പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

നോൺ വെജിറ്റേറിയൻ സാമ്പാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ? പാലക്കാടൻ വിഭവങ്ങളിൽ വളരെ പ്രത്യേകതയുള്ള കറിയാണ് കാച്ചാർ അഥവാ നോൺ വെജ് സാമ്പാർ- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അബ്ദുൽ അസീസ് എ. എഴുതിയ ലേഖനം.

മ്മിശ്ര ജനതയെ ഉൾക്കൊള്ളുന്ന വിശാല ഭൂപ്രദേശമായ പാലക്കാട് ജില്ലയിൽ, പ്രധാനമായും അരിഭക്ഷണമായ, ചോറ് ആണ് പൊതുവേ സ്വീകാര്യമെങ്കിലും, മറ്റു ഭക്ഷണവിഭവങ്ങളുടെ ധാരാളിത്തം കണ്ട്, ഇങ്ങ് കിഴക്കേ അറ്റം ഗോവിന്ദാപുരം തുടങ്ങി അങ്ങ് പടിഞ്ഞാറ് നൂറോളം കിലോമീറ്ററുകൾക്കപ്പുറം, തൂതപ്പുഴയ്ക്ക് കുറുകെയുള്ള തിരുവേഗപ്പുറം പാലം വരെയുള്ള പ്രദേശത്ത് എത്തുമ്പോഴേക്കും, ഇങ്ങനെയെല്ലാം വിഭവങ്ങൾ പാലക്കാട് ഉണ്ടോ എന്ന്, തദ്ദേശീയരായ പാലക്കാടൻമാർ തന്നെ സംശയിക്കും.

അഗ്രഹാരങ്ങളിലെ, തനി വെജിറ്റേറിയൻ രീതി മാറ്റിനിർത്തിയാൽ, ഭൂരിഭാഗം പേരും സമ്മിശ്ര ഭക്ഷണപ്രിയരാണ്. സാമ്പാർ എന്ന് കേൾക്കാത്ത വരായി ആരും ഉണ്ടാവില്ല. എന്നാൽ നോൺ വെജിറ്റേറിയൻ സാമ്പാർ, നിങ്ങൾ കഴിച്ചിട്ടുണ്ടോ? പാലക്കാടൻ വിഭവങ്ങളിൽ വളരെ പ്രത്യേകതയുള്ള കറിയാണ് കാച്ചാർ അഥവാ നോൺ വെജ് സാമ്പാർ.

സാധാരണ പരിപ്പ് സാമ്പാറിലെ പച്ചക്കറികളുടെ കൂടെ കുറച്ച് ആടിന്റെ എല്ലും ഇറച്ചി കഷണങ്ങളും കൂട്ടി ചേർത്ത് ഉണ്ടാക്കുന്നതാണ് ഈ അസാധാരണ കറി. ശുദ്ധ വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക്, പാവം വെണ്ടയെയും, മുരിങ്ങയെയും, ഇങ്ങനെ വിഷമിപ്പിക്കേണമോ എന്ന് തോന്നിയേക്കാം.

ഒരു ചടങ്ങിൽ ബിരിയാണി വിളമ്പിയാൽ ഉടൻ ചോദിക്കും, സാൽന എവിടെ? സാൽന കൊട്. ബിരിയാണി കഴിക്കാൻ കൂട്ടായി ഒരു കറി കൊടുക്കണം, കാച്ചാർ ആണ് സാൽന ആയി വിളമ്പുക. ഇനി നെയ്ച്ചോർ ആണെങ്കിൽ അതിന് ആടു കുറുമ ഉണ്ടാവും. ഒരു കഷണം തൊലി കളയാത്ത ഉരുളക്കിഴങ്ങും, ഒരു വലിയ കഷണം ആട്ടിറച്ചിയും ഉൾപ്പെട്ട തേങ്ങ അരച്ചുചേർത്ത കറി. ഇനി തേങ്ങാ ചോറാണെങ്കിൽ, ആട് വരട്ടിയത് വിളമ്പും.

എല്ലില്ലാതെ ആട്ടിറച്ചി, ദീർഘനേരം, വീണ്ടും വീണ്ടും നന്നായി കൊത്തിയരിഞ്ഞു വളരെ ചെറിയ പരുവത്തിലാക്കി, ശേഷം വീട്ടിൽ കൊണ്ടുവന്ന് മസാലയും കൂട്ടി അമ്മിയിൽ അരച്ച് പൊരിച്ചെടുക്കും. കൊത്തുകരി വറുത്തതായി. വൈകീട്ട് ചായക്ക്, ഒരു വിഭവം. (കുറച്ചു തമിളിയനാ ണ്, ഈ പേര്). ഇതിന്റെ കൂടെ, പുഴുങ്ങിയ ഉരുളക്കിഴങ്ങും കൂടെ ചേർത്ത് പൊരിച്ചാൽ, നാം ഇന്ന് ഉപയോഗിക്കുന്ന കട്​ലറ്റ് ആയി.

പാലക്കാട്, നാട്ടിൻപുറങ്ങളിൽ പോത്തിറച്ചി ലഭ്യമല്ല. ചില വീടുകളിൽ, റെഡിമെയ്ഡ് ആയി, ചില്ലറ വിലയ്ക്ക് വരട്ടിയ പോത്തിറച്ചി വിൽക്കപ്പെടും.

വേട്ടയാടൽ നിരോധനം ഇന്നത്തെപ്പോലെ അത്ര കർക്കശമല്ലാത്ത അന്നൊക്കെ ഇടക്കെല്ലാം മലഅണ്ണാൻ, കാട്ടുപോത്ത്, മാൻ, എന്നീ കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കിട്ടിയെന്നുവരാം. എല്ലാവർക്കും കൊടുത്ത് ബാക്കി മഞ്ഞളും, മുളകും, ഉപ്പും കൂട്ടി തേച്ച് ഉണക്കി, മൺകലത്തിൽ, ആക്കി എടുത്തുവയ്ക്കാം. കേടുവരാതെ ഇരുന്നോളും ആവശ്യത്തിന് എടുത്ത് പൊരിച്ച് കഴിക്കാം.

മറ്റൊരു അടിപൊളി പാലക്കാടൻ വിഭവമാണ് ‘കുമ്പളങ്ങ മുട്ടായി’. ബിരിയാണിയുടെ കൂടെ, തൈരും, കാച്ചാറും കൂടാതെ കിട്ടുന്ന ഒരു വിഭവമാണ് കുമ്പളങ്ങമിട്ടായി. അച്ചാർ ഉണ്ടാവാറില്ല. ഏതാണ്ട് ജാം പോലെ അണ്ടിപ്പരിപ്പെല്ലാം ചേർത്ത് തയ്യാറാക്കിയ, കട്ട രൂപത്തിലാവാത്ത ഹൽവ പോലെ ഇരിക്കും. നല്ല മധുരമുള്ള വിഭവമാണ്. അന്നൊക്കെ തൈര്, ആവശ്യത്തിന് വീടുകളിൽ ഉണ്ടാക്കുന്നതാണ്. എത്രയും കഴിക്കാം, മടുപ്പില്ല.

പിന്നെ ഫ്രഷ് വാട്ടർ ഫിഷ് കറി. ഓ! ഓർക്കുമ്പോഴേ വായിൽ കപ്പൽ ഓടിക്കാം. തുലാ മാസത്തെ കൂൺ കറി. ശരിക്കും ഇറച്ചിക്കറി പോലെ, മണത്തിലും, രുചിയിലും ഒരു മാറ്റവുമില്ല.

അന്നൊക്കെ പാലക്കാട് സാധാരണക്കാർക്ക് തുലാം പകുതി കഴിഞ്ഞാൽ, ഇടവം പകുതിയോളം, കരിമ്പനയോലകൊണ്ട് വീടിന് പുറത്ത് മറച്ചുകെട്ടി, ചാണകം കൊണ്ട് മുറ്റം മെഴുകി, വെക്കലും വിളമ്പലും, കുളിയും, ഉറക്കവും വിനോദവും എല്ലാം, വീട്ടിന് പുറത്ത് തന്നെ. കുട്ടികൾ ഊഞ്ഞാൽ കെട്ടി ആടും. കളിയായ കളിയൊക്കെ വീടിനു പുറത്ത്. മുതിർന്നവർ കൊയ്തു കൊണ്ടുവരും. ചെറുപയറും, ഉഴുന്നും, വലിച്ചു കൊണ്ടുവരും. കിഴങ്ങ് കിളച്ചു കൊണ്ടുവരും. ചമ്മൽ അടിച്ചുകൂട്ടി, നെല്ലും മഞ്ഞളും പുഴുങ്ങി ഉണക്കും, വാളംപുളി പറിച്ച് ഉണക്കി തല്ലി, കുരു കളഞ്ഞ്, ഉപ്പും കൂട്ടി, മൺകലത്തിലാക്കി വയ്ക്കും. രാത്രികാലങ്ങളിൽ കൂത്തും, കുമ്മാട്ടിയും, പൊങ്കാലയും, വേലയും, വെടിയും, ചിലപ്പോൾ ചില അങ്ങാടികളിൽ, റെക്കോർഡ് ഡാൻസ്​, നിർത്താത്ത സൈക്കിൾ യജ്ഞം എന്നിവയൊക്കെയായി നാളുകൾ പോകുന്നതറിയില്ല. എങ്ങോ നഷ്ടപ്പെട്ട, കുളിരും, കുറുമ്പും, ഭൂതകാലവും.

അന്നത്തെ മത്തിക്കറി വേറെ ലെവലാ. ഇപ്പോൾ ഇവിടങ്ങളിലെല്ലാം കിട്ടുന്നത്, ബംഗാൾ ഉൽക്കടലിലെ മത്തിയായിട്ടാണോ ആവോ, എന്നറിയില്ല, ആ പഴയ ടേസ്റ്റും മണവും ഒന്നും ഇന്നത്തെ മത്തിക്കറിക്കില്ല.

ഉണക്കൽ ഏട്ട മീൻ കുറേ പച്ചക്കറികളും ചേർത്ത് കറി വക്കും. എല്ലാ കറികളിലും, ധാരാളം പച്ചക്കറി ചേർക്കും. അതെല്ലാം ഒന്ന് കഴിക്കണം. ഉണക്കൽ ഏട്ടമീൻ പൊരിച്ചത് ഇന്നിപ്പോൾ കണികാണാൻ കിട്ടാനില്ല. മീൻ പ്രിസർവഷൻ സൗകര്യം കൂടിയതോടെ, ഉണക്ക മത്സ്യത്തിന് ആവശ്യ ക്കാർ കുറവായതുകൊണ്ട്, ഉണക്കമത്സ്യത്തിന് പ്രസക്തിയില്ലാതെ ആയി. അങ്ങനെ അങ്ങനെ പോകുന്നു അതെല്ലാം.

‘കുട്ടിക്കാലത്തെ കൂട്ടാൻ ഓർമ്മകൾ’

ചോറിന്റെ കൂടെ കഴിക്കുന്ന കറി കൂട്ടാൻ എന്ന പേരിലാണ് ജനകീയമായി, പാലക്കാട് അറിയപ്പെടുന്നത്. പനി പിടിച്ചാൽ ജൗവ്വരി കഞ്ഞിയും, പപ്പടം ചുട്ടതും. അതങ്ങോട്ട് തൊയിലൂടെ ഇറക്കാനുള്ള പണി, പനിയേക്കാൾ കഷ്ടം.

മറ്റൊരു അടിപൊളി വിഭവമാണ് പുത്തരിച്ചോറ്. വിരിപ്പ് കൊയ്ത്തു കഴിഞ്ഞ് ആദ്യം വീട്ടിലെത്തുന്ന നെല്ലു പുഴുങ്ങി, കുത്തി അരിയാക്കി ഏതാണ്ട് ഓണ സമയത്ത് എല്ലാ കൃഷിക്കാരുടെ വീട്ടിലും ഉണ്ടാവും പുത്തരി സദ്യ. ജാതിയോ മതമോ അതിർവരമ്പുകൾ തീർത്തിട്ടില്ലാത്ത, അന്ന് പാടവരമ്പിൽ നിന്നും പറിച്ച അച്ചിങ്ങ പയർ കൊണ്ട് ഉണ്ടാക്കിയ ഉപ്പേരിയുടെ രുചി, വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും നാവിൻ തുമ്പിൽ നിന്നും പോയിട്ടില്ല. കൂടാതെ മറ്റു വിഭവങ്ങളും കാണും പുത്തരിച്ചോറിന്. പായസവും ഉണ്ടാവും. കലക്കൻ.

പാലക്കാടൻ വിഭവങ്ങൾ, എന്ന പേരിൽ എത്രയൊക്കെ പറഞ്ഞാലും വെള്ളച്ചോറിനെ ക്കുറിച്ച് ഒരു വാക്ക് പറയാതെ മുഴുവൻ ആവില്ല. (ഒ.വി. വിജയന്റെ വെള്ളായിപ്പനും വെള്ളച്ചോറാണ് കൈയിൽ കരുതിയിരുന്നത്). തലേദിവസത്തെ രാത്രി യിലെ ബാക്കി വന്ന ചോറിൽ, അല്പം കഞ്ഞിവെള്ളവും, വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് നേരം വെളുത്താൽ അത് വെള്ളച്ചോറായി. അന്തിയാകുവോളം, പണിയെടുത്ത് വീട്ടിലെത്തി, മക്കളെല്ലാം ഉറങ്ങി, വാതിലടച്ച് വിളക്ക് കെടുത്തി അലസത അഴിച്ചുവെച്ച് വിരസത മാറ്റി, ക്ഷീണത്തിൽ ഉറങ്ങി നേരം വെളുത്ത് ഒട്ടിയ വയറുമായി ജോലിക്ക് പോകുമ്പോൾ, ഭാര്യയെയും മക്കളെയും കാത്തുനിൽക്കാതെ തലേദിവസത്തെ കറിയുടെ ബാക്കി അടുപ്പിന് മുകളിൽ അടച്ചുവച്ചത് എടുത്ത് അതും കൂട്ടി വയറു നിറച്ചും വെള്ളച്ചോർ കഴിച്ച്, സന്തോഷത്തോടെ, പാടത്ത് പണിക്കിറങ്ങിയാൽ ഏതാണ്ട് ഉച്ചയ്ക്ക് മുൻപായി പുട്ടുക്കാരി അമ്മ പുട്ടുമായി വരും. തലച്ചുമടായി ഇഡലി കൊണ്ടു നടന്നു വിൽക്കുന്ന സ്​ത്രീകളാണ് പുട്ടുക്കാരി അമ്മ. പാടത്ത് പണിക്കാർക്ക് വർക്ക് സൈറ്റിലെ, ജോലിസമയം തീരും വരെ പിടിച്ചുനിൽക്കാനുള്ള ഭക്ഷണം. ചായക്കടയിൽ ഭക്ഷണത്തിന് പോയാൽ വല്ല ബണ്ണും, ചായയും ആയിരിക്കും കിട്ടുക. ധനികരും, കഴിക്കും വെള്ളച്ചോർ. തൈരും, അച്ചാറും അല്ലെങ്കിൽ വേപ്പില ക്കട്ടിയും (ചെറുനാരങ്ങ ഇല മറ്റു ചേരുവകളും ചേർത്ത്, ഇടിച്ച് ഉരുട്ടി തയ്യാറാക്കുന്നത്.)

വിവിധ തരം പൊരിക്കടികൾ, എന്നുവച്ചാൽ, പരിപ്പുവട, ഓലപ്പൊക്കവട, വെങ്കായ പക്കോവട, ബജി, ബോ, സുഖിയൻ, ആറാം നമ്പർ, ഐനാസ്​, (മടക്ക്) ഉഴുന്നുവട, തൈര് വട, നെയ്യപ്പം, കുഴിയപ്പം, പഴംപൊരി, അരിമുറുക്ക്, കടലമുറുക്ക് എല്ലാം എവിടുത്തെ പോലെയും അവിടെയും കിട്ടും. പക്ഷേ എവിടെയും കിട്ടാത്ത ഒരു വിഭവമാണ്, കുഴൽപണിയാരം. മധുരമുള്ള മുറുക്കിന്റെ രുചിക്കൂട്ടിൽ, കുഴൽ രൂപത്തിൽ തയ്യാറാക്കിയത്. ചട്ടിപ്പത്തി രിയും, ഉന്നക്കായും, പാലക്കാട്ടിനു പുറത്തുപോയ ശേഷമാണ് ആദ്യമായി രുചിക്കുന്നത്.

READ ALSO:

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

മറ്റൊരു പ്രത്യേക ഭക്ഷ്യവസ്​തുവാണ് പുളിഅമര. കാഴ്ചയിൽ നന്നായി മൂത്ത് ഉണങ്ങിയ അമരക്കുരു പോലെ ഉണ്ടാവും. തലേദിവസം വെള്ളത്തിൽ പൊതിർത്തി വെച്ച് വെറുതെ വറുത്തശേഷം, പച്ചക്കറികളും ചേർത്ത് കറി വെക്കാം. പാലക്കാട് യാത്ര കഴിഞ്ഞ് തിരിക്കുമ്പോൾ മറക്കാതെ വാങ്ങിക്കുന്ന, ഒന്നാണ് അരക്കിലോ പുളി അമര.

മറ്റൊരു ഇഷ്ട വിഭവമാണ് പുഴുക്ക്. മുതിരിയും, ചെറുപയറും, മമ്പയറും, എല്ലാം പലയിടത്തും പുഴുങ്ങും. പക്ഷേ പലർക്കും പാലക്കാടൻ പുഴുക്കാണ് ഇഷ്ടം. കാരണം ഇവയെല്ലാം വറുത്താണ് അവിടെ പുഴുങ്ങുക. വറുത്തു പുഴുങ്ങിയാൽ സ്വാദ് കൂടും. പാലക്കാടുകാർക്ക് പച്ചക്കറി നന്നായി പാകം ചെയ്യാൻ കഴിയുമ്പോഴും, കല്ലുമ്മക്കായ, കൂന്തൾ, ഞണ്ട് ഇവയൊക്കെയും, കൈയ്യിൽ എത്തിപ്പെട്ടാൽ, കാക്കക്ക് എടുത്തിട്ടു കൊടുക്കാനേ മിക്കവർക്കും അറിയൂ. പാകം ചെയ്യാൻ അറിയില്ല. ഇഡ്ഡലിയും ദോശയും ഉപ്പുമാവും പുട്ടും ഇടിയപ്പവും, അപ്പവും, ലൗ ലെറ്ററും, പൂരി മസാലയും, പൊറോട്ടയും എല്ലാം, ഒരേപോലെ, എല്ലാവർക്കും ഇഷ്ടം. പക്ഷെ ഇടിയപ്പത്തിന് ഏറെ യോജിച്ചത്, തേങ്ങാപ്പാലും, പഴവും കൂട്ടി തയ്യാറാക്കിയ സ്റ്റ്യൂ.

പെരുന്നാൾ രാവിലെ, സ്​പെഷ്യൽ ഇലയട, പള്ളി പെരുന്നാൾ രാത്രിക്ക്, അരിയും ശർക്കരയും കൂടെ ആട്ടി ഫെർമെൻ്റ് ചെയ്തു തേങ്ങ കഷ്ണം മുറിച്ചിട്ട് ഉണ്ടാക്കുന്ന സ്​പെഷ്യൽ വിഭവം അപ്പം കലത്തപ്പം എന്നെല്ലാമാണ്, അറിയപ്പെടുന്നത്. എല്ലാം വളരെ പ്രിയം.

പാലക്കാടിനെ കുറിച്ച് പറയുമ്പോൾ കരിമ്പനയെ വിട്ടുകളയരുത്. വെള്ള അല്ലാത്ത, നേരിയ തവിട്ടുനിറമുള്ള, കരിമ്പന കള്ള്, എല്ലാവർക്കും കഴിക്കാം. ശരീരത്തിന് നല്ല ഉന്മേഷം തരും. കരിമ്പന ശർക്കര കുഞ്ഞുമക്കളുടെ കുറുക്കിലും ചേർക്കും. പനഞ്ചക്കര രുചിക്കാത്ത ഒരു പെണ്ണും ആണും അന്ന് പാലക്കാടില്ല. ചൂടിന് ഉത്തമമായ, കരിമ്പന ഇളനീർ (ഇളന്നൻ), മൂത്ത് പഴുത്ത കരിമ്പനപ്പഴം, എന്ത് സ്വാദായിരുന്നു അതിനൊക്കെ! കുട്ടിക്കാലത്ത് കൂട്ടുകൂടി, പറമ്പിൽ കറങ്ങിനടക്കുമ്പോൾ, വെറുതേ വീണുകിട്ടിയ കരിമ്പനക്കുരു വല്ലപൊത്തിലും ചമ്മൽകൂട്ടി കത്തിച്ച്, കനലിൽ ചുട്ട്, കുത്തിപ്പൊട്ടിച്ച് ഈമ്പിക്കഴിക്കാം. ഫൈബർ അടങ്ങിയ ഭക്ഷണവിഭവങ്ങൾ, പാക്കറ്റുകളിൽ, ആയി വിലകൊടുത്ത് വാങ്ങിക്കഴി ക്കേ ഇന്നത്തെ ജനറേഷനു​ണ്ടോ സമ്പുഷ്ടമായി ഫൈബർ അടങ്ങിയിരിക്കുന്ന കരിമ്പന കൂമ്പ് ദഹിക്കുന്നു.

കുട്ടിക്കാലത്ത് വീണുകിട്ടി കഴിച്ചിരുന്ന മാമ്പഴവും, നെല്ലിക്കയും, അല്പവും ഒഴിവാക്കാതെ ഏറ്റുവാങ്ങിയ വെയിലും എല്ലാം നാം അറിയാതെ തന്നെ, ധാരാളമായി നമുക്ക് നൽകിയിരുന്നത്, വിലകൂടിയ വിറ്റാമിൻസ്​ ആയിരുന്നെന്ന് ഇപ്പോഴല്ലേ അറിയുന്നത്? പുതുതായി പറിച്ച നിലക്കടല, പച്ചക്ക് പുഴുങ്ങി, വെറുതെ ഇരുന്നു സൊറ പറയുമ്പോൾ, കുത്തിപ്പൊട്ടിച്ച് കഴിക്കാൻ എന്ത് രസമായിരുന്നു?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments