കി ഒരു പാഠശാലയും മാറ്റിയിരുന്നില്ല. തളർന്ന, തലകുനിച്ച അധ്യയനനേരങ്ങളിലും ആ നിരാശപ്പെയ്ത്തിൽ നിന്ന് ആശകളുടെ നിലാവിലേക്ക് കൈപിടിച്ച ആയിരം സംഗതികൾ സ്കൂൾ അന്തരീക്ഷങ്ങളിലുണ്ടായിരുന്നു.
അതിരാവിലെ ഉന്മേഷച്ചിരി തന്ന് വലിയ മഞ്ഞ ബസിൽ സ്കൂളിലേക്ക് പോകുന്ന കുഞ്ഞുയാത്രകളെല്ലാം ഉല്ലാസയാത്രകൾ തന്നെയോ?

(അവസാനിച്ചു)


Summary: First half life of 90's Kids and their Nostalgia and memories from different fields, Anand Gangan writes a series, part 10.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments