ക്ഷയരോഗം
തിരിച്ചറിയാം,
പ്രതിരോധിക്കാം

‘‘2025- ലെ ഗ്ലോബൽ ടി ബി റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി ക്ഷയരോഗം തുടരുന്നു. ലോകമെമ്പാടുമായി 2024- ൽ 1.07 കോടി ആളുകൾക്ക് ക്ഷയരോഗം ബാധിച്ചു. 2024- ൽ 12.3 ലക്ഷത്തോളം പേർ മരിച്ചു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രജ്ന ദിൽനാഥ് എഴുതിയ ലേഖനം.

ലോകമെമ്പാടും കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ടി.ബി (Tuberculosis- TB). മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയ വായുവിലൂടെ പകർത്തുന്ന രോഗമാണ് ടി.ബി.

2025- ലെ ഗ്ലോബൽ ടി ബി റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി ക്ഷയരോഗം തുടരുന്നു. ലോകമെമ്പാടുമായി 2024- ൽ 1.07 കോടി ആളുകൾക്ക് ക്ഷയരോഗം ബാധിച്ചു. 2024- ൽ 12.3 ലക്ഷത്തോളം പേർ മരിച്ചു.

25% ശതമാനം രോഗികൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ ഒരു ലക്ഷം ആളുകളിൽ 187 പേർക്ക് രോഗമുണ്ട്. (2015- ൽ ഇത് 231 ആയിരുന്നു, 21% കുറവ്.) ഒരു ലക്ഷത്തിൽ 21 മരണങ്ങൾ (2015-നെ അപേക്ഷിച്ച് 25% കുറവ്). കേരളത്തിൽ രോഗവ്യാപനനിരക്ക് ഒരു ലക്ഷത്തിൽ 61 മുതൽ 67 വരെ മാത്രമാണ്.

ക്ഷയരോഗലക്ഷണങ്ങൾ

ക്ഷയരോഗം പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ ഏത് അവയവത്തിലും ക്ഷയരോഗം ഉണ്ടാവാം.

  • രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമ.

  • വൈകുന്നേരങ്ങളിൽ ഉള്ള നേരിയ പനിയും, വിറയലും.

  • വിശപ്പില്ലായ്മ.

  • ശരീരഭാരം കുറയുക.

  • നെഞ്ചുവേദന, രക്തം തുപ്പൽ, കിതപ്പ്.

ശ്വാസകോശേതര ക്ഷയത്തിന് അത് ബാധിക്കുന്ന അവയവത്തിനനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായേക്കാം.

  • കഴുത്തിലോ മറ്റു ഭാഗങ്ങളിലോ വേദനയില്ലാത്ത കഴലകൾ.

  • സന്ധികളിൽ വേദനയും വീക്കവും.

  • നടുവേദന.

  • തലവേദന, ഛർദ്ദി, ബോധക്ഷയം.

  • വയറുവേദന.

  • വയറുവീക്കം.

  • മൂത്രത്തിൽ രക്തം.

രോഗനിർണ്ണയ രീതികൾ

  • കഫപരിശോധന, മൈക്രോസ്‌കോപ്പി ടെസ്റ്റുകൾ, സിബിനാറ്റ്. (രോഗാണുവിന്റെ സാന്നിദ്ധ്യത്തിന്റെ കൂടെ മരുന്നുകളോടുള്ള പ്രതിരോധവും വേഗത്തിൽ കണ്ടെത്താൻ സാധിക്കും).

  • ചില രോഗികളിൽ നെഞ്ചിന്റെ എക്‌സ്‌റേ, സി ടി സ്‌കാൻ, ബ്രോങ്കോസ്‌കോപ്പി എന്നീ ടെസ്റ്റുകൾ ആവശ്യമായി വരും.

  • ശ്വാസകോശേതര ടി ബി ക്ക് FNAC, Biopsy, Scopy, MRI എന്നീ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.

ക്ഷയരോഗം കൂടുതലായി പ്രമേഹരോഗികളിലും, എച്ച് ഐ വി ഉള്ള രോഗികളിലുമാണ് കാണപ്പെടുന്നത്. മരുന്നുകൾക്ക് പ്രതിരോധം തീർക്കുന്ന MDR TB, XDR TB, INH Resistant TB എന്നിങ്ങനെയുള്ള ഗുരുതരമായ ടി ബിയും കാണാറുണ്ട്.

ക്ഷയരോഗചികിത്സ പൂർണ്ണമായി സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. സാധാരണ ക്ഷയരോഗ ചികിത്സയുടെ കുറഞ്ഞ കാലാവധി ആറ് മാസമാണ്. ഇത് രണ്ട് ഘട്ടങ്ങളായാണ് നൽകുന്നത്.

തീവ്ര ഘട്ടം: രണ്ട് മാസം HREZ (INH, Rifampicin, pyrazinamide, Ethambutol).

തുടർച്ചാഘട്ടം: നാല് മാസം HRE.

രോഗത്തിന്റെ തീവ്രതയും വ്യാപ്തിയും അനുസരിച്ച് ചികിത്സാ കാലയളവിൽ വ്യത്യാസങ്ങൾ ഉണ്ടാവാം.

MDR TB മുൻപ് രണ്ടുവർഷം വരെ ചികിത്സിച്ചിരുന്നെങ്കിൽ നിലവിൽ നൂതനമായ BPALM ചിക്തിത്സ വഴി വെറും ആറ് മാസം ചികിത്സിച്ചാൽ മതിയാവുന്ന അസുഖമാണ്.

ക്ഷയരോഗ മരുന്നുകൾക്ക് ചെറുതും വലുതുമായ പാർശ്വഫലങ്ങൾ ഉണ്ടാവാം. മഞ്ഞപ്പിത്തം, കാഴ്ച മങ്ങൽ എന്നിവയാണ് ഗൗരവമായവ. അതുകൊണ്ട് മരുന്നുകൾ കഴിക്കുന്ന രോഗികളിൽ കൃത്യമായ ഇടവേളകളിൽ ലിവർ ടെസ്റ്റുകളും, കാഴ്ച പരിശോധനയും നിർബന്ധമായി ചെയ്യേണ്ടതാണ്.

ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗം (Latent TB): ബാക്ടീരിയ നമ്മുടെ ശരീരത്തിൽ ഒളിഞ്ഞു കിടക്കുന്ന അവസ്ഥ. ഇങ്ങനെ ഉള്ളവരിൽ ഭാവിയിൽ ടി ബി വരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗിയുടെ അടുത്ത് സമ്പർക്കമുള്ളവരിൽ Cy Tb, IGRA Test HGN ലേറ്റന്റ് ടി ബി ഉള്ളവരെ കണ്ടെത്തി, പ്രതിരോധ ചികിത്സ ലഭ്യമാക്കുന്നു.

ഭാവിയിൽ സമൂഹത്തിൽ പുതിയ രോഗികൾ ഉണ്ടാവാതിരിക്കാൻ സർക്കാർ രോഗികൾക്ക് സൗജന്യ ചികിത്സയുടെ കൂടെ നിക്ഷയ് പോഷൺ യോജന വഴി ചികിത്സാകാലയളവിലുടനീളം 1000 രൂപയുടെ പ്രതിമാസ ധനസഹായവും ലഭ്യമാക്കുന്നുണ്ട്.

കുട്ടികളിലെ ബി സി ജി വാക്‌സിൻ ഒരു പ്രതിരോധ മാർഗ്ഗമാണ്. എച്ച് ഐ വി രോഗികളിൽ ക്ഷയരോഗസാധ്യത കൂടുതലായതിനാൽ ഒരു മാസത്തെ (IHP) പ്രതിരോധ ചികിത്സ കൊടുത്താൽ അസുഖം വരുന്നത് ഗണ്യമായി കുറയ്ക്കാം.

ക്ഷയരോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് അന്തരീക്ഷത്തിൽ അണുക്കൾ വ്യാപിച്ച് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണി ഉപയോഗിച്ച് മറയ്ക്കുക, മാസ്‌ക് ധരിക്കുക, രോഗികളെ നല്ല വായു സഞ്ചാരവും സൂര്യ പ്രകാശവും ലഭിക്കുന്ന മുറികളിൽ കിടത്തുക, പോഷകാഹാരം കഴിപ്പിക്കുക, പ്രമേഹം പോലുള്ള അസുഖങ്ങൾ നിയന്ത്രിക്കുക.

നിക്ഷയ് മിത്ര

ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് ഭാഗമാകാൻ പറ്റുന്ന ഒരു കമ്മ്യൂണിറ്റി സംരംഭം. വ്യക്തികൾ, ഏജൻസികൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കോർപ്പറേറ്റുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ രോഗികൾക്ക് വിവിധ രീതിയിൽ പിന്തുണ കൊടുക്കാം. പോഷകാഹാര കിറ്റുകൾ, രോഗനിർണ്ണയ സഹായം, തൊഴിൽ പിന്തുണ എന്നിവ കൊടുക്കാവുന്നതാണ്.

READ: പുകവലി
നൂറു തവണ
നിർത്തരുത്

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ

Comments