മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം

‘‘മലയാള സിനിമയിൽ നായകന്മാരും നായികമാരും പലകാലങ്ങളിൽ ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തിരക്കഥാകൃത്തും സംവിധായകരും തങ്ങളുടെ ഒരു കഥാപാത്രത്തിന് മരണം വിധിക്കുന്നത്...? ആ മരണങ്ങളെല്ലാം എല്ലാ അർത്ഥത്തിലും നീതീകരിക്കപ്പെടേണ്ടതായിരുന്നുവോ?’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മനോജ് കോലോത്ത് എഴുതിയ ലേഖനം.

രു മനുഷ്യൻ, അയാളെ ചുറ്റിനിൽക്കുന്ന ഒരുപാട് മനുഷ്യരിൽനിന്നും തനിക്കിഷ്ടപ്പെട്ട ഒരിടത്തിൽ നിന്നും സ്വയം തിരസ്കൃതനാകാൻ തയ്യാറാവുന്നത് എന്തുകൊണ്ടാകും? അയാൾ / അവർ ഒരു സയന്റിസ്റ്റോ എൻജിനീയറോ, ഡോക്ടറോ, സാമൂഹിക പ്രവർത്തകനോ, രാഷ്ട്രീയക്കാരനോ, കലാകാരനോ, സാധാരണക്കാരനോ ആരായാലും ഒരു നിമിഷത്തിൽ ഈ ഭൂമി ജീവിക്കാൻ പറ്റാത്ത ഒരിടമായി തോന്നുന്നത് എന്തുകൊണ്ടാവും..?

ഇത് എഴുതിക്കൊണ്ടിരിക്കുന്ന നിമിഷത്തിൽ പോലും ലോകം മുഴുവൻ എത്രയോ മനുഷ്യർ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നുണ്ടാവും, അല്ലെങ്കിൽ ചെയ്യുന്നുണ്ടാവും.

സത്യത്തിൽ ആത്മഹത്യ ഒരു തയ്യാറെടുപ്പിന്റെ ഭാഗമാണോ, അല്ലെങ്കിൽ ഒരു നിമിഷത്തിന്റെ സന്നിഗ്ദ്ധതയിൽ ഒരാൾക്ക് പറ്റിപ്പോകുന്ന ഇടർച്ചയാണോ? എന്തുകൊാണ് ഒരാൾ സ്വന്തം ജീവിതത്തിന് പൂർണ്ണവിരാമമിടാൻ തീരുമാനിക്കുന്നത്?

ആത്മഹത്യയുടെ കാരണങ്ങളിൽ മനഃശാസ്ത്രപരവും സാമൂഹികവുമായ പല അടരുകൾ ഉണ്ടാവാം. ലോകവ്യാപകമായിത്തന്നെ ഇത്തരത്തിലുള്ള പല പഠനങ്ങളും ലഭ്യമാണ്. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിൽ ഡർഖൈമിന്റെ ആത്മഹത്യാ സിദ്ധാന്തം (Theory of Suicide) ആത്മഹത്യകളുടെ സാമൂഹികവശം പരിശോധിക്കുന്ന സാമൂഹ്യ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പഠനമാണ്.

നമ്മുടെ കലാരൂപങ്ങളിൽ, പ്രത്യേകിച്ച് സാഹിത്യത്തിലും സിനിമയിലും ആത്മഹത്യകൾ നിർലോഭം കടന്നുവരുന്നുണ്ട്. സിനിമയും സാഹിത്യവു മൊക്കെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും പരിച്ഛേദമെന്ന നിലയ്ക്ക് സ്വാഭാവികമായും അവയിൽ ജീവിതപ്രശ്‌നങ്ങൾക്കൊപ്പം ആത്മഹത്യകൾ പോലുള്ള സാമൂഹിക പ്രശ്‌നങ്ങളും പകർത്തപ്പെടും.

മലയാള സിനിമയിൽ നായകന്മാരും നായികമാരും പലകാലങ്ങളിൽ ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തിരക്കഥാകൃത്തും സംവിധായകരും തങ്ങളുടെ ഒരു കഥാപാത്രത്തിന് മരണം വിധിക്കുന്നത്...? ആ സിനിമ യിൽ ആ കഥാപാത്രം അങ്ങനെ സ്വയം മരണത്തിന് കീഴടങ്ങാൻ തക്ക കഥാസന്ദർഭങ്ങളോ ജീവിതപരിസരങ്ങളോ സാമൂഹിക സാഹചര്യങ്ങളോ ഉണ്ടായിരുന്നോ? ആ മരണങ്ങളെല്ലാം എല്ലാ അർത്ഥ ത്തിലും നീതീകരിക്കപ്പെടേണ്ടതായിരുന്നുവോ?

പ്രധാനപ്പെട്ട അഞ്ച് സംവിധായകരുടെ അഞ്ച് സിനിമകളിലെ ആത്മഹത്യാ സന്ദർഭങ്ങൾ / കാരണങ്ങൾ / വിചാരങ്ങൾ വിശകലനം ചെയ്യുകയാണിവിടെ.

ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് (1983)

തിരക്കഥ, സംവിധാനം: കെ.ജി ജോർജ്.
നിർമ്മാണം: ശത്രു ഇന്റർനാഷണൽ.
അഭിനേതാക്കൾ: നളിനി, ഗോപി, മമ്മൂട്ടി, ശുഭ.

ലേഖയുടെ മരണത്തിനുപിന്നിൽ:

കെ.ജി. ജോർജ് എന്ന മലയാളത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്റെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്. നടി ശോഭയുടെ യഥാർത്ഥ ജീവിതത്തെ അവലംബിച്ചെടു ത്ത സിനിമയിൽ, ജീവിതത്തിൽ ശോഭ എങ്ങനെയാണോ ജീവിതം സ്വയം അവസാനിപ്പി ച്ചത്, അതിനു സമാനമായ രീതിയിലാണ് സിനിമയിലെ നായികാകഥാപാത്രമായ നളിനിയുടെ ലേഖയും ചെയ്യുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് സിനിമയിൽ ചാൻസ് തേടി കോടമ്പാക്കത്ത് എത്തിയ ശാന്തമ്മയും അവരുടെ അമ്മ വിശാലാക്ഷിയും ആദ്യകാലങ്ങളിലെ കോടമ്പാക്കപ്പിന്നാമ്പുറ ജീവിതത്തിന്റെ കഷ്ടപ്പാടുകൊൾക്കൊടുവിൽ സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുകയും തുടർന്ന് ശാന്തമ്മ ലേഖയെന്ന പേരിൽ മുൻനിര നായികയായി, ദേശീയ അവാർഡ് നേടിയ പ്രശസ്ത യായ നടിയായി മാറുകയും ചെയ്യുന്നു. ലേഖ എന്തിന് ആത്മഹത്യ ചെയ്തു എന്ന് അന്വേഷിക്കുന്ന, സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്.

ലേഖക്ക് സംവിധായകൻ സുരേഷ് ബാബുവിനോട് (ഭരത് ഗോപി) തോന്നുന്ന പ്രേമവും സുരക്ഷിതത്വ ബോധവും വിവാഹിതനായ സുരേഷ് ബാബുവിന്റെ നിസ്സഹായതയും പിന്നീട് അയാളിൽ നിന്നും അവൾ നേരിട്ട തിരസ്കാരവും തുടർന്ന് ലേഖയുടെ ആത്മഹത്യയുമാണ് സിനിമ പറയുന്നത്.

കെ.ജി. ജോർജ് എന്ന മലയാളത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്റെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്.
കെ.ജി. ജോർജ് എന്ന മലയാളത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്റെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്.

പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ ലേഖ, താൻ കഷ്ടപ്പെട്ട് നേടിയെടുത്ത നടിയുടെ തിരക്കേറിയ വെള്ളിത്തിരജീവിതം ഉപേക്ഷിച്ച് സുരേഷ് ബാബുവുമൊത്തുള്ള സ്വസ്ഥജീവിതം തുടരുവാൻ ആഗ്രഹിക്കുന്നു. എന്നാൽ അയാളിൽ നിന്നുള്ള പ്രതികരണം ആശാവഹമല്ലാത്തതിനാൽ ലേഖയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വരുന്നില്ല. ഒരുപക്ഷേ മകളെ നടിയാക്കി അതുവഴി പ്രശസ്തിയും പണവും ലക്ഷ്യം വച്ചിരുന്ന അമ്മ വിശാലാക്ഷിയിൽ നിന്നും വിഭിന്നമായി സ്വസ്ഥമായ കുടുംബജീവിതം ആഗ്രഹിച്ച ലേഖക്ക് സുരേഷ് ബാബുവിന്റെ പിൻമാറ്റമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും രക്ഷനേടാൻ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തിരക്കഥാകൃത്തിനും സംവിധായകനും കത്തൊനായിട്ടുണ്ടാവില്ല. തീർത്തും വ്യക്തിപരമായ കാരണങ്ങളാൽ സൃഷ്ടിക്കപ്പെട്ട മാനസിക സംഘർഷങ്ങളാണ് ലേഖയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ ഇത് ശോഭയുടെയും ബാലു മഹേന്ദ്രയുടെയും യഥാർത്ഥ ജീവിതകഥയാണെന്ന് കാണുന്നവർക്ക് തിരിച്ചറിയാനാകും. ആദ്യം സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. ജോർജ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് ശോഭയുടെയും ബാലു മഹേന്ദ്രയുടെയും ജീവിതം ആസ്പദമാക്കിയാണ് സിനിമ ചെയ്തതെന്ന് കെ.ജി. ജോർജ് വ്യകതമാക്കുകയുണ്ടായി.

മലയാളത്തിലെയും കെ.ജി. ജോർജിന്റെ തന്നെയും മികച്ച സിനിമകളിൽ ഒന്നായി ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബ്ലാക്ക് ഇന്നും പരിഗണിക്കപ്പെടുന്നു.

ദേശാടനക്കിളി കരയാറില്ല (1986)

രചന, സംവിധാനം: പത്മരാജൻ.
നിർമാണം: ബർട്ടൻ മൂവീസ്.
അഭിനേതാക്കൾ: മോഹൻലാൽ, ശാരി, കാർത്തിക, ഉർവശി.

സമൂഹമെന്ന കുറ്റവാളി:

കൗമാരക്കാരായ രു പെൺകുട്ടികൾക്കിടയിൽ വളർന്നുവരുന്ന ആഴത്തിലുള്ള സൗഹൃദവും ഒരുപക്ഷേ കാഴ്ചക്കാർക്ക് ഊഹിച്ചെടുക്കാൻ പറ്റുന്ന തരത്തിൽ സൗഹൃദത്തിനപ്പുറത്തേക്ക് കടന്നുപോകുന്ന സ്വവർഗ പ്രണയത്തിന്റെ നിറങ്ങളും ചേർത്താണ് പത്മരാജൻ ദേശാടനക്കിളികളുടെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ഒരിക്കലും ഒരിടത്തും പ്രത്യക്ഷമായി അത്തരം സൂചനകൾ സിനിമയിൽ നൽകുന്നില്ലെങ്കിലും മോഹൻലാലിന്റെ ഹരിശങ്കർ എന്ന കഥാപാത്രത്തോട് കാർത്തികയുടെ നിമ്മിക്ക് തോന്നുന്ന ഇഷ്ടം ശാരിയുടെ കഥാപാത്രമായ സാലി എതിർക്കുകയും നിമ്മിയെ ചേർത്തുപിടിക്കുകയും ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവും, സാലിക്ക് നിമ്മിയോടുള്ള കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന്. ഇത്തരത്തിലുള്ള സന്ദർഭങ്ങൾ അവ്യക്ത സൂചനകളെന്നപോലെ പലപ്പോഴായി സിനിമയിൽ കടന്നുവരുന്നുമുണ്ട്.

പത്മരാജന്റെ മിക്കവാറും ചിത്രങ്ങൾ പോലെ തന്നെ കാലം തെറ്റി പിറന്ന ഒരു ബ്രില്യന്റ് സിനിമയായിരുന്നു ദേശാടനക്കിളിയും. ഒരാളില്ലാതെ മറ്റേയാൾക്ക് ജീവിക്കാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കുകയും (സാലിയുടെ അഭാവത്തിൽ നിമ്മി ആത്മഹത്യക്കൊരുങ്ങുന്നത്) എന്നാൽ നിബന്ധനകളുടെ അലിഖിതനിയമം സൃഷ്ടിച്ചുവച്ച സമൂഹത്തിനു മുൻപിലൂടെ രണ്ടു പേർക്കും ഒരുമിച്ചൊരു പ്രണയജീവിതം തുടരാൻ കഴിയാത്ത സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു (സ്കൂളിലേക്കും വീട്ടിലേക്കും ഇഷ്ടമില്ലാത്ത വെവ്വേറെ ജീവിതത്തിലേക്കുമുള്ള തിരിച്ചുപോക്ക്) എന്ന് തിരിച്ചറിയുകയും ചെയ്യുന്ന, പരസ്പരം വേർപെടാനാവാത്ത, നിസ്സഹായാവസ്ഥയിലാണ് ദേശാടനക്കിളികളിലെ സാലിയും നിമ്മിയും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്.

കൗമാരക്കാരായ രു പെൺകുട്ടികൾക്കിടയിൽ വളർന്നുവരുന്ന ആഴത്തിലുള്ള സൗഹൃദവും ഒരുപക്ഷേ  കാഴ്ചക്കാർക്ക് ഊഹിച്ചെടുക്കാൻ പറ്റുന്ന തരത്തിൽ സൗഹൃദത്തിനപ്പുറത്തേക്ക് കടന്നുപോകുന്ന സ്വവർഗ പ്രണയത്തിന്റെ  നിറങ്ങളും ചേർത്താണ് പത്മരാജൻ ദേശാടനക്കിളികളുടെ  തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.
കൗമാരക്കാരായ രു പെൺകുട്ടികൾക്കിടയിൽ വളർന്നുവരുന്ന ആഴത്തിലുള്ള സൗഹൃദവും ഒരുപക്ഷേ കാഴ്ചക്കാർക്ക് ഊഹിച്ചെടുക്കാൻ പറ്റുന്ന തരത്തിൽ സൗഹൃദത്തിനപ്പുറത്തേക്ക് കടന്നുപോകുന്ന സ്വവർഗ പ്രണയത്തിന്റെ നിറങ്ങളും ചേർത്താണ് പത്മരാജൻ ദേശാടനക്കിളികളുടെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

ഒരുപക്ഷേ പ്രാകൃതമെന്ന് തന്നെ ശേഷിപ്പിക്കാവുന്ന ഒരു സമൂഹത്തിൽ സ്വവർഗപ്രണയം / ലൈംഗികത ഒരു പാപമായി കാണുകയും (ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു) മാറ്റിനിർത്തപ്പെടുകയും ചെയ്യുമെന്ന തോന്നലും എന്നാൽ വിട്ടുപിരിയാനാവാ ത്ത, സഹജമായ പരസ്പരാകർഷണവും അവരെ ഒരു പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടാവാം. തീർച്ചയായും അത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചത് ഇനിയും വികസിതമായി തീർന്നിട്ടില്ലാത്ത നമ്മുടെ സമൂഹം തന്നെയാണ്. അപ്പോൾ സാലിയുടെയും നിമ്മിയുടെയും ആത്മഹത്യക്ക് കാരണക്കാർ സങ്കുചിതത്വം പേറുന്ന മനസ്സുകൾക്കുടമകളായ നമ്മൾ തന്നെയല്ലേ?

ഉത്സവപ്പിറ്റേന്ന് (1988)

തിരക്കഥ: ജോൺപോൾ.
സംവിധാനം: ഭരത് ഗോപി.
നിർമ്മാണം: തോംസൺ ഫിലിംസ്.
അഭിനേതാക്കൾ: മോഹൻലാൽ, പാർവതി, സുകുമാരൻ, ദേവൻ.

പ്രിയപ്പെട്ടവൾക്കുവേണ്ടിയുള്ള
ഒരു കളമൊഴിഞ്ഞു പോക്ക്:

‘‘കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തി
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ, വീണ്ടും​
പുലരി പിറക്കുന്നൂ വീണ്ടും...’’, കാവാലം നാരായണ പണിക്കർ എഴുതി ജി. ദേവരാജൻ സംഗീതം നൽകിയ ഈ ഗാനം എപ്പോൾ കേൾക്കുമ്പോഴും അനിയൻ കുട്ടൻ എന്ന പാവത്താൻ മോഹൻലാലിന്റെ മുഖം മനസ്സിൽ തെളിയും. അനിയൻ കുട്ടൻ എപ്പോഴും ഏട്ടൻ തമ്പുരാന്റെ അരുമയായ അനിയനായിരുന്നു. രവിയേട്ടൻ പറഞ്ഞാൽ എന്തും മുൻപിൻ നോക്കാതെ അനുസരിക്കുന്ന അനിയൻ. പഴയ പ്രതാപത്തിന്റെ അവശേഷിപ്പുകൾ ബാക്കി നിൽക്കുന്ന പൂവുള്ള കോവിലകത്തെ അവസാനത്തെ കണ്ണി. അച്ഛനെ കിട്ടില്ലാത്ത, ഭാര്യയുടെ അച്ഛനെ ഏറ്റവും സ്നേഹത്തോടെ അച്ഛാ എന്ന് വിളിക്കുന്ന, ഭാര്യയെ സുഹൃത്തായും ഏറ്റവും പ്രിയപ്പെട്ടവളായും കാണുന്ന, കുട്ടികളോട് കൂട്ടു കൂടുന്ന അടിമുടി നിഷ്‌കളങ്കനായ അനിയൻ കുട്ടൻ മോഹൻലാലിന്റെ അന്നുവരെയും പിന്നീട് ഒരിക്കലും കാണുകയോ ആവർത്തിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത തരം സവിശേഷ പാത്രസൃഷ്ടിയും പ്രകടനരീതിയും ആയിരുന്നു.

മനസ്സിൽ ഒരു നുള്ള് പോലും കളങ്കമില്ലാത്ത വെറു മൊരു പാവത്താൻ. എന്നിട്ടും അയാൾ ഒരു ദിവസം തന്റെ പ്രിയപ്പെട്ടവരെയെല്ലാം തനിച്ചാക്കി ആത്മഹത്യയിലൂടെ കളമൊഴിയുകയാണ്. ആത്മദുഃഖമോ വ്യക്തിപരമായ എന്തെങ്കിലും പ്രശ്‌നങ്ങളോ ഒന്നുമല്ല അയാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ത്യാഗത്തിന്റെയോ ഒഴിഞ്ഞു കൊടുക്കലിന്റെയൊ ഒക്കെ അത്രമേൽ ആത്മസമർപ്പണതുല്യമായ വിടപറയലായിരുന്നു അത്.

ആർക്കും ഉപയോഗമില്ലാത്ത ജന്മമാണ് തന്റേതെന്ന് സ്വയം പഴിയ്ക്കുന്ന അനിയൻ കുട്ടൻ തന്റെ പങ്കാളിയായ കാർത്തികയ്ക്ക് അവരുടെ പഴയ കാമുകനായ, ഇപ്പോൾ അനിയൻ കുട്ടന്റെ കൂടി സുഹൃത്തായ ബാലൻ മാഷുമായി ഒന്നിച്ചു ജീവിക്കാനുള്ള (താനുമായുള്ള വിവാഹം നടന്നത് കൊാണ് അവർക്ക് ഒരുമിച്ചുള്ള ജീവിതം നഷ്ടമാ യത് എന്ന വിചാരത്താൽ) അവസരമൊരുക്കലായിരുന്നു ആ ആത്മഹത്യ.

മനസ്സിൽ ഒരു നുള്ള് പോലും കളങ്കമില്ലാത്ത വെറു മൊരു പാവത്താൻ. എന്നിട്ടും അയാൾ ഒരു ദിവസം തന്റെ പ്രിയപ്പെട്ടവരെയെല്ലാം തനിച്ചാക്കി  ആത്മഹത്യയിലൂടെ കളമൊഴിയുകയാണ്.
മനസ്സിൽ ഒരു നുള്ള് പോലും കളങ്കമില്ലാത്ത വെറു മൊരു പാവത്താൻ. എന്നിട്ടും അയാൾ ഒരു ദിവസം തന്റെ പ്രിയപ്പെട്ടവരെയെല്ലാം തനിച്ചാക്കി ആത്മഹത്യയിലൂടെ കളമൊഴിയുകയാണ്.

തന്റെ കൂട്ടുകാരായ കുട്ടിക്കൂട്ടത്തിനു മുന്നിൽ വച്ച്, ഇന്നോളം ആരും കാണിച്ചിട്ടില്ലാത്ത ഒരു തമാശ കാണിക്കാം എന്ന് പറഞ്ഞ് ഊഞ്ഞാൽകയറുകൊണ്ട് കഴുത്തിൽ കുരുക്കുണ്ടാക്കി മുറുക്കി ഒഴിഞ്ഞ ഉത്സവപ്പറമ്പിലെ ആലിൻ കൊമ്പിൽ നിന്നും താഴേക്ക് ചാടുന്ന അനിയൻ കുട്ടന്റെ തൂങ്ങിയാടുന്ന കാലുകളുടെ ഫ്രെയിം ഇപ്പോൾ കാണുമ്പോഴും നമ്മളിൽ ഒരു നടുക്കമുണ്ടാക്കും.

ഒരു വടക്കൻ വീരഗാഥ (1989)

രചന: എം. ടി. വാസുദേവൻ നായർ.
സംവിധാനം: ഹരിഹരൻ.
നിർമ്മാണം: ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്.
അഭിനേതാക്കൾ: മമ്മൂട്ടി, മാധവി, ക്യാപ്റ്റൻ രാജു, ബാലൻ. കെ. നായർ, സുരേഷ് ഗോപി.

ത്യാഗം പോലെ ഒരു ആത്മബലി:

പുത്തൂരം വീടിനോടും കണ്ണപ്പച്ചേകവരോടും തീർ ത്താൽ തീരാത്ത കടപ്പാടാണ് ചന്തുവിനുള്ളത്. അനാഥമായ ബാല്യത്തിൽ ചന്തുവിനെ ഏറ്റെടുത്ത് വളർത്തിയതും ആയോധനകലകൾ പഠിപ്പിച്ചു സ്വന്തം മകനെപ്പോലെ ചേർത്തുനിർത്തിയതും കണ്ണപ്പച്ചേകവരാണ്. ജീവിതത്തിൽ ചന്തു തോറ്റ വനാണ്. പലരും ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്, പലവട്ടം. വേണമെങ്കിൽ മുൻപേ ആത്മഹത്യ ചെയ്യാനുള്ള നിരവധി സന്ദർഭങ്ങൾ, തിരസ്കാരങ്ങൾ, അവഗണനകൾ ഒക്കെ ചന്തുവിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മലയനോട് തൊടുത്തു മരിച്ച അച്ഛനും സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈ വിറച്ച ഗുരുനാഥനും പൊന്നിനും പണത്തിനുമൊപ്പം സ്നേഹം തൂക്കിനോക്കിയപ്പോൾ മോഹിച്ച പെണ്ണും സത്യം വിശ്വസിക്കാത്ത ചങ്ങാതിയും ഒന്നടങ്കം തോൽപ്പിച്ചപ്പോൾപ്പോലും മരണത്തെക്കുറിച്ച്, ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ചന്തു എന്തുകൊണ്ടാണ് സിനിമയുടെ അവസാനം പുത്തൂരം വീട്ടിലെ ഇളമുറക്കാരുടെ മുൻപിൽ ആത്മഹത്യ ചെയ്തത്?

ആത്മഹത്യ ചെയ്യുവാനുള്ള ഒന്നിലധികം കാരണങ്ങൾ ചന്തുവിന്റെ ജീവിതത്തിലുണ്ടായിരുന്നു. പ്രാണനുതുല്യം സ്നേഹിച്ച പെണ്ണിൽ നിന്നുമുള്ള അപമാനവും ആട്ടിയിറക്കലും മാത്രം മതിയായിരുന്നു വ്യക്തിത്വം നഷ്ടപ്പെട്ടുപോയ ചന്തുവിന് ആത്മഹത്യ ചെയ്യാൻ. പക്ഷേ എന്നിട്ടും അയാളത് ചെയ്തില്ലല്ലോ.

ഉണ്ണിയാർച്ചയുടെ അപ്പോഴത്തെ പ്രതിസന്ധിയിൽ / നിസ്സഹായാവസ്ഥയിൽ അവൾ അങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിക്കപ്പെട്ടതാണെന്ന വിശ്വാസ ത്താലോ അല്ലെങ്കിൽ ഇപ്പോഴും ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്ന ഉണ്ണിയാർച്ചയോടുള്ള അഗാധമായ പ്രേമത്താലോ അന്ന് നേരിട്ട അപമാനത്തെയെല്ലാം അയാൾ മറികടന്നിട്ടുണ്ടാവാം.

ചതിയൻ ചന്തു എന്ന് പിന്നീട് പുത്തൂരം പാട്ടിൽ സ്ഥാനം പിടിക്കാൻ കാരണമായ, ഇരുമ്പാണിക്ക് പകരം മുളയാണി വച്ച മാറ്റച്ചുരിക അങ്കത്തട്ടിൽ ആരോമലിന് കൈമാറിയ ചതിയുടെ കഥയും മുറിച്ചുരികയെറിഞ്ഞ് അരിങ്ങോടരെ ആരോമൽ വീഴ്ത്തിയ വീരകഥയും പിന്നീട് അങ്കത്തളർച്ചയിൽ മയങ്ങിയ ആരോമലിനെ മുറിച്ചുരിക കൊണ്ട് കുത്തി വീഴ്ത്തിയ ചതിയൻ ചന്തുവിന്റെ കഥയും നാടുമുഴുവൻ തീ പോലെ പടർന്നുപിടിച്ചിട്ടും അപമാനഭാരത്താൽ ചന്തു ആത്മഹത്യ ചെയ്തില്ല.

എം.ടി എന്ന അസാമാന്യനായ തിരക്കഥാകൃത്ത് എല്ലാ കാലത്തേക്കുമായി ഒരുക്കിവെച്ച ക്ലൈമാക്‌സിന്റെ മനോഹാരിതയാണത്. ജീവിതത്തിൽ മുൻപുണ്ടായ പല തിരിച്ചടികളിലും തിരസ്കാരങ്ങളിലും അവഗണനകളിലുമൊക്കെ തകർന്നാണ് ചന്തു ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ ഇപ്പോഴുള്ള വീരപരിവേഷം ഒരിക്കലും ചന്തുവിനു ലഭിക്കുമായിരു ന്നില്ല. പകരം, ഒരു ത്യാഗം പോലെ പുത്തൂരം വീടിന്റെ പൈതൃകം നിലനിർത്തുവാൻ, കണ്ണപ്പച്ചേക വരോടുള്ള സ്നേഹവും കടപ്പാടും ഉയർത്തിക്കാട്ടുവാൻ, ചന്തുവിനോട് നേർക്കുനേർ പോരാടി തലകൊയ്‌തെടുത്ത തനിക്കു പിറക്കാതെ പോയ മകനായ ആരോമലിന്റെ വീരചരിതം ഇനിയങ്ങോട്ട് പാടിപ്പുകഴ്ത്തപ്പെടാൻ, ചന്തു സ്വന്തം ജീവൻ ബലി കൊടുക്കുകയായിരുന്നു. തനിക്ക് എക്കാലത്തും പ്രിയപ്പെട്ടവരുടെ മാനാഭി മാനങ്ങൾ സംരക്ഷിക്കാനുള്ള ചന്തുവിന്റെ ആത്മഹത്യയെന്ന ഈ ബലിദാനം മലയാള നിനിമാ ചരിത്രത്തിലെയും അപൂർവ്വതയാണ്.

ആത്മഹത്യ ചെയ്യുവാനുള്ള ഒന്നിലധികം കാരണങ്ങൾ ചന്തുവിന്റെ  ജീവിതത്തിലുണ്ടായിരുന്നു. പ്രാണനുതുല്യം സ്നേഹിച്ച പെണ്ണിൽ നിന്നുമുള്ള അപമാനവും ആട്ടിയിറക്കലും മാത്രം മതിയായിരുന്നു വ്യക്തിത്വം നഷ്ടപ്പെട്ടുപോയ ചന്തുവിന്  ആത്മഹത്യ ചെയ്യാൻ.
ആത്മഹത്യ ചെയ്യുവാനുള്ള ഒന്നിലധികം കാരണങ്ങൾ ചന്തുവിന്റെ ജീവിതത്തിലുണ്ടായിരുന്നു. പ്രാണനുതുല്യം സ്നേഹിച്ച പെണ്ണിൽ നിന്നുമുള്ള അപമാനവും ആട്ടിയിറക്കലും മാത്രം മതിയായിരുന്നു വ്യക്തിത്വം നഷ്ടപ്പെട്ടുപോയ ചന്തുവിന് ആത്മഹത്യ ചെയ്യാൻ.

കഥാവശേഷൻ (2004)

രചന, സംവിധാനം: ടി.വി. ചന്ദ്രൻ.
നിർമ്മാണം: ഗ്രാൻഡ് പ്രൊഡക്ഷൻസ്.
അഭിനേതാക്കൾ: ദിലീപ്, ജ്യോതിർമയി, ഇന്ദ്രൻസ്.

For the shame of being alive..

ഗുജറാത്ത് കലാപം കഥാവശേഷനാക്കിയ ഗോപിനാഥന്റെ കഥയാണ് കഥാവശേഷൻ. മലയാള സിനിമ കണ്ട ആത്മഹത്യകളിൽ, ഒരുപക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിന്നു മാറി ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം അസ്വസ്ഥമാക്കിയ ആത്മഹത്യയാണ് ഗോപിനാഥമേനോന്റേത്. എത്രമേൽ രാഷ്ട്രീയമായി രുന്നു ആ ആത്മഹത്യയുടെ കാരണമെന്ന് അറിയുമ്പോഴാണ് നമ്മളും മനുഷ്യരായി ഇവിടെ ഇപ്പോഴും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അപമാനഭാരത്തോടെ ഓർത്തുപോകുന്നത്. പൊടുന്നനെ ഒരു ദിവസം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട എൻജിനീയർ കൂടിയായ ഗോപിനാഥമേനോ​ന്റെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുന്നത് അയാളുടെ കാമുകി / ഭാവിവധുവിലൂടെയാണ്.

പലരും അറിഞ്ഞ ഗോപിയുടെ കഥ, ഗോപിയുടെ തന്നെ പല സുഹൃത്തുക്കളിലൂടെ ഗോപി കണ്ട /ഗോപിയെ കണ്ട പലതരം മനുഷ്യരിലൂടെ സഹാനുഭൂതിയും സൗഹൃദവും സ്നേഹവും നിറഞ്ഞ ഓരോരോ കഥകളായി പ്രേക്ഷകരും അറിയുന്നു.

ഗുജറാത്തിൽ ജോലി ചെയ്യുന്ന സമയത്ത് ഗോപിനാഥന്റെ ഫ്‌ളാറ്റിനടുത്ത് താമസിച്ചിരുന്ന, ഗോപിയോട് അത്രമേൽ അടുപ്പമുണ്ടായിരുന്ന ഒരു മുസ്ലിം പെൺകുട്ടി പിന്നീട് ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അടിമുടി തകർന്നു പോയ ഗോപിനാഥൻ 'ഈ ഭൂമിയിൽ ഇനി തുടർന്നു ജീവിക്കുവാൻ ലജ്ജ തോന്നുന്നു' എന്ന കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്യുകയാണ്. ഏതുകാലത്തും പ്രസക്തമാകുന്നുണ്ട്, ഇന്ത്യയുടെ മതനിരപേക്ഷതയെ ആഴത്തിൽ മുറിവേൽപ്പിച്ച ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഗോപിനാഥന്റെ ഈ ആത്മഹത്യ.

ഒരുപക്ഷേ മലയാള സിനിമയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഇത്രത്തോളം പ്രസക്തമായ, കാഴ്ചക്കാരെ ഇത്രമേൽ അസ്വസ്ഥമാക്കിയ ഒരു സ്വയം വിടവാങ്ങൽ നായകന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടേയില്ല.

മലയാള സിനിമ കണ്ട ആത്മഹത്യകളിൽ, ഒരുപക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിന്നു മാറി ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം അസ്വസ്ഥമാക്കിയ ആത്മഹത്യയാണ് ഗോപിനാഥമേനോന്റേത്.
മലയാള സിനിമ കണ്ട ആത്മഹത്യകളിൽ, ഒരുപക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിന്നു മാറി ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം അസ്വസ്ഥമാക്കിയ ആത്മഹത്യയാണ് ഗോപിനാഥമേനോന്റേത്.

വാൽക്കഷ്ണം: ആത്മഹത്യകൾക്ക് സാമൂഹികമോ ആത്മനിഷ്ഠമോ പ്രകോപനപരമോ സംഭവാ ധിഷ്ഠിതമോ ഒക്കെയായ അനേകം കാരണങ്ങൾ കണ്ടെത്താനുണ്ടാകും. പലതരം സാമൂഹിക- മാനസിക- വൈദ്യശാസ്ത്ര ഇടപെടലുകളിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ചിലപ്പോൾ ഗണ്യമായ കുറവ് വരുത്താനും ഒരു പുരോഗമന സമൂഹത്തിൽ കഴിഞ്ഞേക്കും. എന്നാൽ ഒരു തിരക്കഥാകൃത്തിന് /സംവിധായകന് കഥാപുരോഗതിയുടെ ഒരു ഘട്ടത്തിൽ ഒരുപക്ഷേ തന്റെ ചില കഥാപാത്രങ്ങൾക്ക് ആത്മഹത്യ എന്ന സിനിമാറ്റിക് പ്രതിവിധി നിശ്ചയിക്കേണ്ടിവരും എന്ന യാഥാർത്ഥ്യം നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

READ: ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments