അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

‘‘200 വർഷങ്ങൾക്കിപ്പുറം ശസ്ത്രക്രിയയുടെ ഗതിതന്നെ അനസ്‌തേഷ്യക്ക് മാറ്റാൻ കഴിഞ്ഞു. നൂറ്റാണ്ടുകളോളം തളംകെട്ടിക്കിടന്ന ഭയത്തെ അനസ്‌തേഷ്യ നിർമ്മാർജ്ജനം ചെയ്തു. ശസ്ത്രക്രിയ ഇന്ന് ഭയരഹിതവും വേദനരഹിതവും ഏറെ സുരക്ഷിതമായൊരു വസ്തുതയായി മാറി’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാംദാസ് ഇ.കെ. എഴുതിയ ലേഖനം.

സ്ത്രക്രിയ എന്നു കേൾക്കുമ്പോൾ ഇന്ന് നാം ലാഘവത്തോടെ പറയും; ‘‘ഒരു മയക്കത്തിൽ പോയി എഴുന്നേൽക്കുന്നതല്ലേ...?''. ഒരു മയക്കത്തിനപ്പുറത്തേക്ക് നീണ്ടുനിൽക്കാൻ സാധ്യതയില്ലാത്ത ഒരു പ്രക്രിയ - ഇതാണ് അനസ്‌തേഷ്യയെക്കുറിച്ചുള്ള ഇന്നത്തെ ചിന്താഗതി.

പക്ഷേ, 200 കൊല്ലങ്ങൾക്കപ്പുറം കാര്യങ്ങളൊന്നും ഈ വിധമല്ലായിരുന്നു. ശസ്ത്രക്രിയ എന്നു പറയുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തുന്ന ഒന്നായിരുന്നു. ഒരാളെ ബലാൽക്കാരമായി പിടിച്ചുവെച്ച്, കൈകാലുകൾ ബന്ധിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു പതിവ്. കത്തിവെക്കുമ്പോഴുണ്ടാകുന്ന നിലവിളിയും ഞരങ്ങലും. ചിലർ ആ നിലവിളിയോടുകൂടി മരിച്ചു പോവുമായിരുന്നു. ബാക്കി ചിലർ ഒരായുഷ്‌കാലത്തേക്ക് ആ വേദനകളുടെ ഓർമ്മയുടെ ഭാരം ചുമന്ന് ജീവിതം തള്ളിനീക്കും.

1846 ഒക്‌ടോബർ 16ന് അമേരിക്കയിൽ ബോസ്റ്റണിലെ മസ്സാചുസ്സെറ്റ്‌സ് ജനറൽ ആശുപത്രിയിൽ വെച്ച് ഡോ. വില്യം മോർട്ടൺ എന്ന ഡെന്റിസ്റ്റ്, ഗിൽബർട്ട് അബട്ട് എന്ന വ്യക്തിക്ക് ഈഥർ അനസ്‌തേഷ്യ നൽകി, ഡോ. ജോൺ കോളിൻസ് പാറൻ എന്ന സർജൻ അദ്ദേഹത്തിന്റെ കഴുത്തിന്റെ പാർശ്വഭാഗത്തുണ്ടായിരുന്ന ട്യൂമർ നീക്കംചെയ്തു. രോഗി ഒന്നും അറിഞ്ഞില്ല. സുഖമായി ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയാനന്തരം തടിച്ചുകൂടിയ ജനങ്ങളെ നോക്കി ഡോ. വില്യം മോർട്ടൺ പറഞ്ഞു: മാന്യരെ ഇതൊരു തട്ടിപ്പല്ല. കണ്ടുനിന്നവർ ഞെട്ടലോടെ പറഞ്ഞു: ഇതു മായാജാലം. അവിടെവെച്ച് വേദനരഹിത ശസ്ത്രക്രിയയുടെ വിത്തുകൾ പാകപ്പെടുകയായിരുന്നു.

പിന്നീട് ജെയിംസ് സിംപ്‌സൺ ക്ലോറോഫോമിന്റെ ഉപയോഗം കണ്ടുപിടിച്ചു. നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങളുടെ കണ്ടുപിടുത്തവും അനസ്തേഷ്യയിലെ വിപ്ലവകരമായ കുതിച്ചുചാട്ട ങ്ങളായിരുന്നു. മരുന്ന് തുണിയിൽ ഒഴിച്ച്, രോഗിയുടെ മുഖത്തു അമർത്തി പിടിക്കുക എന്നതായിരുന്നു അന്നത്തെ രീതി. മരുന്നുകൾ നിയന്ത്രിതമായി നൽകാൻ കഴിയുന്ന ഉപകരണങ്ങളോ സംവിധാനങ്ങളോ അന്നുണ്ടായിരുന്നില്ല. ചില സന്ദർഭങ്ങളിൽ മരുന്ന് അധികമായും മറ്റുചില സന്ദർഭങ്ങളിൽ കുറവായും പ്രവർത്തിച്ചു. ശസ്ത്രക്രിയയ്ക്കിടെ ചിലർ ഉണർന്നു. മറ്റുചിലർ ഒരിക്കലും ഉണർന്നില്ല. അനസ്‌തേഷ്യയുടെ പ്രാരംഭഘട്ടങ്ങളിൽ ഇത്തരം കഥകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

20-ാം നൂറ്റാണ്ടോടെ അനസ്‌തേഷ്യ എന്നൊരു സ്വതന്ത്ര വൈദ്യശാഖ രൂപപ്പെടുകയായി രുന്നു. ആധുനിക അനസ്‌തേഷ്യയുടെ ആവിർഭാവമാണ് ശസ്ത്രക്രിയയുടെ വേദന ഇല്ലാതാക്കിയത്. അതിനപ്പുറത്തേക്ക് അന്നുവരെ ആർക്കും വാഗ്ദാനം ചെയ്യാൻ കഴിയാതിരുന്ന ഒരു സുരക്ഷിതത്വവും അനസ്‌തേഷ്യ ഒരുക്കുകയായിരുന്നു. അതിന് ആക്കം കൂട്ടുന്നതായിരുന്നു പുതിയ മരുന്നുകളും ഓക്‌സിജൻ സിലിണ്ടറും അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങളുടെയൊക്കെ കണ്ടുപിടുത്തങ്ങൾ.

ഇപ്പോൾ രോഗിയുടെ ഹൃദയമിടിപ്പ്, രക്തമർദ്ദം, ഓക്‌സിജന്റെ നില തുടങ്ങി നിരവധി കാര്യങ്ങൾ നിരന്തരം വിലയിരുത്തുന്ന മോണിറ്ററുകൾ ലഭ്യമാണ്. ഇത് പഴയകാലങ്ങളിൽനിന്നും വ്യത്യസ്തമായി രോഗിയുടെ സുരക്ഷിതത്വം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. അനസ്‌തേഷ്യയിൽ വൻ കുതിപ്പുകൾ ഈ കാലയളവിൽ നടന്നു. രോഗിക്ക് കൃത്രിമമായി ശ്വാസം നൽകാൻ കഴിയുന്ന വെന്റിലേറ്ററുകൾ, വേഗത്തിൽ ഉറക്കാനും വേഗത്തിൽ ഉണർത്താനും കഴിയുന്ന മരുന്നുകൾ എന്നിവ അതിൽ ചിലത് മാത്രം.

ഇന്ന് അനസ്‌തേഷ്യ നൽകുന്നത് പ്രധാനമായും മൂന്ന് രീതികളിലാണ്.

  • ജനറൽ അനസ്‌തേഷ്യ: ശരീരം മുഴുവനും അനസ്‌തേഷ്യക്ക് വിധേയമാവുന്നു.

  • റീജിയണൽ അനസ്‌തേഷ്യ: ശരീരത്തിന്റെ ഒരു ഭാഗം മാത്രം.

  • ലോക്കൽ അനസ്‌തേഷ്യ: ഒരു ചെറിയ ഭാഗം മാത്രം.

ശസ്ത്രക്രിയാ മുറികളിൽ മാത്രമല്ല ICU കളിലും പ്രസവമുറികളിലും ആശുപത്രിയിലെ വിവിധ പരിശോധനാമുറികളിലും ഇന്ന് അനസ്‌തേഷ്യ വിദഗ്ധർ അനിവാര്യമായിത്തീർന്നുകൊണ്ടിരിക്കുന്നു.

അനസ്‌തേഷ്യയിലെ
അതിനൂതനമായ ചില രീതികൾ

  • കമ്പ്യൂട്ടർ നിയന്ത്രിത മരുന്ന് നൽകൽ.

  • അൾട്രാസൗണ്ട് വഴി കൂടുതൽ കൃത്യമായ നാഡിബ്ലോക്ക്.

  • മയക്കത്തിനിടെ രോഗി ഉണരാതിരിക്കാനുള്ള അവേർണെസ് മോണിറ്ററിംഗ്.

  • പാർശ്വഫലങ്ങൾ കുറഞ്ഞ, വേഗത്തിൽ പ്രവർത്തിക്കുന്ന മരുന്നുകൾ.

200 വർഷങ്ങൾക്കിപ്പുറം ശസ്ത്രക്രിയയുടെ ഗതിതന്നെ അനസ്‌തേഷ്യക്ക് മാറ്റാൻ കഴിഞ്ഞു. നൂറ്റാണ്ടുകളോളം തളംകെട്ടിക്കിടന്ന ഭയത്തെ അനസ്‌തേഷ്യ നിർമ്മാർജ്ജനം ചെയ്തു. ശസ്ത്രക്രിയ ഇന്ന് ഭയരഹിതവും വേദനരഹിതവും ഏറെ സുരക്ഷിതമായൊരു വസ്തുതയായി മാറി.

ഒരു മയക്കത്തിലേക്ക് രോഗിയെ തള്ളിവിട്ട് രോഗിയുടെ തലവശത്ത് ശാന്തനായി സർവ്വവും നിരീക്ഷിച്ചു വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന അനസ്‌തേഷ്യ വിദഗ്ധൻ മനുഷ്യ ജീവിതത്തിന്റെ നിശ്ശബ്ദ കാവൽക്കാരനാണ്. അനസ്‌തേഷ്യ , ജീവൻ കാത്തുസൂക്ഷിക്കുന്ന മനുഷ്യപ്പറ്റുള്ള ശാസ്ത്രവും.

READ: വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

Comments