മസ്തിഷ്ക ജ്വരം എന്നത് ഈയിടെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ്. സാധാരണയായി സൂക്ഷ്മജീവികളോ രാസവസ്തുക്കളോ മസ്തിഷ്കത്തിൽ വീക്കം ഉണ്ടാക്കുകയും, പനിയോടൊപ്പം അപസ്മാര ലക്ഷണങ്ങളോ സ്വഭാവവ്യത്യാസമോ ഉണ്ടാവുന്ന അവസ്ഥയെയാണ് മസ്തിഷ്കജ്വരം എന്നുപറയുന്നത്.
ഇന്ത്യയിൽ കാണുന്ന മസ്തിഷ്ക ജ്വരത്തിൽ 20 ശതമാനം വരെ ജപ്പാൻ ജ്വരവൈറസ് മൂലമുള്ളതാണ്. മസ്തിഷ്കത്തെ ബാധിക്കുന്ന വൈറസ് അണുബാധയാണ് ജപ്പാനീസ് എൻസെഫലൈറ്റിസ് അഥവാ ജപ്പാൻ മസ്തിഷ്ക ജ്വരം ((Japanese Encephalitis). രോഗ ചികിത്സയ്ക്കായി കൃത്യമായ ആന്റി വൈറൽ മരുന്ന് ലഭ്യമല്ലാത്തതിനാൽ, രോഗലക്ഷണങ്ങൾ ഉണ്ടാവുന്നവരിൽ 30 ശതമാനത്തോളം പേർ മരണത്തിന് കീഴ്പ്പെടും. രോഗമുക്തമാവുന്ന 30 മുതൽ 50 ശതമാനത്തോളം പേരിലും ദീർഘകാല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യും.

സമൂഹത്തിൽ ലക്ഷണങ്ങളോടുകൂടിയ ഒരു ജപ്പാനീസ് മസ്തിഷ്ക ജ്വര കേസ് ഉണ്ടെങ്കിൽ, അതിനു ചുറ്റും 250 മുതൽ 1000 ത്തോളം ആളുകളിൽ ലക്ഷണമില്ലാത്ത വൈറൽ അണുബാധയായി ഈ രോഗം വന്നു പോകുന്നുണ്ട്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് കൂടുതലായി രോഗലക്ഷണങ്ങൾ വരുന്നതും മരണം സംഭവിക്കുന്നതും.
ഈ രോഗം ഇന്ത്യയിലോ
കേരളത്തിലോ ഉണ്ടോ?
ഈ രോഗം ആദ്യമായി കണ്ടെത്തിയത് 1871- ൽ ജപ്പാനിലാണ്. ഇരുപതിലധികം തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഈ രോഗം കാലങ്ങളായി റിപ്പോർട്ട് ചെയ്തുവരുന്നു. ഇന്ത്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് വെല്ലൂരിലാണ്, 1955- ൽ. 22 സംസ്ഥാനങ്ങളിൽ ഈ വൈറസ് മൂലമുള്ള മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 90- കളിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി ജപ്പാൻ ജ്വര ഔട്ട്ബ്രേക്കുകളും മരണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിന് ശേഷമുള്ള മാസങ്ങളിലാണ് സാധാരണ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും 2005 മുതൽ ജപ്പാൻ ജ്വര വാക്സിനേഷൻ നൽകിവരുന്നു.
കേരളത്തിൽ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ്, മുൻ കാലഘട്ടങ്ങളിൽ ജപ്പാൻ ജ്വര കേസുകളും മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത് . ഇതിനെ പ്രതിരോധിക്കാനായി 2009 മുതൽ തന്നെ ജപ്പാൻ ജ്വര വാക്സിൻ, റൂട്ടിൻ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി നൽകിവരുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജപ്പാൻ മസ്തിഷ്ക ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 7 കേസുകളും, 2024- ൽ മാത്രം 3 മരണങ്ങളും ഉണ്ടായി. ഗ്രാമപ്രദേശങ്ങളിലും, കോർപ്പറേഷൻ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലും സമീപ കാലത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ, ലക്ഷണങ്ങൾ ഇല്ലാതെ ആയിരക്കണക്കിനാളുകളിൽ ജില്ലയിൽ ഈ വൈറസിന്റെ സംക്രമണം ഉണ്ടാവുന്നുണ്ട് എന്നും, അതിൽ ചിലർക്കെങ്കിലും, പ്രത്യേകിച്ച് കുട്ടികൾക്ക്, ഗുരുതര ലക്ഷണങ്ങളോടെ മരണമോ വൈകല്യമോ സംഭവിക്കാവുന്ന രീതിയിൽ മസ്തിഷ്കജ്വരം ഇനിയും വരാമെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.
ജപ്പാൻ മസ്തിഷ്ക ജ്വരം
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക്
പകരുന്നുണ്ടോ?
ജപ്പാൻ ജ്വരം ഉണ്ടാക്കുന്ന വൈറസ്, ഫ്ലാവി വൈറസ് എന്ന വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഇതേ വിഭാഗത്തിലാണ് ഡെങ്കി, വെസ്റ്റ് നൈൽ വൈറസ് എന്നിവയും ഉൾപ്പെടുന്നത്. ഇതിന്റെ സ്വാഭാവിക സ്രോതസ്സ് എന്നുപറയുന്നത് പക്ഷികളും (നീർക്കാക്ക, നീർക്കൊക്ക് തുടങ്ങിയവ), പന്നികളുമാണ്. ഇവയിൽനിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിൽ എത്തുന്നു. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്നതും, രാത്രി മനുഷ്യരെ കടിക്കുന്നതുമായ ക്യുലക്സ് കൊതുകുകളാണ് രോഗവാഹകർ. ഇവ ധാരാളമായി നമ്മുടെ ഭൂപ്രദേശത്ത് ഉണ്ട് താനും.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കൊതുക് വഴിയോ, നേരിട്ടോ ഈ രോഗം പകരുന്നില്ല.
ലക്ഷണങ്ങൾ എന്തെല്ലാം?
പനിയോടു കൂടി പെട്ടെന്നുണ്ടാവുന്ന സ്വഭാവവ്യത്യാസം, സ്ഥലകാലങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥ, അപസ്മാര ലക്ഷണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം കടുത്ത തലവേദന, ചർദ്ദി, ശരീരവേദന, വയറുവേദന എന്നിവയും ഉണ്ടാകാം. ഏതാനും ദിവസങ്ങളിൽ രോഗബാധിതർ ബോധക്ഷയം (കോമ) അവസ്ഥയിലേക്ക് പോവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യും. മസ്തിഷ്ക ജ്വരം തരണം ചെയ്യുന്നവരിൽ 30- 50 ശതമാനം വരെ ആളുകളിൽ നീണ്ടു നിൽക്കുന്ന തളർച്ച, ബൗദ്ധിക ശേഷിയിൽ വ്യത്യാസം എന്നിവ ഉണ്ടാവാറുണ്ട്.
എങ്ങനെ ഈ രോഗത്തെ പ്രതിരോധിക്കാം?
കൊതുകിൽനിന്ന് സ്വയം രക്ഷ നേടുക, കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുക എന്നതാണ് മറ്റൊരു പ്രതിരോധരീതി. ക്യൂലക്സ് കൊതുകുകൾ, മലിനജലത്തിലും കനാലുകളിലും ചതുപ്പുകളിലും മുട്ടയിട്ട് പെരുകുന്നവയായതിനാൽ, ഡെങ്കി ഉണ്ടാക്കുന്ന ഈഡിസ് കൊതുകിന്റെ ഉറവിട നശീകരണം പോലെ എടുപ്പമല്ല ഇതിന്റെ നിയന്ത്രണം.

എങ്കിലും കൊതുക് കടി കൊള്ളാതിരിക്കാൻ നെറ്റ് ഉപയോഗിക്കുന്നത് പോലെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. വെള്ളം കെട്ടി നിൽക്കുന്ന താഴ്ന്ന പ്രദേശങ്ങൾ മൂടുക, ചെറിയ വെള്ളക്കെട്ടുകളിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയും പ്രതിരോധ മാർഗ്ഗങ്ങളാണ്.
ഈ രോഗം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധി ക്കും. ചൈന ഉൾപ്പെടെയുള്ള പല തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും വർഷങ്ങൾക്ക് മുൻപ് തന്നെ വാക്സിൻ ഉപയോഗിച്ച് ജപ്പാൻ ജ്വര മരണനിരക്ക് കുറച്ചുകൊണ്ടുവന്നിട്ടുണ്ട്.
ഇന്ത്യയിലും ഈ മാതൃകയിൽ 368 ജില്ലകളിൽ വാക്സിൻ ഘട്ടംഘട്ടമായി ആരംഭിച്ച് മരണങ്ങൾ കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. വാക്സിൻ ഉപയോഗിക്കുന്ന ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ജപ്പാനീസ് മസ്തിഷ്ക ജ്വരം മൂലം മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിൽ നിന്ന് മരണങ്ങളും കേസുകളും സമീപകാലത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ജൻവാക് എന്ന നിർജ്ജീവമാക്കിയതും ( killed vaccine) സുരക്ഷിതവുമായ വാക്സിനാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നൽകുന്നത്. ഈ വാക്സിന്റെ ലക്ഷക്കണക്കിന് ഡോസുകൾ, വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട്. പേശികളിൽ എടുക്കുന്ന വാക്സിനാണിത്. വളരെ അപൂർവ്വമായി, ചെറിയ ശതമാനം കുട്ടികളിൽ പനി, കുത്തിവെപ്പ് എടുത്ത ഭാഗത്ത് ചെറിയ വേദനയോ, തടിപ്പോ, ചുവപ്പോ ഉണ്ടായേക്കാം. ഇതെല്ലാം ലഘുവായിട്ടുള്ള ലക്ഷണങ്ങളാണ്, ഒന്നോ രണ്ടോ ദിവസത്തിൽ തനിയെ മാറും.
‘ജപ്പാൻ ജ്വര വാക്സിൻ കാമ്പയിൻ’ എന്താണ്?
ഒരു സമൂഹത്തിൽ ജപ്പാനീസ് മസ്തിഷ്കജ്വരത്തിന്റെ വൈറസ് സംക്രമണം ഉണ്ടെങ്കിൽ, അവിടെ കുട്ടികളിൽ സാധാരണ കുത്തിവെപ്പിനോടൊപ്പം 9ാം മാസത്തിലും ഒന്നര വയസ്സിലുമായി രണ്ടു ഡോസ് വാക്സിൻ സംരക്ഷണത്തിനായി നൽകണം. ഇത്തരത്തിൽ എടുക്കുമ്പോൾ 93 - 96 % വരെ ജപ്പാൻ ജ്വരത്തിൽ നിന്ന് ഉയർന്ന സംരക്ഷണം ദീർഘകാലത്തേക്ക് കുട്ടികൾക്ക് ലഭിക്കും.
ഇങ്ങനെ ഒരു പ്രദേശത്ത് പുതുതായി വാക്സിൻ ആരംഭിക്കുമ്പോൾ, അതിനു മുൻപായി, ഈ രോഗം ബാധിക്കാവുന്ന മുതിർന്ന കുട്ടികൾക്ക് കൂടി സംരക്ഷണം നൽകുന്നതിനായി, ഒന്നു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒറ്റ ഡോസ് വാക്സിൻ മാസ് വാക്സിനേഷനായി നൽകാനാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ഇത്തരത്തിൽ എല്ലാ കുട്ടികൾക്കും സംരക്ഷണം ലഭിക്കാൻ ഒറ്റ തവണയായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ, എല്ലാ സ്കൂളുകളിലും അങ്കണവാടികളികളിലും ജനുവരി പകുതി മുതൽ മൂന്നാഴ്ച ആരോഗ്യ വകുപ്പ് വാക്സിൻ നൽകുന്നുണ്ട്.
വാക്സിൻ കൊണ്ട് പ്രതിരോധിക്കുവാൻ സാധിക്കുന്ന മസ്തിഷ്കജ്വരമാണ് ജപ്പാൻ ജ്വരം. രോഗം വന്നാൽ ഇതിന് കൃത്യമായ ചികിത്സയുമില്ല. രോഗസാന്നിധ്യമുള്ള പ്രദേശങ്ങളിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന ഏറ്റവും സുരക്ഷിതമായ രീതിയാണ് വാക്സിന് നൽകുക.
ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെയാണ് മൂന്നാഴ്ചക്കാല കാമ്പയിൻ രണ്ട് ജില്ലകളിലും നടത്തുന്നത്. 1 മുതൽ 15 വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താം.
സോഷ്യൽ മീഡിയ
ദുരുപയോഗം
മരണത്തിലേക്ക്
നയിക്കുമ്പോൾ
ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ
ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ
വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്
ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം
തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

