മലയാള ഭാഷ എഴുതാനും വായിക്കാനും 13-ാം വയസുമുതൽ തനിയെ പഠിച്ചുതുടങ്ങിയ, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ‘തമിഴൻ കുട്ടി’ക്ക് ഒമ്പതോളം പുസ്തകങ്ങൾ മലയാളത്തിൽ എഴുതാൻ കഴിയുമോ എന്നു ചോദിച്ചാൽ കഴിയുമെന്നുതന്നെയാണ് ഉത്തരം. പക്ഷേ, ആ ഒമ്പത് പുസ്തകങ്ങളിൽ ഒന്നെങ്കിലും വായനക്കാരിലേക്ക് എത്തിക്കാൻ അവന് കഴിയുമോ എന്നുചോദിച്ചാൽ ‘ഇല്ല’ എന്ന് വേദനയോടെ പറയേണ്ടിവരും.
പിന്നെ എങ്ങനെ അബ്ബാസ് എന്ന എനിക്കത് സാധിച്ചു എന്നു ചോദിച്ചാൽ, സോഷ്യൽ മീഡിയ എന്ന ‘ദൈവ’ത്തിൻ്റെ സഹായവും സപ്പോർട്ടുമെന്ന് നിസ്സംശയം മറുപടി പറയാം.
നാലാം പതിപ്പിലേക്ക് കടക്കുന്ന ‘പെയിൻ്റ് പണിക്കാരനും’ മൂന്നാം പതിപ്പ് കഴിഞ്ഞ ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്ന പുസ്തകവും മലയാളത്തിലെ വീക്കിലികളും വാരാന്തപ്പതിപ്പുകളും പുറംതള്ളിയവയാണ്.
2017- ലാണ് എനിക്കൊരു സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ സ്വന്തമാവുന്നത്. അത് കയ്യിൽ കിട്ടിയ ഉടൻ മൂന്ന് കുട്ടികളുടെ പിതാവായ ഞാൻ ചെയ്തത് അതിൻ്റെ കുഞ്ഞു സ്ക്രീനിലൂടെ പോൺ വീഡിയോകൾ കാണുക എന്നതാണ്. (അത്രയും കാലം അത്തരം കാഴ്ചകൾക്കുണ്ടായ പഞ്ഞം തന്നെ കാരണം). ഒരാഴ്ച്ച കൊണ്ട് ആ കലാപരിപാടി മടുത്തപ്പഴാണ് അതുവരെ കേട്ടു കേൾവി മാത്രമുള്ള ഫേസ്ബുക്ക് എന്ന നവ മാധ്യമത്തിലേക്ക്, പരസഹായത്തോടെ പ്രവേശിക്കുന്നത്.
‘മുഹമ്മദ് രാമൻ’ എന്ന പേരിൽ ആദ്യം മത ഗ്രൂപ്പുകളിൽ ഇടിച്ചുകയറി, സകല മതങ്ങളെയും വിമർശിക്കാൻ തുടങ്ങി. മംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നതുകൊണ്ട് വല്യ പരിക്കില്ലാതെ അവിടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നെ യുക്തിവാദ ഗ്രൂപ്പുകളിലേക്ക്.
ഈ രണ്ടു തരം ഗ്രൂപ്പുകളും മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാത്ത ഭൂലോക ഉഡായിപ്പുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വായനാഗ്രൂപ്പുകളിലേക്ക് കടക്കുന്നത്. അപ്പോഴേക്കും മലയാളം ഹാൻഡ് റൈറ്റിംങ് സാധ്യമാവുന്ന സ്മാർട്ട്ഫോൺ ഞാൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു. (അതും സെക്കൻഡ് ഹാൻഡ് തന്നെ).
വായനാ ഗ്രൂപ്പുകളിൽ വന്നിരുന്ന കുറിപ്പുകൾ എഴുതിയവർക്കും വായിക്കുന്നവർക്കും മനസ്സിലാവാത്ത കടുകട്ടി ഭാഷയിലായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന്, റീഡേഴ്സ് സർക്കിൾ എന്ന വായനാ ഗ്രൂപ്പിൽ വന്ന സാമാന്യം നീണ്ട കുറിപ്പ് (വായിച്ചിട്ട് എനിക്കൊന്നും മനസ്സിലാവാത്തത്) കണ്ടപ്പോഴാണ്, ഞാൻ നോട്ടു ബുക്കിൽ എഴുതിവെച്ച, ഒരു പത്രത്തിൻ്റെ വാരാന്ത്യപ്പതിപ്പിന് അയച്ചുകൊടുത്തിട്ട് മടങ്ങിവന്ന കുറിപ്പ് ഞാനാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അതിന് ലഭിച്ചത്. ഒരുപക്ഷേ വാരാന്ത്യ പതിപ്പിൽ അച്ചടിച്ചുവന്നാൽ വായിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ അന്നത് വായിച്ചു.
പിന്നീടങ്ങോട്ട് എഴുതിവെച്ചിരുന്നതും, പുതിയതുമായ വായനാ കുറിപ്പുകൾ റീഡേഴ്സ് സർക്കിളിൽ പോസ്റ്റ് ചെയ്തു. ഗ്രൂപ്പിൽ ഏറ്റവും റീച്ചുള്ള പോസ്റ്റുകൾ ഈ തമിഴൻ കുട്ടിയുടേതായി മാറി. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന കുറേ ആൺ- പെൺ സൗഹൃദങ്ങൾ എനിക്കാ എഴുത്തുകളിലൂടെ ലഭിച്ചു. ഭാഷ തനിയെ പഠിച്ച എൻ്റെ അക്ഷരത്തെറ്റുകളും മറ്റും അവർ രഹസ്യമായും പരസ്യമായും തിരുത്തി തന്നു. അത് വലിയ പ്രചോദനമായിരുന്നു. അതുവരെ വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച് എഴുതി, ഞാൻ മാത്രം വായിച്ചിരുന്ന എൻ്റെ വാക്കുകൾ പലരെയും പല പുസ്തകങ്ങളിലേക്കും നയിച്ചു.
ഏതാണ്ട് 360- ഓളം വായനാ കുറിപ്പുകൾ എഴുതിക്കഴിഞ്ഞപ്പോൾ, കൊല്ലത്തുള്ള പ്രവദ ബുക്സിന്റെ എഡിറ്റർ നൗഫൽ എന്നെ മെസ്സഞ്ചറിലൂടെ ബന്ധപ്പെട്ടു. ഏറ്റവും റീച്ച് കിട്ടിയ 35 വായനാകുറിപ്പുകൾ അങ്ങനെ ‘ഒരു പെയിൻ്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’ എന്ന പേരിൽ പുസ്തകമായി.
‘മുഹമ്മദ് രാമൻ’ എന്ന പേരിൽ ആദ്യം മത ഗ്രൂപ്പുകളിൽ ഇടിച്ചുകയറി, സകല മതങ്ങളെയും വിമർശിക്കാൻ തുടങ്ങി. മംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നതുകൊണ്ട് വല്യ പരിക്കില്ലാതെ അവിടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നെ യുക്തിവാദ ഗ്രൂപ്പുകളിലേക്ക്.
ആ 35 ൽ, 17 കുറിപ്പുകൾ പത്രങ്ങളുടെ വാരാന്ത്യ പതിപ്പിന്റെയും വീക്കിലികളുടെയും എഡിറ്റർമാർ ഒന്നു വായിച്ചുപോലും നോക്കാതെ മടക്കി അയച്ചവയാണ്. അവരത് വായിച്ചിട്ടില്ല എന്നു ഞാൻ ഉറപ്പിച്ചു പറയാനുള്ള കാരണം, അയച്ചു കൊടുക്കുന്ന കടലാസുകൾ ഒന്ന് ഒന്നിനോട് ചേർത്ത് ഇത്തിരിപ്പോരം പശ കൊണ്ട് ഞാൻ ഒട്ടിക്കുമായിരുന്നു. ആ ഒട്ടിപ്പുകൾ പറിയാതെയാണ് അവയെല്ലാം എന്നിലേക്ക് മടങ്ങിവന്നത്.
വായനാകുറിപ്പുകൾ എഴുതി അവ പുസ്തകരൂപത്തിൽ വന്നപ്പോഴാണ്, എൻ്റെ എഫ് .ബി .വാളിൽ അനുഭവക്കുറിപ്പുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. അപ്പോഴേക്കും എഫ്.ബിയിൽ വായിക്കുന്ന കുറച്ചു വായനക്കാരെ ഞാൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു. (സുക്കറണ്ണനോട് എങ്ങനെ നന്ദി പറയാതിരിക്കും?). ആ വായനക്കാരിലൂടെയാണ് വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകത്തിലെയും, മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല എന്ന പുസ്തകത്തിലെയും അനുഭവക്കുറിപ്പുകൾ പലരിലേക്കായി ഷെയർ ചെയ്തു പടർന്നത്. അനുഭവക്കുറിപ്പുകളും പ്രവദയാണ് ആദ്യം പുസ്തകമാക്കിയത്. (പിന്നീട് മാതൃഭൂമിയും )
അനുഭവമെഴുത്താണ് എന്നെ ട്രൂ കോപ്പി വെബ്സീനിലെ ‘വെറും മനുഷ്യർ’ എന്ന ആത്മകഥയിലേക്ക് എത്തിച്ചത്. അനുഭവക്കുറിപ്പുകൾ പുസ്തകമായപ്പോൾ അതിലെന്റെ ഫോൺ നമ്പർ കൊടുത്തതുകൊണ്ട് ഒരുപാട് വായനക്കാർ തങ്ങളുടെ അനുഭവങ്ങൾ എന്നോട് പറയാൻ തുടങ്ങി. അധികവും ഉന്മാദത്തിന്റെ അനുഭവങ്ങൾ. ‘ഭ്രാന്ത്’ എന്ന ഒറ്റ വാക്കിലൊതുക്കി സമൂഹം ഇന്നും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന നിസ്സഹായരായ മനുഷ്യരുടെ നെഞ്ചിടിപ്പുകൾ, വേവലാതികൾ, അവരുടെ കുഞ്ഞുകുഞ്ഞ് ആധികൾ.
എല്ലാ വേദനകളും ക്ഷമയോടെ കേട്ടിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അദൃശ്യമായ ഒരു കുമ്പസാരക്കൂട്ടിൽ എന്നെയിരുത്തി എൻ്റെ സഹജീവികൾ രാത്രികളിൽ എന്നോട് സങ്കടങ്ങൾ പറഞ്ഞു. അധികവും സ്ത്രീകളായിരുന്നു. വളരെ ചെറുപ്പത്തിൽ രക്തബന്ധങ്ങളിൽനിന്ന് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ. തേങ്ങിത്തേങ്ങിയുള്ള അവരുടെ കരച്ചിലുകൾ.... പലപ്പോഴും ഉറക്കം ഞെട്ടി ഭാര്യ ഉണരുമ്പോൾ അവൾ ഫോണിലൂടെ അവരുടെ കരച്ചിൽ കേട്ടു. മറ്റേതു ഭാര്യയായിരുന്നെങ്കിലും അതൊന്നും വകവെച്ചു തരുമായിരുന്നില്ല.
പത്ത് മണിക്ക് തുടങ്ങി, രാത്രി രണ്ടു മണി വരെ പറഞ്ഞിട്ടും തീരാത്ത സങ്കടങ്ങളുടെ കടലുകൾ എനിക്കുചുറ്റും ഇരമ്പിയാർത്തു. ഞാൻ എഴുതിയ അനുഭവങ്ങളും എനിക്ക് നേരിടേണ്ടിവന്ന അനീതികളും ക്രൂരതകളും എത്രമാത്രം ചെറുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല എന്ന പുസ്തകമടക്കം എൻ്റെ മൂന്നു പുസ്തകങ്ങളും പൂർണമായും എഫ്.ബിയിലൂടെ വെളിച്ചം കണ്ടവയാണ്. അതിനുശേഷമാണ് അവ പുസ്തകരൂപത്തിലായത്.
സോഷ്യൽ മീഡിയ അല്ലെങ്കിൽ ഫേസ്ബുക്ക് എന്ന സംവിധാനം ഇല്ലായിരുന്നെങ്കിൽ ഇന്ന് പത്തു പേരെങ്കിലും വായിക്കുന്ന ഒരു എഴുത്തുകാരനായി ഞാൻ മാറുമായിരുന്നില്ല. ഒരുപക്ഷേ, ഇങ്ങനെയൊരു എഴുത്ത് പോലും നിങ്ങൾ ട്രൂ കോപ്പിയിലൂടെ എന്റേതായി വായിക്കുമായിരുന്നില്ല. അടയാളങ്ങളേതുമില്ലാതെ ഞാനും ഈ ഭൂമിയിൽ ജീവിച്ച് മരിച്ചുപോവുമായിരുന്നു.
എഫ് .ബിയെ ഒരു വ്യക്തിക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. എനിക്കത് ക്രിയാത്മകമായി ഉപയോഗിക്കാൻ പറ്റി എന്നതിലേ എന്തെങ്കിലും വ്യത്യാസമുള്ളൂ. എൻ്റെ രണ്ട് നോവലുകളുടെയും തുടക്കത്തിലെ നാലഞ്ചു അധ്യായങ്ങൾ FB യിൽ പോസ്റ്റ് ചെയ്ത് വായനക്കാരുടെ പ്രതികരണങ്ങൾ അറിഞ്ഞതിനു ശേഷമാണ് ഞാൻ പ്രസാധകർക്ക് അയച്ചു കൊടുത്തത്. നിങ്ങളുടെ എഴുത്തിൽ എന്തെങ്കിലും മൂല്യമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിലെ വായനക്കാർ അത് വകവെച്ചുതരും, അതല്ല, ചവറാണെങ്കിൽ അതിനുള്ള പൊങ്കാലയും ഉടൻ കിട്ടും. അത്തരത്തിൽ പൊങ്കാല കിട്ടിയ എത്രയോ എഴുത്തുകൾ ഞാൻ പിന്നീട് നശിപ്പിച്ചിട്ടുണ്ട്.
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ ഞാനിപ്പോൾ ഇൻസ്റ്റയിലെ ഒന്നര മിനിറ്റ് ദൈർഘ്യം മാത്രമുള്ള റീലുകൾ ഇഷ്ടം പോലെ കാണാറുണ്ട്. എത്ര മനോഹരമായിട്ടാണ് പുതിയ തലമുറ പുസ്തകങ്ങളെ കുറിച്ചുള്ള റീലുകൾ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്.
ഇതൊക്കെയാണെങ്കിലും എഫ്.ബിയിലെ എൻ്റെ രാഷ്ട്രീയ- മത വിമർശനങ്ങൾ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി തന്നിട്ടുണ്ട്. തന്തയ്ക്ക് വിളിയും പൂരത്തെറിയും കിട്ടുമെന്നും അത് സ്വീകരിക്കാൻ ഒരുക്കമാണെന്നും എന്നെത്തന്നെ പലതവണ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് രാഷ്ട്രീയ, മത വിമർശനങ്ങൾ ഇന്നും എഫ്.ബിയിൽ പോസ്റ്റ് ചെയ്യുന്നത്. എൻ്റെ സാഹിത്യത്തെ കയ്യടിയോടെ സ്വീകരിക്കുന്ന അതേ വായനക്കാർ തന്നെ, എന്റെ മത, രാഷ്ട്രീയ വിമർശനങ്ങളെ പൂരത്തെറിയോടെയാണ് സ്വീകരിക്കുന്നത് എന്നതും പറയാതെ വയ്യ.
എങ്കിലും സോഷ്യൽ മീഡിയ എന്നത് എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ആർക്കും തികഞ്ഞ സ്വാതന്ത്രത്തോടെ ഇടപെടാവുന്ന ഒരിടമാണ്. അവിടെ നിങ്ങൾ തന്നെയാണ് പത്രാധിപർ. നിങ്ങൾ തന്നെയാണ് പത്രമുതലാളിയും ഏജൻ്റും. എഴുതിക്കഴിഞ്ഞതിനെ അവിടെ നിങ്ങൾക്ക് മായ്ച്ചു കളയാം, തിരുത്താം, സ്വയം നവീകരിക്കാം.
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ ഞാനിപ്പോൾ ഇൻസ്റ്റയിലെ ഒന്നര മിനിറ്റ് ദൈർഘ്യം മാത്രമുള്ള റീലുകൾ ഇഷ്ടം പോലെ കാണാറുണ്ട്. എത്ര മനോഹരമായിട്ടാണ് പുതിയ തലമുറ പുസ്തകങ്ങളെ കുറിച്ചുള്ള റീലുകൾ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഒരു ആനയെ കോഴിമുട്ടയ്ക്കുള്ളിൽ ഒതുക്കുന്നത്ര എടങ്ങേറ് പിടിച്ച പണിയാണ് ഒരു നല്ല പുസ്തകത്തെ ഒന്നര മിനിറ്റിൽ അവതരിപ്പിക്കുക എന്നത്. അത് വളരെ ഭംഗിയായി സംഗീതത്തിന്റെ അകമ്പടിയോടെ പുതിയ തലമുറ ചെയ്യുന്നുണ്ട്.
മാറാത്തതായി മാറ്റം മാത്രമേയുള്ളൂ എന്നിരിക്കെ, വായിച്ചാൽ മനസ്സിലാവാത്ത ഘടാഘടിയൻ നിരൂപണങ്ങളെയും പഠനങ്ങളെയും റദ്ദ് ചെയ്ത് പുതിയ തലമുറ ഒന്നര മിനിറ്റിലും ഒരു മിനിറ്റിലും തങ്ങളുടെ പുസ്തകാസ്വാദനത്തെ അവതരിപ്പിക്കുന്നത് എല്ലാ എഴുത്തുകാരും നിരൂപകരും കാണണം എന്നു തന്നെയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. റീലുകൾ കണ്ടിട്ടാണ് ഇക്കാന്റെ പുസ്തകം വാങ്ങി വായിച്ചതെന്ന് പുതിയ കുട്ടികൾ എന്നോട് പറയുമ്പോൾ, കടിച്ചാൽ പൊട്ടാത്ത നിരൂപണ, പഠന, വിമർശനങ്ങൾ കൊണ്ട് പല പുസ്തകങ്ങളിലേക്കുമുള്ള വഴികളെ എനിക്കുമുമ്പിൽ അടച്ചുകളഞ്ഞ നിരൂപക സിങ്കങ്ങളെ ഞാൻ ഓർക്കുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
മൈന ഉമൈബാൻ • ടി. ശ്രീവത്സൻ • ഫ്രാൻസിസ് നൊറോണ • വി.കെ. അനിൽകുമാർ • ഇ.എ. സലിം • പി.ജെ.ജെ. ആന്റണി • ഇ.കെ. ദിനേശൻ • വിനോദ്കുമാർ കുട്ടമത്ത് • അജിത് എം. പച്ചനാടൻ • വിമീഷ് മണിയൂർ • ഡോ. ശിവപ്രസാദ് പി. • വിനിത വി.പി. • സീന ജോസഫ് • Read More