‘തട്ടിക്കൂട്ടിപ്പൂട്ടിപ്പിടിച്ചാക്കുതിരയെ
നടുറോട്ടൂടെയോടിച്ചു വേഗം'
ശ്രീനാരായണഗുരു എഴുതിയ സുബ്രഹ്മണ്യ കീർത്തനത്തിലെ വരിയാണിത്. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിൽ അഗാധജ്ഞാനമുള്ള ഗുരുവാണ് ഈ കീർത്തനത്തിൽ ‘നടുറോട്ടൂടെ’ എന്നുപയോഗിച്ചിരിക്കുന്നത്. എഴുത്തിലും ഉരിയാടലിലും അമിത ശ്രദ്ധ പുലർത്തിയിരുന്ന ഗുരു എന്തുകൊണ്ട് ‘റോട്ടൂടെ' എന്ന് പ്രയോഗിച്ചു എന്ന് അത്ഭുതം തോന്നുക സ്വാഭാവികം. അദ്ദേഹത്തിന്റെ മറ്റ് രചനകളിലൊരിടത്തും ഇംഗ്ലീഷ് വാക്കുകൾ കണ്ടിട്ടില്ല. നടുറോഡ് എന്ന വാക്കിന് പകരമായി മറ്റ് പദങ്ങൾ അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു.
തനിക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാരാണെന്ന് ഗുരു പറഞ്ഞതുപോലെ, ‘ഡിജിറ്റൽ ലോകം ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു’ എന്ന് നമുക്ക് പറയാൻ കഴിയുമോ?
കീർത്തനത്തിൽ എന്തുകൊണ്ട് ഇവ്വിധമൊരു വാക്ക്?
വഴികൾ എല്ലാവർക്കും പ്രവേശിക്കുവാനായി തുറന്നുകൊടുക്കപ്പെട്ടില്ലെങ്കിലും റോഡ് എന്നവാക്കിന് ഉച്ചനീചത്വം ഇല്ലായിരുന്നതാവാം ഒരു കാരണം. അതല്ലെങ്കിൽ ‘നടുറോട്ടൂടെ’ എന്ന പ്രയോഗത്തിലെ താളമാവാം. അതുമല്ലെങ്കിൽ എല്ലാവർക്കും സുപരിചിതമായത് എന്ന വിചാരവുമാവാം. എന്തുതന്നെയായാലും ഇംഗ്ലീഷ് പദങ്ങൾ ഒറ്റയ്ക്കും തെറ്റയ്ക്കും, ഭാഷണത്തിൽ സ്വാഭാവികമായിരുന്ന ഒരു കാലത്തെ എതിർപ്പില്ലാതെ സ്വീകരിക്കുകയായിരുന്നു ഗുരു.
ഇംഗ്ലീഷ് പദപ്രയോഗങ്ങൾ നമുക്കിടയിൽ മലയാളം വാക്കുകളായി പരിണമിച്ചിട്ട് എത്രയോ കാലമായന്ന് നമുക്കറിയാം. വി.ടി.ഭട്ടതിരിപ്പാട് ആദ്യമായി കൂട്ടിവായിച്ച മാൻ മാർക്ക് കുടയിൽ പകുതി ഇംഗ്ലീഷായിരുന്നു എന്നത് മറ്റൊരു കൗതുകമാകുന്നത് അങ്ങനെയാണല്ലോ. തമിഴർക്ക് ടീ എന്നതുപോലെ ഉപചാരങ്ങൾക്ക് നമ്മൾ പ്രയോഗിക്കുന്നതും ഇംഗ്ലീഷാണ്. നന്ദിക്കുപകരം താങ്ക്സ്, ക്ഷമിക്കണം എന്നതിന് പകരം സോറി എന്നിവ ഉദാഹരണം. ഭാഷയിൽ മാത്രമല്ല ജീവിതശൈലിയിലും നമ്മൾ മലയാളിത്തം ഉപേക്ഷിക്കുകയും പലതരം സംസ്കാരക്കലർപ്പുകളിൽപ്പെടുകയും ചെയ്തു. മനുഷ്യജീവിതത്തിൽ ഇമ്മട്ടിലുള്ള കലർപ്പ് അനിവാര്യമാണ്.
ഇന്നത്തെ കലർപ്പ് എല്ലാവരേയും ഒരേപോലെ പരിഗണിക്കുന്നുവെന്ന തോന്നൽ സൃഷ്ടിക്കുന്ന ഡിജിറ്റൽ ലോകത്തിന്റേതാണ്. നമ്മുടെ ദൈനംദിന ഭാഷ ഈ ഡിജിറ്റൽ ലോകം പ്രദാനം ചെയ്ത ഭാഷയിലായിരിക്കുന്നു. ആ ഭാഷയാവട്ടെ ഒറ്റയ്ക്ക് നിൽക്കുകയല്ല. കേവലം ഉപചാരവാക്കുകളോ വിടപറയൽ മൊഴിയോ ആയിട്ടല്ല അതിന്റെ അസ്തിത്വം ഉറപ്പിച്ചിരിക്കുന്നത്. അത് നമ്മുടെ ജീവിത ചര്യയിലെ പ്രധാന ഇടപാടുകാരായി മാറിക്കഴിഞ്ഞിരിക്കുന്നു. അൽഗോരിതമെന്നത് നമ്മളെ വിടാതെ പിൻതുടരുന്ന ഒരു ചാരക്കണ്ണായിരിക്കുന്നു. ചിന്തയിൽ, ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ- ഇങ്ങനെ നാനാവിധ സഞ്ചാരങ്ങളുടെ ക്രമം നിശ്ചയിക്കുന്നത് ഈ ഡിജിറ്റൽ മസ്തിഷ്ക്കമാണ്. ഒരേസമയം അത് വിമോചനത്തിനായുള്ള വഴിയും തൊട്ടരികിൽ മുതലാളിത്ത വഴിയും ക്യാൻസൽ കൾച്ചറും ജാതിയും ലിംഗഭേദങ്ങളും തുറന്നിടുന്നു. ‘നിങ്ങൾ തെരഞ്ഞെടുക്കൂ നിങ്ങളുടെ വഴി’യെന്ന് നിരുപദ്രവമെന്ന് തോന്നുന്ന വിധം ഈ ലോകം നമ്മളെ ക്ഷണിക്കുന്നു.
തനിക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാരാണെന്ന് ഗുരു പറഞ്ഞതുപോലെ, ഡിജിറ്റൽ ലോകം ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു എന്ന് നമുക്ക് പറയാൻ കഴിയുമോ? റോട്ടിലൂടെ എന്ന് ഉച്ചരിക്കുന്നതിൽ നിന്ന് റോട്ടിലേക്ക് കടന്നുകയറുക കൂടിയാണ് വൈക്കത്ത് നടന്നത്. അങ്ങനെയെങ്കിൽ ഈ ഡിജിറ്റൽ റോട്ടിലെ ചതിക്കുഴികൾ അറിയുവാൻ, അത് മറികടക്കുവാൻ ഏത് ഭാഷയെ ആശ്രയിക്കണം?
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
സംഗമേശ്വരൻ മാണിക്യം • എൻ.കെ. ഭൂപേഷ് • പ്രേംകുമാർ ആർ. • ലാസർ ഷൈൻ • ഇ. ഉണ്ണികൃഷ്ണൻ • സാക്കിർ ഹുസൈൻ • കുഞ്ഞുണ്ണി സജീവ് • പ്രവീണ വി. • മുഹമ്മദ് അബ്ബാസ് • സുധീഷ് കോട്ടേമ്പ്രം • ഡോ. ആന്റോ പി. ചീരോത • അശോകകുമാർ വി. • Read More