ഇച്ഛയുടെ അൽഗോരിതം

‘‘ഒരാളുടെ സ്വത്വം എന്നത് ഡിജിറ്റൽ സാങ്കേതികത നിർണയിച്ച ഒരു സ്വത്വം കൂടിയാണെന്ന് വരുന്നു. അതിനാൽ എന്റെ പാതിശരീരം ടെക്‌നോളജിയുടേതാണ്. അതെന്നെ എന്റെ മേൽവിലാസങ്ങളിൽനിന്ന്, എന്റെ ജാതി- ഗോത്രബന്ധങ്ങളിൽനിന്ന്, എനിക്കുമേൽ പച്ചകുത്തിയ ചരിത്രബാന്ധവങ്ങളിൽനിന്ന് തൽക്കാലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നു’’- സുധീഷ് കോട്ടേമ്പ്രം എഴുതുന്നു.

മെല്ലെ അമർത്തിയാൽ മതി
അമർത്തുകയും വേണ്ട
ഒന്നു തൊട്ടാ മതി
ശരിക്കുപറഞ്ഞാൽ തൊടുകയും വേണ്ട.
ഇതാ ഇങ്ങനെ…
അവന്റെ വിരൽ ജലത്തിൻമീതെ
ക്രിസ്തുവിനെപ്പോലെ ചരിച്ചു.
ഇച്ഛയ്ക്കൊപ്പം ലോകം പരിവർത്തിച്ചു.
ലോകം വഴങ്ങാതിരുന്നതിന്റെ കാരണം ഇതായിരുന്നോ?
ഞാൻ ആവശ്യത്തിലധികം ബലം പ്രയോഗിച്ചു.
(‘ടച്ച് സ്‌ക്രീൻ’, കല്പറ്റ നാരായണൻ)

ച്ഛയ്ക്കൊപ്പം ലോകം പരിവർത്തിപ്പിക്കപ്പെടുന്ന ‘ടച്ച് സ്‌ക്രീൻ’ കാലത്തിന്റെ ആയാസരഹിതമായ വിരലനക്കത്തിൽ ഞാനെന്റെ ഡിജിറ്റൽയൗവ്വനത്തിന്റെ സമയരേഖ നോക്കുകയായിരുന്നു. സിലോൺ റേഡിയോയിലൂടെ കടൽകടന്നുവരുന്ന കരകരപ്പുള്ള മലയാളത്തിനുവേണ്ടി കാതുകൂർപ്പിച്ച ഒരു അനലോഗ് റേഡിയോക്കാലം. വർഷത്തിലൊരിക്കൽ കാത്തിരുന്നു കേൾക്കുന്ന ആകാശവാണി നാടകോൽസവം, വെള്ളിയാഴ്ചകളിലെ ചിത്രഗീതത്തിനും പിന്നെ ഞായറാഴ്ചകളിലെ വൈകുന്നേര സിനിമകൾക്കുമായി അടുത്ത വീടുകളിലെ വെള്ളിവെളിച്ചത്തിനുമുന്നിൽ കണ്ണുമിഴിച്ചിരുന്ന ടെലിവിഷൻകാലം.

സിലോൺ റേഡിയോയിലൂടെ കടൽകടന്നുവരുന്ന കരകരപ്പുള്ള മലയാളത്തിനുവേണ്ടി കാതുകൂർപ്പിച്ച ഒരു അനലോഗ് റേഡിയോക്കാലം. വർഷത്തിലൊരിക്കൽ കാത്തിരുന്നു കേൾക്കുന്ന ആകാശവാണി നാടകോൽസവം, വെള്ളിയാഴ്ചകളിലെ ചിത്രഗീതത്തിനും പിന്നെ ഞായറാഴ്ചകളിലെ വൈകുന്നേര സിനിമകൾക്കുമായി അടുത്ത വീടുകളിലെ വെള്ളിവെളിച്ചത്തിനുമുന്നിൽ കണ്ണുമിഴിച്ചിരുന്ന ടെലിവിഷൻകാലം.
സിലോൺ റേഡിയോയിലൂടെ കടൽകടന്നുവരുന്ന കരകരപ്പുള്ള മലയാളത്തിനുവേണ്ടി കാതുകൂർപ്പിച്ച ഒരു അനലോഗ് റേഡിയോക്കാലം. വർഷത്തിലൊരിക്കൽ കാത്തിരുന്നു കേൾക്കുന്ന ആകാശവാണി നാടകോൽസവം, വെള്ളിയാഴ്ചകളിലെ ചിത്രഗീതത്തിനും പിന്നെ ഞായറാഴ്ചകളിലെ വൈകുന്നേര സിനിമകൾക്കുമായി അടുത്ത വീടുകളിലെ വെള്ളിവെളിച്ചത്തിനുമുന്നിൽ കണ്ണുമിഴിച്ചിരുന്ന ടെലിവിഷൻകാലം.

മീഡിയ എക്കാലത്തും പ്രലോഭിപ്പിച്ചിട്ടേയുള്ളൂ. പ്രീ-ഡിജിറ്റൽ കാലത്തിന്റെ തൊണ്ണൂറുകൾ തന്ന അഭിനിവേശം കൊണ്ടുതന്നെയാവണം 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകമാവുമ്പോഴേക്കും മൂത്തുപാകമായ ഡിജിറ്റൽക്കാലത്തിന്റെ കായ്ഫലം രുചിക്കാൻ നാം തിക്കിത്തിരക്കിയോടിയത്. അവിടുന്നിങ്ങോട്ട് എന്റെ വിലാസം ഒരു ജി മെയിൽ അഡ്രസും കൈഫോൺ നമ്പരും മാത്രമായി (2000-ന്റെ ആദ്യപാദത്തിൽ ‘നൃത്തം’ എന്ന നോവലിൽ ഏതാണ്ട് ഇങ്ങനെയൊരു വാക്യം എം. മുകുന്ദൻ എഴുതുന്നുണ്ട്).
എന്റെ നാടോടിത്തം ഗൂഗിൾത്തോപ്പിലെ അലച്ചിലായി.
ഒരു ഞെക്കിൽ എനിക്കുള്ള ഭക്ഷണപ്പൊതി വാതിൽക്കലെത്തി.
മറ്റൊരു തോണ്ടലിൽ എന്റെ വണ്ടി എക്‌സാറ്റ് ലൊക്കേഷനിൽ വന്നിരിക്കുന്നു. ചോദ്യമോ പറച്ചിലോ ഇല്ലാതെ അതെന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.
സഞ്ചരിച്ച വഴികൾ ഗ്രാഫിക് മാപ്പുകളിൽ അടയാളപ്പെട്ടുകിടക്കുന്നു. പണക്കൈമാറ്റം ഒരു തോന്നലായി, പോയെന്നും വന്നെന്നും അത് അക്കങ്ങൾകൊണ്ട് ഓർമ്മിപ്പിക്കുക മാത്രം ചെയ്തു.
പെരുവിരലാൽ സ്‌ക്രോൾ ചെയ്തുകൊണ്ടിരിക്കുന്ന, ഇരുകൈകളാൽ കീബോർഡിൽ ഞെക്കിക്കൊണ്ടിരിക്കുന്ന, ചെവിക്കൊളുത്തിൽ സദാ ശബ്ദവീചികളിരമ്പുന്ന, ഇരുകണ്ണാൽ മിന്നിക്കൊണ്ടിരിക്കുന്ന യന്ത്രശരീരമായി എന്നെയും നിങ്ങളെയും മെരുക്കിയത് ഈ സ്‌ക്രീൻകാലമാണ്.

‘ദ സെക്കന്റ് സെൽഫ്’ എന്ന് ഷെറി ടർക്കിൾ വിളിക്കുന്ന നമ്മുടെ സൈബർ പൗരത്വം കേവലം കമ്പ്യൂട്ടർ എന്ന സങ്കേതവുമായുള്ള ഉപകരണബന്ധം എന്ന നിലയിൽ മാത്രമല്ല. അത് നമ്മുടെ സാമൂഹികവും മാനസികവുമായ ജീവിതത്തിന്റെ തുടർച്ചയായിക്കണ്ടു കൂടിയാണ്‌. ഒരാളുടെ സ്വത്വം എന്നത് ഡിജിറ്റൽ സാങ്കേതികത നിർണയിച്ച ഒരു സ്വത്വം കൂടിയാണെന്ന് വരുന്നു. അതിനാൽ എന്റെ പാതിശരീരം ടെക്‌നോളജിയുടേതാണ്. അതെന്നെ എന്റെ മേൽവിലാസങ്ങളിൽനിന്ന്, എന്റെ ജാതി- ഗോത്രബന്ധങ്ങളിൽനിന്ന്, എനിക്കുമേൽ പച്ചകുത്തിയ ചരിത്രബാന്ധവങ്ങളിൽനിന്ന് തൽക്കാലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നു.

അനശ്വരമായ താൽക്കാലികത നവകാലത്തിന്റെ താക്കോൽവാക്ക് കൂടിയാണ് (‘ടെംപററി പീപ്പിൾ’ എന്ന് ദീപക് ഉണ്ണികൃഷ്ണൻ). അവിടെ നിരന്തരമായ ഒരു ‘ഇന്ന്’ പ്രവർത്തിക്കുന്നു. അവിടെ ഓർമ്മകളും മനുഷ്യരും വാർത്തകളും എല്ലാം ഒരു സമയകലയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ‘വാട്‌സ് ഓൺ യുവർ മൈൻഡ്?’ എന്ന് എല്ലായ്‌പ്പോഴും എഫ്ബി ചോദിക്കുന്നു. ഇന്നത്തേക്കു മാത്രമുള്ള മുപ്പതു സെക്കൻഡ് ദൈർഘ്യമുള്ള സ്റ്റാറ്റസുകൾ ഇൻസ്റ്റയും വാട്‌സാപ്പും ചോദിക്കുന്നു. നാമത് അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്നു. കൂടിയാൽ ഒരു ദിവസം മാത്രം ആയുസ്സുള്ള ഒന്നായി നമ്മുടെ ദിനവൃത്താന്തങ്ങൾ. അനശ്വരതയെക്കുറിച്ചുള്ള ആധുനിക വ്യാധി ഇന്നത്തെ എഴുത്തുകാർക്കോ കലാകാരർക്കോ ഡിജിറ്റൽക്കാലം വാകവച്ചുകൊടുക്കുന്നില്ല.

വില്യം ഗിബ്‌സൺ എൺപതുകളിൽ എഴുതിയ കഥകളിൽനിന്ന് വികാസം കൊണ്ട സൈബർനെറ്റിക്‌സും സൈബർ സ്‌പെയിസും എന്ന സങ്കല്പനം തന്നെ വിദൂരഭാവിയെ വിഭാവനം ചെയ്ത ഒന്നായിരുന്നു. ഗിബ്‌സന്റെ ആലോചനകളിൽ കടന്നുകൂടിയ ആ വിദൂരഭാവി ഇന്ന് ആഗതമായിരിക്കുന്നു. കമ്പ്യൂട്ടർ ശൃംഖലകളുമായി ബന്ധിപ്പിക്കപ്പെട്ട തന്റെ കഥാപാത്രങ്ങൾക്ക് ഇന്ന് നാമോരോരുത്തരും പാത്രീഭവിച്ചിരിക്കുന്നു.

‘‘തുറന്ന പ്രകൃതിയുള്ള
ഒരു വീടിനെപ്പറ്റി ഓർത്തു
ഞാൻ സന്തോഷിക്കുന്നു.
തുറന്ന ശിൽപങ്ങളെപ്പറ്റി
തുറന്ന രൂപങ്ങളെപ്പറ്റി
തോന്നുന്നതെല്ലാം സ്വഗതമായ
മനസ്സുകളെപ്പറ്റി
ഓർത്തു സന്തോഷിക്കുന്നു’’
(‘തുറന്ന ഭവനങ്ങളെപ്പറ്റി’, കെ എ. ജയശീലൻ, 1975)

കവിതയുടെ പദ്യപാരമ്പര്യത്തിന് പുറത്ത്, 75-ൽ ഒരു കവി ഇങ്ങനെ എഴുതുന്നു. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറത്ത് സൈബർമലയാളത്തിന്റെ തുറന്ന വീടുകളിൽനിന്ന് ഈ വാക്കുകളിലേക്ക് ഇപ്പോൾ ഒരു ഹൈപ്പർ ലിങ്ക് ഉള്ളതായി കാണാം. വെള്ളം പോലെ നിറങ്ങളിലാത്ത പേരുകളിടണമെന്നും വായുപോലെ തരംതിരിവുകാരന് പിരിക്കാൻ കിട്ടാത്ത പേരുകളിടണമെന്നും ജയശീലൻ എഴുതി.

കടലാസിൽനിന്നും കമ്പ്യൂട്ടറിലേക്കുള്ള വാക്കിന്റെ ആശയപരമായും രൂപപരമായുമുള്ള പരിവർത്തനം തൊണ്ണൂറുകളിൽതന്നെ ആരംഭിക്കുന്നുണ്ട്. ഭാഷയുടെ ഈ സൈബർസംക്രമണത്തെ എറ്റവും സർഗാത്മകമായി വിനിയോഗിച്ചുകൊണ്ട് കടന്നുവന്നവർ കവികളായിരുന്നു എന്നത് യാദൃച്ഛികമല്ല. കവിത എപ്പോഴും സമകാലത്തെ അടയാളപ്പെടുത്തുന്നതിൽ ജാഗരൂകമായിരുന്നു എന്നതുകൊണ്ടും മലയാള കവിത സൈബർ ജ്ഞാനസമ്പർക്കങ്ങൾക്കുള്ള തുറന്ന വേദിയായി മാറി. രേഖീയമായ കവിതാചരിത്രബോധത്തിനു പുറത്താണ് 21ാം നൂറ്റണ്ടിന്റെ ആദ്യ ദശകത്തിന്റെ മലയാളകവിത. കവിത്രയങ്ങളെ വായിച്ചിട്ടാവില്ല ഈ തലമുറ പേനയെടുത്തത്. കവിതയുമായുള്ള ഇവരുടെ ബന്ധം തുടങ്ങുന്നതുതന്നെ ബ്ലോഗു പോലുള്ള നവസാങ്കേതികവിദ്യയിൽ നിന്നുമാവാം. മാധ്യമവ്യവഹാരങ്ങൾ സൃഷ്ടിച്ച പ്രതീതിയുടെയും യാഥാർത്ഥ്യത്തിന്റെയും ദൃശ്യലോകത്തിലിരുന്നാണ് ഇവർ കവിതയുടെ പണിയാല തീർത്തത്. നവമാധ്യമങ്ങൾ പുതിയ കവിതയ്ക്ക് പ്രതലമാവുന്നതു കൊണ്ടല്ല, ‘ന്യൂ മീഡിയാറ്റിക് പോയട്രി’ എന്നതിനെ വിളിക്കാനാവുന്നത്‌. മറിച്ച് നവമാധ്യമലോകം സൃഷ്ടിച്ച അനുഭവലോകത്തെ സൂക്ഷ്മമായി പിടിച്ചെടുത്തതുകൊണ്ടുകൂടിയാണ്.

വില്യം ഗിബ്‌സൺ
വില്യം ഗിബ്‌സൺ

കവിതയുടെ പ്രഥമമാധ്യമം ഭാഷയായിരിക്കുന്നതിനാൽത്തന്നെ ഭാഷയിലെ ഘടനാപരവും സൗന്ദര്യശാസ്ത്രപരവുമായ മാറ്റങ്ങൾ ഡിജിറ്റൽ ഭാവുകത്വത്തിലും നിർബാധം തുടർന്നു. കലയെ സംബന്ധിച്ച് ഡിജിറ്റൽ തിരിവ് കലാകൃത്തുക്കളിൽ സംശയവും അകൽച്ചയും അംഗീകാരവും സമ്മിശ്രമായി സൃഷ്ടിച്ചെടുത്തു. ഡിജിറ്റൽ കല മാധ്യമബോധത്തെ ആശയപരമായി അഴിച്ചുപണിതു. നിരവധിയായ മീഡിയങ്ങളിൽനിന്ന് ഡിജിറ്റൽ മീഡിയം എന്ന ഒറ്റ സർവ്വസംഹാരി പ്രവർത്തിച്ചുതുടങ്ങി. ആധുനികകാലത്തെ ഘടനാപരമായ മാറ്റം എന്നത് ലോകത്തെ ഒരു ചിത്രരൂപമായി കാണാൻ തുടങ്ങുന്നുവെന്നതാണെന്ന് (world as image) മാർട്ടിൻ ഹൈഡഗർ സൂചിപ്പിക്കുന്നുണ്ട്. പ്രതീതി യാഥാർഥ്യം ഈ ഇമേജിനെ ഇന്ന് കൂടുതൽ ദൃശ്യപ്പെടുത്തുന്നു. കമ്പ്യൂട്ടർ- വിവരസാങ്കേതിക വിദ്യാസംഘാതം ‘ഇൻഫർമേഷൻ സൊസൈറ്റി’ എന്ന് വിളിക്കാവുന്ന സമൂഹത്തെ സൃഷ്ടിച്ചു. ഈ സാമൂഹികതയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് ഡിജിറ്റൽ ആർട്ടുപോലുള്ള വ്യവഹാരങ്ങൾ പ്രവർത്തിക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. പരമ്പരാഗത മീഡിയങ്ങൾ കലയിൽ ഉണ്ടായിരിക്കുമ്പോഴും ഡിജിറ്റൽ എന്നത് മറ്റൊരു മീഡിയമായോ അല്ലെങ്കിൽ രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു കൈമാറ്റസൂചികയായോ പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ പരമ്പരാഗത മീഡിയയിൽ കല ചെയ്യുന്ന ഒരാളും ഡിജിറ്റൽ മീഡിയയെ സ്പർശിക്കാതെ പോകുന്നില്ല.

ഡിജിറ്റൽക്കാലം വായനയെ, എഴുത്തിനെ, പഠനത്തെ അനായസമാക്കി. മിക്ക വിഷയങ്ങളിലെയും ഗവേഷണ സാമഗ്രികൾ ഡിജിറ്റൽ ഫോർമാറ്റുകളിൽ കൂടുതലായി ലഭ്യമായി. ഡിജിറ്റൽവിനിമയ ബന്ധങ്ങൾക്ക് എതിരുനിൽക്കുന്ന ഒരാൾക്കും അയാളുടെ രീതിശാസ്ത്രങ്ങളെ തൃപ്തിപ്പെടുത്തുന്ന മെറ്റീരിയലുകളാൽ സമൃദ്ധമാണ് ഡിജിറ്റൽ ലൈബ്രറികൾ. ഡിജിറ്റൈസ് ചെയ്തിട്ടുള്ളതും ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്നതുമായ സാംസ്കാരിക രേഖകളുടെ കാര്യത്തിൽ മാത്രമല്ല, ഗവേഷണത്തിനും അധ്യാപനത്തിനും കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരിടമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ. ഡിജിറ്റൽ റ്റൂളുകളുമായുള്ള നമ്മുടെ സമ്പർക്കമുഖം (ഇന്റർഫേസ്) ഇന്നെത്തിനിൽക്കുന്നത് ജീവിതത്തെ അനായാസമാക്കാനുള്ള ഉപായങ്ങളുമായാണ്. അതിൽ വ്യക്തിയുടെ ഇംഗിതങ്ങൾ മുതൽ രാജ്യതാല്പര്യങ്ങളുടെ രാഷ്ട്രീയം വരെ കാണാം.

വിവരസമൂഹത്തിന്റെ നിർമ്മിതിയാണ് സ്‌ക്രീൻ കാലം എന്നും പറയാറുണ്ട്‌. ആവശ്യമുള്ളതും അല്ലാത്തതുമായ, അവസരത്തിലും അനവസരത്തിലുമായ, ഇഷ്ടമുള്ളതും അനിഷ്ടമുള്ളതുമായ വിവരപ്രളയം നമ്മുടെ വിരൽത്തുമ്പിലൂടെ അനുനിമിഷം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ നിങ്ങൾക്ക് നിഷ്‌ക്രമിക്കാനിടമില്ല. അഥവാ നാം വിവരവിസ്‌ഫോടനത്തിന് നടുക്കാണ് നിൽക്കുന്നത്. വാർത്തയെയും വിജ്ഞാനത്തെയും നമുക്ക് തെരഞ്ഞെടുക്കാം. നാം തന്നെ നമ്മുടെ ഇച്ഛയുടെ അൽഗോരിതം നിർമ്മിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെ മറഞ്ഞിരുന്നു കണ്ടുപിടിക്കുന്ന ഒരു വിപണി ആ ഇഷ്ടത്തെ മാർക്കറ്റ് ചെയ്യുന്നു. നമ്മെത്തന്നെ നാം വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. കൊന്നുതിന്നുന്നതിന്റെ ജീവചക്രം പോലെ നാം ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വലയിൽ ഊഴം കാത്തുകിടക്കുന്നു. മാളത്തിൽ പാമ്പുണ്ട് എന്നറിഞ്ഞുകൊണ്ട് കയ്യിടുന്ന പോലെ നാം എപ്പോഴും ഡിജിറ്റൽവിപണിയുടെ മാളത്തിൽ കയ്യിടുന്നു. ആപ്പുകൾ ഉപയോഗിക്കുന്നതിനുമുൻപത്തെ ടേംസ് & കണ്ടീഷൻസ് വായിച്ചുനോക്കാതെ തന്നെ അനുമതി കൊടുക്കുന്നു. നമ്മെത്തന്നെ പണയംവയ്ക്കുന്ന എല്ലാ പേപ്പറിലും നാം ഒപ്പിട്ടുകൊടുക്കുന്നു.

ആവശ്യമുള്ളതും അല്ലാത്തതുമായ, അവസരത്തിലും അനവസരത്തിലുമായ, ഇഷ്ടമുള്ളതും അനിഷ്ടമുള്ളതുമായ വിവരപ്രളയം നമ്മുടെ വിരൽത്തുമ്പിലൂടെ അനുനിമിഷം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ നിങ്ങൾക്ക് നിഷ്‌ക്രമിക്കാനിടമില്ല.
ആവശ്യമുള്ളതും അല്ലാത്തതുമായ, അവസരത്തിലും അനവസരത്തിലുമായ, ഇഷ്ടമുള്ളതും അനിഷ്ടമുള്ളതുമായ വിവരപ്രളയം നമ്മുടെ വിരൽത്തുമ്പിലൂടെ അനുനിമിഷം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ നിങ്ങൾക്ക് നിഷ്‌ക്രമിക്കാനിടമില്ല.

എങ്കിലും ഈ വലക്കണ്ണികളിലല്ലാതെ നമുക്ക് നമ്മെ സങ്കല്പിക്കാനാവാതെ വന്നിരിക്കുന്നു. നേരിട്ടറിയാത്ത അനേകരുമായി നാം നിത്യസംവാദത്തിലായിരിക്കുന്നു. നേരിട്ടറിയണം എന്നത് മിഥ്യയായിരിക്കുന്നു. ഞാൻ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ജീവിക്കുന്നു. ഞാനിടുന്ന ഏതുള്ളടക്കത്തിനും അവരുടെ വിരൽസ്പർശം ഞാനനുഭവിക്കുന്നു. നേരിൽ കാണുന്നവർ ‘നിന്റെ കണ്ടന്റ് കൊള്ളാം’ എന്ന് പരസ്പരം ഹസ്തദാനം ചെയ്യുന്നു.

അത്യന്തം ഡിജിറ്റൈസ് ചെയ്യപ്പെട്ട ലോകത്തിൽ ചിലപ്പോൾ നാം കൈ കൊണ്ട് വരയ്ക്കുന്നതിന്റെയും കൈകൊണ്ട് എഴുതുന്നതിന്റെയും അനുഭൂതിയെക്കുറിച്ച് വാചാലമാവുന്നു. ഫോണ്ടുകളല്ലാതെ, കയ്യക്ഷരത്തിൽ കത്തെഴുതുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഒറിജിനൽ എന്നത് ഡിജിറ്റൽ സംബന്ധമില്ലാത്ത ഒന്നാണെന്ന് കാല്പനികമാവുന്നു. എഡിറ്റ് ചെയ്യാത്ത ഫോട്ടോകളിലും ഫില്റ്റർ ചെയ്യാത്ത ആപ്പുകളിലും വിശ്വാസം കൂടുന്നു. അടക്കത്തോടെ, മൃദുചിരിയോടെ, ക്യാമറയിലേക്ക് നോക്കിനിന്ന ആധുനികതയിൽനിന്ന് ഉള്ളുപൊട്ടിച്ചിരിക്കുന്നതിന്റെയും ഏങ്കോണിച്ചുനിൽക്കുന്നതി ന്റെയും കൊഞ്ഞനം കുത്തുന്നതിന്റെയും മുഖപടങ്ങൾ സെൽഫിയാക്കുന്നു. ഏസ്‌തെറ്റിക് അപ്പീൽ എന്ന് അതിനെ ഓമനിച്ചുവിളിക്കുന്നു. ഡിജിറ്റലല്ലാത്ത ഒരാളെയെങ്കിലും തേടിപ്പിടിച്ച് സ്റ്റോറി ചെയ്യുന്നു. അവരുടെ നിത്യജീവിതത്തെ കൗതുകക്കണ്ണോടെ പകർത്തി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. തീറ്റയുടെയും വിനോദത്തിന്റെയും പൊതുയിടങ്ങൾ വ്യാപകമായി ഉണ്ടായിവന്നു. പോകാത്തയിടങ്ങളിലേക്കുള്ള ക്ഷണം ഓരോ സ്റ്റോറിയും നൽകി. എവിടെയും പോകാതെ തന്റെ മുരിങ്ങാമരച്ചോട്ടിലിരിക്കുന്ന ഒരാൾക്കും അയാളുടെ ലോകം ഉള്ളംകൈയ്യിലേക്കിറങ്ങിവന്നു. എന്റെ ഭൂപടം എനിക്കുതന്നെ വരയ്ക്കാവുന്നതായി.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More


Summary: Sudheesh Kottembram wrrites about how digital technology plays an important role to shape human identity, in Truecopy Webzine 200th Edition Being Digital


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി, കലാവിമർശകൻ, ക്യുറേറ്റർ. ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments