ആവശ്യമായി വരും എന്നു കരുതി ഫോണിൽ സൂക്ഷിക്കപ്പെടുന്ന അനേകായിരം ഫോട്ടോകൾ. മറ്റു ഡോക്യുമെൻ്റകൾ. അവയിൽ നിന്ന് തനിക്കാവശ്യമുള്ള ഒരു ഫോട്ടോയോ മറ്റോ കണ്ടെത്താൻ; പി പത്മരാജന്റെ ‘അവകാശങ്ങളുടെ പ്രശ്ന’ത്തിലെ കഥാപാത്രം, മരിച്ചുപോയവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവുകളിലെ കടകളിൽനിന്ന് തനിക്കാവശ്യമുള്ള പടം കണ്ടെത്താൻ വെപ്രാളപ്പെടുന്നതുപോലെ, വെപ്രാളപ്പെടുകയോ കണ്ടെത്താൻ പ്രയാസപ്പെടുകയോ ചെയ്യുന്ന അനുഭവം പലപ്പോഴും എന്റേതു മാത്രമായിരിക്കില്ല.
പി. പത്മരാജന്റെ കഥാപാത്രത്തിന് അയാൾ അന്വേഷിച്ച അയാളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ കണ്ടെത്താനായില്ല. ചില സമയങ്ങളിൽ ഡിജിറ്റൽ ഡിവൈസിൽ സൂക്ഷിച്ചുവെച്ച ഫോട്ടോകളിൽനിന്ന് എനിക്ക് ആവശ്യമുള്ള ഫോട്ടോകളും കണ്ടെത്താൻ കഴിഞ്ഞു എന്ന് വരാറില്ല. വിഷയമനുസരിച്ച് പ്രത്യേകമായി ഫോൾഡറുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുപതിനായിരമോ അമ്പതിനായിരമോ ഫോട്ടോകളിൽനിന്ന് അത് കണ്ടെത്തുക പ്രയാസം തന്നെയായിരിക്കുന്നു. ഫോൾഡറുകളുടെ പേരും അതിൻ്റെ എണ്ണക്കൂടുതൽ കൊണ്ട് ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ആ ഫോട്ടോ സൂക്ഷിക്കുമ്പോൾ ഏതു പേരിലാണ് അത് എഴുതിവെച്ചത് എന്ന് മറന്നുപോയാൽ പതിനായിരക്കണക്കിന് ഫോട്ടോകളിൽനിന്ന് നമുക്ക് വേണ്ട ഫോട്ടോ തിരഞ്ഞെടുക്കുക എന്നത് വലിയ പരിശ്രമം തന്നെയായിരിക്കുന്നു. എന്തെങ്കിലും ആവശ്യം വരും എന്നു കരുതിയാവും ഫോട്ടോകൾ ഉൾപ്പെടെയുള്ള പല ഡോക്യുമെന്റുകളും സൂക്ഷിച്ചു വെയ്ക്കുന്നത്. സത്യത്തിൽ, സൂക്ഷിപ്പിന്റെ ഭാരം കൂടുന്നു എന്നല്ലാതെ ഭാരത്തിനനുസൃതമായ അത്യാവശ്യങ്ങൾ ഒന്നും തന്നെ വരാറില്ല എന്നതാണ് രസകരമായ കാര്യം.
അനശ്വരരായിരിക്കുക എന്നത് എല്ലാ കാലത്തും മനുഷ്യരുടെ ഉള്ളിൽ നിലനിന്നിരുന്ന ഒരാശയമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം നമ്മുടെ പുരാണങ്ങളിലും സങ്കല്പങ്ങളിലുമെല്ലാം ചിരഞ്ജീവികളായി നില നിൽക്കുന്ന കഥാപാത്രങ്ങളെയും അമാനുഷികമെന്നു തോന്നുന്ന പ്രവർത്തനങ്ങളിലൂടെ അനശ്വരരായിത്തീർന്ന കഥാപാത്രങ്ങളെയും നമ്മൾ കണ്ടുമുട്ടുന്നത്. മരിച്ചു പോയാലും ഒരു മീസാൻ കല്ലിൻ്റെ അടയാളം കൊണ്ടെങ്കിലും ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു എന്നതിൻ്റെ ഓർമ്മ നിലനിർത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കുമോ? മരണത്തിനു ശേഷവും നിലനിൽക്കണമെന്ന നമ്മുടെ ആഗ്രഹത്തിന്റെ പ്രതിഫലനങ്ങൾ കൂടിയല്ലേ നമ്മുടെ പല ആവിഷ്കാരങ്ങളും. എന്നാൽ ഒരാൾക്ക് അയാളെ തന്നെ ആവിഷ്കരിച്ചുകൊണ്ട് അനശ്വരനാവാനുള്ള സാധ്യതകൾ ഒരു കാലത്ത് എല്ലാവർക്കും ഉണ്ടായിരുന്നു എന്നു പറയാനാവില്ല. അനശ്വരതയിലായിരിക്കുന്ന അഥവാ നമ്മൾ, ഇന്നും വായിച്ചുകൊണ്ടിരിക്കുന്ന ഒരു കവി, അക്കാലത്ത് നിലനിന്നിരുന്ന എഴുത്തിടങ്ങളുടെ സാധ്യതയെക്കൂടി പ്രയോജനപ്പെടുത്തി കൊണ്ടാണ് ആ അനശ്വരതയിലേക്ക് ഉയർന്നിട്ടുണ്ടാവുക. ആവിഷ്കരിക്കാനുള്ള ഇടങ്ങളുടെ അഭാവം ഒരുപാട് പേരെ സാംസ്ക്കാരികമായി അവർക്കവകാശപ്പെട്ട അനശ്വരതയിൽ നിന്നും അവരെ മാറ്റി നിർത്തിയിട്ടുണ്ടായിരിക്കണം.എന്നാൽഡിജിറ്റൽ മീഡിയ നൽകുന്ന ആവിഷ്കാര ഇടം, ഏതൊരാൾക്കും സാംസ്ക്കാരികമായ അനശ്വരതയിലേക്ക് ഉയരാനുള്ള അവസരത്തെക്കൂടി മുന്നോട്ടു വെയ്ക്കുന്നു. ആവിഷ്കരിക്കാനുള്ള ഒരാളുടെ ജനാധിപത്യാവകാശത്തെ, വകവച്ചു കൊടുക്കുന്നു.
സ്മാർട്ട് ഫോണിന്റെയും ഫേസ്ബുക്കിന്റെയും ഡിജിറ്റൽ മീഡിയയുടെയും സാധ്യതകൾ ഒരുപാട് പേരെ എഴുത്തുകാരാക്കി എന്നത് ഒരു യാഥാർഥ്യമാണ്. പുതിയ പല എഴുത്തുകാരും അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. എല്ലാവരും കവികളാകുന്ന ഒരു ലോകത്തെക്കുറിച്ച് സ്വപ്നം കാണുമ്പോൾ തന്നെയും ഒരു കവിത എഴുതി ആവിഷ്കരിക്കാനുള്ള എല്ലാവരുടെയും സ്വപ്നം യാഥാർഥ്യമാകുമായിരുന്നില്ല, രണ്ടു ദശകത്തിന് മുമ്പെങ്കിലും.
അനശ്വരരായിരിക്കുക എന്നത് എല്ലാ കാലത്തും മനുഷ്യരുടെ ഉള്ളിൽ നിലനിന്നിരുന്ന ഒരാശയമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം നമ്മുടെ പുരാണങ്ങളിലും സങ്കല്പങ്ങളിലുമെല്ലാം ചിരഞ്ജീവികളായി നില നിൽക്കുന്ന കഥാപാത്രങ്ങളെയും അമാനുഷികമെന്നു തോന്നുന്ന പ്രവർത്തനങ്ങളിലൂടെ അനശ്വരരായിത്തീർന്ന കഥാപാത്രങ്ങളെയും നമ്മൾ കണ്ടുമുട്ടുന്നത്.
പലപ്പോഴും അച്ചടി മാധ്യമങ്ങളിലെ എഡിറ്റർമാരുടെ, അഭിരുചിയും ഭാവുകത്വവുമായിരുന്നു ആരുടെ കവിതയാണ് പ്രസിദ്ധീകൃത യോഗ്യമായിട്ടുള്ളത് എന്നും, ആരുടെ കവിതയാണ് കവിത എന്നും നിശ്ചയിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ മീഡിയയിലൂടെ ആ പ്രശ്നത്തെ, എഴുത്തുകാർ, പ്രത്യേകിച്ച് കവികൾ, മറികടന്നിരിക്കുന്നു. തൻ്റെ സ്വകാര്യമായ എഴുത്തുപുസ്തകത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കവിതകൾ, ഒരു കവിക്ക് ഇപ്പോൾ വേണമെങ്കിൽ ഡിജിറ്റൽ മീഡിയ വഴി, ലോകത്തിനു മുമ്പിൽ എത്തിക്കാമെന്നായിരിക്കുന്നു. അവിടെയും രണ്ട് സാധ്യതകൾ അയാൾക്ക് മുമ്പിലുണ്ട്. ഒരു എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ മാഗസിനുകൾ വഴി പ്രസിദ്ധീകരിക്കുക. അല്ലെങ്കിൽ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഉൾപ്പെടെ തന്റെ അക്കൗണ്ടിലുള്ള ഡിജിറ്റൽ സ്പേസിലൂടെ പോസ്റ്റ് ചെയ്യുക. ഈ രണ്ടു സാധ്യതകളും കവികളും എഴുത്തുകാരും ഉപയോഗിക്കുന്നുമുണ്ട്.
എൻ്റെ കൈയ്യക്ഷരത്തിലുള്ള എഴുത്ത് എഡിറ്റർമാർക്ക് മനസ്സിലാകാതിരുന്നാലോ എന്ന് കരുതി സുഹൃത്തുക്കളെക്കൊണ്ട് എഴുതിച്ചായിരുന്നു മുമ്പ് ഞാൻ കവിതകൾ അച്ചടി മാധ്യമങ്ങളിലേക്ക്, അയക്കാറുണ്ടായിരുന്നത്. ഡിജിറ്റൽ വിപ്ലവം കൈയക്ഷരത്തെക്കുറിച്ചുള്ള എൻ്റെ അപകർഷത്തെ ഇല്ലാതാക്കി. കൈയ്യക്ഷരങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കുന്നു എന്ന സങ്കൽപ്പത്തിന് ഇനിയെത്ര മാത്രം പ്രസക്തിയുണ്ടാവും? കൈയ്യക്ഷരത്തിന്റെ പേരിലുള്ള വേവലാതികളെയെല്ലാം ഡിജിറ്റൽ ലോകം സ്ഥാനം മാറ്റിയിരിക്കുന്നു. ഉള്ളിലുള്ളത് പറയുമ്പോഴേക്കും കുറിച്ചെടുക്കുന്ന ഒരു മാലാഖ ഒരാളുടെ സ്മാർട്ട് ഫോണിൽ എപ്പോഴും കാത്തിരിക്കുന്നു.ഏതു ഭാഷയിലായാലും പറയുന്നതെല്ലാം കൃത്യതയോടെ,ശ്രദ്ധയോടെ, കേട്ടെഴുതുന്ന ഒരാൾ, ഇപ്പോൾ നമുക്കരികിലുമുണ്ട്. അർത്ഥം മനസ്സിലാക്കിയേ എഴുതാവൂ എന്ന് അതിനോട് പറയാവുന്ന സാധ്യത കൂടി അടുത്തഘട്ടത്തിൽ വരുമായിരിക്കും.
യുദ്ധത്തിൻ്റെയും, യുദ്ധഭീഷണിയുടെയും, അപരത്വ നിർമ്മിതിയിലൂടെയുള്ള മനുഷ്യനിഷ്കാസനത്തിൻ്റെയും ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളർ നേരിടുന്ന യാതനകളും; നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവിതയിലെ പ്രമേയങ്ങളായി ഇപ്പോൾ വരുന്നുണ്ട്. തങ്ങൾ, അനുഭവിക്കുന്ന ദുരിതങ്ങളും പലായനത്തിന്റെ വേദനകളും, നിസ്സഹായതകളും, യാതൊരു അലങ്കാരപ്പണികളുമില്ലാതെ, (ആ കവിത പൂർത്തിയാക്കുവാൻ തനിക്ക് കഴിയുമോ എന്ന ഭയം നിലനിൽക്കുന്ന സാഹചര്യത്തിൽ കവിതയുടെ എല്ലാ പാരമ്പര്യ വാദങ്ങളെയും കവിത മറന്നുപോകുന്നു) നേരിട്ടുതന്നെ കവിതകളിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്നു. യുദ്ധാഭിമുഖം നിൽക്കുന്ന, പലായനാഭിമുഖം നിൽക്കുന്ന, അതുവരെ കവികളല്ലാതിരുന്ന മനുഷ്യരെല്ലാം തന്നെ അത്തരം സാഹചര്യങ്ങളിൽ എഴുത്തുകാരായി മാറുന്നു. കവികളായി മാറുന്നു. അവരുടെ അനുഭവങ്ങൾ, ഡിജിറ്റൽ സമീപകാലം, ലോകത്തിനു മുന്നിൽ എത്തിക്കുന്നു. സമാന ഹൃദയർ അതേറ്റെടുക്കുന്നതോടെ, ലോകത്തിലെ ഏതൊക്കെയോ ഭാഷകളിൽ എഴുതപ്പെട്ട അത്തരം കവിതകൾ അടുത്ത നിമിഷം തന്നെ മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയ വഴി കൈമാറി, കൈമാറി ലോകത്താകമാനമുള്ള വായനക്കാരിലേക്കത് എത്തുകയും ചെയ്യുന്നു. യുദ്ധത്തിനെതിരെയുള്ള പോരാട്ടങ്ങളും കൂടിയിരിപ്പുകളും അത്ര പെട്ടെന്നൊന്നും അവസാനിക്കില്ല എന്ന ചിന്തയിലേക്കത് വായനക്കാരെ കൊണ്ടുപോവുകയും ചെയ്യുന്നു.
പീഡിതനായ ഒരു വ്യക്തി തന്നെത്തന്നെ, ഒരു കവിതയെന്ന പോലെയോ മറ്റോ ആവിഷ്കരിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇന്ന് നമുക്ക് കാണാൻ കഴിയും. താനനുഭവിച്ച ദുരിതത്തെ തൻ്റെ ശരീരത്തെ ഒരു ടൂളാക്കിക്കൊണ്ട് ആവിഷ്കരിക്കുന്ന രീതിയാണത്. ഒരു അനുഭവത്തെ ആവിഷ്കരിക്കാൻ വ്യവസ്ഥാപിതമായ ഭാഷയോ, ടൂളോ, ആവശ്യമില്ലാത്ത സാധ്യത കൂടി സോഷ്യൽ മീഡിയ ആവിഷ്കർത്താക്കൾക്ക് നൽകിയിട്ടുണ്ട്. അത്തരം അനുഭവങ്ങൾ ഒരേസമയം യാഥാർഥ്യമാണ്. അതേസമയം മനുഷ്യയാതനയുടെ ചരിത്രവും, ആ യാതനയിലേക്ക് നയിച്ച ചരിത്ര ഘട്ടത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാണ്. നിലനിൽക്കുന്ന ആവിഷ്ക്കാര രീതികളെയെല്ലാം മറികടന്ന് ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യർക്ക് ഒരേപോലെ മനസ്സിലാകുന്ന ആവിഷ്കാരമായി ഇത്തരം ആവിഷ്കാരങ്ങൾ മാറുന്നു എന്ന പ്രത്യേകതയും അവയ്ക്കുണ്ട്.
ഒരു കവിത എഴുതി സോഷ്യൽ മീഡിയയിലെ ഒരു പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുമ്പോൾ, ഒരു പക്ഷേ അത് എക്കാലത്തും നിലനിൽക്കുന്ന ഒരു കവിതയായി മാറിക്കൂടായ്കയില്ല. സെർവറിൽനിന്ന് എല്ലാം മായ്ച്ചുകളയുകയോ തുടച്ചുനീക്കുകയോ ചെയ്യുന്ന ഒരു തീരുമാനം മുതലാളിത്തം എടുക്കാതിരിക്കുന്ന കാലം വരെ, (മായ്ച്ചുകളയാൻ ശ്രമിക്കുന്നതിനെയെല്ലാം തിരിച്ചെടുക്കാൻ കഴിയുന്ന ഡിജിറ്റൽ സാധ്യതകളെ മറന്നു കൊണ്ടല്ല, പറയുന്നത്) ആ കവിതയും ആ കവിയും അങ്ങനെ അനശ്വരമായി തീരാനും സാധ്യതയുണ്ട്. പക്ഷേ തുടക്കത്തിൽ പറഞ്ഞതുപോലെ കോടിക്കണക്കിനായ ഡാറ്റകൾക്കുള്ളിൽ നിന്ന് അതെങ്ങനെ തിരഞ്ഞെടുക്കും, അതെങ്ങനെ കണ്ടെത്തും,ആരത് കണ്ടെത്തും എന്നുള്ളത് ഒരു പ്രശ്നമാണ്.
പലപ്പോഴും അച്ചടി മാധ്യമങ്ങളിലെ എഡിറ്റർമാരുടെ, അഭിരുചിയും ഭാവുകത്വവുമായിരുന്നു ആരുടെ കവിതയാണ് പ്രസിദ്ധീകൃത യോഗ്യമായിട്ടുള്ളത് എന്നും, ആരുടെ കവിതയാണ് കവിത എന്നും നിശ്ചയിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ മീഡിയയിലൂടെ ആ പ്രശ്നത്തെ, എഴുത്തുകാർ, പ്രത്യേകിച്ച് കവികൾ, മറികടന്നിരിക്കുന്നു.
ഒരു പക്ഷേ എ.ഐ. കൂടി ഡിജിറ്റൽ സ്പേസിൽ പുതിയ സാധ്യതകൾ തെളിയിച്ചിരിക്കുന്ന സമീപകാലത്ത് ഒരു കവി എഴുതി പോസ്റ്റ് ചെയ്യുന്ന കവിതകൾ എ. ഐ, തൻ്റെ ശേഖരത്തിലുള്ള പര്യായപദങ്ങളിൽ മറ്റൊരു കവിക്കുവേണ്ടി ആവിഷ്കരിച്ചു കൂടായ്കയുമില്ല. ഭാഷയുടെ പല മട്ടിലുള്ള ആവിഷ്കാരങ്ങളെ എ.ഐ തരംഗം, എങ്ങനെയെല്ലാമാണ് സ്വാധീനിക്കാൻ പോകുന്നത് എന്ന ചർച്ച ഇന്ന് സജീവമാണ്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഒരു എ.ഐ. പതിപ്പിൽ, എ.ഐ എഴുതിയ കവിതകൾ പ്രസിദ്ധീകരിച്ചതു കണ്ടു. എങ്ങനെയുള്ള കവിത വേണം എന്നു പറഞ്ഞാൽ എ. ഐ കവിത എഴുതിത്തരുമെന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ. ഒരു അനുഭവത്തിൻ്റെ സൂചനകൾ നൽകി ആ സൂചനകൾ കവിതയായി ആവിഷ്കരിച്ചുനൽകുമോ എന്ന് മെറ്റ എ.ഐ യോട് ചോദിക്കുമ്പോൾ ചില പരിമിതികളെല്ലാമുണ്ടെങ്കിലും ആ അനുഭവത്തെ കവിതയായി എ. ഐ ആവിഷ്കരിച്ചു നൽകുന്നു. അല്ലെങ്കിൽ ഇന്ന രീതിയിലെല്ലാം നിങ്ങൾക്ക്, ഈ ആശയത്തെ ആവിഷ്കരിക്കാമെന്ന് നിർദ്ദേശങ്ങൾ നൽകുന്നു.
ഞാൻ എഴുതി നൽകിയ പ്രോംറ്റ് വഴി മെറ്റ എ. ഐ എനിക്ക് എഴുതി നൽകിയ വരികൾ എന്റേത് മാത്രമായിരിക്കുമോ? എൻ്റെ പേരിൽ മാത്രം എനിക്കത് പ്രസിദ്ധീകരിക്കാനാകുമോ? നമ്മുടെ എഴുത്തുകാർ പല തരത്തിലുള്ള ആവിഷ്കാരങ്ങൾ സോഷ്യൽ മീഡിയയിൽ നടത്താറുണ്ട്. അവരുടെ കവിതകളും കഥാഭാഗങ്ങളും നോവൽ ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഓരോ എഴുത്തുകാരുടെയും സ്റ്റൈൽ അതുവഴി എ.ഐ നിരീക്ഷിച്ച് മനസ്സിലാക്കാനും ഇടയുണ്ട്. ആ കഥാകൃത്ത് എഴുതുന്നതുപോലെ ഒരു കഥ എഴുതിത്തരൂ, ആ കവി എഴുതുന്നതു പോലെ ഒരു കവിത എഴുതി നൽകൂ, എന്ന് ആവശ്യപ്പെട്ടാൽ, എ.ഐ, അതേമട്ടിൽ എഴുതിത്തന്നു കൂടായ്കയില്ല.
ആവിഷ്കാരത്തിന്റെ ജൈവഭാവവും ആർട്ടിഫിഷ്യൽ ഭാവവും തിരിച്ചറിയുന്നതിനുള്ള ടൂളുകൾ കണ്ടെത്താനുള്ള സാധ്യത കൂടിയത് മുന്നോട്ടുവയ്ക്കുന്നു. ഇത്തരം ആലോചനകളുടെ പുറത്താണ് നിർമ്മിതകവിത എന്ന പേരിലെഴുതിയ ഒരു കവിത കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ആ കവിത ഇങ്ങനെ:
നിർമ്മിത കവിത
കവിത നിർമ്മിക്കാൻ
എ.ഐ ആപ്പെടുത്തു ഞാനും.
കുമ്പളം വിളയുന്ന നാട്ടിലായാൽ
കുമ്പളവുമാവാമല്ലോ.
എ.ഐയോട് ഞാനൊരു,
പ്രണയകവിത യാചിച്ചു.
ആരോ ആരെയോ, പ്രണയിക്കുന്നതിന്റെ പ്രണയം എൻ്റെ പ്രണയകവിതയായി.
യുദ്ധത്തിൻ്റെ, ഭീകരത,
എഴുതി നൽകിയ, എ.ഐ കവിത
ആയിരം ലൈക്കുകൾക്ക് മേലെ.
ഏത് കവിയെ,
ആയിരിക്കും പ്രകൃതിയെ എഴുതാൻ
എ.ഐ കരുതിയിട്ടുണ്ടാവുക.
അത്ര മനോഹരമായാണ്,
പ്രകൃതിയെ അത് വർണ്ണിച്ചുനൽകിയത്.
പുരോഗമനകാമിയായ
ആ കവിയെ
എ.ഐ സ്വന്തമാക്കിയിരിക്കുന്നു.
അതിനപ്പുറം,
പുരോഗമന കവിത ഇല്ല.
ഭക്തകവി,
ഭക്തിയെയെല്ലാം അതിശയിപ്പിക്കുന്നു.
മിസ്റ്റിക്കും, സൂഫിയും
സെക്കൻ്റുകൾക്കുളളിൽ
ആത്മാവിനെ ആനന്ദത്തിലാക്കുന്നു.
എഴുതപ്പെട്ട
വിപ്ലവ കവിതകളെയെല്ലാമത്,
റദ്ദാക്കാഞ്ഞാൽ നന്ന്.
എ.ഐ.യിൽ പുനർജനിക്കുമോ?
വൈലോപ്പിള്ളി?
പിടിച്ചിരുത്താനാകുമോ
അതിന് പി.യെ?
കമലാസുരയ്യയുടെ കവിതകളെന്നും
കമലാദാസിൻ്റെ കവിതകൾ എന്നും
തിരിച്ചറിയുമോ അത്?
ഉണ്ണിയെ തേടി അലയുന്ന,
ഒരു പൂതമുണ്ടാകുമോ
അതിൻ്റെ ഭാഷയിൽ
പ്രച്ഛന്നരായ് പ്രത്യക്ഷപ്പെട്ടേക്കുമോ?
മഹാകവികൾ?
ഏതു കാവ്യഭാഷയിലാവും
ചിന്താവിഷ്ടയായ നായികയെ
എ.ഐ.നിർമ്മിച്ചെടുക്കുക?
ചുളളിക്കാടിൻ്റെ സഹജഭാഷ കൈവരുമോ അതിന്ന്?
കെ.ജി.എസിൻ്റെയും സച്ചിദാനന്ദൻ്റെയും
എഴുപതുകൾ എങ്ങനെ കാണും ആ കണ്ണുകൾ?ഗോപീകൃഷ്ണനെ രാഷ്ട്രീയമായി,
കവിതയിൽ നേരിടുന്നതെങ്ങനെയാവുമത്?
മേതിലിനുണ്ടാകുമോ ഒരു എ ഐ വ്യാജൻ!
ഞാനെഴുതുന്ന പോലൊരു കവിത എഴുതി നൽകൂ എന്ന് പറഞ്ഞപ്പോഴേക്കും
എത്ര വേഗത്തിലാണ്
എൻ്റെ കവിത പോലൊരു കവിത,
അതെനിക്ക്, എഴുതി നൽകിയത്.
എഴുതാനിരിക്കുന്ന കവിതകൾ,
എല്ലാം,
എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇന്ന് വായിച്ച കവിതയിൽ,
കുരീപ്പുഴ,
ഇന്ന് വായിച്ച നിർമ്മിത കവിതയ്ക്ക്
ഇടം നൽകേണ്ടി വരും.
പി.സുരേഷും, ദേവേശനും,
സജയ് കെ.വി.യും, ഇ.പിയും
നിരുപണക്കണ്ണാടിയിൽ നോക്കിയിരിക്കെ,
പുതുകവിതയോ നിർമ്മിതകവിതയോ എന്ന സന്ദേഹത്തിലാവും.
പട്ടാമ്പിയിൽ,
പി.പി.രാമചന്ദ്രനും, പി.രാമനും,
സുബൈദ ടീച്ചറും, ടോണിമാഷും,
അൻവർ അലിയും, എസ്. ജോസഫും ചേർന്ന്
നിർമ്മിത ഭാവുകത്വത്തെക്കുറിച്ച് സംവാദം സംഘടിപ്പിക്കുമായിരിക്കും.
വീരാൻകുട്ടിയാവും അദ്ധ്യക്ഷൻ
കൽപ്പറ്റ മുഖ്യാതിഥിയാവും.
ആഴ്ചപ്പതിപ്പുകൾ ഭയപ്പെടേണ്ടതില്ലെന്നു തോന്നുന്നു.
ഒരാൾക്ക് എഴുതിക്കൊടുക്കുന്ന കവിത
എ.ഐ.വേറൊരാൾക്ക് എഴുതിക്കൊടുക്കുന്നില്ലത്രേ.
ടി.പി വിനോദിനോട് ചോദിച്ചാലറിയാം.
പുതിയ ചില കവികൾ,
കവിതയെഴുത്ത് നിർത്തി
എ.ഐ. കവിതകൾ നിരീക്ഷിക്കാൻ തുടങ്ങിയെന്നറിഞ്ഞു.
വിഷ്ണുപ്രസാദിനെയും,
ലത്തീഫിനെയും
നസ്രിയയെയും
ഷാജുവിനെയും
ഒളിച്ചുകടത്താൻ ശ്രമിച്ചിരിക്കുന്നു അത്.
അത്ര പെട്ടെന്നൊന്നും
പിടികൊടുക്കില്ലെന്ന്
അമ്മുദീപയും, ചാലിഗദ്ധയും ശൈലനും, പറഞ്ഞെങ്കിലും,
കൈവിട്ടു പോകാനാണിട.
നാസിക്ക വിളിച്ചു,
എല്ലാം തകിടം മറിയുകയാണെടാ, എന്നു പറഞ്ഞു.
ആരാ, പറഞ്ഞതെന്നറിയില്ല, എ.ഐ.ദൈവമാണെന്ന്.
ഉണ്ടാകട്ടെ എന്ന് പറഞ്ഞാൽ
അത്,എല്ലാം ഉണ്ടാക്കുന്നുണ്ടെന്ന്.
നമ്മുടെ ദൈവങ്ങൾക്ക്,
നമ്മൾ തന്നെ ഇനിയും തുണ.
ഞാൻ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ ഇരിക്കുകയാണ്.
എപ്പോഴാണ്
എൻ്റെ സെവനിഞ്ച് രൂപം സ്ക്രീൻ പിളർന്ന്
പുറത്തേക്ക് വരുന്നതെന്ന് നോക്കി.
എന്നെ ഉണ്ടാക്കൂ
എന്ന് ഞാനതിനോട് പറഞ്ഞു പോയിട്ടുണ്ട്.
(പോസ്റ്റ് ചെയ്തതിനു ശേഷം പല തവണ ഞാനിത് എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രിൻറ് മീഡിയയിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ എക്കൗണ്ട് നൽകുന്ന സ്വാതന്ത്ര്യമാണത്. ഒരുപക്ഷേ, മറ്റുള്ളവരാൽ ഷെയർ ചെയ്യപ്പെടുന്നതിനാൽ ഡിജിറ്റൽ മീഡിയയിൽ ഒരു രചനയുടെ പല പാഠങ്ങൾ കാണുന്നതിന് അത് ഇടയാക്കിയേക്കുമെങ്കിലും.)
എല്ലാ മനുഷ്യരും പല മട്ടിൽ ഡിജിറ്റൽ മീഡിയയിലൂടെ അവരവരെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരാൾ പാകം ചെയ്യുന്ന, വ്യത്യസ്തമായ ഒരു ഭക്ഷണത്തെ അവതരിപ്പിച്ചുകൊണ്ട്, ഒരാൾ അയാൾക്ക് അറിയാവുന്ന സവിശേഷമായ ഒരു തൊഴിലിനെ ആവിഷ്കരിച്ചുകൊണ്ട്, ഇനിയൊരാൾ,അയാൾ പരിശീലിച്ച ഒരു കലാരൂപത്തിന്റെ പിൻബലത്തിൽ, ഒരാൾ അയാളുടെ ശരീരത്തിൻ്റെ പ്രത്യേകതകൾ കൊണ്ട്.
എങ്ങനെയുമാവാം ഓരോരുത്തരുടെയും ആവിഷ്കാരം. ഇങ്ങനെ, സാംസ്കാരികമായി മരണമില്ലാത്ത മനുഷ്യരായി ഡിജിറ്റൽ മീഡിയയിലൂടെ നാം ഓരോരുത്തരും മാറുന്ന ഒരു അനശ്വരതയുടെ കാലം കൂടിയാണ് നമുക്ക് മുന്നിലുള്ളത്. പത്മരാജന്റെ കഥാപാത്രം തിരഞ്ഞു നടന്നതുപോലെ തിരഞ്ഞുനടക്കേണ്ട കാര്യമില്ല; തൻ്റെ പ്രിയപ്പെട്ടവരുടെ ചരിത്രം, ഇനിയൊരാൾക്ക്. ഒരുപക്ഷേ, തന്റെ കൈയ്യിലുള്ള ഒരു ഡിജിറ്റൽ ഡിവൈസിലൂടെ, ഒരാൾക്ക് തനിക്കറിയാനുള്ള മുഴുവൻ വിവരങ്ങളും കിട്ടിയേക്കും. നമ്മുടെ ഓർമ്മകളുടെ അറകളിലേക്ക് പോലും എത്തിനോക്കി നാം കരുതിവച്ചതിനെയെല്ലാം കണ്ടെത്തുന്ന ഡിവൈസുകൾ പോലും നമ്മൾ കൈയ്യിൽ കൊണ്ടുനടക്കുന്ന കാലവും വിദൂരമായിരിക്കില്ല.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More