ഡിജിറ്റൽ സ്വത്വം അദൃശ്യതകളുടെ വലകളാണ്. മഞ്ഞയും, ചുവപ്പും, നീലയും, പച്ചയും, വയലറ്റും വർണ്ണ ഞരമ്പുകളുടെ അനന്തമായ കെട്ടുപിണയലുകൾ. വേദനയും, സന്തോഷവും, വെറുപ്പും, നുണയും, അർദ്ധസത്യങ്ങളും, സത്യങ്ങളും, ഉത്കണ്ഠകളും നിർമിച്ചു കൊണ്ടേയിരിക്കുന്ന നിയന്ത്രണങ്ങളുടെ ദൃശ്യചലന മണരാരണ്യം.
വിരൽത്തുമ്പുകളിൽനിന്ന് എഡിറ്റ് ചെയ്ത് ആഗോള മനസ്സിലേക്ക് തൊടുക്കുന്ന ദൃശ്യങ്ങളുടെ എണ്ണിയാൽ തീരാത്തത്രയും നക്ഷത്രലോകങ്ങൾ. എണ്ണിയിട്ടും എണ്ണിയിട്ടും തീരാത്തത്ര ദൃശ്യങ്ങളുടെ സ്ക്രീൻ തുടർച്ചകൾ.
ഞാൻ അദൃശ്യനായി ഈ ദൃശ്യകൂമ്പാരത്തിലെ മണൽത്തരികളെ എണ്ണിക്കൊണ്ടേയിരിക്കുന്നു. അനന്താനന്ദമായ ആഹ്ലാദത്തിൽ അപരവേദനയെ ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു.
മനുഷ്യസംസ്കാരത്തിന്റെ തുടക്കം മുതലുള്ള വിവരങ്ങളും ഇന്ന് നാം എത്തിനിൽക്കുന്ന കുഴമറിഞ്ഞ ചരിത്രസന്ദർഭങ്ങളുടെ ഏറ്റവും മിഴിവുറ്റ ദൃശ്യരേഖകളും ഡിജിറ്റൽ ഡോക്യുമെന്റുകളും ഇന്ന് ഗൂഗ്ൾ വിരൽസ്പർശത്തിൽ ലഭ്യമാണ്. AI ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിവുള്ള വ്യക്തികൾക്ക് ഏറ്റവും സാധ്യതകളുള്ള ഡിജിറ്റൽ കൊളാഷുകൾ (digital collage) വിമർശന അടയാളങ്ങളായി (critical sign) ഡിജിറ്റൽ ലോകത്തിലേക്ക്, മനുഷ്യരിലേക്ക്, മാധ്യമ ചങ്ങാത്ത മുതലാളി എഡിറ്ററുടെ നിയന്ത്രണങ്ങളില്ലാതെ വിതരണം ചെയ്യുവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഫ്രാൻസിസ് ഡി ഗോയാ, പാബ്ലോ പിക്കാസോ, ജോർജ് ബ്രേക്ക്, ജോൺ ഹെർട്ഫീൽഡ്, ജോർജ് ഗ്രോസ്സ്, മാർത ഹോസ്ലർ, സോമനാഥ് ഹോർ തുടങ്ങി അതിസാഹസികമായി അധികാര കേന്ദ്രങ്ങളോട് വിയോജിപ്പും താത്വിക അകൽച്ചകളും സൂക്ഷിച്ച അനവധി കലാകാരരുടെ ചിത്രങ്ങൾക്കു മുൻപിൽ, ഇന്നത്തെ ഇന്ത്യൻ സമകാലിക- കലയിലെ ഡിജിറ്റൽ കലകൾ ശൂന്യമായി പോകുന്നു.
ഇന്നത്തെ AI ഡിജിറ്റൽ ആർട്ടുകളും കൊളാഷും കേവലമായ സമകാലികതയോടുള്ള വിമർശനം എന്ന നിലയിൽ, മാധ്യമങ്ങളിലും ഗൂഗിളിൽ നിന്നും കണ്ടെടുക്കുന്ന ഫോട്ടോകളുടെയും ഇമേജുകളുടെയും പുനരവതരണം കലയിൽ നിക്ഷേപിച്ച്, ഒരർത്ഥത്തിൽ പ്രതിധ്വനി (echo) ആയി മാത്രം തീരുന്നു. സൂക്ഷ്മനോട്ടത്തിൽ മീഡിയ നിലനിർത്തുന്ന കേന്ദ്രീകൃത വ്യക്തിഇമേജിനെ വെറുതെ കളിയാക്കി, ഫാഷിസം ഏൽപ്പിച്ച മുറിവുകളുടെ ആഘാതത്തെ മറച്ചുപിടിക്കുന്ന ജോലിയാണ് ചെയ്യുന്നത്. കൊട്ടിഘോഷിക്കുന്ന സർറിയൽ കലകളുടെ ആവർത്തനങ്ങൾ മാത്രം. ഡിജിറ്റൽ ഇമേജുകളിലെ ദൈവസങ്കല്പങ്ങൾ കൂടുതൽ കൂടുതൽ അക്രമാസക്തമാകുന്നു. സംഘർഷ ഭരിതമാകുന്ന ദൃശ്യങ്ങളുടെ ചലനാർത്‌ഥങ്ങൾ, സാംസ്കാരിക ധ്വനികൾ, വിയോജിപ്പുകൾ പകരുന്ന വർക്കുകൾ ഇന്ത്യൻ കലാരംഗത്തുനിന്ന് അപ്രത്യക്ഷമാകുന്നു, അല്ലെങ്കിൽ ഇതിനുള്ള ഇടങ്ങൾ ഇല്ലാതാകുന്നു എന്നുവേണം മനസ്സിലാക്കുവാൻ.
ഡിജിറ്റൽ മാധ്യമങ്ങളുടെ സ്പേസ് കാലഗണനകളുടെ ദൂരങ്ങളെ അട്ടിമറിക്കുന്നു. ഫ്രാൻസിസ് ഡി ഗോയ യുടെ എച്ചിംഗ് സീരീസ് (1799 - Los Caprichos, 1810-14 The Disasters of War), സോമനാഥ് ഫോറിന്റെ Wounds Series- കൾ എന്നിവ ലോകത്തിൽ ഇന്ന് നടക്കുന്ന എല്ലാ തരത്തിലുമുള്ള മനുഷ്യഹത്യകളുടെ വിലാപങ്ങളോട് ചേർന്നു നിൽക്കുന്നു. അപ്പോൾ തന്നെ ഡിജിറ്റൽ സ്പേസിന്റെ ദൃശ്യതകളിൽ നിന്ന് മറക്കപ്പെട്ടിരിക്കുന്നു. മനുഷ്യാപചയത്തിന്റെ തുടർരേഖകളായി മാറുന്നു.
പ്രിന്റുകളിലൂടെയും മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും ലാപ്ടോപ്പിലൂടെയും ടിവി സ്ക്രീനുകളിലൂടെയും നമ്മിലേക്കെത്തുന്ന പെരുകുന്ന പരസ്യചിത്രങ്ങൾ നമ്മളിലെ ഡിജിറ്റൽ സ്വത്വത്തെ നിർമ്മിക്കുന്നുണ്ട്. പരസ്യങ്ങളുടെ നിശ്ചലവും ചലിക്കുന്നതുമായ ദൃശ്യങ്ങളോടൊപ്പം തൊട്ടടുത്തുവരുന്ന പേജിലെ ടിവി വാർത്തയിലെ ഹിംസദൃശ്യങ്ങൾ വിനോദത്തിന്റെ ലോകത്തെ അലോസരപ്പെടുത്തുന്നുണ്ടോ? ഡിജിറ്റൽ സാങ്കേതികലോകം ജീവിതത്തെ കൂടുതൽ കൂടുതൽ അന്യവൽക്കരിക്കുന്ന, കെണിയിൽ പെടുത്തുന്ന, ഉപഭോഗ ആഗോള സംസ്കാരത്തിന്റെ ആശയ ലോകത്തെ സമാഹരിക്കുന്നു.
ഡിജിറ്റൽ സാങ്കേതികലോകവും പ്രസരണവും ആരാണ് നിയന്ത്രിക്കുന്നത്? അതിന്റെ സ്പേസിനെ സാമൂഹിക ഇടങ്ങളിലെ മനുഷ്യജീവിതം പോലെ വിഭജിക്കുന്നത് ആരാണ്? 'Authentic institutions' ഡിജിറ്റൽ സാങ്കേതിക ലോകത്തെ നിയന്ത്രിക്കുന്നുണ്ട്. ടെക്നോളജി (Technology) എപ്പോഴും വ്യവസ്ഥാപിത മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും ആധികാരികമായ (Authentic) നിയന്ത്രണത്തിലാണെന്നത് ഏറ്റവും വിരോധാഭാസമായി തോന്നുന്നു. ഈ പരിമിതികളെ മറികടക്കുന്നത് എപ്പോഴും സർഗാത്മകമായ അന്വേഷണങ്ങളും ഇടപെടലുകളും നിർമ്മാണവുമാണ്. ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് പേപ്പർ പേജ് ഡിജിറ്റൽ സാങ്കേതികതയുടെ dump yard ആണ്. നമ്മെ ഇനിയും ക്രിയാത്മകമായി മാറ്റുവാനുള്ള കൂട്ടിച്ചേർക്കലുകളുടെ 'കൊളാഷ്' സാധ്യതകളെ അതു തുറന്നുവെക്കുന്നു.
ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് പേപ്പർ പേജ് ഡിജിറ്റൽ സാങ്കേതികതയുടെ dump yard ആണ്. നമ്മെ ഇനിയും ക്രിയാത്മകമായി മാറ്റുവാനുള്ള കൂട്ടിച്ചേർക്കലുകളുടെ 'കൊളാഷ്' സാധ്യതകളെ അതു തുറന്നുവെക്കുന്നു.
ദൃശ്യങ്ങളുടെ അനുയോജ്യമല്ലാത്ത കൂട്ടിച്ചേർക്കലുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധാശയങ്ങൾക്ക് digital newspaper dump yard- കളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ, ഡിജിറ്റൽ സാങ്കേതികതയുടെ ടൂളുകളുടെ പെർഫെക്ഷൻ ആവശ്യമില്ലാതെ പ്രചരിക്കുവാൻ സാധിക്കുമെന്ന സാധ്യത നിലനിൽക്കുന്നുണ്ട്.
ദൃശ്യങ്ങളുടെ വീഡിയോ ഫോട്ടോ പെയിന്റിങ്ങിലേക്കോ, ഡ്രോയിങ്ങുകളിലേക്കോ, വീഡിയോയിലെക്കോ ഡിജിറ്റൽ കൊളാഷിലേക്കോ ഉള്ള Reference sketch- നെ നൽകുന്നു. അത് തുടർ ചിന്തകളുടെ ലോകങ്ങളെ നിർമ്മിക്കുന്നു. പരസ്പര വിരുദ്ധമായ, ബന്ധമുള്ളതും ബന്ധമില്ലാത്തതുമായ, എന്നാൽ ജീവിതത്തെ വിശദീകരിക്കുന്നതുമായ (narrative) ദൃശ്യങ്ങളെയും ആന്തരിക സംവേദനത്തിന്റെ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതും പെട്ടെന്ന് കാഴ്ചയിൽ നിന്നുമറിയുന്നതുമായ ദൃശ്യങ്ങളെ റെക്കോർഡ് ചെയ്യുന്ന ഉപകരണമായി മൊബൈൽ ഫോൺ മാറിയിട്ടുണ്ട്. ഇന്ന് മൊബൈൽ ഫോൺ ഒരു sketch book ആണ്. Movie camera ആണ്. ലാപ്ടോപ്പ് ആണ്. ഡിജിറ്റൽ ക്യാമറ ആണ്. ക്രിയാത്മക ചിന്തയുടെ ലോകത്തെ സജീവമായി കൂട്ടിയിണക്കേണ്ട ഘടകം എന്താണ്? അത്, കലാകാരരുടെ ജീവിതവീക്ഷണം, രാഷ്ട്രീയ നിലപാട്, ചരിത്രബോധം, ഭാഷയോടുള്ള കാവ്യബോധം എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. ബി. ഇക്ബാൽ • സച്ചിദാനന്ദൻ • എം.എ. ബേബി • ഡോ. എ.കെ. ജയശ്രീ • എതിരൻ കതിരവൻ • ജെ. ദേവിക • ദാമോദർ പ്രസാദ് • ഉണ്ണി ആർ. • റിയാസ് കോമു • സി.ജെ. ജോർജ് • Read More