ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

ഗർഭകാലത്തും പ്രസവശേഷവും വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ ചിലരിലുണ്ടാകാം. നേരത്തേ മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവർക്ക് ഗർഭകാലത്തും പ്രസവാനന്തരവും പ്രത്യേക പരിചരണവും തുടർനിരീക്ഷണവും ആവശ്യമായി വരാം: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. എം.കെ. ഗീത രാജീവ് നൽകിയ മറുപടി.

ഗർഭകാലം സന്തോഷത്തിന്റെയും പുതിയ പ്രതീക്ഷകളുടെയും കാലമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ കാലത്ത് സ്ത്രീയുടെ ശരീരത്തിലും ജീവിതസാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അവളുടെ മാനസികാരോഗ്യവും അതിന്റെ ഭാഗമാണ്. ഗർഭകാലത്തും പ്രസവശേഷവും വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ (ഉന്മാദ–വിഷാദരോഗം) തുടങ്ങിയ പ്രശ്നങ്ങൾ ചിലരിൽ ഉണ്ടാകാം. നേരത്തേ മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവർക്ക് ഗർഭകാലത്തും പ്രസവാനന്തരവും പ്രത്യേക പരിചരണവും തുടർനിരീക്ഷണവും ആവശ്യമായി വരാം.

കാരണങ്ങളും
തിരിച്ചറിയലും

ഹോർമോൺ വ്യതിയാനങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, ഉറക്കക്കുറവ്, കുടുംബപിന്തുണയുടെ അഭാവം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യജീവിതത്തിലെ സംഘർഷങ്ങൾ, ആസൂത്രണമില്ലാത്ത ഗർഭധാരണം എന്നിവ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാം. മുൻപ് വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവരിലും കുടുംബത്തിൽ മാനസികാരോഗ്യപ്രശ്നങ്ങളുടെ ചരിത്രമുള്ളവരിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരൊറ്റ കാരണമാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് എന്നു പറയാനാവില്ല; വ്യക്തിയുടെ ആരോഗ്യവും അനുഭവങ്ങളും ചുറ്റുപാടുകളും പലപ്പോഴും പരസ്പരം സ്വാധീനിക്കുന്നു.

കേരളത്തിലെ മാതൃമരണങ്ങളെക്കുറിച്ചുള്ള KFOG-യുടെ അവലോകനങ്ങളിലും ഗർഭിണികളുടെയും പ്രസവശേഷമുള്ള സ്ത്രീകളുടെയും മാനസികാരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആത്മഹത്യ മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി തുടരുന്ന സാഹചര്യത്തിൽ, ഗർഭിണിയുടെ പതിവ് പരിശോധനകളിൽ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും വിലയിരുത്തണം. അവളുടെ കുടുംബപശ്ചാത്തലവും പിന്തുണാസംവിധാനവും മനസ്സിലാക്കുന്നതും പരിചരണത്തിന്റെ ഭാഗമാണ്.

ഗർഭകാലത്തെ മാനസികാരോഗ്യപ്രശ്നങ്ങൾ അമ്മയുടെ ഉറക്കം, ഭക്ഷണം, ദൈനംദിന പ്രവർത്തനങ്ങൾ, ചികിത്സയിൽ പങ്കാളിയാകാനുള്ള കഴിവ് എന്നിവയെ ബാധിക്കാം. അതുവഴി ഗർഭകാലപരിചരണത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നേരത്തെ യുള്ള തിരിച്ചറിയലും അനുയോജ്യമായ ചികിത്സയും അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ പരി ചരണം ഒരുക്കാൻ സഹായിക്കും.

ഗർഭകാലത്തെ പ്രധാന
മാനസികാരോഗ്യപ്രശ്നങ്ങൾ

  • 1. വിഷാദരോഗം:

സ്ഥായിയായ ദുഃഖം, താൽപര്യവും സന്തോഷവും കുറയുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഉറക്കത്തിലും ഭക്ഷണശീലങ്ങളിലും മാറ്റം, അമിതമായ ക്ഷീണം, കുറ്റബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ എന്നിവ വിഷാദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ ദൈനംദിനജീവിതത്തെ ബാധിക്കുകയോ ചെയ്താൽ ആരോഗ്യപ്രവർത്തകന്റെ സഹായം തേടണം. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

സൈക്കോതെറാപ്പിയും ബിഹേവിയറൽ തെറാപ്പിയും പലർക്കും ഗുണം ചെയ്യും. വ്യക്തിയുടെ മാനസികാവസ്ഥ, ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റരീതികൾ എന്നിവ മനസ്സിലാക്കി സമ്മർദങ്ങളെ കൈകാര്യം ചെയ്യാനും ആരോഗ്യകരമായ പ്രതികരണശേഷി വളർത്താനും ഇത്തരം ചികിത്സകൾ സഹായിക്കുന്നു. ലക്ഷണങ്ങളുടെ സ്വഭാവവും തീവ്രതയും അനുസരിച്ച് മരുന്നുകളും ആവശ്യമായി വരാം. ചികിത്സാരീതി ഡോക്ടറുമായി ആലോചിച്ചാണ് തീരുമാനിക്കേണ്ടത്.

  • 2. ഉത്കണ്ഠാരോഗം:

നിയന്ത്രിക്കാൻ പ്രയാസമുള്ളതും നീണ്ടുനിൽക്കുന്നതുമായ അമിതമായ ഉത്കണ്ഠ ഒരു ചികിത്സ ആവശ്യമായ അവസ്ഥയാണ്. തുടർച്ചയായ ആശങ്ക, അസ്വസ്ഥത, ശ്രദ്ധക്കുറവ്, ഉറക്കപ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പം ഹൃദയമിടിപ്പ് കൂടുക, വിയർപ്പ്, തലകറക്കം, തലവേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഉണ്ടാകാം. സൈക്കോതെറാപ്പി സഹായകരമാണ്. അതുകൊണ്ട് മതിയായ ആശ്വാസം ലഭിക്കാത്ത സാഹചര്യത്തിൽ ഡോക്ടർ മരുന്നുചികിത്സയും പരിഗണിച്ചേക്കാം.

  • 3. ബൈപോളാർ ഡിസോർഡർ:

ബൈപോളാർ ഡിസോർഡറിൽ വിഷാദാവസ്ഥയും അതിന്റെ വിപരീതമായ ഉന്മാദാവസ്ഥയും മാറിമാറി വരാം. അമിതമായ ഊർജം, ഉറക്കത്തിന്റെ ആവശ്യം കുറയുക, വേഗത്തിലുള്ള ചിന്തയും സംസാരവും, ആവേശപൂർവമായ തീരുമാനങ്ങൾ തുടങ്ങിയവ ഉന്മാദാവസ്ഥയിൽ കാണാം. രോഗത്തിന് പാരമ്പര്യഘടകങ്ങൾ ഉൾപ്പെടെ പല കാരണങ്ങളും പങ്കുവഹിക്കാം.

ബൈപോളാർ ഡിസോർഡറുള്ളവർ ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോഴോ ഗർഭിണിയാകുമ്പോഴോ പ്രസവശേഷമോ ചികിത്സിക്കുന്ന മാനസികാരോഗ്യവിദഗ്ധനെയും ഗൈനക്കോളജിസ്റ്റിനെയും അറിയിക്കണം. മരുന്നുകൾ സ്വയം നിർത്തുകയോ മാറ്റുകയോ ചെയ്യരുത്. പ്രസവാനന്തര സൈക്കോസിസിനുള്ള സാധ്യത ഇവരിൽ കൂടുതലായതി നാൽ, പ്രസവത്തിനു മുൻപും ശേഷവും വ്യക്തിഗത പരിചരണപദ്ധതിയും അടുത്ത നിരീക്ഷണവും ആവശ്യമാണ്.

  • 4. സ്കിസോഫ്രീനിയ,
    ഒ.സി.ഡി. തുടങ്ങിയവ:

സ്കിസോഫ്രീനിയ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD) തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലുള്ളവർ ഗർഭകാലത്തും പ്രസവശേഷവും ചികിത്സിക്കുന്ന ഡോക്ടറുടെ മേൽനോട്ടത്തിൽ പരിചരണം തുടരേണ്ടതാണ്. മരുന്നുകളിൽ മാറ്റം വേണമെങ്കിൽ അത് രോഗാവസ്ഥയും ഗർഭകാലഘട്ടവും പരിഗണിച്ച് വിദഗ്ധർ തീരുമാനിക്കണം.

OCD-യിൽ നിയന്ത്രിക്കാൻ പ്രയാസമുള്ള ആവർത്തിച്ചുള്ള ചിന്തകളും (obsessions) അവ മൂലമുള്ള ഉത്കണ്ഠ കുറയ്ക്കാൻ ആവർത്തിച്ച് ചെയ്യുന്ന പ്രവൃത്തികളും (compulsions) ഉണ്ടാകാം. ബിഹേവിയറൽ തെറാപ്പിയും ആവശ്യമായ സാഹചര്യങ്ങളിൽ മരുന്നുചികിത്സയും ഇതിന് സഹായകരമാണ്.

  • 5. ഭക്ഷണക്രമവുമായി
    ബന്ധപ്പെട്ട പ്രശ്നങ്ങൾ:

അനോറെക്സിയ നെർവോസയിൽ ശരീരഭാരം കൂടുമെന്ന ഭയത്താൽ ഭക്ഷണം കർശനമായി നിയന്ത്രിക്കാം. ബുലീമിയ നെർവോസയിൽ അമിതമായി ഭക്ഷണം കഴിക്കുന്ന ഘട്ടങ്ങൾക്കു പിന്നാലെ ഛർദിപ്പിക്കൽ, അമിതവ്യായാമം തുടങ്ങിയ നിയന്ത്രണപ്രവർത്തനങ്ങൾ ഉണ്ടാകാം. ഗർഭകാലത്ത് ഇത്തരം പ്രശ്നങ്ങൾ അമ്മയുടെ പോഷകാവസ്ഥയെയും കുഞ്ഞിന്റെ വളർച്ചയെയും ബാധിക്കാം. വിഷാദവും ഉത്കണ്ഠയും ഒരുമിച്ചുണ്ടാകാനുള്ള സാധ്യതയും പരിഗണിച്ച് ചികിത്സാസംഘത്തിന്റെ സഹായം തേടണം.

പ്രസവാനന്തര
മാനസികാരോഗ്യ പ്രശ്നങ്ങൾ

  • 1. ബേബി ബ്ലൂസ്:

പ്രസവത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ചില സ്ത്രീകൾക്ക് പെട്ടെന്ന് വിഷമം തോന്നുക, കരച്ചിൽ വരുക, ഉത്കണ്ഠയോ വികാരവ്യതിയാനങ്ങളോ അനുഭവപ്പെടുക എന്നിവ ഉണ്ടാകാം. ബേബി ബ്ലൂസ് എന്നു വിളിക്കുന്ന ഈ അവസ്ഥ സാധാരണയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറയുകയും രണ്ടാഴ്ചയ്ക്കുള്ളിൽ മാറുകയും ചെയ്യും. അമ്മയ്ക്ക് വിശ്രമവും ഉറക്കവും വൈകാരിക പിന്തുണയും കുടുംബാംഗങ്ങളുടെ പ്രായോഗിക സഹായവും ലഭ്യമാക്കണം. ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ വഷളാവുകയോ ചെയ്താൽ ഡോക്ടറുമായി സംസാരിക്കണം.

  • 2. പ്രസവാനന്തര വിഷാദരോഗം:

ഗർഭകാലത്ത് ആരംഭിച്ച വിഷാദം പ്രസവശേഷവും തുടരാം. ചിലരിൽ പ്രസവത്തിനു ശേഷമുള്ള ആദ്യവർഷത്തിനുള്ളിൽ വിഷാദലക്ഷണങ്ങൾ തുടങ്ങുകയും ചെയ്യാം. പ്രസവസമയത്തെ സങ്കീർണതകൾ, ഗാർഹികപീഡനം, കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ കുഞ്ഞിന്റെ മരണം, പിന്തുണയുടെ അഭാവം തുടങ്ങിയവ മാന സികാരോഗ്യത്തെ ബാധിക്കാം.

നീണ്ടുനിൽക്കുന്ന വിഷാദം, നിരാശ, താൽപര്യക്കുറവ്, ഉറക്കമില്ലായ്മ, കുഞ്ഞിനോടുള്ള അടുപ്പം അനുഭവിക്കാൻ ബുദ്ധിമുട്ട്, സ്വയം കുറ്റപ്പെടുത്തൽ, ആത്മഹത്യയെയോ കുഞ്ഞിനെ ഉപദ്രവിക്കുന്നതിനെയോ കുറിച്ചു ള്ള ചിന്തകൾ എന്നിവ ഗൗരവത്തോടെ കാണണം. അമ്മയ്ക്ക് ശരിയായ ചികിത്സയും കുടുംബത്തിന്റെ പിന്തുണയും ലഭ്യമാക്കുന്നത് അത്യാവശ്യമാണ്. ആത്മഹത്യയെയോ കുഞ്ഞിനെ ഉപദ്രവിക്കു ന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടായാൽ അടിയന്തരമായി വൈദ്യസഹായം തേടണം.

  • 3. പ്രസവാനന്തര
    സൈക്കോസിസ്:

പ്രസവാനന്തര സൈക്കോസിസ് അപൂർവും അതീവ ഗുരുതരവുമായ മാനസികാരോഗ്യ അടിയന്തിരാവസ്ഥയാണ്. ഇത് സാധാരണയായി പ്രസവശേഷമുള്ള ആദ്യ ദിവസങ്ങളിലോ ആഴ്ചകളിലോ പെട്ടെന്ന് ആരംഭിക്കാം. യാഥാർഥ്യബോധത്തിൽ മാറ്റം, ബന്ധമില്ലാത്ത സംസാര മോ ചിന്തയോ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക, കടുത്ത ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ഠ, ആശയക്കുഴപ്പം, അസാധാരണമായ പെരുമാറ്റം എന്നിവ ലക്ഷണങ്ങളാകാം. ബൈപോളാർ ഡിസോർഡറോ മുൻപ് സൈക്കോസിസ് ഉണ്ടായിരുന്ന ചരിത്രമോ ഉള്ളവരിൽ സാധ്യത കൂടുതലാണ്.

ഇത് ഉടൻ ആശുപത്രിയിൽ വിലയിരുത്തി, വിദഗ്ധചികിത്സ ആവശ്യപ്പെടുന്ന അവസ്ഥയാണ്. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ പരിചരണം ഒരുക്കണം. ചികിത്സയിൽ ആന്റിസൈക്കോട്ടിക് മരുന്നുകൾ, ലിഥിയം, ചില സാഹചര്യങ്ങളിൽ ഇലക്ട്രോകൺവൾസീവ് തെറാപ്പി (ECT) എന്നി വ വിദഗ്ധർ പരിഗണിക്കാം.

അമ്മയുടെ ചികിത്സയും
കുഞ്ഞിന്റെ ആരോഗ്യവും

മാസം തികയാതെയുള്ള പ്രസവം, കുറഞ്ഞ ജനനഭാരം തുടങ്ങിയ ചില പ്രതികൂല ഫലങ്ങളുമായി ഗർഭകാലത്തെ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ബന്ധമുണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ബന്ധത്തിന് ഒരൊറ്റ ഹോർമോൺ വ്യതിയാനത്തെ കാരണമായി കാണാനാവില്ല. അമ്മയുടെ ആരോഗ്യസ്ഥിതി, ഉറക്കം, പോഷണം, സമ്മർദം, സാമൂഹികപിന്തുണ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പല ഘടകങ്ങളും പങ്കുവഹിച്ചേക്കാം.

ഗർഭകാലത്ത് ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും ഒരേ പോലെ സുരക്ഷിതമോ അപകടകരമോ അല്ല. വാൽപ്രോയിക് ആസിഡ് പോലുള്ള ചില മരുന്നുകൾ ഗർഭസ്ഥശിശുവിന് അപ കടം സൃഷ്ടിക്കാമെന്നതിനാൽ, ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോഴും ഗർഭിണിയാകുമ്പോഴും മരുന്നുകൾ വിദഗ്ധരുമായി വിശദമായി അവലോകനം ചെയ്യണം. സ്വന്തം തീരുമാനത്തിൽ മരുന്ന് പെട്ടെന്ന് നിർത്തുന്നത് രോഗം വഷളാക്കാം. ഓരോരുത്തരുടെയും രോഗാവസ്ഥയും ഗർഭകാലഘട്ടവും കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റും മാനസികാരോഗ്യവിദഗ്ധനും ചേർന്നാണ് ചികിത്സാപദ്ധതി തയ്യാറാക്കേണ്ടത്.

മാനസികാരോഗ്യപ്രശ്നമുണ്ടെന്നതുകൊണ്ട് മാത്രം കുഞ്ഞിന് മാനസികാരോഗ്യപ്രശ്നം ഉണ്ടാ കും എന്നു കരുതേണ്ടതില്ല. പാരമ്പര്യവും വളരുന്ന ചുറ്റുപാടും ഉൾപ്പെടെ പല ഘടകങ്ങളും കുട്ടിയുടെ ആരോഗ്യത്തെ സ്വാധീ നിക്കുന്നു. അമ്മയ്ക്ക് സമയബന്ധിതമായ ചികിത്സയും കുഞ്ഞിന് അനുയോജ്യമായ പരിചരണവും നൽകുന്നത് കുടുംബത്തിന്റെ ആകെ ക്ഷേമത്തിന് സഹായകമാണ്.

കേരളത്തിലെ
‘അമ്മ മനസ്സ്’ പദ്ധതി

ഗർഭകാലത്തും പ്രസവാനന്തരവും സ്ത്രീകളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ കേരളത്തിൽ ‘അമ്മ മനസ്സ്’ പദ്ധതി നടപ്പാക്കിവരുന്നു. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുകയും ആവശ്യമായ സഹായവും ചികിത്സയും ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതിവ് ആരോഗ്യപരിശോധനകളിലും വാക്സിനേഷൻ സന്ദർശനങ്ങളിലും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും ആശാ പ്രവർത്തകരും അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ആവശ്യമുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്ര ങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു.

മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുകയും സഹായം തേടാനുള്ള മടിപ്പ് കുറയുകയും ചെയ്യുന്നത് ആശ്വാസകരമാണ്. ഗർഭിണിയുടെയും പ്രസവശേഷമുള്ള അമ്മ യുടെയും മാനസികാവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരും തുറന്നു സംസാരിക്കണം. പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിങ്ങും സൈക്കോതെറാപ്പിയും മരുന്നുചികിത്സയും നൽ കുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതവും സമഗ്രവുമായ പരിചരണം ഉറപ്പാക്കാം.

READ: പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments