വി. പ്രവീണ

രണ്ടായി കണ്ടതിലുണ്ടായൊരിണ്ടൽ

‘‘പലവഴി ശേഖരിച്ചുകൂട്ടിയ സത്യവും അത്രതന്നെ മിഥ്യയും നിറഞ്ഞ കേവല വിവരങ്ങളുടെ പിൻബലത്തിൽ അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ ലോകത്തിൽ വാഴുന്നത് ജനാധിപത്യമോ അതിന്റെ വപരീതാധിപത്യമോ എന്ന് തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് മില്ലേനിയൽസിന് ഉണ്ടാകേണ്ടതുണ്ട്. റീൽസുകളുടെ നൈമിഷിക ആര്യണ്യകത്തിൽ അതിന്റെ പച്ചപ്പിൽ അഞ്ചിപ്പോകാത്ത മൂന്നാംകണ്ണായിരിക്കണം അത്’’- വി. പ്രവീണ എഴുതുന്നു.

ത്തരാർദ്ധത്തിന്റെ മുറിവായിൽനിന്ന് അപ്പോഴും തീയാളിക്കൊണ്ടിരുന്നു. കലുഷമായ ഈ തീകൊണ്ട് യന്ത്രങ്ങൾ അവരുടെ പരീക്ഷണങ്ങൾ തുടർന്നു. മണ്ണിലുറങ്ങിക്കിടന്ന ജൈവബീജങ്ങളെ അവർ ഉണർത്തിയില്ല. മറിച്ച്, പരീക്ഷണശാലകൾക്കകത്ത് നിർജീവ ധാതുക്കളെ ഇണ ചേർത്ത് കൃത്രിമ ജീവന് പിറവികൊടുത്തു. അങ്ങനെ അവിടെ യന്ത്രങ്ങൾക്കടിമയായ സസ്യവും മൃഗവും മനുഷ്യനും ഉണ്ടായി.

ഈ പുതിയ മനുഷ്യൻ, പഴയ മനുഷ്യനെപ്പോലെതന്നെ, താൻ യന്ത്രങ്ങളുടെ അധിപനാണെന്ന് വ്യാമോഹിച്ചു. പഴയ മനുഷ്യന്റെ വ്യാമോഹത്തിൽ സന്ദേഹത്തിന്റെയും ഭയത്തിന്റെയും പോറലും വിള്ളലുമായിരുന്നു, ജൈവസിദ്ധിയുടെ സ്വയം പരിശോധന. എന്നാൽ, പുതിയ മനുഷ്യൻ, സന്ദേഹമില്ലാതെ യന്ത്രങ്ങളെ താനാണ് ഭരിക്കുന്നതെന്ന് വ്യാമോഹിച്ചു. അങ്ങനെ വ്യാമോഹിക്കാൻ വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട കളിപ്പാട്ടമായിരുന്നു അവൻ. യന്ത്രങ്ങൾ ഈ കളിപ്പാട്ടത്തിൽ തൃപ്തികൊണ്ടു.

'മധുരം ഗായതി' അതിന്റെ മുപ്പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. അക്കാലത്തിനിടെ നിർമിത ബുദ്ധിയുടെ ചക്രവാളത്തിലേക്ക് ഡേറ്റയുടെ ചിറകിൽ പറക്കുന്ന ഡിജിറ്റൽ ഗോളമായി ലോകം മാറി.
'മധുരം ഗായതി' അതിന്റെ മുപ്പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. അക്കാലത്തിനിടെ നിർമിത ബുദ്ധിയുടെ ചക്രവാളത്തിലേക്ക് ഡേറ്റയുടെ ചിറകിൽ പറക്കുന്ന ഡിജിറ്റൽ ഗോളമായി ലോകം മാറി.

ഒ.വി. വിജയന്റെ 'മധുരം ഗായതി' എന്ന നോവലിന്റെ ഒന്നാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്. മാർട്ടിൻ കൂപ്പർ മൊബൈൽഫോൺ കണ്ടുപിടിച്ച് പതിനേഴു വർഷങ്ങൾ പിന്നിടുമ്പോഴാണ് മധുരം ഗായതി അച്ചടിക്കപ്പെടുന്നത്.

ഇന്റർനെറ്റ് അന്ന് നവജാതശിശുവാണ്. സോഷ്യൽ മീഡിയ എന്ന സങ്കല്പം ഭ്രൂണാവസ്ഥയിൽ പോലും ഉരുവായിട്ടില്ല. 'മധുരം ഗായതി' അതിന്റെ മുപ്പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. അക്കാലത്തിനിടെ നിർമിത ബുദ്ധിയുടെ ചക്രവാളത്തിലേക്ക് ഡേറ്റയുടെ ചിറകിൽ പറക്കുന്ന ഡിജിറ്റൽ ഗോളമായി ലോകം മാറി. പ്രപഞ്ചത്തിലെ സചേതനമായ നീലഗ്രഹം യന്ത്രനിയന്ത്രിതവും വേഗതയേറിയതുമായ കേവലബിന്ദുവായി പരിണമിച്ചു.

ഇന്റർനെറ്റിന്റെ കണ്ടുപിടുത്തവും വികാസവും ജൈവപരമ്പരയിലെ ഏറ്റവും ശ്രേഷ്ഠരായ ജീവിവർഗം തങ്ങളാണെന്ന ഉറപ്പിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. വരയിൽ പിഴച്ച ഗോളം പോലെയുള്ള കണ്ണുകൾ കൊണ്ട് ഡിജിറ്റൽ ചതുരങ്ങളിൽ മനുഷ്യർ ലോകത്തെ കാണാനും പ്രപഞ്ചത്തെ അറിയാനും തുടങ്ങി. ജൈവസിദ്ധിയുടെ സാന്ത്വനത്തിൽ സ്വാസ്ഥ്യം കണ്ടെത്താനാവാതെ പിടഞ്ഞും ഡേറ്റ സാധ്യമാക്കുന്ന നൈമിഷികാനന്ദങ്ങളിൽ മനസ്സിനെ തളച്ചും- ചിരിക്കാനും ചിന്തിക്കാനും ശേഷിയുള്ള, ലോക യുദ്ധങ്ങൾക്ക് കാരണക്കാരായ, ഓസോണിനെ സുഷിരങ്ങളണിയിച്ച- ഇരുകാലികൾ ആധുനികരായി.

ഒ.വി. വിജയൻ
ഒ.വി. വിജയൻ

വിലപിടിപ്പുള്ള ഡേറ്റയുടെ കനിവിൽ മേശവിസ്തീർണം കൈയേറിയ കമ്പ്യൂട്ടർ സ്‌ക്രീനുകളിലൂടെ അപരിചിതരോട് പരുങ്ങലില്ലാതെ സംവദിച്ചും അറിയേണ്ടതെല്ലാം അറിഞ്ഞുമാണ് തൊണ്ണൂറുകളിലെ ബാലകർ കൗമാര കോലാഹലങ്ങളുതിർത്തത്. അവർ നിറയൗവനം പുൽകിയ കാലം ഉന്മാദത്തിന്റേതായിരുന്നു.

ആൻഡ്രോയിഡും ഐ.ഒ.എസ്സും കൈവെള്ളയിലേക്ക് ലോകത്തെ വെച്ചുകൊടുത്തു. കണ്ണടച്ച് കിനാവ് കാണാനുള്ള വ്യഗ്രതയിൽ നിന്ന് അവർ മുക്തരാകുകയും കണ്ണ് തുറന്ന് റീലുകൾ കാണാനുള്ള ത്വരയിലവർ ബന്ധനസ്ഥരാവുകയും ചെയ്തു. സംഗീത സാന്ദ്രമല്ലാത്തതും സാദാമട്ടിലുള്ളതുമായ വിരസതയാർന്ന ജീവിതത്തെ ഇഷ്ടമുള്ള ബി.ജി.എമ്മിന്റെ അകമ്പടിയോടെ നിറഭരിതമാക്കാനും ഇതാ നോക്കൂ എന്ന വിധം പ്രദർശനത്തിനൊരുക്കാനും യൗവനത്തിന്റെ രണ്ടാം ലാപ്പിൽ അവർ പ്രാപ്തരായി.

ചാഞ്ഞും ചരിഞ്ഞും കിടന്നും നടന്നും ലോകത്തെ കാണാനും വികാരങ്ങളെ ശമിപ്പിക്കാനും വേണ്ടതൊക്കെ വാങ്ങിക്കൂട്ടാനും ആവശ്യമെങ്കിൽ അല്പം കല ആസ്വദിക്കാനും തീരെ വഴിയില്ലെന്നുവന്നാൽ എന്തെങ്കിലുമൊന്നുവായിക്കാനും ഒരല്പംപോലും ഗതികോർജം ചിലവിടാതെ സമ്പൂർണ സ്ഥിതികോർജാനുകൂല്യത്തിൽ മൊബൈൽഫോൺ മനുഷ്യനെ പഠിപ്പിച്ചു.

 കണ്ണടച്ച് കിനാവ് കാണാനുള്ള വ്യഗ്രതയിൽ നിന്ന് അവർ മുക്തരാകുകയും കണ്ണ് തുറന്ന് റീലുകൾ കാണാനുള്ള ത്വരയിലവർ ബന്ധനസ്ഥരാവുകയും ചെയ്തു.
കണ്ണടച്ച് കിനാവ് കാണാനുള്ള വ്യഗ്രതയിൽ നിന്ന് അവർ മുക്തരാകുകയും കണ്ണ് തുറന്ന് റീലുകൾ കാണാനുള്ള ത്വരയിലവർ ബന്ധനസ്ഥരാവുകയും ചെയ്തു.

ഓരോന്നും ഓർത്തോർത്തുവെക്കുകയെന്ന കഠിന കർത്തവ്യത്തിൽ നിന്ന് എത്ര വേഗമാണ് മനുഷ്യർ മോചിതരായത്. ഒരു കണക്കും മനസ്സിൽ കൂട്ടണ്ട, സൂക്ഷിക്കണ്ട... നിർലോഭ റാമുകളുടെ ധാരാളിത്തത്തിൽ മനുഷ്യന്റെ ഓർമ എന്ന ബാധ്യത അരങ്ങൊഴിഞ്ഞു.

നിമിഷംപ്രതി ഓർക്കേണ്ടതെല്ലാം സെൽഫോൺ ചതുരത്തിന്റെ അറകളിലെ മെമ്മറി കാർഡിലും മേശവലിപ്പുകൾക്കുള്ളിലെ ഹാർഡ് ഡിസ്‌കുകൾക്കുള്ളിലും സുഖനിദ്രയിലാണ്ടു. വേണ്ടത് വേണ്ടപ്പോഴെടുത്ത് ഓർക്കാം. ഓർമയുടെ രസമറ്റുപോകുമ്പോൾ വെറുതെ വിരലൊന്ന് ചലിപ്പിച്ച് അദൃശ്യതയിലേക്ക് തിരികെയയക്കാം.

മറവിയുടെ പൂരപ്പറമ്പിൽ റീലുകളുടെ താണ്ഡവം കണ്ട് കോരിത്തരിക്കുന്ന യുവത്വം. മറവിയെപ്രതി സങ്കടപ്പെടേണ്ടതില്ലാത്ത നിലയിലേക്ക് ലോകത്തെ എത്തിച്ച ഡിജിറ്റൽ തത്വചിന്ത കൂടിയാണ് ഡേറ്റ. റാം എത്ര കൈയിലുണ്ടോ അതിനൊത്ത് ഓർമകളുടെ ഭാരമൊഴിഞ്ഞ് സ്വസ്ഥതയറിയാം. ഏതു തലമുറയ്ക്കുണ്ടായിരുന്നു ഇത്ര സുഖസുന്ദരമായ യാഥാർഥ്യങ്ങൾ.

ഓരോന്നും ഓർത്തോർത്തുവെക്കുകയെന്ന കഠിന കർത്തവ്യത്തിൽ നിന്ന് എത്ര വേഗമാണ് മനുഷ്യർ മോചിതരായത്. ഒരു കണക്കും മനസ്സിൽ കൂട്ടണ്ട, സൂക്ഷിക്കണ്ട...
ഓരോന്നും ഓർത്തോർത്തുവെക്കുകയെന്ന കഠിന കർത്തവ്യത്തിൽ നിന്ന് എത്ര വേഗമാണ് മനുഷ്യർ മോചിതരായത്. ഒരു കണക്കും മനസ്സിൽ കൂട്ടണ്ട, സൂക്ഷിക്കണ്ട...

ചൊവ്വാദോഷവും ശനിയുടെ അപഹാരവും ഉൾപ്പെടെയുള്ള ജ്യോതിഷജാതക പ്രശ്‌നങ്ങളിൽ നിന്ന് അൽഗോരിതം എന്ന ഡിജിറ്റൽ ജാതകത്തിന്റെ വിധിക്കനുസരിച്ച് ജീവിതത്തെ നിയന്ത്രിക്കാൻ പുതുതലമുറ പഠിച്ചതും ഡേറ്റയുടെ പാഠശാലയിൽവച്ചാണ്.

എന്തുകാണണം ഏതു വിചാരധാരയെ പിന്തുടരണം എന്തിൽ ആനന്ദിക്കണം എന്തിൽ ഉദാസീനരാകണം എന്നതൊക്കെയും അൽഗോരിതത്തെ ആശ്രയിച്ചായി. ഡിജിറ്റൽ പൗരന്മാരുടെ ഭൂത ഭാവി വർത്തമാനങ്ങളെ നിയന്ത്രിക്കുന്ന ഇ - ജാതകമായി അൽഗോരിതം.

പലവഴി ശേഖരിച്ചുകൂട്ടിയ സത്യവും അത്രതന്നെ മിഥ്യയും നിറഞ്ഞ കേവല വിവരങ്ങളുടെ പിൻബലത്തിൽ അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ ലോകത്തിൽ വാഴുന്നത് ജനാധിപത്യമോ അതിന്റെ വിപരീതാധിപത്യമോ എന്ന് തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് മില്ലേനിയൽസിന് ഉണ്ടാകേണ്ടതുണ്ട്.

ഏതവിശ്വാസിയും അതിന്റെ ഗുണിതഗണനക്കണക്കുകൾ എണ്ണിയും കുറച്ചും വിശ്വാസിയായി. അൽഗോരിത ജാതക പ്രശ്‌നങ്ങളകറ്റാൻ സ്തുതിയും മുഖസ്തുതിയും അടക്കമുള്ള പരിഹാരമാർഗങ്ങൾക്കു പോലും വഴങ്ങുന്ന സ്വാതന്ത്ര്യദാഹികളായി അവർ മാറി.

ഡേറ്റാ കുതിപ്പ് തൊണ്ണൂറുകളിലെ കുട്ടികളിൽ പിന്നെയൊരു പിഴുതെടുക്കലും നടത്തി. പ്രത്യക്ഷമായും പരോക്ഷമായും അതുവരേക്കുള്ള കാലം അവരിൽ നട്ടുവളർത്തിയ അദ്വൈത വിചാരധാരയുടെ വേരുപിഴലായിരുന്നു അത്.

ഏകദിശാരൂപിയും ഏകമുഖനും ദ്വന്ദം എന്നൊന്നില്ലാത്തവനുമാണ് മനുഷ്യനെന്ന രൂഢമൂലമായ വിശ്വാസത്തെ ഇന്റർനെറ്റ് യുഗം ഒരു ദയയുമില്ലാതെ കടപുഴക്കി. മനുഷ്യനെന്നാൽ അകംപുറം ദ്വന്ദമാണെന്ന പുതുവിചാരധാരയിലേക്ക് പുതുസഹസ്രാബ്ദം പിറന്ന് അധികം വൈകാതെ മില്ലേനിയൽസ് എത്തിച്ചേർന്നു. ഓർക്കൂട്ടിൽ തുടങ്ങി ഇൻസ്റ്റഗ്രാം വരെയെത്തിനിൽക്കുന്ന ഇലക്ട്രോണിക് സാമൂഹ്യപാഠങ്ങൾ പകർന്ന സത്തയാണത്.

ഫാഷിസത്തെ എതിർക്കുന്നവനിലെ പാളിച്ചകളില്ലാത്ത ഫാഷിസ്റ്റിനെയും അരാജകവാദത്തെ പുണരുന്ന തികഞ്ഞ ഘടനാവാദിയേയും യുക്തിക്ക് മാത്രം വഴങ്ങുന്ന തികവുറ്റ അവിശ്വാസിയിലെ കറകളഞ്ഞ വിശ്വാസിയെയും സ്വാതന്ത്ര്യത്തെപ്പറ്റി പ്രബന്ധങ്ങളെഴുതിക്കൂട്ടുന്ന ആയുധങ്ങളണിഞ്ഞ ഏകാധിപതിയേയും കണ്ടെടുക്കാനൊരു കണ്ണട ആ പാഠങ്ങൾ മില്ലേനിയൽസിന് സമ്മാനിച്ചു. അദ്വൈതം വെടിഞ്ഞ് അവർ, ഒന്നായ നിന്നെയിഹ രണ്ടായി കണ്ടതിലുണ്ടായൊരിണ്ടലറിഞ്ഞ് ബോധോദയം നേടിയവരായി.

വിവിരവിനിമയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള അന്തരം എന്നൊരു അഭിപ്രായം തന്റെ ഏറ്റവും പുതിയ പുസ്തകമായ നെക്‌സസിൽ യുവാൽ നോഹ ഹരാരി പങ്കുവെക്കുന്നുണ്ട്. വസ്തുതകളുടെ യാഥാർഥ്യത്തെ അതേപടി പുറത്തെത്തിക്കുന്നതിന് പകരം വസ്തുതകളെ അപ്പാടെ നിയന്ത്രിക്കുകയാണ് ഏകാധിപതി ചെയ്യുന്നത്.

വിവിരവിനിമയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള അന്തരം എന്നൊരു അഭിപ്രായം തന്റെ ഏറ്റവും പുതിയ പുസ്തകമായ നെക്‌സസിൽ യുവാൽ നോഹ ഹരാരി പങ്കുവെക്കുന്നുണ്ട്.
വിവിരവിനിമയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള അന്തരം എന്നൊരു അഭിപ്രായം തന്റെ ഏറ്റവും പുതിയ പുസ്തകമായ നെക്‌സസിൽ യുവാൽ നോഹ ഹരാരി പങ്കുവെക്കുന്നുണ്ട്.

ഏത് വസ്തുതയേയും സ്വയം പരിശോധിച്ച് ശരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ പൗരരെ പ്രാപ്തനാക്കുന്ന സുതാര്യതയാണ് ജനാധിപത്യമെന്നും അതിൽ അദ്ദേഹം പറഞ്ഞുവെക്കുന്നു. പലവഴി ശേഖരിച്ചുകൂട്ടിയ സത്യവും അത്രതന്നെ മിഥ്യയും നിറഞ്ഞ കേവല വിവരങ്ങളുടെ പിൻബലത്തിൽ അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ ലോകത്തിൽ വാഴുന്നത് ജനാധിപത്യമോ അതിന്റെ വിപരീതാധിപത്യമോ എന്ന് തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് മില്ലേനിയൽസിന് ഉണ്ടാകേണ്ടതുണ്ട്. റീൽസുകളുടെ നൈമിഷിക ആര്യണ്യകത്തിൽ അതിന്റെ പച്ചപ്പിൽ അഞ്ചിപ്പോകാത്ത മൂന്നാംകണ്ണായിരിക്കണം അത്.

തൊട്ടുതൊട്ടില്ലെന്നായ സമസുന്ദരലോകം
ദൃഷ്ടിയിൽ നിൽപ്പൂ ദൂരെ ഗന്ധർവപുരി പോലെ
എന്ന് വൈലോപ്പിള്ളി ചൊല്ലിയിട്ടുണ്ട് ഡേറ്റയാലല്ലാത്ത കാഴ്ചകൾ തെളിയുന്ന മൂന്നാം കണ്ണ് ആ സമസുന്ദരലോകത്തെ കാണാനുള്ളതാണ്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

മൈന ഉമൈബാൻടി. ശ്രീവത്സൻഫ്രാൻസിസ് നൊറോണവി.കെ. അനിൽകുമാർഇ.എ. സലിംപി.ജെ.ജെ. ആന്റണിഇ.കെ. ദിനേശൻവിനോദ്കുമാർ കുട്ടമത്ത്അജിത് എം. പച്ചനാടൻവിമീഷ് മണിയൂർഡോ. ശിവപ്രസാദ് പി.വിനിത വി.പി.സീന ജോസഫ്Read More


Summary: In the 200th edition of Truecopy Webzine, V Praveena explores the evolution of digital life in Kerala and the formation of echo chambers within digital media.


വി. പ്രവീണ

കഥാകാരി. പുല്ലിംഗം (കഥാസമാഹാരം), നിശാനർത്തകി (നോവൽ– വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments