ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

‘‘ലഹരി ഉപയോഗത്തിന്റെ തുടക്കം പലപ്പോഴും കൗതുകത്തിൽനിന്നോ കൂട്ടുകാരുടെ സമ്മർദ്ദത്തിൽ നിന്നോ ആണ്. ഇതിൽ ഏറ്റവും പ്രധാനം കൂടെ കളിക്കുകയും പഠിക്കുകയും ചെയ്യുന്ന സമപ്രായക്കാരുടെ നിർബന്ധമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രഞ്ജിത്ത് കുമാർ ടി. എഴുതിയ ലേഖനം.

മോഷണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ കൗമാരപ്രായക്കാർ ഈയിടെയായി വളരെ കൂടുതലായി ഉൾപ്പെട്ടു വരുന്നു എന്ന വാർത്തകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നു. മനുഷ്യജീവിതത്തിൽ ബാല്യത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ പരിവർത്തനഘട്ടമാണ് കൗമാരം. വ്യക്തിത്വം രൂപപ്പെ ടുന്ന കാലഘട്ടമായ കൗമാരകാലത്ത് ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തെ കുറിച്ചുള്ള ധാരണകളും സ്വപ്നങ്ങളും, സാഹസികതയും, പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ആവേശവുമെല്ലാം കൗമാരത്തിന്റെ പ്രത്യേകതയാണ്.

എന്തായിരിക്കാം കൗമാരപ്രായക്കാരെ ലഹരിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ?

ലഹരി ഉപയോഗത്തിന്റെ തുടക്കം പലപ്പോഴും കൗതുകത്തിൽനിന്നോ കൂട്ടുകാരുടെ സമ്മർദ്ദത്തിൽ നിന്നോ ആണ്. ഇതിൽ ഏറ്റവും പ്രധാനം കൂടെ കളിക്കുകയും പഠിക്കുകയും ചെയ്യുന്ന സമപ്രായക്കാരുടെ നിർബന്ധം (peer group pressure) ആണ്.

  • ‘ഒരുതവണ പരീക്ഷിക്കാം' എന്ന ഉത്സുകതയാണ് പിന്നീട് ആസക്തിയിലേക്കും അടിമത്തത്തിലേക്കും നയിക്കുന്നത്.

  • രക്ഷിതാക്കൾ ആരെങ്കിലും ലഹരിക്ക് അടിമപ്പെട്ടവരാണ് എങ്കിൽ കുട്ടികൾ ലഹരി ഉപയോഗത്തിൽ ചെന്നുചാടാനുള്ള സാധ്യത കൂടുതലാണ്.

  • മോശമായ ഗൃഹാന്തരീക്ഷം, ഒറ്റ രക്ഷിതാവ് (single parent), കുട്ടിയെ കേൾക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ആരുമില്ലാത്ത അവസ്ഥ എന്നിവയും കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്താം.

  • ‘ഞാൻ മുതിർന്നവനായി’ എന്ന് മറ്റുള്ളവരെ കാണിക്കാനും, സ്വന്തം ഗ്രൂപ്പുകളിൽ ഞാൻ മോശക്കാരനല്ല എന്ന് സ്ഥാപിക്കാനും ഒക്കെ വേണ്ടിയാണ് കൗമാരക്കാർ പലപ്പോഴും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത്.

തുടക്കത്തിൽ അല്പസമയം സന്തോഷം തരുന്ന ലഹരി അനുഭവം പിന്നീട് ആവശ്യമായി തോന്നുകയും അതില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

മനസ്സിന്റെ പാളിച്ചകൾ

കൗമാരകാലം സ്വാതന്ത്ര്യത്തിനായുള്ള അഭിനിവേശത്തിന്റെ കാലം കൂടിയാണ്. സുഹൃത്തു ക്കളുടെ സ്വാധീനവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ത്വരയും കാര്യങ്ങൾ സങ്കീർണമാക്കുന്നു. ഈ കാലഘട്ടത്തിൽ ചെറിയൊരു തെറ്റായ സ്വാധീനം ജീവിതത്തെ വഴിതെറ്റിക്കാം. കുടുംബപ്രശ്നങ്ങൾ, പഠനസമ്മർദ്ദങ്ങൾ, കൗമാരപ്രണയങ്ങൾ ഇവയെല്ലാം കൗമാരക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. മനോവിഷമത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി കാണുന്ന ലഹരി പിന്നീട് മസ്തിഷ്കത്തിലെ വികാരനിയന്ത്രണത്തെ തകർക്കുകയും ഉൽക്കണ്ഠ, വിഷാദം, നിരാശ, തുടങ്ങിയ പ്രശ്നങ്ങൾ വളർത്തുകയും ചെയ്യുന്നു.

ലഹരി ശരീരത്തെയും മുറിവേൽപ്പിക്കുന്നു. പുകവലിയും മദ്യപാനവും ശ്വാസകോശത്തെയും കരളിനെയും നേരിട്ട് ബാധിക്കുന്നു. ദീർഘകാല ലഹരി ഉപയോഗം ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ രോഗങ്ങൾ, ഉറക്കക്കുറവ്, വളർച്ച വൈകല്യം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൗമാ രത്തിൽ നടക്കുന്ന ഹോർമോൺ മാറ്റങ്ങൾ ലഹരിയുടെ സ്വാധീനത്തിൽ അസന്തുലിതമാകുമ്പോൾ ശരീരവികാസം പോലും തടസപ്പെടുന്നു.

ആരോഗ്യപ്രശ്നങ്ങൾ

ശ്വാസകോശ കാൻസർ, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ, മൂത്രസഞ്ചിക്കുണ്ടാ വുന്ന (urinary bladder) കാൻസർ, കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് ഉണങ്ങാത്ത മുറിവുകൾ എന്നീ അവസ്ഥകൾക്ക് പുകവലി കാരണമാവുന്നുണ്ട്.

15 വയസ്സിന് താഴെയുള്ള കുട്ടികളിലെ മദ്യത്തിന്റെ ഉപയോഗം മുതിർന്നവരെക്കാൾ 5% ശതമാനം കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു.

വെറ്റില മുറുക്ക്, പാൻപരാഗ്, ഹാൻസ് എന്നിവയുടെ മൂലം ഉപയോഗം വായിൽ പാടുണ്ടാകും (leukoplakia തുടങ്ങിയവ).
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഹൃദയത്തിലേക്കുള്ള ധമനികൾ സങ്കോചിക്കാൻ കാരണമാകുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലച്ച് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങൾ, പല്ലിന്റെ നാശം, കാഴ്ചപ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ, മൂക്കിലെ അണുബാധ, ക്യാൻസർ, അകാല വാർദ്ധക്യം, ഉദരസംബന്ധ രോഗങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, അനപത്യത എന്നിവയും സംഭവിക്കാം.

സിറിഞ്ച് വഴി ലഹരി കുത്തിവയ്ക്കുന്നത് മൂലം ചർമ്മത്തിൽ, അണുബാധയും വ്രണങ്ങളും ഉണ്ടാവാം. മയക്കുമരുന്ന് കുത്തിവയ്ക്കാനായി ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതുമൂലം HIV, Hepatitis B എന്നീ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്.

റോഡ് ട്രാഫിക് ആക്സിഡന്റുകൾ, ആത്മഹത്യ തുടങ്ങിയവും ലഹരി ഉപയോഗത്തിന്റെ മറ്റു പ്രത്യാഘാതങ്ങളാണ്.

ലഹരി ഉപയോഗം: എപ്പോൾ സംശയിക്കണം?

  • സാധാരണയിൽനിന്ന് വ്യത്യസ്തമായി ഒരു കുട്ടി വീട്ടുകാരുമായും സുഹൃത്തുക്കളുമായും അനാവശ്യമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുക. ദുർവാശി കാണിക്കുക.

  • കുടുംബബന്ധങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുമാറുക.

  • രക്ഷിതാക്കൾക്ക് തീരെ പരിചയമില്ലാത്ത പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുക.

  • ഉറക്കമില്ലായ്മ അല്ലെങ്കിൽ കൂടുതൽ ഉറക്കം (മയങ്ങിയിരിക്കുക).

  • കായിക വിനോദങ്ങളിലും മറ്റു കലാ പരിപാടികളിലും താല്പര്യമില്ലായ്മ കാണിക്കുക.

  • അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക.

  • ചെറിയ കാര്യങ്ങൾക്ക് കൂടുതൽ ടെൻഷൻ കാണിക്കുക.

  • വീട്ടിലെ ഒരു മുറിയിൽ തന്നെ ഒതുങ്ങിക്കൂടുക, വീട്ടിൽനിന്ന് പണം, ആഭരണം തുടങ്ങിയവ നഷ്ടപ്പെടുക.

  • കുട്ടികളുടെ കണ്ണ് ചുകന്നിരിക്കുക.

  • പുകയിലയുടെ മണം, ഇടയ്ക്കിടയ്ക്കുള്ള അലർജി പോലുള്ള ചുമ.

  • മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ മൂക്കിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം വന്നുകൊണ്ടിരിക്കും.

  • കുത്തിവെപ്പിന്റെ പാടുകൾ ശരീരത്തിൽ എവിടെയെങ്കിലും കാണാൻ സാധിക്കുക.

  • മുടിയിലും ശരീരത്തിലും വസ്ത്രങ്ങളിലും പരിചിതമല്ലാത്ത മണം അനുഭവപ്പെടുക.

  • വൃത്തിയായി നടന്നുകൊണ്ടിരുന്ന കുട്ടി ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാതെ വളരെ വൃത്തിഹീനമായി നടക്കുക, അഴുക്കുപിടിച്ച ചുളിഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

ഇക്കാര്യങ്ങളെല്ലാം വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളാകാം.

കുടുംബം: പ്രതിരോധത്തിന്റെ ആദ്യ കോട്ട

ലഹരിയിൽനിന്ന് കൗമാരക്കാരെ സംരക്ഷിക്കാനുള്ള ആദ്യ ചുവട് കുടുംബത്തിലാണ് തുടങ്ങേണ്ടത്. രക്ഷിതാക്കൾ കുട്ടികളുമായി ആത്മാർത്ഥമായ ആശയവിനിമയം പുലർത്തണം. അവരുടെ പ്രശ്നങ്ങൾ കേൾക്കുക, കേൾക്കുക, കേൾക്കുക…നല്ലൊരു കേൾവിക്കാരാകാൻ ശ്രമിക്കുക. അവർ പറയുന്ന കാര്യങ്ങൾ ഇടക്ക് ഇടപെട്ട് സംസാരിക്കാതെ പൂർണമായി കേൾക്കുക. അപ്പോൾ അവർ മനസ്സ് തുറക്കുന്നത് കാണാം.

സമ്മർദ്ദങ്ങൾ മനസ്സിലാക്കുക, ആവശ്യമായ പിന്തുണ നൽകുക എന്നിവ പ്രതിരോധത്തിന്റെ അടിത്തറയാണ്. കുട്ടികൾക്ക് ആത്മവിശ്വാസമുള്ള അന്തരീക്ഷം സൃഷ്ടിക്കുക അത്യാവശ്യമാണ്. കുറ്റപ്പെടുത്തലുകൾക്കും താരതമ്യങ്ങൾക്കും പകരം മനസ്സിലാക്കലും കരുതലുമാണ് ആവശ്യം. അനാവശ്യ ഉപദേശങ്ങൾ ഒഴിവാക്കാം. എന്റെ കൗമാരകാലഘട്ടത്തിൽ ഞാൻ ഇങ്ങനെയായിരുന്നു എന്ന രീതിയിലുള്ള സംസാരം ഒരിക്കലും ഗുണം ചെയ്യില്ല. സാഹചര്യങ്ങൾ മാറിവന്നത് മാതാപിതാക്കൾ മനസ്സിലാക്കുക തന്നെ വേണം.

ഒരുനേരമെങ്കിലും വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും (family dining) മൊബൈൽ ഫോണുകൾ, ടെലിവിഷൻ എന്നിവ തീൻമേശയിൽ നിന്ന് ഒഴിവാക്കി പരസ്പരം തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുന്നതും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതും കുട്ടികൾക്ക് കൊടുക്കുന്ന പിന്തുണയും കരുതലും ആത്മവിശ്വാസവും ഏറെയാണ്. അതിനായി ഓരോ മാതാപിതാക്കളും സമയം കണ്ടെത്തണം. അവരെ ചേർത്തുപിടി ക്കാനും ഇടയ്ക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ വയ്ക്കാനും (പ്രത്യേകിച്ച് രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ തന്നെ) മാതാപിതാക്കൾ സമയം കണ്ടെത്തുമ്പോൾ പുറത്തുനിന്നുള്ള സ്വാധീനങ്ങൾക്ക് അവരെ നിയന്ത്രിക്കാൻ സാധിക്കില്ല. കുട്ടികളുടെ സുഹൃത്തുക്കളെ മാതാപിതാക്കൾ പരിചയപ്പെടേണ്ടതും അവരുടെ വീടുകളിൽ ഇടയ്ക്ക് സന്ദർശനം നടത്തേണ്ടതും, ഫോൺ നമ്പർ കരുതിവെക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ പല പ്രശ്നങ്ങളും നമുക്ക് നേരത്തെ അറിയാനും പരിഹാരം കാണാനും സാധിക്കും.

ഇപ്പോഴുള്ള ചില മൊബൈൽ ഗെയിമുകൾ കുട്ടി കളെ മറ്റു രാജ്യങ്ങളിലെ മയക്കുമരുന്നിനടിമപ്പെട്ട ആൾക്കാരുമായി ചാറ്റ് ചെയ്യാനും അവരുടെ കളിക്കാനുള്ള മിടുക്ക് ഇത്തരം ലഹരിമരുന്നുകൾ ഉപയോഗിച്ചാണ് എന്ന് കുട്ടികളെ ധരിപ്പിച്ച്, കുട്ടികളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളും വിരളമല്ല. അതിനാൽ മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികളുടെ മേലെ എപ്പോഴും ഒരു കണ്ണുവേണം. അവരുടെ ബാഗുകളും റൂമും ഇടയ്ക്കിടെ പരിശോധിക്കാനും സമയം കണ്ടെത്തണം. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ വിദഗ്ധരുടെ സേവനം തേടാൻ ഒരു മടിയും കാണിക്കരുത്. പലപ്പോഴും മറ്റുള്ളവർ അറിയും, നാണക്കേടാകും എന്നു കരുതി മാറിനിൽക്കുന്നവരുടെ എണ്ണം വിരളമല്ല. അങ്ങനെ മാറിനിന്നാൽ പിന്നീട് വലിയ വില നൽകേണ്ടതായി വരാം.

കുട്ടികൾക്ക് എന്തു ചെയ്യാൻ കഴിയും?

കൂട്ടുകാരിൽ പെട്ടവർ ലഹരിമരുന്നുകൾ ഉപയോഗിക്കാൻ നിർബന്ധിക്കുമ്പോൾ വളരെ സൗമ്യമായി അവരോട് ‘വേണ്ട’ (NO) എന്നു പറയാൻ കുട്ടികൾക്ക് കഴിയണം. വീണ്ടും അവർ നിർബന്ധിക്കുകയാണെങ്കിൽ കുറച്ചുകൂടി കർക്കശമായി ‘വേണ്ട’ എന്ന് പറയണം. അതിനു ശേഷം ഏതെങ്കിലും വിശ്വസ്തൻ ആയ, അടുത്തറിയുന്ന മുതിർന്ന ആളുടെ സഹായം തേടണം. പിന്നീടും നിർബന്ധം വരികയാണെങ്കിൽ വളരെ നല്ല രീതിയിൽ അത്തരം കുട്ടികളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് പ്രശ്നങ്ങൾ ഇല്ലാതെ അതിൽനിന്നിറങ്ങിപ്പോരാൻ കുട്ടികൾ ശ്രദ്ധിക്കേണ്ടതാണ്. അവരോട് ദേഷ്യപ്പെടാതെ ഇറങ്ങിവരണം.

വിദ്യാലയത്തിന്റെ പങ്ക്

താൻ പഠിപ്പിക്കുന്ന കുട്ടിയുടെ കുടുംബ പശ്ചാത്തലവും സ്വഭാവരീതികളും കൃത്യമായി മനസ്സിലാക്കുന്ന കാര്യത്തിലാണ് അധ്യാപകർ ആദ്യം ശ്രദ്ധവയ്ക്കേണ്ടത്. കുട്ടിയുടെ ജീവിത സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞാൽ അവരോട് ഇടപെടുമ്പോൾ അവർക്ക് മാനസികമായും മുറിവേൽക്കാത്ത തരത്തിൽ സംസാരിക്കാൻ അധ്യാപകർക്ക് അനായാസം സാധിക്കും. ശിഥിലമായ കുടുംബ പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന കുട്ടികളോട് ഇട പെടുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്ന സമപ്രായക്കാരുടെ സമ്മർദ്ദം മറികടക്കാൻ ആവശ്യമായുള്ള സ്വഭാവ ദൃഢതാപരിശീലനം ഇതിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ദേഷ്യം നിയന്ത്രിക്കാനുള്ള പരിശീലനം, ലഹരി ഉപ യോഗവും കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ സൈബർ ഉപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം എന്നിവയും കൗമാരക്കാർക്ക് നൽകേണ്ടതാണ്. കുട്ടികൾക്കിടയിലുള്ള തീവ്രമായ മത്സരബുദ്ധിയും പരസ്പരം താരതമ്യം ചെയ്യുന്ന പ്രവണതയുമാണ് കൗമാര മാനസികാരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നം. ഇത് പരിഹരിക്കാനാവശ്യമായ നിലപാടുകൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. പഠനമായാലും കായിക വിനോദമായാലും കലകളായാലും അതിൽ പങ്കെടുക്കുന്നത് വഴി പരമാവധി സന്തോഷം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കണം. സ്കൂളുകളിൽ കൗൺസിലിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നത് ആവശ്യമാണ്.

മാധ്യമങ്ങളും സമൂഹവും

കൗമാരക്കാരുടെ ലഹരി ഉപയോഗത്തിൽ മാധ്യമങ്ങൾക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. സിനിമയിലും പരസ്യങ്ങളിലും മദ്യവും പുകവലിയും ആകർഷകമായി ചിത്രീകരിക്കുന്നത് നിയന്ത്രിക്കണം. കൗമാരക്കാരുടെ ഇഷ്ടതാരങ്ങൾ സിനിമയിലും പരസ്യങ്ങളിലും ലഹരി ഉപയോഗിക്കുന്നത് കാണുമ്പോൾ അവരെ അനുകരിക്കാനുള്ള പ്രവണത മുതിർന്നവരെ അപേക്ഷിച്ച് കൗമാരക്കാരിൽ കൂടുതലാണ്. മറിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾക്കായി കൗമാരക്കാരുടെ ഇഷ്ട കായികതാരങ്ങളെയും കലാകാരന്മാരെയും ഉപയോഗിക്കാം. അത് അവരിൽ ഗുണകരമായ സ്വാധീനം ചെലുത്തും. സാമൂഹിക സംഘടനകളും ആരോഗ്യവകുപ്പ് സ്ഥാപനങ്ങളും കൗമാരാരോഗ്യസംരക്ഷണത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തേണ്ടത് ആവശ്യമാണ്. ലഹരി വിമുക്ത ക്യാമ്പുകൾ പ്രചാരണ പരിപാടികൾ കൗമാര കൂട്ടായ്മകൾ എന്നിവ വഴി ബോധവൽക്കരണം ശക്തമാക്കണം.

നാളെയുടെ പ്രതീക്ഷ

ലഹരിയുടെ പിടിയിൽപ്പെട്ട കൗമാരക്കാരെ കുറ്റവാളികളായി കാണാതെ സഹായം ആവശ്യമായ വ്യക്തികളായി കാണേണ്ടതാണ്. അവർക്കാവശ്യമായ പിന്തുണയും സഹായവും നൽകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ലഹരിക്ക് അടിമപ്പെട്ടാലും ശരിയായി ചികിത്സയും പിന്തുണയും കൊണ്ട് അവരെ വിജയകരമായി ജീവിതത്തിലേക്ക് നമുക്ക് തിരിച്ചെത്തിക്കാൻ സാധിക്കും.

ലഹരി ഒരു ശീലമല്ല, അത് നിശ്ശബ്ദമായ ഒരു രോഗമാണ്. കൗമാരക്കാരിൽ മൂല്യബോധം വളർത്തി അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം നൽകുമ്പോൾ ലഹരിയുടെ വലയത്തിൽനിന്ന് അവരെ രക്ഷിക്കാനാകും. കൗമാരക്കാർ നാളെയുടെ പ്രതീക്ഷയാണ്. അവരെ ആരോഗ്യമുള്ള ആത്മവിശ്വാസമുള്ള പൗരരായി വളർത്തുമ്പോഴാണ് ഒരു സമൂഹം മുന്നോട്ടുപോകുന്നത്. അതിനായി കുടുംബവും വിദ്യാലയവും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിക്കണം.

READ : കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments