ഡിജിറ്റൽ ആയിരിക്കുക എന്നാൽ
മനുഷ്യരായിരിക്കുക എന്നാണർഥം

ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തീവ്രമായി ആശ്ലേഷിക്കുന്ന ഡിജിറ്റൽ ലോകം ഉയർത്തുന്ന പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ച് എഴുതുന്നു ഡോ. എ.കെ. ജയശ്രീ.

ഡിജിറ്റൽ ലോകം കുറെ കൂടി മുൻപേ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. അത് എപ്പോഴാണ് കൂടെ കൂടിയത് എന്ന് തിരിച്ചറിയാനാവുന്നില്ല. എങ്ങാനും സാങ്കേതിക കാരണങ്ങളാൽ അല്പം മാറി നിൽക്കേണ്ടിവന്നാൽ നമ്മൾ മുഴുവനായും ഇല്ലാത്തതുപോലെ. അത്രമേൽ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സൂക്ഷ്മരൂപിയായി, സർവ്വവ്യാപിയായ ദൈവത്തെ പോലെ അത് എപ്പോഴും എല്ലാവരുടേയും കൂടെയുണ്ട്.

വായനക്കുള്ള സൗകര്യമാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. പൊതുവെ, ലൈബ്രറികളിൽ പോകാൻ മടിയുണ്ടായിരുന്ന എനിക്ക് ഇത് വളരെ ഉപകാരമായി എന്നുപറയാം. ഈ മടി കാരണം വളരെ കുറച്ചു മാത്രം വായിച്ചു ശീലിച്ച ആളാണ് ഞാൻ. വായനയിൽ ഒരു ഇക്കോണമി കണ്ടെത്തും. അത്യാവശ്യമുള്ളതു മാത്രം വായിക്കുക എന്നത്. എന്നാൽ, അതും അതിനപ്പുറം കുറച്ചു കൂടിയും, ഇപ്പോൾ ആർഭാടമെന്നോണം വായിക്കാൻ കഴിയുന്നുണ്ട്.

ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇന്ന് ഡിജിറ്റൽ ലോകം സജീവമായി കടന്നുനിൽക്കുന്നു. മനുഷ്യർക്ക് തമ്മിൽ കണക്ട് ചെയ്യുന്നതിനും ബിസിനസ്സിനും സേവനങ്ങൾക്കും വേണ്ട പ്ലാറ്റുഫോമുകൾ ഒരുക്കി മനുഷ്യജീവിതത്തെ അത് പൂണ്ടടക്കം പിടിച്ചു. വികസനത്തിനും ഭരണത്തിനും ഡിജിറ്റൈസേഷൻ വേണം. ആർക്കും ഇതിൽനിന്ന് മോചനമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജി.പി.റ്റിയും ഇപ്പോൾ എല്ലാ മേഖലകളേയും ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. ആളുകൾ തിരക്കിട്ട് അവരവരുടെ മേഖലയിൽ എങ്ങനെ ഇവ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുന്നു. പരിശീലനം നേടുകയും നൽകുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ പരീക്ഷ എഴുതാനും അസൈൻമെന്റുകൾ ചെയ്യാനും മത്സരങ്ങൾക്കും ഇവ പ്രയോജനപ്പെടുത്തുമ്പോൾ മത്സരങ്ങൾ തന്നെ \ഒഴിവാക്കുന്നതാവുമോ നല്ലത് എന്നും ചിന്തിക്കേണ്ടി വരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജി.പി.റ്റിയും  ഇപ്പോൾ എല്ലാ മേഖലകളേയും  ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജി.പി.റ്റിയും ഇപ്പോൾ എല്ലാ മേഖലകളേയും ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്.

ഒട്ടേറെ ആശങ്കകളും തുടക്കം മുതൽ ഡിജിറ്റാലിറ്റി ഉയർത്തിയിട്ടുണ്ടുതാനും. മനുഷ്യരെ ഏറ്റവും നന്നായി നിരീക്ഷണ (surveillance) വിധേയരാക്കാൻ കഴിയുന്നു എന്നത് ഒരു പ്രശ്നം. വളരെ വേഗത്തിൽ ശേഖരിക്കാനും വിശകലനം ചെയ്യാനും ഉപയോഗപ്പെടുത്താനും പാകത്തിൽ ഡേറ്റ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതെല്ലാം അധികാരമുള്ളവരുടെ നിയന്ത്രണത്തിലായിരിക്കുന്നത് മറ്റുള്ളവരെ ആശങ്കപ്പെടുത്തും. ഡോക്ടർമാരടക്കം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമോ എന്ന് ഭയക്കുന്ന പല വിഭാഗം തൊഴിൽ ചെയ്യുന്നവരുമുണ്ട്. അധികാരികൾ നുണ പ്രചാരണത്തിന് ആശ്രയിക്കുന്നതും ഇതുതന്നെ. പല തരം ദുരുപയോഗത്തിനും ഇത് മീഡിയമാകുന്നു.

സിനാപ്സുകൾ (synapses) നിരന്തരം കൈ കോർക്കുന്ന ലോകമാണ് ഡിജിറ്റലിന്റേത്. ഇടതടവില്ലാത്ത ഈ അറിയിക്കലിന്റെ പ്രവാഹം മനുഷ്യരുടെ ബൗദ്ധികമായ ഇന്ദ്രിയങ്ങളുടെ വികാസമല്ലാതെ മറ്റൊന്നുമല്ല.

എന്നാൽ, ഡിജിറ്റൽ ആവുക വഴി മനുഷ്യവംശം എന്ന നിലക്ക് യഥാർത്ഥത്തിൽ നമ്മൾ എത്രത്തോളം മാറി? ചിഹ്നങ്ങളുടെയും ഭാഷയുടെയും സമാന്തരമായ സൂക്ഷ്മലോകം സൃഷ്ടിച്ച മനുഷ്യർ, ഇത് അന്യമായി കാണേണ്ടതില്ല. അതേ ടെക്‌നോളജിയുടെ മറ്റൊരു രൂപം മാത്രമാണിത്. മനുഷ്യരുടെ സഹജമായ പ്രകൃതിയുടെ ഒരു പ്രകടനം. ചിഹ്നവ്യവസ്ഥയുടെ ചടുലവും ക്രമബദ്ധവുമായ രൂപാന്തരം എന്ന് വേണമെങ്കിൽ പറയാം. സിനാപ്സുകൾ (synapses) നിരന്തരം കൈ കോർക്കുന്ന ലോകമാണ് ഡിജിറ്റലിന്റേത്. ഇടതടവില്ലാത്ത ഈ അറിയിക്കലിന്റെ പ്രവാഹം മനുഷ്യരുടെ ബൗദ്ധികമായ ഇന്ദ്രിയങ്ങളുടെ വികാസമല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരോട് സഹകരിച്ചും പ്രതിബദ്ധപ്പെട്ടും ജീവിതം നയിക്കുക എന്നത് മനുഷ്യർ ആർജ്ജിച്ച സ്വഭാവമാണ്. അത് മനുഷ്യരെ ധാർമ്മികബോധമുള്ളവരാക്കുന്നു.

മറുവശത്ത്, മറ്റുള്ളവരെ അടിച്ചമർത്താനും ചൂഷണം ചെയ്യാനും മനുഷ്യർക്ക് കഴിയും. രണ്ടുതരത്തിലുള്ള നിലനില്പിനും ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിക്കാനാവും. ഇത് ഇനി വേണ്ടെന്ന് വക്കാൻ കഴിയില്ല. ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ മാത്രമേ കഴിയൂ. ഡിജിറ്റൽ ആയിരിക്കുക എന്നാൽ ഇക്കാലത്ത് മനുഷ്യരായിരിക്കുക എന്നാണർത്ഥം.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments