കേരളത്തെ വിപ്ലവകരമായ വിധത്തിൽ മുന്നോട്ടുനയിച്ച ഒരു കാലഘട്ടത്തിന്റെ ഏറ്റവും ചേതനയുള്ള പ്രതീകമായിരുന്ന കെ.ജെ. ബേബി എന്ന മനുഷ്യൻ. സാമൂഹ്യ - വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിൻെറ ഇടപെടലുകൾ ആദിവാസി ജനതയുടെ ഉന്നമനത്തിന് ഊന്നൽ നൽകിയായിരുന്നു. കണ്ണൂരിലെ പേരാവൂരിനടുത്തുള്ള മാവടിയിൽ നിന്ന് വയനാട്ടിലെ നടവയലിലെത്തി ചീങ്ങോട് മലയുടെ താഴ് വരയിൽ നിന്ന് കെ.ജെ ബേബി എഴുതിയതത്രയും വയനാട്ടിലെ അടിയരുടെയും പണിയരുടെയും താളവും ജീവിതവുമായിരുന്നു. കെ.ജെ. ബേബി എന്ന മനുഷ്യന്റെ പലതരം അടരുകളെ തീവ്രമായ സ്നേഹത്തോടെ ആശ്ലേഷിക്കുന്നു, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 195. സച്ചിദാനന്ദൻ, ബി. രാജീവൻ, സോമശേഖരൻ, എൻ. ശശിധരൻ, എം.ജി. ശശി, എം.കെ. രാംദാസ്, ജയൻ ശിവപുരം, എ.കെ. ഷിബുരാജ്, കെ.വി. മനോജ്, ഡോ. കെ.പി. നിതീഷ്‌കുമാർ എന്നിവർ എഴുതുന്നു. ബേബിയുടെ കനവിനും നാടുഗദ്ദികയ്ക്കും മാവേലിമൻറത്തിനും ഒപ്പം നടന്നവരുടെ ഓർമ്മക്കുറിപ്പുകൾ...
"ബേബിയെ ലോകമാസകലമുള്ള ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരയിൽ പെടുത്തിയാണ് ഞാൻ കാണുക. അത് വിമോചന ദൈവശാസ്ത്രത്തോളം- കാമിലോ തോറെ, ഹെൽഡർ കാമെറാ മുതൽ പേർ- എത്തുന്നതും ഇന്നും തുടരുന്നതുമായ ഒരു പാരമ്പര്യമാണ്. സ്ഥാപനവത്കൃതമായ ക്രിസ്തുമതത്തിലല്ല അവർ വിശ്വസിച്ചത്, അഥവാ, വിശ്വസിക്കുന്നത്; മറിച്ച് ക്രിസ്തുവിലേക്കുതന്നെ പോയി അദ്ദേഹം ഒരു മത സ്ഥാപകൻ എന്നതിനേക്കാൾ പീഡിതരുടെ നേതാവായിരുന്നു എന്ന് മനസ്സിലാക്കുകയും വേദപുസ്തകത്തെ നിന്ദിതർക്ക് കൈമാറ്റം ചെയ്യപ്പെട്ട വിമോചനരഹസ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നതിലാണ്."
ഒരു തിരോധാനത്തിന്റെ നാനാർത്ഥങ്ങൾ; കെ. ജെ. ബേബിയെ ഓർക്കുമ്പോൾ | സച്ചിദാനന്ദൻ
“ബേബി മരിച്ചപ്പോൾ പുറത്തുവന്ന അനുസ്മരണങ്ങളിലും വാർത്തകളിലുമൊന്നും അദ്ദേഹത്തിന്റെ യഥാർഥ ഭൂതകാലമുണ്ടായിരുന്നില്ല. സഖാവ് വർഗീസിനെപ്പോലെ തന്നെ, ആദിവാസികളുടെ ക്ലേശങ്ങൾ നന്നായി ഉള്ളുകൊണ്ടറിഞ്ഞിരുന്ന ആളായിരുന്നു ബേബിയും. ആദിവാസികളുടെ അടിമത്തത്തെ കുറിച്ചുള്ള നേരറിവാണ് വർഗീസിനെ വിപ്ലവകാരിയാക്കി മാറ്റിയത്. ശരിക്കും ആദിവാസികളുടെ ‘പെരുമനാ’യിരുന്നു വർഗീസ്. ബേബിയിലും ഈ ഊർജ്ജം നിറഞ്ഞുനിന്നിരുന്നു. അതുതന്നെതായിരുന്നു ‘കനവ്’ അടക്കം പിന്നീടുള്ള പല പരീക്ഷണങ്ങളുടെയും കാതൽ. എന്നാൽ, ഇപ്പോൾ ബേബിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഭൂതകാലത്തെ വെട്ടിമാറ്റിയിട്ടാണ്. ആ ഭൂതകാലമില്ലെങ്കിൽ ബേബി വെറുമൊരു ലിബറൽ സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമായി മാറും എന്ന് ഓർക്കുക.”
ജനകീയ സാംസ്കാരികവേദിയുടെ ബേബി | ബി. രാജീവൻ
“ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന കെ.ജെ. ബേബിക്ക് വയനാട് സർവീസ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുമായി ബന്ധങ്ങളുണ്ടായിരുന്നു. നാടക പ്രവർത്തനവുമുണ്ടായിരുന്നു. വയനാട്ടിലെ പാർട്ടി പുനഃസ്സംഘടനയുമായി ചേർന്നാണ് നാടുഗദ്ദികയുമുണ്ടാകുന്നത്. അരിയും കപ്പയുമൊക്കെ സംഭാവനയായി സമാഹരിച്ചാണ് ബേബിയുടെ വീട്ടുവളപ്പിലെ തന്നെ ഒരു ഷെഡിൽ നടന്ന റിഹേഴ്സലിന് ചെലവു കണ്ടെത്തിയത്. “79-ന്റെ അവസാന മാസങ്ങളിലാകാം അത് വളരെ ചെറിയൊരു കാഴ്ചക്കാരുടെ മുമ്പിൽ, പൂതാടിയിൽ അരങ്ങേറുകയും ചെയ്തു. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം വിദൂരഗ്രാമങ്ങളിൽ വരെ നടന്ന അനേകം അരങ്ങുകൾ ചരിത്രത്തിന്റെ ഭാഗമാണ്.”
‘നാടുഗദ്ദിക’; ഒരോർമക്കുറിപ്പ് | സോമശേഖരൻ
ബേബി ഒരു മഴക്കാലത്താണ് കാറടുക്കയിലെത്തിയത്. അതോടെ ആ നാടിന്റെ ഒരു പുത്രനായി അദ്ദേഹം മാറി. വയലിൽ പണി നടക്കുന്ന സമയമായിരുന്നു അത്. കൈമെയ് മറന്ന് കൃഷിക്കാരനായി അദ്ദേഹം നാട്ടിപ്പണിയിൽ ഏറെ ഉത്സാഹത്തോടെ മുഴുകി. അതുകഴിഞ്ഞ് രാത്രി ഞങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ വളരെ വൈകുവോളം സംസാരിച്ചിരിക്കുമായിരുന്നു. ആ സമയത്ത് ബേബി പാടുന്ന ഒരു പാട്ടുണ്ട്:
"നാനിതാ കിടാക്കിന്റെ
ഈ കാവല് പളീപള്ളീലോ
ചെറിയ തപ്പ മാത്രക്കിരെൻ്റോ
കൂരിക്കൂടി മുക്കിരെൻ്റോ
ആനയിനി ബരുവോനേനോ"
കയ്യൂർ സിനിമക്കിടയിലെ ബേബിക്കാലം | എൻ. ശശിധരൻ
“തിരികെ ചുരമിറങ്ങുമ്പോൾ ചുറ്റും ഇരുട്ടാണ്. അരുത്, മനസ്സിൽ ഇരുട്ടുവീഴാൻ സമ്മതിയ്ക്കരുത്. കനവുകൾ വെളിച്ചത്തിലേയ്ക്കാണ് ഉണരേണ്ടത്. തൃശ്ശിലേരി ശാന്തികവാടത്തിൽ ബേബിയേട്ടൻ എരിഞ്ഞടങ്ങുമ്പോൾ മകൾ ശാന്തി ബാവുൽ ഗാനം പാടി.
അന്ത്യാഭിവാദ്യം.
കെ.ജെ.ബേബി ഇനി ചാരമായി കബനിയിലലിഞ്ഞ് ഭൂമിയുടെ ഉപ്പാകും.
ബേബിയേട്ടാ... ലാൽ സലാം.”
ചുരമിറങ്ങട്ടെ, വെളിച്ചത്തിലേക്കുണരുന്ന കനവുകളുമായി… | എം.ജി. ശശി
“1984-ലായിരുന്നു പുൽപ്പള്ളി പഴശ്ശിരാജ കോളേജ് അധ്യാപിക ഷേർളിയുമായുള്ള വിവാഹം. പരമ്പരാഗത ജീവിതവീക്ഷണം പുലർത്തിയ ക്രിസ്ത്യൻ കുടിയേറ്റ കുടുംബാംഗമായ ഷേർളിയും ബേബിയും ചേർന്നുള്ള ജീവിതം അന്നോളമുള്ള സകല ധാരണകളെയും തകർത്താണ് മുന്നോട്ടുപോയത്. കാലത്തിന് മുന്നേയാണ് അവർ സഞ്ചരിച്ചത്. സ്വാതന്ത്ര്യത്തിന്റെയും നർഗാത്മകതയുടെയും നവലോകത്തേക്കാണ് അവരുടെ കുഞ്ഞുങ്ങൾ പിറന്നുവീണതും വളർന്നതും.”
നുണക്കഥകൾ മെനയാൻ പഠിപ്പിച്ച ലീലയുടെ പ്രിയപ്പെട്ട മാമൻ |എം.കെ. രാംദാസ്
“ഹാർമോണിയം മാത്രമായിരുന്നു ബേബി കൂടെക്കരുതിയിരുന്ന മാരകായുധം. പാടിയും നൃത്തം വച്ചും ജനങ്ങൾക്കിടയിൽ നിന്ന് ആദിവാസി ജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ നാടകത്തിലൂടെ തുറന്നുവച്ച ഒരാളെ എഴുപതുകളുടെ തുടക്കത്തിൽ കേരളത്തിലെ പോലീസ് വിളിച്ചത് തീവ്രവാദിയെന്നാണ്. ഒരു രാഷ്ട്രീയ ചിന്താപദ്ധതി ശാസ്ത്രീയമാണെന്നും അതിന്റെ പ്രവചനങ്ങൾ കടുകിട തെറ്റാതെ ഫലിക്കുമെന്നും വിശ്വസിച്ച് ആത്മബലിക്കിറങ്ങിയ മനുഷ്യസ്‌നേഹികളുടെ സംഘടനയിലേക്ക് ബേബി എടുത്തുചാടിയിരുന്നില്ല. മർദിതരുടെ വിമോചനത്തിനായി മറ്റു മനുഷ്യരുടെ തലവെട്ടിയെടുക്കണമെന്നു കരുതാൻ കഴിയുന്ന മനസ്സും അയാൾക്കുണ്ടായിരുന്നില്ല.”
“കാളപൂട്ടുന്നത് ഏറെ താൽപ്പര്യത്തോടെ ചെയ്തിരുന്ന ബേബി ആസ്വദിച്ചത്, അത് ചലിച്ചുകൊണ്ട് ചെയ്യാവുന്ന ഒരു പ്രവൃത്തിയായതുകൊണ്ടു കൂടിയായിരുന്നു. മനസും ശരീരവും എന്നും ചലനാത്മകമായി നിലനിർത്തി, അതിൽ തന്റെ ഉള്ളിലെ സംഗീതം ചേർത്തുവച്ച താള ബോധത്താൽ അനുഗ്രഹീതമായ പ്രവർത്തനങ്ങളാണ് പല കാലങ്ങളിൽ തനിക്കൊപ്പം ചേർന്ന മനുഷ്യരെ ആവേശഭരിതരാക്കിയത്. കാളപൂട്ടുമ്പോൾ താൻ പാടുന്ന പാട്ട് കാളകൾ ആസ്വദിച്ചിരുന്നു എന്നും അവയ്ക്ക് താനുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.”
കെ.ജെ. ബേബി എന്തായിരിക്കും പറയാൻ ശ്രമിച്ചത്? | എ.കെ. ഷിബുരാജ്
“‘കനവ്’ ഒരു വിദ്യാഭ്യാസ സിദ്ധാന്തവും മുന്നോട്ടു വെച്ചില്ല. ഒരു വിദ്യാഭ്യാസ വിദഗ്ധനേയും ഉദ്ധരിച്ചുമില്ല. സൈദ്ധാന്തിക ജാഡകളുടെ ആലഭാരങ്ങളില്ലാതെ, മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ മടുപ്പിക്കുന്ന വിവരണങ്ങളില്ലാതെ, ആദിവാസി ജീവിതത്തോടു ചേർന്നു നിൽക്കുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചുവെന്നതാണ് ‘കനവി’ന്റെ വിജയം. ‘കനവി’ന്റെ കരിക്കുലത്തിൽ തുടിയും താളവും മാത്രമായിരുന്നില്ല, പാചകവും തുന്നലും കൃഷിയും കളരിപ്പയറ്റും ശില്പകലയും കരാട്ടെയും സിനിമയും ചിത്രംവരയും നാടകപ്രവർത്തനവും സാമൂഹിക ഇടപെടലകളുമെല്ലാം ഉൾപ്പെട്ടിരുന്നു.”
ബേബിയുടെ 'കനവ്', ‘കനവി’ന്റെ ബേബി | കെ.വി. മനോജ്
“ആദിവാസി സമൂഹത്തിൻെറ സാമൂഹ്യമായും സാമ്പത്തികമായുമുള്ള ഉന്നമനമായിരുന്നു ‘കനവ്’ മുന്നോട്ട് വെച്ച ആശയം. കുട്ടികൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരുവാനുള്ള ചവിട്ടുപടിയായും ഈ ഇടപെടൽ മാറുന്നുണ്ടായിരുന്നു. സമൂഹത്തിൻെറ മുഖ്യധാരയിൽ നിന്ന് ഏറെക്കാലമായി മാറ്റിനിർത്തി, അവഗണിക്കപ്പെട്ടിരുന്ന പണിയ, കാട്ടുനായ്ക വിഭാഗങ്ങൾക്കാണ് ‘കനവ്’ കൂടുതൽ പ്രാധാന്യം നൽകിയത്.”
കെ.ജെ. ബേബിയോടും ‘കനവി’നോടും ഇനി നമ്മൾ ചെയ്യേണ്ടത്… |ഡോ. കെ.പി. നിതീഷ് കുമാർ