ഡിജിറ്റൽ മീഡിയവത്കൃതലോകത്തെ
ധൂസരസങ്കല്പങ്ങളും കൊന്നപ്പൂവും

‘‘ഒരാളുടെ ഓർമ്മയും ഭാവനയും വ്യക്തിത്വവും സ്വത്വവും ക്രയവിക്രയങ്ങളും ഇപ്പോൾ ഡിജിറ്റൽ മീഡിയയെ ആശ്രയിച്ചാണ് സാധുതമാകുന്നത്. അയാൾ ഒന്നാകെ തൻ്റെ ഗാഡ്ജറ്റിനുള്ളിൽ സ്വയം കേന്ദ്രീകരിച്ചിരിക്കുന്നു. സർവ്വതന്ത്രസ്വതന്ത്രരായ മനുഷ്യസമൂഹം ഇപ്പോൾ നിലവിലില്ല എന്നർഥം’’- അജിത് എം. പച്ചനാടൻ എഴുതുന്നു.

ക്രം കണ്ടുപിടിക്കപ്പെട്ടതിനുശേഷമുള്ള ലോകത്തിൻ്റെ ചലനം എത്രമാത്രം വിപ്ലവാത്മകവും വേഗത്തിലും ആയിരുന്നുവോ അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഇൻറർനെറ്റിൻ്റെ കണ്ടുപിടിത്തവും

ചക്രങ്ങൾ ആദ്യമായി ദൂരത്തിന്റെയും സമയത്തിന്റെയും അമിതവ്യയം നിയന്ത്രിച്ചു; ക്ലേശവിമുക്തമായൊരു നില. അത്, മനുഷ്യന് മിച്ചം വന്ന സമയത്തെ കുറേക്കൂടി സർഗ്ഗാത്മകവും ഗുണപരവുമായ മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാനം അതുവഴി ചിന്തക്കും കളമൊരുക്കി. വേഗത്തിലും സുഗമമായും സഞ്ചരിക്കാൻ കഴിഞ്ഞതിലൂടെ ദൂരം ഗണ്യമായി കുറഞ്ഞപ്പോൾ അനുഭവങ്ങൾ സമൃദ്ധമായി, അത് വിചാരകലകളെ പരിപോഷിപ്പിച്ചു.

ആശയവിനിമയത്തിനും ഉള്ളടക്കത്തിൻ്റെ വിതരണത്തിനുമുള്ള വേഗമേറിയതും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗമാണ് ഇന്ന് ഡിജിറ്റൽ മീഡിയ. ഗാഡ്ജെറ്റുകളാണ് ഇപ്പോൾ നമ്മുടെ ജീവിതശൈലിയെ രൂപപ്പെടുത്തുന്നത്. സാങ്കേതികവിദ്യക്ക് ഒരു സമൂഹത്തിൻ്റെ സത്തയെത്തന്നെ മാറ്റിപ്പണിയാൻ കഴിയുമെന്നും യന്ത്രങ്ങൾ അവയെ സ്വയം നിർണയിച്ച് അടയാളപ്പെടുത്തുമെന്നും നിരീക്ഷിച്ചത് കാൾ മാർക്സാണ്. എന്നാൽ ഏതൊരു സാങ്കേതികവിദ്യയും എങ്ങനെയൊക്കെ പെരുമാറി എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മുൻകൂട്ടിപറയാനാകില്ല. കണ്ടെത്തപ്പെടുന്ന മൊത്തം സാങ്കേതികവിദ്യകൾക്കും സ്വാധീനശക്തിയായി പെരുമാറിക്കൊള്ളാൻ കഴിയണമെന്നുമില്ല.

ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും മനുഷ്യർ ലോകത്തെ സമീപിക്കുന്ന രീതിക​ളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താനും അവയിൽ ഇടപെടാനും ഡിജിറ്റൽ മീഡിയയ്ക്ക് കഴിയും. കേരളം പോലെ ചെറിയ വിസ്തൃതിയുള്ള ഭൂപ്രദേശത്തെ കനത്ത ജനസാന്ദ്രതയും ഇൻറർനെറ്റ് ഉപഭോഗത്തിൻ്റെ ഗണ്യമായ വർദ്ധനയുമുള്ള ഒരിടത്തിരുന്നുകൊണ്ടുള്ള നോട്ടത്തെയാണ് ഈ ലേഖനം ആശ്രയിക്കുന്നത്. അതിനാൽ മറ്റു സംസ്ഥാനങ്ങളിലെ നഗരത്തിനു പുറത്തുള്ള ജനജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ നിരീക്ഷണങ്ങളിൽ ഏങ്കോണിപ്പ് വന്നേക്കാം.

ആശയവിനിമയത്തിനും ഉള്ളടക്കത്തിൻ്റെ വിതരണത്തിനുമുള്ള വേഗമേറിയതും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗമാണ് ഇന്ന് ഡിജിറ്റൽ മീഡിയ./photo: x @freeCodeCamp
ആശയവിനിമയത്തിനും ഉള്ളടക്കത്തിൻ്റെ വിതരണത്തിനുമുള്ള വേഗമേറിയതും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗമാണ് ഇന്ന് ഡിജിറ്റൽ മീഡിയ./photo: x @freeCodeCamp

ഡിജിറ്റൽ മീഡിയയിലെ ട്രെൻഡ് നിർണയിക്കുന്നതും നിർമിക്കുന്നതും ശരാശരി മധ്യവർഗ മലയാളിയേക്കാൾ സൗകര്യങ്ങളുള്ള മലയാളികളാണെന്നു കാണാം. മുൻപ് പറഞ്ഞ, ചക്രങ്ങളുടെ കണ്ടുപിടുത്തത്തിനുശേഷമുള്ള വിനോദസഞ്ചാരങ്ങളെക്കാൾ യാത്രകളുടെ എണ്ണം കൂടിയതും യാത്രക്ക് മുൻതൂക്കം വർദ്ധിച്ചതും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ വർദ്ധിച്ച ജനപ്രീതി കാരണമാണ്. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന കണ്ടെന്റുകൾ അവതരിപ്പിക്കുന്ന സോഷ്യൽ മീഡിയാ ചാനലുകൾ താല്പര്യങ്ങളും മുൻഗണനകളും തിരുത്തി. ‘മസനഗുടി വഴി ഊട്ടി’ യിലേക്ക് എന്ന താക്കോൽ വാചകം ഒരു വാഹനത്തിന്റെയോ ടയർ കമ്പനിയുടെയോ കോപ്പിറൈറ്റർ കണ്ടെത്തിയതായിരുന്നില്ല. നമ്മുടെ കയ്യിലിരിക്കുന്ന ഡിജിറ്റൽ സ്ക്രീനിൽ കാണുന്ന മനോഹരമായ ഇടങ്ങളെക്കുറിച്ച് മനോഹര വാചകങ്ങളിൽ നമ്മെ പ്രലോഭിപ്പിച്ചവർ, അവർ കാലുകുത്തിയ അത്തരം ഇടങ്ങളിലേക്ക് പിൻപേ ഗമിക്കുന്ന ഗോക്കളായി മിക്കവരും എത്തിച്ചേരുകയായിരുന്നു. അവർ ആ സവിശേഷസ്ഥലങ്ങളിലെ പ്രധാന സൂചകങ്ങളുടെ മുൻപിൽ നിന്ന് ചിത്രങ്ങളെടുത്ത് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പ്രസിദ്ധീകരിച്ചു, ‘ഇതാ ഞാനും അവിടെ’ എന്ന് ആത്മത്തെ തൃപ്തിപ്പെടുത്തി, ഓരോ ആൻഡ്രോയിഡ് ഫോണുടമസ്ഥരും.

 ‘മസനഗുടി വഴി ഊട്ടി’  യിലേക്ക് എന്ന താക്കോൽ വാചകം ഒരു വാഹനത്തിന്റെയോ ടയർ കമ്പനിയുടെയോ കോപ്പിറൈറ്റർ കണ്ടെത്തിയതായിരുന്നില്ല.
‘മസനഗുടി വഴി ഊട്ടി’ യിലേക്ക് എന്ന താക്കോൽ വാചകം ഒരു വാഹനത്തിന്റെയോ ടയർ കമ്പനിയുടെയോ കോപ്പിറൈറ്റർ കണ്ടെത്തിയതായിരുന്നില്ല.

പുറത്ത് ടെക്നോളജിയുടെ ഏറ്റവും പുതിയ സാധ്യതകൾ വിപ്ലവകരമായി തന്നെ മുന്നേറുമ്പോൾ, അതിലൂടെ കാലം അതിദ്രുതം ചലിക്കുമ്പോൾ, മധ്യവർഗ്ഗ മലയാളിയുടെ യാത്ര അതിനോടൊപ്പവും മനോഭാവം അവയുടെ പിന്നിലേക്കുമാണ്.

മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലിലൂടെ യാത്രയെ ദൃശ്യപ്പെടുത്തി അവതരിപ്പിച്ച ‘സഞ്ചാര’ത്തിൻ്റെ ആവർത്തിച്ചുള്ള കാഴ്ചാസാധ്യതകൾ ഡിജിറ്റൽ മാധ്യമത്തിലേക്ക് മാറിയപ്പോൾ, അതിന് കൂടുതൽ ഫോളോവേഴ്സുണ്ടായി. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ ജീവിതശൈലികളിലും സംസ്കാരങ്ങളിലും പരിചയം സിദ്ധിച്ച സന്തോഷ് ജോർജ് കുളങ്ങരയുടെ നിരീക്ഷണങ്ങളും ആശയങ്ങളും ഇന്ത്യനവസ്ഥയെ സംബന്ധിക്കുന്ന വിമർശങ്ങളും കൂടുതൽ വ്യക്തികളിലേക്ക് എത്തിയത് ഡിജിറ്റൽ മീഡിയയിലൂടെയാണ് . യൂറോപ്യൻ രാജ്യങ്ങളിലെ ‘സ്വർഗീയ അവസ്ഥ’കളുമായി താരതമ്യപ്പെടുത്തി ഇന്ത്യയുടെ ഇടുങ്ങിയ സാമൂഹ്യാന്തരീക്ഷത്തെ വ്യൂവേഴ്സ് പുച്ഛിച്ചു. കാരണം, അവരുടെ കാഴ്ചയിൽ തടഞ്ഞ കണ്ടൻറുകൾ ഇന്ത്യൻ സാഹചര്യത്തിലെ ജാതിയെയോ ചാതുർവർണ്യത്തെയോ വൈവിധ്യപൂർണ്ണമായ ജീവിത സാഹചര്യങ്ങളെയോ കണ്ടില്ല. ‘ഇന്ത്യയ്ക്ക് എന്തോ കുഴപ്പമുണ്ട്’ എന്നുമാത്രം കാഴ്ചക്കാർ വിധിയെഴുതി.

പുറത്ത് ടെക്നോളജിയുടെ ഏറ്റവും പുതിയ സാധ്യതകൾ വിപ്ലവകരമായി തന്നെ മുന്നേറുമ്പോൾ, അതിലൂടെ കാലം അതിദ്രുതം ചലിക്കുമ്പോൾ, മധ്യവർഗ്ഗ മലയാളിയുടെ യാത്ര അതിനോടൊപ്പവും മനോഭാവം അവയുടെ പിന്നിലേക്കുമാണ്.

ഉദാഹരണമായി, ജർമ്മനിയിലെയോ ജപ്പാനിലെയോ റെയിൽവേ സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യാക്കാരനായ ഒരു വ്ലോഗർ അതിനെ തൻ്റെ വീഡിയോയുടെ ഉള്ളടക്കമാക്കുമ്പോൾ അയാളെ ഭരിക്കുന്നത് വൈകാരികമായ അത്ഭുതമോ വിസ്മയമോ ആണ്. അവയുടെ ഉദ്ഭവകേന്ദ്രമാകട്ടെ ഇന്ത്യൻ റെയിൽവേയുടെ പരിമിതിയും അതിന്റെ പഴഞ്ചൻ രീതികളും വൃത്തിയില്ലായ്മയും കൃത്യതയില്ലായ്മയും അതുപയോഗിക്കുന്ന ജനതയുടെ ‘അച്ചടക്കമില്ലായ്മ’യും ‘പൗരബോധമില്ലായ്മ’യുമൊക്കെയാകാം അയാളെ ഭരിക്കുന്നത്.

സന്തോഷ് ജോർജ് കുളങ്ങര
സന്തോഷ് ജോർജ് കുളങ്ങര

ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ വിഷയങ്ങളെ സ്പർശിക്കാതെ, തീവണ്ടിയും വിമാനവും ബസും കൃത്യസമയം പാലിക്കണമെന്നും ജീവനക്കാർ അതതു കസേരകളിലുണ്ടായിരിക്കണമെന്നും കോഴരഹിത സ്റ്റേറ്റ് ആണ് മികച്ചത് എന്നുമൊക്കെയുള്ള, അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം പ്രചരിപ്പിച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, പുതുകാല സോഷ്യൽ മീഡിയ കേശവൻ മാമനെന്നോ എഴുപതുകളുടെ വസന്തം എന്നോ വിളിക്കാവുന്ന, 45 വയസ്സ് കഴിഞ്ഞവരാണ് ഇത്തരം പ്രതിലോമ ചിന്തകളുടെയും ദൃശ്യങ്ങളുടെയും കാഴ്ചക്കാരും ആരാധകരും. ‘ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന’ പോലുള്ള പാട്ടുകൾ മേമ്പൊടിയായി ചേർക്കുന്ന ഗ്രൂപ്പ് ഫോട്ടോകൾ പരക്കെ ഷെയർ ചെയ്യുന്ന സ്കൂൾ ഗ്രൂപ്പുകളിലും മറ്റുമാണ് ഇതിന്റെ വിതരണം കാര്യക്ഷമമായി നടക്കുന്നത്. പ്രതിലോമകരമായ പല ആശയങ്ങളും സാമൂഹികവിരുദ്ധമായി ചർച്ച ചെയ്യപ്പെടുന്ന അരാഷ്ട്രീയ കൂട്ടായ്മയാണ് പല സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളും. മിക്കപ്പോഴും അത് അറിഞ്ഞോ അറിയാതെയോ സമൂഹത്തെ വംശീയതാത്പര്യത്തോടെ പല തട്ടുകളാക്കാൻ പണിയെടുക്കുന്നുണ്ട്. മത- ജാതി വീടുകളിൽ നിന്ന് അധ്യാപകരായി പഠിപ്പിക്കാനെത്തിയവരുടെ ശിക്ഷണത്തിൽ വിദ്യാഭ്യാസം നേടിയ ഇത്തരം സ്കൂൾ ഗ്രൂപ്പ് പ്ലാറ്റ്ഫോമുകളും മറ്റും, പുത്തൻ ആശയങ്ങളെ കൈക്കൊള്ളുന്നവരോ കേരളം കടന്നുപോയ നവോത്ഥാന മൂല്യങ്ങളെ പുതുകാലത്തിൽ പുനരവതരിപ്പിക്കാൻ താല്പര്യമുള്ളവരോ അല്ല. ഭൂതദയയിലധിഷ്ഠിതമായ ചാരിറ്റി പ്രവർത്തനത്തിലൂടെ അവർ സ്റ്റേറ്റിന്റെ കടമകളെ ലഘൂകരിക്കുന്നുമുണ്ട്.

കുതിരാൻ തുരങ്കം എന്ന ഭരണകൂടത്തിന്റെ അഭിമാനകരമായ നിർമിതിയിലൂടെയാണ് ബ്ലോഗർമാർ പാലക്കാട്ടെ വികസനമെത്താത്ത മൂലകളിലേക്ക് സഞ്ചരിക്കുന്നത് എന്നതാണ് രസകരം.

ഇതേ ആൾക്കാർ തന്നെയാണ്, ഇന്ത്യ ജീവിക്കാൻ കൊള്ളാത്ത അത്ര മോശമായ നാടാണ് എന്നു പറയുക. അതുകൊണ്ടുതന്നെ പുതുതലമുറ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സ്വാതന്ത്ര്യം തേടി കുടിയേറുന്നതിനെ ചിലരെങ്കിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു ചിലരാവട്ടെ, അത്തരം കുടിയേറ്റം കേരളത്തെ വയോജനങ്ങളുടെ പ്രദേശമാക്കി തീർക്കുന്നതിനെക്കുറിച്ച് വിലപിക്കുന്നു. ഇന്ത്യയിലെയോ കേരളത്തിലെയോ പുരോഗമനപരമല്ലാത്ത ഇടങ്ങളിൽ നിന്നുള്ള പലായനത്തെ പ്രോത്സാഹിപ്പിക്കുന്ന പുതുകാല രാഷ്ട്രീയ വിചക്ഷണർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ നൂറ്റാണ്ടുമുമ്പ് ഇതിനേക്കാൾ ഭീകരമായ സാമൂഹികാവസ്ഥ നിലനിന്നിരുന്ന പ്രദേശമാണിത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ ഭാഗമായി പുതിയ ആശയങ്ങളും സമീപനങ്ങളും ഉത്പതിഷ്ണുക്കളായ ഇവിടുത്തെ ചെറുപ്പക്കാരെ സ്വാധീനിക്കുകയും അവർ പുതിയൊരു സമൂഹനിർമ്മിതിക്കായി പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് പരിമിതമായെങ്കിലും കാണുന്ന സാമൂഹിക ചുറ്റുപാട്. അത്തരം ഉറച്ച നിലത്തുനിന്നു കൊണ്ടാണ് നാടിനെ, മറ്റേതൊരു നാടിനെയും പോലെ പുരോഗമനപരമായ ഇടമാക്കി തീർക്കാൻ ശേഷിയുള്ള 2K ചെറുപ്പക്കാരുടെ നിര സ്വാതന്ത്ര്യം തേടി പലായനം ചെയ്ത്, രാജ്യത്തെ വലതുപക്ഷ പിന്തിരിപ്പന്മാരുടെ കയ്യിലേക്കിട്ടുകൊടുക്കുന്നത്.

മറ്റൊരു ദൃശ്യം: ഗ്രാമത്തിൻ്റെ സ്വച്ഛതയും പച്ചപ്പും തേടി പാലക്കാടൻ ഉൾഗ്രാമങ്ങളിലേക്ക് പോകുന്നു. അവിടെ ഏതെങ്കിലും ചെമ്മൺ നാൽക്കവലയിലെ പാവം പിടിച്ച ചായക്കടയുടെ ദൃശ്യമോ 80- കളുടെ രണ്ടാം പകുതിയിൽ സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് ലൊക്കേഷനായ പ്രദേശങ്ങളുടെ ദൃശ്യങ്ങളോ ആവേശത്തോടെ കാണിക്കുന്നു. നഗരത്തിൽ നിന്നും അത്യന്താധുനികമായ സൗകര്യങ്ങളിൽ നിന്നും ഗൃഹാതുരതയിലേക്ക് ഏതാനും നിമിഷങ്ങളുടെ വിനോദത്തിന് പോകുന്ന സോഷ്യൽ മീഡിയ മാധ്യമപ്രവർത്തകരാണ് ഇത്തരം ഗ്രാമീണ അവികസന രോഗത്തെ വൈറലാക്കുന്നത്.

 പാലക്കാടൻ ഉൾഗ്രാമങ്ങളിലെ കാഴ്ച/photo: Instagram@newmill_allwyn
പാലക്കാടൻ ഉൾഗ്രാമങ്ങളിലെ കാഴ്ച/photo: Instagram@newmill_allwyn

തിരുവനന്തപുരത്ത് ഭരണാധികാരികൾ അതിവേഗ പാതകളെ കുറിച്ചും കെ റെയിലിനെ കുറിച്ചും മറ്റ് യമണ്ടൻ വികസത്തെ കുറിച്ചുമൊക്കെ പറയുന്നതിന്റെ നേർവിപരീതമായാണ് പരിതാപകരമായ ഇത്തരം പാലക്കാടൻ കാഴ്ചകൾ. കുതിരാൻ തുരങ്കം എന്ന ഭരണകൂടത്തിന്റെ അഭിമാനകരമായ നിർമിതിയിലൂടെയാണ് ബ്ലോഗർമാർ പാലക്കാട്ടെ വികസനമെത്താത്ത മൂലകളിലേക്ക് സഞ്ചരിക്കുന്നത് എന്നതാണ് രസകരം. (കെ.ജി. ശങ്കരപ്പിള്ളയുടെ ‘മണൽക്കാലം’ എന്ന കവിതയിൽ ടൂറിസ്റ്റ് ഭാണ്ഡവുമായി തന്റെ നാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരിയായ പ്രവാസിയെ ചിത്രീകരിക്കുന്നുണ്ട്; ഇൻറർനെറ്റ് സൃഷ്ടിച്ച അത്യന്താധുനികമായ, രാഷ്ട്രീയ- സാംസ്കാരിക കൊടുക്കൽ വാങ്ങലുകളാൽ ഭാഷാവൈവിധ്യങ്ങളുടെ തടസമില്ലാത്ത, തകരാത്ത ആഗോള ബാബേൽ രാജ്യത്തിലെ പുതുതലമുറ അംഗമാണ് കേരളീയതയെ പുൽകാൻ കാലം നിലച്ചുപോയ ഗ്രാമങ്ങളിൽ എത്തുന്നത്. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയോട് ഇതുകൂടി ചേർത്തു വായിക്കണമെന്ന് തോന്നുന്നു). മാത്രമല്ല, തൊട്ടപ്പുറത്തെ പല ഗ്രാമങ്ങളും പട്ടണമാകുന്നതും പട്ടണങ്ങൾ നഗരമാകുന്നതും ക്ഷണനേരം കൊണ്ട് സംഭവിക്കുമ്പോൾ പാലക്കാട്ടെ പ്രദേശങ്ങൾ മാത്രം ‘70കളിൽ സ്തംഭിപ്പിച്ചു നിർത്തുന്നതിൽ തദ്ദേശ ഭരണാധികാരികൾക്ക് യാതൊരുളുപ്പുമില്ല എന്ന് അത്തരം പാലക്കാടൻ ഗ്രാമീണ മഹത്വാഘോഷങ്ങൾ കാണുമ്പോൾ ഒരു ദോഷൈകദൃക്കിന് തോന്നിയേക്കാം. ‘ഗ്രാമനൈർമല്യം’ ഉള്ളടക്കമായി വരുന്ന എവിടെയും ഇതാണവസ്ഥ.

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനോ സ്വാധീനിക്കുന്നതിനോ 30 വർഷം മുമ്പ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളുടെ കാലത്ത് അവയും ജനങ്ങളുടെ ചിന്തയിൽ ചെലുത്തിയിരുന്ന കടന്നുകയറ്റം ഡിജിറ്റൽ മീഡിയ കാലത്ത് കുറച്ചെങ്കിലും ദുർബലമായിട്ടുണ്ട്.

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനോ സ്വാധീനിക്കുന്നതിനോ 30 വർഷം മുമ്പ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളുടെ കാലത്ത് അവയും ജനങ്ങളുടെ ചിന്തയിൽ ചെലുത്തിയിരുന്ന കടന്നുകയറ്റം ഡിജിറ്റൽ മീഡിയ കാലത്ത് കുറച്ചെങ്കിലും ദുർബലമായിട്ടുണ്ട്. ഇപ്പോൾ ബസ് സ്റ്റാൻഡുകളിലോ പൊതുനിരത്തിലോ പത്രവിതരണക്കാരനായ പയ്യൻ ‘ചൂടുള്ള വാർത്ത’ എന്ന് ഉദ്വേഗപ്പെടുത്തുന്ന പരസ്യവാചകം ആവേശത്തോടെ പറയാറില്ല. പത്രവിതരണക്കാരനായ പയ്യൻ എന്ന കഥാപാത്രം തന്നെ അപ്രത്യക്ഷമായി. മാത്രമല്ല, മലയാളത്തിലെ ഒന്നുരണ്ട് പ്രമുഖ പത്രങ്ങൾ ഞായറാഴ്ച പതിപ്പിന്റെ അര പേജിൽ തങ്ങളുടെ സർക്കുലേഷൻ വർദ്ധിച്ചതിന്റെ പൊങ്ങച്ചം പരസ്യപ്പെടുത്തുന്നതും ഇപ്പോൾ ഇല്ല. പുതുകാലത്ത് ഓരോ വ്യക്തിയും അവരവരുടെ നിലയിൽ പ്രസാർ ഭാരതിയായതുകാരണം പല വാർത്തകളും വിശകലനങ്ങളും ചൂടാറിയ പഴങ്കഞ്ഞി പോലെയാണ് രാവിലെ മുറ്റത്തെത്തുക. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ മാധ്യമങ്ങൾ ഒരു വാർത്തയെ / സംഭവത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും തലങ്ങളും വിശകലനം ചെയ്തിട്ടുണ്ടാവും. ഏറെക്കുറെ ഈയൊരു പ്രവണത അച്ചടി മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്നുവേണം കരുതാൻ.

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനോ സ്വാധീനിക്കുന്നതിനോ 30 വർഷം മുമ്പ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളുടെ കാലത്ത് അവയും ജനങ്ങളുടെ ചിന്തയിൽ ചെലുത്തിയിരുന്ന കടന്നുകയറ്റം ഡിജിറ്റൽ മീഡിയ കാലത്ത് കുറച്ചെങ്കിലും ദുർബലമായിട്ടുണ്ട്.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനോ സ്വാധീനിക്കുന്നതിനോ 30 വർഷം മുമ്പ് പത്രങ്ങളും ദൃശ്യമാധ്യമങ്ങളുടെ കാലത്ത് അവയും ജനങ്ങളുടെ ചിന്തയിൽ ചെലുത്തിയിരുന്ന കടന്നുകയറ്റം ഡിജിറ്റൽ മീഡിയ കാലത്ത് കുറച്ചെങ്കിലും ദുർബലമായിട്ടുണ്ട്.

കേരളത്തിലെ പ്രബലമായ ഒട്ടുമിക്ക അച്ചടി മാധ്യമങ്ങൾക്കും ജാതിയുടെയോ മതത്തിന്റെയോ ചുവ ഉണ്ടായിരിക്കുമെന്നത് വസ്തുതയാണ്. ഈ മതത്തിന്റെയോ സമുദായത്തിന്റെയോ വാർത്തകൾക്കോ അവരുടെ പ്രമുഖർക്കോ ഒക്കെയാവും പത്രസ്ഥലത്തിൽ ഏറെയും ഇടമുണ്ടായിരിക്കുക. ഏകദേശം 10 വർഷം മുമ്പു വരെ മഹാത്മ അയ്യൻകാളിയുടെ ജയന്തിയോ ചരമദിനമോ അത്രക്കു പ്രാധാന്യമുള്ള വിഷയമായി മലയാളത്തിലെ അച്ചടി മാധ്യമങ്ങൾ കണ്ടിരുന്നില്ല. എന്നാൽ, ഇത്തരം വിശേഷദിനങ്ങൾക്ക് ഉചിതമായ പ്രാധാന്യം നൽകാത്ത സമീപനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നിശിത വിമർശനമുയർന്നു. ചിലർ പത്രങ്ങൾക്കു തീകൊളുത്തിയ ചിത്രങ്ങൾ പോലും പോസ്റ്റ് ചെയ്തു. ഈ പ്രതിഷേധം മത- സാമുദായിക പത്രങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. മഹാത്മ അയ്യൻകാളി, ഡോ. ബി. ആർ. അംബേദ്ക്കർ, പൊയ്കയിൽ അപ്പച്ചൻ, മഹാത്മാ ഫൂലേ എന്നിങ്ങനെ പുത്തൻ സാമൂഹിക നിർമ്മിതിയിൽ ഇടപെട്ടവരുടെ സംഭാവനകളെ വിശകലനം ചെയ്യാൻ പത്രങ്ങൾ നിർബന്ധിതരായി. ഇത്തരത്തിൽ, വാർത്തകൾ ശേഖരിക്കുന്നതിന്റെയോ ഉത്പാദിപ്പിക്കുന്നതിന്റെയോ ജ്ഞാനവിതരണത്തിന്റെയോ കുത്തകയെ സമൂഹമാധ്യമങ്ങൾക്ക് ഒരളവോളം തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ അച്ചടി മാധ്യമത്തിന്റെ പോളിസിക്കും എഡിറ്ററുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കുമാണ് കുറച്ചെങ്കിലും പരിക്കേറ്റത്.

നവകാല സമൂഹമാധ്യമങ്ങളിലൂടെ പലതരം താര നിർമാണങ്ങൾ നടക്കുന്നുണ്ട്. റീൽസിലൂടെ അഭിനേതാക്കളും ചിത്രകാരരും നർത്തകരും മിമിക്രി താരങ്ങളുമെല്ലാം, അവഗണിക്കാനാവാത്ത വിധം കടന്നുവരുന്നു.

മുൻപ്, അഴിമതിയെയും കൊള്ളരുതായ്മകളെയും ആക്രമണങ്ങളെയും അപലപിക്കാനും വിമർശിക്കാനും ഏതെങ്കിലും സാംസ്കാരിക പ്രവർത്തകനെയാണ് രാഷ്ട്രീയ -സാംസ്കാരിക കേരളം ‘ചുമതലപ്പെടുത്തി’യിരുന്നത്. അത് അവർ സ്തുത്യർഹമായി ചെയ്തു പോന്നിരുന്നെങ്കിലും വലിയ രീതിയിൽ തിരുത്തൽ ശക്തിയായിരുന്നില്ല എന്ന് ഇപ്പോൾ മനസ്സിലാക്കാം. എന്നാൽ, കൊള്ളരുതായ്മകളോട് അതിശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന ‘സാംസ്കാരിക നായകരേ’ക്കാൾ തിരുത്തൽ ശക്തിയായി പുതിയകാലത്ത് ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന ബഹുജനങ്ങൾ മാറിയിരിക്കുന്നു. അവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ വലിയ ഒരാൾക്കൂട്ടത്തിന്റെ ശബ്ദമായി തീർന്നപ്പോഴാണിത് സംഭവിച്ചത്.

എഴുത്ത് ജ്ഞാനാധികാരം മാത്രമല്ല, അത് രാഷ്ട്രീയാധികാരത്തിന്റെ താക്കോലാണ്. എഴുത്തിന്റെ താക്കോൽ കൈവശം വച്ചവർക്ക് സാമ്പത്തിക മൂലധനവും വരേണ്യ മൂലധനവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിനും അധികാരത്തിൽ തുടരുന്നതിനും ആവശ്യമായ സാംസ്കാരിക പരിസരം സൃഷ്ടിക്കുന്നതിനും അല്ലെങ്കിൽ അതിനനുസൃതമായ ചിന്തയും സംസാരവും ബഹുജനങ്ങളുടെ നാവിൽ തിരുകിവെക്കുന്നതിനും അവർക്ക് കഴിഞ്ഞു. അക്കാലത്തും വേറിട്ട ശബ്ദങ്ങൾ ഉണ്ടായില്ല എന്നല്ല പറഞ്ഞുവരുന്നത്. അത്തരം പ്രതിഷേധ സ്വരങ്ങൾക്ക് മുഴങ്ങാനും പ്രതിധ്വനിക്കാനുമുള്ള സാധ്യത ഇല്ലായിരുന്നു.

എന്നാൽ പുതുകാല സമൂഹമാധ്യമങ്ങളിൽ ഏറെ പേരും ഇടപെടുന്നത്, തങ്ങളുടെ അഭിപ്രായങ്ങളും ഭാവനകളും ശക്തവും മനോഹരവുമായ ഭാഷയിൽ എഴുതി ഫലിപ്പിച്ചുകൊണ്ടാണ്. ദലിത്- ആദിവാസി സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്കിടയിൽനിന്ന് ഉയർന്നുവന്ന എഴുത്തുകാരെ മുഖ്യധാരയ്ക്ക് ഇപ്പോൾ അവഗണിക്കാൻ സാധ്യമല്ല. മാത്രമല്ല, നവകാല സമൂഹമാധ്യമങ്ങളിലൂടെ പലതരം താര നിർമാണങ്ങൾ നടക്കുന്നുണ്ട്. റീൽസിലൂടെ അഭിനേതാക്കളും ചിത്രകാരരും നർത്തകരും മിമിക്രി താരങ്ങളുമെല്ലാം, അവഗണിക്കാനാവാത്ത വിധം കടന്നുവരുന്നു. മുൻപ് പത്രമുതലാളിയുടെ പത്നിക്കു മാത്രം സാധ്യമായിരുന്ന പാചകവിധി ഇന്ന് ഏതൊരാൾക്കും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാമെന്നായി. സ്വന്തം അഭിപ്രായവും ആവിഷ്കാരങ്ങളും ആരെയും ഭയക്കാതെ പ്രസിദ്ധീകരിക്കാവുന്ന നിലവന്നു. അത് എഴുത്തിന്റെ ജനാധിപത്യം വിപുലമാക്കി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ യുവപുരസ്കാരം നേടിയ തമിഴ് എഴുത്തുകാരൻ ലോകേഷ് രഘുരാമൻ എഴുതിയ ഒട്ടുമിക്ക കഥകളും പ്രസിദ്ധീകരിക്കപ്പെട്ടത് ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലായിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകർ പ്രസിദ്ധീകരിച്ച ഒരു നോവൽ ആദ്യം ഖണ്ഡശ്ശഃ പ്രത്യക്ഷപ്പെട്ടത് എഴുത്തുകാരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ്.

 ലോകേഷ് രഘുരാമൻ
ലോകേഷ് രഘുരാമൻ

പല സിനിമകളും തിരക്കഥാകൃത്തിന്റെയോ സംവിധായകരുടെയോ ഏകപക്ഷീയ കാഴ്ചപ്പാട് പ്രേക്ഷകരിൽ അടിച്ചേൽപ്പിക്കുന്നതായിരുന്നു. അവയാകട്ടെ പ്രതിലോമ ആശയങ്ങളെ യാതൊരു സെൻസറിങ്ങുമില്ലാതെ സാമൂഹിക ബോധത്തിലേക്ക് കടത്തിവിട്ടു. അത് സവർണ്ണാധികാരി വർഗ്ഗത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പുതുകാല മാധ്യമങ്ങൾ നിലവിൽ വന്നതോടെ അത്തരം ആവിഷ്കാരങ്ങൾ പരക്കെ വിമർശിക്കപ്പെട്ടു. രാഷ്ട്രീയശരിയുടെ ജനാധിപത്യ മര്യാദയെ കുറിച്ച് ഓരോരുത്തരിൽ നിന്നും നിലപാടുകൾ കേൾക്കാൻ തുടങ്ങി. ഒപ്പം, ‘പാൻ ഇന്ത്യൻ’ എന്നത് അക്ഷരാർത്ഥത്തിൽ സാധ്യമായി. ഇപ്പോൾ, ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലിറങ്ങുന്ന എതൊരു സിനിമയും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഏതൊരു ഭാഷക്കാർക്കും സ്വന്തം ഭാഷയിൽ കണ്ടാസ്വദിക്കാം. ഇത് വിനോദമേഖലയിൽ വലിയൊരു കച്ചവടസാധ്യത തുറന്നുതന്നു. ഏതു പ്രാദേശിക ഭാഷയിൽ നിർമ്മിക്കുന്ന ചിത്രത്തിലും ഇതര സംസ്ഥാനങ്ങളിലെ പ്രമുഖ താരങ്ങളെ കൂടി പങ്കെടുപ്പിക്കേണ്ടതായി, പുതിയ മസാലക്കൂട്ട്. രജനികാന്തിന്റെ ജയിലറിൽ വിനായകൻ പറയുന്ന ‘മനസ്സിലായോ’ എന്ന സംഭാഷണം വൻ ഹിറ്റായിരുന്നല്ലോ. തമിഴിലെ ഏറ്റവും വിലപിടിച്ച താരം വിജയ്, അയാളുടെ ചിത്രങ്ങളിൽ ഇപ്പോൾ ‘മയിര്’ എന്ന മലയാള പദം ഉപയോഗിച്ചു കാണുന്നു. രജനികാന്തിന്റെ ‘വേട്ടയാ നി’ൽ ‘ചേട്ടൻ’, ‘മനസ്സിലായോ’ എന്നീ പദങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നത് ഭാഷയുടെ അതിരുകളെ ഇൻറർനെറ്റ് /ഡിജിറ്റൽ മീഡിയ ഇല്ലാതാക്കി എന്നതുകൊണ്ടാണ്.
സാംസ്കാരിക വിനിമയത്തിനുപുറമെ, സർഗ്ഗാത്മക പ്രക്രിയയുടെ ജനാധിപത്യവൽക്കരണം കൂടിയാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

രജനികാന്തിന്റെ ജയിലറിൽ വിനായകൻ പറയുന്ന ‘മനസ്സിലായോ’ എന്ന സംഭാഷണം വൻ ഹിറ്റായിരുന്നല്ലോ.
രജനികാന്തിന്റെ ജയിലറിൽ വിനായകൻ പറയുന്ന ‘മനസ്സിലായോ’ എന്ന സംഭാഷണം വൻ ഹിറ്റായിരുന്നല്ലോ.

ഡിജിറ്റൽ മീഡിയ വിദ്യാഭ്യാസ പ്രക്രിയയ്ക്കും കൂടുതൽ സാധ്യതകൾ ഒരുക്കിത്തരുന്നുണ്ട്. ധാരാളം ലേണിങ് ആപ്പുകളിലൂടെ പലതരം കോഴ്സുകൾ തിരഞ്ഞെടുക്കാം. ഏറ്റവും ലളിതമായ ഒരു ഉദാഹരണം പറയാം. 70-കളിലോ 80- കളിലോ കേരളത്തിൽ സ്കൂൾ കാലം പിന്നിട്ടവർക്ക് അഞ്ചാം ക്ലാസിലെത്തുമ്പോഴാണ് ഇംഗ്ലീഷും ഹിന്ദിയും പഠിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഏത് കൊച്ചു കുട്ടിക്കും ഇന്ത്യയിലെ മറ്റു ഭാഷകളോ ഒന്നിലധികം വിദേശ ഭാഷകളോ കേട്ടു മനസ്സിലാക്കാനും ഏറെക്കുറെ സംസാരിക്കാനും കഴിയും. ഇത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കൈവരിച്ച ഭാഷാപരമായ നേട്ടമാണ്.

സോഷ്യൽ മീഡിയയുടെ ജനപ്രീതി, നിരവധി​ മേഖലകളിൽ പുതിയ വഴികൾ തുറക്കുന്നതിലേക്ക് നയിച്ചു. ഒരു ഉൽപ്പന്നമോ സേവനമോ അവതരിപ്പിക്കുന്നതിന് / പരസ്യപ്പെടുത്തുന്നതിന് ഡിജിറ്റൽ മാർക്കറ്റിംഗ് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഉൽപ്പന്നം തിരഞ്ഞെടുക്കും മുമ്പ് അതിന്റെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തിരയും. മനുഷ്യരുടെ ക്രയവിക്രയത്തിന്റെ ശൈലിയെയും ഇപ്പോൾ നിയന്ത്രിക്കുന്നത് ഡിജിറ്റൽ മീഡിയയാണ്

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക് എന്നിങ്ങനെയുള്ള അസംഖ്യം മാധ്യമങ്ങളിലായി അനന്തമായ വിവരങ്ങൾ ലഭ്യമാണ്. ഈ വൈവിധ്യം വ്യക്തതയേക്കാൾ ആശയക്കുഴപ്പത്തിന് കാരണമാകുന്നു.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക് എന്നിങ്ങനെയുള്ള അസംഖ്യം മാധ്യമങ്ങളിലായി അനന്തമായ വിവരങ്ങൾ ലഭ്യമാണ്. ഈ വൈവിധ്യം വ്യക്തതയേക്കാൾ ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ആവശ്യക്കാർ ഉചിതമായത് കണ്ടെത്താൻ ക്ലേശിക്കുന്ന സാഹചര്യം അവഗണിക്കാനാവില്ല.

വിവരസാങ്കേതികവിദ്യാലോകത്ത് നിർമ്മിതബുദ്ധിയെ സംബന്ധിക്കുന്ന ആശങ്കകളും പ്രതീക്ഷകളും സ്വപ്നങ്ങളും ചൂടുപിടിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യത്തിൽ എന്താണ് സംഭവിക്കുക എന്നതാണ് പ്രധാനപ്പെട്ട ഭയം. സത്യത്തിൽ ബയോമെട്രിക് സംവിധാനം നമ്മിലൂടെ കടന്നുപോകുമ്പോൾ തന്നെ, ഡാറ്റകളുടെ അടിസ്ഥാനത്തിൽ മനുഷ്യർ സദാ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, വിശകലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മണിപ്പുരിൽ കൂട്ടക്കൊലയുടെ സമയത്ത്, ഭരണകൂടം ഇന്റർനെറ്റ് വിലക്കി. ഏത് അധികാരിയും രാഷ്ട്രീയ വിവരങ്ങളുടെ കൈമാറ്റം ഭയക്കുന്നു. ഡിജിറ്റൽ മീഡിയയിലൂടെ ഒരാൾ ആഗോള പൊളിറ്റിക്കൽ ആക്ടിവിസ്റ്റായി തീരുമ്പോൾ തന്നെ അയാൾ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയുമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഭരണകൂട വിമർശനങ്ങൾ എഴുതുന്നവർക്ക് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്; അധികാരത്തിനിഷ്ടമുള്ള ഉള്ളടക്കം പ്രചരിപ്പിക്കാൻ മാത്രമേ, ഡിജിറ്റൽ മീഡിയ നിയന്ത്രിക്കുന്നവർക്ക് താല്പര്യമുള്ളൂ.

ഒരാളുടെ ഓർമ്മയും ഭാവനയും വ്യക്തിത്വവും സ്വത്വവും ക്രയവിക്രയങ്ങളും ഇപ്പോൾ ഡിജിറ്റൽ മീഡിയയെ ആശ്രയിച്ചാണ് സാധുതമാകുന്നത്. അയാൾ ഒന്നാകെ തൻ്റെ ഗാഡ്ജറ്റിനുള്ളിൽ സ്വയം കേന്ദ്രീകരിച്ചിരിക്കുന്നു. സർവ്വതന്ത്രസ്വതന്ത്രരായ മനുഷ്യസമൂഹം ഇപ്പോൾ നിലവിലില്ല എന്നർഥം.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

സംഗമേശ്വരൻ മാണിക്യംഎൻ.കെ. ഭൂപേഷ്പ്രേംകുമാർ ആർ.ലാസർ ഷൈൻഇ. ഉണ്ണികൃഷ്ണൻസാക്കിർ ഹുസൈൻകുഞ്ഞുണ്ണി സജീവ്പ്രവീണ വി.മുഹമ്മദ് അബ്ബാസ്സുധീഷ് കോട്ടേമ്പ്രംഡോ. ആന്റോ പി. ചീരോതഅശോകകുമാർ വി.Read More

Comments