വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം

‘‘പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ ദീര്‍ഘസ്ഥായീരോഗങ്ങളും, മറവിരോഗം, സ്ട്രോക്ക് പോലെ നിത്യപരിചരണം ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങളും വയോധികരിലുണ്ടാകാം. വീഴ്ച പോലുള്ള മറ്റു അപകടസാധ്യതകളും അവരെ അലട്ടുന്നു’’- വാർധക്യത്തിലുള്ള വെല്ലുവിളികളെക്കുറിച്ച് ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രവി പ്രസാദ് വർമ്മ പി. എഴുതിയ ലേഖനം.

വാർദ്ധക്യം എന്നത് ജനിച്ചുവീഴുന്ന ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ജീവിതത്തിന്റെ ഒരു ഘട്ടമാണ്. ഇന്ന് പല കുടുംബങ്ങളിലും സമൂഹങ്ങളിലും മുമ്പത്തേക്കാളും കൂടുതൽ മുത്തശ്ശിമാരും മുത്തശ്ശന്മാരുമുണ്ട്. ഇത് ദീർഘായുസ്സിന്റെ നല്ല സൂചനയാണ്. എങ്കിലും ഇത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികൾ കൊണ്ടുവരുന്നു.

പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ ദീര്‍ഘസ്ഥായീരോഗങ്ങളും, മറവിരോഗം (ഡിമെൻഷ്യ), സ്ട്രോക്ക് പോലെ നിത്യപരിചരണം ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങളും വയോധികരിൽ ഉടലെടുക്കുന്നു. ഇതുകൂടാതെ വീഴ്ച പോലുള്ള മറ്റു അപകടസാധ്യതകളും അവരെ ഈ പ്രായത്തിൽ അലട്ടുന്നു. പൊതുവെ കണ്ടുവരുന്ന വാർധക്യത്തിലുള്ള വെല്ലുവിളികൾ ഒന്ന് വിശകലനം ചെയ്യാം.

പ്രായം ചെന്ന വ്യക്തിക്ക് അവർ ചെറുപ്പത്തിൽ ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാൻ സാധിച്ചില്ല എന്നുവന്നേക്കാം. പോരാത്തതിന് അവർക്ക് പല തരം അസുഖങ്ങൾ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി അല്ലെങ്കിൽ നല്ല ആരോഗ്യമുള്ള അവസ്ഥ എന്നത് വിഭാവനം ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ തികഞ്ഞ ക്ഷേമാവസ്ഥ നിലനിർത്തുക എന്നതുമാത്രം ഈ ജീവിതഘട്ടത്തിലെ ആരോഗ്യലക്ഷ്യമാക്കേണ്ടതില്ല, മറിച്ച് ഈ ജീവിതഘട്ടത്തെ സമാധാനപൂർവവും അർത്ഥവത്തായതും ആക്കുന്നതിലാണ് ശ്രദ്ധ നൽകേണ്ടത്. വയോജനങ്ങൾ അവരുടെ പരിമിതികൾ ഉൾക്കൊണ്ട്, അവർ ആഗ്രഹിക്കുന്നതുപോലെ ജീവിക്കുക, അവർ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നായിരിക്കണം ഈ ജീവിതഘട്ടത്തോടുള്ള സമീപനം.

ലോകാരോഗ്യസംഘടന ഇൻട്രിൻസിക് കപ്പാസിറ്റി (അന്തർലീനമായ ശേഷി) ആണ് ‘ആരോഗ്യകരമായ വാർദ്ധക്യ’ത്തിലെ ഒരു പ്രധാന ആശയമായി മുന്നോട്ടുവെക്കുന്നത്. ഇത് ദൈനംദിനജോലികൾ ചെയ്യാൻ വ്യക്തിയെ പ്രാപ്തമാക്കുന്ന ശാരീരിക- മാനസിക കഴിവുകളെ സൂചിപ്പിക്കുന്നു. ചലനാത്മകത, ഇന്ദ്രിയാവബോധം, വൈകാരിക ക്ഷേമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആളുകൾ പ്രായമാകുമ്പോൾ, ഇൻട്രിൻസിക് കപ്പാസിറ്റി സ്വാഭാവികമായി കുറയുന്നു, ഇത് പ്രവർത്തനശേഷിയെ ബാധിച്ചേക്കാം - ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും സ്വാതന്ത്ര്യം നിലനിർത്താനുമുള്ള ശേഷി. നല്ല ജീവിതനിലവാരം ഉറപ്പാക്കാൻ നല്ല പ്രവർത്തനശേഷി അത്യാവശ്യമാണ്.

അന്തർലീനമായ ശേഷിയിലുള്ള കുറവുകൾ കൂടിവരികവേ, പ്രവർത്തനക്ഷമത നിലനിർത്താൻ സഹായിക്കുന്ന പല വഴികൾ വയോജനങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആ വ്യക്തിക്കുണ്ടാകാവുന്ന ആരോഗ്യസ്ഥിതിയിൽ വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, വൈകല്യം കുറയ്ക്കുക, അർത്ഥവത്തായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുക എന്നൊക്കെയായിരിക്കണം ഒരു പ്രായമായ വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളുടെ ലക്ഷ്യങ്ങൾ. ഇതോടൊപ്പം മൾട്ടി മോർബിഡിറ്റി അഥവാ ഒന്നിലധികം വിട്ടുമാറാത്ത രോഗങ്ങളുള്ള അവസ്ഥയെ അഭിസംബോധന ചെയ്യുക എന്നത് ഇതിന്റെ ഒരു പ്രധാന ഘടകമാണ്. ഇത് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനത്തെ ഗണ്യമായി ബാധിക്കും.

ഫലപ്രദമായ രോഗപരിചരണത്തിന് ശരിയായ വൈദ്യസഹായം, ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക ചുറ്റുപാട് എന്നിവ ഉൾപ്പെടുന്ന സമഗ്രസമീപനം ആവശ്യമാണ്. ഇതിന് വ്യക്തിയുടെ അടുത്ത കുടുംബം, അയൽവാസികൾ, ആരോഗ്യ- സാമൂഹ്യ പരിചരണദാതാക്കൾ എന്നിവരുടെ പിന്തുണ ആവശ്യമാണ്.

യുവത്വത്തിൽനിന്ന് വ്യത്യസ്തമായി ദൈനംദിന ജീവിതചുറ്റുപാട് പോലും അവരുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധിനിക്കുന്നു. വാർദ്ധക്യത്തിൽ എല്ലുകൾക്ക് ബലം കുറവായതിനാൽ ചെറിയൊരു വീഴ്ച പോലും വലിയ ഒടിവുകൾക്ക് കാരണമായേക്കാം. ഇത് ഒഴിവാക്കാൻ വീടിന്റെ തറ എപ്പോഴും ഉണങ്ങിയതും വഴുക്കലില്ലാത്തതുമായി സൂക്ഷിക്കേണ്ടതുണ്ട്. മുറികളിലും വരാന്തകളിലും തടസ്സമില്ലാതെ നടക്കാനാവശ്യമായ സ്ഥലം ഉറപ്പാക്കുകയും കാൽതട്ടി വീഴാൻ സാധ്യതയുള്ള പരവതാനികളും മറ്റ് വസ്തുക്കളും മാറ്റുകയും വേണം. ബാത്റൂമുകളിലും പടികളിലും പിടിച്ചു നടക്കാൻ പാകത്തിൽ ഹാൻഡ്റെയിലുകൾ (Handrails) അല്ലെങ്കിൽ ഗ്രാബ് ബാറുകൾ സ്ഥാപിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കും. രാത്രി വീട്ടിൽ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുന്നതും വീഴ്ചകൾ ഒഴിവാക്കാൻ സഹായിക്കും.

വാർദ്ധക്യത്തിൽ മറവി എന്നത് സ്വാഭാവികമായ ഒന്നായി പലപ്പോഴും നാം തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഡിമെൻഷ്യ അഥവാ മറവിരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പരിചിത വഴികൾ മറന്നുപോവുക, ഒരേ കാര്യം തന്നെ ആവർത്തിച്ചു ചോദിക്കുക, പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ കേവലം പ്രായത്തിന്റെ ലക്ഷണങ്ങളല്ല. ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ കുറ്റപ്പെടുത്തുന്നതിനുപകരം അവർക്ക് മാനസികപിന്തുണ നൽകുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം.

ഇന്നത്തെ തലമുറയുടെ ജീവിതസാഹചര്യത്തിൽ വന്ന മാറ്റങ്ങൾ വാർധക്യത്തിലെത്തിയവരുടെ ജീവിതഗുണനിലവാരത്തെ മോശമായി ബാധിച്ചിട്ടുണ്ട്. കൂട്ടുകുടുംബവ്യവസ്ഥ നില നിന്നിരുന്നപ്പോൾ വാർധക്യസംബന്ധിയായ അസുഖങ്ങൾ വരുമ്പോൾ പ്രായമായവരെ വീട്ടിലെ അംഗങ്ങൾ തന്നെ പരിചരിച്ചിരുന്നു. ഇന്ന്, പല ആവശ്യങ്ങൾക്കായി ചെറുപ്പക്കാർക്ക് പ്രായമായവരിൽനിന്ന് മാറിത്താമസിക്കേണ്ടി വരുന്നു. ആയതിനാൽ പ്രായമായ മാതാപിതാക്കൾ ഒറ്റപ്പെടുകയോ പരിമിതമായ പിന്തുണയോടെ ജീവിക്കേണ്ട അവസ്ഥയിലേക്കോ എത്തുന്നു. ഇത് അവരെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും തോന്നലുകളിലേക്ക് നയിച്ചേക്കാം. വിഷാദരോഗവും ഇക്കാലയളവിൽ വയോജനങ്ങളെ ബാധിക്കാം, അതിനാൽ അവരുടെ മനസ്സിനെ എപ്പോഴും സജീവമായി നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

മാറുന്ന ലോകത്ത് സാങ്കേതികവിദ്യ ഏകാന്തത മറികടക്കാൻ വയോജനങ്ങളെ സഹായിച്ചേക്കാം. വിദേശത്തുള്ള മക്കളുമായും പേരക്കുട്ടികളുമായും വീഡിയോ കോളുകൾ വഴി ബന്ധപ്പെടുന്നത് അവരുടെ മനസ്സിന് വലിയ ആശ്വാസം നൽകിയേക്കാം. സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും പ്രാഥമികമായ അറിവ് അവർക്ക് പകർന്നുനൽകുന്നതുവഴി ലോകവുമായി നിരന്തരം ബന്ധപ്പെടാൻ അവർക്ക് സാധിക്കും. ഡിജിറ്റൽ സാക്ഷരത മുതിർന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിലനിർത്തുകയും ചെയ്യുന്നു.

എന്നാൽ ഇത്തരം അസുഖങ്ങൾ ബാധിച്ച മുതിർന്നവരെ പരിചരിക്കേണ്ടിവരുന്ന കുടുംബാംഗങ്ങളുടെ ആരോഗ്യവും പ്രധാനമാണ് എന്ന് ഈ ഘട്ടത്തിൽ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. രോഗബാധിതരായ മാതാപിതാക്കളെയോ മറ്റു ബന്ധുക്കളെയോ പരിചരിക്കുമ്പോഴുണ്ടാകുന്ന ശാരീരിക- മാനസിക തളർച്ച (Care giver Burnout) പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. പരിചരിക്കുന്നവർക്കാവശ്യമായ വിശ്രമവും മാനസിക പിന്തുണയും ഉറപ്പാക്കാൻ കുടുംബത്തിലെ മറ്റംഗങ്ങൾ സഹായിക്കേണ്ടതുണ്ട്. മാത്രമല്ല, പരിചാരകർക്കാവശ്യമായ വിശ്രമ രീതികളും മറ്റും പരിചയപ്പെടുത്താൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത് മുതിർന്നവർക്ക് ലഭിക്കുന്ന ശുശ്രൂഷയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായകമാകും.

സലീമിക്ക എന്ന വയോധികനെ പരിചയപ്പെടാം. അദ്ദേഹം കേരളത്തിലെ ഒരു തീരപ്രദേശഗ്രാമത്തിൽ താമസിക്കുന്ന 68 വയസ്സുള്ള മുൻ മത്സ്യത്തൊഴിലാളിയാണ്. രണ്ട് വർഷങ്ങൾക്കു മുൻപ് സ്ട്രോക്ക് (പക്ഷാഘാതം) വന്ന് ഒരു വശം തളർന്നശേഷം കടലിൽ പോയിട്ടില്ല. വർഷങ്ങളായി ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമാണ് സ്ട്രോക്കിനു പിന്നിൽ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. കൃത്യമായി മരുന്ന് കഴിക്കുന്നതിനാൽ ഇപ്പോൾ പ്രഷറും ഷുഗറും നോർമലാണ്. കൈയ്യിനും കാലിനും ചെറിയ തളർച്ച ഇപ്പോഴുമുണ്ട്.

സലീമിക്ക ഭാര്യയോടൊപ്പം അവരുടെ ചെറിയ വീട്ടിൽ ജീവിക്കുന്നു. സ്ട്രോക്ക് ചികിത്സയ്ക്ക് വലിയ തുക ചെലവിട്ടതിനാൽ ചില കടങ്ങൾ ബാക്കിയുണ്ട്. ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നിട്ടും അദ്ദേഹം ജീവിതത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ചെറിയ നടത്തത്തോടെ ആരംഭിക്കുന്ന നല്ല ദിനചര്യ അദ്ദേഹത്തിനുണ്ട് - ഭക്ഷണം, വ്യായാമം, മരുന്ന് - ഈ കാര്യങ്ങളിൽ ചിട്ടയുണ്ട്. ഉപജീവനാവശ്യങ്ങൾ നിറവേറ്റുന്നതിന് അടുത്തുള്ള സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്യുന്നു. സൗഹൃദങ്ങൾ നിലനിർത്തുകയും അയൽപക്കത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തെ അവർ ഒരു പരിധിവരെ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും കുറച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നരീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

ഉഷ എന്ന മറ്റൊരു വയോധികയുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാം. കേരളത്തിലെ ഒരു നഗരപ്രദേശത്ത് താമസിക്കുന്ന 72 വയസ്സുള്ള വിധവയാണ് ഉഷ. പ്രമേഹവും കാഴ്ചവൈകല്യവും ഉള്ള ഒരാളാണ്. ഉഷ മകളുടെ കൂടെയാണ് താമസിക്കുന്നത് - പകൽ അവർ ഒറ്റയ്ക്കാണ്. പല മരുന്നുകൾ കഴിക്കാറുണ്ട് - പക്ഷെ മരുന്നുകൾ കൈകാര്യം ചെയ്യാൻ അവർ കഷ്ടപ്പെടുന്നു, ഭർത്താവിന്റെ മരണശേഷം ജീവിതം കൂടുതൽ ഒറ്റപ്പെട്ടതായി മാറിയെന്ന് ഉഷ കരുതുന്നു. ആദ്യമൊക്കെ പ്രാദേശിക വനിതാ സ്വയംസഹായ സംഘത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ സാമൂഹിക ഇടപെടൽ വളരെ കുറവാണെന്ന് മനസ്സിലാക്കി ഉഷ വിട്ടുനിൽക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകയുടെ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു ഇപ്പോൾ ഉഷയുടെ സാമൂഹിക ഇടപെടലുകൾ. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ അവർ ഏകാന്തത അനുഭവിക്കുന്നു. ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങൾക്കിടയിലും ഉഷയുടെ ജീവിതം വീണ്ടും അർത്ഥവത്താക്കാൻ നമുക്ക് എന്തുചെയ്യാനാകും?

ആരോഗ്യമുള്ള ജീവിതശൈലി നിലനിർത്തുന്നത് ആരോഗ്യകരമായ വാർദ്ധക്യത്തിനും നിർണായകമാണ്. സമീകൃതാഹാരം, പതിവായ ശാരീരിക വ്യായാമം, മതിയായ ഉറക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ അടങ്ങിയ ഭക്ഷണം അവശ്യപോഷകങ്ങൾ നൽകുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. നടത്തം, അല്ലെങ്കിൽ യോഗ പോലുള്ള ശാരീരിക വ്യായാമം ഹൃദയത്തിന്റെയും നാഡികളുടെയും ആരോഗ്യം, പേശികളുടെ ശക്തി, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നു.

അതേസമയം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്നതിലൂടെ മാനസികാരോഗ്യത്തെയും പ്രയോജനപ്പെടുത്തുന്നു. ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്കും പോഷകഗുണമുള്ള നല്ല ഭക്ഷണം കഴിക്കുന്നതിനും പുറമേ, പ്രായമായ വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗുണനിലവാരമുള്ള ഉറക്കം ശരീരത്തെ ആരോഗ്യപരമായി നിലനിർത്താൻ അനുവദിക്കുന്നു. ശരിയായ ഉറക്കം കിട്ടാതിരുന്നാൽ ഓർമ്മക്കുറവ്, പ്രതിരോധശേഷി കുറയൽ, വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത തുടങ്ങിയ പല പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉറക്കത്തിന് ദിനചര്യ സ്ഥാപിക്കുകയും സുഖപ്രദമായ ഉറക്ക അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.

മാനസികാരോഗ്യം ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ മറ്റൊരു പ്രധാന വശമാണ് എന്ന് നമ്മൾ മനസ്സിലാക്കിയല്ലോ. ഏകാന്തത, ഒറ്റപ്പെടൽ, ദുഃഖം തുടങ്ങിയ പ്രശ്നങ്ങൾ വയോജനങ്ങളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ബന്ധങ്ങൾ നിലനിർത്തുന്നതും ആവശ്യമുള്ളപ്പോൾ പിന്തുണ തേടുന്നതുമെല്ലാം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യകരമായ വാർദ്ധക്യം എന്നത് യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല - അതിന് വയോജനങ്ങളുടെ ചുറ്റുമുള്ളവരിൽനിന്ന് ചെറുതും എന്നാൽ സ്ഥിരവുമായ ശ്രമങ്ങൾ ആവശ്യമാണ്. വാർധക്യത്തിലെത്തിയവരുടെ കുടുംബവും അയൽപക്കത്ത് ജീവിക്കുന്ന മുതിർന്നവരും ആരോഗ്യസംരക്ഷണസേവകരും പൊതുസമൂഹവുമെല്ലാം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് ലളിതമായി പ്രവർത്തിക്കുമ്പോൾ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. പ്രായമാകുന്നത് ആരോഗ്യകരവും നല്ലതുമായ അനുഭവമാണെന്ന് ഉറപ്പാക്കുന്നത് എളുപ്പമാകും. നമ്മുടെ സമൂഹം വയോസൗഹൃദമാക്കാൻ ആളുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കാം.

വ്യക്തികൾക്കും കുടുംബങ്ങൾക്കും
ചെയ്യാൻ കഴിയുന്നത്:

  • 1) ലളിതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക: കൂടുതൽ പച്ചക്കറികൾ, പഴങ്ങൾ കഴിക്കുക. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുക.

  • 2) ഓരോ ദിവസവും സജീവമായിരിക്കുക (നടത്തം, ലഘു വ്യായാമം, യോഗ).

  • 3) മരുന്നുകൾ കൃത്യമായി കഴിക്കുക, കൃത്യ സമയത്ത് പരിശോധനകൾ നടത്തുക.

  • 4) നല്ല ഉറക്കവും വിശ്രമവും നേടുക.

  • 5) സാമൂഹികമായി ബന്ധം നിലനിർത്തുക-സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധുക്കളുമായും സംസാരിക്കുക.

  • 6) പുകയില ഒഴിവാക്കുക, മദ്യഉപയോഗം കുറയ്ക്കുക.

  • 7) കുടുംബാംഗങ്ങൾ മുതിർന്നവരുമായി സമയം ചെലവഴിക്കുകയും അവരെ ശ്രദ്ധിക്കുകയും വേണം.

  • 8) ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾ മുതിർന്നവരെ ദൈനംദിന ജോലികളിൽ സഹായിക്കുക, എന്നാൽ സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുക.

  • 9) വീഴ്ചകൾ തടയാൻ വീട് സുരക്ഷിതമാക്കുക: നിലങ്ങൾ വരണ്ടതാണെന്ന് ഉറപ്പ് വരുത്തുക്കുക, അയഞ്ഞ പരവതാനികൾ നീക്കം ചെയ്യുക, നല്ല വെളിച്ചം ഉറപ്പാക്കുക, ആവശ്യമുള്ളിടത്ത് കൈവരികളോ ഗ്രാബ് ബാറുകളോ സ്ഥാപിക്കുക.

  • 10) വിഷാദം, മറവി - ഇവയുടെ രോഗലക്ഷണങ്ങൾക്കായി ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ വൈകാതെ വൈദ്യസഹായം തേടുക.

സാമൂഹിക കൂട്ടായ്മകൾക്ക്
ചെയ്യാൻ കഴിയുന്നത്:

  • 1) പ്രായമായ ആളുകൾക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനും പ്രാദേശിക ഗ്രൂപ്പുകളോ ക്ലബ്ബുകളോ സംഘടിപ്പിക്കുക.

  • 2) നടത്തസംഘങ്ങൾ, യോഗ സെഷനുകൾ അല്ലെങ്കിൽ സാംസ്കാരിക പരിപാടികൾ പോലുള്ള ലളിതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

  • 3) അയൽപക്കങ്ങൾ സുരക്ഷിതവും വൃത്തിയുള്ളതും സഞ്ചരിക്കാൻ എളുപ്പമുള്ളതുമായി നിലനിർത്തുക.

  • 4) ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെ ശ്രദ്ധിക്കുക.

  • 5) സമൂഹത്തിലെ മുതിർന്നവരു ടെ കാര്യത്തിൽ ബഹുമാനവും പരിഗണനയും പ്രോത്സാഹിപ്പിക്കുക.

  • 6) വയോജനങ്ങളേ ഉൾപ്പെടുത്തുന്ന പ്രാദേശിക സ്വയംസഹായ സംഘങ്ങളെയും സന്നദ്ധസേവന ശൃംഖലകളെയും പിന്തുണയ്ക്കുക.

  • 7) പ്രായമായ ആളുകൾക്ക് വിലമതിക്കപ്പെടുന്നതും ഉൾ ക്കൊള്ളുന്നതുമായി തോന്നുന്ന ഇടങ്ങൾ സൃഷ്ടിക്കുക.

  • 8) മുതിർന്നവർക്കായി ഡേ കെയർ സെന്ററുകളോ പ്രവർത്തന കേന്ദ്രങ്ങളോ സൃഷ്ടിക്കുക.

  • 9) പ്രായമായവരുടെ പരിചാരകരെ മാർഗ്ഗനിർദ്ദേശങ്ങൾ, പരിശീലനം, സ്വയം പരിചരണ പ്രക്രിയകൾ എന്നിവ നൽകി പിന്തുണയ്ക്കുക.

  • 10) ആരോഗ്യ, സാമൂഹിക സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക.

ആരോഗ്യ സംരക്ഷണത്തോടൊപ്പം വയോജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ നൽകുന്ന പെൻഷനുകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ (ഉദാഹരണത്തിന് കാരുണ്യ ബനവലന്റ് ഫണ്ട്), വയോജന മന്ദിരങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് അവർക്ക് ആത്മവിശ്വാസം നൽകും. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അവഗണനകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കും.

പ്രായമായ വ്യക്തിയെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ അർത്ഥം കണ്ടെത്താൻ പ്രേരിപ്പിക്കുക എന്നത് പ്രധാനപ്പെട്ട വെല്ലുവിളിയാണ്. വേണ്ട പിന്തുണ നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിലുമായിരിക്കണം നമ്മുടെ പരിശ്രമം. ആരോഗ്യകരവും അർത്ഥവത്തുമായ ജീവിതം നയിക്കുന്ന വയോധികരുള്ള നാടായി കൊച്ചു കേരളം മാറ്റാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

READ : കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments