നമുക്ക് ഏറെ ആവശ്യമുള്ളതും എന്നാൽ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതുമായ അവയവങ്ങളിൽ ഒന്നാണ് പല്ലുകൾ. മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് പല്ലുകളെ ബാധിക്കുന്ന അസുഖങ്ങളെ (ദന്തരോഗങ്ങളെ) മുൻകൂട്ടി തടയുവാൻ തീർച്ചയായും സാധിക്കും. ദന്തസംബന്ധമായ രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വരാതിരിക്കാൻ നമ്മുടെ പല്ലുകളെക്കുറിച്ചും, പല്ലിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പല്ലിന്റെ ഭാഗങ്ങൾ
1. ഇനാമൽ: മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗമാണ് പല്ലിന്റെ ഉപരിതലത്തിൽ വെള്ളനിറത്തിൽ കാണുന്ന ഇനാമൽ. ഒരിക്കൽ കേടുപാടു സംഭവിച്ചാൽ അത് തിരിച്ച് പഴയപടി ആകില്ല എന്നത് ഇനാമലിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇനാമലിൽ കേടോ, തേയ്മാനമോ വരാതെ ശ്രദ്ധിക്കേണ്ടതാണ്.
2. ഡെന്റിൻ: ഇനാമലിന്റെ തൊട്ട് താഴെ ഇളം മഞ്ഞനിറത്തോടുകൂടിയ സംവേദനക്ഷമതയുള്ള ഒരു ഭാഗമാണ് ഡെന്റിൻ. എന്തെങ്കിലും കാരണവശാൽ ഇനാമലിന് കേടുപാട് സംഭവിച്ച് ഡെന്റിന്റെ ഭാഗത്ത് എത്തുമ്പോഴാണ് സാധാരണയായി പല്ലിന് പുളിപ്പും വേദനയും അനുഭവപ്പെടാൻ തുടങ്ങുന്നത്.
3. പൾപ്പ്: ഇനാമലിനും ഡെന്റിനും ഉള്ളിലായി ഞരമ്പുകളും രക്തക്കുഴലുകളും അടങ്ങിയ ഭാഗത്തെയാണ് പൾപ്പ് എന്ന് പറയുന്നത്. പല്ലിലുണ്ടാകുന്ന കേടുകൾ ഇനാമലിലും കഴിഞ്ഞ് രക്തക്കുഴലുകളും ഞരമ്പുകളും ഉള്ള ഭാഗത്തേക്ക് എത്തുമ്പോഴാണ് അധികഠിനമായ പല്ലുവേദന എന്ന അവസ്ഥയിലേക്ക് എത്തുന്നത്.
പല്ലിനെ ബാധിക്കുന്ന അസുഖങ്ങൾ
പല്ലിനെ പ്രധാനമായും ബാധിക്കുന്നത് രണ്ട് അസുഖങ്ങളാണ്. ഒന്ന്, പല്ലിൽ ഉണ്ടാകുന്ന കേടുകൾ. രണ്ട്, മോണരോഗങ്ങൾ.
പലരും ചിന്തിക്കുന്നതുപോലെ പല്ലുകളിൽ പോട്‌വന്ന് വേദനയായി പല്ലുകൾ നഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് പല്ലിനെ താങ്ങിനിർത്തുന്ന മോണയെ ബാധിക്കുന്ന മോണരോഗങ്ങൾ (PERIODONTITIS) പോലുള്ള അസുഖങ്ങൾ കൊണ്ട് പല്ലുകൾ നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ അധികം വേദനയൊന്നും ഇല്ലാതെ വരുന്ന മോണരോഗങ്ങളെയാണ് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പല്ലുകൾ നഷ്ടപ്പെടുന്നത് മോണ രോഗം മൂലമാണ്.
ദന്തസംബന്ധമായ പ്രശ്‌നങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
1. ഗർഭിണികൾ ടെട്രാസൈക്കിളിൻ (Tetracycline) പോലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഗർഭാവസ്ഥയിൽ ടെട്രാസൈക്കിളിൻ എന്ന ആന്റിബയോട്ടിക്ക് കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന്റെ പല്ലുകൾക്ക് ചാരനിറമായിരിക്കും. ഇതിനെ ടെട്രാസൈക്കിളിൻ സ്‌റ്റെയിന്ങ്ങ് (Tetracycline staining) എന്ന് പറയും.
2. ഗർഭിണിയായിരിക്കുമ്പോൾ ആദ്യത്തെ മൂന്നുമാസവും (First Trimester) അവസാനത്തെ മൂന്നുമാസവും (Third Trimester) ഗൗരവമേറിയ ദന്ത ചികിത്സകൾ ചെയ്യാതിരിക്കുക. പ്രത്യേകിച്ച് ശസ്ത്രക്രിയ പോലുള്ള ചികിത്സകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത. നിർബന്ധമാണെങ്കിൽ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ (Gynecologist) അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രം ചികിത്സ ചെയ്യുക.
3. മുലയൂട്ടുന്ന അമ്മമാർ പാൽ കൊടുത്തതിനുശേഷം ഒരു വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ടോ മറ്റോ കുഞ്ഞിന്റെ പല്ലും മോണയും തുടച്ചു വൃത്തിയാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കുഞ്ഞു പ്രായത്തിൽ തന്നെ പല്ലുകൾ കേടായി പോകാൻ സാധ്യത വളരെ കൂടുതലാണ്.
4. കുഞ്ഞുങ്ങളിൽ പല്ലുതേക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി അവരെ പല്ല് തേക്കാൻ സഹായിക്കുക.

5. രണ്ടുനേരമുള്ള പല്ലുതേപ്പ് നിർബന്ധമാക്കുക. പ്രത്യേകിച്ച് രാത്രി ഉറങ്ങുന്നതിനു മുൻപുള്ള പല്ല്‌തേപ്പ്.
6. കുട്ടികളുടെ പല്ലുകൾ ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്നും പരിശോധിച്ച് പല്ലുകളിൽ പോടോ, പല്ല് പൊന്തുന്നതായ യോ തോന്നുകയാണെങ്കിൽ ഒരു ഡെന്റിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
7. പല്ലുതേക്കുന്ന രീതി പരമപ്രധാനമാണ്. 3 മിനിറ്റിൽ അധികം അതും നീളത്തിൽ പല്ലുതേക്കാതെ ശ്രദ്ധിക്കുക. ഇങ്ങനെ പല്ലുതേച്ചാൽ പല്ലിന്റെ ഇനാമൽ തേഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പകരം രണ്ടോ മൂന്നോ മിനിറ്റ് നേരം വൃത്താകൃതിയിൽ മോണയിൽ നിന്നും പല്ലിലേക്ക് എന്ന രീതിയിൽ തേക്കുക. കട്ടിയുള്ള നാരുള്ള ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
8. പല്ലിന്റെ പോടുകൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് അടച്ചുനിർത്തി സംരക്ഷിച്ചില്ലെങ്കിൽ പോടുകൾ വലുതായി കൂടുതൽ ചെലവുള്ള റൂട്ട് കനാൽ പോലുള്ള ചികിത്സയിലേക്കോ അല്ലെങ്കിൽ പറിച്ചു കളയേണ്ട അവസ്ഥയിലേക്കോ മാറിയേക്കാം.
9. പല്ല് തേക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ അത് മോണരോഗത്തിന്റെ ലക്ഷണമായിരിക്കാം. ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെ അതിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് അതിനുവേണ്ട ചികിത്സകൾ ചെയ്യുക. ഓർക്കുക വായ്‌നാറ്റത്തിന്റെ ഒരു പ്രധാന കാരണം മോണരോഗങ്ങളാണ്.
10.മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ പല്ലിന് ഏറെ ദോഷമുള്ളതിനാൽ ഇത്തരം ഭക്ഷണസാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അഥവാ ഇങ്ങനെയുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുകയാണെങ്കിൽ കഴിച്ച ഉടൻ തന്നെ പല്ലുതേക്കാൻ ശ്രദ്ധിക്കുക
ചുരുക്കിപ്പറഞ്ഞാൽ രണ്ടുനേരമുള്ള പല്ലുതേക്കൽ, മോണയുടെ ആരോഗ്യത്തിനായി ആറുമാസത്തിലൊരിക്കലുള്ള പ്രൊഫഷണൽ രീതിയിലുള്ള പല്ല് ക്ലീനിങ് (മോണരോഗ സാധ്യത ഉള്ളവർ പ്രത്യേകിച്ച്), പല്ലിൽ കാണുന്ന കേടുകൾ തുടക്കത്തിൽ തന്നെ അടച്ചു കൊടുക്കൽ തുടങ്ങിയ കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ തന്നെ സാധാരണ ഗതിയിൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്ത പണച്ചി ലവേറിയത് എന്ന് പറയപ്പെടുന്ന ദന്തചികിത്സകൾ ഒഴിവാക്കി നമുക്ക് ദന്തരോഗങ്ങളിൽ നിന്നും പൂർണ്ണ മുക്തി നേടാം.
READ: നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ
ആമാശയ കാൻസറും
ചികിത്സാരീതികളും
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

