ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

മറവിരോഗം ബാധിച്ച രോഗികളോടുള്ള നീതിപുലർത്തൽ എന്നാൽ കരുണയോടെയുള്ള പരിചരണം നൽകുക എന്നുള്ളത് തന്നെയാണ്. മറവിരോഗം ഒരിക്കലും ചികിൽസിച്ച് ഭേദമാക്കാനാവില്ല എന്നുള്ളതുകൊണ്ടുതന്നെ ചികിത്സ രോഗിയുടെയും പരിചാരകരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുക എന്നുള്ളതു കൂടിയാകുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഡോ. പി.കെ. ബാലകൃഷ്ണൻ എഴുതിയ ലേഖനം.

മാജിക്കൽ റിയലിസത്തിലൂടെ വായനക്കാരെ മുഴുവൻ വായനയുടെ മറ്റൊരു ലോകത്തേക്കെത്തിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളിൽ, ഹോസെ അർക്കാഡിയോ ബുവൻഡിയ എന്ന ശക്തനായ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറവിയുടെ ഇരുകയങ്ങളിലേക്കെറിയാൻ നമുക്കാവില്ല. ഉറച്ച സ്വഭാവം, ആശയ കൃത്യത, പുതുമയെ പുൽകാനുള്ള താത്പര്യം- എല്ലാം ചേർന്ന ഒരു വിചിത്ര വ്യക്തിത്വത്തിനുടമ. പക്ഷെ പൊടുന്നനെ അദ്ദേഹത്തിന്റെ മനസ്സിന്റെ മിന്നലുകൾ അവസാനിക്കുന്നത് നോവലിന്റെ മദ്ധ്യഭാഗത്തെ ത്തുമ്പോൾ നാം തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളിൽ സാധാരണ വാക്കുകൾ പോലും അകന്നുപോകുകയും നിത്യേന ഉപയോഗിച്ചിരുന്ന വസ്​തുക്കളുടെ പേരുപോലും ഓർമ്മിച്ചെടുക്കാനാവാതെ താനാരാണെന്നു തിരിച്ചറിയാനുള്ള കഴിവ് പോലും കാണാമറയത്തേക്ക് നഷ്ടപ്പെട്ട ഒരവസ്​ഥ വിവരിക്കുന്നുണ്ട് മാർകേസ്. 1967- ൽ ആ യുഗനിർമ്മാണ നോവലിൽ വളരെ മനോഹരമായി വരച്ചിട്ട മറവിരോഗത്തിന്റെ അഥവാ ഡിമൻഷ്യയുടെ ചിത്രം.

മലയാളത്തിലും പല ലോക പ്രശസ്​ത കൃതികളും മാത്രമല്ല പല സിനിമകളും മറവി രോഗത്തെ അടിസ്​ഥാനമാക്കി. തന്മാത്ര, കിഷ്കിന്ധകാണ്ഡം തുടങ്ങിയ മലയാള ചലചിത്രങ്ങൾ ചില ഉദാഹരങ്ങൾ മാത്രം. ഈ രണ്ടു ചിത്രങ്ങളും മറവി രോഗത്തിന്റെ രണ്ട് വ്യത്യസ്​ത അവസ്​ഥകളെ ചിത്രീകരിച്ചിരിക്കുന്നു.

അമേരിക്കയുടെ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1994 നവംബർ 5 ന് ഒരു പത്രപ്രസ്​താവനയിലൂടെ തനിക്ക് അൽഷൈമേഴ്സ്​ രോഗമാ ണെന്ന് വെളിപ്പെടുത്തുന്നുണ്ട്. റോബർട്ട് മുഗാബെ, ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്, വുഡ്റോ വിൽസൺ, ഹാരോൾഡ് വിൽസൺ തുടങ്ങി പല പ്രമുഖർക്കും അവസാന നാളുകൾ മറവി രോഗത്തിന്റേതായിരുന്നെന്ന് കാണാൻ കഴിയും.

തന്മാത്ര സിനിമിയില്‍ നിന്നും
തന്മാത്ര സിനിമിയില്‍ നിന്നും

നിത്യജീവിതത്തിൽ ഒപ്പം കൂടിയിട്ടുള്ള ഒരു സവിശേഷ അവസ്​ഥയാണ് മറവി. താക്കോൽ വെച്ച സ്​ഥലം മറന്നുപോകുക, അടുത്ത സുഹൃത്തിന്റെ പേരോർമ്മിക്കാൻ വിഷമിക്കുക, നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാൻ മറന്നുപോകുക തുടങ്ങി പലതും. എന്നാൽ കണ്ടെടുത്ത കീയുടെ ഉപയോഗം മറന്നുപോകുമ്പോൾ, സുഹൃത്തിന്റെ മുഖം തിരിച്ചറിയാൻ കഴിയാതാകുമ്പോൾ, മേല്പറഞ്ഞ കാര്യങ്ങൾ മറവി രോഗത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിയേതുണ്ട്.

മറവിരോഗം (DEMENTIA)

ലോകാരാഗ്യസംഘടനയുടെ നിർവചനപ്രകാരം മറവിരോഗം ഒരൊറ്റപ്പെട്ട രോഗാവസ്​ഥയല്ല, മറിച്ച് ഒരു കൂട്ടം രോഗലക്ഷണങ്ങളുടെ ((Syndrome) കൂടിച്ചേരലാണ്. വിവിധ വൈജ്ഞാനിക മണ്ഡലങ്ങളെ യും പ്രവർത്തികളെയും ബാധിക്കുന്ന ബൗദ്ധിക തലത്തിലുണ്ടാകുന്ന അപചയം ഈ ഒരവസ്​ഥയുടെ മുഖമുദ്രയാണ്. ചിന്താശേഷിയിലുള്ള മാറ്റം, ഭാഷ, ഓർമ്മ, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കൽ, തീരുമാനമെടുക്കുന്നതിലെ അപാകം, ശ്രദ്ധക്കുറവ്, കൂടാതെ സ്​ഥല കാലബോധം നഷ്ടപ്പെടുന്നതും, സ്വഭാവത്തിൽ വരുന്ന ചെറിയ മാറ്റങ്ങളും മറവി രോഗത്തിന്റെ പൊതു ലക്ഷണങ്ങളായി കണക്കാക്കുന്നു.

കിഷ്കിന്ധകാണ്ഡം സിനിമയില്‍ നിന്നും
കിഷ്കിന്ധകാണ്ഡം സിനിമയില്‍ നിന്നും

അൽഷൈമേഴ്സ്​, ല്യൂവി ബോഡി ഡിസീസ്​ (Lewy Body Disease) തലക്ക് പറ്റുന്ന ക്ഷതം, രക്തയോട്ടക്കുറവുമൂലം തലച്ചോറിലെ നാഡീ കോശങ്ങൾക്ക് സംഭവിക്കുന്ന ക്ഷതം, ഫ്രോണ്ടോ ടെംപോറൽ (Fromnto temporal) ഡിമെൻഷ്യ, പാർക്കിൻസൺ രോഗം മൂലമുള്ള മറവി, ക്രൂസ്​ഫെൽട് ജേക്കബ് ഡിസീസ്​, നോർമൽ പ്രഷർ ഹൈഡ്രോസഫലസ്​, വിറ്റാമിൻ അഭാവം, തൈറോയ്ഡ് ഹോർമോണിലുള്ള വ്യതിയാനം, തലച്ചോറിലുണ്ടാകുന്ന പഴുപ്പും രക്തസ്രാവവും (Chronic subdural haematoma) തുടങ്ങി ചികിത്സിച്ചാൽ ഓർമ്മ തിരിച്ചുകിട്ടുന്നത് മുതൽ ഒരു ചികിത്സയും ഫലപ്രദമല്ലാത്ത രോഗം വരെ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഒരു ഡസനി ലേറെ രോഗങ്ങൾ ഈ ഗണത്തിൽ വരുന്നുണ്ടെങ്കിലും ഏകദേശം 70 ​ശതമാനവും അൽഷൈമേഴ്സ്​രോഗമാണ്. ഈ രോഗം വരുന്നതിനുള്ള കാരണങ്ങളെ തിരയുമ്പോൾ നമ്മളെയെല്ലാം ആധിയിലാക്കുന്ന ഒരു വസ്​തുതയാണ് പ്രായം. 65 വയസ്സിന് മുകളിലുള്ളവർക്ക് മറവിരോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത വളരെ അധികമാണ്. ജനങ്ങളുടെ ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് മറവി രോഗം ബാധിച്ചവരുടെ എണ്ണത്തിലും ഭീതിദമായ വർദ്ധനയുായിട്ടുണ്ട്. കേരളവും വ്യത്യസ്​തമല്ല. അനിയന്ത്രിതമായ രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, അമിത മദ്യപാനം, വിഷാദം തുടങ്ങി പലതും മറവി രോഗം പിടിപെടുന്നതിനുള്ള പ്രേരകങ്ങളായി വർത്തിക്കുന്നു.

മറവിരോഗത്തിന്റെ വ്യാപനം (Prevalance)

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തെമ്പാടും 550 ലക്ഷം ജനങ്ങൾ ഈ രോഗം പിടിപെട്ടവരായി കാണുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലും ഇടത്തട്ടിലുമുള്ള സാമ്പത്തികാവസ്​ഥയിലുള്ള രാജ്യങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്ന് പഠനം വെളി പ്പെടുത്തുന്നു. പേടിപ്പെടുത്തുന്ന മറ്റു ചില വസ്​തുതകളെന്തെന്നാൽ, ഓരോ വർഷവും 100 ലക്ഷം രോഗികളെ പുതുതായി ക​ണ്ടെത്തുന്നു എന്നുള്ളതാണ്. 2050 ആകുമ്പോഴേക്കും 131.5 മില്യൺ മറവി രോഗികളെ ലോകത്താകമാനം കാണാൻ കഴിയും. രോഗവ്യാപന തോതിൽ പ്രാദേശികമായ വ്യതിയാനം കാണാനും കഴിയും. ലാറ്റിനമേരിക്കയിൽ കൂടുതലും സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കുറവുമാണ് കണ്ടുവരുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ പ്രായമായവരിൽ 16.6 ശതമാനം രോഗം കണ്ടുവരുന്നു.

മറവിരോഗം ബാധിച്ചവരുടെ തലച്ചോറിലെ മാറ്റങ്ങൾ

അൽഷൈമേഴ്സ്​ തുടങ്ങി ഫ്രോ​ണ്ടോ ടെംപോറൽ ഡിമെൻഷ്യ അടക്കമുള്ള എല്ലാ മറവിരോഗത്തിനും തലച്ചോറിലുണ്ടാകുന്ന മാറ്റം വിഭിന്നമാണ്. അൽഷൈമേഴ്സ്​ രോഗികളിൽ തലച്ചോറിന്റെ ഭാരത്തിൽ കുറവ് കാണിക്കുന്നതോടൊപ്പം നാഡീവ്യൂഹത്തിൽ ചില മാറ്റങ്ങൾ കാണുന്നു.

ബീറ്റാ അമയ്ലോയ്ഡ് (beta amyloid), ടാവ് പ്രോട്ടീൻ (Tau Protien) എന്നീ രണ്ട് പ്രോട്ടീനുകളിലെ വ്യതിയാനം തലച്ചോറിലെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇവമൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറിറ്റിക് പ്ലാക് (Neuritic plaque), ന്യൂറോ ഫൈബ്രില്ലറി ടാങ്കിൾസ്​ (Neurofibrillary tangles) എന്നീ മാറ്റങ്ങൾക്കൊപ്പം മറ്റു നിരവധി മാറ്റങ്ങൾക്ക് കൂടി തലച്ചോർ വിധേയമാകുന്നതിന്റെ അനന്തര ഫലമായിട്ടു കൂടി മറവിരോഗത്തെ നമുക്ക് വിലയിരുത്താം. അതുപോലെ തന്നെ ക്രൂസ്​ഫെൽട് ജേക്കബ് ഡിസീസ്​ എന്ന രോഗബാധിതരിൽ കണ്ടുവരുന്നതാണ് അസാധാ രണമായ പ്രിയോൺ പ്രോട്ടീൻ.

രോഗം എങ്ങനെ കണ്ടുപിടിക്കാം?

രോഗനിർണ്ണയം പ്രധാനമായും രോഗലക്ഷണങ്ങൾ വിലയിരുത്തി പരിചയ സമ്പന്നനായ ഒരു ഡോക്ടർ നടത്തുന്നതാണ്. എന്നാൽ നേരത്തെ പറഞ്ഞ ഒരു ഡസനിലേറെ വരുന്ന മറവിരോഗങ്ങളെ കൃത്യമായി വേർതിരിക്കണമെങ്കിൽ രോഗബാധിതമായ തലച്ചോറിനെ പരിശോധനക്ക് (Biopsy) വിധേയമാക്കിയെങ്കിൽ മാത്രമേ സാധ്യമാകുകയുള്ളൂ. CT scan, MRI Scan, PET Scan, SPECT തുടങ്ങിയ നൂതന പരിശോധനകൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളെ കൃത്യമായ രീതിയിൽ തന്നെ തിരിച്ചറിയാനും അതിലൂടെ രോഗനിർണ്ണയം കൂടുതൽ എളുപ്പമുള്ളതാക്കാനും സഹായിക്കുന്നു. ഓരോ രോഗത്തിന്റെയും അനുബന്ധമായി രക്തത്തിലും തലച്ചോറിലെ ഫ്ളൂയിഡിലും (CSF) കണ്ടുവരുന്ന ചില ഘടകങ്ങളുണ്ട്. ബയോമാർക്കേഴ്സ്​ – പ്രോട്ടീൻസ് – ഇവയുടെ പരിശോധനയും രോഗനിർണ്ണയത്തിൽ സാരമായ പങ്കു വഹി ക്കുന്നു. റെറ്റിനയുടെ പഠനവും അൽഷൈമേഴ്സ്​ രോഗം നേരത്തെ തിരിച്ചറിയുന്നതിനുള്ള നൂതന ഉപാധിയാണ്.

ഡിജിറ്റൽ ടൂൾ (Digital Tool)

മറ്റേതു രംഗത്തും സംഭവിച്ചതുപോലെ തന്നെ ആരോഗ്യ രംഗത്തും ചികിത്സയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതിക വിദ്യാവികാസത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ മാറ്റത്തിന്റെയും പുരോഗതിയുടെയും ഗുണഫലമാണ് മെച്ചപ്പെട്ട ചികിത്സയും പരിചരണവും. ഡിജിറ്റൽ ടൂളുകളുടെ ആവിർഭാവമാണ് ഇതിനെ സഹായിക്കുന്നതെന്ന് കാണാൻ കഴിയും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്​ (Artificial intelligence), മെഷീൻ ലേണിങ് അൽഗോരിതം (Mechine Learning algorithm), സ്​മാർട്ട് ഫോൺസ്​ ആപ്സ്​ (Smart phones Apps), കൂടാതെ ധരിച്ചുനടക്കുന്നതിനുള്ള ചില ഉപകരണങ്ങളും മറവിരോഗത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സ നിശ്ചയിക്കാനും സഹായിക്കുന്നവയാണ്. ഉദാഹരണമായി സ്​മാർട്ട് ഫോൺ വാച്ച്. എത്ര ദൂരം നടന്നു, എത്ര വ്യായാമം ചെയ്തു, ഉറക്കം എത്രയായിരുന്നു, ഹൃദയമിടിപ്പ് എത്രയായിരുന്നു തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ന് നാം ധരിക്കുന്ന വാച്ചിലൂടെ അറിയാൻ കഴിയും. അതുപോലെ തന്നെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് സീ ഹീറോ ക്വെസ്റ്റ് (Sea Hero Quest). നമ്മൾ സഞ്ചരിക്കുന്ന വഴി അല്ലെങ്കിൽ സ്​ഥിര പരിചയമുള്ള സ്​ഥലം കത്തെുന്നതിനുള്ള വൈദഗ്ധ്യം അളക്കു ന്നതിനായി ഉപയോഗിക്കുന്നു. അതിലൂടെ രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുന്നു.

മറവിരോഗവും ജനിതകവും

ജനിതകമാറ്റവും പാരിസ്​ഥിതിക കാരണങ്ങളും മറവിരോഗത്തിന് കരണമാകുന്നുണ്ടെങ്കിലും എല്ലാ മറവിരോഗത്തിനും കാരണം ജനിതക മാറ്റമാണെന്ന് പറയാനാകില്ല. അൽഷൈമേഴ്സ്​, ​ഫ്രോണ്ടോ ടെംപോറൽ ഡിമെൻഷ്യ എന്നീ വിഭാഗങ്ങളിൽ ജനിതക വ്യതിയാനം കത്തൊനാകും.

നേരത്തെ ഉണ്ടാകുന്ന അൽഷൈമേഴ്സിൽ APP, PSEN, PSEN -2, ഫ്രോണ്ടോ ടെംപോറൽ ഡിമെൻഷ്യയിൽ MAPT, C9, അല്ലെങ്കിൽ f72; വൈകിയുണ്ടാകുന്ന അൽഷൈമേഴ്സിൽ APOE, APOE4 തുടങ്ങിയ ജനിതക ഘടകങ്ങളാണ് രോഗം വരുന്നതിനുള്ള കാരണമാകുന്നത്.

എത്ര ദൂരം നടന്നു, എത്ര വ്യായാമം ചെയ്തു, ഉറക്കം എത്രയായിരുന്നു, ഹൃദയമിടിപ്പ് എത്രയായിരുന്നു തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ന് നാം ധരിക്കുന്ന വാച്ചിലൂടെ അറിയാൻ കഴിയും.
എത്ര ദൂരം നടന്നു, എത്ര വ്യായാമം ചെയ്തു, ഉറക്കം എത്രയായിരുന്നു, ഹൃദയമിടിപ്പ് എത്രയായിരുന്നു തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ന് നാം ധരിക്കുന്ന വാച്ചിലൂടെ അറിയാൻ കഴിയും.

ചികിത്സാരീതികൾ

മറവിരോഗത്തെ ചികിത്സിച്ചു ഭേദമാക്കാവുന്നതും അല്ലാത്തതുമായി തരംതിരിക്കാം. ചികിത്സയുടെ ഭാഗമായി തന്നെ രോഗീപരിചരണത്തെ യും കണക്കാക്കേതുണ്ട്. തലച്ചോറിലെ മുഴ, രക്തസ്രാവം, മൂലകങ്ങളുടെ കുറവ്, മരുന്നുകളുടെ ദൂഷ്യഫലം, തലച്ചോറിലുണ്ടാകുന്ന പഴുപ്പ് തുടങ്ങി കുറച്ചധികം രോഗങ്ങൾ മൂലമുണ്ടാകുന്ന മറവി പോ ലുള്ള ലക്ഷണങ്ങൾ ചികിത്സയിലൂടെ ഇല്ലായ്മ ചെയ്യാനാകും.

ബഹുഭൂരിപക്ഷം മറവിരോഗത്തിനും ശാശ്വതമായ ഒരു പരിഹാരമോ ചികിത്സയോ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ദിനംതോറും കൂടി വരുന്നതല്ലാതെ മറ്റു മാറ്റങ്ങളൊന്നും കാണാൻ കഴിയില്ല. കളിയായി പറയുന്നതാണെങ്കിലും ചികിത്സ പലപ്പോഴും രോഗിയെ പരിചരിക്കാൻ നിൽക്കുന്നവർക്കാണ് വേണ്ടിവരുന്നത്. മറവിരോഗം മൂലമുള്ള അനുബന്ധ രോഗങ്ങൾ, ഉദാഹരണത്തിന് ഉറക്കമില്ലായ്മ, സ്വഭാവ വ്യതിയാനം, അക്രമവാസന തുടങ്ങിയ അവസ്​ഥക്ക് മാത്രമാണ് ചികിത്സയുള്ളത്. ചികിത്സയുടെ മറ്റൊരു തലം വൈജ്ഞാനിക അപചയത്തെ (Cognitive Decline) കഴിയാവുന്നതും മന്ദഗതി യിലാക്കുക എന്നുള്ളതാണ്. Donepezil, Rivastigmine, Galantamine, Memantine തുടങ്ങി പലതരം മരുന്നുകളും ഇന്ന് ചികിത്സാരംഗത്ത് ലഭ്യമാണ്. അൽഷൈമേഴ്സ്​ രോഗത്തിനുള്ള പുതുതായി വന്നിട്ടുള്ള ചില മരുന്നുകളാണ് Lacenemab, Aducenumab തുടങ്ങിയവ. പ്രധാനമായും ഈ മരുന്നുകൾ അമയ്ലോയ്ഡ് ​പ്രോട്ടീനിൽ പ്രവർത്തിച്ച് രോഗവ്യാപനം കുറക്കാൻ സഹായിക്കുന്നു.

മറ്റു ചികിത്സാരീതികൾ

ശരിയായ ആഹാരക്രമം, വ്യായാമം, മതിയായ ഉറക്കം, മാനസിക പിരിമുറുക്കം ഒഴിവാക്കൽ തുടങ്ങിയ ലഘു പ്രവർത്തനങ്ങൾ മറവി രോഗം മൂർച്ഛിക്കുന്നതിനെ കുറച്ചെങ്കിലും നിയന്ത്രിക്കാനാകും. മെഡിറ്ററേനിയൻ ഡയറ്റും (Mediteraniean Diet) ആഹാരക്രമത്തിലൂടെ രക്തസമ്മർദ്ദം കുറക്കുന്നതിനുള്ള രീതിയും (Dietary Approaches to Stop Hypertension (DASH) മറവിരോഗത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. മെഡിറ്ററേനിയൻ ആഹാരം എന്ന് പറയുമ്പോൾ whole grain, nuts, legumes തുടങ്ങിയവ ഉൾപ്പെടുന്നു. ഇതോടൊപ്പം പരീക്ഷിക്കപ്പെടുന്ന മറ്റൊരു ആഹാരരീതിയാണ് keto diet. ഇതിനേക്കാളൊക്കെ പ്രധാനം രോഗവ്യാപനം കുറക്കുന്നതിനായും തടയുന്നതിനായും ശരിയായ വ്യായാമവും ഉറക്കവും നടക്കുന്നു എന്നുറപ്പുവരുത്തുകയാണ്.

മറവിരോഗചികിത്സയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ വീണ്ടും മക്കാേണ്ടയെ കുറിച്ച് ഒന്നുകൂടെ പറയട്ടെ. ഒറേലിയാനോ എന്ന കഥാപാത്രം ഒരു ചെറിയ വസ്​തു, അൻവിൽ, കണ്ടെത്താനോ പേരോർക്കാനോ കഴിയാതെവന്നപ്പോൾ പിതാവ് പേര് പറഞ്ഞുകൊടു ക്കുകയും അത് അവിടെ രേഖപ്പെടുത്തുകയും പോകെപ്പോകെ അത്തരം വസ്​തുക്കളുടെ പേരും ഉപയോഗവും കൂടി രേഖപ്പെടുത്തുന്നത് വിവരിക്കുന്നുണ്ട്. ചികിത്സയിലെ മറ്റൊരു വഴി മനോഹരമായി പറഞ്ഞിരിക്കുന്നു.

മറവിരോഗികളെ പരിചരിക്കലും പരിചാരകരും (Care Givers)

മറവിരോഗ ചികിത്സയിലെ മുഖ്യ ഘടകമാണ് പരിചരണം. മിക്കപ്പോഴും ഇക്കൂട്ടരെ പരിചരിക്കുന്നത് കുടുംബാംഗങ്ങൾ ആരെങ്കിലുമായിരിക്കും. രോഗീപരിചരണത്തിലേർപ്പെടുന്ന കുടുംബാംഗങ്ങൾ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകേതായിട്ടുണ്ട്. ശാരീരികമായ അദ്ധ്വാനം, മാനസിക പിരിമുറുക്കം, സാമ്പത്തിക ഞെരുക്കം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങി പലതും. പൊതുവെ രോഗികളും പരിചാരകരും (Care givers) അനുവർത്തിക്കേുന്ന ഒന്നാണ് ഇതുമായി പ്രവർത്തിക്കുന്ന സംഘടനകളുമായിമായി സഹവർത്തിച്ചുള്ള പ്രവർത്തനവും വിശ്രമസംരക്ഷണവും. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് അൽഷൈമേഴ്സ്​ അസോസിയേഷൻ. അക്രമവാസന, ഭ്രമാത്മകത, പരിചരണത്തോട് സഹകരിക്കാതിരിക്കുക തുടങ്ങി പലവിധ വെല്ലുവിളികളെ പരിചരിക്കാൻ നിൽക്കുന്നവർ നേരിടേണ്ടതായിട്ടുണ്ട്. പുനരധിവാസ ചികിത്സ പോലുള്ള മറ്റു വിഭാഗങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര കാഴ്ചപ്പാടിലൂടെ വേണം പരിചരണം രൂപപ്പെടുത്തേത്. ലോകാരോഗ്യസംഘടന തന്നെ മറവിരോഗ ചികിത്സയിൽ പുനരധിവാസ ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

READ: വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

ഏറ്റവും വലിയ വെല്ലുവിളി, രോഗപുരോഗതി മന്ദഗതിയിലാക്കുന്നതിനും രോഗി ആരോഗ്യത്തോടെയും സ്വയം പര്യാപ്തതയോടെയും ഇരിക്കുന്നതിന് സഹായിക്കുന്ന വ്യായാമം, കളികൾ, ചെറിയ ചെറിയ ചുമതലകൾ ഏൽപ്പിക്കൽ തുടങ്ങിയ ചികിത്സാപദ്ധതികൾ നടപ്പി ലാക്കുക എന്നുള്ളതുതന്നെയാണ്. സ്​ഥലകാലബോധം നഷ്ടപ്പെട്ട രോഗിയുടെ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയിലും കൃത്യമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഒൻപതും പത്തും വീതം മരുന്നുകൾ പല രോഗ ങ്ങൾക്കായി കഴിക്കുന്നവരായിരിക്കും മിക്ക രോഗികളും. രോഗി വീട്ടിലേക്കുള്ള വഴി മറന്നുപോകാനും സ്വയം നഷ്ടപ്പെടാനുമുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനായി തിരിച്ചറിയാനുതകുന്നവിധം ടാഗോ ഫോൺ നമ്പറോ രോഗീവശം ഉണ്ടെന്നുറപ്പുവരുത്തണം. അടച്ച വാതി ലുകൾ തുറക്കാനറിയാതെ അകപ്പെട്ടുപോകുന്നതും അപൂർവമല്ല. കതകുകളുടെ കൊളുത്തുകൾ നീക്കം ചെയ്യുകയോ ഉയരത്തിൽ ഘടിപ്പിക്കുകയോ ചെയ്യണം. വീട്ടുകാരും രോഗിയെ നോക്കാൻ നിൽക്കുന്നവരും രോഗിയുമായി നല്ല സൗഹൃദത്തിൽ കൂടുതൽ ക്ഷമയോടെ ആശയവിനിമയം നടത്താൻ പരിശീലിക്കണം.

മറവിരോഗം ബാധിച്ച വേണ്ടപ്പെട്ടവരുടെ അവസാന നാളുകൾ പലപ്പോഴും ഭക്ഷണം കഴിക്കാനറിയാതെ പോഷകാഹാരക്കുറവ് ബാധിച്ചും ഉമിനീരിറക്കാനോ പുറത്തേക്ക് തുപ്പാനോ അറിയാതെ ശ്വാസകോശരോഗം (Pneumonia) ബാധിച്ചുമായിരിക്കും. മറവിരോഗം ബാധിച്ച രോഗികളോടുള്ള നീതിപുലർത്തൽ എന്നാൽ കരുണയോടെയുള്ള പരിചരണം നൽകുക എന്നുള്ളത് തന്നെയാണ്. മറവിരോഗം ഒരിക്കലും ചികിൽസിച്ച് ഭേദമാക്കാനാവില്ല എന്നുള്ളതു കൊണ്ടുതന്നെ ചികിത്സ രോഗിയുടെയും പരിചാരകരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുക എന്നുള്ളതു കൂടിയാകുന്നു.

വാൽക്കഷ്ണം:

മറവിരോഗം വരച്ചിട്ടിരിക്കുന്ന ചില പുസ്​തകങ്ങൾ:

1. One Hundred Years Of solitude - Gabriel Garzia Marquez.
2. Autumn of Patriarch - Gabriel Garzia Marquez.
3. The general In Labyrinth- Gabriel Garzia Marquez.
4. In Search of Lost Time- Marcel Proust.
5. Out of Mind - J. Bernlef.
6. Debra Dean - The Madonnas of Leningrant.
7. Turn of Mind - Alice LaPlante.

Comments