എൻ. കെ. ഭൂപേഷ്

സർവലൈൻസ് കാപ്പിറ്റലിസ്റ്റ് സംവിധാനത്തിലെ
പ്രജയെന്ന നിലയ്ക്ക് പറയാനുള്ളത്…

‘‘ഡിജിറ്റലായിരിക്കുക എന്നതിൽ ഉൾപ്പെടുന്ന രാഷ്ട്രീയം എന്നെ അസ്വസ്ഥനാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. സർവൈലൻസ് ക്യാപിറ്റലിസത്തിന് ഞാൻ എന്റെ സൗകര്യങ്ങൾക്കുവേണ്ടി കീഴടങ്ങുകയാണോ എന്നു തോന്നും. തോന്നലല്ല, അങ്ങനെതന്നെ’’- ഡിജിറ്റൽ ലോകത്തിന് സ്വയം കീഴ്പ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒരാലോചന, എൻ.കെ. ഭൂപേഷ് എഴുതുന്നു.

ബോധപൂർവമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പോലുമല്ലാതെ ഡിജിറ്റലായി തുടങ്ങിയപ്പോൾ, അതിന്റെ അർത്ഥം 'ഡാറ്റ' ആവുകയാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് രാഷ്ട്രീയ ബോധ്യമുണ്ടായപ്പോഴേക്കും, അതിജീവിക്കാനാവാതെ അതിന്റെ ആഴത്തിൽ പെട്ടതിന്റെ സൗകര്യം അനുഭവിച്ചുകഴിഞ്ഞിരുന്നു. അതായാത്, ഡിജിറ്റൽ ക്യാപിറ്റിലസത്തിന് സ്വയം കീഴ്‌പെട്ടുകഴിഞ്ഞിരുന്നു.

ജീവിതത്തെ അതിന്റെ പലവിധങ്ങളായ സങ്കീർണതകളിൽനിന്ന് രക്ഷപ്പെടുത്തിയെടുക്കുന്നത് സാങ്കേതിക സംവിധാനങ്ങളാണ്. മിക്ക ചായക്കടകളിലും യു പി ഐ സംവിധാനമുള്ളതുകൊണ്ട് ചില്ലറയില്ലാത്തതിന്റെ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാറില്ല. ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ പോകുമ്പോഴും, ഓട്ടോയിൽ സഞ്ചരിക്കുമ്പോഴും, എന്തിന് ട്രെയിനിൽ പാസഞ്ചർ ടിക്കറ്റെടുത്ത് കയറി അപ്ഗ്രേഡ് ചെയ്യേണ്ടിവരുമ്പോഴും സഹായിയാകുന്നത് ഡിജിറ്റൽസാങ്കേതികതയാണ്. ഇത്രയും ലാഘവത്വം ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ അനുഭവിക്കേണ്ടിവരുന്നതിന്റെ വിലയെന്താണ്? ഡിജിറ്റൽ മുതലാളിത്തം എന്തൊക്കെയാണ് ആവശ്യപ്പെടുന്നത്? അതെക്കുറിച്ചുള്ള പറച്ചിൽ പിന്നീടാവട്ടെ.
അപ്പോൾ ഡിജിറ്റലായി കൂടി ജീവിക്കുന്നതിന് രണ്ടുതരം അനുഭവങ്ങളുണ്ട്; അതിന്റെ കേവലാനുഭവങ്ങൾ മാത്രമായ ഒരു തലവും, ‘യന്ത്ര- ജൈവ സംയുകതത്തിലേക്ക്’ (ടി.ടി. ശ്രീകുമാർ) മാറുമ്പോഴുള്ള രാഷ്ട്രീയവും ദാർശനികവുമായ ആകുലതകളുടെ മറ്റൊരു വലിയ തലവും.

ആദ്യം വളരെ പതുക്കെയും പിന്നീട് അറിയാൻ കഴിയാത്ത അത്രയും വേഗത്തിലുമാണ് ജീവിതത്തെ ഡിജിറ്റൽ സാങ്കേതികത കീഴടക്കിയത്. ഞാൻ ഈ ഡിജിറ്റൽ ജീവിതം എന്നുപറയുന്നത് സൂക്ഷ്മാർത്ഥത്തിലും സാങ്കേതികാർത്ഥത്തിലും അത് തന്നെയാണോ എന്നറിയില്ല. എങ്കിലും ഇന്റർനെറ്റിൽ തുടങ്ങി ഇന്റർനെറ്റ് ബാങ്കിങും ആപ്പുകളിലൂടെ സാധ്യമാകുന്ന ദൈനംദിന വ്യവഹാരങ്ങളുമെല്ലാം ഉൾപ്പെട്ട ഒന്നാണ് എനിക്കത്.

മിക്ക ചായക്കടകളിലും യു പി ഐ സംവിധാനമുള്ളതുകൊണ്ട് ചില്ലറയില്ലാത്തതിന്റെ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാറില്ല.
മിക്ക ചായക്കടകളിലും യു പി ഐ സംവിധാനമുള്ളതുകൊണ്ട് ചില്ലറയില്ലാത്തതിന്റെ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാറില്ല.

ഡിജിറ്റലിലേക്കുള്ള ആദ്യ വാതിൽ കടന്നത് ഏകദേശം രണ്ടര പതിറ്റാണ്ട് മുമ്പായിരുന്നു. അന്ന് പത്രപ്രവർത്തക പരിശീലകനായി മാധ്യമം പത്രത്തിന്റെ വെള്ളിമാട്കുന്ന് ഓഫീസിൽ ചെല്ലുമ്പോൾ രണ്ടോ മൂന്നോ കമ്പ്യൂട്ടറുകൾ മാത്രമാണ് ആധുനിക സാങ്കേതികവിദ്യയുടെ സൂചകങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ ഫാക്‌സിന് പുറമെ ഇ മെയിലിലൊക്കെ വാർത്തകൾ അവിടെ എത്തുന്നുണ്ടായിരുന്നുവെന്നാണ് ഓർമ്മ. അവിടെനിന്നാണ് ഇലക്​ട്രോണിക് മേൽവിലാസം ഉണ്ടാവുന്നത്. എന്തായാലും മാധ്യമം മറ്റ് പ്രധാന പത്രങ്ങളെ പോലെ വളരെ പെട്ടെന്ന് പലതരം സാങ്കേതികവിദ്യകളിലൂടെ കടന്നുപോയി.

വായന ഭാഗികമായും എഴുത്ത് പൂർണമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ടിട്ട് ഏറെയായി. കിന്റലിലെ വായനയും പുസ്തകങ്ങളുടെ വായനയും രണ്ടായി തന്നെ ഇപ്പോഴും അനുഭവപ്പെടുന്നുവെന്നത് പൂർണമായും സാങ്കേതികവൽക്കരിക്കപ്പെടാതാത്തുകൊണ്ടാകാം.

പിന്നീട് കൈരളി ടി.വിയിലെത്തിയപ്പോൾ സാങ്കേതിക വിദ്യയുടെ പല പല വേർഷനുകളും അനുഭവിച്ചു. വാർത്ത നടക്കുമ്പോൾ സംഭവസ്ഥലത്തുവെച്ച് അപ്പോൾ തന്നെ കാണിക്കാനുള്ള സാങ്കേതികവിദ്യയൊന്നും അന്ന് മലയാളം ചാനലുകൾക്കുണ്ടായിരുന്നില്ല. ഒ ബി വാനുകളും ലൈവ് വ്യൂകളും വ്യാപകമാകുന്നതിന് മുമ്പുള്ള കാലം. അന്നത്തെ മാനദണ്ഡം വെച്ചു നോക്കുമ്പോൾ സാങ്കേതികവിദ്യയുടെ കാര്യത്തിൽ കൈരളി മുന്നിലായിരുന്നു. കണ്ണൂരിൽനിന്ന് ഷൂട്ട് ചെയ്തുവരുന്ന വാർത്തകൾ എഡിറ്റ് ചെയ്ത് കൊച്ചിയിലെ വാർത്താകേന്ദ്രത്തിലെത്തിക്കാൻ കൈരളിയ്ക്ക് ഒരു സംവിധാനമുണ്ടായിരുന്നു. ക്ലിപ് മെയിൽ എന്നോ മറ്റോ ആയിരുന്നു അതിനെ വിളിച്ചിരുന്നത്. വിഷ്വൽ കൊച്ചിയിലേക്ക് അയക്കാൻ മിനിറ്റുകൾ, ചിലപ്പോൾ മണിക്കൂറുകളെങ്കിലും വേണ്ടിവരും. എല്ലാം ട്രാൻസ്ഫറായി എന്ന് ആശ്വസിക്കാൻ വരുമ്പോഴായിരിക്കും എല്ലാം എബോട്ടായി പോകുക. പിന്നെ വീണ്ടും അയക്കൽ തുടങ്ങണം. പിന്നെ കാലം മാറി. ആ മാറ്റത്തിന് വല്ലാത്ത വേഗത കൈവന്നു. ആ വേഗതയിലാണ് ഡിജിറ്റൽ, അതല്ലാത്ത ലോകത്തെ പൂർണമായും കീഴടക്കുന്നത്. ഇനി ഒരു പിൻനടത്തം സാധ്യമല്ലാത്ത രീതിയിൽ.

വായന ഭാഗികമായും എഴുത്ത് പൂർണമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ടിട്ട് ഏറെയായി. കിന്റലിലെ വായനയും പുസ്തകങ്ങളുടെ വായനയും രണ്ടായി തന്നെ ഇപ്പോഴും അനുഭവപ്പെടുന്നുവെന്നത് പൂർണമായും സാങ്കേതികവൽക്കരിക്കപ്പെടാതാത്തുകൊണ്ടാകാം. എങ്കിലും എളുപ്പവും ആകർഷവും കിന്റൽ തന്നെ. ആദ്യകാലത്ത് കൈയെഴുത്തിൽനിന്ന് ടൈപ്പിലേക്ക് മാറിയപ്പോൾ ഇതേ പ്രശ്‌നം വലിയ രീതിയിലുണ്ടായിരുന്നു. ആദ്യം കൈകൊണ്ടെഴുതി, പിന്നീട് ടൈപ്പ് ചെയ്താലേ എഴുത്ത് പൂർണമാകുവെന്ന അവസ്ഥയിൽനിന്ന് മോചിതനാകാൻ കുറച്ചുകാലം വേണ്ടി വന്നു. ഇനി കൈയെഴുത്ത് സാധ്യമല്ലാത്ത വിധം ഞാൻ മാറ്റപ്പെട്ടു. അച്ചടിമഷി പുരണ്ടുവരുന്ന ബൈലൈനുകളോടുള്ള പ്രിയം ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ലെന്നുമാത്രം.

വായന  ഭാഗികമായും എഴുത്ത് പൂർണമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ടിട്ട് ഏറെയായി. /photo: X @LibraryJournal
വായന ഭാഗികമായും എഴുത്ത് പൂർണമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ടിട്ട് ഏറെയായി. /photo: X @LibraryJournal

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളില്ലെങ്കിൽ എന്നെപ്പോലൊരു മനുഷ്യൻ എങ്ങനെ ജീവിക്കുമെന്ന് ഓർക്കാറുണ്ട്, പ്രത്യേകിച്ച് മുൻ തലമുറയിലെ ചിലരെ കാണുമ്പോൾ. അവരുടെ തലച്ചോറിൽ തന്നെ 'സജ്ജമായിട്ടുള്ള' സർച്ച് എഞ്ചിനുകളുടെ ശേഷിയെക്കുറിച്ച് ബോധ്യം വരുമ്പോഴാണ് ഈ തോന്നൽ കാര്യമായി ഉണ്ടാവുക. 'തീരാത്ത' സന്ദേഹങ്ങളും ഓർമ്മകളും അറിവുകളും സംഭരിച്ചുവെയ്ക്കാൻ പാടുപെടുകയും ചെയ്യുന്ന എന്നെപ്പോലൊരു മനുഷ്യന് ഇക്കാലത്തെ സൗകര്യങ്ങളില്ലായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ ചെയ്യുന്ന, മാധ്യമ പ്രവർത്തനം എന്നുവിളിക്കുന്ന ജോലിയ്ക്ക് അയോഗ്യനായേനേ. വായിച്ചതെല്ലാം ഓർത്തുവെയ്ക്കാനുള്ള കഴിവും പരിമിതം. എന്നാൽ അതൊന്നും ഇപ്പോൾ ഒരു ഹാന്റിക്യാപ് അല്ല. എനിക്കുവേണ്ടി അത്തരം കാര്യങ്ങൾ കണ്ടെത്താൻ ഗൂഗ്ളും മറ്റ് സർച്ച് എഞ്ചിനുകളുമുണ്ട്. കീവേഡുകൾ മാത്രം മതി. എന്നെപ്പോലെ അലസരായവർക്ക് ഈ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ജീവിതം അചിന്ത്യം എന്നല്ല, അസാധ്യമെന്നുതന്നെ പറയണം.

അനുഭവങ്ങളെ, വികാരങ്ങളെ, തോന്നലുകളെ അങ്ങനെ തീർത്തും വൈകാരികമായതിനെ പോലും ഡാറ്റയായി വസ്തുവൽക്കരിക്കുകയെന്നതാണ് മുതലാളിത്തത്തിന്റെ മറ്റൊരു ഘട്ടം

ഇൻട്രോവർട്ടുകൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകൊണ്ടുള്ള പ്രയോജനം, അവർക്ക് ഒരു നമ്പറിന്റെയോ ഒരു മെയിൽ ഐഡിയുടെയോ പിറകിലിരുന്ന് ലോകത്തോട് സംസാരിക്കാമെന്നതാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഇടിച്ചുകയറി ചെല്ലാൻ പറ്റാത്തവരെ സംബന്ധിച്ച് ഇതൊന്നും ചെറിയ കാര്യമേയല്ല. 'അറിയാത്ത മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നൽകി' എന്നു പറഞ്ഞതുപോലെ, നേരിട്ട് പരിചയപ്പെടാൻ സാധ്യതയില്ലാത്ത എത്രയോ ആളുകളുമായി സംസാരിക്കാനുള്ള അവസരം നൽകിയത് ഈ സാങ്കേതികവിദ്യ തന്നെയാണ്. അവരോട് അഭിപ്രായങ്ങൾ ആരായാനും സംശയം ചോദിക്കാനും ചിലപ്പോഴെങ്കിലും തർക്കിക്കാനും പറ്റി. അതിൽ പലരും ഞാൻ ജോലി ചെയ്യുന്ന, ചെയ്ത സ്ഥാപനങ്ങളിൽ എഴുതി. അങ്ങനെ എന്റെ ജീവിതത്തിന് കുറച്ചെങ്കിലും ആഴവും പരപ്പും നൽകാൻ അവരും സഹായിച്ചു.

 ദി ഏജ് ഓഫ് സർവൈലൻസ് ക്യാപിറ്റലിസം
ദി ഏജ് ഓഫ് സർവൈലൻസ് ക്യാപിറ്റലിസം

ഇങ്ങനെയൊക്കെയാണെങ്കിലും, ഡിജിറ്റലായിരിക്കുക എന്നതിൽ ഉൾപ്പെടുന്ന രാഷ്ട്രീയം എ​ന്നെ അസ്വസ്ഥനാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. സർവൈലൻസ് ക്യാപിറ്റലിസത്തിന് ഞാൻ എന്റെ സൗകര്യങ്ങൾക്കുവേണ്ടി കീഴടങ്ങുകയാണോ എന്നു തോന്നും. തോന്നലല്ല, അങ്ങനെതന്നെ. സോഷന്ന സുഭോഫിന്റെ ദി ഏജ് ഓഫ് സർവൈലൻസ് ക്യാപിറ്റലിസം വായിച്ചത്, ഡിജിറ്റൽ ജീവിതം യഥാർത്ഥത്തിൽ എന്തെന്ന ബോധ്യമുണ്ടാക്കാൻ സഹായിച്ചു. എല്ലാം ചരക്കുവൽക്കരിക്കപ്പെട്ട ലോകത്ത് മനുഷ്യന്റെ അനുഭവങ്ങളും സ്വകാര്യതകളും മാത്രമായിരുന്നു അങ്ങനെയല്ലാതിരുന്നതെന്നും അതിനെക്കൂടി ചരക്കുവൽക്കരിച്ച പ്രക്രിയ കൂടിയാണ് ഡിജിറ്റൽ ക്യാപിറ്റലിസത്തിന്റേതെന്ന അറിവ് ഒരു രാഷ്ട്രീയ അസ്വസ്ഥതയായി ഇപ്പോഴുമുണ്ട്. ഒരു ഡിജിറ്റൽ സെൽഫ് ഡിഫൻസിനുവേണ്ടി ആ പുസ്തകം വായിക്കണമെന്നാണ് നവോമി ക്ലെയിൻ അഭിപ്രായപ്പെട്ടത്. അത്തരത്തിലൊരു പ്രതിരോധമുണ്ടാക്കാനൊന്നും എന്റെ അലസ രാഷ്ട്രീയ സമീപനം മൂലം കഴിഞ്ഞിട്ടില്ല. അനുഭവങ്ങളെ, വികാരങ്ങളെ, തോന്നലുകളെ അങ്ങനെ തീർത്തും വൈകാരികമായതിനെ പോലും ഡാറ്റയായി വസ്തുവൽക്കരിക്കുകയെന്ന മുതലാളിത്തത്തിന്റെ മറ്റൊരു ഘട്ടം. ‘ഈ സൈബോർഗ്യൻ കാലത്തെ അദ്യശ്യമായ ദൈവമാണ് അൽഗോരിതം. എല്ലാം അറിയുന്ന അൽഗോരിതം’ എന്ന് ഇതേക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്യുന്ന ടി.ടി ശ്രീകുമാർ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. സ്വകാര്യത എന്നത് അത്രപ്രധാനമായ ഒന്നല്ലെന്ന തോന്നലുണ്ടാക്കി, മറ്റെന്തിന് വേണ്ടിയും കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നാണെന്ന തോന്നലുണ്ടാക്കുകയെന്നതാണ് ഡിജിറ്റൽ മുതലാളിത്തത്തിന്റെ പ്രധാന നേട്ടം.

സോഷന്ന സുഭോഫ്
സോഷന്ന സുഭോഫ്

കോവിഡ് കാലത്ത് വ്യക്തിഗത ഡേറ്റ ചോർന്നുവെന്ന ആരോപണമുയർന്നപ്പോൾ ഡേറ്റ ചോർന്നലെന്താ എന്ന ചോദ്യം ചോദിച്ചത് ഇടതെന്ന് സ്വയം വിളിക്കുന്നവരായിരുന്നു. സ്വകാര്യതയ്ക്ക് അത്രയ്ക്ക് പ്രധാന്യം നൽകിയാൽ മതിയെന്ന ബോധം പലരാലും ചേർന്ന് ഉണ്ടാക്കിയെടുത്തു കഴിഞ്ഞിരുന്നു. എല്ലാം നിരീക്ഷിക്കുന്ന ബിഗ് ബ്രദറായി ടെക് കമ്പനികളും. സാമൂഹ്യ നിയന്ത്രണത്തിൽ ടെക് കമ്പനികൾ വരുന്നതുവരെ ഇതിനൊന്നും അന്ത്യമില്ല. പക്ഷെ അത്തരം ആലോചനകൾ പോലും അപ്രസക്തമാക്കുന്ന തരത്തിൽ മുതലാളിത്തം അതിന്റെ പുതിയ സാധ്യതകൾ കണ്ടെത്തികൊണ്ടിരിക്കുന്നു.

താൻ എന്തുകൊണ്ട് ഇ മെയിൽ പോലും ഉപയോഗിക്കുന്നില്ല എന്ന ടെറി ഈഗിൾട്ടന്റെ ഒരു ലേഖനമുണ്ട്. Why I never use email എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ ഉപശീർഷകം The internet just slows us all down എന്നാണ്. ഒരു പ്രതിഷേധം എന്ന നിലയിലല്ല തുടക്കത്തിൽ ഇ മെയിൽ ഉപയോഗിക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. സാങ്കേതിക കാര്യങ്ങളോടുളള വൈമുഖ്യമാണ് അതിന് കാരണമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ ഇപ്പോൾ (2013`ലാണ് ലേഖനം വരുന്നത്) പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇ മെയിൽ ഉപയോഗിക്കാത്തത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
"Nowadays, however, protest is most definitely what my email virginity has become. I am living proof that all this frenetic, mostly vacuous, communication is quite superfluous".
ടെറി ഈഗിൾട്ടണ് ഉപരിപ്ലവമായി തോന്നുന്നത് എനിക്ക് ഒഴിവാക്കാനാകുന്നതല്ല. അതിന്റെ കെടുതികൾ അറിഞ്ഞുകൊണ്ടുതന്നെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സർവലൈൻസ് കാപ്പിറ്റലിസ്റ്റ് സംവിധാനത്തിലെ പ്രജയായി തുടരുകയാണ് ഞാൻ.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

റിഹാൻ റാഷിദ്എം.പി. അനസ്തനൂജ ഭട്ടതിരിബിജു ഇബ്രാഹിംകെ.പി. ജയകുമാർജിസ ജോസ്സിദ്ദിഹറാഷിദ നസ്‌റിയസമുദ്ര നീലിമയു. അജിത്കുമാർRead More

Comments