കഴിഞ്ഞ 25 വർഷത്തെ എന്റെ കലാപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാൽ, പെയിന്റിംഗായാലും ശിൽപ്പത്തിലായാലും, ഡിജിറ്റൽസ്രോതസുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ഒരാളല്ല ഞാൻ. ഫോട്ടോഗ്രാഫിക് റഫറൻസുകളും ഓൺലൈൻ സ്രോതസുകളിൽ നിന്നു ലഭിക്കുന്ന ലേഖനങ്ങളും പുസ്തകങ്ങളും ഒഴിച്ചുനിർത്തിയാൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന സാധ്യതകളിലേക്ക് ഞാനധികം കടന്നിട്ടില്ല.
ഓഡിയോ വിഷ്വലും വീഡിയോ ആര്‍ട്ടും അതിനുമുമ്പ് ഫോട്ടോഗ്രഫിയും ഇപ്പോള്‍ ഇൻസ്റ്റലേഷനുകളിൽ ഉപയോഗിക്കുന്ന ചില സമ്മിശ്ര മാധ്യമ സമീപനങ്ങളും ഒഴിച്ചുനിർത്തിയാൽ പുതിയ മാധ്യമസാധ്യതകൾ ഉപയോഗിക്കുന്ന രീതിയില്ല. വളരെ യാഥാസ്ഥിതിക മാധ്യമമെന്ന ഖ്യാതിയുള്ള ഓയില്‍ പെയിന്റിംഗ് ഇഷ്ടംപോലെ ഉപയോഗിക്കുകയും അതിന്റെ പുതിയ സാധ്യതകളും ശൈലിയും മുന്നോട്ട് വയ്ക്കാനുമാണ് കുറെ നാളുകളായി ചെയ്തുവരുന്ന ചിത്രരചനയിലൂടെ ശ്രമിക്കുന്നത്.
എൻറെ പിതാവ് മരത്തിൽനിന്ന് തീപ്പെട്ടി ഉണ്ടാക്കിയിരുന്നയാളാണ്.
അതൊരു വലിയ ഓർമയാണ്. ഉമ്മ ഇടക്ക് പാടുന്ന പാട്ടുണ്ടായിരുന്നു.
“തീപ്പെട്ടി പണ്ടില്ലാഞ്ഞതിനാൽ ജനങ്ങൾ
ഏർപ്പെട്ട കഷ്ടം പറയാവതല്ല
ഇപ്പോൾ അതുമാതിരിയൊന്നുമില്ല
തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല
കൊലോന്നുരച്ചാൽ ചെറുതായ മിന്നല്‍
പോലങ്ങു മിന്നി അത് തീപിടിക്കും
ചീളോനു കത്തിക്കണമെന്നു വന്നാല്‍
ആളുന്ന തീ വിരലിൽ കടക്കും”
ശില്പനിർമ്മാണത്തിന് ഞാന്‍ തുടക്കം മുതൽ ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽ ഉപയോഗിച്ചു പഴകിയ തടിയാണ്. ആദ്യത്തെ മരശില്‍പ്പങ്ങള്‍ കരിഞ്ഞ മനുഷ്യശരീരങ്ങളായിരുന്നു. പിന്നെ അലുമിനിയം, ബ്രോണ്‍സ്, ഇരുമ്പ്, ടെറാകോട്ട എന്നിവയും.
സമയനിബന്ധനകളില്ലാതെ മെല്ലെ ചെയ്തുതീർക്കാനുള്ള സാവകാശവും അർഥതലങ്ങളുള്ള, ഒപ്പം കരുത്തുമുള്ള ഒരു മെറ്റീരിയലായതിനാലാണ് മരം തിരഞ്ഞെടുത്തത്. വളരെ പതുക്കെ ചെത്തിമിനുക്കിയെടുക്കാവുന്ന ശിൽപ്പങ്ങളാണ് അതിൽ കൂടുതലും. 2002-ൽ നാട്ടിൽ നിന്ന് ധനഞ്ചയൻ വന്നു. കണക്കറിയുന്ന ഒറ്റയാൻ, ആചാരി, അനലോകവുമായി. ഉണ്ണിയും സനോജും സുനിലും ഷാന്റോയും ഭഗവാനും മിശ്രാജിയും മറ്റു പലരും. ധനഞ്ചയനാണ് എന്നെ മരത്തിൽ തളച്ചത്. മരം മാത്രമല്ല അവന്റെ ലോകം.
2004-ൽ കറാച്ചിയിൽ അലഞ്ഞത് അനലോഗുമായാണ്.
2007, 2008, 2009 കാലഘട്ടത്തിലാണ് എന്റെ വിഷയങ്ങളും മാധ്യമങ്ങളുമായി, അന്താരാഷ്ട്ര തലത്തിലേക്ക്, വലിയൊരു ഭൂപരിസരത്തേക്ക് കടന്നുചെല്ലുന്നത്. വെനീസ് ബിനാലെയിൽ പ്രദർശിപ്പിച്ച ഡെസിഗ്നേറ്റഡ് മാർച്ച് ബൈ പെട്രോ ഏൻചൽ എന്ന ആറ് വലിയ പെയിന്റിംഗുകളുടെ റഫറൻസ്, പുതിയ കാലഘട്ടത്തിൽ കണ്ട അക്രമങ്ങളും അതോടൊപ്പം വളരെ യാഥാസ്ഥിതികമായ ഒരു സാമൂഹിക ഇടത്തിൽ അല്ലങ്കിൽ മതമൗലികവാദവും സാമൂഹിക വിലക്കുകളും പുരുഷാധിപത്യവുമുള്ള ഒരു സമൂഹത്തിൽ വളരെ ബുദ്ധിമുട്ടി ജീവിക്കേണ്ടിവന്നവരുടെ, സ്ത്രീകളുടെ, കഥകൾ പറയുന്ന സർക്കിൾ എന്ന ജാഫർ പനാഹി സിനിമയാണ്.
ഒരു ശക്തമായ റഫറൻസ് എന്ന നിലയിലാണ് സിനിമ അല്ലെങ്കിൽ ഒരു ആധുനിക മാധ്യമം ഇവിടെ ഉപയോഗിച്ചത്. കൂടാതെ ഇസ്ലാമോഫോബിയയുടെ പുതിയ നീറുന്ന യാഥാർത്ഥ്യം ഈ സീരീസിന്റെ വിഷയമായിരുന്നു. അതുപോലെ തന്നെയാണ് ബർലിനിൽ നടത്തിയ പ്രദർശനത്തിൽ ഉപയോഗിച്ച സൃഷ്ടികൾ; മരത്തിൽ ചെയ്ത രീതിയും അതിന്റെ പ്രതിപാദ്യ വിഷയങ്ങളും. അവയെല്ലാം സംസ്‌കാരപരമായ ബാധ്യതകളുടെയും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും എല്ലാം ഓർമ്മകൾ കൊണ്ടുവരുന്ന സൃഷ്ടികളാണ്.
ഇതിലൊന്നും ഡിജിറ്റൽ സാധ്യതകളോ നവമാധ്യമ സാധ്യതകളോ അധികം ഉപയോഗിച്ചിട്ടില്ല. അതുപോലെ തന്നെയാണ് 2009-ൽ ഇറാനിൽ ചെയ്ത ‘സേഫ് ടു ലൈറ്റ്’ എന്ന പ്രദർശനവും. തിരിച്ചടിയായ ഒരു പുരാതന കണ്ടുപിടിത്തവും ഇറാനിലെ സമകാലിക രാഷ്ട്രീയവുമായുള്ള താരതമ്യ ചിന്തകളായിരുന്നു ഇതിന്റെ അടിസ്ഥാനം. അതോടൊപ്പം ഇത്രയധികം പുരോഗമിക്കപ്പെട്ട ഒരു സമയത്തിന്റെ, സമൂഹത്തിന്റെ ആഭ്യന്തര സംഘർഷങ്ങളും പ്രതിപാദ്യമായിരുന്നു.
നമ്മൾ എത്രമാത്രം ഡിജിറ്റൽ ആണെന്ന ചോദ്യത്തിന് ഉത്തരമായി എന്റെ ജീവിതവും എന്റെ കലാസൃഷ്ടികളുമായി ബന്ധപ്പെട്ട സത്യാവസ്ഥകളാണ് ഇവിടെ എനിക്ക് പറയാനുള്ളത്. അതുകൊണ്ടു തന്നെ, എന്റെ സൃഷ്ടികളിൽ എത്രത്തോളം ഡിജിറ്റൽ വിധേയത്വം ഇല്ല എന്ന കാര്യവും അതേസമയം, ഇൻഫർമേഷൻ ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ എങ്ങനെയാണ് ഓൺലൈൻ ഇടങ്ങളെ ഒരു ശേഖരണ കേന്ദ്രം എന്ന നിലയിൽ മാത്രം കണ്ട് വായനയിലൂടെയും യാത്രകളിലൂടെയും സിനിമകളിലൂടെയും
ഡോക്യുമെന്ററികളിലൂടെയും മാത്രം ഇവയുമായി ഇടപെടുന്നുണ്ടെന്നുമാണ് എനിക്ക് പറയാനാകുക. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ചെറുകിട ഗൂഗിൾ ഉപയോക്താവ് എന്നതിനപ്പുറം മറ്റ് വൻകിട വിനിമയ സമൂഹമാധ്യമങ്ങളൊന്നും അധികം ഉപയോഗിക്കുന്ന ശീലമില്ല.
1992-ലാണ് ഞാൻ മുംബൈയിലെത്തുന്നത്. ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ നിന്ന് 2010 മുതൽ എന്റെ കരിയറിൽ വലിയ മാറ്റമുണ്ടാകുന്നുണ്ട്. ഇന്ത്യൻ കലാലോകത്തെ മാറ്റിവരച്ച (-കൊണ്ടിരിക്കുന്ന) കൊച്ചി- മുസിരിസ് ബിനാലെയുടെ ആശയവുമായി കേരളത്തിലേക്ക് വരുമ്പോഴുണ്ടായ മാറ്റമാണത്. തിരിച്ചിറങ്ങിയ ഒരു പ്രവാസിയെപ്പോലെ അതുവരെ വർക്ക് ചെയ്യുകയോ അല്ലെങ്കിൽ മനസ്സിലുണ്ടായിരിക്കുകയോ ചെയ്ത പല രൂപകങ്ങളും മാറി. ഉദ്ഖനനം അങ്ങനെ ശ്രദ്ധയിലേക്കുവന്ന വലിയൊരു രൂപകമാണ്. അതുപോലെ തന്നെ വലിയ സാധ്യതകളുള്ള പുതിയ അറിവിന്റെ കലാമേഖലകളിലേക്ക് നമ്മൾ എത്തിച്ചേരുന്നു.
ടെറസ്ട്രിയൽ ഇമാജിനേഷനുകളിൽ മാത്രം ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു കലാചിന്തയെ സമുദ്രവിസ്തൃതിയിലേക്കും സാമൂഹിക പ്രത്യയശക്തിയിലേക്കും മാനവിക ചരിത്രത്തിലേക്കും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്കും പരിവർത്തനപ്പെടുത്തി സഹവർത്തിത്വത്തിന്റെ വലിയൊരു സാഹചര്യത്തിൽ സംസാരിക്കാനുള്ള ഇടമായി മാറ്റിയെടുക്കുന്നതിൽ വലിയ തോതിൽ സാധിച്ചെടുക്കാൻ ഡിജിറ്റൽ മേഖലയോ സാങ്കേതികവിദ്യയോ ഉപയോഗിക്കപ്പെട്ടിരുന്നില്ല. അത് ഉപയോഗിക്കാതിരുന്നതുകൊണ്ട് ആ സൃഷ്ടികൾക്ക് മേന്മക്കുറവോ ഉള്ളടക്കത്തിന്റെ ആഴത്തിനോ യാതൊരു പോരായ്മയും സംഭവിച്ചിട്ടുമില്ല. വളരെ കായികമായി തന്നെ ഉൽപ്പാദിപ്പിച്ചിരുന്ന സൃഷ്ടികളിൽ ഉൾപ്പെട്ട് നിൽക്കാൻ സാധിച്ചിരുന്ന ഒരു സമയമായിരുന്നു അത്. ആ ഒരു അർത്ഥത്തിൽ കൊച്ചിയിലൂടെ കലാനിർമ്മാണത്തെയും സാങ്കേതികതയേയും അതിലൂടെ കൊച്ചി തുറന്നുവിട്ട പുതിയ കലാ അനുഭവത്തേയും നോക്കി കാണേണ്ടതുണ്ട്. കൊച്ചിക്കൊരച്ചുണ്ടായി.
പിന്നെ പറയാനുള്ളത് ചിന്താപ്രക്രിയയെ കുറിച്ചാണ്. സാങ്കേതിക ഭാഷയുടെ ഉള്ളിൽ അടങ്ങിയിരിക്കുന്ന തമാശയും രസവും എല്ലാം അതിൽ വരുന്നു. പുരാണവും ചരിത്രവും എല്ലാം കൂട്ടിക്കുഴച്ച് വളരെ വികൃതമായ ഒരു ചരിത്രമുണ്ടാക്കുന്ന കാലഘട്ടത്തിൽ നിന്ന് ആലോചിക്കുമ്പോൾ ഡിജിറ്റൽ എന്ന വാക്കിനെ ഞാൻ തമാശയ്ക്ക് വിഭജിച്ചിട്ടുണ്ട്. ഒരു ‘എല്ല്’ കൂടി ചേർത്ത് പദംപിരിച്ചാൽ ‘ഡിഗ് ഇറ്റ് ഓള്‍’ എന്ന് വായിപ്പിച്ച്, അത്തരമൊരു സാമൂഹിക യാഥാർത്ഥ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ചരിത്രഗവേഷണത്തിന്റെ ഇടം എന്ന നിലയിലല്ലാതെ ഉദ്ഖനനത്തെ എല്ലാ കാര്യങ്ങളിലും, അതായത് വ്യക്തിസ്വാതന്ത്ര്യത്തിലും ഇടപെട്ടുകൊണ്ട്, ഒരു രാഷ്ട്രീയ നിലനിൽപ്പിനായുള്ള നിരീക്ഷണ സംവിധാനമായി ഡിഗ് ഇറ്റ് ‘ഓളിനെ’, ‘ഓനെ’ഉപയോഗിക്കാമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. വെറും തോന്നലല്ല അത്. കടൽക്കാറ്റല്ല അത്.
ഈ അടുത്തകാലത്ത് എന്റെ സൃഷ്ടികളിലെ പുതിയൊരു പരിവർത്തനം, ഇന്ത്യൻ ഭരണഘടനയുടെ ചിത്രാലേഖനം ചെയ്ത 26 പേജുകളുടെ പ്രദർശനമായിരുന്നു. ഡിജിറ്റൽ സ്രോതസ്സുകളെ മറ്റൊരുതരത്തിൽ ഉപയോഗിച്ച് ആനിമേറ്റ് ചെയ്ത പുതിയ അനുഭവമാക്കുക, ഡിജിറ്റൽ സ്‌ക്രീനുകൾ ഉപയോഗിച്ച് ആ ദൃശ്യങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കി ഇൻസ്റ്റലേഷനും ചുമർചിത്രങ്ങൾക്കും സാധ്യതകളുള്ള ഒന്നാണ് അത്. അതിന്റെ ഭാഗമായാണ് ഞാനിപ്പോൾ ‘തകൃതിയായി’ പ്രവർത്തിക്കുന്നത്.
അതോടൊപ്പം പറയാനാകുന്ന പുതിയ ഒരു സംഭവം, കലാപഠനവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ച് അക്കാദമിക് ആവശ്യങ്ങൾക്കായി സാങ്കേതിക വിദ്യകളുടെ സഹായമുപയോഗിച്ച് ഒരു ‘ദൃശ്യ’ സംസ്‌കാരം (മലയാണത്) എങ്ങനെയാണ് രൂപപ്പെടുത്തിയെടുക്കാനാകുക എന്നതാണ് അത്.
അത്തരമൊരു ചിന്താഗതിയുടെ ഭാഗമായി ഈ മാസം 20ന് മുംബൈയിലെ അലിബാഗിലെ ദ ഗിൽഡ് എന്ന ഗാലറിയിൽ ‘ബ്ലൂ’ എന്ന തലക്കെട്ടിൽ ഒരു പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. നീലനിറത്തിന്റെ പല തരത്തിലുള്ള ആത്മാംശചേരുവകളും സാംസ്‌കാരികവും കലാപരവും സാമൂഹിക ശാസ്ത്രപരവും ദർശനശാസ്ത്രപരവും വംശശാസ്ത്രപരവും ശാസ്ത്രീയവുമായ മേഖലകളിൽ ഈ നിറത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിന്തിക്കുന്ന ചിത്രങ്ങൾ, എഴുത്തുകൾ, കവിതകൾ, സിനിമ, പാട്ടുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്റെ സഹപാഠിയും ഇപ്പോൾ ഡിസൈനറായും അധ്യാപകനായുമെല്ലാം ജോലി ചെയ്യുകയും ചെയ്യുന്ന നിതേഷ് മൊഹന്തിയും സോനലും ആരംഭിച്ച പ്ലോര്‍ക്ക് എന്ന ഒരു സംഘടനയുമായി സഹകരിച്ച്, ആഴി ആർക്കൈവ്സും ചേർന്നാണ് ഇത് സാധ്യമാക്കുന്നത്. ആഴി ആർക്കൈവ് എന്ന സംഘടനയുടെ കലാപഠന പദ്ധതി നടപ്പാക്കുന്നതില്ക്കുള്ള ഒരു വ്യക്തമായ ഒരു അന്വേഷണമാണിത്. കലയിൽ പ്രത്യേകിച്ച്, പ്രിന്റിംഗിലെല്ലാം മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചില സാങ്കേതിക രീതികളെല്ലാം ഈ പ്രദർശനത്തിന്റെ ഭാഗമായി വരുന്നുണ്ട്.
അതുപോലെ, ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കലാസൃഷ്ടി നടത്തുന്നവർ, സമൂഹമാധ്യമ ആക്ടിവിസ്റ്റുകൾ, ദലിത് പ്രൊഗ്രസീവ് - ഫ്യൂട്ടറിസ്റ്റ് ആർട്ടിസ്റ്റുകൾ, ആഗോള തലത്തിലെ അതുല്യപ്രതിഭകൾക്ക് ഈ നിറവുമായുള്ള ബന്ധം, ശാസ്ത്രവും കണ്ടുപിടിത്തങ്ങളുമായുള്ള ബന്ധം (ഉദാഹരണത്തിന് സി.വി. രാമന്റെ ‘രാമൻ പ്രഭാവ’ത്തിൽ കടലുമായി ബന്ധപ്പെട്ട കണ്ടെത്തൽ) എന്നിവയെല്ലാം ഉൾപ്പെടുത്തി ഈ പ്രദർശനം ‘ആദ്യ ചുമടെടുക്കുകയാണ്’. നിറത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്ന അല്ലങ്കിൽ ഈ നിറം ഉപയോഗിച്ച് സൃഷ്ടികൾ നടത്തുന്ന കലാകാരരുടെ വർക്കുകളും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദർശനത്തിൽ ശേഖരണ കേന്ദ്രം എന്ന നിലയിൽ ഡിജിറ്റൽ ഇടത്തെ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.
ജനത്തെ അത്ഭുതപ്പെടുത്തിയ, സാങ്കേതിക മികവുള്ള ഡിജിറ്റൽ ഇടത്തെ ഉപയോഗിച്ചുള്ള കലാപ്രക്രിയയുടെ പല വകഭേദങ്ങളും കൊച്ചിയിൽ കഴിഞ്ഞ പല കാലങ്ങളായി ഉണ്ടായിട്ടുണ്ട്. കേരളമാണ് അത്തരം കലാസാധ്യതകളുടെ പുതിയ രീതികൾ സാധാരണ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രാപ്യമാക്കിയത്. നാം ഈ മേഖലയിൽ നടത്തിയ സാങ്കേതികമുന്നേറ്റം ഇതിനെ സഹായിച്ചുകൊണ്ടേയിരിക്കും. അഭിമാനിക്കാൻ ‘വക’യുണ്ടിവിടെ.
പുതിയ കലാസമ്പ്രദായ നിരീക്ഷണമുണ്ടെങ്കിലും, സ്വന്തം സൃഷ്ടികളിൽ വളരെ യാഥാസ്ഥിതികമായ രീതികൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ സൃഷ്ടിയിൽ വളരെ പതുക്കെയുള്ള പുരോഗതിയും സാങ്കേതികതയും ഇഷ്ടപ്പെടുന്നതുകൊണ്ട്, ഈ കൃത്രിമ ബുദ്ധിയുടെ കാലത്ത് ടെക്നോളജിയുടെ വളർച്ചയെ കൗതുകത്തോടെ കാണുന്നവരിലൊരാളാണ് ഞാനും.
കലാകാരനായതുകൊണ്ടാകാം, മനുഷ്യബുദ്ധിയുടെ സവിശേഷതയെന്ന് തോന്നുകയും അതേസമയം വളരെ കൽപ്പനാശക്തിയുമുള്ള കൃത്രിമബുദ്ധി സൈറ്റുകളുടെ ആരാധകനാകാൻ സാധിക്കുന്നതിനോടൊപ്പം എന്ത് രീതിയിലുള്ള ഡിജിറ്റൽ ഇൻഫർമേഷനായാലും, അത് എ.ഐ ആയാലും ആരായാലും അവബോധ ശക്തിയുണ്ടെന്ന് തോന്നാത്തതിനാലാകും അതിനോട്, അവയോട്, അവരോട് ഒരു സൗന്ദര്യാത്മക അകലം തോന്നുന്നത്. അതിനപ്പുറത്ത് വ്യക്തിപരമായ അനുഭവങ്ങളും കാൽപ്പനിക വക്രങ്ങളും ചെരിവുകളും വളവുകളും ദുരന്തവും അവബോധ ഘടകങ്ങളും എല്ലാം ഉപയോഗിച്ച് തൊടാനും അറിയാനും സാധിക്കുന്ന സൃഷ്ടിപരതയിലേക്ക്, രൂപനിർമിതിയിലേക്ക്, അർത്ഥസാദൃശ്യതകളിലേക്ക്, നീണ്ട യാത്രകളിലേക്ക്, നനഞ്ഞ് കുളിർന്ന് തണുത്ത് വിറച്ച് ചുട്ടുപൊള്ളി സഞ്ചരിക്കാനുള്ള അഗാധ ഗർത്തങ്ങളുള്ള, ഉത്തുംഗതയുള്ള, തലച്ചോറുള്ള ജീവസ്സുറ്റ കലാനിർമിതിയുടെ നനവുകളിലേക്ക് ഊഴ്ന്നിറങ്ങാന്‍ സാധിക്കുന്ന രംഗമാണ് കല. അദ്ദാണ്… (ഈ പ്രയോഗം ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കടംകൊണ്ടതാണ്).
അതിലേക്കുള്ള യാത്ര ചലനാത്മകമാണ്. ജീവനുള്ളതാണ്, മരണമുള്ളതും.
സാമൂഹികവും സംസ്‌കാരപരവുമായ ഓർമ്മകളെയും സമൂഹങ്ങളെയും തകർക്കാൻ ഏറ്റവും നൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ഉപയോഗിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. എന്നാൽ തീരെ ഡിജിറ്റലാകാൻ പറ്റാതെ വെറും ഡിജിറ്റ് ആയി മാത്രം ജീവിക്കുന്ന വലിയൊരു സമൂഹത്തിനു മുമ്പില്‍, യാതൊരു വിധത്തിലുള്ള ആധുനികതയിലേക്കും എത്തിച്ചേരാനാകാത്ത ആ സമൂഹത്തിന്റെ ഭാഗമാണ് നമ്മളെന്ന് നിരന്തരം മനസ്സിലാക്കുന്നതിനാൽ, നൂതന സാങ്കേതികവിദ്യയോട് ചെറുത്തുനില്പോടെനിന്ന്, എല്ലാക്കാലത്തും എല്ലായിടത്തും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ക്രൂരമായി പ്രയോഗിക്കപ്പെടുന്നത് ശത്രുവിനെതിരെയാണ് എന്ന തിരിച്ചറിവ് നമുക്ക് വെറും ‘വിഷ്വൽ’ ആയിച്ചുരുങ്ങി. ആ ഭയാനക വിഷ്വല്‍ ചുരുങ്ങിച്ചുരുങ്ങി കൈവെള്ളയിലായി.
ഞാൻ പ്രവർത്തിക്കുന്ന മേഖലയിൽ ഡിജിറ്റലാകേണ്ട ആവശ്യമില്ല (തീരെയില്ല) എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശത്രുസംഹാരം കഴിഞ്ഞാൽ ഡിജിറ്റൽ മുന്നേറ്റം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മേഖല സൃഷ്ടിപരമായ മേഖല തന്നെയാണ്. ഇത്തരം നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള ബുദ്ധിയും ഇമാജിനേഷനും അവയുടെ സൗന്ദര്യാത്മകത കൈകാര്യം ചെയ്യാനുള്ള കഴിവും ധാരാളമുള്ളത് കലാമേഖലയ്ക്കാണ്. എനിക്ക് ചൂട് ചോരയാണ്. നനവ് കണ്ണുനീരാണ്. കണ്ണ് കറുപ്പാണ്. (എന്തെല്ലാം സാധ്യതകൾ)
കൃത്രിമ ബുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വലിയൊരു പരിവർത്തനം നമ്മെ കാത്തിരിക്കുന്നു എന്ന തരത്തിലാണ് എല്ലാവരും സംസാരിക്കുന്നത്. ചിലർ ആശ്ചര്യത്തോടെയും ചിലർ ഭയത്തോടെയുമാണ് അതിനെ കാണുന്നത്. ആ ഒരു കാലഘട്ടത്തിലിരുന്നുകൊണ്ടാണ് നമ്മൾ വേറൊരു രീതിയിലുള്ള പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ സ്ഥിരമായി കേൾക്കുന്ന കലാപുനരുജ്ജീവന പ്രവർത്തനങ്ങൾ, കരകൗശല പ്രക്രിയകൾ എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ എല്ലാവരും സാങ്കേതികവിദ്യയെ കൈമുറിച്ചെടുക്കപ്പെടുന്ന, കണ്ണു പിഴുതെടുക്കുന്ന പേടിയോടെയാണ് കാണുന്നത്.
കലാകാരനെന്ന നിലയിൽ എനിക്ക് അത്ഭുതമായി തോന്നിയിട്ടുള്ളത്, വലിയ തോതിൽ വ്യവസായ വിപ്ലവം നടന്ന സമയത്തും അത് അടിച്ചേല്പിക്കാൻ ശ്രമിച്ച വെള്ളക്കാരനെതിരെ ഇന്ത്യയിൽ നിന്നുണ്ടായ ഗാന്ധിയുടെ പ്രതിഷേധമാണ്. അതിന് അദ്ദേഹം തിരഞ്ഞെടുത്തത് ഉൽപ്പാദനമാണ്. ഉൽപ്പാദനത്തിലൂടെ തന്നെ മറ്റൊരു തലത്തിലുള്ള സമരം മുന്നോട്ട് വയ്ക്കുകയായിരുന്നു.
ഇന്ത്യയിൽ രൂപപ്പെട്ട എല്ലാ ആത്മീയ ആശ്രമങ്ങളിലും ധ്യാനത്തിനും യോഗയ്ക്കും ഒക്കെ പ്രാധാന്യം കൊടുക്കുന്ന സമയത്ത്, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഗാന്ധിയന്‍ ആശ്രമങ്ങളെല്ലാം ഉൽപ്പാദനത്തിന്റെ ഇടങ്ങളായാണ് പ്രവർത്തിച്ചത്. ധ്യാനത്തിലൂടെയും പ്രാദേശിക സംസ്‌കാരത്തിലൂടെയുമുള്ള നിലനിൽപ്പിനും ഈ പാരിസ്ഥിതിക സംവിധാനത്തിൽ ജീവിക്കാനും മനുഷ്യനെ പ്രാപ്തനാക്കാനുമുള്ള ഇത്തരം ധാരാളം ആശ്രമങ്ങൾ ഇന്ത്യയിലുണ്ടായിരുന്നു. ഇന്നുമുണ്ട്.
ഗാന്ധി സാങ്കേതികവിദ്യയെ എതിർത്തിരുന്നു എന്ന വാദം പരിശോധിക്കുമ്പോൾ, അക്കാലഘട്ടത്തിലെ മനുഷ്യരുടെ നിലനിൽപ്പിനാവശ്യമായ നൈപുണ്യം അന്നുണ്ടായിരുന്നു എന്നുമാത്രം കണ്ടാൽ മതി. ആശ്രമങ്ങൾ, അല്ലെങ്കിൽ ആ ശ്രമങ്ങൾ, പിന്നീടുണ്ടായ സാങ്കേതിക വളർച്ചയിൽ നമുക്ക് ഇല്ലാതെ പോയി എന്ന് പറയാമെങ്കിലും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വാദിക്കുന്ന, കരുതുന്ന ഒരാളാണ് ഞാൻ.
ഇന്ത്യൻ പാരമ്പര്യത്തിന്റെ മൂല്യം പരിശോധിച്ചാൽ അവ കൃത്രിമ ബുദ്ധിയും ത്രീഡി പ്രിന്ററുകളും എല്ലാം ഉപയോഗിക്കുന്ന വാണിജ്യ കലാ സൃഷ്ടികളുടെ മൂല്യത്തെക്കാൾ വളരെ മേന്മയേറിയതാണെന്ന് പറയാനാകും. കരകൗശലരാണവർ.
പറയണം, അതായിരിക്കണം പുതിയ പറച്ചിൽ.
അങ്ങനെ നോക്കുമ്പോൾ പല തട്ടിൽ നിന്ന്, രാഷ്ട്രീയമാനത്തോടെ നോക്കിക്കാണാനുള്ള ഒരു കലാപരതയിലും സൃഷ്ടിയിലുമാണ് എനിക്ക് താൽപര്യം. അതുകൊണ്ട് ഡിജിറ്റലെനിക്ക് ഒരു മെറ്റഫറാകുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More