ചർമ്മകോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനാൽ ചെതുമ്പലുകളായി കാണപ്പെടുന്ന ഒരു രോഗമാണ് സൊറിയാസിസ്. അവിൽ പോലെയുള്ള വെളുത്ത വലിയ ശൽക്കങ്ങൾ ചെറിയ ചൊറിയോടെ ഏതാനും ഭാഗങ്ങളിലോ തൊലിയിൽ പലയിടത്തുമായോ പ്രത്യക്ഷപ്പെടുന്നു. ഇവ എളുപ്പത്തിൽ ചുരണ്ടിക്കളയാൻ പറ്റും. ശരീരം മുഴുവനായും പ്രത്യക്ഷപ്പെടുന്ന ഭീകരാവസ്ഥയും സൊറിയാസിസിന്റെ ലക്ഷണങ്ങളായി കാണാം.
രോഗകാരണങ്ങൾ
വ്യക്തമായി ഒറ്റ കാരണം ചൂണ്ടിക്കാണിക്കാൻ പറ്റാത്ത ഒരസുഖമാണ് സൊറിയാസിസ്. ജനിതകവും ആർജ്ജിതവുമായ പല കാരണങ്ങളും ഈ രോഗം വരാനിടയാക്കുന്നു. കുടുംബപശ്ചാത്തലമുള്ളവരിൽ 3 മുതൽ 6 ശതമാനം വരെ പാരമ്പര്യരോഗമായി വരാൻ സാധ്യതയുണ്ട്. നിരവധി പാരിസ്ഥിതികഘടകങ്ങളും (ഉദാ: ശൈത്യം) രോഗഹേതുവായി കണക്കാക്കപ്പെടുന്നു. വേനൽക്കാലം അപൂർവ്വം ചിലരിലൊഴിച്ച് നല്ല കാലമാണ്. മദ്യപാനം, പുകവലി, അമിതാഹാരം മുതലായവ സൊറിയാസിസ് വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്വയം പ്രതിരോധേശ്രണിയിലെ (Auto immuntiy) ടി. ലിംഫോസൈറ്റുകളെ (T. lymphocytes) ചുറ്റിപ്പറ്റിയാണ് സൊറിയാസിസ് രൂപപ്പെടുന്നത്. അതായത് സ്വയം പ്രതിരോധശ്രേണിയിലെ രോഗ (Auto immune disease) മായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. ആധുനിക മരുന്നുകളും ഈ അടിസ്ഥാനത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മനോനിലയുമായും സൊറിയാസിസ് ബന്ധപ്പെട്ടിരിക്കുന്നു. മാനസിക സമ്മർദ്ദവും പിരിമുറുക്കവും വിഷാദവുമെല്ലാം ഈ രോഗം പ്രത്യക്ഷപ്പെടാനും വർദ്ധിക്കാനും കാരണ മാകുന്നു.
ചില ഔഷധങ്ങൾ കഴിക്കുന്നതും (ഉദാ: വേദനസംഹാരികൾ- NSAIDS) പെട്ടെന്ന് നിർത്തുന്നതും (ഉദാ: സ്റ്റിറോയിഡുകൾ) സൊറിയാസിസിന് കാരണമാകും. സൊറിയാസിസ് പകരുന്ന രോഗമേയല്ല. പക്ഷെ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുക എന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗലക്ഷണങ്ങൾ
പല തരത്തിൽ ഈ രോഗം പ്രത്യക്ഷപ്പെടും. ചുമന്ന് വരണ്ട, എളുപ്പം ചുരണ്ടിപ്പോകാവുന്ന വെളുത്ത വലിയ ശൽക്കങ്ങൾ, ധാരാളമുള്ള ചെറുതും വലുതുമായ പാടുകൾ ഏതാനും ഭാഗങ്ങളിലായോ ശരീരം മുഴുവനായോ പ്രത്യക്ഷപ്പെടുന്നു. ചെറിയ ചൊറിച്ചിലുമുണ്ടാകാം. ഗൗരവകരമായ ചൊറിച്ചിൽ രോഗവർദ്ധനവിന്റെ സൂചനയാണ്. കൂടുതലായും കാണപ്പെടുന്നത് സന്ധികളുടെ പുറത്താണ് (കാൽമുട്ട്, കൈമുട്ട്). തലയിലും കൈകാൽ വെള്ളയിലും ഇതിന്റെ പാടുകൾ കാണാം.
പരുക്കുകൾ പറ്റുന്നയിടങ്ങളിലും ഈ പാടുകൾ പ്രത്യക്ഷപ്പെടും (Koebner phenomenon). ഇത് രോഗത്തിന്റെ അസ്ഥിരാവസ്ഥയെ സൂചിപ്പിക്കുന്നു. ദീർഘനാളായി ഏതാനും ഭാഗങ്ങളിൽ ഒതുങ്ങിനിൽക്കുന്ന തരം സൊറിയാസിസ് (stable psoriasis) ആണ് സാധാരണയായി കാണപ്പെടുന്നത്.
20 ശതമാനത്തിലധികം തൊലിയിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ആന്തരിക ചികിത്സ ആവശ്യമാണ്. 90 ശതമാനത്തിലധികം തൊലിയെയും രോഗം ബാധിച്ചാൽ (exfoliative psoriasis) 'ചർമ്മ പരാജയം' (skin failure) സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കിടത്തി ചികിത്സ നിർബന്ധമാണ്.
ഉള്ളംകൈയും കാലിനടിയും വരണ്ടുണങ്ങി വിണ്ടു കീറിയും വേദനയോടെയും ചിലർക്ക് ഈ രോഗമുണ്ടാകാറുണ്ട്. നിത്യജീവിതത്തിൽ പ്രയാസമുണ്ടാക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ ആന്തരിക മരുന്നുകൾ എടുക്കേണ്ടതായി വരാം.
ചലം നിറഞ്ഞ പനിയോടുകൂടിയ, എന്നാൽ അണുമുക്തമായ ചെറിയ കുരുക്കൾ ഏതാനും ഭാഗങ്ങളിലോ (കൈകാൽ വെള്ള) ശരീരം മുഴുവനായോ സൊറിയാസിസ് പ്രത്യക്ഷപ്പെടാറുണ്ട്. (pustular psoriasis). ഗർഭിണികളിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നു. ഈ അവസ്ഥയിലും കിടത്തി ചികിത്സ അനിവാര്യമാണ്.
സൊറിയാസിസ് നഖങ്ങളെയും വെറുതെ വിടാറില്ല. നഖങ്ങളിൽ ചെറുകുഴികൾ വീഴുകയും നഖം കട്ടി കൂടുകയും വിട്ടുപോവുകയും ചെയ്യുന്ന അവസ്ഥ സർവ്വസാധാരണമാണ്. നഖബാധ സന്ധിബാധയുടെ സൂചനയാണ്.
ചില കുട്ടികളിൽ ഒരു പ്രത്യേകതരം സൊറിയാസിസ് (guttate psoriasis), തൊണ്ടവേദനയ്ക്കും പനിക്കും ശേഷമുണ്ടാകാറുണ്ട്. ഇത് വളരെ വേഗം ഭേദപ്പെടാറുണ്ട്. ചിലപ്പോൾ വായിലും ലിംഗാഗ്രഭാഗ ങ്ങളിലും ഈരോഗം കാണാം.

സൊറിയാസിസ് തൊലിപ്പുറത്ത് മാത്രമോ?
ജനിതക സാധ്യതയുള്ളവരിൽ പല പാരിസ്ഥിതിക ആർജ്ജിത കാരണങ്ങളാൽ ചർമ്മത്തിൽ തുടങ്ങി മറ്റു പല അവയവ വ്യവസ്ഥകളെയും ബാധിക്കുന്ന ഒരു ആന്തരിക രോഗമായിട്ടാണ് ഇന്ന് വൈദ്യശാസ്ത്രം സൊറിയാസിസിനെ പരിഗണിക്കുന്നത്. കൈയിലെയും കാലിലെയും ചെറിയ സന്ധികളെ സൊറിയാസിസ് ബാധിക്കുന്ന തായി പണ്ടുമുതലേ അറിവുള്ളതാണ് (psoriatic arthritis). തലയിലും മുഖത്തും നഖങ്ങളിലും സൊറിയാസിസ് ഉള്ളവരിൽ സന്ധിബാധ കൂടുതലായി കാണപ്പെടുന്നു. 20 മുതൽ 30 ശതമാനം വരെ സൊറിയാസിസ് രോഗികളിൽ സന്ധിബാധയും കണ്ടുവരുന്നു. അതുകൊണ്ട് ഇത്തരം രോഗികൾ സന്ധിബാധ തടയാനുള്ള മുൻകരുതലുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കേണ്ടതാണ്.
പൊണ്ണത്തടിയുള്ളവരിൽ ഗൗരവതരമായ സൊറിയാ സിസ് കാണപ്പെടുന്നു. 30 വർഷങ്ങൾക്കുമുമ്പ് ഒരു രോഗിയെ 90 ശതമാനത്തിലധികം ചർമത്തിലും സൊറിയാസിസ് ബാധയായി കൊണ്ടുവന്നിരുന്നു. എന്റെ മുമ്പിലിരുന്ന അദ്ദേഹം നെഞ്ചുവേദനയോടെ നിലത്തുവീണു. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ഹൃദയസംബന്ധമായും രക്തസമ്മർദ്ദമായും പ്രമേഹവുമായും ബന്ധപ്പെട്ട യാതൊരു പൂർവ്വ ചരിത്രവും അദ്ദേഹത്തിനില്ലായിരുന്നു. എത്ര വിശകലനം ചെയ്തിട്ടും ഗ്രന്ഥങ്ങൾ പരതിയിട്ടും ഈ രണ്ടു രോഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിന് ഉത്തരം ലഭിച്ചിരുന്നില്ല.
എന്നാൽ പത്തു വർഷത്തിനിപ്പുറം സൊറിയാസിസ് തൊലിയിൽ മാത്രമുള്ളതാണെന്ന ധാരണ തിരുത്ത പ്പെട്ടുകൊണ്ടിരിക്കുകയാണ്. ദീർഘകാലം നീണ്ടുനില്ക്കുന്ന ഒരു നീർവീക്കമാണല്ലോ (chronic inflammation) ഈ രോഗം. നീണ്ടുനില്ക്കുന്ന ഇത്തരം അവസ്ഥയിൽ രക്തക്കുഴലുകൾക്കകത്തുള്ള കോശങ്ങളിൽ വീക്കവും ഇൻസുലിൻ റെസിസ്റ്റൻസും (insulin resistance) രക്തധമനി കളിൽ കൊഴുപ്പടിയുന്നതും ഹൃദ്രോഗവും സ്ട്രോക്കും ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ആയതിനാൽ ഈ 'സൊറിയാസ്റ്റിക് മാർച്ച്' (psoriatic march) തടയാൻ നേരത്തെ തന്നെ രോഗം 'അടിച്ചൊതുക്കുക' എന്ന സിദ്ധാന്തത്തിലേക്ക് ശാസ്ത്രം എത്തിയിരിക്കുന്നു.
പല പഠനങ്ങളും, 50 ശതമാനത്തോളം സൊറിയാസിസ് രോഗികളിൽ ഹൃദ്രോഗമുണ്ടാകുന്നതായി രേഖപ്പെടുത്തിയിരി ക്കുന്നു. സൊറിയാസിസ് 'തൊലിക്കപ്പുറത്തുള്ള രോഗ'മായി കണക്കാക്കപ്പെടുന്നു (beyond the skin).
രോഗ ചികിത്സാരീതികൾ
രോഗം സൊറിയാസിസ് തന്നെയാണോ എന്നറിയാനും തുടർന്നുള്ള കൃത്യമായ ചികിത്സക്കും ചർമ്മരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്. ഒരു ബഹുമുഖ ചികിത്സാപദ്ധതി തന്നെ വേണ്ടിവരും.
ഏതാനും ഭാഗത്ത് ഒതുങ്ങിനില്ക്കുന്ന പാടുകൾ മായാൻ പുറമേ പുരട്ടുന്ന ലേപനങ്ങൾ മതിയാകും. അമിതമായാൽ അമൃതവും വിഷമാണെന്നോർക്കണം. അസമയത്തുള്ള പുറംചികിത്സ ചിലപ്പോൾ രോഗവർദ്ധനക്ക് കാരണമായേക്കാം. 20 ശതമാന ത്തിലധികം തൊലി രോഗബാധിതമാവുകയോ തലയിലും നഖത്തിലും കാണപ്പെടുകയോ മുകളിൽ പറഞ്ഞ ഗൗരവാവസ്ഥയിൽ ആയാലോ ആന്തരി കമായി മരുന്നുകൾ കഴിക്കുകയും പുറമെ പുരട്ടുകയും വേണ്ടിവരും.
മദ്യപാനം, പുകവലി, മാനസിക പിരിമുറുക്കങ്ങൾ മുതലായവ ഒഴിവാക്കണം. ഇളംവെയിൽ മിക്കവരിലും ഗുണം തരുന്നു. ശരീരത്തിന്റെ മാർദ്ദവാവസ്ഥ തിരിച്ചുകൊണ്ടുവരാൻ കുഴമ്പുകളും എണ്ണകളും നിർബ്ബാധം ഉപയോഗിക്കണം. ചൊറിച്ചിൽ കുറയാനും ഇതാവശ്യമാണ്.
അടുത്തകാലത്തായി വികസിപ്പിച്ചെടുത്ത 'ബയോളജിക്കൽസ്' (Biologicals) എന്ന കുത്തിവെപ്പുമരുന്നുകൾ, ചെലവ് അല്പം കൂടുമെങ്കിലും കൃത്യതയും കുറിക്കുകൊള്ളു ന്നതുമായ ചികിത്സയാണ്. ഒരിക്കലും സ്വയം ചികിത്സ പാടില്ല.
ധ്രുവങ്ങളിൽ ജീവിക്കുന്നവരിൽ സൊറിയാസിസ് കാണപ്പെടുന്നില്ല. മത്സ്യാഹാരം കൂടുതൽ കഴിക്കുന്നതുകൊണ്ടാണിത്. ചുവന്ന മാംസാ ഹാരങ്ങൾ വർജ്ജിക്കുന്നത് നല്ലതാണ്.
ലോക സൊറിയാസിസ് ദിനം
(World Psoriasis Day)
എല്ലാ വർഷവും ഒക്ടോബർ 29 ലോക സൊറിയാസിസ് ദിനമായാചരിക്കുന്നു. 'സൊറിയാസിസും അതിന്റെ കൂടെയുള്ള രോഗങ്ങളും' എന്ന വിഷയത്തിൽ അവബോധം സൃഷ്ടിക്കാനാണ് ഈ വർഷം തീരുമാനിച്ചിരിക്കുന്നത്.
READ: പ്രസവത്തിന്
മുൻപും പിൻപും
വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും
മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ
അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ
പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

