കുളത്തിൽ ചെറിയ മെച്ചിങ്ങ വീഴുമ്പോഴുണ്ടാകുന്ന മാതിരി ഒരു ശബ്ദം കേട്ട് നേരത്തേകാലത്തെഴുന്നേൽക്കും. മൊബൈലിൽ ആരുടെയോ മെസ്സേജ് വീഴുന്നതാണ്. നോക്കണ്ടെന്നു കരുതും. വല്ല അടിയന്തിര കാര്യവുമാണെങ്കിലോ എന്ന് സംശയമുണരും. ഒരുതരം ആധി പൂണ്ട് അറിയാതെ അതിലേക്ക് വലിച്ചടുപ്പിക്കപ്പെടും. നോക്കുമ്പോൾ കാണുന്നത് മിക്കവാറും എന്റെ ബാല്യകാലസുഹൃത്ത് രാജന്റെ ഗുഡ്മോണിങ് സന്ദേശമാകും. പിന്നെ പലരുടേതും തുരുതുരാ വന്നുകൊണ്ടിരിക്കും. പ്രതികരിക്കില്ല. കുറ്റബോധം കിനിഞ്ഞുവരും. സ്നേഹപൂർവ്വം ഒരാശംസ പറഞ്ഞ ആളോട് മനംതിരിച്ചുനിന്നതു കുറ്റമല്ലേ? അങ്ങനെ കാലത്തുതന്നെ കുറ്റക്കാരനാകുന്നു.
വേറെയും സന്ദേശങ്ങൾ വന്നുകിടക്കുന്നുണ്ടാകും. ഗ്രൂപ്പുകളിലേത് മിക്കവാറും ഒന്നാകെ വടിച്ചുകളയും; ആല വൃത്തിയാക്കുന്നപോലത്തെ പണിയാണത്. ചില ചിന്തകരുടെ സന്ദേശങ്ങൾ നോക്കും. അവ ഫേസ്ബുക് കുറിപ്പുകളിലേക്ക് വലിച്ചിഴയ്ക്കും. കൊളുത്തി വലിച്ചുകൊണ്ടുപോവുകയാണ്. ചെമ്മീൻ എന്ന സിനിമയിൽ സത്യനെയും വലിച്ച് സ്രാവു പോകുന്ന പോക്കുപോലെ പോകുന്നു. ആഴിത്തിരമാലകളെന്നപോലെ അലച്ചുവരുന്ന സന്ദേശങ്ങളിലൂടെ എന്തെല്ലാം വിനിമയങ്ങൾ. അതുവഴി എവിടെയൊക്കെയാണെത്തിപ്പെടുകയെന്നു പറയാനാവില്ല. ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ കാര്യത്തെപ്പോലെ പെരുമാറി വശംകെടുത്തും. വിട്ടുമാറാൻ പണിയാണ്. വേറെ പണികളിലേക്ക് ശക്തമായ വിളി വന്നാൽ മാത്രമേ ഒരു മോചനമുണ്ടാകൂ.
പ്രത്യേകിച്ച് വിജ്ഞാനമൊന്നും പറയാനില്ലാത്ത ഇത്തരം ‘വൈജ്ഞാനിക’യാത്രകൾ ഒന്നിനു പിന്നാലെ ഒന്നായി നടക്കും. അടിയന്തരമായി വാങ്ങി സ്വന്തമാക്കിയില്ലെങ്കിൽ വലിയ കുറവായിപ്പോകും എന്നു തോന്നിക്കുന്ന സാധനങ്ങൾക്ക് ഗൂഗ്ൾ പേ ചെയ്തും, ക്യാഷ് ഓൺ ഡെലിവറിയായും ഓർഡർ കൊടുക്കാൻ കൈ തരിക്കും. പഴയ കമാന്റിങ്ങ് പവറുള്ള ഉൾക്കർത്താവിന്റെ ശാസനയിൽ മിക്കപ്പോഴും കഷ്ടിച്ചു രക്ഷപ്പെടും. ഏഷ്യാനെറ്റിലും കൈരളിയിലും റിപ്പോർട്ടറിലും മനോരമയിലും വരുന്ന വാർത്തകൾ താരതമ്യപഠനം നടത്തും. രാഷ്ട്രീയനിരീക്ഷണങ്ങളിലേക്ക് കണ്ണുതെന്നിവീഴാം. സഫീറിന്റെ, രാജന്റെ, ആസാദിന്റെ, ജോസഫിന്റെ, വാസുവിന്റെ, ജോണിയുടെ, ഉമ്മറിന്റെ, ജോയിയുടെയൊക്കെ പോസ്റ്റുകൾ വായിച്ച് പ്രബുദ്ധനാകാം. കവിത, കമ്യൂണിസം, ജനാധിപത്യം, കള്ളത്തരങ്ങൾ ഒക്കെ വായിച്ചു ഹൃദിസ്ഥമാക്കാം. മാർക്കറ്റു ചെയ്യുന്ന ജീവിതശൈലീരോഗങ്ങളും ചികിത്സകളും സ്വീകരിക്കാം.
പത്രം വന്നു കിടപ്പുണ്ട്. നോക്കിയാൽ കാണുന്നതെല്ലാം അറിഞ്ഞുകഴിഞ്ഞ വാർത്തകൾ. ചത്ത വാർത്തകൾ. കറുപ്പുമഷി പുരണ്ടവ. ‘ബീജിയെം’ പോയ വിവാദങ്ങൾ.
ചങ്ങാതിമാർ ലോകം ചുറ്റുന്നത്, പുസ്തകം പ്രസിദ്ധീകരിക്കുന്നത്, പ്രൊമോഷൻ കിട്ടി സന്തോഷിക്കുന്നത്, ജന്മദിനങ്ങൾ വന്നു കെട്ടിപ്പുണരുന്നത്, പെണ്ണുകെട്ടിയതിന്റെ വാർഷികം ആഘോഷിക്കുന്നത്, മരിച്ചവർ തിരിച്ചുവരുന്നത്, സമ്മർദ്ദരോഗങ്ങൾക്ക് യോഗവിദ്യയാൽ ശമനമുണ്ടാകുന്നത്, ലോകം നന്നാക്കാൻ പരിശ്രമിക്കുന്ന ത്യാഗികൾ പെടാപ്പാടു പെടുന്നത്, ന്യായീകരണങ്ങൾ, ഗോസിപ്പുകൾ, വെല്ലുവിളികൾ. എന്തെല്ലാം വിവരങ്ങളും വിദ്യകളും നിറഞ്ഞതാണ് ഈ ലോകം എന്ന് വെറുതെ വിസ്മയിക്കും. എന്നാലും ഇതൊക്കക്കൂടി പ്രേക്ഷകരോട് ചെയ്യുന്നതെന്താണെന്ന് ചിലപ്പോൾ വിചാരിക്കാറുണ്ട്. വെറുതെ വിഭ്രമിപ്പിക്കുകയോ? ഇച്ഛകളിൽ കൊരുത്തെടുക്കുകയോ?
സത്യം പറഞ്ഞാൽ, വാർത്തകളൊക്കെ മടുത്തു. മിക്കതും വ്യാജോക്തികളാണെന്നറിഞ്ഞ് വിശ്വാസം നഷ്ടപ്പെട്ടു. പ്രളയത്തിൽ, ദുരിതത്തിൽ, ദുരന്തത്തിൽ, കലാപത്തിൽ, വാഗ്വാദത്തിൽ മുഴുകിയ ഒരു റിയൽ ലോകമുണ്ട്. അതൊക്കെ കാണിച്ച് നെഹ്രു ട്രോഫി വള്ളംകളി റിപ്പോർട്ട് ചെയ്യുന്ന മട്ടിൽ തുടർച്ചയായി വിളിച്ചുപറഞ്ഞ് കാരുണ്യവർഷത്തിന്റെ ഉരുൾ പൊട്ടിക്കുന്നു. ഉരുളിനെ ഉരുൾകൊണ്ട് പ്രതിരോധിക്കുകയാകാം. ഇതൊക്കെ എന്തു സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഒരുവേള ആലോചിച്ച് പണ്ടത്തെ പാവം ജീവിതത്തിലേക്ക് മടങ്ങും. പത്രം വന്നു കിടപ്പുണ്ട്. നോക്കിയാൽ കാണുന്നതെല്ലാം അറിഞ്ഞുകഴിഞ്ഞ വാർത്തകൾ. ചത്ത വാർത്തകൾ. കറുപ്പുമഷി പുരണ്ടവ. ‘ബീജിയെം’ പോയ വിവാദങ്ങൾ.
അല്പം വൈജ്ഞാനികവൃത്തികളിലാകാമിനി എന്നു കരുതി നെറ്റിൽ അവൈലബിളായ മാസികകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ പരതിനീങ്ങും. വായിച്ചെത്തിക്കാനാവാത്തവയുടെ സംഗ്രഹങ്ങൾ, യൂട്യൂബ് ക്ലാസുകൾ, പുസ്തകവിവരങ്ങൾ - അങ്ങനെ പോകും. വീക്കിലി വായനയും പുസ്തകവായനയും കുറഞ്ഞു. ഉള്ളതിനുതന്നെ പ്രചോദനമാകുന്നത് ഈ സ്ക്രീൻവായനയാണ്. ഇങ്ങനെ വായിച്ചാൽ വളയും എന്നാണ് ഒരു സ്നേഹിതന്റെ കമന്റ്. വെറുതെ തോന്നുന്നതാണ്. വളവുകൾ അടിസ്ഥാനപരമായി നേരെയാണ് എന്ന വസ്തുത, അല്ലെങ്കിൽ നേരെയെന്നു പറയുന്നതിൽ വളവുകൾ അന്തർല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ സോൾവു ചെയ്യാവുന്ന കാര്യങ്ങളേയുള്ളു അതിലൊക്കെ.
സൈബോർഗുകളെക്കുറിച്ചുള്ള കാത്തിരിപ്പിന്റെ അവസാന ഊഴത്തിലൂടെയാണ് നമ്മുടെ കാലം കടന്നുപോകുന്നത് എന്ന് ഒരു ചരിത്രകാരൻ അടിവരയിട്ടു പ്രസംഗിക്കുന്നതു കേട്ട് എനിക്കു ഉൾപ്പുളകമുണ്ടായി.
ഇടയ്ക്ക് വീടിനു മുന്നിലൂടെ പോകുന്ന റോഡിലും ചുറ്റുവട്ടത്തിലുള്ള പറമ്പിലും ഇറങ്ങിനടക്കും. പറമ്പിൽ ഇപ്പോൾ കാര്യമായ കൃഷിയൊന്നുമില്ല. കുറച്ചു തെങ്ങുണ്ട്. കൃഷിവകുപ്പിൽനിന്നു വാങ്ങിവെച്ച തെങ്ങിൻതൈകളോടൊപ്പം എത്തിച്ചേർന്ന നല്ലയിനം ചെള്ളുകളാൽ അവ നിത്യശാന്തി കാത്തുകിടക്കുന്നു. പത്ത് അടയ്ക്കാമരമുള്ളതിൽ ആസാമിയൊരാൾ വല്ലപ്പോഴും വന്നുകേറിപ്പറിച്ചുതന്നാൽ പറിച്ചുണക്കി തൂക്കിവിൽക്കാം. പത്തു കാശു കിട്ടും. നാലു വാഴവെച്ച് വളം ചെയ്താൽ കാടിറങ്ങിയ കാട്ടുപന്നികൾ കൂട്ടത്തോടെ വരും. പണ്ട് ഇവിടൊന്നും ഇല്ലായിരുന്നു. പെരുവണ്ണാമൂഴിയിലൊക്കെ അവ പണിയാളരായി എത്തിയത് പത്തിരുപതു വർഷം മുമ്പാണ്. ഇപ്പം ഇവിടെയെത്തി. വൈകാതെ നടുവണ്ണൂരും കൊയിലാണ്ടിയിലും കോഴിക്കോട്ടും എത്തുമായിരിക്കും. പരിസ്ഥിതിലോലപ്രദേശം പടിഞ്ഞാറോട്ട് വളരുകയാണ്, വികസിക്കുകയാണ്. എന്നാൽ, കാട്ടുപന്നികൾക്ക് പ്രവേശനമില്ലാത്ത ദേശമുണ്ട്. അതാണ് ഡിജിലോകം.
ഉഭയജീവിതമാണ് നയിക്കുന്നതെന്നു പറയാം. അനലോഗിലായിരുന്നു ഭാഷാർജ്ജനകാലത്തെ ജീവിതം. ഇപ്പോൾ മിക്കവാറും ഡിജിറ്റലായി. അതിന്റെ പൂർണ്ണതയിലേക്കു ലോകം സഞ്ചരിക്കുകയാണ്എന്നു കേൾക്കുന്നു. എ ഐയും എ ആറും ഒക്കെച്ചേർന്നു സമ്പന്നമായ ലോകം വന്നുകഴിഞ്ഞു. സൈബോർഗുകളെക്കുറിച്ചുള്ള കാത്തിരിപ്പിന്റെ അവസാന ഊഴത്തിലൂടെയാണ് നമ്മുടെ കാലം കടന്നുപോകുന്നത് എന്ന് ഒരു ചരിത്രകാരൻ അടിവരയിട്ടു പ്രസംഗിക്കുന്നതു കേട്ട് എനിക്കു ഉൾപ്പുളകമുണ്ടായി. രക്ഷകനെ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള മിത്തിന്റെ ഏതോ പുതുക്കിയ അവതരണമായി തോന്നിയാകണം പുളകിതനായത്. ചരിത്രം വളയുകയാണ്, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയൊരു വളവിലൂടെ പോവുകയാണത്രേ. എന്റെ തലമുറ വളയുന്നുവെന്ന്. ചരിത്രത്തിൽ ഇത്ര വ്യക്തമായി പരിണാമത്തിന്റെ പടവു കയറുന്നത് നോക്കിക്കാണാൻ പൂർവ്വികർക്കു സാധിച്ചിരിക്കില്ല. ഇതാ നമ്മൾ കാലഹരണപ്പെടുന്നു എന്നു നോക്കിക്കാണുകയാണ് ഞങ്ങൾ.
നോക്കിനിൽക്കെ ടേണെടുക്കുകയാണ്. എങ്ങോട്ടാണീ സഞ്ചാരം എന്നൊക്കെയൊന്നു ചിന്തിക്കാൻ കഴിയുംമുമ്പേ സലാം പറഞ്ഞു പിരിയുകയാണ് ലോകം. കണ്ണടച്ചുള്ള പ്രതിരോധപ്രവർത്തനമല്ലാതെ മറ്റൊന്നും സാദ്ധ്യമല്ലാത്ത കാലമാണ്.
യക്ഷികൾ അഭയാർത്ഥികളായി മാറുന്ന ഒരു യുഗപരിവർത്തനത്തെക്കുറിച്ചാണ് വൈലോപ്പിള്ളി പാടിയത്. അതും കുറെയൊക്കെ സമയമെടുത്ത പരിവർത്തനമായിരുന്നു. മനുഷ്യാന്തസ്സിന്റെ പ്രഘോഷണം രൂപപ്പെട്ടു പ്രചരിച്ച കാലം. രണ്ടു മൂന്നു നൂറ്റാണ്ടെടുത്തിരുന്നു അതിന്. ലോകം മുഴുവൻ പ്രബുദ്ധമാക്കാൻ. ഇതങ്ങനെയല്ല. നോക്കിനിൽക്കെ ടേണെടുക്കുകയാണ്. എങ്ങോട്ടാണീ സഞ്ചാരം എന്നൊക്കെയൊന്നു ചിന്തിക്കാൻ കഴിയുംമുമ്പേ സലാം പറഞ്ഞു പിരിയുകയാണ് ലോകം. കണ്ണടച്ചുള്ള പ്രതിരോധപ്രവർത്തനമല്ലാതെ മറ്റൊന്നും സാദ്ധ്യമല്ലാത്ത കാലമാണ്. കണ്ണു തുറന്നാൽ കാഴ്ചകൾ വന്നു കൂട്ടിക്കൊണ്ടുപോകും. ആഖ്യാനങ്ങളുടെ കടലിലേക്ക്. അവിടെ ആഖ്യാതാക്കൾ പെരുകുന്നു. ഭാഷയും പെരുകുന്നു. ആളുകൾ കണ്ടുകണ്ട് പെരുകുന്നത് മറ്റൊരു വശം. ഇതിനിടയിൽ ചുരുങ്ങിച്ചുരുങ്ങി ബിന്ദുക്കളായി ചിതറിപ്പോവുകയെന്നതാണ് കാണികളുടെ പണി. മിണ്ടാനൊക്കില്ല. മിണ്ടിയാൽ പോക്കറ്റിൽ കൈയിടും. അല്ലെങ്കിൽ ‘തെണ്ടീ’ എന്നു വിളിക്കാതെ വിളിക്കും. ചായക്കടയിലോ കള്ളുഷാപ്പിലോ മാത്രമല്ല, വികസനത്തിലോ ദുരന്തസന്ദർഭത്തിലോ കൊള്ളില്ലെന്നു കണ്ട് വിലക്കപ്പെട്ട രാഷ്ട്രീയം പരിശീലിക്കുന്നവർ അരാഷ്ട്രീയവാദീ എന്നു വിളിക്കും. സംഘിയാക്കും. കാസയാക്കും. പെരിച്ചാഴിയാക്കും. നിന്ദ്യനും നീചനുമാക്കും. വർഗ്ഗീയവാദിയാക്കും. ഈ നാട്ടിൽ അതിൽക്കവിഞ്ഞുള്ള ഒരു കൊലയുമില്ല.
ഇമ്മാതിരി കവിണക്കല്ലേറ് ഏൽക്കുന്നവർക്ക് ഒരു സുഖവുമില്ല. എന്നല്ല, കഠിനമായ വേദനയുണ്ടാകും. എന്തു പറഞ്ഞാലും പോടാ എന്നു വെയ്ക്കുന്ന അൻവറു പോലും തന്നെ വർഗ്ഗീയവാദിയാക്കാൻ തുനിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു പൊടിഞ്ഞുപോയി. അതിനൊപ്പം പോലും മനക്കട്ടിയില്ലാത്തതിനാൽ മിണ്ടാതെ, ചുമ്മാതെ സിനിമകൾ കാണും. കണ്ട സിനിമകൾതന്നെയാണ് കാണുന്നത്. നല്ല നല്ല സിനിമകൾ. ക്ലാസ്സിക്കുകൾ. അപ്പുറത്തിരുന്നു കുട്ടികൾ കൊറിയൻ സീരീസുകൾ കാണുന്നു. ബി ടി എസ് പോലുള്ള ബാന്റുകൾ കണ്ടും കേട്ടും രസിക്കുന്നു. അത് രസിക്കലല്ല വാസ്തവത്തിൽ. ആനന്ദിക്കൽ പോലുമല്ല. എൻജോയ് ചെയ്യലാണ്. ഇന്ത്യാ രാജ്യത്ത് കാര്യമായി വേരുകളില്ലാത്ത അനുഭവമാണത്. അതിനെ വിവർത്തനം ചെയ്യുമ്പോൾ ചില ധ്വനികൾ ചോർന്നുപോകുന്നു. അതാണ് അതിന്റെ തനിമയെയും നൂതനതയെയും നിശ്ചയിക്കുന്നത്.
പുതിയ സാങ്കേതികവിദ്യകൾ നിരനിരയായി അവതരിച്ച് വിപ്ലവകരമായ പരിവർത്തനത്തിലൂടെ, തിടുക്കങ്ങളിലൂടെ, വിർച്വലായ നഗരത്തിന്റെ ഇടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. പുതിയ സാക്ഷരതകൾ സമ്മാനിക്കുന്നു. ഒപ്പം സദാ നിരീക്ഷണത്തിലുമാണ്.
ഞാനിവിടെ ക്ലാസ്സിക്കെന്നും പറഞ്ഞ് കുട്ടികൾക്ക് ബോറടിക്കുന്ന സിനിമകൾ കണ്ട് അയവിറക്കുകയാണ്. അയവിറക്കൽ പശുക്കളെപ്പോലുള്ള, പോത്തുകളെപ്പോലുള്ള ജന്തുക്കളുടെ പണിയാണ്. രസിക്കൽ, ഒന്നാലോചിച്ചാൽ അയവിറക്കലിന്റെ പര്യായമാണ്. രസിച്ചു ശീലിച്ച ബോറുകാലം നമ്മെ ചവുട്ടി കടന്നുപോവുകയാണ്. പുതിയ സാങ്കേതികവിദ്യകൾ നിരനിരയായി അവതരിച്ച് വിപ്ലവകരമായ പരിവർത്തനത്തിലൂടെ, തിടുക്കങ്ങളിലൂടെ, വിർച്വലായ നഗരത്തിന്റെ ഇടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. പുതിയ സാക്ഷരതകൾ സമ്മാനിക്കുന്നു. ഒപ്പം സദാ നിരീക്ഷണത്തിലുമാണ്. കണക്റ്റഡാണ് നാമെപ്പോഴും. പുസ്തകം കൈയിലെടുക്കുന്നതുപോലെ വൈകി മാത്രം മനസ്സിലാക്കപ്പെടുന്നതല്ല നമ്മുടെ വിചാരപ്രവർത്തനങ്ങൾ. അതും ഡാറ്റയായി അപ്പപ്പോൾ മാറുന്നുണ്ട്, നിർമ്മിതബുദ്ധിയുമായിച്ചേർന്നുള്ള ഇടപാടുകൾ എന്നുവേണ്ട, ഏറ്റവും ലളിതമായ ഒരു ക്ലിക്കുപോലും ഡാറ്റയായി അങ്ങോട്ടു പോവുകയാണ്. ഇങ്ങോട്ട് എടുക്കുമ്പോൾ അങ്ങോട്ടു പോകുന്നുണ്ട് പലത്. നീ പകർന്നീടുമിത്തണ്ണീർ തന്നുടെ തുള്ളികളോരോന്നും അന്തമറ്റ സുകൃതഹാരങ്ങൾ നിന്നന്തരാത്മാവിലർപ്പിക്കുന്നു.
ഒരാൾക്ക് ഈ പ്രതിപ്രവർത്തനസാദ്ധ്യതകളിൽ മൂല്യവത്തായ സ്വതന്ത്രതയെ ദർശിക്കാം. മറിച്ച്, പേടിപുരണ്ട അസ്വതന്ത്രത അനുഭവിക്കുകയും ചെയ്യാം. അതിന്റെ ഒരു ഫിയറുണ്ട്. ഒരു തരം അരുതായ്മാബോധമുണ്ട്. സ്വകാര്യത, വ്യക്തിഗതവിവരങ്ങൾ, സമ്പാദ്യം ഒക്കെ കൊള്ളയടിക്കപ്പെടാമെന്ന ഭീതിയുണ്ട്. എങ്കിലും ഈ വെർച്വൽജീവിതം ഉപേക്ഷിക്കാൻ കഴിയില്ല. യഥാർത്ഥമെന്നു കരുതിപ്പോരുന്ന നമ്മുടെ പൊതുപെരുമാറ്റമണ്ഡലങ്ങളെ വിട്ടകന്ന്, മനുഷ്യബന്ധങ്ങളെ വിട്ടകന്ന്, ഇടവേളകളില്ലാത്ത പണികളിലേർപ്പെട്ട് മനുഷ്യർ വിദൂരവത്കരിക്കപ്പെട്ടുപോവുന്നുവെന്നു വിലയിരുത്താനൊക്കെ പറ്റും. മാനുഷികബന്ധങ്ങളുടെ നഷ്ടം എന്നൊക്കെ വിലപിക്കുകയും ചെയ്യാം. അതിലൊന്നും വലിയ കാര്യമുണ്ടാകില്ല. പുതിയ സാമൂഹികതയാണിത് എന്നു മനസ്സിലാക്കുകയേ തരമുള്ളൂ. പുതിയ ആത്മീയതയും പുതിയ പൗരത്വവും പുതിയ പഠനശൈലിയും പുതിയ സദാചാരവും പുതിയ രാഷ്ട്രീയവും പുതിയ കരുതലും സൂക്ഷവും അനിവാര്യമാക്കുന്നുണ്ട് ഇത്. ഇതൊക്കെ ഇനി എത്രകാലത്തേക്കെന്നറിയില്ലെങ്കിലും.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
സംഗമേശ്വരൻ മാണിക്യം • എൻ.കെ. ഭൂപേഷ് • പ്രേംകുമാർ ആർ. • ലാസർ ഷൈൻ • ഇ. ഉണ്ണികൃഷ്ണൻ • സാക്കിർ ഹുസൈൻ • കുഞ്ഞുണ്ണി സജീവ് • പ്രവീണ വി. • മുഹമ്മദ് അബ്ബാസ് • സുധീഷ് കോട്ടേമ്പ്രം • ഡോ. ആന്റോ പി. ചീരോത • അശോകകുമാർ വി. • Read More