ഔദ്യോഗിക കണക്കു പ്രകാരം 70 ലക്ഷം പേരുടെയെങ്കിലും ജീവനെടുത്ത കോവിഡ് മഹാമാരി വന്നിട്ട് അഞ്ചു വർഷം പിന്നിടുന്നു. യഥാർത്ഥ മരണക്കണക്കുകൾ ഏറെ കൂടുതലാണ് എന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ നേരിട്ടും അല്ലാതെയും പലവിധ ആരോഗ്യ പ്രശ്നങ്ങൾ മഹാമാരി വരുത്തിവച്ചു. അവ ഏതൊക്കെയാണ് എന്നു പരിശോധിക്കാം.
ലോങ്ങ് കോവിഡ് അഥവാ
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ
കോവിഡ് രോഗം വന്നുപോയ ശേഷം ചിലർക്ക് വിട്ടുമാറാതെ നിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം മൂന്നുമാസത്തിലധികം നീണ്ടുനിൽക്കുന്ന പുതിയ ആരോഗ്യപ്രശ്നങ്ങളെ ലോങ്ങ് കോവിഡ് എന്നു വിളിക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, കിതപ്പ്, ചുമ, ശ്വാസം മുട്ട്, തലവേദന, ഓർമ്മക്കുറവ്, ബ്രെയിൻ ഫോഗ് അഥവാ മന്ദത എന്നിങ്ങനെ അനേകം ലക്ഷണങ്ങൾ അടങ്ങിയ ഒരു സമുച്ചയമാണ് ലോങ്ങ് കോവിഡ്. പല പഠനങ്ങളും ഇതേപ്പറ്റി നടന്നിട്ടുണ്ട്. കോവിഡ് മരണനിരക്കു വർധിച്ചിരുന്ന കാലമായിരുന്നു 2020. വാക്സിനുകൾ ലഭ്യമാക്കുന്നതിനു മുൻപ് കോവിഡ് രോഗത്തിന് തീവ്രത കൂടുതലായിരുന്നു. ഗുരുതരമായ രീതിയിൽ കോവിഡ് വന്നവരിൽ ലോങ്ങ് കോവിഡ് കൂടുതൽ പേരിൽ അനുഭവപ്പെട്ടു. അതിനാൽ തുടക്കത്തിൽ കോവിഡ് രോഗവിമുക്തി നേടിയവരിൽ പത്തു മുതൽ ഇരുപതു ശതമാനം വരെ പേർക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടുവന്നിരുന്നു.
എന്നാൽ 2021 ആയതോടുകൂടി വാക്സിനുകൾ ലഭ്യമായി. വാക്സിൻ എടുത്തവരിൽ എടുക്കാത്തവരെക്കാൾ തീവ്രത കുറഞ്ഞ കോവിഡ് രോഗമാണ് കാണപ്പെട്ടത്. മുതിർന്നവരിൽ ഈ വ്യത്യാസം ഏറെ പ്രകടമായിരുന്നു. 2021 അന്ത്യ ത്തോടെ വീര്യം കുറഞ്ഞ വകഭേദമായ ഒമിേക്രാൺ പ്രത്യക്ഷപ്പെട്ടു, പിന്നീടിങ്ങോട്ട് ഇതിന്റെ പിൻതലമുറക്കാരാണ് കണ്ടുവന്നിട്ടുള്ളത്. വ്യാപനം തുടർന്നുവന്നെങ്കിലും കോവിഡിന്റെ മൊത്തത്തിലുള്ള തീവ്രത അതോടെ കുറഞ്ഞു. അതിനാൽ തുടക്കത്തിലെ കോവിഡിനെക്കാൾ കുറവ് പേർക്കു മാത്രമേ ഇപ്പോൾ ലോങ്ങ് കോവിഡ് കണ്ടുവരാറുള്ളൂ, ശരാശരി അഞ്ചു ശതമാനം അഥവാ ഇരുപതു പേരിൽ ഒരാൾ എന്നുള്ള അനുപാതത്തിൽ. സമൂഹത്തിൽ ലോങ്ങ് കോവിഡ് ബാധിതരുടെ അനുപാതം കൂടുന്നില്ല എന്ന് അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ സാക്ഷ്യപ്പെടു ത്തുന്നു. അവിടെയുള്ള കണക്കുപ്രകാരം മൊത്തം ജനസംഖ്യയുടെ 14.3 പേർ ലോങ്ങ് കോവിഡ് വന്നിട്ടുള്ളവരാണ്.
ലോങ്ങ് കോവിഡ്
രോഗനിർണ്ണയം
ചെയ്യാനുള്ള തടസ്സങ്ങൾ
പല തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ളതിനാലും സാധാരണ രക്തപരിശോധനയിലും എക്സ്റെയിലും മറ്റും ഒരു പ്രശ്നവും കണ്ടെത്താനാവാത്തതുകൊണ്ടും ലോങ്ങ് കോവിഡ്, രോഗനിർണയത്തിന് തടസമായി നിന്നു. പുതിയ തരം രോഗമായതിനാൽ രോഗികൾക്കിടയിൽ ഇതേപ്പറ്റി അവബോധം കുറവായിരുന്നു. ഡോക്ടർമാർക്കിടയിലും ഇതേപ്പറ്റി അധികം പേർക്ക് വ്യക്തമായ ധാരണ ഇല്ലായിരുന്നു. കണ്ടെത്തിയാലും എളുപ്പം ചികിത്സിക്കാനാവാത്ത ഒന്നായതിനാൽ രോഗം കണ്ടെത്താനും രോഗികൾക്ക് ആശ്വാസമെത്തിക്കാനും ആഗോളതലത്തിൽ തന്നെ ഉത്സാഹക്കുറവ് അനുഭവപ്പെട്ടു. അങ്ങനെയൊരു രോഗം ഇല്ല എന്നുപോലും ചിലർ പ്രസ്താവിച്ചു. മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങൾ മറ്റു പല സാധാരണ രോഗാവസ്ഥകളിലും കണ്ടു വരുന്നതിനാൽ മറ്റു ഡയഗ്നോസിസുകളിലേക്കും പോയി.
ഉദാഹരണത്തിന് അനീമിയ അല്ലെങ്കിൽ വിളർച്ച, തൈറോയ്ഡ് പ്രശ്നം, പ്രമേഹം, ആസ്തമ, വിഷാദരോഗം മുതലായ അവസ്ഥകൾ സമൂഹത്തിൽ ധാരാളമുണ്ട്. തുടക്കത്തിൽ ലോങ്ങ് കോവിഡ് രോഗികൾ ഇത്തരത്തിൽ ഡയഗ്നോസ് ചെയ്യപ്പെട്ടു. പതിയെ തുടങ്ങുന്ന രോഗമായതിനാൽ പല രോഗികളും ഇതു സ്വാഭാവികമായി ഉണ്ടുകുന്ന ക്ഷീണവും മറ്റുമാണെന്ന് തെറ്റിദ്ധരിച്ചു. ഒടുവിൽ രോഗികളുടെ കൂട്ടായ്മകൾ രൂപപ്പെട്ടു. അവർ തങ്ങളുടെ പ്രശ്നങ്ങൾ തമ്മിൽ തമ്മിൽ പങ്കുവയ്ക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. അങ്ങനെയാണ് വൈദ്യശാസ്ത്രലോകം പോലും ഇതൊരു പുതിയ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടന പിന്നീട് ഇതിനായി വ്യകതമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോങ്ങ് കോവിഡ് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം കോവിഡ് വരാതെ നോക്കുകയാണ് എന്ന് WHO പ്രസ്താവിച്ചു.

‘ഞാൻ ലോങ്ങ് കോവിഡ് കണ്ടിട്ടില്ല’ എന്ന് ചില ഡോക്ടർമാർ പറയാൻ എന്താണ് കാരണം?
ലോങ്ങ് കോവിഡ് ഉള്ള രോഗികൾ ‘എനിക്ക് ലോങ്ങ് കോവിഡാണ് ഡോകട്ർ’ എന്നു പറഞ്ഞായിരിക്കില്ല ഡോക്ടറെ കാണാൻ വരിക. ചിക്കൻ പോക്സ്, ആസ്തമ, തൈറോയ്ഡ് മുതലായ രോഗങ്ങളെ താരതമ്യം ചെയ്താൽ അവയ്ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന വ്യക്തമായ രോഗലക്ഷണങ്ങളും പരിശോധനാഫലങ്ങളും ഉണ്ട്. അതിനാൽ തന്നെ അവ റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗികൾ അതേപ്പറ്റി അവബോധം ഉള്ളവരും ആയിരിക്കും. ലോങ്ങ് കോവിഡ് അങ്ങനെയല്ല. അതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ടെസ്റ്റ് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
മാത്രമല്ല, തിരക്കുള്ള ഒരു ക്ലിനിക്കിൽ ഏതാനും മിനിറ്റുകൾ മാത്രം ഒരു രോഗിക്കുവേണ്ടി ചെലവിടാൻ സാധിക്കുന്ന സാഹചര്യങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്, പ്രത്യേകിച്ചും പബ്ലിക് സെക്ടറിൽ. അത്തരം പരിമിതികളിൽ നിന്നു കൊണ്ട് രോഗിയുടെ വിവരങ്ങൾ വിശദമായി ചോദിച്ചറിയാനും, ടെസ്റ്റുകൾ നടത്താനും മറ്റു രോഗങ്ങളല്ല എന്ന് ഉറപ്പാക്കാനും ഉള്ള സമയവും സൗകര്യവും പലപ്പോഴും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ രോഗിയുടെ ലക്ഷണങ്ങൾക്കു കാരണം, എളുപ്പം മനസ്സിൽ വരുന്ന, അനായാസം ഡയഗ്നോസ് ചെയ്യാവുന്ന മേൽപ്പറഞ്ഞ ചില രോഗങ്ങളാണ് എന്ന് ഡോക്ടർമാർ കരുതിപ്പോകാറുണ്ട്. ഉദാഹരണം വിളർച്ച, ഡിപ്രഷൻ, സന്ധിവാതം, മൈൈഗ്രൻ, ഫൈബ്രോ മയാൾജിയ. ഒരിക്കൽ അത്തരം ഒരു ഡയഗ്നോസിസ് ആയിപ്പോയാൽ അടുത്ത തവണ രോഗി ക്ലിനിക്കിൽ വരുമ്പോഴും കൂടുതൽ അന്വേ ഷിക്കാതെ അതേ രോഗത്തിന് ചികിത്സ തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ ലോങ്ങ് കോവിഡ് ഉള്ള അനവധി രോഗികൾ കൃത്യമായ രോഗനിർണയം കിട്ടാതെ കഴിയുന്നുണ്ട്.
ലോങ്ങ് കോവിഡ് രോഗം ഡോക്ടർമാർ മിസ് ചെയ്യാനുള്ള മറ്റൊരു കാരണം ഈ അവസ്ഥയുടെ സാവകാശമുള്ള പരിണാമമാണ്. നെഞ്ചുവേദന, മുറിവ്, അപസ്മാരം പോലെ പൊടുന്നനെയുള്ള മാറ്റങ്ങൾ ഉണ്ടാവുമ്പോൾ നാം പെട്ടെന്ന് ഡോക്ടറെ കാണാൻ പ്രേരിതരാകാറുണ്ട്. എന്നാൽ ക്ഷീണം, കിതപ്പ്, മന്ദത, ഓർമ്മക്കുറവ് ഇതൊക്കെ Insidious അല്ലെങ്കിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത ലക്ഷണങ്ങൾ ആയതിനാൽ പലപ്പോഴും രോഗി ഡോക്ടറെ കാണാൻ കൂട്ടാക്കിയെന്നു വരികയില്ല, അല്ലെങ്കിൽ അതിനുള്ള സാഹചര്യം ഉണ്ടായി എന്ന് വരില്ല.
കേരളത്തിലെ ലോങ്ങ് കോവിഡ് പഠനങ്ങൾ
വികസിത രാജ്യങ്ങളിൽ എന്നുള്ളതുപോലെ തന്നെ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ലോങ്ങ് കോവിഡിനെ പറ്റി അനവധി ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെ. കോഴിക്കോട് സർക്കാർ ലോങ്ങ് കോവിഡ് ക്ലിനിക്കിൽ നിന്നുള്ള നിരീക്ഷണങ്ങൾ ഡോ. സി. അനുരാധ പബ്ലിഷ് ചെയ്തു. ശരാശരി പ്രായം നാൽപത്തിയൊന്നാണെന്നും, മിക്കവർക്കും തന്നെ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വന്നു എന്നും രോഗബാധിതരിൽ 62 ശതമാനം പേരും പത്തു മാസത്തിലധികം തൊഴിൽരഹിതരായ ബുദ്ധിമുട്ടി എന്നും ഡോ. സി. അനുരാധ കണ്ടെത്തി. കൊച്ചി അമൃത മെഡിക്കൽ കോളേജിലെ ഡോ. ദീപു സത്യപാലന്റെ നേതൃത്വത്തിൽ അനേകം ലോങ്ങ് കോവിഡ് പ്രബന്ധങ്ങൾ പുറത്തുവന്നു. കോവിഡ് മാറിപ്പോയാലും ശരീരത്തിലെ നീർക്കെട്ട് (inflammation) വിട്ടുമാറാതെ നിൽക്കുന്നതാണ് ലോങ്ങ് കോവിഡിന് കാരണം എന്നും അദ്ദേഹം കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഡോ. ബിനു അരീക്കൽ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡോ. എം. ഇ. കുരിയാക്കോസ്, കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡോ. സരിൻ, മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഡോ. രേണുക, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡോ. കെ. ആർ. ദീപ- അങ്ങനെ കേരളത്തിൽ നിന്നും ലോങ്ങ് കോവിഡിന്റെ വ്യക്തമായ മുഖം ശാസ്ത്രലോകത്തിന് കാട്ടിക്കൊടുക്കാൻ നമുക്കായി എന്നുള്ളത് നമ്മുടെ ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടം തന്നെയാണ്. പുതിയ രോഗമാകുമ്പോൾ ലോകത്തിന്റെ പലയിടങ്ങളിലും നിന്നുള്ള പഠനങ്ങൾ ഉണ്ടെങ്കിലേ ശാസ്ത്രീയമായി ഇതിനെ നിർവചിക്കാനും പോംവഴികൾ കണ്ടെത്താനും സാധിക്കൂ.
കോവിഡ് തലച്ചോറിനെ ബാധിക്കുന്നതെങ്ങിനെ?
Respiratory അഥവാ ശ്വാസകോശ സംബന്ധമായ രോഗം എന്നാദ്യം കരുതപ്പെട്ടെങ്കിലും രക്തക്കുഴലുകളിൽ പ്രശ്നമുാക്കുന്നതിനാൽ ശരീരത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ക്രമേണ വ്യക്തമായി. ഹൃദ്രോഗം, സ്ട്രോക്ക് അഥവാ പക്ഷാഘാതം, നാഡികളിലെ തളർച്ച, ഉദരസംബന്ധമായ പ്രശ്നങ്ങൾ, ചർമ്മരോഗം, പുതുതായി ഉണ്ടാകുന്ന വലിവ് അല്ലെങ്കിൽ ആസ്തയ്ക്കു സമാനമായ അവസ്ഥ അങ്ങനെ പട്ടിക നീളുന്നു. ഏറ്റവും കൗതുകപരമായ ചില പഠനങ്ങൾ ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും ഇതിനിടെ പുറത്തു വന്നു. കോവിഡ് മാറിയവരിൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ ചുരുങ്ങിപ്പോകുന്നതായി കണ്ടെത്തി. യു.കെ ബയോബാങ്ക് അധിഷ്ഠിത പഠനത്തിലാണ് ഇതാദ്യം ശ്രദ്ധിക്കപ്പെട്ടത്. കോവിഡിനു മുൻപ് പല ആവശ്യങ്ങൾക്കും പലർക്കും ബ്രെയിൻ എം ആർ ഐ സ്കാൻ വേി വന്നിട്ടുണ്ട്. ഇവരിൽ കോവിഡ് വന്നുപോയ ശേഷം സ്കാൻ ചെയ്യേണ്ടിവന്നപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ മാറ്റം ആദ്യം ശ്രദ്ധയിൽ പെട്ടത്. അനവധി ആളുകളിൽ ഈ നിരീക്ഷണം സ്ഥിരീകരിക്കപ്പെട്ടു. തലച്ചോറിലെ കോടാനുകോടി കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അഥവാ connection (synapse)-ൽ കുറവ് വരുന്നു എന്നും കണ്ടെത്തി. ഓർമ്മക്കുറവ്, മന്ദത, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റം മുതലായ പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലർക്കും ക്രമേണ സുഖപ്പെടുന്നു എന്നുള്ളത് ആശ്വാസകരം തന്നെ. എന്നാൽ ഇനിയും ഇതിന്റെ ദീർഘകാല ഭവിഷ്യത്തുകൾ വ്യക്തമല്ല എന്നുവേണം പറയാൻ. ഉദാഹരണത്തിന്, ഇവരിൽ മറവിരോഗം നേരത്തേയെത്തുമോ മുതലായ ചോദ്യങ്ങൾ അവശേഷിക്കുന്നു.
READ ALSO:
കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ
സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ
സെറിബ്രൽ പാൾസി
കാൻസറും
പൊരുത്ത ചികിത്സയും
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ
പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ
മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും
ഗാർഹിക പ്രസവവും
മരത്തണലിലെ കാറും
ചാമ്പയ്ക്ക മണമുള്ള പനിക്കാലം
വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ
എന്തുകൊണ്ട് ക്ഷീണം?
ചെറിയ ജോലികൾ ചെയ്താൽ പോലും കലശലായ ക്ഷീണം അനുഭവപ്പെടുക ലോങ്ങ് കോവിഡിന്റെ ഒരു പ്രധാന ലക്ഷണമാണ്. മുൻകാലങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരിലും ഇതു സംഭവി ച്ചപ്പോഴാണ് കൂടുതൽ പഠനങ്ങൾ ഈ വഴിക്കുണ്ടായത്. ഇവരുടെ ഹൃദയവും ശ്വാസകോശവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടാകും. രക്തത്തിലെ ഓക്സിജൻ ക്യാരിയർ ആയ ഹീമോഗ്ലോബിൻ നോർമൽ ആയിരിക്കും, എന്നുവച്ചാൽ അനീമിയ അല്ലെങ്കിൽ വിളർച്ച ഉള്ളവരുമല്ല. എങ്കിലും കിതപ്പ് എന്തുകൊണ്ട്?
ഇതിനുത്തരം കണ്ടെത്തിയത് നെതർലാൻഡ്സിലെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. ശരീരത്തിൽ അനേകം അവയവങ്ങൾ ഉള്ളതുപോലെ തന്നെ ശരീരത്തിലെ ഓരോ കോശത്തിലും അനേകം സൂക്ഷ്മമായ അവയവങ്ങളുണ്ട്, അവയെ സെൽ organelles എന്നു വിളിക്കുന്നു. കോശം അല്ലെങ്കിൽ cell ഒരു ഫാക്ടറി ആണെങ്കിൽ അതിലെ ഓരോ അവയവത്തിനും ഓരോ കർത്തവ്യമുണ്ട്. സെല്ലിലെ ഊർജം സപ്ലൈ ചെയ്യുന്നത് മൈറ്റോകോൺഡ്രിയ ആണ്. ഒരു മൊബൈൽ ഫോണിലെ ബാറ്ററി പോലെയാണ് ഇത്. ബാറ്ററി കേടായാൽ അല്പനേരം ഫോൺ ഉപയോഗിച്ചാൽ പോലും ഓഫായിപ്പോകും. നമ്മുടെ സന്ധികളെ ചലിപ്പി ക്കുന്ന പേശികൾ, അവയ്ക്ക് ഈർജം അത്യാവശ്യമാണ്. എന്നാൽ മൈറ്റോകോൺഡ്രിയകൾ തകരാറായാൽ പേശികൾക്ക് പഴയപോലെ ബലവും പ്രവർത്തനക്ഷമതയും ഉാവില്ല. ലോങ്ങ് കോവിഡ് മൈറ്റോകോൺഡ്രിയകളെ ബാധിക്കുന്നു. അതുകൊണ്ടാണ് ബാക്കി പരിശോധനകളിലൊന്നും പ്രശ്നങ്ങൾ കാണാതെ, ഡോക്ടർമാർക്ക് ഉത്തരം കിട്ടാതെ ഈ രോഗികൾ വലയുന്നത്.
നിർഭാഗ്യവശാൽ മൈറ്റോ കോൺഡ്രിയകളെ പുനർജ്ജനിപ്പിക്കുന്ന മരുന്നുകൾ നിലവിലില്ല, ഗവേഷണം ആ വഴിയ്ക്ക് നടക്കുന്നുണ്ട്. ലോങ്ങ് കോവിഡ് ഇത്രയും പേരിൽ പ്രശ്നമുണ്ടാക്കുന്നതിനാൽ ഇതിന്റെ പേരിലുള്ള ചെലവേറിയ തട്ടിപ്പു ചികിൽസകളും പല വിദേശ രാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ദൗർഭാഗ്യകരമാണ്. ലോങ്ങ് കോവിഡ് ഗവേഷണത്തിൽ മുൻപിൽ നിൽക്കുന്നത് അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയാണ്. അവിടെയുള്ള പ്രൊഫസർ അകീക്കോ ഇവാസാക്കിയുടെയും വാഷിംഗ്ടൺ യൂണിവേഴ്സിറ്റിലെ ഡോ. സിയാദ് അൽ അലിയു ടെയും പഠനങ്ങളാണ് ലോകത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
പലരിലും ക്രമേണ ഈ രോഗം ഭേദമാകുന്നുണ്ട് എന്നുള്ളതും ആശാവഹം തന്നെ.

മാനസികാരോഗ്യം
മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെട്ട ഒരു മേഖലയാണ്. സമൂഹത്തിൽ ഇതെപ്പറ്റി അവബോധം കുറവും തെറ്റിദ്ധാരണകൾ കൂടുതലും ആണ്, പല ഡോക്ടർമാരും ഇതിൽ അധികം താല്പര്യം കാണിക്കാറുമില്ല. ‘നിങ്ങൾക്ക് ഒരസുഖവുമില്ല, എല്ലാം സാങ്കല്പികമാണ്’ എന്നൊക്കെ നിരന്തരം കേൾക്കേണ്ടിവരുന്നത് മാനസികാരോഗ്യപ്രശ്നങ്ങൾ ഉള്ള രോഗികൾക്കു പതിവാണ്. ഇത് പലരുടെയും മനോവീര്യം കെടുത്തുകയും വിദഗ്ദ്ധ ചികിത്സ തേടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. കോവിഡ് വന്ന ശേഷം വിഷാദരോഗം, ആശങ്ക, മയക്കുമരുന്നുകൾ മൂലമുള്ള മനോരോഗം, മദ്യാസക്തി, അക്രമവാസന മുതലായവ വർദ്ധിച്ചതായി പഠനങ്ങൾ പറയുന്നു.
ആൻ്റിബയോട്ടിക് റെസിസ്റ്റൻസ്
ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം ബാക്റ്റീരിയകളിൽ മരുന്നുകൾ ഏൽക്കാത്ത അവസ്ഥ അഥവാ ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് കൂടിയിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു രോഗിയെ സംബന്ധിച്ച് ഇത്തരം രോഗാണുക്കൾ ആക്രമിച്ചാൽ നിലവിലുള്ള മരുന്നുകൾ ഫലിക്കാത്ത അവസ്ഥ എത്ര ഭയാനകമാണ് എന്ന് ഡോക്ടർ മാരും ലോകാരോഗ്യസംഘടനയും ഓർമ്മപ്പെടുത്തുന്നു. കടയിൽ പോയി മുന്തിരിങ്ങ വാങ്ങുന്നയത്രയും ലാഘവത്തോടെയും എളുപ്പത്തിലുമാണ് നമ്മുടെ രാജ്യത്ത് ആൻ്റിബയോട്ടിക്കുകൾ വിൽക്കപ്പെടുന്നത്. വികസിത രാജ്യങ്ങളിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ ഒരു ഡോസ് ആൻ്റിബയോട്ടിക്ക് പോലും ആർക്കും ലഭിക്കുകയില്ല എന്നുള്ളത് ഓർക്കേണ്ടതാണ്.
ജീവിതശൈലീ രോഗങ്ങൾ
അമിതവണ്ണവും വ്യായാമക്കുറവും കോവിഡ് കാലത്ത് വ്യാപകമായിരുന്നു, തുടർന്ന് ഉണ്ടായിട്ടുള്ള പ്രമേഹം, ബി പി, ഹൃദ്രോഗം, പക്ഷാഘാതം, വന്ധ്യത, സന്ധിവാതം ഇന്ന് പലർക്കും പ്രശ്നമുണ്ടാക്കുന്നു. ആരോഗ്യമേഖല ഇന്നുവരെ കണ്ടിട്ടില്ലാത്തയത്രയും കഠിനമായ ഭാരം ഏറേണ്ടിവന്ന ആദ്യത്തെ രണ്ടു വർഷങ്ങളിൽ മറ്റു രോഗങ്ങളുടെ ചികിത്സയിൽ സ്വാഭാവികമായും കുറവുകളുണ്ടായി. പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കപ്പെട്ടു, ആരോഗ്യപ്രവർത്തകർക്ക് രോഗബാധ വന്നതിനെ തുടർന്ന് ലോകത്തു പലയിടത്തും ആരോഗ്യ പ്രവർത്തകരുടെ കുറവ് വ്യാപകമായിരുന്നു.
ബ്ലഡ് ക്ലോട്ടിംഗ്, പൊടുന്നനെയുള്ള മരണങ്ങൾ
കോവിഡ് രക്തക്കുഴലുകളെ ബാധിക്കുന്നതിനാൽ നിരവധി പേർക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടായി. കോവിഡ് ബാധിച്ച അവസ്ഥയിൽ അല്ലെങ്കിൽ മാറിയ ഉടനെ അമിത വ്യായാമം ചെയ്തവരിൽ പൊടുന്നനെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ചിലത് ഹൃദയത്തിന്റെ താളം തെറ്റി കാർഡിയാക്ക് അറസ്റ്റ് മൂലവും, മറ്റു ചിലത് ഹൃദയത്തിന്റെ രക്തധമനികളിൽ തടസ്സം വന്ന് ഹാർട്ട് അറ്റാക്ക് മൂലവും വേറെ ചിലത് പൾമൊണറി എംബോളിസം മൂലവും ആയിരുന്നു. അതിനെത്തുടർന്ന് കോവിഡ് മാറിയ ശേഷം വ്യായാമം സാവകാശം മാത്രമേ തുടങ്ങാവൂ എന്നും, പ്രത്യേകിച്ചും കഠിനമായ വ്യായാമം ഉടൻ ചെയ്യരുത് എന്നുമുള്ള നിർദ്ദേശം ഡോക്ടർമാർ നൽകിത്തുടങ്ങി.
കോവിഡ് ബാധിച്ച ചിലരിൽ കൈകാലുകളുലും കുടലിലും രക്തക്കുഴലുകൾ അടഞ്ഞു പോയതുമൂലം പ്രശ്നങ്ങൾ ഉണ്ടായി. ഹൃദയഭിത്തികളിൽ നീർക്കെട്ടുണ്ടായതിനാൽ മയോ കാർഡിറ്റിസ് എന്നുള്ള രോഗവും വ്യാപകമായി വന്നു. ചെറുപ്പക്കാരായ പുരുഷന്മാരിൽ എം- ആർ എൻ എ (M -RNA)) വാക്സിൻ എടുത്തവരിൽ ചിലർക്കും മയോകാർഡിറ്റിസ് വന്നു. എന്നാൽ ഇത് മാരകമാ യിരുന്നില്ല. കോവിഡ് രോഗം മൂലം ഉണ്ടാകുന്നതിലും വളരെ കുറവു മാത്രമേ വാക്സിൻ മൂലം മയോകാർഡിറ്റിസ് ഉണ്ടായുള്ളൂ.
അഡിനോ വൈറസ് വെക്ടർ വാക്സിൻ എടുത്തവരിൽ അത്യപൂർവമായി അശുദ്ധ രക്തക്കുഴലുകളിൽ (veins) രക്തം കട്ടപിടിക്കുന്ന അവസ്ഥ വന്നു, ഒരു ലക്ഷം പേർ വാക്സിൻ എടുത്താൽ അതിൽ ഒരാളിൽ ഇതു വന്നിരുന്നു എന്ന് ആസ്ട്രേലിയൻ ഗവൺമെൻ്റ് ഡിപ്പാർട്മെൻ്റ് ആയ TGA യുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. മറ്റു ചില പഠനങ്ങളിൽ അതിലും അപൂർവമാണെന്നും പറയുന്നു. അതേസമയം ആദ്യ രണ്ടു വർഷങ്ങളിൽ കോവിഡ് ബാധിച്ചവർക്ക് ആയിരം പേരിൽ ഒരാൾക്ക് DVT അഥവാ കാലിലെ വെയ്നുകളിൽ രക്തം കട്ടപിടിക്കുന്ന ചിലപ്പോൾ അപകടം വരുത്താവുന്ന അവസ്ഥയും, 588 പേരിൽ ഒരാൾക്ക് പൾമണറി എംബോളിസം (ശ്വാസകോശത്തിലെ രകതക്കുഴലുകളിൽ രകതം കട്ടപിടിക്കുന്ന ഏറെ അപകടകരമായ അവസ്ഥ) വന്നതായും സ്വീഡനിൽ നിന്നും BMJ-യിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചുരുക്കത്തിൽ കോവിഡ് മൂലം ഉണ്ടാവുന്നതിനേക്കാൾ വളരെ കുറവായിരുന്നു കോവിഡ് വാക്സിൻ മൂലമുണ്ടായ ഗുരുതര പ്രശ്നങ്ങൾ.

വാക്സിൻ വിരുദ്ധത
കോവിഡ് കാലത്ത് വാക്സിൻ വിരുദ്ധ സംഘടനകൾ ഉണർന്നു പ്രവർത്തിക്കുകയും തങ്ങളുടെ നാടകീയവും ആരും വിശ്വസിച്ചു പോകുന്ന രീതിയിൽ തന്ത്രപൂർവം മിനഞ്ഞെടുത്തതുമായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി ലോകമെമ്പാടും പ്രചരിപ്പിക്കുകയും ഇക്കാര്യങ്ങൾ കണ്ണടച്ച് വിശ്വസിച്ച ഏറെപ്പെരെ വാക്സിൻ വിരുദ്ധരാക്കുകയും ചെയ്തു. അപൂർവമായി മാത്രം സംഭവിക്കുന്ന പ്രശ്നങ്ങളെ പർവ്വതീകരിച്ചും വാക്സിനുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളെ വാക്സിൻ മൂലമാണെന്ന് ആവർത്തിച്ചു പറഞ്ഞും നാനാവിധ ദുരൂഹതകൾ ആരോപിച്ചുമാണ് ഇക്കൂട്ടർ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ മുന്നേറിയത്.
ഉദാഹരണത്തിന്, വിമാനാപകടത്തെ പറ്റി മാത്രം ആവർത്തിച്ചാവർത്തിച്ചു സംസാരിക്കുകയും എന്നാൽ ഓരോ ദിവസവും ലക്ഷകണക്കിനു വിമാനങ്ങൾ സുരക്ഷിതമായി ടെയ്ക്ക് ഓഫ് ചെയ്യു കയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന കാര്യം തന്ത്രപൂർവം മറച്ചുവയ്ക്കുകയും ചെയ്തുള്ള പ്രചാരണങ്ങൾ ഏറെപ്പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് പോലെയാണിത്. ആശങ്കയും സംശയവും മനസിലുള്ളവരാണ് ഇവരുടെ പ്രചാരണത്തിൽ ഏറെയും വീണുപോയത്. ഒരിക്കൽ അത്തരം ഒരു വിശ്വാസം വന്നുപോയാൽ പിന്നെ അത് മാറ്റിയടുക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ളതും ഇവിടെ പ്രസക്തം. നിർഭാഗ്യവശാൽ ഇവരുടെ പ്രവർത്തനഫലമായി ലോകത്ത് വാക്സിൻ മൂലം നിയന്ത്രിച്ചു നിർത്തിയിരുന്ന മീസിൽസ് അടക്കമുള്ള അനേകം സാംക്രമിക രോഗങ്ങൾ കോവിഡ് വന്നശേഷം തലപൊക്കിയിട്ടുണ്ട്.
എന്തുകൊണ്ട് വാക്സിൻ വിരുദ്ധർക്ക് ഇത്രയും സാമ്പത്തിക പിന്തുണ ലഭിക്കുന്നു എന്നുള്ളതും ചിന്തനീയമാണ്. തെളിവിന് അധിഷ്ഠിതമായ, ശാസ്ത്രീയമായ ചികിത്സയ്ക്കപ്പുറം ഒരു വലിയ ഇരു സാമ്രാജ്യമുണ്ട്, ശാസ്ത്രീയമായ തെളിവും ഉത്തരവാദിത്തവും ഇല്ലാത്ത, എന്നാൽ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള അംഗീകൃതമല്ലാത്ത ചികിത്സകളും അവർ വിൽക്കുന്ന പതിനായിരക്ക ണക്കിനു കോടികൾ മറിയുന്ന ഗൂഢ ഔഷധ മേഖലയും ആൻ്റി വാക്സിൻ ലോബിയുടെ പ്രചാരണത്തിന്റെ ബലത്തിൽ ലാഭം കൊയ്യുന്നു. ആഗോളതലത്തിൽ 2024- ൽ മാത്രം ഇതിന്റെ മൂല്യം പതിന്നാലര ലക്ഷം കോടി രൂപയാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിച്ചാൽ ഒടുവിൽ ലാഭം ഈ അശാസ്ത്രീയ ലോബിക്കാണ് എന്നുള്ള സത്യം മനസിലാക്കുന്നവർ ചുരുക്കമാണ്. ഔദ്യോഗികമായി ക്ലിനിക്കൽ ട്രയലുകളിൽ തെളിയിക്കപ്പെട്ട ചികിത്സ ഇല്ലാത്ത അവസരങ്ങളിൽ ‘ചികിത്സയില്ല’ എന്നു തുറന്നു പറയുന്ന രീതിയാണ് ശാസ്ത്രത്തിന്റേത്. ശാസ്ത്രം ഒരിക്കലും അൽഭുത ചികിത്സകൾ വാഗ്ദാനം ചെയ്യുകയില്ല. പക്ഷെ ഈ സുതാര്യത പലപ്പോഴും രോഗികൾക്ക് നിരാശയുണ്ടാക്കിയിട്ടുമുണ്ട്. ഈ പരിമിതികൾക്കുള്ളിൽ നിന്നു സത്യസന്ധമായി പ്രവൃത്തിക്കുന്നതിലും എളുപ്പം നാടകീയമായ ശൈലിയിൽ രോഗമുക്തി വാഗ്ദാനം ചെയ്ത് ക്ഷിപ്രപ്രശസ്തി സമ്പാദിക്കാം എന്നു മനസിലാക്കി ഇവരോടൊപ്പം ചേർന്ന ഡോക്ടർമാരും പല രാജ്യങ്ങളിലും ഉണ്ട് എന്നുള്ളത് ദൗർഭാഗ്യകരം തന്നെ.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

