‘മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമാവും’, പ്രശസ്തമായൊരു സിനിമാ ഡയലോഗാണിത്. എന്നാൽ ഇക്കാലത്ത് ബഹുഭൂരിഭാഗം മനുഷ്യരും ‘യന്ത്രങ്ങൾ’ എന്നു തന്നെ പറയാനാവുന്ന രീതിയിലാണ് ജീവിക്കുന്നത്, വിശിഷ്യ, മൊബെെൽ ഫോണുകൾ. അതൊരവയവം പോലെ മാറിയിരിക്കുന്നു. ചിലപ്പോഴെങ്കിലും സാങ്കേതികവിദ്യയാണ് മനുഷ്യനെ നിയന്ത്രിക്കുന്നതെന്നും തോന്നാറുണ്ട്. അതിനോടൊപ്പമാണ് സോഷ്യൽ മീഡിയകളും. ഞാനടക്കം ഒരു വിധം മനുഷ്യരെയെല്ലാമത് ബാധിച്ചിട്ടുണ്ട്.
താൻ പാതി ദെെവം പാതി എന്നതിൽ നിന്ന് പാതി എ ഐ ആയിരിക്കുന്നു. അതിന്റെ അൽഗോരിതങ്ങൾക്കനുസൃതമായി ദെെനംദിന ജീവിതം മാറ്റപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ അതിന് നിർബന്ധിതമായിരിക്കുന്നു. സർഗാത്മകതയെയും സ്വകാര്യ ജീവിതത്തെയും അത് സങ്കീർണമാം രീതിയിൽ ചുറ്റിപ്പിടിച്ചിരിപ്പാണ്.
ഈയിടെ സ്വപ്നങ്ങളുടെ ഒരു ശ്രേണി നിരന്തരം സംഭവിക്കുന്നുണ്ട്. സ്വപ്നങ്ങൾക്കുള്ളിൽ മറ്റൊരു സ്വപ്നം കയറുന്നു, അത് മിഥ്യയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരു ലൂപ്പായി പരിണമിക്കുന്നു. അതിനെ എങ്ങനെ മറികടക്കാമെന്ന ആലോചന സ്വാഭാവികമായും സെെക്കോളജിസ്റ്റിനരികെ എത്തിച്ചു.
‘സ്ലീപ് പരാലിസിസ്’ ആണെന്നായിരുന്നു വിധി. അതിനുള്ള ചില മരുന്നും മറ്റും കഴിച്ചു. പക്ഷേ ഈയൊരവസ്ഥയെ എങ്ങനെ റെക്കോർഡ് ചെയ്യുമെന്നായിരൂന്നു എന്റെ ആലോചന. ലോകത്ത് പലയിടത്തും ഇതു സംബന്ധിച്ച പഠനങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസും ന്യൂറോളജിയും ചേർന്നുള്ള സംവിധാനം. ആ നിലയിലുളള സ്വപ്നത്തെ സംബന്ധിച്ചുള്ള ആലോചനകൾ നടത്തി.
എന്നെപ്പോലെ ശാസ്ത്രത്തിലും സമാനമായ മറ്ററിവുകളിലും അൽപജ്ഞാനിക്ക് ഇതിന്റെയൊന്നും സമീപത്തോട്ട് പോലും എത്താനാവില്ലെന്ന ബോധ്യം ഉള്ളിലുണ്ട്. പക്ഷേ, മേൽപ്പറഞ്ഞ സംഗതികൾ മുഴുവൻ മറ്റൊരു സ്വപ്നശ്രേണിയായിരുന്നു.
മനുഷ്യനിർമിതമായ, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ ലോകക്രമം സംഭവിക്കുന്നെന്നാണ് തോന്നുന്നത്. അതിൽ മനുഷ്യവർഗത്തിന് ഗുണകരമായ അനേകം മാറ്റങ്ങൾ അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.
ഈയൊരു തിരിച്ചറിവ് ശരിക്കും അത്ഭുതപ്പെടുത്തി. സ്വബോധത്തിൽ ജീവിതത്തേയും ടെക്നോളജിയേയും കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചു. സ്വപ്നത്തെ സംബന്ധിച്ച് ഡോക്ടറുമായി സംസാരിച്ചു. ക്രിയാത്മകമായ ആലോചനകളുടെ ഓവർ ഫ്ലോ ആണെന്നാണ് മൂപ്പരുടെ കണ്ടെത്തൽ. അതിനെ നിഷേധിക്കുന്നുമില്ല. പക്ഷേ കഴിഞ്ഞ കുറഞ്ഞ വർഷങ്ങളിൽ മനുഷ്യരെ സാങ്കേതികവിദ്യകൾ മറികടക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന സംശയമുണ്ട്. അല്ലെങ്കിൽ പാതിമനുഷ്യനും പാതിസാങ്കതിക വിദ്യയും ചേർന്ന സെെബോർഗേസ് എന്ന പുതിയൊരു സ്പിഷീസ്. മനുഷ്യനിർമിതമായ, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ ലോകക്രമം സംഭവിക്കുന്നെന്നാണ് തോന്നുന്നത്.
അതിൽ മനുഷ്യവർഗത്തിന് ഗുണകരമായ അനേകം മാറ്റങ്ങൾ അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, മനുഷ്യന്റെ സർഗാത്മകതയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഇടപെടുമെന്നും മനുഷ്യഭാവനയേയും സങ്കൽപ്പങ്ങളേയും അനുഭവങ്ങളെ തന്നേയുമത് റദ്ദ് ചെയ്യുമെന്നും ഭയപ്പെടുന്നവരുണ്ട്. വ്യക്തിപരമായി അത്തരം ഭീതി ഇല്ല. മറിച്ച് മനുഷ്യനും സാങ്കേതികവിദ്യകളും ചേർന്നുള്ള ഗുണകരമായ ഭാവാനാനുഭങ്ങൾ സൃഷ്ടിക്കാമെന്നാണ് കരുതുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, മനുഷ്യരും സാങ്കേതികവിദ്യയും ചേർന്ന സെെബോർഗിയൻ കാലം. ഉദാഹരണത്തിന്, ഈ കോണ്ടന്റ് ടെെപ്പ് ചെയ്യുമ്പോൾ പോലും ഓട്ടോ കറപ്ഷന്റെ രൂപത്തിൽ സാങ്കേതികവിദ്യ, എന്റെ തന്നെ ഒരു ബുദ്ധിഭാഗമായി പ്രവർത്തിക്കുന്നു. ഈ രീതിയിലുള്ള ‘ബുദ്ധിഭാഗ’മാവൽ സർഗാത്മകതയുടെ പലപലയിടങ്ങളിൽ വിവിധ രീതിയിൽ സംഭവിക്കുന്നുണ്ട്. അക്ഷരങ്ങൾ, അക്കങ്ങൾ, നിറങ്ങൾ തുടങ്ങി അക്ഷരരൂപത്തിൽ (font) വരെ ഈ സ്വാധീനം കാണാനാവും. കുറച്ചു നാളുകൾ ഒരു ഫോണ്ട് പരിചയിച്ചാൽ, അതല്ലാതെ മറ്റൊരു ഫോണ്ടിലേക്ക് മാറാൻ പറ്റാതെ വരുന്നു.
മറ്റൊന്ന് എ ഐ സൃഷ്ടിക്കുന്ന ഇമേജുകളും വീഡിയോകളുമാണ്.
പ്രോംപ്ടിങ്ങിന്റെ സർഗാത്മകതയേറുന്തോറും കൂടുതൽ മിഴവാർന്ന/പ്രോംപ്ടർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ലഭിക്കുന്നു. എഴുതുമ്പോൾ അനുഭവിക്കുന്ന നിറ-രുചി–മണ വിന്യാസങ്ങൾ ഏതൊരു മീഡിയയിലും വായിക്കുന്നവരിലേക്കും കൈമാറ്റം ചെയ്യപ്പെടാൻ കഴിഞ്ഞാൽ വായനയുടെ സർഗാത്മകതക്ക് അതിന് മറ്റൊരു അനുഭവതലം നൽകാൻ സാധിക്കുമെന്നാണ് വിശ്വാസം. സമീപഭാവിയിലതു സംഭവിച്ചേക്കാമെന്ന പ്രതീക്ഷയമുണ്ട്.
മനുഷ്യർ, അവർ തന്നെ കണ്ടുപിടിച്ച, അവരെക്കാളും ബുദ്ധിയുണ്ടെന്നു തോന്നുന്ന / വിശ്വസിക്കേണ്ടി വരുന്ന ഒന്നിനൊപ്പമുള്ള മത്സരം. അതിലവരെ സഹായിക്കുന്നത് ഇതേ കണ്ടുപിടുത്തങ്ങൾ തന്നെയാണെന്നോർക്കുമ്പോൾ വീണ്ടും അത്ഭുതപ്പെടുന്നു.
ഇതെഴുതുന്നത് നാട്ടിലെ നളന്ദ എന്നു പേരുള്ള ഒരാശുപത്രിയിലിരുന്നാണ്. ഒരു കാലത്ത് ഇന്ത്യയിലെ ജ്ഞാനസമ്പാദന കേന്ദ്രമായിരുന്നു നളന്ദയും തക്ഷശിലയുമെല്ലാം എന്ന് ആർക്കും അറിയാവുന്നതാണ്. ഇവിടെയിരുന്ന് ആശുപത്രിയൊരു കഥാലോകമാവുന്നതും അതിനുള്ളിലേക്ക് ഞാനടക്കം കഥാപാത്രമായി മാറുന്നതും അതിന്റെ അനുഭവപരിസരങ്ങളും ഓർത്തു. കഥാപാത്രങ്ങൾ ടെെം ട്രാവൽ ചെയ്ത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നതും സങ്കൽപ്പിച്ചു. ചികിത്സയെന്ന ജ്ഞാനത്തിന്റേയും ഇവിടേക്ക് വന്നെത്തുന്ന മനുഷ്യരുടെ വൈകാരികതകളേയും കുറിച്ചായിരുന്നു ചിന്ത. അതിനെക്കുറിച്ച് വാട്സാപ്പ് മെറ്റയിൽ പ്രോംപ്ട് നൽകി. ലഭിച്ച ചിത്രം ഭാവനയ്ക്ക് യോജിക്കുന്നില്ലെന്നു വന്നപ്പോൾ കൂടുതൽ നിർദ്ദേശങ്ങൾ കൊടുത്തു. മലയാളത്തിൽ ചിന്തിക്കുന്നതിന്റെ പരിമിതി മറികടക്കാൻ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലേക്ക് മാറ്റാൻ ഗൂഗിൾ ട്രാൻസലേറ്റർ ഉപയോഗിപ്പെടുത്തി. മെച്ചപ്പെട്ട /മെറ്റയ്ക്ക് മനസിലാവുന്ന ഭാഷയിലേക്കത് പരിഭാഷപ്പെടുത്തി. ഇത്തവണ കുറേക്കൂടി മികച്ച ഫലം കിട്ടി. മെറ്റയും ഗൂഗിളും എന്റെ തന്നെ ബുദ്ധിഭാഗമായി പ്രവർത്തിക്കുന്നു.
അങ്ങനെ കിട്ടിയ മെറ്റ എ ഐ ഇമേജ് ഭാവനാലോകത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. അല്ലെങ്കിൽ എന്നിൽ നിന്നുമത് മാറ്റിനിർത്താനാവുന്നില്ല. മേൽസൂചിപ്പിച്ചതു പോലെ സെെബോർഗിയൻ രീതി.
അത് മറ്റൊരു കഥയാക്കാൻ ശ്രമിക്കമ്പോൾ വേറെയൊരു ഇമേജും ജിഫുകളും ചലനചിത്രങ്ങളും സൃഷ്ടിക്കാനൊക്കുന്നു. അങ്ങനെ അതിന്റെ സാധ്യതകളും പുതിയ ചിന്തകളും ചേർന്ന് വലതു കാലിലെ തള്ളവിരലിന്റെ നഖം പറിച്ചെടുത്ത വേദനയെ മറക്കാൻ ശ്രമിക്കാൻ നിർമിതബുദ്ധി സഹായിക്കുന്നു. ഇതൊക്കെ നിലനിൽക്കുകയും ഓരോ നിമിഷവും പുത്തൻ കണ്ടുപിടുത്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിന്റെ വേഗതയ്ക്കൊപ്പം സർഗാത്മകതയും മനുഷ്യചിന്തയും എത്തുകയെന്നത് കൗതുകകരമായ മത്സരമാണ്.
സ്വതന്ത്രമായൊരു റിപ്പബ്ലിക്കാണ് സർഗാത്മകത എന്നാണെങ്കിലും പുതിയ കാലത്തെ സാങ്കേതിവിദ്യകൾ അതിൽ ചെറുതല്ലാത്ത മട്ടിൽ ഇടപെടുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യർ, അവർ തന്നെ കണ്ടുപിടിച്ച, അവരെക്കാളും ബുദ്ധിയുണ്ടെന്നു തോന്നുന്ന / വിശ്വസിക്കേണ്ടി വരുന്ന ഒന്നിനൊപ്പമുള്ള മത്സരം. അതിലവരെ സഹായിക്കുന്നത് ഇതേ കണ്ടുപിടുത്തങ്ങൾ തന്നെയാണെന്നോർക്കുമ്പോൾ വീണ്ടും അത്ഭുതപ്പെടുന്നു. അതിന്റെ സാധ്യതകളും പോരായ്മകളും ഗൂഗിളിൽ തിരയുന്നു. സ്വന്തം സാധ്യതകളെക്കുറിച്ച് നിർമിതബുദ്ധി സംസാരിക്കുന്നു.
ഇവിടെ സ്വബുദ്ധിയും നിർമിതബുദ്ധിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ട്. അതേസമയം മുതലാളിത്ത തത്പരമായ വിവരങ്ങൾ മാറ്റിനിർത്തേണ്ടതുമുണ്ട്. സ്വതന്ത്രമായൊരു റിപ്പബ്ലിക്കാണ് സർഗാത്മകത എന്നാണെങ്കിലും പുതിയ കാലത്തെ സാങ്കേതിവിദ്യകൾ അതിൽ ചെറുതല്ലാത്ത മട്ടിൽ ഇടപെടുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയ ലീഡുകൾ സൃഷ്ടിക്കുന്നതു പോലെ സ്വബോധത്തിലേക്ക് പലവിധേന സാങ്കേതിക വിദ്യകൾ ലീഡുകൾ പരാഗണം ചെയ്യുന്നുണ്ട്. ചിന്തകളേയും വൈകാരികതകളേയും സ്വാധിനിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസുകൾ. സമീപഭാവിയിൽ മനുഷ്യന്റെ സർഗാത്മകതയെ വെല്ലുവിളിക്കുക നിർമിതബുദ്ധിയായിരിക്കും. അതിനെ സ്വസിദ്ധമായ മനുഷ്യഭാവനകൊണ്ട് മറികടക്കുകയെന്നതാണ് പോംവഴി.
സ്വയം കൂടുതൽ ചിന്തിക്കുന്നതിനൊപ്പം അൽഗോരിതങ്ങളോടും ആർട്ടിഫിഷൽ ഇൻ്റലജൻസുകളോടും മത്സരിക്കേണ്ടിയും വരുന്നു. അതേസമയം നിർമിതബുദ്ധിയെക്കൂടി അതിന്റെ ഭാഗമാക്കുവാൻ സാധിക്കും.
ചുരുക്കത്തിൽ, മനുഷ്യനും നിർമിതബുദ്ധിയും കൈകോർത്ത് പുതിയ ഭാവനാലോകങ്ങളും സങ്കൽപ്പങ്ങളും ചേർന്ന സർഗാത്മകത സൃഷ്ടിക്കാനാവും.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More