മെയ് മാസത്തിലെ ഉച്ചവെയിലിനോടൊപ്പം ഓഫീസിലേയ്ക്ക് മെഹറുന്നിസ്സ കയറിവന്നപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ദിവസങ്ങളായി എണ്ണയോ വെള്ളമോ കാണാത്ത ചുവന്ന നാരൻ തലമുടി കെട്ടിവെച്ചിട്ടും പാറിപ്പറന്നുകിടക്കുന്നു. ഇട്ടിരിക്കുന്ന ചുരിദാറിലെ പൊടി, അവൾ നടക്കുമ്പോൾ ചുറ്റും പറക്കുന്നെന്നു തോന്നും. ഒരു ഓഫീസിൽ കയറിവരുമ്പോൾ, കുറച്ചു വൃത്തിയായി വന്നുകൂടേ എന്ന് മനസ്സിലോർത്താണ് അവരോട് സംസാരിക്കാൻ തുടങ്ങിയത്, കൈവിരലിന്റെ ഇടയിലെ ചെളി പാളി നോക്കിക്കൊണ്ട്.
40-45 വയസ്സേ ഉള്ളെങ്കിലും പത്തു പതിനഞ്ചു വർഷം കൂടുതൽ തോന്നുന്ന മുഖവും ദേഹവും.
മെഹറുന്നിസ്സയുടെ മകൻ അറ്റൻഡ് ചെയ്യുന്ന ബോർഡിംഗ് സ്കൂളിന്റെ വിസിറ്റിനു ചെന്നതാണ്. റെയിൽവേ സ്റ്റേഷനിലും തെരുവുകളിലും ജീവിക്കുന്ന കുട്ടികൾക്കായുള്ള ബോർഡിംഗ് ആണ്. അവിടെ അവരെ താമസിപ്പിച്ച്, ഭക്ഷണവും വസ്ത്രവും കൊടുത്ത്, അടുത്തുള്ള ഗവൺമെന്റ് സ്കൂളിലയച്ച്, പഠനത്തിനും ജീവിതത്തിനും സപ്പോർട്ട് കൊടുക്കുന്ന സ്ഥാപനം. പന്ത്രണ്ട് കഴിഞ്ഞാൽ ഏതെങ്കിലും തൊഴിലിനായുള്ള കോഴ്സിന് വിടും. അവിടെയുള്ള കുട്ടികളാരും അനാഥരല്ല; ഒരു രക്ഷിതാവെങ്കിലുമുള്ളവരാണ്.
READ: ദാപാട എന്ന
ഗ്രാമത്തിൽനിന്ന്
ഡേറ്റ സെന്ററുകളിലേയ്ക്ക്
വീട്ടിൽനിന്ന്
പുറത്താക്കപ്പെട്ട
സ്ത്രീകൾ
ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്മണ്ഡു മുതൽ കേരളം വരെ
പണ്ടൊക്കെ സിനിമയിൽ കാണുന്നതുപോലെയല്ല. അനാഥാലയത്തിന്റെ പടിയിൽ കുഞ്ഞിനെ കൊണ്ടുപോയി വെക്കുന്നു, അവർ തന്നെ ഏറ്റെടുക്കുന്നു, വളർത്തി വലുതാക്കി നായിക / നായകൻ ആക്കുന്നു- ഇതൊന്നും നടക്കില്ല.
കുഞ്ഞിനെ കണ്ടെത്തിയാലുടൻ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം, അല്ലെങ്കിൽ പണി കിട്ടും; ആ സ്ഥാപനത്തിലെ തന്നെ ഏതെങ്കിലും കുട്ടികൾക്കുണ്ടായ കുഞ്ഞല്ല എന്നു തെളിയിക്കേണ്ടിവരും. പോലീസ് സ്റ്റേഷനിൽനിന്ന് ജില്ലാ മജിസ്ട്രറ്റും ശിശുക്ഷേമസമിതിയും ചേർന്ന് തീരുമാനിക്കും, ഏതു സ്ഥാപനത്തിലേക്ക് കുഞ്ഞിനെ അയക്കണമെന്ന്. സർക്കാർ നടത്തുന്ന സ്ഥാപനങ്ങളാകും ആദ്യ ചോയ്സ്. അവർക്ക് സ്പേസ് ഇല്ലെങ്കിൽ, അവർക്ക് മാനേജ് ചെയ്യാൻ പറ്റാത്തവിധം എന്തെങ്കിലും പ്രശ്നമുള്ള കുട്ടികളെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് അയയ്ക്കും.
ഇത്തരം ചുവപ്പുനാടകൾ ഒഴിവാക്കാൻ, ഒരു രക്ഷകർത്താവെങ്കിലും, അവർ കുട്ടിയെ സ്വമേധയാ അയക്കുന്നുവെന്ന മുദ്രപ്പത്രം നൽകിയാൽ മാത്രമേ ഈ സ്ഥാപനത്തിൽ അഡ്മിഷൻ കൊടുക്കൂ, അതും സ്കൂളിൽ പോകാൻ പ്രായമായവരെ. ഇവിടെയാക്കുന്ന കുട്ടികൾ ഇടയ്ക്കിടെ ഓടിപ്പോകും. സ്വതന്ത്രമായി അലഞ്ഞു നടന്നുകൊണ്ടിരുന്ന, ഭിക്ഷ യാചിച്ചിട്ടാണെങ്കിലും തീരെ ചെറുപ്പത്തിലേ കയ്യിൽ പൈസ കിട്ടി ശീലിച്ച, ആ പൈസക്ക് ഇഷ്ടമുള്ളത് തിന്നും കുടിച്ചും ശീലിച്ച കുട്ടികൾക്ക് അച്ചടക്കമുള്ള ജീവിതം കുറച്ച് പാട് തന്നെയാണല്ലോ.
അങ്ങനെ ഓടിപ്പോയ മകനെ തിരിച്ചുകൊണ്ടു വന്നതാണ് മെഹറുന്നിസ്സ.
“അഞ്ചു പേരിൽ ഏറ്റവും ഇളയതാ ഇവൻ, മൂത്തവർക്കൊന്നും പഠിക്കാൻ പറ്റിയിട്ടില്ല, ഇവനെങ്കിലും രക്ഷപ്പെടട്ടെ എന്നു വിചാരിച്ചു ഇവിടെ ചേർത്തതാ”, അടങ്ങിയിരിക്കാത്ത മുടി ദുപ്പട്ട കൊണ്ട് മൂടിക്കൊണ്ട് സങ്കടത്തോടെ അവൾ പറഞ്ഞു.
വീടെവിടെയാണെന്നു ചോദിച്ചപ്പോൾ അവളുടെ മറുപടി; “സ്റ്റേഷൻ’’.
പൂനെ റെയിൽവേ സ്റ്റേഷനാണ് ഉദേശിച്ചത്.
ഏതു ഗ്രാമത്തിൽ നിന്നാണ് ഇവിടെയെത്തിയതെന്ന് ചോദിച്ചിട്ട് മറുപടിയില്ല, ചോദ്യം മനസ്സിലാകാത്തതു പോലെ ഇരിക്കുന്നു. അമ്മയും അച്ഛനും, അതിനുമുൻപത്തെ തലമുറയും എവിടെനിന്ന് വന്നതാണെന്ന് എത്ര ചോദിച്ചിട്ടും ‘സ്റ്റേഷൻ’ എന്നല്ലാതെ ഒരു മറുപടിയില്ല.
“നിങ്ങൾ എത്രകാലമായി ഈ സ്റ്റേഷനിൽ?” സഹികെട്ട് ചോദിച്ചപ്പോൾ മെഹറുന്നിസ്സയുടെ മറുപടി ഞെട്ടിച്ചു, “അഞ്ചു തലമുറയായി.”

അഞ്ചു നീണ്ട തലമുറകൾ, ഓരോന്നിലും അഞ്ചും ആറും കുട്ടികൾ, ഇങ്ങനെ പടർന്നു പന്തലിച്ച കുടുംബത്തിന്റെ ‘തറവാട്’ കണ്ടപ്പോൾ ഒന്നുകൂടി ഞെട്ടി. പൂനെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലോട്ടുള്ള റോഡിന്റെ സൈഡിൽ, ബസ് ഡിപ്പോയോട് ചേർന്നുള്ള ഒരു ചെറിയ വെളിപ്രദേശം. റെയിൽവേ ഉടമസ്ഥതയിലുള്ള ഭൂമി തന്നെയാവും. ചുറ്റുപാടും റെയിൽവേ വേസ്റ്റ് അടങ്ങിയ വേസ്റ്റ് കൂമ്പാരങ്ങൾ. അതിനിടയിൽ ഒരിഞ്ചു ഇടപോലും വിടാതെ നിരനിരയായി നീലയും മഞ്ഞയും പ്ലാസ്റ്റിക് ഷീറ്റുകളുടെ കൂടാരങ്ങൾ. മുളയുടെ കമ്പുകൾ കെട്ടി ഇഗ്ളൂ രൂപത്തിൽ അഞ്ചടി കഷ്ടിച്ച് ഉയരത്തിൽ. കുനിഞ്ഞു വേണം അകത്തുകയറാൻ. താഴെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. ഏകദേശം പത്തു പന്ത്രണ്ട് അടി വ്യാസത്തിലുള്ള ഒരിടത്തിൽ തുണികൾ കൊണ്ടുള്ള കുറച്ചു ബാഗുകൾ. അതിൽ തന്നെയാണ് കിടക്കാനുള്ള പുതപ്പും ഷീറ്റും, ഇടാനുള്ള വസ്ത്രങ്ങളും. ഒരു കോണിൽ രണ്ടുമൂന്നു സ്റ്റൂളുകളിൽ പാത്രങ്ങളും പ്ലേറ്റുകളും അടുക്കിവച്ചിട്ടുണ്ട്. അതിനോടുചേർന്ന് ഒരു മണ്ണെണ്ണ അടുപ്പ്. രണ്ടു മൂന്നു കാനുകളിൽ വെള്ളം നിറച്ചിട്ടുണ്ട്. തീർന്നു. അതാണവരുടെ ലോകം.
2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ കാരണം ഇന്ത്യയിൽ 54 ലക്ഷം മനുഷ്യരാണ് ഭവനരഹിതരായത്. അല്ലെങ്കിൽ കുടിയൊഴിക്കപ്പെട്ടത്. എണ്ണവും തീവ്രതയും ദിവസേന കൂടിവരുന്ന ദുരന്തങ്ങൾ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്നു.
READ: ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്മണ്ഡു മുതൽ കേരളം വരെ
അതിനകത്താണ് ഏഴു പേരുള്ള ആ കുടുംബം ജീവിക്കുന്നത്. ഇതുപോലെ വേറെയൊരു കൂരയിലാണ് അവൾ ജനിച്ചുവളർന്നത്. പബ്ലിക് ടോയ്ലെറ്റ്, പബ്ലിക് ടാപ്പ് ഇവയാണ് ശരണം. അവയിൽ വെള്ളമില്ലെങ്കിൽ റെയിൽവേയുടെ ഏതെങ്കിലും ടോയ്ലെറ്റ്. കയ്യിൽ രേഖകൾ ഒന്നുമില്ലാത്തതുകൊണ്ട് വീടുകളിലോ ഏതെങ്കിലും സ്ഥാപനത്തിലോ ഏറ്റവും താഴ്ന്ന പണി പോലും കിട്ടില്ല. റെയിൽവേ സ്റ്റേഷനിലും പരിസരത്തും ദിവസം മുഴുവൻ മെഹറുന്നിസ്സയും പെൺമക്കളും ചുറ്റിക്കറങ്ങി ശേഖരിക്കുന്ന വേസ്റ്റ് കൊടുത്താണ് ജീവിക്കുന്നത്. ഭർത്താവും മൂത്ത ആണ്മക്കളും രാവിലെ അടുത്തുള്ള ജംഗ്ഷനിൽ പോയിനിൽക്കും, ദിവസക്കൂലിക്ക് ആളെ എടുക്കുന്നവരെയും കാത്ത്.
തലമുറകൾക്കുമുൻപ് അവരുടെ വീട്ടുകാർ എവിടെ നിന്ന്, എങ്ങനെ, എന്തിന്, പൂനെയിലെത്തിച്ചേർന്നു എന്ന് മെഹറുന്നിസ്സയ്ക്ക് അറിയില്ല, ഇന്ത്യയിലെ രണ്ടു കോടിയോളം വരുന്ന തെരുവുനിവാസികളിൽ മിക്കവരെയും പോലെ. ഒരു ലിസ്റ്റിലും, ഒരു കണക്കിലും പെടാത്ത ദശലക്ഷക്കണക്കിനു ഫുട്പാത്ത് നിവാസികളെപ്പോലെ.
അഞ്ചു തലമുറയ്ക്കുപിന്നിലെ അവളുടെ കുടുംബക്കാർ ഗ്രാമങ്ങളിൽനിന്ന് പട്ടിണി കൊണ്ട് നഗരത്തിൽ കുടിയേറിയതാവാം. കുടുംബവഴക്ക് കൊണ്ട് നാട് വിട്ടതാവാം. വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതാവാം. ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായതാവാം. ഒരുപക്ഷെ നഗരം കയ്യേറിയ അന്നാട്ടിലെ ആദിമനിവാസികളാകാം. അതല്ലെങ്കിൽ ദുരന്തങ്ങളുടെ ഇരകളാകാം.

2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ കാരണം ഇന്ത്യയിൽ 54 ലക്ഷം മനുഷ്യരാണ് ഭവനരഹിതരായത്. അല്ലെങ്കിൽ കുടിയൊഴിക്കപ്പെട്ടത്. എണ്ണവും തീവ്രതയും ദിവസേന കൂടിവരുന്ന ദുരന്തങ്ങൾ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്നു. രാജ്യത്തുടനീളം അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നിരവധിയാളുകളുടെ മരണത്തിനും വിസ്ഥാപനത്തിനും (displacement) കാരണമായി. ജനീവ ആസ്ഥാനമായ ഇന്റേണൽ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പ്രകൃതിദുരന്തങ്ങൾ കാരണം ഇന്ത്യയിൽ 3.23 കോടി ആഭ്യന്തര വിസ്ഥാപനങ്ങൾ രേഖപ്പെടുത്തി.
കൂടാതെ, മണിപ്പുരും ഒറിസ്സയും പോലെ ചില സംസ്ഥാനങ്ങളിലുണ്ടായ വംശീയ സംഘർഷങ്ങൾ അശാന്തിക്ക് കാരണമാവുകയും ആളുകളെ സ്വന്തം നാട് വിട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ നിർബന്ധിതരാക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം അവസ്ഥകളിൽ ഈ മനുഷ്യർ എവിടെയാകും എത്തിപ്പെടുക? ജീവിതവും ജീവിതമാർഗവും വഴിമുട്ടി ഏതു നഗരത്തിൻറെ കോണിലാവും അഭയം തേടിയിരിക്കുന്നത്?
READ: കക്കൂസ്;
ഒരു മറയില്ലാക്കഥ
ഇതും പോരാഞ്ഞാണ് പതിറ്റാണ്ടുകളായി തുടരുന്ന വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ. 1950 മുതൽ ഇന്ത്യയിൽ വികസന പദ്ധതികൾ കാരണം 6 കോടി മുതൽ 7 കോടി ആളുകൾ വരെ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു. ഇതിൽ പകുതിയോളം വികസന പദ്ധതികളാൽ പൂർണ്ണമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. അണക്കെട്ടുകളുടെ നിർമ്മാണം മൂലം മാത്രം 1.64 കോടി ആളുകൾക്ക് സ്ഥലം നഷ്ടപ്പെട്ടു.
ഒരു വലിയ അണക്കെട്ട് നിർമ്മിക്കുമ്പോൾ ശരാശരി 44,182 ആളുകൾ കുടിയൊഴിപ്പിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനുശേഷം 3,300-ലധികം വൻകിട അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന കണക്ക് നോക്കുമ്പോൾ ഇതിന്റെ പ്രത്യാഘാതം എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനമനുസരിച്ച്, ഒരു വലിയ അണക്കെട്ട് നിർമ്മിക്കുമ്പോൾ ശരാശരി 44,182 ആളുകൾ കുടിയൊഴിപ്പിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനുശേഷം 3,300-ലധികം വൻകിട അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന കണക്ക് നോക്കുമ്പോൾ ഇതിന്റെ ആകെ പ്രത്യാഘാതം എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പരമ്പരാഗതമായി മുഖ്യധാരയിൽനിന്ന് പുറത്തുള്ള, അവകാശങ്ങൾ തെളിയിക്കാൻ രേഖകളില്ലാത്ത, ആദിവാസി സമൂഹങ്ങളെയാണ് ഇത്തരം വികസന പദ്ധതികൾ മൂലമുള്ള കുടിയൊഴിപ്പിക്കലുകൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അത്രയും കാലം കാടിന്റെ തണലിൽ ജീവിച്ചവർ നാട്ടിലെ നിയമത്തിന്റെയും നടപടികളുടെയും നൂലാമാലകൾ എങ്ങനെ മറികടക്കാൻ?
READ: ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…
പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത
ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ
അണക്കെട്ടുകൾ, ഇരുമ്പയിര് ഖനികൾ, കനാൽ വീതികൂട്ടൽ, 'സ്മാർട്ട് സിറ്റി' പദ്ധതികൾ, ഷിപ്പിംഗ് കണ്ടെയ്നർ ടെർമിനലുകൾ, രാഷ്ട്രീയ- അന്താരാഷ്ട്രീയ ഗെയിംസ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ മൂലം നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകൾ നഷ്ടപ്പെട്ട നിരവധിയാളുകളുണ്ട്. പക്ഷെ അത് തെളിയിക്കാനുള്ള രേഖകളുള്ളവർ വളരെ ചെറിയ വിഭാഗം മാത്രം. ഇന്ത്യയിലെ സ്വത്തവകാശം പോലെ സങ്കീർണമായ നിയമങ്ങൾ പൊരുതിജയിക്കാനുള്ള അറിവും, അതിനുള്ള സാവകാശവും സപ്പോർട്ടും, ഒരു ദിവസം പണിക്കുപോയില്ലെങ്കിൽ പഞ്ഞം കിടക്കേണ്ടിവരുന്ന വലിയ കൂട്ടത്തിന് എവിടെ കിട്ടാൻ?
ദേശീയ പുനരധിവാസനയവും (2007) പുനരധിവാസനിയമവും (2013) കുടിയൊഴിക്കപ്പെട്ടവർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. പക്ഷെ നടപടികൾ എത്രമാത്രം ഫലപ്രദമാണെന്നത് ഉറപ്പിക്കാനുള്ള സംവിധാനം ഇനിയുമില്ല. ഭവനരഹിതരാക്കപ്പെടുന്നവരുടെ എണ്ണം വളരെ വലുതാണെങ്കിലും, പലയിടത്തായി ചിതറുന്ന ഇവർക്ക് ഒന്നിച്ചു കൂടാൻ പോലും അവസരമില്ലാതിരിക്കെ, തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ സാധിക്കാറില്ല (മേധാ പട്കർ പോലുള്ള സമരനായകർ ഇല്ലാതെ). എത്രപേർ ഇങ്ങനെ നാടുവിടേണ്ടിവന്നെന്നുപോലും കൃത്യമായ രേഖകളില്ല. അതുകൊണ്ടുതന്നെ പൊതുധാരയിൽ നിന്ന് പുറന്തള്ളപ്പെട്ടവരുടെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഈ കോടികളുടെ ഇടയിൽ പെടുന്നുണ്ടാവും മെഹറുന്നിസ്സയും.
ഏതുവിധത്തിൽ ആ കൂരയിൽ എത്തിപ്പെട്ടതായാലും, ഇവർക്കൊന്നും തിരിച്ചറിയൽ കാർഡുകളോ പൗരത്വ രേഖകളോ പാരമ്പര്യ മേനിയോ ഇല്ല. പറയാൻ അഡ്രസ്, കൊടുക്കാൻ തെളിവ്, രേഖപ്പെടുത്താൻ ഐഡന്റിറ്റി, പരാതി കൊടുക്കാനുള്ള അക്ഷരാഭ്യാസം- ഇതൊന്നുമില്ലാതെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന അനേകരിൽ ഒരുവൾ.
പോലീസ് ഏതു നിമിഷവും വരാം, പൊതുസ്ഥലത്ത് നിന്ന് ആട്ടിപ്പായിക്കാൻ. അതോടെ പ്ലാസ്റ്റിക് ഷീറ്റും തുണിക്കെട്ടുകളും പാത്രങ്ങളുമായി അടുത്ത വഴിവക്കിൽ. അഡ്രസ് ഇല്ലാത്തതുകൊണ്ട് റേഷൻ കാർഡില്ല, അതിന്റെ സേവനങ്ങളില്ല. ചില ധർമ്മസ്ഥാപനങ്ങൾ കൊടുക്കുന്ന അരിയും ഗോതമ്പും, അവർ കൊടുക്കുന്ന ഭക്ഷണപ്പൊതിയും കൊണ്ട് വയറുനിറയ്ക്കും.
ഇങ്ങനെയുള്ള എണ്ണമില്ലാത്ത മെഹറുന്നിസ്സമാരുടെ ലോകവും ചേർന്നതാണ് ഈ രാജ്യം. പക്ഷെ അതു തെളിയിക്കാനുള്ള യാതൊരു സംവിധാനവും ഇല്ലാതിരിക്കെ, അവരുടെ പൗരത്വവും ദേശീയതയും ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സാമൂഹ്യനീതിയുടെ അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കപ്പെടുന്നത്. നാടോടികൾ, ഭിക്ഷാടകർ, ഇഷ്ടികച്ചൂളകളിലും നിർമ്മാണസ്ഥലങ്ങളിലും ചെറുകിട വ്യവസായങ്ങളിലും ജോലി ചെയ്യുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരെ ഔദ്യോഗികരേഖകളിൽ ഉൾപ്പെടുത്താൻ ഒരു ശ്രമവുമുണ്ടായിരുന്നില്ല, ഇപ്പോൾ അത് അവരുടെ നിലനിൽപ്പിനുതന്നെ അനിവാര്യമായിരിക്കുന്നു.
READ: പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത
ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം
വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ, അവകാശപത്രങ്ങളും രേഖകളും ഡിജിറ്റൈസ് ചെയ്തിട്ട്. ഇവയുടെയൊക്കെ ആവശ്യകത അറിഞ്ഞുവരുന്ന നാട്ടിലാണ് ഈ അഭ്യാസം. 50നു മുകളിൽ പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിലെയോ, ഞാനറിയുന്നവർക്കോ ആർക്കും ജനന സർട്ടിഫിക്കറ്റ് കയ്യിലില്ല. വിസ ആവശ്യത്തിന് തെരഞ്ഞു കണ്ടുപിടിച്ച്, അല്ലെങ്കിൽ ജനനം രേഖപ്പെടുത്തിയിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ഒപ്പിച്ച്, കഷ്ടിച്ച് കടന്നുകൂടുന്ന അവസ്ഥ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജനമുള്ള, സർക്കാർ സ്ഥാപങ്ങൾ സുലഭമായ, എളുപ്പം സമീപിക്കാവുന്ന ഭരണസംവിധാനമുള്ള നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ പതിറ്റാണ്ടുകളായി പുറമ്പോക്കിലുള്ള മനുഷ്യരുടെ ഗതികേട് ആലോചിക്കാവുന്നതേയുള്ളൂ.
