21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 9
▮
ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത് 2014- ലാണ്. 2015 മുതൽ തുടർച്ചയായി യോഗദിനാചരണം നടക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയനുസരിച്ചാണ് ഐക്യരാഷ്ട്ര സഭ യോഗ ദിനം പ്രഖ്യാപിച്ചത്. സാകല്യാത്മകമായ ആരോഗ്യത്തിന് ഇന്ത്യ ലോകത്തിനു നൽകിയ സംഭാവന എന്ന നിലയിലുള്ള അംഗീകാരം സാംസ്കാരിക ദേശീയതയുടെ മോഡി വർധിപ്പിക്കുന്നതായാണ് ആഖ്യാനം.
യോഗയ്ക്ക് അതിനുമുമ്പേ അന്താരാഷ്ട്ര പദവിയുണ്ടായിരുന്നു. ഇന്ത്യൻ ശാരീരിക ആരോഗ്യ പ്രാക്ടീസ് എന്ന നിലയിൽ വളരെ മുമ്പേ യോഗ മറ്റു ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പാശ്ചാത്യ ലോകത്തിന് യോഗ പരിചയപ്പെടുത്തിയത് ബി.കെ. എസ്. അയ്യങ്കാരാണ്. ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി ബി.കെ. എസ്. അയ്യങ്കാരെ ടൈംസ് മാഗസിൻ തിരഞ്ഞെടുത്തിരുന്നു. 1966- ലാണ് അയ്യങ്കാരുടെ യോഗ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അനേക ഭാഷകളിലേക്കും. ഇതും ചരിത്രത്തിൽ നിന്ന് ലഭ്യമായ വിവരമാണ്. യോഗയുടെ പ്രചാരം പക്ഷെ അതിനും മുമ്പും ആരംഭിച്ചിരുന്നു. യോഗയുടെ ആദ്യ യൂറോപ്യൻ പ്രചാരകർ സൈദ്ധാന്തിക തുടക്കക്കാരെന്നു പറയാവുന്ന ഫാഷിസ്റ്റ് ചിന്തകരായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലാണ് യോഗയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്. അതിനുശേഷം ഒരു നൂറ്റാണ്ടു പിന്നിട്ട് യോഗ വീണ്ടും ശ്രദ്ധയാകർഷിക്കുന്ന ഒരു കാലഘട്ടം പാശ്ചാത്യ രാജ്യങ്ങളിൽ സംജാതമാകുന്നത് ആൾട്ട് റൈറ്റ് പ്രസ്ഥാനങ്ങൾ യോഗയിലേക്ക് ആകർഷിക്കപ്പെടുന്നതോടെയാണ്. ആത്മീയ ശ്രുശൂഷയുടെ ഭാഗമായാണ് യോഗ പരിശീലിപ്പിക്കപ്പെടുന്നത്.
യോഗയുടെ സാർവദേശീയത മുൻചൊന്നനിലയിൽ ഏറെ പഴക്കമുള്ളതാണ്. സൂചിപ്പിക്കാൻ കാരണം അന്താരാഷ്ട്ര ദിനമാകുന്നതിനുമുമ്പേ യോഗ പ്രചാരത്തിലുണ്ടായിരുന്നു. ആരോഗ്യപുഷ്ടിക്കുള്ള അഭ്യാസത്തിനോടനുബന്ധിച്ച് ആത്മീയ തലത്തിലുള്ള യോഗയുടെ പ്രാക്റ്റീസിന് പൗരസ്ത്യവാദത്തിന്റെ രൂപസൗഭഗവുമുണ്ട്. സാമാന്യേന പുരാതനമായ ശാരീരികാഭ്യാസമായ യോഗ ഇന്ത്യയിലെ യോഗികളുടെ ജീവിതശൈലീപ്രയോഗങ്ങളുടെ മുഖ്യ ഘടകമായിരുന്നു എന്നതാണ് പൗരസ്ത്യവാദപരമായ വീക്ഷണം.

സനാതന ഹിന്ദുവെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഗാന്ധി പക്ഷെ ശാരീരിക പരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നുവെങ്കിലും യോഗയെ തന്റെ ജീവിതശീലങ്ങളുടെ ഭാഗമാക്കിയിരുന്നില്ല. പതഞ്ജലിയുടെ യോഗസൂത്രങ്ങൾ ആധാരമാക്കിയാണ് യോഗാഭ്യാസം ശാരീരിക ആരോഗ്യപദ്ധതിയായി രൂപപ്പെടുത്തപ്പെട്ടത്.
വായിക്കാം, കേൾക്കാം: വിശ്വാസത്തിന്റെ
അർമാദങ്ങളേ,
വിട…
ഗൂഗ്ൾ മാപ്പിലൂടെ
ആമാശയത്തിലേക്ക്
പറന്നുവരുന്ന
ഗിഗ് മുതലാളിത്തം
കൂട്ടപിരിച്ചുവിടലിന്റെ
കാൽനൂറ്റാണ്ട്
21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm
പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ
വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം
Algo New Speak
മീമുകൾ മാത്രം മതി
പതഞ്ജലിയുടെ യോഗസൂത്രത്തെ മാർക്സിന്റെ അന്യവൽക്കരണ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനുള്ള മൗലികശ്രമമാണ് ബി. രാജീവന്റെ ‘അന്യവൽക്കരണവും യോഗയും’ എന്ന പുസ്തകം. യോഗിക് പ്രയോഗമെന്ന നിലയിൽ പതഞ്ജലിയുടെ യോഗസൂത്രമാണ് ഇതിന്റെ അടിസ്ഥാനമെങ്കിലും ഇന്ന് വേറിട്ടൊരു ശാരീരിക പുഷ്ടിക്കുള്ള കായികാഭ്യാസമായാണ് പ്രയോഗത്തിലുള്ളത്. യോഗാഭ്യാസം കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്, അതേസമയം ആത്മീയശ്രുശൂഷയുടെ ഭാഗമായും ഇത് പ്രാക്റ്റീസ് ചെയ്യപ്പെടുന്നു.
മുമ്പൊന്നുമില്ലാത്ത മോട്ടിവേഷണൽ വ്യവസായം വ്യാപകമായിരിക്കുന്നു. ചെറുതും വലുതുമായ വൻ സംരംഭകത്വമാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. 25 വർഷം പിന്നീടുമ്പോൾ മോട്ടിവേഷണൽ പ്രാസംഗികരുടെ എണ്ണത്തിലുണ്ടായിരുന്ന വർധന മറ്റൊരു മേഖലയിലുമില്ല.
യോഗയ്ക്ക് പ്രത്യേകമായ ദൃശ്യാത്മകത ഒരുവേള കൂടുതൽ പ്രകടമാക്കപ്പെട്ടത് ഈ സഹസ്രാബ്ദത്തിലെ ആദ്യ നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ ബാബ രാംദേവ് യോഗയുടെയും ശ്വസന രീതികളുടെയും പ്രദർശനം തുടങ്ങിയതോടെയാണ്. ബാബ രാംദേവ് പതഞ്‌ജലി എന്നു തന്നെയാണ് തന്റെ കോർപറേറ്റ് സ്ഥാപനത്തിനും പേരു നൽകിയത്. യോഗാഭ്യാസത്തിന് രാഷ്ട്രീയമുഖം ലഭിക്കുന്നത് അവിടെ മുതൽക്കാകണം.
ഭാരതീയ ദേശീയതയുടെ സവിശേഷ ശാരീരിക ആരോഗ്യപദ്ധതി എന്ന നിലയിൽ വിപണനം ചെയ്യപ്പെടാൻ തുടങ്ങുന്നത് ഈ ഘട്ടത്തോടെയാണ്. യോഗാഭ്യാസം 'ശാരീരിക്' ആരോഗ്യത്തിനായുള്ള പ്രാക്റ്റീസ് എന്ന നിലയിൽ മാത്രമല്ല ആത്മീയ, മോട്ടിവേഷണൽ മേഖലയുടെയും 25 വർഷത്തിനുള്ളിൽ വികസ്വരമായ വെൽനെസ് വ്യവസായത്തിന്റെയും കേന്ദ്ര ആശയമായി. യോഗ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗവുമായി. മാർക്കറ്റും രാഷ്ട്രീയവും യോഗയെ ഏറ്റെടുത്തു.

മോട്ടിവേഷൻ,
വ്യവസായമെന്ന
നിലയിൽ
മുമ്പൊന്നുമില്ലാത്ത വിധം വ്യാപകമായ മറ്റൊരു മേഖലയാണ് മോട്ടിവേഷണൽ വ്യവസായം. ചെറുതും വലുതുമായ വൻ സംരംഭകത്വമാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇതിനേറേ സഹായമായത് നവമാധ്യമങ്ങളാണ്. 25 വർഷം പിന്നീടുമ്പോൾ മോട്ടിവേഷണൽ പ്രാസംഗികരുടെ എണ്ണത്തിലുണ്ടായിരുന്ന വർധന മറ്റൊരു മേഖലയിലും ഉണ്ടാകണമെന്നില്ല.
യോഗയും മോട്ടിവേഷണൽ പ്രസംഗവും രണ്ടു നിലയ്ക്കുള്ളതാണെങ്കിലും ഇന്ത്യയിലും കേരളത്തിലും ലോകത്തിലെമ്പാടും വികസ്വരമായ വെൽനെസ് വ്യവസായം (wellness industry) രണ്ടിനെയും സംയോജിപ്പിക്കുന്നു. മോട്ടിവേഷണൽ പ്രവർത്തനത്തിലെ ആദ്യ സംരംഭകത്വങ്ങളിൽ ഒന്ന് ശ്രീശ്രീ രവിശങ്കറിന്റെ ജീവനകലയാണ് (art of living). അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ കേന്ദ്രീകരിച്ചിരുന്നത് മുഖ്യമായും ഇന്ത്യൻ നഗരങ്ങളിലാണ്. പിന്നീടാണ് ഇന്ത്യൻ ഡയസ്പോറയിലേക്കും ഇന്ത്യയുടെ തന്നെ ഉപനഗരങ്ങളിലേക്കും വികസിക്കുന്നത്.
ഒരു ഭാഗത്ത് മതപരവും ആത്മീയവുമായ സുവിശേഷ പ്രബോധന പ്രചോദനാത്മക പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ ഇതിനു സമാന്തരമായി സെക്യുലർ വേർഷനുകളും രൂപപ്പെടാൻ തുടങ്ങി.
വ്യക്തികളിൽ പ്രചോദനാത്മകത വളർത്താനായി യോഗയെ യോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ജീവനകല അവലംബിച്ചത്. ഇത് തൊണ്ണൂറുകളിൽ തന്നെ വ്യാപകമാകാൻ തുടങ്ങിയിരുന്നു. സ്വാമി ചിന്മയാനന്ദനെ പോലുള്ളവർ വിജയകരമായി നടത്തിയിരുന്ന ഗീതാജ്ഞാനയജ്ഞം തുടങ്ങിയ ആത്മീയബോധന പരിപാടികളാകണം പിന്നീടുണ്ടായ സംരംഭകത്വസ്വഭാവമുള്ള ആത്മീയപ്രചോദനങ്ങളുടെ പ്രേരണ. വലിയ തോതിലുള്ള സുവിശേഷ- പ്രബോധന- ആത്മീയ പരിപാടികൾ ഇതേ കാലഘട്ടത്തിൽ ഇന്ത്യയിലും കേരളത്തിലും വ്യാപകമായി. ഇസ്ലാമിക പ്രബോധനത്തിന്റെ ഭാഗമായി സക്കീർ നായ്ക്കിന്റെ പ്രഭാഷണങ്ങളും ഇതേഘട്ടത്തിൽ ആരംഭിച്ചിരുന്നു. ഇതിനൊക്കെ പൂർവമാതൃകയാണ് ബിൽ ഗ്രഹാമിന്റെ സുവിശേഷ പ്രവർത്തനങ്ങൾ. അത് ലോകമാകെ നേടിയെടുത്ത അംഗീകാരവും ആത്മീയ വ്യവസായ സംരംഭം എന്ന നിലയ്ക്കുള്ള വിജയവും ലോകമെമ്പാടും ചെറുതും വലുതുമായ അനുകരണങ്ങൾക്ക് കാരണമായി.
ഒരു ഭാഗത്ത് മതപരവും ആത്മീയവുമായ സുവിശേഷ പ്രബോധന പ്രചോദനാത്മക പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ ഇതിനു സമാന്തരമായ പ്രചോദനാത്മക പ്രസംഗങ്ങളുടെ രീതിശാസ്ത്രം അവലംബിച്ച്, ഇതിന്റെ സെക്യുലർ വേഷനുകളും രൂപപ്പെടാൻ തുടങ്ങി. വാസ്തവത്തിൽ ഇതും പാശ്ചാത്യപ്രചോദിതമായിരുന്നു. കടമെടുത്ത ശൈലികളും പ്രചോദനമുണർത്താൻ വേണ്ട നൈപുണികളും അതാവിഷ്‌ക്കരിക്കാനുള്ള ഇൻഡോർ (indoor) ഗെയിമുകളും പാശ്ചാത്യ മോട്ടിവേഷൻ പ്രയോക്താക്കളിൽ നിന്ന് പകർത്തിയതാണ്.

പ്രചോദനാത്മക
സംരംഭകത്വത്തിന്റെ
വളർച്ച
മോട്ടിവേഷണൽ പ്രാസംഗിക സംരംഭകത്വത്തിനു സവിശേഷവും നിയതവുമായ യോഗ്യതകളൊന്നും ആവശ്യമില്ലാത്തതിനാൽ ഒരുപാട് പുതുസംരംഭകർ ഈ മേഖലയിലേക്ക് അനായാസം കടന്നുവന്നു. ഇവരുടെ ലക്ഷ്യപ്രേക്ഷകർ (target audience) പല തട്ടിൽ പെട്ടവരാണ്. സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രഫഷനലുകൾ വരെ. അല്പം തമാശ, പ്രബോധനം, ചില ജീവിതാനുഭവകഥകൾ, ആത്മാനുഭവ ഉപകഥകൾ, സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റപ്പെട്ട മഹാന്മാരുടെ ഉദ്ധരണികൾ എന്നിവയായിരിക്കും ഉള്ളടക്കം. ഉദ്ധരണികൾ മിക്കവാറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാകാം. ജീവിതപാഠങ്ങളും ഉപദേശങ്ങളും ചേർത്ത മിശ്രിതമാണ് പ്രചോദനാത്മക പ്രസംഗങ്ങൾ.
മലയാളികൾ ഇതിനോട് കാണിക്കുന്ന കടുത്ത ആഭിമുഖ്യം തന്നെയായിരിക്കണം പ്രചോദനാത്മക സംരംഭകത്വം 25 വർഷത്തിനുള്ളിൽ വൻതോതിൽ വളരാൻ കാരണം. ഇതിനു തെളിവായി മുന്നിലുള്ളത്, യുട്യൂബ് പ്രേക്ഷകരുടെ എണ്ണത്തിലെ വർധനയും മോട്ടിവേഷൻ സെഷനുകൾ സ്ഥിരം പരിപാടിയായി പൊതുവിൽ മാറുന്നതുമാണ്. മാത്രമല്ല, കഴിഞ്ഞ 25 വർഷത്തിൽ മലയാളത്തിൽ മോട്ടിവേഷണൽ സാഹിത്യത്തിലുണ്ടായ വൻവർധനവും അത്തരം കൃതികളുടെ കണക്കുപ്രകാരമുള്ള സ്വീകാര്യതയും സൂചിപ്പിക്കുന്നത്, മലയാളികൾ തങ്ങളുടെ ആത്മീയഭോജനസംതൃപ്തിക്കായി കൂടുതലും ആശ്രയിക്കുന്നത് ഈ വിഭാഗം രചനകളെയാണ് എന്നാണ്. പ്രസാധക വ്യവസായം മധ്യവർഗ വായനക്കാർക്കിടയിലെ അഭിരുചിപരമായ മാറ്റം തിരിച്ചറിയുന്നത് മലയാളത്തിൽ പൗലോ കൊയ്‌ലോ തരംഗമായതിനെ തുടർന്നായിരിക്കണം. മോട്ടിവേഷണൽ ഗണത്തിൽപ്പെടുത്താവുന്ന പൗലോ കൊയ്‌ലോ രചനകൾ അധികൃതവും അനധികൃതവുമായ പതിപ്പുകളിലൂടെ വൻതോതിലാണ് വിറ്റഴിഞ്ഞത്. മാത്രമല്ല, ഗബ്രിയേൽ ഗാർസിയ മാർകേസിനുശേഷം കേരളത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വിദേശ ഭാഷാ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ആണ്. ഒരു വ്യത്യാസമുള്ളത്, മാർകേസിനെ വായിച്ചവർ മിക്കവാറും സാഹിത്യ ആസ്വാദകരായിരുന്നെങ്കിൽ പൗലോ കൊയ്‌ലോവിനെ വായിച്ചത് ബഹുവിസ്തൃതമായ വായനക്കാരാണ്.
പ്രസാധക വ്യവസായം മധ്യവർഗ വായനക്കാർക്കിടയിലെ അഭിരുചിപരമായ മാറ്റം തിരിച്ചറിയുന്നത് മലയാളത്തിൽ പൗലോ കൊയ്‌ലോ തരംഗമായതിനെ തുടർന്നായിരിക്കണം. മോട്ടിവേഷണൽ ഗണത്തിൽപ്പെടുത്താവുന്ന പൗലോ കൊയ്‌ലോ രചനകൾ അധികൃതവും അനധികൃതവുമായ പതിപ്പുകളിലൂടെ വൻതോതിലാണ് വിറ്റഴിഞ്ഞത്.
ആത്മീയവും മതപരവും സെക്യുലറുമായ തലങ്ങളിലേക്ക് വികസ്വരമായ പ്രചോദനാത്മക പ്രസംഗങ്ങളുടെ സംരംഭകത്വത്തെക്കുറിച്ചു ചിന്തിച്ചാൽ മനസ്സിലാക്കാനാവുന്നത്, പ്രചോദനാത്മക, സുവിശേഷ, ജീവനകല, പ്രബോധന പ്രവർത്തനങ്ങൾ പല കൈവഴികളിലേക്കും വേർതിരിഞ്ഞുപോകുന്നുണ്ടെന്നാണ്.
സുവിശേഷ- ആത്മീയ ശുശ്രൂഷാ പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ വൻ സ്ഥാപനങ്ങളായി മാറി. സ്വന്തമായി സഭ തന്നെ സ്ഥാപിക്കുന്നതിലേക്ക്, ഇത് വിജയകരമായ ആത്മീയ സംരംഭമായി. ആൾദൈവങ്ങളും നവപുരോഹിതരും, രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഗൗനിക്കേണ്ടവരായി മാറി. ഹൈന്ദവ ആത്മീയ മോട്ടിവേഷണൽ സംരംഭങ്ങൾ ദൂരദർശനിലൂടെ രാമായണ- മഹാഭാരത പരമ്പരകൾ നിർവഹിച്ച ഹിന്ദുത്വത്തിനനുകൂലമായ പ്രത്യയശാസ്ത്രരൂപീകരണം ഫലപ്രദമായി നിർവഹിക്കുന്നപ്രവർത്തനമായിരുന്നു. ഭഗവദ്ഗീതയെ മധ്യവർഗോപനിഷത്താക്കി പരിവർത്തിപ്പിച്ചതിൽ ഗീതാബോധനം നടത്തിയിരുന്ന കാഷായവസ്ത്രധാരികളായ സംന്യാസിമാരുടെ സേവനം വളരെ പ്രധാനമാണ്.

ഇതിൽനിന്ന് സെക്യുലർ കൈവഴി വെട്ടിയവരാണ് പ്രഫഷണൽ മോട്ടിവേഷൻ സംരംഭകരായി മാറിയത്. പ്രബോധനരീതികൾ തന്നെയാണ് അവലംബിക്കുന്നതെങ്കിലും ജീവിതോന്മാദം, ജീവിതരതി, ആനന്ദാനുഭവീകരണം തുടങ്ങി ബിസിനസ്സിലെ അഭിവൃദ്ധി, ഉപഭോക്തൃ ബന്ധം പുഷ്ടിപ്പെടൽ, സാമ്പത്തിക അച്ചടക്കം, കുട്ടികൾക്ക് ടെൻഷൻ ഫ്രീ പരീക്ഷ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലേക്കാണ് മോട്ടിവേഷണൽ കൈവഴി വികസിതമായത്. ‘പരീക്ഷ പേ ചർച്ച’ (Pariksha Pe Charcha) എന്ന പരിപാടിയിലൂടെ പ്രധാനമന്ത്രിയും മോട്ടിവേഷണൽ വൈദഗ്ധ്യത്തിന് വലിയ അംഗീകാരം നൽകി.
കൗൺസലിംഗ് പ്രവർത്തനങ്ങൾ വിപുലമായതും ഇതിന്റെ ഭാഗമായാണ്. പല മേഖലകളിലും പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൗൺസിലിങിൽ ഡിപ്ലോമ നേടി ഔദ്യോഗികമായി തന്നെ പ്രവർത്തിക്കുന്നവർ ധാരാളം. മത്സരാധിഷ്ഠിത മേഖലയായി മോട്ടിവേഷൻ സംരംഭകത്വം മാറി. മോട്ടിവേഷണൽ സ്പീക്കർമാരുടെ സംസ്ഥാനതല അസോസിയേഷൻ സമീപകാലങ്ങളിൽ രൂപപ്പെടാനിടയുണ്ട്.
പ്രഫഷണൽ സെക്യുലർ മോട്ടിവേഷൻ കൈവഴികളുടെ ഒരു ഉപശാഖയാണ്, രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിസന്ധികളും ദൗർബല്യങ്ങളും അഭിമുഖീകരിക്കുന്ന പല തലമുറകളിൽപ്പെട്ടവർക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്ര മോട്ടിവേഷൻ പ്രദാനം ചെയ്യുന്ന മോട്ടിവേഷൻ കൗൺസലിംഗ് പ്രവർത്തനങ്ങൾ. ഇതിനെ പ്രത്യയശാസ്ത്രശ്രുശൂഷ എന്നു വിളിക്കാം. രാഷ്ട്രീയപാർട്ടികളുടെ ബഹുജന സംഘടനാവേദികളും നാട്ടിലെമ്പാടുമുള്ള സാഹിത്യോത്സവങ്ങളും സമാന സഹൃദയ വേദികളുമാണ് ഇതിനായുള്ള കേന്ദ്രങ്ങൾ. ആത്മീയ ശ്രുശൂഷ പോലെ തന്നെ, മധ്യവർഗ ജീവിതത്തെ പുനർമൂല്യവൽക്കരിക്കുന്ന സെക്യുലർ പ്രൊഫഷണൽ മോട്ടിവേഷണൽ സംരംഭങ്ങൾ നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഏറെ സ്വീകരിക്കപ്പെടുന്നതാണ്.
ആഗോള വ്യാപ്തിയുള്ളതാണ് മോട്ടിവേഷണൽ സംരംഭകത്വം. ലോകമാകെയുള്ള ഡയസ്പോറ സമൂഹം വലിയ തോതിൽ ഉപഭോഗം ചെയ്യുന്നതാണ് കേരളീയ പശ്ചാത്തലമുള്ള മലയാളഭാഷയിലുള്ള പ്രചോദനപ്രബോധനങ്ങൾ. വ്യക്തികേന്ദ്രിത സംരംഭങ്ങളാണെങ്കിലും കഴിഞ്ഞൊരു ദശകത്തിനകം ഇവ സ്ഥാപനവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സുവിശേഷ ശ്രുശൂഷകൾ പിന്നീട് സഭാ രൂപമാർജ്ജിച്ചതു പോലെ, പ്രഫഷണൽ സെക്യുലർ പ്രത്യയശാസ്ത്ര മോട്ടിവേഷൻ കൗൺസലിംഗ് നവസംരംഭകത്വത്തിന്റെ, പ്രത്യേകിച്ച്, സ്റ്റാർട്ടപ്പ് മാതൃകയിൽ, മോട്ടിവേഷൻ മേഖലയിലെ എൻ ജി ഒ രീതികൾ പിന്തുടർന്ന് കേന്ദ്രീകൃതസ്വഭാവത്തിലുള്ള ഉള്ളടക്ക ഉത്പാദക സംരംഭങ്ങളായി മാറി. 25 വർഷങ്ങൾക്കകം സാംസ്കാരിക- ആത്മീയ മേഖലകളിലെ സവിശേഷമായ സാമൂഹ്യനവീകരണമാണ് ഈ സംരംഭകത്വം.
പാശ്ചാത്യ കോർപറേറ്റ് ലോകത്ത് ആദ്യം അവതരിച്ച ബ്രാൻഡഡ് ഗുരുക്കളെ പോലുള്ളവർ കേരളത്തിലും 21-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിൽ സംസ്കാരത്തിന്റെ മണ്ഡലത്തിൽ വ്യാപകമായി കാണാറായി.
മലയാളത്തെ സംബന്ധിച്ച് നവമാധ്യമ സംരംഭങ്ങളുടെ ഏറ്റവും വലിയ പരിമിതി കൃത്യതയില്ലാത്ത റവന്യൂമാതൃകയാണ്. അതായത്, അച്ചടിക്കും ടെലിവിഷനും ലഭ്യമായിരുന്ന വരുമാന മാതൃകയുടെ അഭാവം നവമാധ്യമ സംരംഭങ്ങളുടെ സുസ്ഥിരതയെ ബാധിച്ചിരുന്നു. എന്നാൽ അതിൽ നിന്ന് വ്യതിരിക്തമായി സാമ്പത്തിക വരുമാന മാതൃകയുടെ അടിസ്ഥാനത്തിലാണ് നവമാധ്യമ മോട്ടിവേഷൻ സംരംഭകത്വം പ്രവർത്തിക്കുന്നത്. അതിനാൽ വിജയകരവുമാണ്. ഒരു സംരംഭകത്വത്തിന്റെ വിജയം എന്നത്, അതിന് കൂടുതൽ പിന്തുടർച്ചക്കാർ ഉണ്ടാകുന്നു എന്നതാണല്ലോ.
അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ സുവിശേഷ സ്പീക്കറുടെ വേഷം ചെയ്ത ട്രാൻസ് (Trance/2020) എന്ന സിനിമ ആത്മീയ / സെക്യുലർ പ്രബോധന വ്യവസായത്തിന്റെ ഇരുണ്ട ഉൾത്തളങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഒരു തീരപ്രദേശ പട്ടണത്തിൽ വളരെ ചുരുക്കം ചിലർ മാത്രം അറിയുന്ന മോട്ടിവേഷണൽ പ്രസംഗം ജീവിതവൃത്തിയായി സ്വീകരിച്ച വ്യക്തിയാണ് ഫഹദ് അവതരിപ്പിക്കുന്ന വിജു പ്രസാദ്. വ്യക്തിഗതമായ ജീവിതസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വിജുവിനെ തേടി രണ്ടു വമ്പൻ സുവിശേഷ പ്രബോധന വ്യവസായികൾ വരുന്നു. സുവിശേഷ ആത്മീയ ശ്രുശൂഷാവ്യവസായത്തിലേക്ക് അയാളെ ക്ഷണിക്കുന്നു. അയാളുടെ മോട്ടിവേഷണൽ പ്രാസംഗിക നൈപുണിയെ പരീശീലനത്തിലൂടെ മെച്ചപ്പെടുത്തി, ഒരു പ്രധാന സുവിശേഷ പ്രാസംഗികനാക്കുന്നു. വിജു എന്ന പേര് ജോഷ്വാ കാൾട്ടൻ എന്നാക്കുന്നു. അയാളുടെ ഉയർച്ച മതം എന്ന ലഹരി വിറ്റാണ്. വിജയം അയാളെയും ഉന്മാദഭരിതനാക്കുന്നു. ഇത് അയാളെ തകർച്ചയിലേക്ക് നയിക്കുകയാണ്. ഉയർച്ച തകർച്ചയുടെ കഥയല്ല, പകരം സുവിശേഷ മോട്ടിവേഷണൽ ആത്മീയ വ്യവസായം ഒരു അധോലോക ജീവിതവ്യവസ്ഥയുടെയും അധോക്രമ സമ്പദ് ഘടനയുടെയും ഭാഗമാകുന്നുവെന്നാണ് സിനിമ പ്രതിപാദിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിലാണ് മോട്ടിവേഷണൽ വ്യവസായം വളർന്നത്. ത്വരിത വളർച്ചയാണ് സംഭവിച്ചത്. ‘മോട്ടിവേഷണൽ സാഹിത്യ’വും ഈ കാലഘട്ടത്തിൽ വ്യാപകമായി. ഡേൽ കാർനഗിയുടെ (Dale Carnegie) "ചങ്ങാതിമാരെ എങ്ങനെ ഉണ്ടാക്കാം, ജനങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്താം’’ എന്നത് മോട്ടിവേഷണൽ സാഹിത്യത്തിലെ ക്ലാസിക്കാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പ്രചോദനാത്മക സാഹിത്യം വിപുലമായത്. മിക്ക രചനകളുടെയും സാരാംശം എന്നു പറയുന്നത് ജീവിതത്തിൽ എങ്ങനെ വിജയിക്കാം എന്നതാണ്. അല്ലെങ്കിൽ വിജയം എന്താണ്, എങ്ങനെ അത് അളക്കാം എന്ന്.
സമീപകാലങ്ങളിൽ മോട്ടിവേഷണൽ സാഹിത്യത്തിൽ കുറെയേറെ ഭേദഗതികൾ വന്നിട്ടുണ്ട്. വിജയവും അഭ്യുന്നതിയും മാത്രമല്ല മുഖ്യ വ്യവഹാരമാകുന്നത്. "വിജയിച്ചവരുടെ ഏഴു സുപ്രധന സ്വഭാവങ്ങൾ" എന്ന സ്റ്റീഫൻ കോവിയുടെ പുസ്തകം കോർപറേറ്റ് പരിശീലനത്തിലെ പ്രതിഷ്ഠാപിത (canonical) രചനയാണ്. സമ്പത്തും അഭിവൃദ്ധിയും ഉറപ്പാക്കാനായി കൂടുതൽ മികവോടെ മത്സരത്തിൽ എങ്ങനെ പങ്കെടുക്കാമെന്നാണ്. വിജയിച്ചവരെ പിന്തുടർന്നു പഠിക്കേണ്ട പാഠമാണിത്. പെരുമാറ്റ മനഃശാസ്ത്ര പഠനശാഖയിൽ ഉൾപ്പെടുത്താവുന്നതാണ് ഈ രചനകൾ. മിക്കവാറും ഇതൊക്കെ സൈദ്ധാന്തിക രചനകളാണ്.
വെൽനെസ്സും മോട്ടിവേഷനും ബ്രാൻഡഡ് ഗുരുക്കളും കേരളത്തിന്റെ പുത്തൻ പ്രവണതകളിലൂടെ നവവലതുപക്ഷ ഇക്കോസിസ്റ്റം (ecosystem) സൃഷ്ടിക്കുകയാണോ എന്ന ആപത്ശങ്ക പങ്കുവെയ്ക്കുകയാണ്.
വ്യക്തിഗത രചനകളാണ് (personal writings) കേരളത്തിൽ ഏറെ വിജയിച്ചത്. നിരാലംബ ജീവിതാവസ്‌ഥയിൽനിന്ന് വ്യക്തിഗത പോരാട്ടത്തിലൂടെ ഉയരങ്ങൾ കീഴടക്കിയതിന്റെ കഥകളാണ് ഇവ പിന്തുടരുന്നത്. ആത്മാഖ്യാങ്ങൾ എന്ന നിലയ്ക്കാണ് ഇത് എഴുതപ്പെടുന്നത്, ചില ഭേദഗതികളുണ്ടാകാമെന്നുമാത്രം. ആത്യന്തികമായ അണുതലങ്ങളിലെ (atomic) വ്യക്തികൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള ഗൈഡുകളായാണ് പ്രചോദനസാഹിത്യം വിപണനം ചെയ്യപ്പെട്ടത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിജയം വരിക്കുന്ന നായകത്വ കഥാപാത്രങ്ങളാണ് ഇതിലൊക്കെയും. ജീവിതദുരിതങ്ങളുടെ സ്തോഭജനകമായ വിവരണം മോട്ടിവേഷണൽ സാഹിത്യത്തിന്റെ ടെംപ്ലേറ്റിലെ മുഖ്യ പ്രതിപാദന രീതിയാണ്. അൽഭുതങ്ങളും പാരവശ്യങ്ങളും ആഖ്യാനത്തെ ചലിപ്പിക്കുന്നു. വൈകാരിക ജ്വലനം മോട്ടിവേഷണൽ ആഖ്യാനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. mo
കോർപറേറ്റ് പരിശീലന പരിപാടികളുടെ അനിവാര്യഭാഗമാണ് ജീവനക്കാർക്ക് വൈകാരിക ഉണർവു പ്രദാനം ചെയ്യാനുള്ള പ്രചോദനാത്മക പരീശീലനങ്ങൾ. ഇമോഷണൽ ഇന്റലിജൻസ് സ്ഥിതപ്പെടുത്തുക എന്നതാണ് ഇത്തരം പരിശീലനങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. കോർപറേറ്റിനെ സംബന്ധിച്ച് ജീവനക്കാരുടെ പരമാവധി ഉപയോഗക്ഷമത ഉറപ്പുവരുത്താനാണ് മോട്ടിവേഷണൽ പ്രോഗ്രാമുകൾ. എന്നാൽ പിരിച്ചുവിടലിന്റെ സന്ദർഭത്തിൽ, ജീവനക്കാരുടെ വൈകാരിക പ്രതിസന്ധിയും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും കോർപറേറ്റ് താൽപര്യങ്ങൾക്ക് പുറത്താണ്.
വൈകാരികക്ഷമതയിൽ പിന്നാക്കം പോയവരും പ്രചോദനക്കമ്മി (motivation deficit) നേരിടുന്നവരുമാണ് മോട്ടിവേഷണൽ പരീശീലനത്തിന്റെ ശ്രോതാക്കൾ. ഇവരെ ഉത്ഭുതരാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. ആത്മീയ / പ്രത്യയശാസ്ത്ര ശ്രുശ്രൂഷാ ശില്പശാലകളിലെ പരീശീലകൻ ഇടയനെ പോലെയാണ്. വകതിരിവില്ലാത്ത ആട്ടിൻപറ്റത്തെ ഉത്തേജിതരാക്കുക എന്നതാണ് മോട്ടിവേഷണൽ പരീശീലനത്തിന്റെ ലക്ഷ്യം തന്നെ.

വൈകാരിക മുതലാളിത്തം
(emotional capitalism)
ഇവാ ഇലൗസ് എഴുതിയ കോൾഡ് ഇന്റിമസീസ്: ദി മേക്കിംഗ് ഓഫ് ഇമോഷണൽ ക്യാപിറ്റലിസം (Eva Illouz, Cold Intimacies, the making of emotional capitalism, polity, 2007) എന്ന പുസ്തകത്തിൽ സമകാലിക പെരുമാറ്റ മനഃശാസ്ത്രത്തിന്റെയും തൊഴിലിടങ്ങളിലെ വൈകാരികക്ഷമത വർധിപ്പിക്കാനുള്ള മോട്ടിവേഷണൽ പരീശീലനത്തിന്റെയും ചൂഷണസ്വഭാവം തുറന്നുകാണിക്കുന്നു. 20-ാം നൂറ്റാണ്ടിലുടനീളം, പ്രധാനമായും തെറാപ്പിയുടെ ഭാഷയിലൂടെ, വൈകാരികതയുടെ ഒരു പുതിയ സംസ്കാരം എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്ന് അവർ വിവരിക്കുന്നു.
ഇത് വികസിത മുതലാളിത്ത ലോകങ്ങളിൽ വ്യാപകമായിരുന്നെങ്കിലും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെട്ടത് ഈ രണ്ടു ദശകങ്ങൾക്കിടയിലാണ്. എത്രയോ അധികം മോട്ടിവേഷണൽ സ്പീക്കർമാർ രംഗപ്രവേശം ചെയ്തു. ശ്രുശ്രൂഷയുടെ പുതിയ സംസ്കാരമാണ് ഇവർ വാഗ്ദാനം ചെയ്തത്. കുടുംബ പശ്ചാത്തലത്തിൽ മാത്രമല്ല, ജോലിസ്ഥലത്തും ചികിത്സാസംസ്കാരം അവതരിപ്പിക്കപ്പെട്ടു.
തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമേഖലകളിലും സായുധസേനയിലുമുള്ളവർ പ്രചോദന പ്രതിസന്ധിയിൽ വലയുകയാണ് എന്ന നിഗമനവും അതിനുള്ള പരിഹാരക്രിയകളുമാണ് മോട്ടിവേഷൻ വാഗ്ദാനം ചെയ്യുന്നത്.
വ്യക്തിപരമായ വികാരങ്ങളിലും പ്രചോദനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനഃശാസ്ത്രപരമായ വ്യവഹാരമാണ് മോട്ടിവേഷണൽ ശ്രുശ്രൂഷയുടെ അന്തഃസത്ത. കോർപറേറ്റ് സംസ്കാരത്തിന്റെ മുഖ്യ പ്രവണതയായി ഇതു മാറി. കോർപറേറ്റുകൾ വ്യക്തിഗത പരിശീലനത്തിന് മാനകമാക്കിയ പെരുമാറ്റ മനഃശാസ്ത്ര മാനദണ്ഡങ്ങൾ പിന്നീട് പല മേഖലകളിലേക്കും നിർബാധം പകർത്തപ്പെട്ടു. ഓരോ മേഖലയുടെയും വേർതിരിവുകൾ പരിഗണിക്കാതെയുള്ള മനഃശാസ്ത്ര പരീശീലനങ്ങളാണ് അരങ്ങേറുന്നത്. മോട്ടിവേഷണൽ സ്പീക്കർമാർ അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിയെടുത്ത കഥകൾ സാരാംശമോ സന്ദർഭോ കൃത്യമാക്കാതെ സദസ്സുകൾക്ക് വിളമ്പുന്നു. ഓഷോ കഥകൾ, കോർപറേറ്റ് വിജയകഥകൾ തുടങ്ങി വേദപുസ്തക കഥകളും പുരാണങ്ങളും പ്രബോധന പ്രക്രിയയുടെ ഭാഗമായി വ്യവഹരിക്കപ്പെടുന്നു.
കോർപറേറ്റുകളിൽ HR കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വമാണ് ജീവനക്കാരെ പ്രചോദിതരാക്കാൻ മോട്ടിവേഷണൽ പരിപാടികൾ സംഘടിപ്പിക്കുക എന്നത്. പലപ്പോഴും ആചാരം പോലെ നടക്കുന്ന ഒന്നാണിത്. വിട്ടുമാറാത്ത സമ്മർദ്ദവും അധിക ജോലി ചെയ്തതുമൂലമുണ്ടാകുന്ന തളർച്ചയും ക്ഷീണവുമാണ് ജീവനക്കാരെ ബാധിക്കുന്നത്. ഇത് 'ലക്ഷ്യബോധമുള്ള' പ്രവർത്തനങ്ങളിൽ നിന്ന് അകന്നുപോകുന്നതായി കോർപ്പറേറ്റ് HR വ്യാഖ്യാനിക്കുന്നു. കോർപറേറ്റ് മുന്നോട്ടുവെച്ച നിയതമായ ലക്‌ഷ്യം പൂർത്തീകരിക്കുകയാണ് ഓരോ ജീവനക്കാരുടെയും പരമമായ ലക്ഷ്യം. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമേഖലകളിലും സായുധസേനയിലുമുള്ളവർ പ്രചോദന പ്രതിസന്ധിയിൽ വലയുകയാണ് എന്ന നിഗമനവും അതിനുള്ള പരിഹാരക്രിയകളുമാണ് മോട്ടിവേഷൻ വാഗ്ദാനം ചെയ്യുന്നത്.

പ്രചോദനം ആവശ്യമുള്ളവർക്ക് ഉപദേശം നൽകുന്നതാണ് സ്വയം സഹായ (self help) വ്യവസായത്തിന്റെ ലക്‌ഷ്യം. സുംബ ഡാൻസ് മുതൽ വ്യത്യസ്ത കളികൾ, വെറുതെയുള്ള നടത്തം, സല്ലാപം, സംഗീതം ആസ്വദിക്കൽ തുടങ്ങി നിർബന്ധിതമായ ചില പരിശീലന പരിപാടികളും ഉദ്ധരണി സഹിതമുള്ള ഉപദേശങ്ങളുമാണ് നൽകപ്പെടുന്നത്. സ്വത്വപരമായ കുറവാണ് (deficit) വ്യക്തിത്വപ്രതിസന്ധിയുടെ പൊതുസ്വഭാവമായി പരിഗണിക്കപ്പെടുന്നത്. മോട്ടിവേഷണൽ പ്രാസംഗികൻ- ആത്മീയ ശ്രുശൂഷകനാകട്ടെ, സെക്യുലർ പ്രബോധകനാകട്ടെ, പ്രത്യയശാസ്ത്ര തെറാപ്പിസ്റ്റാകട്ടെ- സ്വയം ആദ്യം തന്നെ ഇടയ സ്ഥാനത്ത് തന്നെ ഉറപ്പിക്കും. തുടർന്നുള്ള തെറാപ്പി സെഷനിൽ ആട്ടിൻപറ്റം പോലെ നിരകർതൃത്വരാകേണ്ട സദസ്സിനെ മോഹാലസ്യരാക്കുന്നു (പിശാചിനെ ഒഴിപ്പിക്കൽ ഉൾപ്പെടെ). അതിൽനിന്നാണ് സദസ്സിനെ പുത്തനുണർവിലേക്ക് നയിക്കുന്നത്. ഇതാണ് സങ്കല്പനം.
സെക്യുലർ പ്രത്യയശാസ്ത്ര തെറാപ്പി സെഷനിൽ വർഗീയ പിശാചുബാധിതരായി സദസ്സിനെ സങ്കല്പിച്ചാൽ മാത്രമേ, അത് വിജയകരമാവൂ. സ്വയം സഹായ പരിശീലനങ്ങളും പ്രബോധനങ്ങളും ആത്മീയ ശ്രുശ്രൂഷ പോലെ തന്നെ ഒരുവളിൽ അവളുടെ സ്വാച്ഛന്ദ്യബോധത്തെ (autonomy) ഇല്ലായ്‌മ ചെയ്യുകയാണ്. ഗുരുതരമായ അപരാധബോധമാണ് സ്വയംസഹായം (self help) മോട്ടിവേഷണൽ പരിശീലനങ്ങൾ അബോധപരമായി സന്നിവേശിപ്പിക്കുന്നത്. മോട്ടിവേഷണൽ സ്പീക്കർമാർ ബ്രാൻഡഡ് ഗുരുക്കന്മാരായാണ് സ്വയം പ്രതിഷ്ഠിക്കുന്നതും അല്ലെങ്കിൽ പ്രചരിപ്പിക്കുന്നതും.
ബ്രാൻഡഡ് ഗുരുക്കളുടെ അഭിനവ സാന്നിധ്യമാണ് കേരളത്തിലെ ഏറ്റവും സമകാലികമായ പ്രവണത. യോഗ പരിശീലകർ മുതൽ മോട്ടിവേഷണൽ സ്പീക്കർമാരും പ്രത്യയശാസ്ത്ര തെറാപ്പിസ്റ്റുകളും വരെ നീളുന്നതാണ് കേരളത്തിലെ ബ്രാൻഡഡ് ഗുരുക്കന്മാർ. യൂട്യൂബിലാണ് ഇവർ പ്രധാനമായും വിഹരിക്കുന്നത്.
പാശ്ചാത്യ കോർപറേറ്റ് ലോകത്ത് ആദ്യം അവതരിച്ച ബ്രാൻഡഡ് ഗുരുക്കളെ പോലുള്ളവർ കേരളത്തിലും 21-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിൽ സംസ്കാരത്തിന്റെ മണ്ഡലത്തിൽ വ്യാപകമായി കാണാറായി. ബ്രാൻഡഡ് ഗുരുക്കന്മാരുടെ ഒരു വലിയ നിര കേരളത്തിൽ ഇന്നുണ്ട്. നവലയാളിക്ക് ഇവരിൽ നിന്നാണ് സാംസ്‌കാരിക പ്രചോദനം യഥാർത്ഥത്തിൽ സിദ്ധമാകുന്നത് എന്നാണ് മാധ്യമങ്ങളുടെ പോലും അനുമാനം.
എങ്ങനെയാണ് ഒരാൾ ഗുരുവാകുന്നത്? പ്രായോഗിക സിദ്ധാന്തത്തിലും വൈദഗ്ധ്യത്തിലും പ്രാവീണ്യം നേടിയ വിദഗ്ധരാണ് തങ്ങൾ എന്ന് ഗുരുക്കന്മാർ തന്നെ അവകാശപ്പെടാൻ ഇഷ്ടപ്പെടുന്നു. ഭാഷയും പ്രകടനവും കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം. അവർ സ്വയമേവയും പ്രചാരണ ഉപാധികളിലൂടെയും അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങളിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള സംഘടനകളിലൂടെയും ആധികാരിക വിദഗ്ധരും പ്രൊഫഷണലുകളുമായി അവതരിപ്പിക്കപ്പെടുന്നു. ആശയങ്ങൾ മാത്രം മതിയാകില്ല ഗുരുസ്ഥാനത്തിനർഹനാവാൻ. അവ അവതരിപ്പിക്കുകയും പാക്കേജ് ചെയ്യുകയും ശരിയായ രീതിയിൽ പ്രചരിപ്പിക്കുകയും വേണം. അങ്ങനെ വിൽപ്പനയ്ക്ക് അനുയോജ്യമാകുംവിധമാണ് ആശയങ്ങൾ ഉപഭോഗക്ഷമമാക്കുക. ബ്രാൻഡഡ് ഗുരുക്കളുടെ അഭിനവ സാന്നിധ്യമാണ് കേരളത്തിലെ ഏറ്റവും സമകാലികമായ പ്രവണത. യോഗ പരിശീലകർ മുതൽ മോട്ടിവേഷണൽ സ്പീക്കർമാരും പ്രത്യയശാസ്ത്ര തെറാപ്പിസ്റ്റുകളും വരെ നീളുന്നതാണ് കേരളത്തിലെ ബ്രാൻഡഡ് ഗുരുക്കന്മാർ. യൂട്യൂബിലാണ് ഇവർ പ്രധാനമായും വിഹരിക്കുന്നത്.
20-ാം നൂറ്റാണ്ടിലുണ്ടായ കീഴാള ജനതയുടെ ജനകീയ ഉണർവിനെയാണ് പിൽക്കാലത്ത് കേരളത്തിൽ നവോത്ഥാനമെന്നു വിശേഷിപ്പിക്കപ്പെട്ടത്. 21-ാം നൂറ്റാണ്ടിന്റെ 25 വർഷം പിന്നിടുമ്പോൾ നവോത്ഥാനം ഒരു പ്രത്യയശാസ്ത്ര തെറാപ്പി അല്ലെങ്കിൽ സെക്യുലർ ആത്മീയ ശ്രുശൂഷാ യോഗസൂത്രമായി പരിവർത്തിപ്പിക്കപ്പെട്ടു. ഒന്നോ രണ്ടോ സെഷനുകളിലെ പങ്കാളിത്തത്തോടെ നവോത്ഥാന ഉണർവ് സിദ്ധമാകാമെന്നത് പ്രചോദനാത്മകമേഖലയിലെ തികച്ചും കേരളീയമായ നൂതന സംരഭകത്വവും സംഭാവനയുമാണ്. കേരളീയമായ മോട്ടിവേഷണൽ സംരംഭകത്വം 'Make in India' മാതൃകയിൽ ആത്മനിർഭരത്വം നേടുകയാണ്.

യോഗയുടെ പുനരവതരണവും നവവലതുപക്ഷവും
യോഗ പുനർവതരിപ്പിക്കപ്പെട്ടത് സാംസ്കാരിക ദേശീയതയുടെ പ്രതിബിംബമായാണ്. എന്നാൽ 19-ാം നൂറ്റാണ്ടു മുതൽക്ക് വെള്ളക്കാരായ യൂറോപ്യൻ വംശജർക്ക് ജിംനാസ്റ്റിക്സിന്റെ പരിഷ്കൃത രൂപം എന്ന നിലയിൽ പരിചിതമായിരുന്നുവെന്നാണ് സ്റ്റ്യുവെർട്ട് ഹോം വിശദീകരിക്കുന്നത്. നാസി പ്രത്യശാസ്ത്രജ്ഞർ വലിയ തോതിൽ തങ്ങളുടെ സമയവും അറിവും നിക്ഷേപിച്ചത് യോഗ പരിശീലനത്തിലായിരുന്നുവെന്നു സ്റ്റ്യുവെർട്ട് ഹോം Fascist Yoga, Grifters, Occultists, White Supremacist and the new order in Wellness (Navayana, 2025) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ജൂലിയസ് ഇവോള എന്ന ഇറ്റാലിയൻ ഫാഷിസ്റ്റ് ചിന്തകൻ 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഡോക്ടറൽ ബിരുദം നേടിയത് യോഗ പ്രാക്ടീസിനെക്കുറിച്ചുള്ള പ്രബന്ധത്തിനാണ്. അതുപോലെ, ഹിറ്റ്ലറെ ദൈവത്തിന്റെ അവതാരമായി കണ്ട മാക്സിമാനി പോർട്ടാസ് എന്ന സാവിത്രി ദേവി യോഗശക്തിയെക്കുറിച്ച് ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഹിറ്റ്‌ലർ ഭക്തയായ മാക്സിമാനി പോർട്ടാസ് ഹിന്ദുമതം സ്വീകരിച്ച് സാവിത്രി ദേവി എന്ന പേര് മാറ്റുകയായിരുന്നു.
സ്റ്റ്യുവെർട്ട് ഹോം സൂചിപ്പിക്കുന്നത്, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിനുശേഷം ഇന്റർനെറ്റിന്റെ വികാസം യോഗയിൽ കൂടുതൽ മാറ്റം വരുത്തി എന്നാണ്, അതുവഴി പ്രചുരപ്രചാരം ലഭിച്ചു. ഇന്റർനെറ്റിലൂടെയാണ് ആധുനിക യോഗയും അതിന്റെ ദുഷ്ട (evil) ഇരട്ടയായ ആൾട്ട്- റൈറ്റും (alt- right) നിലവിലെ പ്രാധാന്യത്തിലേക്ക് ഉയർന്നത്. എങ്കിൽ തന്നെയും യൂറോപ്പിലെ ഫാഷിസ്റ്റ് ചിന്തകർക്ക് യോഗാഭ്യാസം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അറിവുള്ളതായിരുന്നു. അവരാണ് യോഗയെ പോപ്പുലറാക്കാൻ കൂടുതലും പ്രയത്നിച്ചത്.

21-ാം നൂറ്റാണ്ടിൽ വികസ്വരമായ വെൽനെസ്സ് വ്യവസായത്തിന്റെ കേന്ദ്രാശയങ്ങളാണ് യോഗയും മോട്ടിവേഷനും. ആധുനിക വൈദ്യശാസ്ത്രരീതികൾ ഗുണപ്രദമല്ലെന്നു തോന്നുന്നവർക്ക് പുരാതന പാരമ്പര്യങ്ങളെ ആശ്രയിച്ച് ആരോഗ്യപരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യവസായമാണ് വെൽനെസ്സ്. ചായയിൽ കലർത്താം, അല്ലെങ്കിൽ ചർമ്മത്തിൽ പുരട്ടാം, കൈത്തണ്ടയിൽ ധരിക്കാം. ആരോഗ്യത്തിൽ പുത്തൻ ജിജ്ഞാസകൾ നിർമിക്കാൻ ഇത് പര്യാപ്‌തമാണ്. വെൽനെസ്സ് വ്യവസായത്തിൽ ശ്വേതവലതുപക്ഷം (white right) അധിനിവേശം ചെയ്തിരിക്കുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങളും ലേഖനങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്.
നവവലതുപക്ഷത്തിന്റെ ഏറ്റവും പ്രധാന സവിശേഷത, അത് നുഴഞ്ഞുകയറുന്ന പല മണ്ഡലങ്ങളും സാധാരണയായി പൊതുശ്രദ്ധയിൽ നിന്ന് മാറ്റിനിർത്താൻ കഴിയുന്നുവെന്നതാണ്, വെൽനെസ്സും മോട്ടിവേഷനും ബ്രാൻഡഡ് ഗുരുക്കളും കേരളത്തിന്റെ പുത്തൻ പ്രവണതകളിലൂടെ നവവലതുപക്ഷ ഇക്കോസിസ്റ്റം (ecosystem) സൃഷ്ടിക്കുകയാണോ എന്ന ആപത്ശങ്ക പങ്കുവെയ്ക്കുകയാണ്.
(അവസാനിക്കുന്നില്ല).
