പകർച്ചവ്യാധികൾ:
സുരക്ഷാ നടപടികൾ
വഴിതെറ്റുമ്പോൾ

‘‘പകർച്ചവ്യാധികൾക്കെതിരായ നിയന്ത്രണരീതികൾ ജനജീവിതത്തെ ഏറ്റവും കുറച്ചു ബാധിക്കുന്ന രീതിയിലൂടെയാവണം, രോഗപ്പകർച്ച ഏറ്റവും ഫലപ്രദമായി തടഞ്ഞുകൊണ്ട്. ഈച്ചയെ കൊല്ലാൻ പീരങ്കി കൊണ്ട് വെടിവെക്കുന്ന രീതി അല്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പുരുഷോത്തമൻ കെ.കെ. എഴുതിയ ലേഖനം.

കേരളത്തിൽ നിപ്പ വീണ്ടും വാർത്തയായി. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാതെ പഴയ രീതികളുടെ ആവർത്തനം കുറെയേറെ ജനങ്ങളുടെ ജീവിതം തികച്ചും ദുസ്സഹമാക്കുന്നു. നിപ്പയുടെ നിയന്ത്രണ രീതികൾ കണ്ണുമടച്ചു പ്രഖ്യാപിക്കും മുൻപ് അതിന്റെ ആവശ്യകതയും അതുണ്ടാക്കുന്ന സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ജനങ്ങളുടെ സ്വച്ഛജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാവുന്നതും അത് ചർച്ചയാവുന്നതും 2018-ൽ നിപ്പ ഉണ്ടായതു മുതലാണ്. ഇത്തിരി കഴിഞ്ഞ് കോവിഡ് അതിലും വലിയ രീതിയിൽ ഏതാണ്ട് വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളുണ്ടാക്കിയ സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇന്ന് ഈ വിഷയത്തിൽ ഒരു വീണ്ടുവിചാരത്തിനു പ്രസക്തി വർദ്ധിപ്പിച്ചിരിക്കുന്നു.

രോഗത്തേക്കാളേറെ
നിയന്ത്രണരീതികൾ
നാശം വിതക്കുന്ന അനുഭവങ്ങൾ

ലോകമെമ്പാടും നൂറ്റാണ്ടുകളായി പല കുറി പൊട്ടിപ്പുറപ്പെട്ട വസൂരിയും പ്‌ളേഗും കോളറയും ഇൻഫ്‌ളുവൻസയും മറന്നുകൊണ്ടല്ല, അവിടെ രോഗാണു ആണ് പ്രതി, മനുഷ്യജീവിതം നരകമാക്കിയത്.

നിയന്ത്രണരീതികളെ അപ്പാടെ തള്ളിപ്പറയുന്നുമില്ല. പകർച്ചവ്യാധികൾ, ഇതുവരെ ഉണ്ടായതും പുതിയവയും ഇനിയും വരും, മുൻപറഞ്ഞ രോഗങ്ങളെക്കാൾ തീവ്രതയോടെ, അതാത് കാലത്തു നിലനിൽക്കുന്ന രീതികളെ വെല്ലുവിളിച്ചുകൊണ്ട് മരണം വിതച്ചേക്കാവുന്നവ തന്നെ ഏതു നിമിഷവും ഒരു പാൻഡെമിക് ആയി വരാം. അവയെ മറികടക്കാനുള്ള രീതികൾ (മരുന്നുകളോ വാക് സിനുകളോ മറ്റെന്തെങ്കിലുമോ) സൃഷടിച്ചെടുക്കാനുള്ള കാലതാമസത്തിനിടയിൽ ഏറ്റവും പ്രസക്തമായ കാര്യം അതിന്റെ നിയന്ത്രണ രീതികൾ തന്നെയാണ്. രോഗാണുവിനെ കുറിച്ചും അത് പകരുന്ന രീതിയെക്കുറിച്ചുമുള്ള അറിവും, അവ ജനങ്ങളിലേക്ക് എത്തിച്ച് അവർ കൃത്യമായി അത് പാലിക്കുന്ന രീതിയും പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ നിയന്ത്രണരീതികൾ കാലത്തിനതീതമായി പ്രസക്തമാണ്. പക്ഷെ, അത് ജനജീവിതത്തെ ഏറ്റവും കുറച്ചു ബാധിക്കുന്ന രീതിയിലൂടെയാവണം, രോഗപ്പകർച്ച ഏറ്റവും ഫലപ്രദമായി തടഞ്ഞുകൊണ്ട്. ഈച്ചയെ കൊല്ലാൻ പീരങ്കി കൊണ്ട് വെടിവെക്കുന്ന രീതി അല്ല. ഏറെ ആലോചിച്ചു വേണം തീരുമാനങ്ങൾ എടുക്കാൻ.

കോവിഡിനെ എതിരിടാൻ പ്രയോഗിച്ച അതേ രീതികൾ നിപ്പയുടെ കേസിൽ പ്രയോഗി ക്കുന്നതിൽ എത്ര മാത്രമുണ്ട് യുക്തി?

കണ്ടൈൻമെന്റ് സോണും ഗതാഗത നിയന്ത്രണവും സ്‌കൂൾ അവധി പ്രഖ്യാപനവും ഒക്കെ മേൽപ്പറഞ്ഞ ഈച്ചയെ കൊല്ലാൻ വാളെടുത്തു വെട്ടുന്ന രീതി ഓർമ്മിപ്പിക്കുന്നു. നിയന്ത്രണ രീതികൾ ഏതു രീതിയിൽ, എവിടെയൊക്കെ കർക്കശമായി വേണം എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ന് നമ്മൾ പറഞ്ഞു കേൾക്കുന്ന, എല്ലാവർക്കും പാക മാവുന്ന രീതിയിൽ തയ്ക്കുന്ന കുപ്പായം ആവരുത്.

ഒരു പകർച്ചവ്യാധിക്കെതിരെ വേണ്ട നിയന്ത്രണ രീതികൾ ഏതു രീതിയിൽ വേണമെന്ന തിനു കണക്കിലെടുക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?.
രോഗാണു ഏതു തരത്തിൽ ഉള്ളതായാലും അത് പകർന്നു കിട്ടുന്നത് എവിടെ നിന്ന്?.

പ്രധാനമായി നാല് സാധ്യതകൾ:

എ) മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം.
ബി) മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്.
സി) മേൽപ്പറഞ്ഞ ഈ രണ്ടു രീതിയിലും.
ഡി) ഏതെങ്കിലും ഷഡ്പദങ്ങൾ.

പ്രതിരോധത്തിന് ഇവയിൽ ഓരോന്നിനും ഓരോ രീതികളാണ് അവലംബിക്കേണ്ടത്. മറ്റു മൃഗങ്ങളോ ഷഡ്പദങ്ങളോ ഇടയിൽ വർത്തിക്കുന്നു എങ്കിൽ നിയന്ത്രണരീതികൾ വളരെ വ്യത്യസ്തമാണ്. അവി ടെ സമൂഹജീവിതത്തെ അപ്പാടെ ബാധിക്കുന്ന രീതികൾ ആവശ്യമില്ല.

ഓർക്കേണ്ട മറ്റൊരു കാര്യം, ഒരു ഇടനിലക്കാരനായി മൃഗമോ ഷഡ്പദമോ ഉള്ള പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എളുപ്പമല്ല. ആലോചിച്ചു നോക്കൂ, വവ്വാലുകളെ കൊന്നൊടുക്കയോ, റാബീസ് പകർത്തുന്ന മൃഗങ്ങളെ ഉന്മൂലനം ചെയ്‌തോ ഒരിക്കലും രോഗങ്ങൾ തുടച്ചുമാറ്റാനാവില്ല. മൃഗങ്ങളിൽനിന്ന് പകർന്നുകിട്ടുന്ന കേസുകളിൽ മറ്റൊരു കാര്യം കൂടി പ്രധാനമാണ്. നിയന്ത്രണ രീതികൾക്ക് കാലപരിധിയില്ല. ലളിതമായി പറഞ്ഞാൽ, ഒരു നിപ കേസുണ്ടായാൽ കോണ്ടാക്ടുകളെ നിരീക്ഷിച്ചു നിർത്തുന്ന കാലഘട്ടം മൂന്നാഴ്ച കഴിഞ്ഞാൽ നമ്മൾ നിർത്തും. അവസാനത്തെ കേസും കഴിഞ്ഞാൽ നമ്മൾ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിയെപ്പോകും.

പക്ഷെ, മൃഗങ്ങളുടെ ഇടയിൽ രോഗാണു ഉണ്ടെങ്കിൽ അതെന്നാണ് ഇല്ലാതായി പോകുന്നത്? ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ അവയിൽ നിന്ന് നമ്മളിലേക്ക് പകർന്നു കിട്ടാതിരിക്കാനുള്ള രീതികൾ എന്നും അനു വർത്തിക്കണം. ഒരു പ്രത്യേക കാലഘട്ടത്തിൽ, വാർത്തകളിലും ചർച്ചകളിലും വിഷയം കത്തിനിൽക്കുന്ന കാലത്തു മാത്രമല്ല. ഇക്കാര്യം ഈ ഘട്ടത്തിൽ ഏറെ പ്രാധാന്യം ഉള്ളതാണ്. സത്യത്തിൽ നമ്മൾ നിസ്സാരവൽക്കരിച്ച്, മറന്നുപോവുന്ന ഒരു കാര്യം. ഒറ്റ വാക്കിൽ പറഞ്ഞാൽ നമ്മൾ ഇന്ന് അനുവർത്തിക്കുന്ന രീതികൾ മിക്കതും ആദ്യത്തെ ഗ്രൂപ്പിൽ (എ) ഉള്ളതിനെതിരെയാണ്. അവിടെയാണ് ഇന്ന് നമ്മൾ അനുവർത്തിക്കുന്ന രീതികൾ ഏറ്റവും ഫലപ്രദം.

ഇവിടെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ട്. നിപ്പ പകരുന്നത് രണ്ടു രീതിയിലാണല്ലോ.

  • മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്.

  • വവ്വാലുകളുടെ സ്രവങ്ങൾ വഴി മനുഷ്യനിലേക്ക്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എങ്കിൽ ഈ രീതികൾ പ്രസക്തം തന്നെയല്ലേ?. എത്ര ശതമാനം കേസുകൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നു കിട്ടുന്നു?. എത്ര ശതമാനം വവ്വാലുകളിൽ നിന്ന് നേരിട്ട് ജനങ്ങൾക്ക് കിട്ടുന്നു?

ഒറ്റ വാക്കിൽ ഈ ചോദ്യത്തിന് ഉത്തരം പറയാനാവില്ല.

ഇന്ത്യയിൽ ഇതുവരെയുണ്ടായ എല്ലാ കേസുകളും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യത കൂടുതലുള്ള ബംഗ്ലാദേശ് സ്ട്രെയിൻ ആണ്. നമ്മളുടെ അനുഭവവും അങ്ങനെ തന്നെ. 2018- ലെ ആദ്യ കേസിനുശേഷമുണ്ടായ 17 കേസുകളും ഈ രീതിയിലാണ്. മറ്റു രാജ്യങ്ങളിൽ വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും അവിടന്ന് മനുഷ്യനിലേക്കും ചെന്നെത്തിയ കേസുകൾ ആയി രുന്നു ഏറെയും. അപ്പോൾ ഇന്ത്യയിൽ മനുഷ്യ നിൽ നിന്ന് മനുഷ്യരിലേക്ക് പകരാതിരിക്കാനുള്ള രീതികൾക്ക് ഊന്നൽ കൊടുക്കേണ്ടതല്ലേ?
പറയാം

  • ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കൊടുക്കുമ്പോൾ രോഗം ബാധിച്ചയാൾ രണ്ടാമത് എത്ര ആളുകളിലേക്ക് പകർത്തിക്കൊടുക്കുന്നു എന്നത് പ്രധാനമാണ്. ഇതിൽ ഏറ്റവും കൂടുതൽ പകർച്ചാസാദ്ധ്യത ഉഛ്വാസവായുവിലൂടെയുള്ള രീതിയാണ്. മറ്റു സ്രവങ്ങൾ (ചർദ്ദിയോ മൂത്രമോ ഒക്കെ) വളരെ ചെറിയ പങ്ക് വഹിക്കുന്നു.

  • ഇതിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് രോഗം പകർത്തുന്ന അഞ്ചാംപനിയും ചിക്കൻ പോക്സും ഒക്കെ 17 പേർക്കുവരെ രോഗം പകർന്നു കൊടുക്കും. കോവിഡ് വളരെ കുറച്ചു പേർക്ക് മാത്രം, അതിലും ഏറെകുറവാണ്.

നിപ്പയുടെ പകർച്ചാസാധ്യത

നിപ്പ സ്രവങ്ങളിലൂടെയാണ് പകർന്നുകിട്ടുന്നത്, ഉച്ഛ്വാസവായുവിലൂടെയല്ല. 2018- ൽ ഈ രീതിയിൽ പകർന്ന് കിട്ടിയവരൊക്കെ ശ്വാസകോശബാധയുടെ ലക്ഷണങ്ങളുള്ള രോഗിയുമായി വളരെ അടുത്ത് ഇടപഴകിയവരായിരുന്നു. അവരിൽ ചിലർ രോഗിയുടെ ഛർദിൽ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ആശുപത്രിയുടെ ഇടനാഴികളിൽ അടുത്തടുത്ത് ഇരുന്നിരുന്നു.

ലക്ഷണമില്ലാതെ
രോഗം പകർത്താനുള്ള സാധ്യത?

കോവിഡ് കാലത്ത്, രോഗലക്ഷണങ്ങൾ ഒന്നുമേയില്ലാതെ എത്രയോ ആളുകൾ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. അതായത്, രോഗലക്ഷണങ്ങൾ ഒന്നുമേയില്ലാതെ നമ്മുടെ ഇടയിൽ നടന്നുപോവുന്നവർ എത്രയോ. ആരുമറിയാതെ നമുക്ക് രോഗം പകർന്നു കിട്ടും. പക്ഷെ, നിപ്പ രോഗിയിൽ നിന്ന് രോഗാണു സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പകർത്തുന്ന അവസ്ഥ എത്തുമ്പോഴേക്കും രോഗി തീർത്തും അവശനായിരിക്കും. ലക്ഷണമില്ലാതെ നമ്മുടെ ഇടയിലൂടെ നടന്നുപോവുന്ന ഒരു നിപ്പ രോഗിയും ഉണ്ടാവില്ല.

''ഇന്ന് നീ സ്‌കൂളിലേക്ക് പൊയ്‌ക്കോ’’ എന്ന് രക്ഷിതാവിന് കുട്ടിയോട് പറയാനാവുന്ന സുസ്ഥിതി കുട്ടിക്കുണ്ടെങ്കിൽ ആ കുട്ടിയിൽ നിന്ന് മറ്റൊരാളിലേക്ക് നിപ്പ പകർന്നുകിട്ടില്ല എന്ന് നൂറു ശതമാനം ഉറപ്പായി പറയാം. അപ്പോൾ, സ്‌കൂളുകൾ അടച്ചിടുകയല്ല വേണ്ടത്, എന്തെങ്കിലും അസുഖ ലക്ഷണമുള്ള കുട്ടികളെ രക്ഷിതാക്കൾ വീട്ടിലിരുത്തുകയാണ് വേണ്ടത്.

  • മറ്റൊരു കാര്യം, 15 വയസ്സിനു താഴെ നിപ്പ കേസുകൾ അപൂർ‍വ്വമാണെന്ന വസ്തുതയാണ്.

  • നിപ്പ രോഗാണു മറ്റൊരാളിലേക്ക് പകർന്നു നൽകാൻ സാധ്യതയുള്ള ഒരു രോഗിയും നമ്മുടെ ഇടയിലൂടെ നടന്നുപോവാനോ, മാളുകളിൽ ഷോപ്പിംഗ് നടത്താനോ, ബസ്സിൽ നമ്മു ടെ അടുത്തിരുന്ന് യാത്ര ചെയ്യാനോ ഉള്ള സാധ്യത ഇല്ല.

ചുരുക്കത്തിൽ, അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും നമുക്ക് തുടരാം. പക്ഷെ സ്‌കൂളുകൾ അടക്കുന്നതും ഗതാഗത നിയന്ത്രണവും മാളുകൾ പൂട്ടി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിക്കുന്നതും മണ്ടത്തരമാണ്. ജന ജീവിതം ദുസ്സഹമാക്കും എന്നതൊഴികെ ഒരു തരത്തിലും രോഗനിയന്ത്രണത്തിന് ആവശ്യമില്ലാത്ത രീതികളാണ്.

ആരാണ് സൂക്ഷിക്കേണ്ടത്?

ആതുര ശുശ്രൂഷകരാണ് ആദ്യത്തെ കൂട്ടർ.
നിപ്പ ബാധിക്കുന്ന പ്രധാന അവയവങ്ങൾ ശ്വാസകോശവും, തലച്ചോറും ആണ്. ഹൃദയവും നമ്മുടെ ഹൃദയതാളം നിയന്ത്രിക്കുന്ന ഓട്ടോണോമിക് നെർ‍വ് സിസ്റ്റവും ഒക്കെ ഉണ്ടെങ്കിലും ഇവയിൽ ആദ്യം പറഞ്ഞ രണ്ടു അവയവങ്ങളാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. എഴുപതോ എൺപതോ ശതമാനം മരണം സംഭവിക്കുന്നത് അവയെ രോഗം ബാധിച്ചാണ്.

പക്ഷെ പകർച്ചാസാധ്യത മുഴുവൻ ശ്വാസകോശത്തെ ബാധിച്ചോ എന്നതിനെ അനുസ രിച്ച് മാത്രവും. തലച്ചോറിനെ മാത്രം ബാധിക്കുന്ന കേസുകൾക്ക് സാധ്യത, രോഗനിർണയത്തിനായി സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് കുത്തിയെടുക്കുന്ന ഡോക്ടർക്കോ അത് നേരിട്ട് കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കോ മാത്രം. ശ്വാസകോശ രോഗമാവട്ടെ, ആരോഗ്യ പ്രവർത്തകർക്കും, കൂട്ടിരിപ്പുകാർക്കും, ആശുപത്രി ഇടനാഴികളിൽ അടുത്തടുത്ത പെരുമാറിയ മറ്റ് ആളുകൾക്കും.

ഒറ്റവാക്കിൽ പറഞ്ഞാൽ, പകർന്നു കിട്ടാനുള്ള സാധ്യത ആശുപത്രിയിൽ വെച്ച് മാത്രമാണ് 90 ശതമാനവും.

രോഗിയ പരിചരിക്കുന്ന ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിൽ നിന്ന് കിട്ടാനുള്ള സാധ്യത.

ശ്രദ്ധിക്കേണ്ട ആളുകൾ ആരൊക്കെ, എന്തൊക്കെ കരുതലുകൾ ജനങ്ങൾ എടുക്കണം?

  • ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട മാർഗനിർദ്ദേശങ്ങളെ കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല.

  • ജനങ്ങൾ ആശുപത്രിയിലേക്ക് പോവുന്നത്, കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഇരിക്കുന്നത്, മറ്റാളുകളുമായി ഇടപഴകുന്നത്- എല്ലാം ഏറെ കരുതലോടെയാവണം. രോഗപ്പകർച്ചയെക്കുറിച്ചും, മുൻകരുതലുകളെക്കുറിച്ചും നല്ല അവബോധം ഉണ്ടാവണം.

  • ഇതേക്കുറിച്ചുള്ള അവബോധം പകരാനായിരിക്കണം വരും ദിവസങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. അനാവശ്യമായ ഭീതി പരത്തുന്ന വാർത്തകളല്ല വേണ്ടത്.

  • നിയന്ത്രണരീതികളിൽ നമ്മൾ മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. വരും നാളുകളിൽ നിപ്പയെന്ന പകർച്ചവ്യാധി വരാതിരിക്കാൻ ഒരു ചെലവുമില്ലാത്ത ഏറ്റവും ഫലപ്രദമായ ഒന്ന്.

ഇന്നത്തെ രീതികളെല്ലാം ഒരു നിപ്പ കേസുണ്ടായ ശേഷം മാത്രം നടക്കുന്നു. വാർത്താപ്രാധാന്യം തീരുമ്പോൾ എല്ലാരും മറക്കുന്നു. അവസാനത്തെ കേസിലെ കോൺടാക്ട് നെഗറ്റീവ് ആവുന്നതോടെ നിയന്ത്രണാധീനമായി എന്ന ഉറപ്പിൽ എല്ലാം പഴയപടി.

നമ്മുക്ക് ചുറ്റുമുള്ള വവ്വാലുകളിൽ അപ്പോഴും നിപ്പ വൈറസ് സസന്തോഷം വിഹരിക്കുന്ന കാര്യം സൗകര്യപൂർ‍വ്വം മറക്കുന്നു. സത്യത്തിൽ കുട പിടിക്കേണ്ട ഇടം ഇവിടെയാണ്. അതുവരെ ചെയ്തതൊക്കെ മഴയില്ലാത്തിടത്തു കുടപിടിച്ചു പടമെടുത്തു വാർത്തയാക്കി എന്നത് മാത്രം.

ഏതാണ്ട് ഏപ്രിൽ തൊട്ട് ആഗസ്ത് വരെയുള്ള കാലത്താണ് ഇവിടെ നിപ്പ ഉണ്ടാകുന്നത്. ആ കാലഘട്ടത്തിൽ വവ്വാലുകളിൽ നിന്ന് ആദ്യത്തെ ആളിലേക്ക് വൈറസ് പകർന്ന് കിട്ടുന്ന ഇടമാണ് തടയേണ്ടത്. അവിടെയാണ് ആദ്യ തിരി കൊളുത്തപ്പെടുന്നത്. തിരിക്കപ്പുറം അണയാതെ ഒരു കനലായി വവ്വാലുകളിൽ വൈറസ് നിരന്തരം അവിടെയുണ്ടെന്ന സത്യം നമ്മൾ മറക്കുന്നു.

അപ്പോൾ വേണ്ടത്, ബിഹേവിയറൽ ചേഞ്ച് ആണ്. ചെലവില്ലാത്ത കാര്യം. ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണത്തിലൂടെ അവരുടെ പുതിയ ജീവിതശൈലിയായി മാറേണ്ടുന്ന കാര്യം.

  • ഏപ്രിൽ തൊട്ട് ആഗസ്ത് വരെ എങ്കിലും വവ്വാലുകൾ കടിച്ച് വീണുകിടക്കുന്ന പഴങ്ങൾ കഴിയുന്നതും കൈകൊണ്ട് തൊടാതിരിക്കുക, മറ്റു പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക, വവ്വാലുകളെയോ, പക്ഷികളെയോ മറ്റു മൃഗങ്ങളെയോ തൊടാതിരിക്കുക. എന്നുവെച്ച് പഴക്കടയിലേക്ക് പോവാതിരിക്കണം എന്നതല്ല.

  • രോഗമുള്ള കുട്ടികൾ വീട്ടിലിരിക്കട്ടെ എന്ന് രക്ഷിതാക്കളും അധ്യാപകരും തീരുമാനിക്കണം.

  • ആശുപത്രികളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സുരക്ഷിതമായ അകലം വേണം. ഓൺലൈൻ ബുക്കിങ്, സമയവും നൽകിക്കൊണ്ട് നീണ്ട ക്യൂ ഒഴിവാക്കാം.

  • ചുമയുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ശരിയായ രീതിയിൽ ഒരു സർജിക്കൽ മാസ്‌ക് കൊണ്ടുമാത്രം മറ്റുള്ളവരിലേക്ക് രോഗാണു എത്തിക്കുന്നത് തീർത്തും ഒഴിവാക്കാനാവും.


READ: അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments