കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

‘‘വനനശീകരണം, മൃഗ- മനുഷ്യ സമ്പർക്കത്തിന്റെ വർന, അതിവേഗ ആഗോള യാത്ര, കാലാവസ്ഥാ വ്യതിയാനം- ഒരു പുതിയ രോഗാണു ഉയർന്നുവന്ന് ലോകമെമ്പാടും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ കോവിഡിന് മുൻപത്തേക്കാൾ പ്രതികൂലമല്ല, മറിച്ച് അനുകൂലമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വാസിഫ് മായൻ എം.സി. എഴുതിയ ലേഖനം.

ഹാമാരി അവസാനിച്ചു എന്ന പ്രഖ്യാപനത്തിനു ശേഷം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നാൽ പകർച്ചവ്യാധിശാസ്ത്രത്തിൽ 'അവസാനം' എന്നത് ഒരു സാങ്കേതിക പദവി മാത്രമാണ്-അടിയന്തരാവസ്ഥയുടെ പിൻവലിക്കൽ, അപകടസാധ്യതയുടെ തിരോധാനമല്ല.

വനനശീകരണം, മൃഗ- മനുഷ്യ സമ്പർക്കത്തിന്റെ വർധന, അതിവേഗ ആഗോള യാത്ര, കാലാവസ്ഥാ വ്യതിയാനം- ഒരു പുതിയ രോഗാണു ഉയർന്നുവന്ന് ലോകമെമ്പാടും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ കോവിഡിന് മുൻപത്തേക്കാൾ പ്രതികൂലമല്ല, മറിച്ച് അനുകൂലമാണ്. അതുകൊണ്ട് പ്രസക്തമായ ചോദ്യം അടുത്ത മഹാമാരി വരുമോ എന്നല്ല, അത് വരുമ്പോൾ നാം എത്രമാത്രം സജ്ജരാണ് എന്നതാണ്. ആ വിലയിരുത്തലിന് കോവിഡ് കാലം അവശേഷിപ്പിച്ച പാഠങ്ങൾ അനിവാര്യമാണ്.

കോവിഡിന്റെ ആദ്യ മാസങ്ങളിൽ ചികിത്സാ പ്രോട്ടോക്കോളുകൾ ആഴ്ചകൾക്കുള്ളിൽ മാറിമറിഞ്ഞത് പൊതുജനത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. യഥാർത്ഥത്തിൽ അത് ശാസ്ത്രത്തിന്റെ പരാജയമായിരുന്നില്ല; സാധാരണഗതിയിൽ വർഷങ്ങളെടുത്ത് അക്കാദമിക വൃത്തങ്ങൾക്കുള്ളിൽ നടക്കുന്ന സിദ്ധാന്തം- പരീക്ഷണം- തിരുത്തൽ എന്ന പ്രക്രിയ ആദ്യമായി പൊതുമണ്ഡലത്തിൽ തത്സമയം അരങ്ങേറി എന്നതായിരുന്നു വ്യത്യാസം.

ഈ ഘട്ടത്തിൽ ഏറ്റവും വലിയ ദൗർബല്യം ഗവേഷണത്തിന്റെ അളവല്ല, അതിന്റെ ഘടനയായിരുന്നു. ലോകമെമ്പാടും ആയിരക്കണക്കിന് ക്ലിനിക്കൽ ട്രയലുകൾ ആരംഭിച്ചെങ്കിലും, മതിയായ സാമ്പിൾ വലുപ്പവും ക്രമരഹിതമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് (adequately randomized and powered) അഞ്ച് ശതമാനത്തിൽ താഴെ മാത്രമായിരുന്നു. ചെറുതും പരസ്പരം മത്സരിക്കുന്നതുമായ ഈ ട്രയലുകൾ രോഗികളെ വീതിച്ചെടുത്ത് ഒന്നും തെളിയിക്കാനാവാതെ അവസാനിച്ചു.

ഇതിന്റെ വിപരീത മാതൃകയാണ് ബ്രിട്ടനിലെ റിക്കവറി (RECOVERY) ട്രയൽ. അഡാപ്റ്റീവ് പ്ലാറ്റ്ഫോം ട്രയൽ എന്ന രൂപകൽപ്പനയായിരുന്നു അതിന്റെ കാതൽ- ഒരൊറ്റ ചട്ടക്കൂടിനുള്ളിൽ ഒന്നിലധികം മരുന്നുകളെ ഒരേസമയം പരീക്ഷിക്കുകയും, ഫലം നൽകാത്തവ ഇടയ്ക്കുവെച്ച് ഒഴിവാക്കി പുതിയവ ചേർക്കുകയും ചെയ്യുന്ന രീതി. ലളിതമായ പ്രോട്ടോക്കോളും ദേശീയ ആരോഗ്യ ഡാറ്റാബേസുകളുമായുള്ള സംയോജനവും കാരണം അതിൽ ആയിരക്കണക്കിന് രോഗികളെ വേഗത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.

ഡെക്സാമെതസോൺ എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ്, ഓക്സിജൻ ആവശ്യമുള്ള അതിതീവ്രരോഗികളിൽ മരണ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിച്ചത് ഈ ട്രയലാണ്. ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ച ആ കണ്ടെത്തലിന്റെ പിന്നിൽ പുതിയ ഒരു തന്മാത്രയായിരുന്നില്ല, മെച്ചപ്പെട്ട ഒരു ഗവേ ഷണ രൂപകൽപ്പനയായിരുന്നു.

ഇവിടെ നിന്നാണ് 'വാം ഇൻഫ്രാസ്ട്രക്ചർ' എന്ന ആശയം ഉരുത്തിരിയുന്നത്. ട്രയൽ ശൃംഖലകൾ, പരിശീലനം ലഭിച്ച ഗവേഷകർ, ധാർമ്മിക അനുമതി നൽകുന്ന ദ്രുതഗതി സമിതികൾ, ഡയഗ്നോസ്റ്റിക് ശേഷി- ഇവയെല്ലാം പ്രതിസന്ധി ക്കിടയിൽ പൂജ്യത്തിൽ നിന്ന് നിർമ്മിക്കാവുന്നവയല്ല. അന്തർ-മഹാമാരി കാലത്ത് മറ്റ് രോഗങ്ങളുടെ ഗവേഷണത്തിനായി ഇവ പ്രവർത്തനക്ഷമമായി നിലനിർത്തുകയും, അടിയന്തിരഘട്ടത്തിൽ വേഗത്തിൽ പുനർവിന്യസിക്കുകയും ചെയ്യുന്ന 'രോഗ- നിരപേക്ഷ' (disease-agnostic) സമീപനമാണ് ആവശ്യം.

വനനശീകരണം, മൃഗ- മനുഷ്യ സമ്പർക്കത്തിന്റെ വർധന, അതിവേഗ ആഗോള യാത്ര, കാലാവസ്ഥാ വ്യതിയാനം- ഒരു പുതിയ രോഗാണു ഉയർന്നുവന്ന് ലോകമെമ്പാടും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ കോവിഡിന് മുൻപത്തേക്കാൾ പ്രതികൂലമല്ല, മറിച്ച് അനുകൂലമാണ്.
വനനശീകരണം, മൃഗ- മനുഷ്യ സമ്പർക്കത്തിന്റെ വർധന, അതിവേഗ ആഗോള യാത്ര, കാലാവസ്ഥാ വ്യതിയാനം- ഒരു പുതിയ രോഗാണു ഉയർന്നുവന്ന് ലോകമെമ്പാടും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ കോവിഡിന് മുൻപത്തേക്കാൾ പ്രതികൂലമല്ല, മറിച്ച് അനുകൂലമാണ്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും അവശേഷിക്കുന്നു. അക്യൂട്ട് ഘട്ടം കഴിഞ്ഞ് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം, ഓർമ്മ-ശ്രദ്ധ- തീരുമാനശേഷി എന്നിവയിലെ തകരാർ (cognitive dysfunction), വ്യായാമ സഹിഷ്ണുതയിലെ കുറവ്- ലോംഗ് കോവിഡ് അഥവാ പോസ്റ്റ്- അക്യൂട്ട് സീക്വലേ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗുരുതരമായി രോഗം ബാധിക്കാത്തവരിൽ പോലും കണ്ടുവരുന്നു. ഇതിന്റെ രോഗകാരണശാസ്ത്രം ഇന്നും വ്യക്തമല്ല; സ്ഥിരമായ ചികിത്സാമാർഗ്ഗരേഖകളുമില്ല. ഒരു മഹാമാരിയുടെ ഭാരം മരണനിരക്കിൽ മാത്രം അളക്കാനാവില്ല എന്നും, അതിജീവിച്ചവരുടെ ദീർഘകാല പരിചരണത്തിനുള്ള സംവിധാനങ്ങൾ പ്രതികരണ പദ്ധതിയുടെ ഭാഗമാകണമെന്നും ഇത് ഓർമ്മിപ്പിക്കുന്നു.

മഹാമാരിക്കുള്ളിലെ മഹാമാരി

കോവിഡ് ഒരു വൈറൽ രോഗമായിരുന്നിട്ടും ബ്രോഡ്- സ്പെക്ട്രം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ലോകമെമ്പാടും കുതിച്ചുയർന്നു. ബാക്ടീരിയൽ കോ- ഇൻഫെക്ഷൻ സ്ഥിരീക രിക്കപ്പെട്ടത് ചെറിയ ന്യൂനപക്ഷം രോഗികളിൽ മാത്രമായിരുന്നു; ആന്റിബയോട്ടിക് ഉപയോഗമാകട്ടെ അതിന്റെ പല മടങ്ങും. അനിശ്ചിതത്വവും, 'ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദം എന്തെങ്കിലും ചെയ്യുക' എന്ന സമ്മർദ്ദവുമായിരുന്നു കാരണം.

ഇതിന്റെ അനന്തരഫലം ഇന്നും തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രകടമാണ്. ഗുരുതരമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കാർബപെനം ആന്റിബയോട്ടിക്ക് പോലും ഫലിക്കാത്ത ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും കാൻഡിഡ ഓറിസ് പോലുള്ള ഫംഗൽ രോഗാണുക്കളും ഗണ്യമായി വർധിച്ചു. ഇത്തരം അണുബാധകൾക്ക് ചികിത്സാ സാധ്യതകൾ പരിമിതമാണ്; ലഭ്യമായ മരുന്നുകളാകട്ടെ വിലയേറിയതും പാർശ്വഫലങ്ങൾ കൂടിയതും. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് 2050-ഓടെ പ്രതിവർഷം ഒരു കോടിയോളം മരണങ്ങൾക്ക് കാരണമായേക്കാം എന്ന കണക്കുകൾ പരിഗണിക്കുമ്പോൾ, കോവിഡ് ഈ പ്രവണതയെ ത്വരിതപ്പെടുത്തി എന്നത് ഗൗരവമുള്ള കാര്യമാണ്.

സ്റ്റീറോയിഡ് ഉപയോഗത്തിന്റെ കാര്യത്തിലും സമാനമായ പാഠമുണ്ട്. ഡെക്സാമെതസോൺ ജീവൻ രക്ഷിക്കുന്ന മരുന്നായി തെളിയിക്കപ്പെട്ടതിന് പിന്നാലെ, കൃത്യമായ സൂചനകളില്ലാതെയും അമിത ഡോസിലും ദീർഘകാലവും അത് നൽകപ്പെട്ടു. അനിയന്ത്രിതമായ പ്രമേഹവും ഇമ്മ്യൂണോസപ്രഷനും ചേർന്നപ്പോൾ ഇന്ത്യയിൽ ബ്ലാക്ക് ഫങ്കസ് എന്നറിയപ്പെട്ട മ്യൂക്കോർ മൈക്കോസിസിന്റെ (mucormycosis) അഭൂതപൂർവ്വമായ ഒരു തരംഗം ഉണ്ടായി-ശസ്ത്രക്രിയയിലൂടെ മുഖത്തിന്റെയും കണ്ണിന്റെയും ഭാഗങ്ങൾ നീക്കം ചെയ്യേണ്ടിവന്ന ആയിരക്കണക്കിന് രോഗികൾ. ഒരേ മരുന്ന് ശരിയായ രോഗിയിൽ ജീവൻ രക്ഷിക്കുകയും തെറ്റായ രോഗിയിൽ ജീവനെടുക്കുകയും ചെയ്യാം എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണിത്.

ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് സംവിധാനങ്ങൾ പ്രതിസന്ധിയിൽ: ആദ്യം മാറ്റിവെക്കപ്പെടുന്നവ- യഥാർത്ഥത്തിൽ അപ്പോഴാണ് ഏറ്റവും അനിവാര്യമാകുന്നത്.

ഗുരുതരമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കാർബപെനം ആന്റിബയോട്ടിക്ക് പോലും ഫലിക്കാത്ത  ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും കാൻഡിഡ ഓറിസ് പോലുള്ള ഫംഗൽ രോഗാണുക്കളും ഗണ്യമായി വർധിച്ചു.
ഗുരുതരമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കാർബപെനം ആന്റിബയോട്ടിക്ക് പോലും ഫലിക്കാത്ത ഗ്രാം നെഗറ്റീവ് ബാക്ടീരിയകളും കാൻഡിഡ ഓറിസ് പോലുള്ള ഫംഗൽ രോഗാണുക്കളും ഗണ്യമായി വർധിച്ചു.

മഹാമാരി പ്രതിരോധത്തിൽ ഏറ്റവും വിലപ്പെട്ട വിഭവം സമയമാണ്. ഒരു പുതിയ രോഗാണുവിനെ ഏതാനും ആഴ്ചകൾ നേരത്തെ തിരിച്ചറിഞ്ഞാൽ അത് കണ്ടുപിടിക്കാനുള്ള ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കാനും ആശുപത്രികളെ സജ്ജമാക്കാനും ആ ഇടവേള മതിയാകും. കേരളത്തിന്റെ ആദ്യഘട്ട പ്രതികരണം ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണം, നിപ്പ പ്രതിരോധകാലത്ത് വികസിപ്പിച്ചെടുത്ത കോൺടാക്ട് ട്രെയ്സിംഗ്, റൂട്ട് മാപ്പിംഗ്, തദ്ദേശതല സർവൈലൻസ് സംവിധാനങ്ങൾ അപ്പോൾത്തന്നെ പ്രവർത്തനക്ഷമമായിരുന്നു എന്നതാണ്. ഒരു രോഗത്തിനായി നിർമ്മിച്ച ശേഷി മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

ജീനോമിക് സർവൈലൻസാണ് മറ്റൊരു നിർണായക ഘടകം. വൈറസുകൾ പെരുകുമ്പോൾ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങൾ (mutation) ചിലപ്പോൾ സംക്രമണശേഷിയോ പ്രതിരോധ വ്യവസ്ഥയെ കബളിപ്പിക്കാനുള്ള കഴിവോ വർധിപ്പിക്കും. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ലോകം അറിഞ്ഞത് തുടർച്ചയായി സീക്വൻസിംഗ് നടത്തിയ ലാബ് ശൃംഖലകളിലൂടെയാണ്. ഇന്ത്യയിലെ INSACOG പോലുള്ള ശൃംഖലകൾ ഈ ശേഷി കെട്ടിപ്പടുത്തെങ്കിലും, മഹാമാരിക്ക് ശേഷം അവയുടെ പ്രവർത്തനം നിലനിർത്തുന്നതാണ് യഥാർത്ഥ വെല്ലുവിളി.

ആത്യന്തികമായി, ഉയർന്നുവരുന്ന അണുബാധകളിൽ ഭൂരി ഭാഗവും സൂനോട്ടിക് (zoonotic) ആണ്- മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ. നിപ്പയും സാർസ്-കോവ്-2-ഉം അതിന് ഉദാഹരണങ്ങളാണ്. മനുഷ്യാരോഗ്യം, മൃഗാരോഗ്യം, പരിസ്ഥിതി എന്നിവയെ ഒറ്റ സംവിധാനമായി കണ്ട് നിരീക്ഷിക്കുന്ന 'വൺ ഹെൽത്ത്' സമീപനം ഇനിയുള്ള കാലത്തെ പ്രതിരോധത്തിന്റെ അടിത്തറയാകേണ്ടതുണ്ട്.

വയനാട്,
ഉടമസ്ഥതയ്ക്കപ്പുറമുള്ള
ഒരു തീരുമാനം

കോവിഡ് കാലത്ത് വയനാട് ജില്ലയിൽ രോഗീപരിചരണത്തിന്റെ മുൻനിരയിൽ പ്രവർത്തി ക്കാൻ എനിക്ക് അവസരം ലഭിച്ചു. ജില്ലയിലെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഏക സ്വതന്ത്ര ടെർഷ്യറി കെയർ കേന്ദ്രം ഞാൻ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനമായിരുന്നു. രോഗികളുടെ എണ്ണം കുതിച്ചുയർന്നപ്പോൾ വെന്റിലേറ്റർ ലഭ്യതയിലെ കുറവ് ഗുരുതരമായ ഒരു പ്രതിസന്ധിയായി- ഒരു ജില്ല മുഴുവൻ ആശ്രയിക്കുന്ന ഒരു ആശുപത്രിയിൽ, ഗുരുതര കോവിഡുമായി ശ്വാസം ലഭിക്കാതെ എത്തുന്ന ഓരോ രോഗിക്കും ഒരു യന്ത്രം ലഭ്യമാണോ എന്നത് ജീവന്മരണ ചോദ്യമായിരുന്നു.

ഈ ഘട്ടത്തിലാണ് ജില്ലാ ഭരണകൂടം കലക്ടറുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ ഒരു തീരുമാനമെടുത്തത്. ഒട്ടനവധി വെന്റിലേറ്ററുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ പ്ലാന്റ് അന്ന് ജില്ലയിൽ അവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതുതായി വാങ്ങിയ വെന്റിലേറ്ററുകളും ജില്ലയിൽ മറ്റു കേന്ദ്രങ്ങളിലും ലോഡ് കാരണം പ്രവർത്തിപ്പിക്കാനാവാതിരുന്ന വെന്റിലേറ്ററുകളും ഒരു യൂസേജ് MOU ഉണ്ടാക്കി അവിടേക്ക് എത്തിച്ചു ICU കപ്പാസിറ്റി കൂട്ടിയത് കൊണ്ട് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിച്ചു. ഇതിനുശേഷം അവ കൃത്യമായി തിരികെ ഏല്പിച്ചു. യുക്തി ലളിതമായിരുന്നു: ജില്ലയിലെ ജനങ്ങൾക്ക് ആശ്രയിക്കാൻ മറ്റൊരു കേന്ദ്രമില്ലായിരുന്നു. ഉപകരണങ്ങൾ ആരുടെ ആസ്തിപ്പട്ടികയിൽ നിൽക്കുന്നു എന്നതല്ല, അവ എത്ര ജീവനുകൾ രക്ഷിക്കുന്നു എന്നതായിരുന്നു മാനദണ്ഡം.

ഒരു പുതിയ രോഗാണുവിനെ ഏതാനും ആഴ്ചകൾ നേരത്തെ തിരിച്ചറിഞ്ഞാൽ അത് കണ്ടുപിടിക്കാനുള്ള ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കാനും ആശുപത്രികളെ സജ്ജമാക്കാനും ആ ഇടവേള മതിയാകും.
ഒരു പുതിയ രോഗാണുവിനെ ഏതാനും ആഴ്ചകൾ നേരത്തെ തിരിച്ചറിഞ്ഞാൽ അത് കണ്ടുപിടിക്കാനുള്ള ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കാനും ആശുപത്രികളെ സജ്ജമാക്കാനും ആ ഇടവേള മതിയാകും.

ഈ അനുഭവത്തിന് വിശാലമായ, നയപരമായ പ്രസക്തിയുണ്ട്. ഇന്ത്യയിലെ ടെർഷ്യറി കെയർ ശേഷിയുടെ ഗണ്യമായ ഒരു പങ്ക് സ്വകാര്യമേഖലയിലാണ് എന്നത് ഘടനാപരമായ യാഥാർത്ഥ്യമാണ്. അതിനെ അവഗണിച്ചുകൊണ്ടുള്ള ഒരു പൊതുജനാരോഗ്യ ആസൂത്രണവും പ്രായോഗികമല്ല. അതുകൊണ്ട് പ്രതിസന്ധി വന്നതിനുശേഷം ചർച്ച തുടങ്ങുന്നതിന് പകരം, ഔപചാരികമായ പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടുകൾ- ഉപകരണ വിന്യാസം, ബെഡ് ഷെയറിംഗ്, ചികിത്സാനിരക്ക് നിർണ്ണയം, ജീവനക്കാരുടെ പരിശീലനം, ഡാറ്റാ പങ്കുവെക്കൽ എന്നിവയ്ക്കുള്ള മുൻകൂർ ധാരണകൾ- ജില്ലാ തലത്തിൽ ഇപ്പോൾത്തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്.

ആഗോള തലത്തിലും ഇതേ തത്വം പ്രവർത്തിച്ചു. Operation Warp Speed, ACTIV ട്രയൽ തുടങ്ങിയ സംരംഭങ്ങൾ പൊതു ഗവേഷണഫണ്ടിംഗും സ്വകാര്യ ഉൽപ്പാദന ശേഷിയും സംയോജിപ്പിച്ചാണ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വാക്സിൻ വികസനം സാധ്യമാക്കിയത്. എന്നാൽ അതേ മാതൃകയുടെ പരിമിതിയും വ്യക്തമായിരുന്നു-ബൗദ്ധിക സ്വത്തവകാശവും ഉൽപ്പാദനശേഷിയും ചുരുക്കം കമ്പനികളിൽ കേന്ദ്രീകരിച്ചത് ആഗോള വിതരണ അസമത്വത്തിന് കാരണമായി.

മനുഷ്യവിഭവം:
ഏറ്റവും വേഗം തീരുന്ന ശേഷി

മഹാമാരിക്കാലത്തെ പൊതുചർച്ച ഓക്സിജൻ പ്ലാന്റുകളിലും വെന്റിലേറ്ററുകളിലും കേന്ദ്രീകരിച്ചു. എന്നാൽ ഒരു വെന്റിലേറ്റർ സംഭരിക്കാൻ ആഴ്ചകൾ മതി; ഒരു ഇന്റൻസീവിസ്റ്റിനെയോ ക്രിട്ടിക്കൽ കെയർ നഴ്സിനെയോ സൃഷ്ടിക്കാൻ വർ ഷങ്ങൾ വേണം. സർജ് കപ്പാസിറ്റി ആസൂത്രണത്തിന്റെ യഥാർത്ഥ പരിമിതി ഉപകരണങ്ങളല്ല, പരിശീലനം ലഭിച്ച മനുഷ്യരാണ്.

ദീർഘമായ ഷിഫ്റ്റുകൾ, PPE ധരിച്ചുള്ള തുടർച്ചയായ ജോലി, കുടുംബത്തിലേക്ക് രോഗം പകർത്തുമോ എന്ന ഭീതി- ഇവ ആരോഗ്യപ്രവർത്തകരിൽ ഗുരുതരമായ ബേൺഔട്ടിന് കാരണമായി. ഈ ഭാരത്തിന്റെ ഏറ്റവും വലിയ പങ്ക് വഹിച്ചത് നഴ്സുമാരാണ്. അന്താരാഷ്ട്ര നഴ്സിംഗ് സംഘടനകൾ ചൂണ്ടിക്കാട്ടിയത്, മരണമടഞ്ഞ ആരോഗ്യപ്രവർത്തകരുടെ വ്യവസ്ഥാപിതമായ കണക്കെടുപ്പ് പോലും പല രാജ്യങ്ങളിലും നടന്നില്ല എന്നാണ്- നമ്മുടെ മുൻഗണനകളെക്കുറിച്ച് അത് പലതും പറയുന്നു.

നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങൾ സങ്കീർണ്ണമല്ല: PPE ധരിച്ചുള്ള ജോലിക്ക് ദൈർഘ്യം കുറഞ്ഞ ഷിഫ്റ്റുകൾ, പരിചയസമ്പന്നരെ പുതിയവർക്കൊപ്പം നിയോഗിക്കുന്ന മെന്റർഷിപ്പ് മാതൃക, സുലഭമായ മാനസികാരോഗ്യ പിന്തുണ, ജീവനക്കാർക്ക് വാക്സിനേഷനിൽ മുൻഗണന. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ക്ഷേമപ്രശ്നം മാത്രമല്ല, രോഗീസുരക്ഷയുടെ കൂടി ഘടകമാണ്.

നിയന്ത്രണങ്ങളുടെ മറുവശം

രോഗനിയന്ത്രണനടപടികളുടെ പ്രത്യാഘാതങ്ങൾ കൂടി വിലയിരുത്താതെ ഈ അവലോകനം പൂർണ്ണമാകില്ല. ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ പഠനനഷ്ടത്തിനും കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി; അസംഘടിത മേഖലയിലെ തൊഴിലാളികൾ ഗുരുതരമായ ഉപജീവന പ്രതിസന്ധി നേരിട്ടു; ക്യാൻസർ സ്ക്രീനിംഗ്, ഹൃദ്രോഗ ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ മുടങ്ങിയത് ഇപ്പോഴും അളന്നുതീരാത്ത നഷ്ടങ്ങൾ സൃഷ്ടിച്ചു. ഇവയൊന്നും കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുന്നില്ല.

ഈ ഇടപെടലുകളുടെ ഗുണവും ദോഷവും തൂക്കിനോക്കാനുള്ള വ്യക്തമായ മാർഗ്ഗരേഖകൾ ഇന്നും ലോകത്ത് എവിടെയും ഇല്ല എന്നത് ഗൗരവമുള്ള ഒരു വിടവാണ്. ആരാണ് അത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്- തദ്ദേശ ആരോഗ്യ വകുപ്പുകളോ, സംസ്ഥാന സർക്കാരോ, ദേശീയ ഏജൻസികളോ- എന്ന ചോദ്യവും അവ്യക്തമായി തുടരുന്നു. വ്യക്തിസ്വാതന്ത്ര്യവും സാമൂഹികനന്മയും തമ്മിലുള്ള സന്തുലനം ഒരു ശാസ്ത്ര ചോദ്യം മാത്രമല്ല, ധാർമ്മികവും രാഷ്ട്രീയവുമായ ചോദ്യം കൂടിയാണ്. അത് അടിയന്തിരഘട്ടത്തിൽ ധൃതിപിടിച്ച് ഉത്തരം കണ്ടെത്തേണ്ട ഒന്നല്ല, മുൻകൂട്ടി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഇൻഫോഡെമിക്കും
വിശ്വാസത്തിന്റെ ശോഷണവും

വൈറസിനൊപ്പം പടർന്ന തെറ്റായ വിവരങ്ങളെ ലോകാരോഗ്യ സംഘടന 'ഇൻഫോഡെമിക്' എന്ന് വിശേഷിപ്പിച്ചു. പിയർ റിവ്യൂ ചെയ്യപ്പെടാത്ത പ്രീപ്രിന്റുകൾ, രാഷ്ട്രീയ പ്രസ്താവനകൾ, സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ എന്നിവ ഒരേ അധികാരതലത്തിൽ പ്രചരിച്ചപ്പോൾ, തെളിവിന്റെ ശ്രേണി എന്ന ആശയം തന്നെ പൊതുമണ്ഡലത്തിൽ ദുർബലമായി. ഒരു ഇട പെടലിന്റെ ഫലപ്രാപ്തി അതിന്റെ സ്വീകാര്യതയാൽ പരിമിതപ്പെടുന്നു എന്നത് വാക്സിൻ ബൂസ്റ്റർ ഡോസുകളുടെ കുറഞ്ഞുവരുന്ന സ്വീകരണനിരക്കിൽ വ്യക്തമാണ്.

ഇതിനുള്ള പരിഹാരം കൂടുതൽ സാങ്കേതികമായ ആശയവിനിമയമല്ല, കൂടുതൽ വികേന്ദ്രീകൃതമായ ആശയവിനിമയമാണ്. ആളുകൾ വിശ്വസിക്കുന്നത് അവർക്ക് പരിചിതരായ, അവരുടെ ഭാഷയിൽ സംസാരിക്കുന്ന വ്യക്തികളെയാണ്. കേരളത്തിലെ ആശാ പ്രവർത്തകരുടെ ശൃംഖല ഇതിന്റെ ശക്തമായ ഉദാഹരണമാണ്. ക്ലിനിക്കൽ വിദഗ്ധർ പ്രാദേശിക ഭാഷയിൽ, തുടർച്ചയായി പൊതുസംവാദത്തിൽ ഇടപെടേണ്ടതുണ്ട്-മഹാമാരിക്കാലത്ത് മാത്രമല്ല, അതിനിടയിലുള്ള ശാന്തമായ വർഷങ്ങളിലും. വിശ്വാസം അടിയന്തരഘട്ടത്തിൽ നിർമ്മിക്കാവുന്ന ഒന്നല്ല; മുൻകൂട്ടി നിക്ഷേപിക്കപ്പെട്ടാൽ മാത്രമേ പ്രതിസന്ധിയിൽ അത് പിൻവലിക്കാനാവൂ.

ആഗോള ഗവേണൻസ്:
2025-ലെ പുതിയ ചട്ടക്കൂട്

കോവിഡിന്റെ ഏറ്റവും വലിയ ഘടനാപരമായ പരാജയം വാക്സിൻ വിതരണത്തിലെ അസമത്വമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വാക്സിൻ ഷെയറിങ് സംവിധാനമായ COVAX ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാതെ പോയപ്പോൾ, സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിലധികം ഡോസുകൾ മുൻകൂർ കരാറുകളിലൂടെ ഉറപ്പിച്ചു. ഒരു രോഗാണുവിന് അതിർത്തികളില്ലാത്തതിനാൽ ഇത് ധാർമ്മികമായി മാത്രമല്ല, രോഗവ്യാപന ശാസ്ത്രപരമായും ഒരു അബദ്ധമായിരുന്നു-നിയന്ത്രണമില്ലാത്ത വ്യാപനമാണ് പുതിയ വകഭേദങ്ങളുടെ ഉറവിടം.

ഈ പാഠങ്ങളുടെ അടിസ്ഥാനത്തിൽ 2025 മെയ് മാസത്തിൽ ലോകാരോഗ്യ അസംബ്ലി പാൻഡെമിക് എഗ്രിമെന്റ് അംഗീകരിക്കുകയും, ഭേദഗതി ചെയ്ത അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ (IHR) പ്രാബല്യത്തിൽ വരികയും ചെയ്തു. രോഗാണു സാമ്പിളുകളും ജനിതകശ്രേണികളും വേഗത്തിൽ പങ്കുവെക്കുന്നതിന് പകരമായി, അതിൽ നിന്നുണ്ടാകുന്ന വാക്സിനുകളുടെയും ചികിത്സകളുടെയും ഒരു നിശ്ചിത പങ്ക് എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ കാതലായ വ്യവസ്ഥ. ഇത് പ്രായോഗികമായി എത്രത്തോളം നടപ്പാകുമെന്നത് വരും വർഷങ്ങൾ തെളിയിക്കും.

മഹാമാരികളുടെ ചരിത്രത്തിലെ ആവർത്തിക്കുന്ന ഒരു പ്രവണത, അപകടം ഒഴിഞ്ഞതിനുശേഷമുള്ള കൂട്ടായ വിസ്മൃതിയാണ്. 1918-ലെ ഇൻഫ്ലുവൻസ മഹാമാരി കോടിക്കണക്കിന് ജീവനുകൾ അപഹരിച്ചിട്ടും, ഏതാനും വർഷങ്ങൾക്കകം അത് പൊതുസ്മൃതിയിൽ നിന്നും നയരൂപീകരണത്തിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. കോവിഡിന്റെ കാര്യത്തിൽ ആ ചക്രം ആവർത്തിക്കാതിരിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള യഥാർത്ഥ പരീക്ഷണം.

സന്നദ്ധത എന്നത് ഒരു അടിയന്തിര പ്രതികരണമല്ല, ഒരു തുടർച്ചയായ നിക്ഷേപമാണ്- ഗവേഷണ ശൃംഖലകളിൽ, സർവൈലൻസ് ലാബുകളിൽ, സ്റ്റുവാർഡ്ഷിപ്പ് സംവിധാനങ്ങളിൽ, ആരോഗ്യപ്രവർത്തകരുടെ ക്ഷേമത്തിൽ, സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണകളിൽ, പൊതുജനവിശ്വാസത്തിൽ. വയനാട്ടിൽ ഏതാനും വെന്റിലേറ്ററുകൾ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരാവസ്ഥയിൽ താൽക്കാലികമായി കൈമാറ്റം ചെയ്യപ്പെട്ടത് വലിയ വാർത്തയായിരുന്നില്ല. പക്ഷേ അത്തരം തീരുമാനങ്ങളുടെ ആകെത്തുകയാണ് ഒരു മഹാമാരിയിൽ ഒരു സമൂഹത്തിന്റെ വിധി നിർണ്ണയിക്കുന്നത്.

READ: നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments