ലോകാരോഗ്യ സംഘടനയുടെ ഉപവിഭാഗമായ 'ജീനാ' 2023-ലെ പുതുക്കിയ നിർദ്ദേശങ്ങൾ ആസ്ത്മ നിയന്ത്രണത്തിൽ അഞ്ചുതലത്തിൽ വിവിധ ഔഷധങ്ങളുടെ ഉപയോഗത്തോടൊപ്പംതന്നെ പാലിക്കേണ്ടുന്ന ഔഷധേതര മാർഗ്ഗങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ആസ്തമയുടെ ആക്രമണം ചെറുക്കാൻ 'റിലീവർ' ഗ്രൂപ്പിൽപ്പെട്ട ഉടനടി ഫലം ലഭിക്കുന്ന ഔഷധങ്ങളും 'കൺട്രോളർ' ഗ്രൂപ്പിൽപ്പെട്ട രോഗത്തിന്റെ ഭാവിയിലെ ആക്രമണം തടയുന്നതുമായ അനേകം ഔഷധങ്ങളുടെ വിവിധ അളവിലും സങ്കരരീതിയിലും ഉള്ള നിർദ്ദേശങ്ങൾ തരുന്നുണ്ട്. എന്നാൽ അതോടൊപ്പം പ്രാധാന്യമർഹിക്കുന്ന 12- ൽപ്പരം ഔഷധേതര മാർഗ്ഗങ്ങൾ ഇതിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അവയെക്കുറിച്ച് സംക്ഷിപ്ത രൂപത്തിൽ പ്രതിപാദിക്കാം.
1. പുകവലി പാടേ അവസാനിപ്പിക്കൂ
പുകവലിക്കാരായ ആസ്ത്മരോഗികൾ ഉടനടി പുകവലിയോ സമാനരീതികളോ ഉപേക്ഷിക്കണം. അടുത്തുള്ളവർ പുകവലിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് ആസ്ത്മ വർദ്ധിക്കാൻ കാരണമാകാം. കൂടാതെ 'തേർഡ് ഹാൻഡ് സ്‌മോക്കിംഗ്' എന്ന് പറയപ്പെടുന്ന പുകവലിക്കാരനുമായി നേരിട്ട് സമ്പർക്കമില്ലാതെ പുകവലിക്കാർ വലിച്ച സ്ഥലത്ത് രോഗി പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ആസ്ത്മ അധികരണവും തടയേണ്ടതാണ്. പുകവലി ഉപേക്ഷിക്കുവാൻ കൗൺസലിംഗ് ഉൾപ്പെടെയുള്ള വൈദ്യസഹായവും തേടാം. ആസ്ത്മ രോഗികളായ കുട്ടികളുടെ സംരക്ഷകരും മാതാപിതാക്കളും പുകവലി ഉപേക്ഷിക്കേണ്ടതാണ്. പുകവലിക്കാരായ ആസ്ത്മരോഗികൾ കാലക്രമേണ സി.ഒ.പി.ഡി. അഥവാ സ്ഥായിയായ ശ്വാസംമുട്ടലായി പുരോഗമിക്കും. അപ്പോൾ അതിനുള്ള ചികിത്സയും വ്യത്യാസപ്പെടുത്തണം.
2. മിതമായ പതിവ് വ്യായാമം
ആസ്ത്മരോഗികൾക്ക് പതിവായ വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇത് അവരുടെ പൊതുവായ ആരോഗ്യസംരക്ഷണത്തിന് സഹായകമാകും. ചിലതരം ആസ്ത്മകൾ വ്യായാമത്തോടൊപ്പം അധികരിക്കുന്ന (എക്‌സർസൈസ് ഇൻഡ്യൂസ്ഡ് ആസ്ത്മ) രീതിയുണ്ടെങ്കിൽ അതിൽ വേണ്ടുന്ന മുൻകരുതലുകൾ എടുക്കണം. വ്യായാമത്തിന് മുന്നോടിയായി 'വാം അപ്പ്' ചെയ്യുന്നത് പ്രയോജനകരമായിരിക്കും. വ്യായാമം ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു. കടുത്ത ആസ്ത്മരോഗികളുടെ ലക്ഷണങ്ങൾ കുറയുന്നതായും ജീവിതസൗഖ്യം വർദ്ധിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
3. ആസ്തമ അധികരിക്കുന്ന ജോലിയും സാഹചര്യങ്ങളും മനസ്സിലാക്കി കരുതിയിരിക്കുക
മുതിർന്നവരിൽ ആസ്ത്മയും തൊഴിൽസാഹചര്യവുമുള്ള ബന്ധം അവലോകനം ചെയ്യുകയും സാധ്യതയുള്ളവ ഒഴിവാക്കുകയും വേണം. അത്തരം അവസരങ്ങളിൽ ജോലിമാറ്റത്തിനുള്ള ഉപദേശം ഒരു ഒക്കുപ്പേഷണൽ എക്‌സ്‌പേർട്ടിന്റെ കയ്യിൽനിന്നും സ്വീകരിക്കണം.
4. ആസ്ത്മ അധികരിക്കുന്ന ഔഷധങ്ങൾ ഒഴിവാക്കുക
ആസ്തമരോഗികൾ മറ്റ് രോഗങ്ങൾക്ക് കഴിക്കുന്ന ഔഷധങ്ങളെക്കുറിച്ച് വിശകലനം നടത്തുക. വേദനസംഹാരികൾ, ഹൃദ്രോഗത്തിന് പ്രതിദിനം കഴിക്കുന്ന മരുന്നുകൾ, ചിലതരം കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ എന്നിവ ആസ്തമ അധികരിക്കുന്നതിന് കാരണമാകാം.

5. ആഹാരരീതി ക്രമീകരിക്കുക
ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതുവഴി ആരോഗ്യം പൊതുവേ നല്ലവണ്ണം സംരക്ഷിക്കുന്നതുമൂലം ആസ്തമ നിയന്ത്രിതമാകും. അമിതാഹാരവും വയറുനിറയെ കഴിക്കുന്നതും ഒഴിവാക്കണം.
6. വീട്ടിലെ ആസ്തമ ഉദ്ദീപകങ്ങളെ ഒഴിവാക്കുക
അലർജിക് ആസ്തമയുള്ളവരും അലർജി ഉണ്ടാക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള വസ്തുക്കൾ ഒഴിവാക്കാം. ഈർപ്പവും പൂപ്പൽ പിടിക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. വീട്ടിലെ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ ഒഴിവാക്കുന്നത് പലപ്പോഴും പ്രായോഗികമല്ല.
രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങളും തലയണകളും ഒഴിവാക്കണം. കിടക്കയും മെത്തയും വെയിൽകൊള്ളിക്കുന്നത് ''ഹൗസ് ഡസ്റ്റ് മൈറ്റ്'' എന്ന വളരെ സാധാരണ അലർജിക്ക് ആസ്തമ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ കുറയ്ക്കാൻ സാധിക്കും.
7. ഭാരം കുറയ്ക്കുക
അമിത വണ്ണമുള്ളവർ ശരീരഭാരം കുറയ്ക്കുന്നത് ആസ്തമ കുറയ്ക്കാൻ സഹായിക്കും. വിവിധതരം വ്യായാമമുറകൾ ഭാരം കുറയ്ക്കാനും ആസ്തമ ലക്ഷണങ്ങൾ കുറയ്ക്കാനും ഉപകരിക്കും.
8. ശ്വസനവ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കുക
എല്ലാത്തരം ശ്വസനവ്യായാമങ്ങളും ഔഷധചികിത്സയെ സഹായകരമാക്കുന്ന ഘടകമാണ്. ജീവിതസൗഖ്യം വർദ്ധിപ്പിക്കുവാനും ആസ്തമലക്ഷണം കുറയ്ക്കുവാനും സഹായിക്കുന്നു.
9. വീട്ടിലെ അന്തരീക്ഷമലിനീകരണം ഒഴിവാക്കുക
അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത പാചകരീതികളും വളരെ തുറസ്സായ വായുസഞ്ചാരമുള്ളയിടത്ത് പാചകം ചെയ്യുന്നതും ആസ്തമ ആക്രമണം കുറയ്ക്കാൻ സഹായിക്കുന്നു.
10. അന്തരീക്ഷ വ്യതിയാനങ്ങളെ കരുതിയിരിക്കുക
പൂമ്പൊടി ഉണ്ടാകുന്ന കാലത്തും വലിയ മഞ്ഞുവീഴ്ച്ചക്കാലത്തും കഴിവതും വീട്ടിൽ കഴിയുന്നത്, ആസ്തമ അധികരിക്കുന്നത് ഒഴിവാക്കാൻ കഴിയും.

11. മാനസികസംഘർഷം ഒഴിവാക്കുക
ആസ്തമ അധികരിക്കുന്നത് മാനസികസംഘർഷങ്ങൾ മൂലമാണെങ്കിൽ അത് നിയന്ത്രിക്കാൻ ശ്രദ്ധയോടെ പെരുമാറണം. പ്രാർത്ഥന, യോഗ, പ്രാണായാമം, മറ്റ് വ്യായാമങ്ങൾ ഇവയെല്ലാം മാനസികസംഘർഷം കുറയ്ക്കാനും ആസ്ത്മ നിയന്ത്രിക്കാനും സഹായിക്കും.
12. ചിലതരം ഭക്ഷണങ്ങൾ ആസ്തമ അധികരിക്കുന്നതായി തെളിയിക്കുന്നു, അവ ഒഴിവാക്കുക
ഭക്ഷണത്തോടൊപ്പം ചേർക്കുന്ന ചില കെമിക്കൽസും കളറിംഗ് വസ്തുക്കളും ആസ്തമ അധികരിക്കുന്നതായി കണ്ടിട്ടുണ്ട്. അവയും ഒഴിവാക്കുന്നതും ആസ്തമ നിയന്ത്രിക്കുന്നതിനു സഹായകരമാകും.
READ: വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം
ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി
ഒരു അപൂര്‍വ രോഗത്തിന്റെ കഥ
ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ
നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?
സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം
കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ
ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ
കൽപിതകഥയല്ല
ശാസ്ത്രം
ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

