കേരളത്തിലെ ആരോഗ്യരംഗത്തിന് മഴക്കാലം എന്നും വെല്ലുവിളിയാണ്. മഴക്കാലത്ത് കൂടിവരുന്ന അണുബാധകൾ തന്നെയാണ് ഇതിന്റെ കാരണം. മഴവെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടാണ് ഈ സമയത്ത് അണുബാധ കൂടുന്നത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ മുതൽ സാധാരണയായി കാണുന്ന വൈറൽ പനി വരെ ഈ സമയത്ത് കേരളത്തെ പിടികൂടാറുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയാണ് ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലത്തെ അസുഖങ്ങൾ പരക്കുന്നത്. പനി, തലവേദന, ദേഹവേദന മുതലായ ലക്ഷണങ്ങളോടെയായിരിക്കും ഈ രണ്ടു പനികളും തുടങ്ങുക. എന്നാൽ ചിക്കുൻ ഗുനിയ ബാധിച്ചാൽ കലശലായ സന്ധിവേദനയും സന്ധികളിൽ നീരും ചിലപ്പോൾ ദേഹത്ത് ചുവന്ന തടിപ്പുകളും കാണാറുണ്ട്. അപൂർവ്വം ചിലർക്ക് ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നത് കാണാറുണ്ട്. വളരെ അപൂർവ്വം പേർക്ക് ഈ സാഹചര്യത്തിൽ പ്ലേറ്റ്‌ലെറ്റ് നൽകേണ്ടതായി വരാറുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ് ഇതിന്റെ ചികിത്സയിലെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം.

എലിപ്പനിയാണ് കൂടുതലായി ഈ സമയത്ത് കാണാറുള്ള മറ്റൊരു രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഈ രോഗാണു മനുഷ്യശരീരത്തിലേക്ക് കയറുന്നത്. പനിയായി തുടങ്ങുകയും പിന്നീട് ശരീരവേദന, തലവേദന, ഛർദ്ദി മുതലായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചിലർക്ക് കണ്ണിന് നല്ല ചുവപ്പ് നിറം ആവുകയും ചെയ്യും. അപൂർവ്വം ചിലർക്ക് ശരീരത്തിലെ വൃക്കകൾ, മസ്തിഷ്‌കം, ഹൃദയം എന്നിവയെ ഈ അണുബാധ ബാധിക്കുകയും അവയുടെ പ്രവർത്തനം നിലച്ചുപോകുന്ന സെപ്‌സിസ് എന്ന മാരകമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എലിപ്പനി ബാധിച്ചാൽ ശരീരത്തിലെ രക്തസമ്മർദ്ദം കുറഞ്ഞ് മരണത്തിൽ വരെ ചെന്നെത്താൻ കാരണമാകുന്നു.
ഈ അസുഖങ്ങളുടെ ഒപ്പം, സാധാരണയായി കാണുന്ന ജലദോഷപ്പനി കൂടി ഈ സമയത്ത് അധികമായി കാണാറുണ്ട്. പലവിധത്തിലുള്ള ഇൻഫ്ലൂവൻസ വൈറസുകൾ മൂലമാണ് ഈ അസുഖം വരുന്നത്. ശരീരത്തിലെ പ്രതിരോധശേഷി കുറഞ്ഞവർക്ക് ഇത് മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചിലപ്പോഴൊക്കെ മരണത്തിനുവരെ കാരണമാകാറുമുണ്ട്. വർഷാവർഷം ഫ്ലൂ വാക്‌സിൻ എടുക്കുന്നതുകൊണ്ട് ഈ രോഗബാധ ഒരു പരിധിവരെ തടഞ്ഞുനിർത്താം.
മഴക്കാലജന്യഅണുബാധകൾ നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, വെള്ളം വീടിനുള്ളിലോ പരിസരങ്ങളിലോ കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക എന്നതാണ്. സർക്കാർ തന്നെ മുൻകൈ എടുത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്താറുണ്ട്. എന്നാൽ നമ്മൾ ഓരോരുത്തരും നമ്മുടെ വീടിനുള്ളിലോ പരിസരത്തോ വെള്ളം കെട്ടിനിൽക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്.

ഈ പറഞ്ഞ അസുഖങ്ങളിൽ എലിപ്പനിക്ക് മാത്രമാണ് ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാവുക. മറ്റു രോഗങ്ങൾ ചികിത്സിക്കുന്നതിന് ആന്റിബയോട്ടിക് മരുന്നുകൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽ ഡോക്ടറെ കണ്ട് കൃത്യമായി പരിശോധനകൾ ചെയ്ത് രോഗനിർണ്ണയം നടത്തുക എന്നത് പ്രധാന കാര്യം തന്നെയാണ്. ഫാർമസികളിൽ നിന്ന് ഡോക്ടറെ കാണാതെ മരുന്നുവാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും രോഗനിർണ്ണയം വൈകാനും അസുഖം മൂർച്ഛിക്കാനും ഇടയാക്കും. അതിനാൽ മഴക്കാലത്ത് പനി വന്നാൽ നിർബന്ധമായും സമീപത്തുള്ള ഡോക്ടറെ കണ്ട് രോഗനിർണ്ണയം ചെയ്ത് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
READ: പ്രമേഹവും വൃക്കരോഗവും
പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും
വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര
ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

