ചാഞ്ചാട്ട സാധ്യത
ആരെ തുണയ്ക്കും
തൃശൂരിൽ?

‘‘ചാഞ്ചാട്ടസാധ്യതയുള്ള മണ്ഡലങ്ങൾ ഏറെയുള്ള ജില്ല എന്ന നിലയ്ക്ക് തൃശൂരിലെ റിസൾട്ട് അപ്രതീക്ഷിതമായി മാറാൻ സാധ്യതയേറെയാണ്’’- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ വിശകലനം: തൃശൂർ ജില്ല.

2011- ലെ സെൻസസ് പ്രകാരം തൃശൂർ ജില്ലയിലെ ജനസംഖ്യ 3,12,1200 ആണ്. 58.40% -ഓളം ഹിന്ദുക്കളും 24.30%- ഓളം ക്രിസ്ത്യാനികളും 17.10%- ഓളം മുസ്ലിംകളുമാണ്.

ജില്ലയിൽ 13 നിയമസഭാമണ്ഡലങ്ങളുണ്ട്. 2008- ൽ മണ്ഡല പുനർനിർണയം പൂർത്തീകരിച്ചപ്പോൾ മാള, കൊടകര, ചേർപ്പ് എന്നീ മണ്ഡലങ്ങൾ റദ്ദായി, പകരം പുതുക്കാട്, കൈപ്പമംഗലം എന്നീ രണ്ട് മണ്ഡലങ്ങൾ പുതുതായി വന്നു. 2026 ഫെബ്രുവരിയിലെ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 25,12,921 വോട്ടർമാരാണുള്ളത്. 86 ഗ്രാമപഞ്ചായത്തുകൾ, 7 നഗരസഭകൾ, തൃശൂർ കോർപ്പറേഷൻ എന്നിവയാണ് ജില്ലയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ.

2000 വരെയുള്ള നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും അവർ നയിക്കുന്ന മുന്നണിക്കും മേൽക്കൈ ഉണ്ടായിരുന്നു. സമീപകാലത്തായി ഇടതുപക്ഷത്തിന് ആധിപത്യം ലഭിക്കുന്ന ജില്ലയായി മാറി. സി.പി.ഐയ്ക്ക് ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള ജില്ല.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശ്ശൂർ ജില്ലയിൽ മുന്നണികൾ നേടിയ സീറ്റുകളുടെ എണ്ണം
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശ്ശൂർ ജില്ലയിൽ മുന്നണികൾ നേടിയ സീറ്റുകളുടെ എണ്ണം

1. ചേലക്കര:
എൽ.ഡി.എഫ്
തുടരും?

  • മുൻ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് കണക്കാക്കിയാൽ 6- 20 ശതമാനം വരെ അധികം വോട്ട് എൽ ഡി എഫിന് ലഭിച്ചിട്ടുണ്ട്.

1965- ൽ രൂപീകരിച്ച ചേലക്കര പട്ടികജാതി സംവരണമാണ്. ചേലക്കര, ദേശമംഗലം, കൊണ്ടഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്ലാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണുള്ളത്.

1967 മുതൽ കോൺഗ്രസ് സ്ഥിരമായി വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിൽ 1982- ലാണ് ആദ്യമായി സി. കെ. ചക്രപാണിയിലൂടെ സി പി എം വിജയിക്കുന്നത്. കോൺഗ്രസിലെ പി കുഞ്ഞൻ, കെ കെ ബാലകൃഷ്ണൻ, എം എ കുട്ടപ്പൻ, എം പി താമി എന്നിവർ ജയിച്ച മറ്റ് കോൺഗ്രസ് നേതാക്കാളാണ്. എന്നാൽ, 1996-ൽ സി പി എമ്മിലെ കെ രാധാകൃഷ്ണന്റെ ജയത്തോടെ ചേലക്കരയുടെ ചിത്രം മാറി. അദ്ദേഹം തുടർച്ചയായി അഞ്ചു തവണ ജയിച്ചുവെന്നുമാത്രമല്ല, ഭൂരിപക്ഷം വർധിപ്പിച്ച് ചേലക്കരയെ എൽ.ഡി.എഫ് കോട്ടയാക്കി മാറ്റുകയും ചെയ്തു.

നേമം, വട്ടിയൂർക്കാവ്;
തിരുവനന്തപുരത്ത്
ആരുടെ സാധ്യതയ്ക്കാണ്
ലീഡ്?

ഉറച്ച UDF കോട്ട,
മലപ്പുറത്തെ സാധ്യതകൾ

ഇടതുകോട്ട,
സുധാകര​ന്റെ
കണ്ണൂർ

ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

2021-ൽ ആകെയുള്ള 1,98,086 വോട്ടർമാരിൽ 1,53,315 പേരാണ് പോൾ ചെയ്തത്. കെ രാധാകൃഷ്ണന് 83,415 വോട്ടും യു ഡി എഫിലെ സി സി ശ്രീകുമാറിന് 44015 വോട്ടും ബി ജെ പിയിലെ ഷാജുമോൻ വട്ടേക്കാടിന് 24,045 വോട്ടുമാണ് ലഭിച്ചത്. 2024- ലെ ലോകസഭാതെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാധാകൃഷ്‌ണൻ നിയമസഭാംഗത്വം രാജിവെച്ചു. 2024- ലെ ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിലെ മുൻ എം എൽ എയും സി പി എം നേതാവുമായ യു ആർ പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി.

2011 മുതൽ 2024 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ചേലക്കര മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2024 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചേലക്കര മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊണ്ടഴി, പാഞ്ഞാൾ, പഴയന്നൂർ, വള്ളത്തോൾ നഗർ, വരവൂർ ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫും ദേശമംഗലം, മുള്ളൂർക്കര ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും ഭൂരിപക്ഷം നേടി. തിരുവില്ലാമല പഞ്ചായത്തിൽ ബി ജെ പിയാണ് അധികാരത്തിലെത്തിയത്. ചേലക്കര ഗ്രാമപഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ്‌ ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എട്ടായിരത്തോളം വോട്ടിന്റെ മുൻ‌തൂക്കം എൽ ഡി എഫിനുണ്ട്.

ഇത്തവണ യു.ആർ. പ്രദീപിനെ നേരിടാൻ യു.ഡി.എഫ്, മുസ്‍ലിം ലീഗിലെ ശിവൻ വീട്ടിക്കുന്നിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കെ. ബാലകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.

മുൻ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് കണക്കാക്കിയാൽ 6- 20 ശതമാനം വരെ അധികം വോട്ട് എൽ ഡി എഫിന് ലഭിച്ചിട്ടുണ്ടെന്ന് കാണാം. ഇത് പരിഗണിച്ചാൽ ചേലക്കരയിൽ എൽ.ഡി.എഫ് തുടരാനാണ് സാധ്യത.

2. കുന്നംകുളം:
പ്രതീക്ഷയിൽ വീണ്ടും
എ.സി. മൊയ്തീൻ

  • 2016- ലും 2021- ലും ഭൂരിപക്ഷം വർധിപ്പിച്ച എൽ.ഡി.എഫ് 2021-ൽ 49 ശതമാനത്തോളം വോട്ട് നേടി. ഈ സാഹചര്യത്തിൽ മുന്നണി 2026- ലും വിജയം പ്രതീക്ഷിക്കുന്നു.

ദ്യ തെരഞ്ഞെടുപ്പ് മുതൽ നിലവിൽ വന്ന നിയമസഭാ മണ്ഡലമാണ് കുന്നംകുളം. കുന്നംകുളം നഗരസഭയും ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ ഗ്രാമപഞ്ചായത്തുകളുമാണ് തദ്ദേശ സ്ഥാപനങ്ങൾ.

1957 മുതൽ 2001 വരെ സി പി എമ്മിനെയും കോൺഗ്രസിനെയും മാറി മാറി വിജയിപ്പിച്ച ചരിത്രം. കോൺഗ്രസിലെ പി ആർ കൃഷ്ണൻ, കെ പി വിശ്വനാഥൻ, ടി വി ചന്ദ്രമോഹൻ എന്നിവരും സി പി എമ്മിലെ ടി കെ കൃഷ്ണൻ, എ എസ് എൻ നമ്പീശൻ, കെ പി അരവിന്ദാക്ഷൻ എൻ ആർ ബാലൻ, ബാബു എം പാലിശ്ശേരി എന്നിവരും മുൻകാല ജനപ്രതിനിധികളാണ്.

2006 മുതൽ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുന്നു. 2016 മുതൽ സി പി എമ്മിലെ എ സി മൊയ്തിനാണ് ജയിക്കുന്നത്.

2021-ൽ ആകെ പോൾ ചെയ്തത് 1,54,831 വോട്ടാണ്. എ സി മൊയ്തീന് 75532 വോട്ടും കോൺഗ്രസിലെ കെ ജയശങ്കറിന് 48901 വോട്ടും ബി ജെ പിയിലെ കെ കെ അനീഷ്‌കുമാറിന് 27479 വോട്ടും ലഭിച്ചു. 26,631 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മൊയ്തീൻ വിജയിച്ചത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  കുന്നംകുളം  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കുന്നംകുളം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കുന്നംകുളം നഗരസഭയിലും ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തി. കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫിനാണ് ഭരണംത്. എൽ ഡി എഫിന് 9000- ലേറെ വോട്ട് കൂടുതൽ.

2011- ൽ നേരിയ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് വിജയിച്ചതെങ്കിൽ 2016- ലും 2021- ലും ഭൂരിപക്ഷം വർധിപ്പിച്ചു. 2021-ൽ 49 ശതമാനത്തോളം വോട്ട് ഇടതുമുന്നണി നേടുകയും ചെയ്ത സാഹചര്യത്തിൽ എൽ ഡി എഫ് 2026- ലും വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണ എ.സി. മൊയ്തീനെതിരെ കോൺഗ്രസിലെ അജയ് മോഹനാണ് മത്സരിക്കുന്നത്. ബി.​ഡി.ജെ.എസിലെ കെ.ആർ. രജിനും എൻ.ഡി.എ സ്ഥാനാർഥിയായി രംഗത്തുണ്ട്.

3. ഗുരുവായൂർ:
വോട്ട് വർഗീയതക്കെതിരെ

  • മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രവണത മാറണമെങ്കിൽ ചുരുങ്ങിയത് അഞ്ചു ശതമാനം വോട്ടെങ്കിലും എൽ ഡി എഫിന് പ്രതികൂലമായി മാറേണ്ടിയിരിക്കുന്നു. ഇതിനുള്ള സാധ്യത വളരെ കുറവാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലമാണെങ്കിലും ഡീലിമിറ്റേഷൻ പ്രക്രിയകളു​ടെ ഭാഗമായി ഗുരുവായൂർ മണ്ഡലത്തിലെ പ്രദേശങ്ങൾക്ക് വ്യത്യാസം വന്നിട്ടുണ്ട്. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾ, ഏങ്ങണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കെക്കാട് ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് തദ്ദേശ സ്ഥാപനങ്ങൾ. മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിന് തൊട്ടടുത്ത പ്രദേശമായ ഗുരുവായൂർ മണ്ഡലത്തിൽ ഏതാണ്ട് തുല്യ ശതമാനം (45%) ഹിന്ദു, മുസ്ലിം വിഭാഗത്തിലുള്ളവരാണ്.

പൊതുവെ ഇടതുപക്ഷമുന്നണിക്ക് സ്വാധീനമുള്ള മണ്ഡലമാണ്. അതോടൊപ്പം മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള ഒട്ടേറെ പ്രദേശങ്ങളുമുണ്ട്. മുസ്ലിം ലീഗും നിരവധി തവണ ജയിച്ചിട്ടുണ്ട്.

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

വിദ്യാഭ്യാസവിചക്ഷനും അധ്യാപകനുമായിരുന്ന പി.കെ. കോരുവാണ് ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ജയിച്ചത്. 1957- ലെ കമ്മ്യൂണിസ്റ്റു പാർട്ടി സർക്കാരിന് പിന്തുണ നൽകിയ അഞ്ചു സ്വതന്ത്രരിൽ ഒരാളായിരുന്നു പി.കെ. കോരു. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെയുള്ള നിർണ്ണായക നിയമനിർമ്മാണങ്ങൾ നടന്ന ഒന്നാം നിയമസഭയിൽ സർക്കാരിന്റെ പുരോഗമനപരമായ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകുന്നതിൽ പ്രധാനിയായിരുന്നു കോരു കൂളിയാട്ട് എന്നറിയപ്പെടുന്ന പി.കെ. കോരു.

കോൺഗ്രസിലെ കെ ജി കരുണാകരമേനോൻ (1967), മുസ്ലിം ലീഗിലെ ബി വി സീതി തങ്ങൾ (1967, 1977, 1980), പി കെ കെ ബാവ (1982,1987), പി എം അബുബക്കർ (1991), കർഷക തൊഴിലാളി പാർട്ടിയുടെ വി വടക്കൻ (1970), സി പി എമ്മിലെ പി ടി കുഞ്ഞുമുഹമ്മദ് (1996), കെ വി അബ്ദുൽഖാദർ (2006, 2011, 2016) എന്നിവർ ഗുരുവായൂരിലെ മുൻ ജനപ്രതിനിധികളാണ്. ദീർഘകാലം മുസ്ലിം ലീഗ് അംഗങ്ങൾ വിജയിച്ചിരുന്ന മണ്ഡലമാണെങ്കിലും 2006 മുതൽ ഇടതുമുന്നണിയോടാണ് കൂടുതൽ ആഭിമുഖ്യം.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഗുരുവായൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഗുരുവായൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 2,11,447 വോട്ടർമാരിൽ പോൾ ചെയ്തത് 1,46,759 പേരാണ്. സിപിഎമ്മിലെ എൻ കെ അകബറിന് 77072 വോട്ടും മുസ്ലിം ലീഗിലെ കെ എൻ എ ഖാദറിന് 58,804 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനാൽ അവരുടെ വോട്ട് ഏതു സ്ഥാനാർത്ഥിക്കാണ് ലഭിച്ചതെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ എൽ ഡി എഫ് മേൽക്കൈ നേടിയെങ്കിലും ഗ്രാമപഞ്ചായത്തുകളായ കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കെക്കാട് എന്നിവിടങ്ങളിൽ യു ഡി എഫാണ് അധികാരത്തിലെത്തിയത്. ഏങ്ങണ്ടിയൂർ ഗ്രാപഞ്ചായത്തിൽ എൽഡിഎഫാണ് കൂടുതൽ വാർഡുകളിൽ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 1000 ലേറെ വോട്ടിന്റെ മേൽക്കൈ എൽ ഡി എഫിനുണ്ട്.

2011 മുതൽ 10%- നടുത്ത വ്യത്യാസം എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള മണ്ഡലത്തിൽ മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രവണത മാറണമെങ്കിൽ ചുരുങ്ങിയത് അഞ്ചു ശതമാനം വോട്ടെങ്കിലും എൽ ഡി എഫിന് പ്രതികൂലമായി മാറേണ്ടിയിരിക്കുന്നു. ഇതിനുള്ള സാധ്യത വളരെ കുറവാണ്.

ഇത്തവണ എൻ.കെ. അക്ബറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.എച്ച്. റഷീദാണ് യു.ഡി.എഫ് സ്ഥാനാർഥി. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവരുണ്ടായിട്ടും 50 വർഷമായി ഒരു ഹിന്ദു എം.എൽ.എയെപ്പോലും ഇടതു- വലതു മുന്നണികൾ നിയമസഭയിലേക്ക് അയച്ചിട്ടില്ല എന്ന എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം വിവാദത്തിലേക്കും നിയമനടപടികളിലേക്കും കടന്നിരിക്കുകയാണ്. ഗുരുവായൂരിൽ സി പി എം ബി ജെ പി ഡീൽ നടന്നതായും 2021-ൽ ബി ജെ പി വോട്ട് വാങ്ങിയാണ് എൻ. കെ. അക്ബർ വിജയിച്ചതെന്നും സി.എച്ച്. റഷീദ് ആരോപിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങളുണ്ടെങ്കിലും അത് വോട്ടിംഗിനെ സ്വാധീനിക്കാനിടയില്ല.

4. മണലൂർ:
തിരിച്ചുപിടിക്കാനും
നിലനിർത്താനും

  • സ്വന്തം പാർട്ടികൾക്കും മുന്നണികൾക്കും പുറത്ത് വോട്ട് സമാഹരിക്കാൻ തക്ക ജനപ്രിയതയുള്ളവരാണ് യു.ഡി.എഫ്- എൽ.ഡി.എഫ് സ്ഥാനാർഥികൾ.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലം. അരിമ്പുർ, മണലൂർ, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ തൈക്കാട് പ്രദേശം ഉൾകൊള്ളുന്ന വാർഡുകൾ, വെങ്കിടങ്ങ്, ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് 2008-ലെ മണ്ഡല പുനഃസംഘടന പ്രകാരം മണലൂർ മണ്ഡലത്തിലുള്ളത്.

ഇരുമുന്നണികൾക്കും വിജയസാധ്യത ഒരേ പോലെയുള്ള മണ്ഡലം. മുമ്പ് യു.ഡി.എഫ് തുടർച്ചയായി ജയിച്ചിട്ടുണ്ടെങ്കിലും 2006 മുതൽ ഇടതുപക്ഷ മുന്നണിക്ക് മുൻതൂക്കമുള്ളതായി മാറിയിട്ടുണ്ട്.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി 1957-ൽ മണലൂരിൽ നിന്നാണ് വിജയിച്ചത്. സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ടാം തിരഞ്ഞെടുപ്പിൽ മണലൂരിൽ വിജയിച്ച മറ്റൊരു പ്രമുഖൻ. കോൺഗ്രസ്സിലെ എൻ ഐ ദേവസ്സിക്കുട്ടി (1967, 1970, 1977), വി എം സുധീരൻ (1980, 1982, 1987, 1991), റോസമ്മ ചാക്കോ (1996), എം കെ പൗലോസ് (2001), പി എ മാധവൻ (2011) സി പി എമ്മിലെ മുരളി പെരുനെല്ലി (2006) എന്നിവർ മുൻകാല ജനപ്രതിനിധികളാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മണലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മണലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2011- ൽ കോൺഗ്രസിലെ പി എ മാധവൻ വിജയിച്ചെങ്കിലും 481 വോട്ടിന്റെ ചെറിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം സി പി എമ്മിലെ മുരളി പെരുനെല്ലി വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

2021-ൽ ആകെ പോൾ ചെയ്ത 1,67,502 വോട്ടിൽ മുരളി പെരുനെല്ലി 46.17% വോട്ട് നേടി യു ഡി എഫിലെ വിജയ് ഹരിയെ പരാജയപ്പെടുത്തി; ഭൂരിപക്ഷം: 29876. 2011ൽ 7.6 ശതമാനത്തോളം വോട്ട് നേടിയ ബി ജെ പിയ്ക്ക് 2021- ൽ 21.83% വോട്ടാണ് ലഭിച്ചത്. ഈ വർദ്ധനവ് പ്രതികൂലമായി ബാധിച്ചത് യുഡിഎഫിനെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണലൂർ, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, ചൂണ്ടൽ, കണ്ടാണശ്ശേരീ പഞ്ചായത്തുകളിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടി. അരിമ്പുർ, പാവറട്ടി, വെങ്കിടങ്ങ് എന്നിവിടങ്ങളിൽ ഐക്യ മുന്നണിക്കാണ് അധികാരം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 1000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് എൽ ഡി എഫിനുള്ളത്.

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

2016- ലും 2021- ലും എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 12, 18 ശതമാനത്തോളം അധികം വോട്ട് ലഭിച്ചിരുന്നു. ബി ജെ പിക്ക് ലഭിക്കുന്ന വോട്ട് മണ്ഡലത്തിലെ ജയ- പരാജയങ്ങളെ നിശ്ചയിക്കുന്നതിൽ നിർണായകമായിരിക്കും.

ഇത്തവണ, മണലൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളാണ്; ടി.എൻ. പ്രതാപവും മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും. പാർട്ടികൾക്കും മുന്നണികൾക്കും പുറത്ത് വോട്ട് സമാഹരിക്കാൻ തക്ക ജനപ്രിയതയുള്ളവരാണ് ഇരുവരും. ടി.എൻ. പ്രതാപനാകട്ടെ, എം.പിയെന്ന നിലയ്ക്കുള്ള പ്രവർത്തനം അധിക നേട്ടമാകും. എൻ.ഡി.എയുടെ അഡ്വ. കെ.കെ. അനീഷ്കുമാറും ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ്.

5. വടക്കാഞ്ചേരി:
സാധ്യത തുല്യം

  • 2021- ലെ കണക്കുപ്രകാരം എൽ ഡി എഫിന് 10 ശതമാനത്തോളം വോട്ട് അധികം ലഭിച്ചിട്ടുണ്ടെങ്കിലും മുൻകാല രാഷ്ട്രീയ സ്വഭാവം പരിഗണിച്ചാൽ ഇരു മുന്നണികൾക്കും വിജയിക്കാൻ ഒരുപോലെ സാധ്യതയുള്ള മണ്ഡലം.

1957 മുതൽ പ്രാബല്യത്തിലുള്ള വടക്കാഞ്ചേരി മണ്ഡലം ഇരു മുന്നണികളും കടുത്ത മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ്. വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് വടക്കാഞ്ചേരി മണ്ഡലം. ഒരു മുന്നണിക്കും സ്ഥിരമായ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ‘സ്വിംഗ് മണ്ഡല’മാണിത് എങ്കിലും കൂടുതൽ തവണ വിജയം കോൺഗ്രസിനായിരുന്നു. ഈ അനുകൂല പരിഗണനയിലാണ് 2004- ൽ നിയമസഭാംഗമല്ലാതിരുന്ന കെ. മുരളീധരൻ മന്ത്രിയായപ്പോൾ, എം.എൽ.എയാകാൻ വടക്കാഞ്ചേരിയിൽ മത്സരിച്ചത്. എന്നാൽ, സി പി എമ്മിലെ എ.സി. മൊയ്തീനോട് പരാജയപ്പെടുകയായിരുന്നു.

ദ്വയാംഗ മണ്ഡലമായിരുന്ന വടക്കാഞ്ചേരിയിൽനിന്ന് 1957,1960 തിരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ സി സി അയ്യപ്പനും പി എസ് പി യിലെ കെ ബാലകൃഷ്ണ മേനോനും കോൺഗ്രസിലെ കെ കൊച്ചുകുട്ടനുമാണ് വിജയിച്ചത്. സപ്തകക്ഷി മുന്നണിയുടെ ഘടകകക്ഷിയായ എസ്‌ എസ്‌ പി യിലെ എൻ കെ ശേഷൻ 1967- ൽ വിജയിച്ചു. സപ്തകക്ഷിമുന്നണി ഭരണം തകർന്നതിനുശേഷം 1969- ൽ സി പി ഐ നേതൃത്വത്തിൽ രൂപീകരിച്ച സി അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു എൻ കെ ശേഷൻ. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിലെ എ എസ് എൻ നമ്പീശൻ, എ സി മൊയ്തീൻ, കോൺഗ്രസിലെ കെ എസ് നാരായണൻ, വി ബലറാം, സി എൻ ബാലകൃഷ്ണൻ, അനിൽ അക്കര എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . കോൺഗ്രസിലെ കെ.എസ്. നാരായണൻ നമ്പൂതിരിയാണ് കൂടുതൽ തവണ (1977, 1980, 1982, 1987, 1991) വിജയിച്ചത്.

2004-ലെ ഉപതിരഞ്ഞെടുപ്പോടെയാണ് മണ്ഡലം ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്താൻ തുടങ്ങിയത്. 2016-ൽ കോൺഗ്രസിലെ അനിൽ അക്കര വെറും 43 വോട്ടിനാണ് സി പി എമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തിയത്. 2016 മുതൽ ബി ജെ പിയുടെ വോട്ട് വിഹിതവും വർധിക്കുന്നുണ്ട്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  വടക്കാഞ്ചേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വടക്കാഞ്ചേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്തത് 1,69,861 വോട്ട്. എൽ ഡി എഫിലെ സേവിയർ ചിറ്റിലപ്പള്ളി 47.70% വോട്ടു നേടി അനിൽ അക്കരയെ 15,168 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നഗരസഭയിലും തെക്കുംകര, അവനൂർ, മുളംകുന്നത്തുകാവ് പഞ്ചായത്തുകളിലും ഇടതു മുന്നണി ഭൂരിപക്ഷം നേടി. അടാട്ട്, കൈപ്പറമ്പ്, കോലഴി, തോളൂർ പഞ്ചായത്തുകളിൽ ഐക്യ മുന്നണിക്കാണ് അധികാരം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 1500 ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് എൽ ഡി എഫിനുള്ളത്.

സിറ്റിങ് എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി​ക്കെതിരെ യു.ഡി.എഫിനായി പി.എൻ. വൈശാഖാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥി ഉല്ലാസ് ബാബുവാണ്.

2021- ലെ കണക്കുപ്രകാരം എൽ ഡി എഫിന് 10 ശതമാനത്തോളം വോട്ട് അധികം ലഭിച്ചിട്ടുണ്ടെങ്കിലും മുൻകാല രാഷ്ട്രീയ സ്വഭാവം പരിഗണിച്ചാൽ ഇരു മുന്നണികൾക്കും വിജയിക്കാൻ ഒരുപോലെ സാധ്യതയുള്ള മണ്ഡലമാണ് വടക്കാഞ്ചേരി.

6. ഒല്ലൂർ:
തുടരും സി.പി.ഐ?

  • ബി ജെ പിക്ക് മികച്ച വോട്ട് വിഹിതമുള്ള മണ്ഡലം, എൽ.ഡി.എഫ് നിലനിർത്തുമെന്ന് ​പ്രതീക്ഷ.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ ഇരു മുന്നണികളും വിവിധ ഘട്ടങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തവണ ജയം കോൺഗ്രസിനായിരുന്നു. എന്നാൽ, സമീപകാലത്ത് ഇടതുപക്ഷത്തിനോടാണ് കൂടുതൽ ആഭിമുഖ്യം. തൃശ്ശൂർ കോർപ്പറേഷനിലെ 14 വാർഡുകളും മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ ഗ്രാമ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.

1957 മുതൽ 1977 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി ആർ ഫ്രാൻസിസും 1967- ൽ സി പി എമ്മിലെ എ വി ആര്യനുമാണ് ജയിച്ചത്. 1970-ൽ ആര്യൻ മത്സരിച്ചത് മണലൂർ മണ്ഡലത്തിലായിരുന്നു. മണ്ഡലം മാറി മത്സരിച്ച ആര്യൻ പരാജയപ്പെട്ടു. പിന്നീട് സി പി എം നേതൃത്വവുമായി കലഹിച്ച് പാർട്ടിയിൽനിന്ന് പുറത്തുപോയി 1972 മെയിൽ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നൽകി. 1972 ൽ സി പി എം നേതാവ് അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയ കേസിൽ അദ്ദേഹം പ്രതിയായെങ്കിലും പിന്നീട് കോടതി വെറുതെ വിട്ടു.

കോൺഗ്രസിലെ രാഘവൻ പുഴക്കടവിൽ, പി പി ജോർജ്, എം പി വിൻസെന്റ്, സി പി ഐയിലെ എ എം പരമൻ, സി എൻ ജയദേവൻ, രാജാജി മാത്യു തോമസ് എന്നിവർ മുൻ ജനപ്രതികളാണ്.

1996 മുതൽ സി പി ഐ സ്ഥാനാർത്ഥികളാണ് ജയിക്കുന്നത്. ഇതിനു വ്യത്യസ്തമായ ജനവിധിയുണ്ടായത് 2011-ൽ കോൺഗ്രസിലെ എം.പി. വിൻസെന്റിലൂടെയാണ്. 2016-ലും 2021 ലും സി പി ഐയുടെ കെ രാജൻ വിജയിച്ചു. 2021-ൽ 21,506 വോട്ടുകളുടെ വലിയ വ്യത്യാസത്തിലാണ് യു ഡി എഫിലെ ജോസ് വള്ളൂരിനെ പരാജയപ്പെടുത്തിയത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ഒല്ലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഒല്ലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഒല്ലൂരിൽ, ബി ജെ പിക്കും ശ്രദ്ധേയമായ വോട്ട് വിഹിതമുണ്ട്. 2021-ൽ ബി ജെ പിയിലെ ബി ഗോപാലകൃഷ്‌ണന്‌ 22295 വോട്ടാണ് ലഭിച്ചത്. 2024- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബി ജെ പിയുടെ വിജയത്തിന് അടിസ്ഥാനമായത് ഒല്ലൂർ നിയമസഭാ മണ്ഡലത്തിലടക്കം അവർക്ക് ലഭിച്ച വർധിച്ച വോട്ട് വിഹിതമാണ്.

തദ്ദേശ തിരെഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ, പാണഞ്ചേരി, പുത്തൂർ ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും മാടക്കത്തറ, നടത്തറ പഞ്ചായത്തുകളിൽ എൽ ഡി എഫും ഭരണത്തിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം യു ഡി എഫിനെക്കാൾ 2500 വോട്ട് അധികമാണ് എൽ ഡി എഫിന് മണ്ഡലത്തിൽ ലഭിച്ചത്.

സിറ്റിങ് എം.എൽ.എ കെ. രാജനെതിരെ കോൺഗ്രസിലെ അഡ്വ ഷാജി ജെ. കോടങ്കണ്ടത്താണ് മത്സരിക്കുന്നത്. ബിജോയ് തോമസാണ് എൻ.ഡി.എ സ്ഥാനാർഥി.

2026-ലും ഇടതു മുന്നണി നിലനിർത്താനാണ് കൂടുതൽ സാധ്യത.

7. തൃശൂർ:
യു.ഡി.എഫ് പ്രതീക്ഷ

  • ‘സാംസ്കാരിക തലസ്ഥാന’ത്തെ വോട്ട് സാംസ്കാരിക പ്രവർത്തകന് അനുകൂലമാക്കാനാണ് എൽ.ഡി.എഫ് ശ്രമം. എന്നാൽ, രാഷ്ട്രീയമായി കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ ജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

തൃശൂർ കോർപറേഷനിലെ 41 വാർഡുകൾ ഉൾപ്പെട്ടതാണ് തൃശൂർ നിയമസഭാമണ്ഡലം. ഇടതുമുന്നണിക്കും യു ഡി എഫിനും സ്വാധീനമുള്ള മേഖലകളുള്ള നഗരത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പിയും ശക്തമായ നിലയിലാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി എ രാവുണ്ണി മേനോൻ (എ ആർ മേനോൻ) ഐ എൻ ടി യു സി നേതാവായിരുന്ന കെ. കരുണാകരനെ തോൽപ്പിച്ചത് രണ്ടായിരത്തിലേറെ വോട്ടിനാണ്. ആദ്യ ഇഎംഎസ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്നു എ ആർ മേനോൻ. 1960- ൽ കോൺഗ്രസിലെ ടി എ ധർമജ അയ്യർ, 1967- ൽ സി പി എമ്മിലെ കെ ശേഖരൻ നായർ എന്നിവർ വിജയിച്ചപ്പോൾ 1970- ൽ കമ്മ്യൂണിസ്റ്റു പാർട്ടി പിന്തുണയോടെ തൃശ്ശൂരിൽ വിജയിച്ചത് ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ്. 1972 ൽ പുതുതായി രൂപീകരിച്ച കൊച്ചിൻ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുക്കാൻ 1972 സെപ്റ്റംബറിൽ അദ്ദേഹം നിയമസഭാംഗത്വം രാജി വെച്ചു.

കോൺഗ്രസ്സിലെ പി എ ആൻ്റണി, തേറമ്പിൽ രാമകൃഷ്‌ണൻ, ജനതാപാർട്ടിയിലെ കെ ജെ ജോർജ്, സി പി എമ്മിലെ എം കെ കണ്ണൻ, ഇ കെ മേനോൻ, സി പി ഐയിലെ വി എസ് സുനിൽകുമാർ എന്നിവരാണ് മുൻകാല ജനപ്രതിനിധികൾ. 1982- ൽ എൻ ഡി പി യിലൂടെ രാഷ്ട്രീയരംഗത്തുവന്ന തേറമ്പിൽ രാമകൃഷ്ണൻ പിന്നീട് കോൺഗ്രസിൽ ചേരുകയും 1991 മുതൽ തുടർച്ചയായി നാലുതവണ തൃശ്ശൂരിൽ വിജയിക്കുകയും ചെയ്തു.

2021-ൽ ആകെ പോൾ ചെയ്തത് 1,29,237 വോട്ട്. സി പി ഐയിലെ പി ബാലചന്ദ്രൻ 44,263 വോട്ടും കോൺഗ്രസിലെ പദ്‌മജ വേണുഗോപാൽ 43,317 വോട്ടും ബി ജെ പിയിലെ സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്. പി ബാലചന്ദ്രന്റെ ഭൂരിപക്ഷം 946.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃശൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃശൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരെഞ്ഞെടുപ്പിൽ കോർപറേഷൻ ഭരണം യു ഡി എഫിനാണ് ലഭിച്ചത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം എൽ എഫി നെക്കാൾ 10,000 ലേറെ വോട്ട് അധികമാണ് യു ഡി എഫിന് മണ്ഡലത്തിൽ ലഭിച്ചത്.

2011-ൽ കേവലം ആറു ശതമാനത്തിനടുത്ത് വോട്ട് ലഭിച്ച ബി ജെ പിയുടെ വോട്ടുവിഹിതം 30 ശതമാനത്തിലേറെയായി വർധിച്ചതിനാൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണയും തൃശൂരിൽ. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച പദ്മജ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയാണ്. കവി ആലങ്കോട് ലീലാകൃഷ്ണനെ രംഗത്തിറക്കി സി.പി.ഐ ഒരു പരീക്ഷണം നടത്തുന്നു. കോർപറേഷൻ മേയർ എന്നന നിലയ്ക്ക് തൃശൂരിൽ സുപരിചിതനായ രാജൻ പല്ലനാണ് യു.ഡി.എഫ് സ്ഥാനാർഥി. ‘സാംസ്കാരിക തലസ്ഥാന’ത്തെ വോട്ട് സാംസ്കാരിക പ്രവർത്തകന് അനുകൂലമാക്കാനാണ് എൽ.ഡി.എഫ് ശ്രമം. എന്നാൽ, രാഷ്ട്രീയമായി കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ ജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിഗണിച്ചാൽ അവരുടെ പ്രതീക്ഷ യാഥാർഥ്യമാകാനാണ് സാധ്യത കൂടുതലും.

8. നാട്ടിക:
സി.പി.ഐ- കോൺഗ്രസ്
ഫൈറ്റ്

  • സിറ്റിങ് എം.എൽ.എ മുന്നണി മാറി മത്സരിക്കുന്ന മണ്ഡലത്തിൽ സി.പി.ഐയും കോൺ​ഗ്രസും തമ്മിൽ കടുത്ത മത്സരം.

തീരദേശ- ഗ്രാമീണ മേഖലകൾ ഉൾപ്പെട്ട നാട്ടിക മണ്ഡലം 1957- ൽ പ്രാബല്യത്തിൽ വന്നതാണെങ്കിലും പല ഘട്ടങ്ങളിലായി പ്രദേശങ്ങൾ മാറിയിട്ടുണ്ട്. നാട്ടിക, വലപ്പാട്, തളിക്കുളം, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, ചേർപ്പ്, പാറളം, താന്യം ഗ്രാമ പഞ്ചായത്തുകളാണ് 2011 മുതൽ നാട്ടിക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ. 2011 മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ്.

കോൺഗ്രസുകാരായ കെ എസ് അച്യുതൻ, കെ ടി അച്യുതൻ എന്നിവരാണ് ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിൽ ജയിച്ചത്. 1960-ൽ ജയിച്ച കെ ടി അച്യുതൻ പട്ടം താണുപിള്ള മന്ത്രിസഭയിലും ആർ. ശങ്കർ മന്ത്രിസഭയിലും ഗതാഗത, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. 1965- ൽ ജയിച്ചത് സിനിമാ സംവിധായകനായിരുന്ന രാമു കാര്യാട്ട് ആയിരുന്നുവെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ അദ്ദേഹത്തിന് എം എൽ എയായി പ്രവർത്തിക്കാനായില്ല. സി പി എമ്മിലെ ടി കെ കൃഷ്ണൻ, സോഷ്യലിസ്റ്റു പാർട്ടിയിലെ വി കെ ഗോപിനാഥൻ, സി പി ഐയിലെ പി കെ ഗോപാലകൃഷ്ണൻ, കൃഷ്ണൻ കണിയാംപറമ്പിൽ, ഗീത ഗോപി, കോൺഗ്രസിലെ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, ടി എൻ പ്രതാപൻ എന്നിവർ വിവിധ കാലങ്ങളിൽ വിജയിച്ചവരാണ്.

2021-ൽ ആകെ പോൾ ചെയ്തത് 153554 വോട്ടാണ്. സി പി ഐയിലെ സി സി മുകുന്ദൻ 72943 വോട്ടും യു ഡി എഫിലെ സുനിൽ ലാലൂർ 44499 വോട്ടും ബി ജെ പിയിലെ ലോജൻ അമ്പാട്ട് 33716 വോട്ടുമാണ് നേടിയത്. സി സി മുകുന്ദന്റെ ഭൂരിപക്ഷം 28431.

2011 മുതൽ ഓരോ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ വോട്ടുവിഹിതം വലിയ തോതിൽ വർധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാട്ടിക.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നാട്ടിക മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നാട്ടിക മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ വലപ്പാട്ട്, അന്തിക്കാട്, ചാഴൂർ, താന്യം ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫും നാട്ടിക, ചേർപ്പ് പഞ്ചായത്തുകളിൽ യു ഡി എഫും ഭൂരിപക്ഷം നേടി. പാറളത്തും അവിണിശ്ശേരിയിലും യു ഡി എഫും ബി ജെ പിയും തളിക്കുളത്ത് യു ഡി എഫും എൽ ഡി എഫും തുല്യ സീറ്റുകളുമാണ് നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം യു ഡി എഫിനെക്കാൾ 5000 ലേറെ വോട്ട് അധികമാണ് എൽ ഡി എഫിന് നാട്ടികയിൽ ലഭിച്ചത്.

20 ശതമാനത്തിലേറ വോട്ട് അധികം നേടിയാണ് എൽ ഡി എഫ് 2021- ൽ നാട്ടികയിൽ വിജയിച്ചത്. ഇത്തവണ, സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദൻ പാർട്ടി വിട്ട് ബി.ജെ.പി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. മുൻ എം.എൽ.എ ഗീത ഗോപിയാണ് സി.പി.ഐ സ്ഥാനാർഥി. കോൺഗ്രസിലെ സുനിൽ ലാലൂർ, സി.പി.ഐയിലെ ചേരിതിരിവ് മുതലാക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ നേടിയ 33716 വോട്ടിൽ കുതിപ്പ് നടത്തി ജയം നേടാനാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷയെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് ഏതാണ്ട് അസാധ്യമാണ്. എങ്കിലും കടുത്ത മത്സരത്തിലാണ് നാട്ടിക.

9. കയ്പമംഗലം:
സി.പി.ഐ ഉറപ്പ്

  • നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ശക്തമായ യു ഡി എഫ് തരംഗത്തിന് മാത്രമേ കയ്പമംഗലത്തെ ഇടതുപക്ഷ മേൽക്കോയ്മ തകർക്കാൻ സാധിക്കുകയുള്ളൂ.

കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കയ്പമംഗലം 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് നിലവിൽ വന്നത്. എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പ്രദേശം. മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള മൂന്നു തിരഞ്ഞെടുപ്പുകളിലും സി പി ഐയ്ക്കായിരുന്നു ജയം.

ബി ഡി ജെ എസ് ആയിരുന്നു 2016 ലും 2021 ലും എൻ.ഡി.എ മുന്നണിയിൽ മത്സരിച്ചത്. 2016- ൽ 22 ശതമാനത്തോളം വോട്ട് ലഭിച്ച എൻ.ഡി.എയുടെ വോട്ടുവിഹിതം 6 ശതമനത്തോളമായി 2021- ൽ കുറഞ്ഞിരുന്നു. എന്നാൽ ആ വോട്ടുകൾ യു ഡി എഫിന് അനുകൂലമായി മാറിയെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ടു വിഹിതത്തിലുണ്ടായ വർദ്ധനവ് നൽകുന്ന സൂചന. എന്നിരുന്നാലും 2021- ലും കൈപ്പമംഗലം മണ്ഡലത്തിൽ 22000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് സി പി ഐയിലെ ഇ. ടി. ടൈസൺ വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫാണ് അധികാരത്തിലെത്തിയത്. കയ്പമംഗലം പഞ്ചായത്തിൽ യു ഡി എഫും ഭൂരിപക്ഷം നേടി. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം യു ഡി എഫിനെക്കാൾ 28000 ലേറെ വോട്ട് അധികമാണ് എൽ ഡി എഫിന് മണ്ഡലത്തിലുള്ളത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കയ്പമംഗലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതവും  (ശതമാനത്തിൽ) ഭൂരിപക്ഷവും.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കയ്പമംഗലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതവും (ശതമാനത്തിൽ) ഭൂരിപക്ഷവും.

ഇത്തവണ സിറ്റിങ് എം.എൽ.എ ഇ.ടി.​ ടൈസനെ പറവൂരിൽ വി.ഡി. സതീശനെതിരെ മത്സരിക്കാൻ വിട്ട്, സി.പി.ഐ പുതിയ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്; പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. വത്സരാജ്. ബി.ഡി.ജെ.എസിനുവേണ്ടി അതുല്യഘോഷ് മത്സരിക്കുന്നു.

ഇ.ടി. ടൈസന്റെ ജനകീയതയിൽ ജയം ആവർത്തിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വത്സരാജ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ശക്തമായ യു ഡി എഫ് തരംഗത്തിന് മാത്രമേ കയ്പമംഗലത്തെ ഇടതുപക്ഷ മേൽക്കോയ്മ തകർക്കാൻ സാധിക്കുകയുള്ളൂ.

10. ഇരിഞ്ഞാലക്കുട:
സി.പി.എം ഉറപ്പ്

  • സമീപകാല രാഷ്ട്രീയസാഹചര്യത്തിൽ ഇരിഞ്ഞാലക്കുടയിലെ നിലവിലുള്ള രാഷ്ട്രീയത്തിന് മാറ്റമുണ്ടാകാൻ സാധ്യത വളരെ കുറവാണ്.

യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി വിജയിക്കുന്ന ഇരിങ്ങാലക്കുട സ്വിംഗ് മണ്ഡലമാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള ഇരിഞ്ഞാലക്കുടയിൽ 2011 മുതൽ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവ് സി. അച്യുതമേനോൻ വിജയിച്ച മണ്ഡലമാണിത്. 1960- ലും അദ്ദേഹം നിയമസഭാംഗമായി. 1967- ൽ സി പി ഐയിലെ സി കെ രാജനും 1970- ൽ മത്തായി മാഞ്ഞൂരാൻ രൂപീകരിച്ച കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സി എസ് ഗംഗാധരനും ഇരിഞ്ഞാലക്കുടയിൽ വിജയിച്ചു.

കേരള കോൺഗ്രസിലൂടെയും പിന്നീട് ഇടതുപക്ഷ സഹയാത്രികനായും രംഗത്തുവന്ന ലോനപ്പൻ നമ്പാടൻ ദീർഘകാലം (1982, 1987, 1991,1996) എം.എൽ.എയായിരുന്നു. കേരള കോൺഗ്രസ്- എമ്മിലെ തോമസ് ഉണ്ണിയാടനും (2001, 2006, 2011) സി പി എമ്മിലെ കെ യു അരുണനും (2016) വിജയിച്ച മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ സി പി എമ്മിലെ ആർ ബിന്ദുവാണ്.

2021-ൽ ആകെയുള്ള 1,91,930 വോട്ടിൽ 155179 വോട്ടാണ് പോൾ ചെയ്തത്. ആർ ബിന്ദുവിന് 62,493 വോട്ടും യു ഡി എഫിലെ തോമസ് ഉണ്ണിയാടന് 56,544 വോട്ടും ബി ജെ പിയിലെ ജേക്കബ് തോമസിന് 33,685 വോട്ടുമാണ് ലഭിച്ചത്. ഇടതുമുന്നണി സ്വാധീനം വർധിപ്പിക്കുന്നതും 20 ശതമാനത്തിലധികം വോട്ട് നേടി ബി ജെ പി ശക്തമാകുന്നതുമാണ് ഇരിഞ്ഞാലക്കുടയിലെ സമീപകാല ചരിത്രം.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ഇരിങ്ങാലക്കുട മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര ഗ്രാമ പഞ്ചായത്തുകളിൽ എൽ ഡി എഫിന് അധികാരം ലഭിച്ചപ്പോൾ ഇരിങ്ങാലക്കുട നഗരസഭയിലും ആളൂർ പഞ്ചായത്തിലും യു ഡി എഫ് അധികാരത്തിലെത്തി. എൽ ഡി എഫിന് മണ്ഡലത്തിൽ ആറായിരത്തിനടുത്ത് വോട്ടാണ് കൂടുതൽ ലഭിച്ചത്.

ഇത്തവണ ആർ. ബിന്ദുവിനെതിരെ തോമസ് ഉണ്ണിയാടൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. സന്തോഷ് ചെറാക്കുളമാണ് എൻ.ഡി.എ സ്ഥാനാർഥി. ഇരിങ്ങാലക്കുട കോൺഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന വികാരം ഇരിങ്ങാലക്കുടയിൽ ശക്തമായിരുന്നു. ഇത് അവഗണിച്ചാണ് ഉണ്ണിയാടനെ തന്നെ രംഗത്തിറക്കിയത്. ഇത്, യു.ഡി.എഫിന്റെ നേരിയ സാധ്യതകൾക്കുപോലും മങ്ങലേൽപ്പിക്കുന്നു. സമീപകാല രാഷ്ട്രീയസാഹചര്യത്തിൽ ഇരിഞ്ഞാലക്കുടയിലെ നിലവിലുള്ള രാഷ്ട്രീയത്തിന് മാറ്റമുണ്ടാകാൻ സാധ്യത വളരെ കുറവാണ്.

11. പുതുക്കാട്:
കോൺഗ്രസ് സ്ഥാനാർഥിയിലൂടെ
മത്സരം കടുപ്പിച്ച് യു.ഡി.എഫ്

  • നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പുതുക്കാട് 2026- ലും തങ്ങൾക്ക് സുരക്ഷിതമായ മണ്ഡലമായിരിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷയെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുമുണ്ട്.

2008-ലെ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി രൂപീകരിച്ച മണ്ഡലം. പഴയ കൊടകര നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് പുതുക്കാട്. തൃശ്ശൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന അളഗപ്പനഗർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂർ, മറ്റത്തുർ, വരന്തരപ്പള്ളി, വല്ലച്ചിറ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് മണ്ഡലം രൂപീകരിച്ചത്.

മൂന്നു തിരഞ്ഞെടുപ്പുകളിലും സി പി എമ്മാണ് വിജയിച്ചത്. ഒന്നാം പിണറായി സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി രവീന്ദ്രനാഥ് 2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2021- ലും സി പി എമ്മിലെ കെ കെ രാമചന്ദ്രനും 27,353 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു.

2011- ൽ 14.25% വോട്ട് നേടിയ ബി ജെ പി 2016-ലും 2021- ലും 30,000 ലേറെ വോട്ടാണ് (22% ) നേടിയത്. അതിനാൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ത്രികോണ മത്സരപ്രതീതിയാണ് പുതുക്കാടുണ്ടായത്. ബി ജെ പി നേടുന്ന വോട്ടുകൾ യു ഡി എഫ് വോട്ട് ബാങ്കിനെയാണ് പ്രധാനമായും ബാധിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  പുതുക്കാട്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പുതുക്കാട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ നെന്മണിക്കര, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫിന് അധികാരം ലഭിച്ചപ്പോൾ അളഗപ്പനഗർ, പുതുക്കാട്, തൃക്കൂർ, വരന്തരപ്പള്ളി പഞ്ചായത്തുകളിൽ യു ഡി എഫും അധികാരത്തിലെത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കൂടുതൽ വാർഡുകളിൽ എൽ ഡി എഫാണ് വിജയിച്ചത്. വല്ലച്ചിറയിലാകട്ടെ എൽ ഡി എഫിനും എൻ.ഡി.എയ്ക്കും തുല്യ സീറ്റുകളാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം മണ്ഡലത്തിൽ 9000 വോട്ടാണ് ഇടതുമുന്നണിക്ക് കൂടുതൽ ലഭിച്ചത്.

സിറ്റിങ് എം.എൽ.എ കെ കെ രാമചന്ദ്രനെതിരെ കോൺഗ്രസിലെ കെ.എം. ബാബുരാജാണ് മത്സരിക്കുന്നത്. പുതുക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റായ ബാബുരാജ് മണ്ഡലത്തിൽ പരിചിതനാണ്. 1982-നുശേഷം ആദ്യമായാണ് പുതുക്കാട് കോൺഗ്രസിന് ഒരു സ്ഥാനാർഥിയുണ്ടാകുന്നത്. ബി.ജെ.പി ജില്ലാ നേതാവ് എ. നാഗേഷാണ് എൻ.ഡി.എ സ്ഥാനാർഥി.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പുതുക്കാട് 2026- ലും തങ്ങൾക്ക് സുരക്ഷിതമായ മണ്ഡലമായിരിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷയെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുമുണ്ട്.

12. ചാലക്കുടി:
ജില്ലയിലെ കോൺഗ്രസ് തുരുത്ത്

  • കഴിഞ്ഞ തവണ തൃശൂർ ജില്ലയിൽ യു.ഡി.എഫ് നേടിയ ഏക മണ്ഡലം നിലനിർത്താനാകുമെന്ന ഉറച്ച ​പ്രതീക്ഷയിലാണ് ഇത്തവണയും കോൺഗ്രസ്.

1957 മുതൽ പ്രാബല്യത്തിലുള്ള ചാലക്കുടി മണ്ഡലം ഐക്യ മുന്നണിയോട് ആഭിമുഖ്യം പുലർത്തുന്നു. ഇരു മുന്നണികളും വിവിധ കാലങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തവണ വിജയച്ചത് യു.ഡി.എഫാണ്.

ചാലക്കുടി നഗരസഭയും അതിരപ്പിള്ളി, കാടുകുറ്റി, കൊടകര, കൊടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ. 1957,1960 വർഷങ്ങളിൽ ചാലക്കുടി ദ്വയാംഗ മണ്ഡലമായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ, ദലിത് ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി കെ ചാത്തൻ 1957- ൽ നിയമസഭാംഗമായത് ചാലക്കുടിയിൽ നിന്നാണ്. പി എസ് പി യിലെ സി ജി ജനാർദ്ദനൻ, കോൺഗ്രസിലെ കെ കെ ബാലകൃഷ്ണൻ, പി പി ജോർജ്, റോസമ്മ ചാക്കോ, സാവിത്രി ലക്ഷ്മണൻ, കേരള കോൺഗ്രസിലെ പി കെ ഇട്ടൂപ്പ്, ജനതാപാർട്ടിയിലെ കെ ജെ ജോർജ്, സിപിഎമ്മിലെ ബി ഡി ദേവസ്സി എന്നിവർ ചാലക്കുടിയിൽ വിജയിച്ചവരാണ്.

2006 മുതൽ മൂന്നു തിരഞ്ഞെടുപ്പുകളിലും ബി ഡി ദേവസ്സി ജയിച്ച മണ്ഡലത്തിൽ 2021-ൽ ഇടതുമുന്നണി ഘടകകക്ഷിയായ കേരളാ കോൺഗ്രസ്- മാണി വിഭാഗം രംഗത്തിറങ്ങിയെങ്കിലും കോൺഗ്രസിലെ സനീഷ് കുമാർ ജോസഫിനോട് പരാജയപ്പെട്ടു.

2021-ൽ ആകെ 192929 വോട്ടർമാരിൽ 143585 പേരാണ് വോട്ടു ചെയ്തത്. സനീഷ് കുമാർ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി വിഭാഗത്തിലെ ഡെന്നിസ് കെ ആൻ്റണിയെ പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചാലക്കുടി  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചാലക്കുടി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ അതിരപ്പള്ളി, മേലൂർ, പരിയാരം ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫിന് അധികാരം ലഭിച്ചപ്പോൾ ചാലക്കുടി നഗരസഭയിലും കാടുകുറ്റി, കോടശ്ശേരി, കൊടകര ഗ്രാമപഞ്ചായത്തുകളിലും എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റായിരുന്നു. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 12,000 ലേറെ വോട്ടാണ് യു.ഡി.എഫിന് കൂടുതൽ ലഭിച്ചത്.

2026- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ചാലക്കുടിയിൽ കഴിഞ്ഞതവണ ചെറിയ വോട്ടിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇടതുമുന്നണി നടത്തുന്നത്. എന്നാൽ കഴിഞ്ഞ തവണ കേരളത്തിലുടനീളം ഇടതുമുന്നണി നേടിയ വലിയ വിജയത്തിലും ചാലക്കുടി വിജയിക്കാനായതിന്റെ ആത്മവിശ്വാസമുള്ള ഐക്യമുന്നണിക്ക് 2026 ലും വിജയം ആവർത്തിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.

13. കൊടുങ്ങല്ലൂർ:
സുരക്ഷിതം, എൽ.ഡി.എഫ്

  • 2016-ലും 2021-ലും യു ഡി എഫിനേക്കാൾ 16 ശതമാനത്തിലേറെ വോട്ട് അധികം ലഭിച്ച എൽ ഡി എഫിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ 2026- ലും മണ്ഡലം സുരക്ഷിതമാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമാണുള്ളത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ മൂന്നു പ്രാവശ്യം (1960, 2001, 2011) മാത്രമാണ് കമ്മ്യൂണിസ്റ്റു പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.

കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ഇ ഗോപാലകൃഷ്ണ മേനോൻ, സിപിഐയുടെ പി കെ ഗോപാലകൃഷ്ണൻ, വി കെ രാജൻ, മീനാക്ഷി തമ്പാൻ, കെ പി രാജേന്ദ്രൻ, കോൺഗ്രസിലെ പി കെ അബ്ദുൽഖാദർ, ടി എൻ പ്രതാപൻ, ജനാധിപത്യ സംരക്ഷണ സമിതിയിലെ ഉമേഷ് ചള്ളിയിൽ എന്നിവർ മുൻകാല ജനപ്രതിനിധികളാണ്.

ഏറ്റവും കൂടുതൽ കാലം (1977, 1980, 1982,1987) മണ്ഡലത്തിലെ ജനപ്രതിനിധിയായത് സി പി ഐ യുടെ വി കെ രാജനാണ്. 2016-ലും 2021- ലും സി പി ഐ യുടെ വി.ആർ. സുനിൽ കുമാറാണ് ജയിച്ചത്.

2021-ൽ ആകെ 193042 വോട്ടർമാരിൽ 149380 പേരാണ് വോട്ട് ചെയ്തത്. വി.ആർ. സുനിൽകുമാർ 23,893 വോട്ട് അധികം നേടി കോൺഗ്രസിലെ എം പി ജാക്‌സനെ പരാജയപ്പെടുത്തി. 2016ലും 2021ലും ബി ജെ പിയുടെ വോട്ടുവിഹിതം ഏകദേശം നാല് മടങ്ങായി വർധിച്ചിട്ടുണ്ട്. 20 ശതമാനത്തിനടുത്ത് വോട്ടു ലഭിക്കുന്ന പാർട്ടിയായി കൊടുങ്ങല്ലൂരിൽ ബി ജെ പി വളർന്നപ്പോൾ യുഡിഫിനാണ് വോട്ടുനഷ്ടമുണ്ടായത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

കൊടുങ്ങല്ലൂർ നഗരസഭയും പൊയ്യ, അന്നമനട, കുഴുർ, മാള, പുത്തൻചിറ, വെള്ളാങ്ങന്നൂർ ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് കൊടുങ്ങല്ലൂർ മണ്ഡലം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭയിലും പുത്തൻചിറയിലും എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചു. പൊയ്യ, അന്നമനട, കുഴൂർ, വെള്ളാങ്ങൂർ എന്നിവിടങ്ങളിൽ യു ഡി എഫിനാണ് ഭൂരിപക്ഷം. മാളയിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം മണ്ഡലത്തിൽ 9000 ലേറെ വോട്ടിന്റെ മേൽക്കൈ എൽ ഡി എഫിനുണ്ട്.

മണ്ഡലത്തിലുടനീളം ജനകീയനാണ്, വി.കെ. രാജന്റെ മകൻ കൂടിയായ വി.എസ്. സുനിൽകുമാർ. വികസനപ്രവർത്തനങ്ങളാണ് സുനിൽകുമാറിന്റെ ശക്തി. യൂത്ത് കോൺഗ്രസ് നേതാവായ കുഴൂർ സ്വദേശി ജനീഷിലൂടെ സുനിൽകുമാറിനെതിരെ ശക്തമായ മത്സരമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്.

എന്നാൽ, മണ്ഡലത്തിൽ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്. കൊടുങ്ങല്ലൂരിൽ പാർട്ടി നേടിയെടുത്ത സ്വാധീനം പൂർണമായും തകർക്കുംവിധം എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി 20-യ്ക്ക് കൊടുങ്ങല്ലൂർ വിട്ടുകൊടുത്തതിൽ കടുത്ത അമർഷത്തിലാണ് ബി.ജെ.പി അണികളാകെ. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ കൊടുങ്ങല്ലൂ​ർ ഉറപ്പിച്ച്, ചുവരെഴുത്തുവരെ തുടങ്ങിയശേഷമാണ്, ദുരൂഹസാഹചര്യത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി ഡോ. വർഗീസ് ജോർജ്ജ് എത്തുന്നത്.

2016-ലും 2021-ലും യു ഡി എഫിനേക്കാൾ 16 ശതമാനത്തിലേറെ വോട്ട് അധികം ലഭിച്ച എൽ ഡി എഫിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ 2026- ലും മണ്ഡലം സുരക്ഷിതമാകാനാണ് ഏറെ സാധ്യത.

2026-ലെ സാധ്യത

ഇതുവരെയുള്ള വോട്ടിങ് കണക്കും മുന്നണികൾ നേടിവരുന്ന വോട്ടുവിഹിതവും കണക്കിലെടുത്താൽ 2026-ലെ സാധ്യതകൾ താഴെയുള്ള പട്ടികയിലെ കണക്കുകൾ പ്രകാരമായേക്കാം. എന്നാൽ, ചാഞ്ചാട്ടസാധ്യതയുള്ള മണ്ഡലങ്ങൾ ഏറെയുള്ള ജില്ല എന്ന നിലയ്ക്ക് തൃശൂരിലെ റിസൾട്ട് അപ്രതീക്ഷിതമായി മാറാനും സാധ്യതയേറെയാണ്.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments