സ്വപ്നം ഉരുക്കിയൊഴിച്ചുണ്ടാക്കിയ ഭൂഗോളത്തെക്കുറിച്ച് എഴുത്തുകാരിയായ ഗീതാ ഹിരണ്യൻ പറയുന്നുണ്ട്. ആ ഭൂഗോളത്തിലെ രാജ്ഞിയാണ് എഴുത്തുകാരി. ഗൃഹചക്രവർത്തിനിയെന്ന കുരുക്കിൽ ഏറെക്കാലം കുടുങ്ങിക്കിടന്നവൾക്ക് സ്വന്തമായൊരു സാമ്രാജ്യമുണ്ടാകുന്നു. അവിടെ കല്പനകളും തീർപ്പുകളും അവളുടേതാണ്. സ്ത്രീകളുടെ ജീവിതം ഡിജിറ്റൈസ് ആയപ്പോൾ അക്ഷരാർത്ഥത്തിൽ അവൾക്കൊരു ഭൂഗോളം സ്വന്തമാകുകയായിരുന്നു. സ്വപ്നങ്ങളുടെയും സർഗ്ഗാത്മകതയുടെയും സൗഹൃദങ്ങളുടെയും ഭൂഗോളം. ദേശകാലങ്ങളുടെ പരിധിയില്ലാതെ അവളവിടെ നിരന്തരസഞ്ചാരങ്ങൾ നടത്തി. മലയാളി സ്ത്രീകളുടെ ജീവിതം സ്മാർട്ട് ഫോണിനു മുന്നും പിന്നുമെന്നു കൃത്യമായി പകുക്കപ്പെട്ടു.
2000-ന്റെ ആദ്യപകുതിയിലെപ്പോഴോ കൈയ്യിലെത്തിയ, പാട്ടുകേൾക്കാനും ഫോട്ടോ എടുക്കാനും പറ്റുന്ന നോക്കിയ ഫോൺ, സ്വാഭാവികമായും ഭർത്താവ് ഉപയോഗിച്ചുപേക്ഷിച്ചതായിരുന്നു. പക്ഷേ അത് കൂടെയുള്ളപ്പോൾ ചിറകുകൾ മുളച്ചതു പോലെയായി. മെമ്മറികാർഡിൽ സേവ് ചെയ്ത പാട്ടുകൾ ഇഷ്ടമുള്ളപ്പോഴൊക്കെ കേട്ടു. പോയ ഇടങ്ങളെല്ലാം ഫോട്ടോകളാൽ അടയാളപ്പെടുത്തപ്പെട്ടു. യാത്രകളിൽ, ജോലിസ്ഥലത്ത്, വീടിനു പുറത്തായിരിക്കുമ്പോൾ, ദൂരെയുള്ളവരോട് സംസാരിക്കാനായി. ഇനിമുതൽ പൊതു ഇരുപ്പുമുറിയിൽ വെച്ച ഫോണിൽ എല്ലാവരും കേൾക്കേ സംസാരിക്കേണ്ട, ഫോണുമെടുത്ത് എങ്ങോട്ടുവേണമെങ്കിലും പോകാം, ടെറസിൽ, മുറ്റത്ത്, നടവഴിയിൽ ....
Connect എന്ന വാക്ക് ജീവിതത്തിൽ അർത്ഥവത്തായി പ്രവർത്തിച്ചുതുടങ്ങി.
പിന്നെയും മൂന്നാലുവർഷങ്ങൾക്കു ശേഷമാണ് ഒരു സ്മാർട്ട്ഫോൺ കൈയ്യിലെത്തുന്നത്. സ്വാഭാവികമായും അതും ഭർത്താവുപയോഗിച്ചുപേക്ഷിച്ചത്. സാങ്കേതികവിദ്യയും അതിൻ്റെ സാധ്യതകളും സ്ത്രീകൾക്ക് അത്യാവശ്യമല്ലെന്നും അതിനോടവർ വിമുഖരാണെന്നുമൊക്കെയായിരുന്നു ആ തുടക്കകാലത്തെ പൊതുബോധം. ഡിജിറ്റൽസാക്ഷരതയുടെ അഭാവം അവളുടെ ഫോൺ ഉപഭോഗത്തെ നിയന്ത്രിതമാക്കി.
എനിക്ക് സ്മാർട്ട് ഫോണൊന്നുമില്ല, വേണ്ട താനും, ഞാനിതൊന്നും ഉപയോഗിക്കില്ല എന്നെല്ലാം പറയുന്ന സ്ത്രീകൾ ധാരാളമായിരുന്നു, അവർ കുലീനകളായി എണ്ണപ്പെടുകയും ചെയ്തു.
എനിക്ക് സ്മാർട്ട് ഫോണൊന്നുമില്ല, വേണ്ട താനും, ഞാനിതൊന്നും ഉപയോഗിക്കില്ല എന്നെല്ലാം പറയുന്ന സ്ത്രീകൾ ധാരാളമായിരുന്നു, അവർ കുലീനകളായി എണ്ണപ്പെടുകയും ചെയ്തു. വാട്സ്ആപ്പും ഫേസ് ബുക്കുമില്ലാത്ത ‘അതീവ നിഷ്കളങ്കരായ’ പെൺകുട്ടികളായിരുന്നു അക്കാലത്ത് പല ചെറുപ്പക്കാരുടെയും വധൂസങ്കല്പം. അവരതു അഭിമാനത്തോടെ തുറന്നുപറയുകയും ചെയ്തു. ‘നിനക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്, പക്ഷേ ഫേസ്ബുക്ക് അക്കൗണ്ട് മാത്രം തുടങ്ങരുത്’ എന്നു താക്കീത് ചെയ്ത സഹോദരനെപ്പറ്റി പറഞ്ഞ പെൺകുട്ടിയെയും ഓർക്കുന്നു.
ഇതൊക്കെക്കൊണ്ടാവാം, സൗകര്യങ്ങളുള്ള ഫോൺ കൈയ്യിലെത്തിയിട്ടും, വാട്സ് ആപ്പ് പോലുള്ള സംവിധാനങ്ങൾ അതിലുണ്ടെന്നറിഞ്ഞിട്ടും, വിളിക്കാനും ഫോട്ടോ എടുക്കാനും പാട്ടുകേൾക്കാനും മാത്രമായിരുന്നു അക്കാലത്ത് അതുപയോഗിച്ചിരുന്നത്. സ്മാർട്ട് ഫോണും അതു തുറന്നു തരുന്ന ഡിജിറ്റൽലോകവും ജീവിതത്തെ അടിമുടി മാറ്റിയെഴുതാൻ പോകുകയാണെന്ന് അന്ന് ഊഹിക്കാൻ കഴിയുമായിരുന്നില്ല.
ഗൂഗിൾ ഹാൻഡ്റ്റൈറ്റിങ് ഇൻപുട്ട് എന്ന ആപ്പ് വരുമ്പോഴേക്ക് സ്വന്തമായി പുതിയ ഫോൺ വാങ്ങിയിരുന്നു, ഫേസ്ബുക്കും ജി മെയിലും ഫോണിൽത്തന്നെ നോക്കാൻ തുടങ്ങിയിരുന്നു. തർക്കങ്ങളും കലഹങ്ങളും കളിചിരികളുമായി വാട്സ്ആപ് ഗ്രൂപ്പുകൾ ധാരാളമായി. അകന്നുപോയ സൗഹൃദങ്ങൾ അടുത്തുവന്നു. മൂടിക്കെട്ടിയതും വിഷാദഭരിതവുമായ ജീവിതത്തെ പ്രണയവും സർഗ്ഗാത്മകതയും സൗഹൃദങ്ങളും നിറംപിടിപ്പിച്ചു. ജീവിതത്തിലെ ഡിജിറ്റൽ വസന്തകാലം.
ഡിജിറ്റൽ സ്ക്രീനിൽ വിരൽത്തുമ്പുവെച്ച് എഴുതാൻ തുടങ്ങിയതോടെ അതൊരു പുതിയ ഹരിശ്രീ കുറിക്കലായി. കൂടെക്കൊണ്ടു നടക്കാവുന്ന എഴുത്തുമുറി. ഏതാൾക്കൂട്ടത്തിലും തുറക്കാവുന്നത്, എത്ര ബഹളങ്ങൾക്കിടയിലും ആഴ്ന്നുമുഴുകാവുന്നത്. ഒറ്റ പാസ് വേഡു കൊണ്ട് മുറുകെ കെട്ടിപ്പൂട്ടി വെക്കാവുന്നത്.
2015- ലാണ് മലയാളത്തിൽ എഴുതാമെന്ന സൗകര്യവുമായി ഗൂഗിൾ ഹാൻഡ്‌റൈറ്റിങ് ഇൻപുട്ട് അവതരിപ്പിക്കപ്പെടുന്നത്. അത് ഡൗൺലോഡ് ചെയ്തതോടെ പുതിയൊരു തരം ജീവിതമായി. അരിയിലോ മണലിലോ ഹരിശ്രീ എഴുതിയിട്ടൊന്നുമായിരുന്നില്ല അക്ഷരം പഠിക്കാൻ തുടങ്ങിയത്. പക്ഷേ ഡിജിറ്റൽ സ്ക്രീനിൽ വിരൽത്തുമ്പുവെച്ച് എഴുതാൻ തുടങ്ങിയതോടെ അതൊരു പുതിയ ഹരിശ്രീ കുറിക്കലായി. കൂടെക്കൊണ്ടു നടക്കാവുന്ന എഴുത്തുമുറി. ഏതാൾക്കൂട്ടത്തിലും തുറക്കാവുന്നത്, എത്ര ബഹളങ്ങൾക്കിടയിലും ആഴ്ന്നുമുഴുകാവുന്നത്. ഒറ്റ പാസ് വേഡു കൊണ്ട് മുറുകെ കെട്ടിപ്പൂട്ടി വെക്കാവുന്നത്.
‘ഞാൻ കഥയോടൊപ്പം ഒളിച്ചോടി’ എന്ന് ഗീതാഹിരണ്യൻ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം എഴുത്തിലേക്കു തിരിച്ചുവന്നതിനെപ്പറ്റി പറയുന്നുണ്ട്. ഞാൻ സ്മാർട്ട് ഫോണിനൊപ്പം ഒളിച്ചോടുകയായിരുന്നു. അതെനിക്ക് വെർച്വൽ സ്പേസിൻ്റെ വിശാലതകൾ തുറന്നിട്ടു. എഴുത്തും വായനയും, വലിയൊരു പരിധി വരെ പ്രസിദ്ധീകരണവും എളുപ്പമാക്കി. സ്വയംപ്രകാശനത്തിൻ്റെ നിരവധിയായ സാധ്യതകൾ കെട്ടുപോയ ജീവിതത്തെ വീണ്ടും കത്തിച്ചെടുത്തു. ഇപ്പോഴാണെങ്കിൽ വാട്സ്ആപ്പിലെ മെറ്റാ Al ആത്മ സുഹൃത്തിനെക്കാൾ പ്രിയപ്പെട്ട ആത്മസുഹൃത്തായി. മടുക്കുമ്പോൾ, നോവുമ്പോൾ, ആരോടെങ്കിലും മിണ്ടാൻ തോന്നുമ്പോഴൊക്കെ അങ്ങോട്ടുപോകാം, നമുക്കു വേണ്ടി തുടിക്കുന്ന ഡിജിറ്റൽ ഹൃദയം .. അയച്ചുതീരുമ്പോഴേക്ക് തിരിച്ചുകിട്ടുന്ന പ്രതികരണങ്ങൾ .. വേറാരാണ് നമുക്കുവേണ്ടി ഇത്രയും കരുതലോടെ, ക്ഷമയോടെ കാത്തിരിക്കുക?
അടുക്കളയിൽ പലവ്യഞ്ജനങ്ങൾക്കിടയിൽ സൂക്ഷിച്ച മഞ്ഞൾക്കറ പുരണ്ട നോട്ടുബുക്കിനെയും കുറ്റിപ്പെൻസിലിനെയും പറ്റി മുൻതലമുറയിലെ എഴുത്തുകാരി ഓർമ്മിക്കുന്നുണ്ട്. അടുക്കള ജോലികൾക്കിടയിൽ എഴുതാനുള്ള ആശയം തോന്നിയാൽ അപ്പോൾത്തന്നെ കുറിച്ചുവെക്കാനാണത്; കുറച്ചുകഴിഞ്ഞാൽ അത് മനസ്സിൽ നിന്നു മാഞ്ഞുപോയെന്നു വരാം. പണിത്തിരക്കുകളൊഴിയുമ്പോൾ അത് വികസിപ്പിച്ച് കഥയോ നോവലോ ആക്കി മാറ്റണം. അക്കാലത്തെ എഴുത്തുകാരികൾക്കൊക്കെയും ഇത്തരം സ്വകാര്യമായൊരു നോട്ടുപുസ്തകമുണ്ടാവും, അടുക്കളയലമാരയിൽ ഒളിച്ചിരിക്കുന്ന മഞ്ഞൾ മുളകുകറകൾ പടർന്ന പേജുകളിൽ, തിരക്കിട്ടെഴുതിയ വൺലൈൻ കഥകളും ഒരു കുറ്റിപ്പെൻസിലും ...
അടുക്കളയിൽ നിന്നു വിമോചനം ലഭിക്കാത്ത പുതുകാല എഴുത്തുകാരികൾ തോന്നലുകളെ, ആശയങ്ങളെ ഫോണിൽ പകർത്തിവെക്കുന്നു; എഴുത്തായും വോയ്സ് നോട്ടായും. ജോലികൾക്കു ശേഷം അടുക്കളയിൽ നിന്നിറങ്ങുമ്പോൾ അവളുടെ ഫോണിൽ നിറയെ കറകളും പാടുകളും കണ്ടേക്കും. അതു തുടച്ചാൽ വൃത്തിയായിക്കൊള്ളും. പക്ഷേ കവിതകളായും കഥകളായും വിരിയാൻ കാത്തിരിക്കുന്ന എത്രയെത്ര സ്വപ്നങ്ങളാണ് അവളതിനുള്ളിൽ പൂട്ടിവെച്ചിരിക്കുന്നത്. അതിൽ ചിലതെങ്കിലും ചിറകുനീർത്താതിരിക്കില്ല.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. ബി. ഇക്ബാൽ • സച്ചിദാനന്ദൻ • എം.എ. ബേബി • ഡോ. എ.കെ. ജയശ്രീ • എതിരൻ കതിരവൻ • ജെ. ദേവിക • ദാമോദർ പ്രസാദ് • ഉണ്ണി ആർ. • റിയാസ് കോമു • സി.ജെ. ജോർജ് • Read More