വർഷങ്ങൾക്കുമുമ്പ്, സാനിറ്ററി നാപ്കിൻ ഉപയോഗം പ്രചാരത്തിലായശേഷം, ടി.വിയിൽ വന്ന ഒരു പരസ്യം: അമ്മയുടെ കൂടെനിന്ന് ഒരു ഗ്രാമീണ പെൺകൊടി പറയുന്നു, 'ഞങ്ങളും മോഡേൺ ആയി’.
അതുപോലെയാണ് എന്നെ സംബന്ധിച്ച് 'ഞാനും ഡിജിറ്റൽ ആയി' എന്നുപറയുന്നത്. ചുറ്റുള്ളവർ പ്രത്യേകിച്ച്, പുതുതലമുറ, എന്നേ ഡിജിറ്റലാണ്, ഞാനും ആ വഴിയേ...
ഡിജിറ്റലാകുക എന്നു പറഞ്ഞാൽ എനിക്ക് മക്കളോട് ചേർന്നുനിൽക്കുക എന്നു കൂടിയാണ് അർത്ഥം. ആവശ്യം വരുമ്പോൾ, ഓരോന്നായി അവരോട് ചോദിച്ചാണ് പഠിച്ചെടുക്കുന്നത്. പണ്ട് എന്താവശ്യമുണ്ടെങ്കിലും പലരും ചെയ്തുതന്നാണ് കാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ സ്മാർട്ട് ഫോണിന്റെ ഉപയോഗത്തിൽ കൂടി എന്നെ സംബന്ധിച്ച് ജീവിതം വളരെ സുഗമമായി എന്ന് പറയാതിരിക്കാൻ വയ്യ.
ഇപ്പോൾ കറന്റിന്റെ, വെള്ളത്തിന്റെ, ഫോണിന്റെയെല്ലാം ബില്ലുകൾ അടയ്ക്കുന്നത് ഫോണിൽ കൂടിയാണ്. അതിന്റെയും പരസ്യം കണ്ടിട്ടില്ലേ? സോഫയിൽ കിടന്ന് എല്ലാ ബില്ലും അടക്കുന്ന ചെറുപ്പക്കാരനെ ഓർമയില്ലേ? അച്ഛൻ ദിവസങ്ങളോളം എടുക്കുന്ന പണികളാണ് മകൻ മിനിറ്റ് കൊണ്ട് ചെയ്യുന്നത്. ഫോൺ വഴി ഒരു നമ്പറിലേക്ക് ഡയൽ ചെയ്താൽ മതി, ഗ്യാസ് ബുക്കിംഗ് നടക്കും.
ദൈനംദിന ആവശ്യങ്ങൾക്ക്, പാൽ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങാൻ കടയിൽ പോകേണ്ടിവരാറേയില്ല. ഇൻസ്റ്റാമാർട്ടിലും മറ്റു ചില ആപ്പിലും ഓർഡർ ചെയ്യുമ്പോൾ പത്തു മിനിറ്റിനകം സാധനങ്ങൾ വീട്ടിലെത്തും. ഒരു നേരം ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗി വഴി അപ്പോൾ തന്നെ ഭക്ഷണം എത്തിക്കാം.
പഴപ്പുളിശ്ശേരി എന്റെ മകൾക്ക് വലിയ ഇഷ്ടമാണ്. ഞാനത് ഉണ്ടാക്കുമ്പോൾ അവൾക്ക് കൊടുക്കാതെ കഴിക്കാൻ വിഷമം തോന്നും. അപ്പോൾ ജീനിയിൽ കൂടി എറണാകുളത്ത് തന്നെ മറ്റൊരിടത്ത് താമസിക്കുന്ന മകൾക്ക് പുളിശ്ശേരി എത്തിക്കും. അമേരിക്കയിൽ താമസിക്കുന്ന ഇളയ മകളെ ദിവസത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും വാട്സാപ്പിൽ കണ്ടുകൊണ്ട് സംസാരിക്കാം. എന്തിനേറെ അരിഞ്ഞ പച്ചക്കറി, ആവശ്യമുള്ളപ്പോൾ സദ്യ, അങ്ങനെ നമ്മുടെ ജോലി എളുപ്പമാക്കുന്നതെല്ലാം നമ്മുടെ വിരൽത്തുമ്പിന്റെ അറ്റത്തുണ്ട്.
ഒരു കാര്യം മാത്രം വേണം, പണം. അതില്ലെങ്കിൽ ഈ പറഞ്ഞ സൗകര്യങ്ങൾ അനുഭവിക്കാൻ പറ്റില്ല. എന്നാൽ സാമൂഹ്യമായി ഡിജിറ്റലാകുക എന്നത് എല്ലാ ജനവിഭാഗങ്ങൾക്കും ഉപകാരപ്രദമാണ്.
എഴുത്തുകാരി എന്ന നിലയിൽ ഞാൻ ഏറെ സന്തോഷിക്കുന്ന ഒന്നുണ്ട്. പണ്ടൊക്കെ പേപ്പറും പേനയും എടുത്തുവെച്ച് എഴുതിയാലേ എഴുത്തു നടക്കൂ. അതിനുള്ള സൗകര്യങ്ങളുണ്ടെങ്കിൽ മാത്രം എഴുതാൻ പറ്റും. ഇപ്പോൾ അങ്ങനെയല്ല.. ലാപ്ടോപ്പിൽ കൂടിയോ ഫോണിൽ കൂടിയോ എഴുതാം, അതും മലയാളത്തിൽ തന്നെ. എഴുതി സൂക്ഷിക്കാനും പറ്റുന്നു. അത് പ്രസിദ്ധീകരിക്കാൻ അയക്കാൻ പറ്റുന്നു. പഴയതുപോലെ പോസ്റ്റ് ഓഫീസിൽ പോയി കഥ അടങ്ങിയ കവർ പത്രാധിപർക്ക് അയക്കേണ്ടിവരുന്നില്ല.
പണ്ടൊക്കെ എഴുത്തുകാർ പലരുടെയും കാരുണ്യം കാത്തുനിൽക്കണം, ഒരു ചെറിയ കൃതി പ്രസിദ്ധീകൃതമാകണമെങ്കിൽ. ഇന്നത് വേണ്ട. ഓരോരുത്തർക്കും അവരുടേതായ സോഷ്യൽ മീഡിയ പേജുകളും അതിന് വായനക്കാരുമുണ്ട്.
ഓൺലൈൻ മാധ്യമങ്ങൾ വന്നപ്പോൾ സംഗതി കൂടുതൽ എളുപ്പമായി. മാസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ട. കാലിക പ്രസക്തിയുള്ള കുറിപ്പുകൾ അതേ ദിവസം ഓൺലൈൻ വഴി പ്രസിദ്ധീകൃതമാകുന്നു.
ഇനി ഫോണിൽ എഴുതാൻ മടിയാണെങ്കിൽ, സംസാരിച്ചാലും മതി. അത് അക്ഷരങ്ങളായി സ്ക്രീനിൽ വരും. ഡിജിറ്റൽ ലൈഫിനെ കുറിച്ച് എഴുതുന്നതുകൊണ്ട് ഞാൻ വോയിസ് ടൈപ്പിംഗ് ആണ് ഇപ്പോൾ ചെയ്യുന്നത്. പിന്നെ ഒന്ന് എഡിറ്റ് ചെയ്ത് അയക്കാവുന്നതേയുള്ളൂ.
പണ്ടൊക്കെ എഴുത്തുകാർ പലരുടെയും കാരുണ്യം കാത്തുനിൽക്കണം, ഒരു ചെറിയ കൃതി പ്രസിദ്ധീകൃതമാകണമെങ്കിൽ. ഇന്നത് വേണ്ട. ഓരോരുത്തർക്കും അവരുടേതായ സോഷ്യൽ മീഡിയ പേജുകളും അതിന് വായനക്കാരുമുണ്ട്. അങ്ങനെ, ലോകം എഴുത്തുകാരെ സംബന്ധിച്ചും വായനക്കാരെ സംബന്ധിച്ചും ഏറെ മാറി.
സിനിമാ തിയേറ്ററിൽ പോയി ടിക്കറ്റ് കിട്ടാതെ തിരിച്ചു വരേണ്ട കാര്യമില്ല ഇന്ന്. ഓൺലൈനായി ബുക്ക് ചെയ്ത് സിനിമ ഇറങ്ങിയ ദിവസം തന്നെ കാണാം. അതേ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വീട്ടിലിരുന്നും കാണാം.
ഇപ്പോൾ പണം കയ്യിൽ സൂക്ഷിക്കാറില്ല. പകരം ഏത് കടയിൽ ചെന്നാലും gpay ചെയ്യാൻ പറ്റും. വീട്ടിലെത്താറുള്ള ചില്ലറ വില്പനക്കാരുടെ കയ്യിലും ക്യു ആർ കോഡ് ഉണ്ട്. ബാങ്ക് ട്രാൻസ്ഫർ നടത്താനും വളരെ എളുപ്പം. മൊത്തത്തിൽ പണം എന്ന വാക്കിന്റെ അർത്ഥം തന്നെ മാറി. പണ്ടൊക്കെ കുറെയേറെ രൂപ അട്ടിക്കടുക്കി പേഴ്സിൽ വച്ച് ഗമയോടെ നടക്കുന്നവരുണ്ടായിരുന്നു, താനൊരു വലിയ സംഭവമാണെന്ന മട്ടിൽ. എന്നാൽ ഇന്നത് കണ്ടാൽ ആളുകൾ അത്ഭുതത്തോടെ നോക്കും, ഈ പഴഞ്ചനാരാ എന്നാ മട്ടിൽ.
ഇപ്പോൾ എവിടെ പോകണമെങ്കിലും റെയിൽവേയിൽ ബുക്ക് ചെയ്യുന്നത് ഓൺലൈൻ വഴിയാണ്. എവിടേക്ക് യാത്ര ചെയ്യണം, ഏതു ദിവസം യാത്ര ചെയ്യണം എന്ന് തീരുമാനിച്ചാൽ മാത്രം മതി. ബസിലോ, ട്രെയിനിലോ, വിമാനത്തിലോ ബുക്ക് ചെയ്യാൻ ഒരു പ്രയാസവുമില്ല. വർഷങ്ങൾക്കു മുമ്പ് മൂന്ന് ട്രെയിൻ ടിക്കറ്റുകൾ പാഴാക്കിക്കൊണ്ട് ബുക്ക് ചെയ്താണ് ഈ സംവിധാനം ഞാൻ പഠിച്ചെടുത്തത്. ഓരോന്ന് പഠിക്കുമ്പോഴും പല മണ്ടത്തരങ്ങളും കാണിച്ചിട്ടുണ്ട്. പക്ഷേ ആ മണ്ടത്തരം ഓർത്ത് പിന്നീട് അത് ചെയ്യാതിരുന്നില്ല.
തുണിത്തരങ്ങളും മറ്റും ഓൺലൈൻ പർച്ചേസ് ആണ് ഇപ്പോൾ കൂടുതലും ചെയ്യുന്നത്. ആദ്യകാലത്ത് അതിലും പല അബദ്ധവും പറ്റിയിട്ടുണ്ട്. കുർത്ത ഓർഡർ ചെയ്തപ്പോൾ വന്നത് രണ്ട് സേഫ്റ്റി പിന്നാണ്. ഓർഡർ ചെയ്യാതെ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചില പാഴ്സലുകൾ വരും. ഒരിക്കൽ 600 രൂപ gpay ചെയ്തു തുറന്നു നോക്കുമ്പോൾ ഒരു പഴഞ്ചാസ് പേഴ്സ്, ഓർഡർ ചെയ്യാതെ തന്നെ.
വേർതിരിവില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നത് ഡിജിറ്റൽ മാർഗ്ഗങ്ങളാണ്.. വേർതിരിഞ്ഞു കിടക്കുന്ന ലോകത്തെ ഡിജിറ്റൽ മാർഗം വഴി ഒന്നാക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നു.
പിന്നീട് കൃത്യമായും കാര്യങ്ങൾ പഠിച്ചെടുത്തു. പറ്റിക്കപ്പെട്ടു കഴിയുമ്പോഴാണ് പറ്റിക്കപ്പെടാതിരിക്കാനുള്ള എല്ലാം നമ്മൾ പഠിക്കുന്നത്. പുതിയ പുതിയ കള്ളങ്ങൾ സമൂഹത്തിലുണ്ടാകുമ്പോൾ പുതിയ പുതിയ രീതിയിൽ നമ്മൾ നമ്മളെ ശക്തരാക്കും. ഡിജിറ്റൽ ആക്രമണം നടക്കുമ്പോൾ തിരികെ ഡിജിറ്റൽ സംരക്ഷണവും ലഭിക്കും.
ഡ്രൈവിങ് അറിയാത്തതിനാൽ, വൈകീട്ട് അത്യാവശ്യമായി തനിയെ പുറത്തിറങ്ങാൻ ബുദ്ധിമുട്ടാറുണ്ടായിരുന്നു. ഇപ്പോൾ വിരൽത്തുമ്പിൽ ഉബർ, ഒല, യാത്രി എന്നിവയുണ്ട്. സിറ്റിക്കുള്ളിൽ എപ്പോൾ എവിടെ പോകാനും ഈ സൗകര്യം ഉപയോഗിക്കാറുണ്ട്.
പാട്ട് കേൾക്കാനും കഥ കേൾക്കാനുമൊക്കെ ഡിജിറ്റൽ മാർഗം ഉപയോഗിക്കുന്നു. ഞാനും എന്റെ തലമുറയും പ്രിന്റ് മീഡിയ കൈവിട്ടിട്ടില്ല എന്നേയുള്ളൂ. അതോടൊപ്പം ഡിജിറ്റലും ആകുന്നു. എനിക്ക് തോന്നുന്നു, പഴയ തലമുറയ്ക്ക് പിന്തള്ളപ്പെടുമോ എന്ന ഭയമുള്ളതുകൊണ്ട് പുതിയവയൊക്കെ വേഗം പഠിച്ചെടുക്കും എന്ന്.
കോവിഡ് സമയത്തോടെയാണ് എല്ലാവരും ഇത്രയേറെ ഡിജിറ്റലായത്. ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ആ സമയത്ത് നൃത്തവും, പാചകവും യോഗയും മനുഷ്യർ പഠിച്ചു. എവിടെ ഇരിക്കുന്നുവോ അവിടെയിരുന്നുകൊണ്ട് ലോകത്തെ നമ്മുടെ അടുത്തെത്തിക്കാൻ നമ്മൾ അങ്ങനെ പഠിച്ചു. ഡിജിറ്റൽ യുഗം നമ്മെ പഠിപ്പിച്ചു.
സത്യം പറഞ്ഞാൽ ഇതൊരു വിപ്ലവമാണ്. ഡിജിറ്റൽ വിപ്ലവം... വേർതിരിവില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നത് ഡിജിറ്റൽ മാർഗ്ഗങ്ങളാണ്.. വേർതിരിഞ്ഞു കിടക്കുന്ന ലോകത്തെ ഡിജിറ്റൽ മാർഗം വഴി ഒന്നാക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നു.
ഇങ്ങനൊയൊക്കെ പറഞ്ഞെങ്കിലും സത്യം പറഞ്ഞാൽ ഞാൻ അത്രയേറെ ഡിജിറ്റൽ ആയിട്ടില്ല. അതെനിക്ക് മനസ്സിലാകുന്നത്, എന്റെ മക്കളും അവരുടെ പ്രായമുള്ള കുട്ടികളും അത് കഴിഞ്ഞുള്ള തലമുറയുമൊക്കെ എത്രമാത്രം ഡിജിറ്റലാണ് എന്ന് അറിയുമ്പോഴാണ്. എന്നാലും ഞാൻ വിട്ടു കൊടുക്കാതെ അവരിലേക്കെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പതുക്കെപ്പതുക്കെ പുറകെ ചെന്ന് തന്ത്രപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കി ഞാനും അവരിലൊരാളാകാൻ എപ്പോഴും ശ്രമിക്കുന്നു. അമ്മായിസിൻഡ്രോമും കൊണ്ട് അവരുടെ അടുക്കൽ പോയാൽ, അവർ തിരിഞ്ഞു നോക്കില്ല. അതുകൊണ്ട് ഞാനും മോഡേണാണ് എന്നു പറഞ്ഞ് ഒപ്പം കൂടി ഏറ്റവും പുതിയ തലമുറയിലേക്ക് കയറിച്ചെല്ലാൻ അങ്ങേയറ്റം ശ്രമിക്കുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. ബി. ഇക്ബാൽ • സച്ചിദാനന്ദൻ • എം.എ. ബേബി • ഡോ. എ.കെ. ജയശ്രീ • എതിരൻ കതിരവൻ • ജെ. ദേവിക • ദാമോദർ പ്രസാദ് • ഉണ്ണി ആർ. • റിയാസ് കോമു • സി.ജെ. ജോർജ് • Read More