ആർജ്ജിത
നിസ്സഹായതകൾ

‘‘നമ്മുടെ ഡിജിറ്റൽ ലോകം ഒരുക്കുന്ന സമസ്യകളും കെണികളും നിസ്സാരമായ ഒരു ചുവടുവയ്പുകൊണ്ട് മറികടക്കാനാവുമായിരിക്കും. പക്ഷേ അത് അന്വേഷിക്കാനോ അതിനായി ശ്രമിക്കാനോ സാധ്യമല്ലാത്ത തരത്തിൽ നാം ആ നിസ്സഹായത സ്വയം വരിച്ചുകഴിഞ്ഞു’’- ടി. ശ്രീവത്സൻ എഴുതുന്നു.

പെരുമഴയത്ത് ആമസോൺകാരൻ നനഞ്ഞൊലിച്ച് കൊണ്ടുതന്ന പൊതിയഴിച്ച് (അൺ ബോക്സിംഗ് വീഡിയോ എടുത്ത്), പുതിയ ഫോണിൽ സിംകാർഡിട്ട് ഓൺ ചെയ്തതും അത്ര നേരവും കാത്തിരിക്കുകയായിരുന്നെന്ന പോലെ ഒരു വിളി വരുന്നു; ‘‘ഡിജിറ്റൽ മാധ്യമങ്ങൾ താങ്കളുടെ ജീവിതത്തിൽ എങ്ങനെയാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് എഴുതാമോ’’ എന്നു ചോദിച്ച് ട്രൂകോപ്പിയിൽനിന്ന്.

ഞാൻ ശരിക്കും ഞെട്ടിപ്പോയി.
(‘‘I am Flabbergasted” – said Geoffrey Hinton upon hearing the news of the Nobel Prize in Physics.). എന്റെ ധർമ്മസങ്കടം അറിഞ്ഞുള്ള വിളി പോലെ. ഒരല്പം പേഴ്സനൽ ടച്ചായിക്കോട്ടെ എന്നും കൂട്ടിച്ചേർത്തു. ശരിയാണ്. എനിക്ക് ഇക്കാര്യത്തെ തികച്ചും വൈയക്തികമായി മാത്രമേ നോക്കിക്കാണാനാവൂ. ഞങ്ങളുടെ തലമുറയെ സംബന്ധിച്ച് അത്രയും ദൂരം താണ്ടിയ ഒരു വിഷയമാണത്. ഞാനാണെങ്കിൽ ഇക്കാര്യത്തിൽ സാമാന്യത്തിലധികം പരിഹസിക്കപ്പെട്ടിട്ടുമുണ്ട്.

അതൊരു ചെറിയ ഫീച്ചർ ഫോണായിരുന്നു. ഇക്കാലത്ത് അത്തരമൊരു ഫോൺ പുറത്തുകാണിക്കുന്നതുതന്നെ നാണക്കേട്. ‘നോക്കിയ’യുടെ 3210 എന്ന പഴയ മോഡൽ. മോഡൽ നമ്പർ പഴയതാണെങ്കിലും 2024-ൽ ഇറക്കിയ 4 ജി സപ്പോർട്ടുള്ള കീപാഡ് ഫോണാണത്. മൂന്നുമോഡൽ ഐ ഫോണുകൾക്കുശേഷം സാംസങിന്റെ അത്യാധുനിക സ്മാർട്ട് ഫോൺ സ്വന്തമാക്കിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. അതിന്റെ മാസത്തവണ കഷ്ടിച്ചു തീർന്നിട്ടേയുള്ളൂ. അതിനിടയ്ക്കാണ് ഇപ്പോൾ ഇങ്ങനെയൊരു മാറ്റം. വീട്ടുകാരും സുഹൃത്തുക്കളും കളിയാക്കി. ഇതൊക്കെ വെറും തോന്നലാണ്. സ്മാർട്ട് ഫോണിൽനിന്ന് പൂർണ്ണമായി രക്ഷപ്പെടാനൊന്നും ആവില്ല. വെറുതേ പണം കളയാനുള്ള ഓരോ ഭ്രമങ്ങൾ. എന്തിനും ഏതിനും സ്മാർട്ട് ഫോൺ തന്നെ വേണ്ടിവരും.

‘നോക്കിയ’യുടെ 3210 എന്ന പഴയ മോഡൽ. മോഡൽ നമ്പർ പഴയതാണെങ്കിലും 2024-ൽ ഇറക്കിയ 4 ജി സപ്പോർട്ടുള്ള കീപാഡ് ഫോണാണത്.
‘നോക്കിയ’യുടെ 3210 എന്ന പഴയ മോഡൽ. മോഡൽ നമ്പർ പഴയതാണെങ്കിലും 2024-ൽ ഇറക്കിയ 4 ജി സപ്പോർട്ടുള്ള കീപാഡ് ഫോണാണത്.

ഞാനും അല്പം പരിഭ്രമത്തിലായിരുന്നു. ഇതും പാഴായിപ്പോകുമോ? കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ക്രീൻ സമയം, ദിവസം ഏഴും എട്ടും മണിക്കൂറാവുന്നു. പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയത് മുന്നിൽ കുമിഞ്ഞുകൂടുന്നു. കോളേജിൽ സ്ഥിരം വരുന്ന രണ്ടു പുസ്തകവില്പനക്കാർ എനിക്കായി തെരഞ്ഞെടുത്ത് കൊണ്ടുവരുന്ന പുസ്തകങ്ങൾ. ഓരോ തവണയും ഡി.സിയുടെയും മാതൃഭൂമിയുടെയും ബുക്ക് സ്റ്റാളിനുമുന്നിലൂടെ പോകുമ്പോൾ ശീലം കൊണ്ട് കയറിപ്പോയി വാങ്ങിക്കുന്ന പുസ്തകങ്ങൾ. അടുത്തകാലത്തായി സോഷ്യൽമീഡിയവഴി നടക്കുന്ന സുഹൃത്തുക്കളുടെ നിർബന്ധങ്ങൾ. അങ്ങനെ ഓരോ മാസവും ധാരാളം പുസ്തകങ്ങൾ മേശപ്പുറത്തെത്തുന്നുണ്ട്. കിട്ടിയ ദിവസം ആവേ‌ശത്തോടെ വായിച്ചുതുടങ്ങിയ പുസ്തകങ്ങൾ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും ഉപേക്ഷിക്കപ്പെടുന്നു. ഉപേക്ഷിക്കുന്നതല്ല, മറ്റെന്തെങ്കിലും ആലോചനകളിലും ആവേശങ്ങളിലും അതിലേക്കു ശ്രദ്ധ മാറുമ്പോൾ സ്വാഭാവികമായും മുന്നിൽനിന്നു മറയുന്നതാണ്. പത്തോ ഇരുപതോ പേജുകൾക്കുള്ളിൽ അടയാളം വച്ച കടലാസുകഷണവുമായി ആ പുസ്തകങ്ങൾ എന്നെ സങ്കടത്തോടെ നോക്കുന്നു.

ഡിജിറ്റൽ ലോകം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്, അതിൽനിന്നു പുറത്തുകടക്കാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന ഉള്ളടക്കങ്ങൾ കൊണ്ടാണ്.

പുതുതായി പണികഴിപ്പിച്ച വീട്ടിൽ എനിക്ക് ആകെ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, എനിക്കായി വായിക്കാനും എഴുതാനും ഒരിടം വേണം. ചുമർ മുഴുവൻ പുസ്തകഷെൽഫായി നിർമ്മിച്ചെടുത്ത ആ ലൈബ്രറിക്കുതന്നെ വലിയൊരു തുക ചെലവായി. അവിടത്തെ വാതിൽ തുറന്നാൽ ചെറിയൊരു ബാൽക്കണിയും. മുന്നിലെ പാരിജാതത്തണലിൽ കാറ്റും കൊണ്ട്, രാത്രികളിലും ഒഴിവുള്ള പകലുകളിലും ഇരുന്നു വായിക്കാവുന്ന ഒരിടം. അവിടെയും ഒരു ഫാനും ചാരുകസേരയും സ്ഥാപിച്ചു. ചൂടുകൂടുതലാണെന്ന കാരണം പറഞ്ഞ് ഒഴിവാകാതിരിക്കാൻ ലൈബ്രറിയിൽ എ.സി.യും ഫിറ്റ് ചെയ്തു. പുസ്തകങ്ങൾ വിഷയ-വിഭാഗക്രമങ്ങളിൽ അടുക്കി, ‘റെഡി റെക്കണറാ’യി വച്ചു. ലാപ്ടോപ്പ്, മോണിറ്റർ, പ്രിന്റർ, എർഗണോമിക് ചെയർ എല്ലാം തയ്യാർ. ചുമരിലെ വലിയ വൈറ്റ് ബോർഡിൽ എഴുതാനുള്ള വിഷയങ്ങളുടെ സൂചനകൾ പല നിറത്തിലുള്ള മാർക്കർ പേനയുപയോഗിച്ച് എഴുതിനിറച്ചിട്ടുണ്ട്. ഇനി യഥേഷ്ടം വായനയും എഴുത്തും മാത്രം. ഞാൻ വീട്ടുകാരോടു പറഞ്ഞുവച്ചു, “എന്നെ ഇനി അന്വേഷിക്കരുത്, ഞാനില്ല.”

പുതുതായി പണികഴിപ്പിച്ച വീട്ടിൽ എനിക്ക് ആകെ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, എനിക്കായി വായിക്കാനും എഴുതാനും ഒരിടം വേണം.
പുതുതായി പണികഴിപ്പിച്ച വീട്ടിൽ എനിക്ക് ആകെ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, എനിക്കായി വായിക്കാനും എഴുതാനും ഒരിടം വേണം.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞെങ്കിലും ഒന്നും സംഭവിക്കുന്നില്ല. പുതിയ വീടുകാണാൻ വരുന്നവരൊക്കെ അസൂയയോടെ എന്റെ എഴുത്തുപുര കണ്ടു. സുഹൃത്തുക്കൾ പറഞ്ഞു, പുതിയ അത്യുഗ്രൻ നോവലിനായി ഞങ്ങൾ കാത്തിരിക്കുന്നു. ഞാൻ ഉള്ളിൽ കുളിരുകൊണ്ടു. അവരുടെ നാവ് പൊന്നാവട്ടെ എന്നു പ്രാർത്ഥിച്ചു. പക്ഷേ...

എന്താണ് എന്റെ പ്രശ്നമെന്ന് ആലോചിച്ചുതന്നെ ഞാൻ സമയം കളയുന്നുണ്ടായിരുന്നു. ഏറ്റവും ആവേശത്തോടെ യൂറ്റ്യൂബിൽ കണ്ടുകൊണ്ടിരുന്ന വിഷയം ഡിജിറ്റൽ മിനിമലിസത്തെക്കുറിച്ചും ഡിജിറ്റൽ ഡീടോക്സിനെക്കുറിച്ചും ആയിരുന്നു. ഡോക്യുമെന്ററികൾ, പ്രഭാഷണങ്ങൾ, ടെഡ് ടോക്കുകൾ... യൂറ്റ്യൂബുകാരന്റെ ആൽഗരിതം എനിക്കായി കൂടുതൽ കൂടുതൽ അത്തരം വീഡിയോകൾ തെരഞ്ഞുപിടിച്ച് എത്തിച്ചു. ഞാൻ മണിക്കൂറുകളോളം അതിനുമുന്നിൽ ചെലവഴിച്ചു. ഫോണിലെ തീമും ലോഞ്ചറും മാറ്റി മിനിമലിസത്തിന്റെ വക്താവായി. എത്ര ദിവസങ്ങളാണ് ആ പാഴ്‍യത്നത്തിനായി ഞാൻ ഉഴിഞ്ഞുവച്ചത്! പുതിയ പുതിയ മേഖലകളിലേക്കുള്ള ആവേശം ഞാൻ മാറ്റിപ്പണിഞ്ഞുകൊണ്ടിരുന്നത് എഴുത്തും വായനയും കഴിയാവുന്നത്ര നീട്ടിവയ്ക്കാൻ മാത്രമായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്. ആരോ പറഞ്ഞ് ഞാൻ എന്നും അഞ്ചുമണിക്ക് അലാറം വച്ച് എഴുതാനിരിക്കും. രണ്ടോ മൂന്നോ വരിയെഴുതുമ്പോഴക്കും എന്തെങ്കിലും സംശയം വരും, അതു പരിഹരിക്കാൻ ഇന്റർനെറ്റിലെത്തി, വായിക്കുകയോ യൂറ്റ്യൂബ് കാണുകയോ, ഉദ്ദേശിച്ച വീഡിയോ കാണുംമുമ്പുതന്നെ മറ്റെന്തെങ്കിലും ഉടക്കി ആ വഴിക്ക് കാഴ്ച തുടരുകയോ ചെയ്യും. രാവിലത്തെ സമയത്തിന്റെ വില പറഞ്ഞറിയിക്കേണ്ടതില്ലല്ലോ! അങ്ങനെ ആ ശീലവും ഉപേക്ഷിക്കപ്പെട്ടു.

ഡിജിറ്റൽ മിനിമലിസത്തിൽ നിന്ന് ഞാൻ നേരെ പോയത് ശീലങ്ങളിലേക്കാണ്. ലക്ഷ്യത്തിലല്ല, മാർഗ്ഗത്തിലാണ് ഊന്നേണ്ടത് എന്നു പ്രചരിപ്പിക്കുന്ന തത്വചിന്ത. ടൈനി ഹാബിറ്റ്സ്, ആറ്റമിക് ഹാബിറ്റ്സ് എന്നൊക്കെയുള്ള പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചു. കൊച്ചുകൊച്ചു ശീലങ്ങൾ നടപ്പിലാക്കിയാൽ മതി, അവ വലിയ, എടുത്താൽ പൊങ്ങാത്ത ലക്ഷ്യങ്ങളിലെത്തിക്കുമെന്ന് അവർ ഉറപ്പുതന്നു. ബാലിശമെന്നു തള്ളാവുന്ന കുറേ ശീലങ്ങൾ തുടങ്ങി. ദിവസങ്ങൾക്ക് എന്തൊക്കെയോ അർത്ഥം ലഭിക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു. പ്രോഡക്ടിവിറ്റി, ക്വാളിറ്റി ടൈം, മീ ടൈം... അങ്ങനെ എന്തൊക്കെയോ മുദ്രാവാക്യങ്ങൾ ഉരുവിട്ടുതുടങ്ങി. ഈ വിഷയങ്ങളിലുള്ള കുറേ വീഡിയോകൾ കണ്ടും ഓഡിയോ ബുക്കുകൾ കേട്ടും സമയം കളഞ്ഞു എന്നല്ലാതെ ഒരു മെച്ചവുമുണ്ടായില്ല.

കുറേ വീഡിയോകൾ കണ്ടും ഓഡിയോ ബുക്കുകൾ കേട്ടും സമയം കളഞ്ഞു എന്നല്ലാതെ ഒരു മെച്ചവുമുണ്ടായില്ല.
കുറേ വീഡിയോകൾ കണ്ടും ഓഡിയോ ബുക്കുകൾ കേട്ടും സമയം കളഞ്ഞു എന്നല്ലാതെ ഒരു മെച്ചവുമുണ്ടായില്ല.

പറഞ്ഞുവരുന്നത്, ഡിജിറ്റൽ ലോകം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്, അതിൽനിന്നു പുറത്തുകടക്കാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന ഉള്ളടക്കങ്ങൾകൊണ്ടാണെന്നാണ്. അതിന്റെ സൗകര്യങ്ങൾ, അത്ഭുതങ്ങൾ, ആവേഗങ്ങൾ, ആശ്വാസങ്ങൾ, അനുഭൂതികൾ, ഒന്നും തള്ളിക്കളഞ്ഞുകൊണ്ടല്ല ഈ പറയുന്നത്. നമ്മുടെ നിഷ്ക്രിയതയെ ഇത്രയ്ക്കു സന്തോഷിപ്പിക്കുന്ന, ആഘോഷിക്കുന്ന മറ്റൊരു കാലമില്ലതന്നെ. മോഹൻലാൽ - പ്രിയദർശൻ സിനിമകളിൽ നാം കാണാറുള്ള ആ ഫോർമുലയുണ്ടല്ലോ – തമാശകളുടെ നീണ്ട സീക്വൻസിനു ശേഷം പെട്ടെന്ന് ഓർമ്മിപ്പിക്കപ്പെടുന്ന അവരുടെ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച്.
“നാളെ ഓപ്പറേഷന് രണ്ടുലക്ഷം രൂപവേണം. ഇല്ലെങ്കിൽ നമുക്ക് അമ്മയെ നഷ്ടപ്പെടും” എന്നതുപോലുള്ള ചില ഓർമ്മപ്പെടുത്തലുകൾ. അതിനായി വീണ്ടും നടത്തുന്ന തത്രപ്പാടുകൾ, കള്ളത്തരങ്ങൾ അതിന്റെ അനുബന്ധമായ മറ്റു തമാശകൾ... വീണ്ടും ഞെട്ടലോടെ ഓർക്കുന്ന യാഥാർത്ഥ്യം. ഇങ്ങനെ. ഇതുപോലെ ഡിജിറ്റൽ ലോകത്തെ ആണ്ടുമുങ്ങലിന്റെ ആഴത്തിൽ അതുതന്നെ നമ്മെ അതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അതിൽനിന്ന് രക്ഷപ്പെടാനാവില്ലെന്ന് തിരിച്ചറിയിക്കുമ്പോൾ ആ ലോകത്തിന്റെ ആൽഗരിതത്തിന് ലഭിക്കുന്ന നിർവൃതിയുണ്ട്.

മാർട്ടിൻ സെലിഗ്മാൻ
മാർട്ടിൻ സെലിഗ്മാൻ

അമേരിക്കൻ മനഃശ്ശാസ്ത്രജ്ഞരായ മാർട്ടിൻ സെലിഗ്മാനും സ്റ്റീഫൻ മായറും (1967) നായ്ക്കളിലും മനുഷ്യരിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി ആർജ്ജിത നിസ്സഹായത (learned helplessness) എന്നൊരാശയം അവതരിപ്പിക്കുന്നുണ്ട്. രസകരമായ ആ പരീക്ഷണത്തിന് രണ്ടുഘട്ടങ്ങളുണ്ടായിരുന്നു. മൂന്നു ഗ്രൂപ്പ് നായ്ക്കളെ ഉപയോഗിച്ചാണ് ഈ പരീക്ഷണം അവർ നടത്തിയത്. ഒന്നാമത്തെ ഗ്രൂപ്പ് നായ്ക്കൾക്ക് ഷോക്ക് ഏല്പിക്കുമ്പോൾ മുന്നിലുള്ള ലിവർ താഴ്ത്തിയാൽ ഷോക്ക് നിൽക്കുന്നതായി അവ അറിയുന്നു. ഷോക്കു കിട്ടുമ്പോഴൊക്കെ അതിൽനിന്ന് രക്ഷപ്പെടാനായി അവ ലിവർ താഴ്ത്തുന്നു.
രണ്ടാമത്തെ ഗ്രൂപ്പ് നായ്ക്കളെ ഒന്നാമത്തെ ഗ്രൂപ്പുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. അവരുടെ മുന്നിലും ലിവർ ഉണ്ടെങ്കിലും ഷോക്കേൽക്കുമ്പോൾ അവ താഴ്ത്തിയാൽ ഒന്നും സംഭവിക്കുന്നില്ല. അവരുടെ കൂടെയുള്ള ഒന്നാം ഗ്രൂപ്പിലെ നായ്ക്കൾ ലിവർ താഴ്ത്തിയാൽ മാത്രമേ രണ്ടാമത്തെ കൂട്ടർക്ക് ഷോക്കിൽനിന്നു രക്ഷപ്പെടാനാവുകയുള്ളൂ.

മൂന്നു ഗ്രൂപ്പ് നായ്ക്കളെ ഉപയോഗിച്ചാണ് ഈ പരീക്ഷണം അവർ നടത്തിയത്.
മൂന്നു ഗ്രൂപ്പ് നായ്ക്കളെ ഉപയോഗിച്ചാണ് ഈ പരീക്ഷണം അവർ നടത്തിയത്.


ആവർത്തിച്ചുള്ള ശ്രമത്തിൽനിന്ന് രണ്ടാമത്തെ കൂട്ടർ ഒരു കാര്യം മനസ്സിലാക്കുന്നു, തങ്ങൾക്ക് ലഭിക്കുന്ന ഷോക്കിൽനിന്നു രക്ഷപ്പെടാൻ ഒന്നും ചെയ്യാനാവില്ല എന്ന്.
ഇതേ ഗ്രൂപ്പിനെത്തന്നെ മറ്റൊരു സാഹചര്യത്തിലേക്ക് പ്രയോഗിച്ചപ്പോൾ അത്ഭുതകരമായ പെരുമാറ്റമാണ് കാണാൻ കഴിഞ്ഞത്. രണ്ട് അറകളുള്ള ഒരു പട്ടിക്കൂട്ടിൽ ഒന്നിൽനിന്ന് മറ്റേതിലേക്ക് ചെറിയൊരു മറ മാത്രമേയുള്ളൂ. അതിലൂടെ ചാടി അപ്പുറത്തെത്താനാവും. ഒന്നാം ഗ്രൂപ്പിലെ നായ്ക്കളെ ആദ്യത്തെ അറയിലിരുത്തി ചെറുതായി ഷോക്ക് കൊടുത്തു. ഉടനെ അവ മറയിലൂടെ ചാടി അപ്പുറത്തെത്തി. അവിടെ ഷോക്കുണ്ടായിരുന്നില്ല. അവിടെ ഷോക്ക് കൊടുത്തപ്പോൾ ആദ്യത്തെ അറയിലെത്തി. അവിടെ ഷോക്കില്ല.
ഇതേ അവസ്ഥ രണ്ടാം ഗ്രൂപ്പിലെ നായ്ക്കൾക്ക് നൽകി. അവയാകട്ടെ, നേരത്തേ ലിവർ താഴ്ത്തിയപ്പോൾ ഷോക്ക് നിലയ്ക്കാത്തതുകണ്ട് ശീലിച്ചതിനാൽ ഇവിടെയും രക്ഷപ്പെടാൻ ശ്രമിച്ചതേയില്ല. അവ തങ്ങളുടെ നിസ്സഹായാവസ്ഥ സ്വയം ഏറ്റുവാങ്ങാൻ അപ്പോഴേക്കും പഠിച്ചുകഴിഞ്ഞിരുന്നു. നിരന്തരം ഷോക്കേൽക്കുന്ന കൂട്ടിൽ ദയനീയമായി മോങ്ങിക്കൊണ്ട്, അപ്പുറത്തേക്ക് ചാടിയാൽ ഈ അവസ്ഥയിൽനിന്നു മോചനമുണ്ടാവുമോ എന്ന് അന്വേഷിക്കാൻ പോലും മിനക്കെടാതെ അവ വിധിയെ സ്വയം വരിച്ചു. ഇത് മനുഷ്യരിൽ പല തരത്തിൽ പരീക്ഷിച്ചപ്പോൾ ഇതിനേക്കാൾ വേഗത്തിൽ മനുഷ്യർ വിധിവിശ്വാസികളാകുന്നത് ബോധ്യപ്പെടുന്നതായി അവർ സ്ഥാപിക്കുകയുണ്ടായി.

 മാർട്ടിൻ സെലിഗ്മാനും സ്റ്റീഫൻ മായറും (1967) നായ്ക്കളിലും മനുഷ്യരിലും നടത്തിയ പരീക്ഷണം
മാർട്ടിൻ സെലിഗ്മാനും സ്റ്റീഫൻ മായറും (1967) നായ്ക്കളിലും മനുഷ്യരിലും നടത്തിയ പരീക്ഷണം

നമ്മുടെ ഡിജിറ്റൽ ലോകം ഒരുക്കുന്ന സമസ്യകളും കെണികളും നിസ്സാരമായ ഒരു ചുവടുവയ്പുകൊണ്ട് മറികടക്കാനാവുമായിരിക്കും. പക്ഷേ അത് അന്വേഷിക്കാനോ അതിനായി ശ്രമിക്കാനോ സാധ്യമല്ലാത്ത തരത്തിൽ നാം ആ നിസ്സഹായത സ്വയം വരിച്ചുകഴിഞ്ഞു. നിർമ്മിതബുദ്ധിയുടെ ആദ്യാങ്കുരങ്ങൾ പ്രത്യക്ഷപ്പെടുംമുമ്പേ നാം ‘സുല്ലി’ട്ടുകഴിഞ്ഞല്ലോ! മലയാളത്തിലെ മാസികകൾ AI പതിപ്പുകൾ പുറത്തിറക്കിയപ്പോൾ, സർഗ്ഗാത്മകതയുടെ മാനുഷികതയെക്കുറിച്ച് ആരും ആശങ്കപ്പെട്ടുകണ്ടില്ല. പൗരസ്ത്യ സങ്കല്പമനുസരിച്ച് കാവ്യഹേതുക്കൾ പ്രതിഭ, വ്യുല്പത്തി, അഭ്യാസം എന്നിവയാണല്ലോ. അതിൽ പ്രതിഭ തികച്ചും മാനുഷികമാണെന്നും അത് ജന്മസിദ്ധമാണെന്നും സ്ഥാപിച്ചപ്പോൾ ആരും ഓർത്തില്ല, മനുഷ്യാനന്ത രകാലത്ത് (POSTHUMAN) അതിന് വെല്ലുവിളി നേരിടേണ്ടിവരുമെന്ന്. വ്യുല്പത്തിയും അഭ്യാസവും ഇല്ലാത്തതിന്റെ കുറവ് പ്രതിഭ കൊണ്ട് പരിഹരിക്കപ്പെടുമെങ്കിലും പ്രതിഭയുടെ അഭാവം പെട്ടെന്നുതന്നെ വെളിപ്പെടുമെന്ന് പറഞ്ഞിരുന്നത് (അവ്യുല്പത്തികൃതോ ദോഷഃ / ശക്ത്യാ സംപ്രിയതേ കവേഃ യസ്ത്വശക്തി കൃതസ്തസ്യ / സ ഝടിത്യവഭാസതേ – ധ്വന്യാലോകം, II-32, ആനന്ദവർദ്ധനൻ) ഈ പുതിയകാലത്ത് വിചിത്രമായ രീതിയിൽ അഭിമുഖീകരിക്കേണ്ടിവരുമെന്ന് നാമറിഞ്ഞില്ല.

നിർമ്മിത ബുദ്ധിയുടെ ആസന്ന വിപത്തുകളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഗൂഗിളിൽനിന്നു പുറത്തുവന്ന ജെഫ്രി ഹിൻഡനാണ് നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻ.

സർഗ്ഗാത്മകതയുടെ മാനുഷികത കേവലം പഴഞ്ചൻ ആശയമാണെന്നും മാറാത്ത ശീലങ്ങളുടെ ശാഠ്യമാണെന്നും വാദിക്കുന്നവരുണ്ട്. നിർമ്മിതബുദ്ധിയുടെ പ്രധാന പ്രത്യേകത തന്നെ അത് മനുഷ്യനെ സഹായിക്കാനായി മനുഷ്യൻ പഠിപ്പിച്ച ഒരു സംവിധാനമല്ല എന്നതാണ്. സ്വയം ശിക്ഷണം സാധ്യമാകുന്ന ആദ്യത്തെ കണ്ടുപിടിത്തമാണത്. അതിന് സ്വന്തം ധർമ്മവും ലക്ഷ്യവും കൈവരിക്കുന്നതോടെ മനുഷ്യന്റെ അനുബന്ധമോ സഹായിയോ എന്ന നിലയിൽനിന്ന് അതുയരുന്നു. മനുഷ്യബുദ്ധിയുടെ യന്ത്രപ്പകർപ്പാകാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നെങ്കിലും ഇപ്പോൾ നിർമ്മിതബുദ്ധിയ്ക്ക് അത്തരം ലക്ഷ്യങ്ങളില്ല. ന്യൂറൽ നെറ്റ്‍വർക്കിംഗിലൂടെ തലച്ചോറിലെ അനന്തകോടി ന്യൂറോണുകളുടെ സങ്കീർണ്ണത മനസ്സിലാക്കാനും പുനഃസൃഷ്ടിക്കാനും ആദ്യമൊക്കെ ശ്രമിച്ചിരുന്നെങ്കിലും ഇന്ന് നിർമ്മിതബുദ്ധി മനുഷ്യസഹായമില്ലാതെതന്നെ അതിന്റെ ലക്ഷ്യം നിർവ്വചിച്ചുതുടങ്ങി. എല്ലാ മേഖലകളിലും മനുഷ്യന്റെ പകരക്കാരിയാകാൻ ശ്രമിക്കുകമാത്രമല്ല, മനുഷ്യർ ചിന്തിച്ചിട്ടുപോലുമില്ലാത്ത മേഖലകളിൽ തന്റെ സാന്നിധ്യവും ആധിപത്യവും സ്ഥാപിക്കുന്നതിൽ AI വിജയിച്ചുതുടങ്ങി.

ജെഫ്രി ഹിൻഡൻ
ജെഫ്രി ഹിൻഡൻ

നിർമ്മിത ബുദ്ധിയുടെ ആസന്ന വിപത്തുകളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഗൂഗിളിൽനിന്നു പുറത്തുവന്ന ജെഫ്രി ഹിൻഡനാണ് നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻ. ജോൺ ഹോപ്‍ഫീൽഡിനോടൊപ്പം അദ്ദേഹത്തിനാണ് ഇത്തവണ ഫിസിക്സിന് നോബൽ സമ്മാനം ലഭിച്ചത്. തന്റെ ജീവിതത്തിന്റെ മുക്കാൽപ്പങ്കും ചെലവഴിച്ച് കണ്ടെത്തിയ നിർമ്മിത ബുദ്ധിയുടെ അനിയന്ത്രിതമായ വളർച്ചയിൽ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ഗൂഗിളിൽനിന്നു പുറത്തുവരുന്നത്. ഇപ്പോൾ ഗൂഗിൾ ആ മേഖലയിലെ കണ്ടെത്തലുകളെ പേരിട്ടുവിളിക്കുന്നത് ഉത്തരവാദ നിർമ്മിത ബുദ്ധി (responsible AI) എന്നാണ്. (എത്രത്തോളം ഉത്തരവാദിത്തം നമുക്കു പാലിക്കാനാവും എന്നത് സംശയകരമാണെങ്കിലും.) മനുഷ്യനേക്കാൾ ഇന്റലിജന്റായ ഒന്നിനേയും നേരിട്ട ചരിത്രം നമുക്കില്ലാത്തതുകൊണ്ട് ഇനി എന്തുസംഭവിക്കുമെന്ന് നമുക്കു പ്രവചിക്കാനാവില്ല.

നാനൂറുകോടിയിലേറെ വർഷമായി ഭൂമിയിൽ നാം കണ്ടിട്ടുള്ളത് ഓർഗാനിക് ജൈവരൂപങ്ങളെയാണെങ്കിൽ ചരിത്രത്തിലാദ്യമായി നാം ഇനോർഗാനിക്കായ ജൈവരൂപത്തെ കണ്ടെത്തുന്നത് നിർമ്മിത ബുദ്ധിയുടെ രൂപത്തിലാണെന്ന് യുവാൽ നോവ ഹരാരി പറയുന്നുണ്ട്. ചാറ്റ് ജി പി റ്റിയും മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് ധാരാളം അവകാശവാദങ്ങളൊക്കെയുണ്ടെങ്കിലും അവയ്ക്ക് മനുഷ്യസമാനമായ ധിഷണയോ വികാരമോ അനുഭൂതിയോ ഉള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ അതേസമയം ഹരാരിയെ സംബന്ധിച്ച് ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ഒരു ശരാശരി മനുഷ്യന്റെ ഭാഷാശേഷിയെ തോല്പിക്കുന്ന തരത്തിലുള്ള ഭാഷാശേഷി നിർമ്മിത ബുദ്ധിക്ക് ആർജ്ജിക്കാനാവുന്നു എന്നതാണ്. ഭാഷയ്ക്കുമേലുള്ള ഈ പ്രാമാണ്യം സ്വാഭാവികമായും മനുഷ്യരാശിയിലുള്ള മേൽക്കൈയായി മാറാൻ അധികദൂരമില്ല എന്നതാണ് കാര്യം. മനുഷ്യഭാവനയിലേക്കുള്ള താക്കോലാണ് ഭാഷ. മനുഷ്യനാഗരികതയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെത്തന്നെ നിർമ്മിതബുദ്ധി ഹാക്ക് ചെയ്തുകഴിഞ്ഞിരിക്കുന്നു എന്നർത്ഥം. കലയും ശാസ്ത്രവും മനുഷ്യബന്ധങ്ങളും നിയമങ്ങളും എന്നുവേണ്ട, മാനുഷികം എന്നു വിളിക്കുന്ന എല്ലാം സാധ്യമാക്കിയത് ഭാഷ മൂലമാണ്. ദൈവം, മനുഷ്യാവകാശങ്ങൾ, കറൻസികൾ, എല്ലാം എല്ലാം തന്നെ ഭാഷയിൽ നിർമ്മിച്ചെടുത്ത കെട്ടുകഥകളാണ്. (ഭാഷയെക്കുറിച്ച് പാരിസ്ഥിതികഭാഷാശാസ്ത്രജ്ഞനായ അലൻ സ്റ്റിബെ എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ “The Stories we live by” എന്നാണ്.)

യുവാൽ നോവ ഹരാരി
യുവാൽ നോവ ഹരാരി


അതെ, കഥകളാണ് കാര്യം. പുതിയ ലോകക്രമത്തിൽ ഈ കഥകളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. സിയാറ്റിൽ മൂപ്പൻ അമേരിക്കൻ പ്രസിഡന്റിനോടു ചോദിച്ചതുപോലെ, ഞങ്ങളുടെ ആകാശങ്ങളെ എങ്ങനെ നിങ്ങൾക്കു വാങ്ങിക്കാനാകും?

വെളിച്ചമുണ്ടാകട്ടെ എന്നു ദൈവം കല്പിച്ചപ്പോൾ വെളിച്ചമുണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. എന്നാൽ നമ്മുടെ കണ്ടെത്തലുകൾ നല്ലതാണോ അല്ലയോ എന്നു തിരിച്ചറിയാനാവാത്തവിധം കൈവിട്ടുപോയ അവസ്ഥയിൽ നാം ആർജ്ജിത നിസ്സഹായതയിൽ പെട്ടുഴലുകയല്ലാതെ മറ്റെന്തുണ്ടു പോംവഴി?

ഈ കുറിപ്പവസാനിപ്പിക്കുമ്പോൾ അറിയാതെ കൈതട്ടി തെറിച്ച ഫോണിന്റെ പിൻകവറും ബാറ്ററിയുമൊക്കെ ചിതറിത്തെറിച്ചുവീണു. സ്മാർട്ടുകാലത്താണെങ്കിൽ ഹൃദയാഘാതം വരുമായിരുന്ന ആ വീഴ്ച നോക്കി, പുഞ്ചിരിച്ചുകൊണ്ട് ഞാൻ നോക്കിയ ഫോണിന്റെ പപ്പും പൂടയും പെറുക്കിയെടുത്ത് കൂട്ടിച്ചേർത്തുവച്ച് അതിന്റെ ചെവിയിൽ ഊതി. അത്ഭുതം, ഒന്നും സംഭവിക്കാത്തമട്ടിൽ അത് പ്രവർത്തിച്ചുതുടങ്ങി. കഥകളില്ലാത്ത ആയിരത്തി രണ്ടാമത്തെ രാവിന്റെ നിശ്ശബ്ദത എങ്ങും വ്യാപിച്ചു.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

റിഹാൻ റാഷിദ്എം.പി. അനസ്തനൂജ ഭട്ടതിരിബിജു ഇബ്രാഹിംകെ.പി. ജയകുമാർജിസ ജോസ്സിദ്ദിഹറാഷിദ നസ്‌റിയസമുദ്ര നീലിമയു. അജിത്കുമാർRead More


Summary: T Sreevalsan discusses the impact of digital media on our daily lives in the 200th edition of the Truecopy webzine


ടി. ശ്രീവത്സൻ

കഥാകൃത്ത്​. പാലക്കാട്​ ചിറ്റൂർ ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ആംബുലൻസ്​, നിസ്സാരോപദേശകഥകൾ, നവ​മനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments