ഈ ഡിജിറ്റൽ കാടോരം ചേർന്ന്
വെറും കൈയോടെ ഞാൻ നടക്കാനിറങ്ങുന്നു…

‘‘മുതിർന്നപ്പോൾ പൊതുവിടം ഇല്ലാത്തവളാണ് സ്ത്രീ എന്ന് ബോധ്യപ്പെട്ടു. പക്ഷേ, ഞങ്ങൾ ഭാഗ്യവതികളാണെന്ന് വൈകാതെ തിരിച്ചറിവായിരിക്കുന്നു. ചുമ്മാ കണ്ട സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായിരിക്കുന്നു. സോഷ്യൽ മീഡിയ എന്ന കവലിയിൽ ധൈര്യപൂർവ്വം തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു’’- മൈന ഉമൈബാൻ എ​ഴുതുന്നു.

കാടിന്റെ സംഗീതം കേട്ടുണരുന്ന ഒരു പുൽകൂടിലിലായിരുന്നു കുട്ടിയായിരുന്ന ഞാൻ. താഴെ കാട്ടരുവിയുടെ കളകളാരവം. നേരം വെളുത്താൽ ആറ്റിലേക്കിറങ്ങി ഏതെങ്കിലുമൊരു കല്ലിലിരുന്ന് വെള്ളത്തിലേക്ക് കാൽ നീട്ടിയിരിക്കുന്നു. ചെറുമീനുകൾ പാദത്തെ പൊതിയുന്നു. ചിലപ്പോൾ ആറ്റിൻ തീരത്തുകൂടി വെള്ളം തെറിപ്പിച്ച് നടക്കുന്നു. മറ്റു ചിലപ്പോൾ കാട്ടുവഴിയിലേക്ക് മഴയത്ത് തെന്നിക്കിടക്കുന്ന പാറ കയറുന്നു. അകലെ അകലേയ്ക്ക് ഞൊറികളോടെ നില്ക്കുന്ന നീലമലകൾ...

ആ മലകൾക്കപ്പുറം ലോകമുണ്ടെന്നെനിക്കറിയില്ലായിരുന്നു. ഉയർന്നു നിന്ന മലകൾക്കും കാടിനുമിടയിലൂടെ പടിഞ്ഞാറോട്ട് ഒരു കാട്ടാറൊഴുകുന്നു. അതെവിടെ ചെന്നെത്തുന്നു എന്നറിയില്ല. കടലിലേക്കെന്ന് സ്കൂളിൽ നിന്ന് പഠിച്ചിട്ടുണ്ട്. കടലെങ്ങനെയാണെന്നും അറിയില്ലായിരുന്നു. അതും സങ്കല്പം മാത്രമായിരുന്നു. മലഞ്ചെരുവുകളെ മുറിച്ചു കൊണ്ടൊരു പാത. അതിലെ വല്ലപ്പോഴുമൊക്കെ വാഹനങ്ങൾ കടന്നു പോയി. ആ വാഹനങ്ങളിലൊന്നിൽ കയറി എങ്ങോട്ടെങ്കിലും പോകാമെന്നും മോഹിച്ചിരുന്നില്ല. എങ്ങോട്ട് എന്ന ഇടം ഞങ്ങൾക്ക് അന്യമായിരുന്നു. ആധുനിക ലോകത്തായിരിക്കുന്നവർക്ക് ഞങ്ങളുടെ കുട്ടിക്കാലം തികച്ചും പ്രാകൃതമാണ്. പ്രഭാതത്തിൽ ഞങ്ങളുടെ കാലിൽ മഞ്ഞിൻ വെള്ളവും പുൽപ്പൊടികളുമായിരുന്നു. തണുത്ത കാറ്റിന്റെ താളത്തിനൊപ്പിച്ച്, ഈറ്റക്കാടുകളുടെ മർമരങ്ങൾക്കൊപ്പിച്ച് സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ അലഞ്ഞുനടന്നു.

ഒരുപക്ഷേ, എൺപതുകളിൽ ബാല്യം കടന്നു പോയവരൊക്കെ സമാനനുഭവങ്ങളുള്ളവരാവാം. നാട്ടിലും നഗരത്തിലും ചെറു വ്യത്യാസങ്ങളുണ്ടാവാനേ സാധ്യതയുള്ളു. ഞങ്ങളെ സംബന്ധിച്ച് ലോകം ചെറുതായിരുന്നു. മണ്ണിന്റെ ഗന്ധം നിറഞ്ഞ, കാടിന്റെ രുചി നിറഞ്ഞ വെള്ളത്തിന്റെ നനുനനപ്പാർന്ന ജീവിതം. എന്നുവെച്ച് അത് ആനന്ദങ്ങളുടേതാണെന്നർത്ഥമില്ല. പട്ടിണിയുടേയും കഷ്ടപ്പാടിൻ്റേതുമായ ചുറ്റുപാടുകളായിരുന്നു മുതിന്നവർക്ക്. അവിടെ നാളെയൊരു ഡിജിറ്റൽ ലോകത്ത് ജീവിക്കേണ്ടി വരുമെന്നത് വിദൂര സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.

ഞങ്ങളെ സംബന്ധിച്ച് ലോകം ചെറുതായിരുന്നു. മണ്ണിന്റെ ഗന്ധം നിറഞ്ഞ, കാടിന്റെ രുചി നിറഞ്ഞ വെള്ളത്തിന്റെ നനുനനപ്പാർന്ന ജീവിതം./photo: Facebook @__whisperingshadows.
ഞങ്ങളെ സംബന്ധിച്ച് ലോകം ചെറുതായിരുന്നു. മണ്ണിന്റെ ഗന്ധം നിറഞ്ഞ, കാടിന്റെ രുചി നിറഞ്ഞ വെള്ളത്തിന്റെ നനുനനപ്പാർന്ന ജീവിതം./photo: Facebook @__whisperingshadows.

രണ്ടോ മൂന്നോ കട്ട ബാറ്ററി ടോർച്ച്, റേഡിയോ ഇതുമാത്രമായിരുന്നു ഇലക്ട്രോണിക് ഉപകരണങ്ങൾ. കറണ്ട് എല്ലായിടത്തും എത്തിയിട്ടില്ല. സന്ധ്യയായാൽ ഞങ്ങൾ കാട്ടിൽ ലയിക്കുന്നു. സ്വച്ഛമായി കിടന്നുറങ്ങുന്നു.

ഇന്ന് നമുക്കറിയാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ ഞങ്ങളുടെ ലോകത്തുണ്ടായിരുന്നില്ല. ഞാൻ ആദ്യം കണ്ട ഡിജിറ്റൽ ഉപകരണങ്ങൾ വാച്ചുകളോ കാൽക്കുലേറ്ററോ ആയിരുന്നു. അക്കങ്ങൾ എഴുതിക്കാണിക്കുന്നു എന്നാണ് അവയെപ്പറ്റി മനസിലാക്കിയത്. എന്നാൽ അവയിൽ എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. അക്കാലത്ത്, സൂചിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന മനോഹരമായ അനലോഗ് വാച്ചുകളുടെ വൈവിധ്യത്തിലായിരുന്നു കണ്ണ്!

ഈ അനലോഗ് ലാളിത്യം ഉടൻ തന്നെ ഒരു ഡിജിറ്റൽ യാഥാർത്ഥ്യത്തിലേക്ക് വഴിമാറുമെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു. വർഷങ്ങൾ കടന്നുപോകുന്തോറും നമ്മൾ എങ്ങനെ ജീവിക്കുന്നു, ജോലിചെയ്യുന്നു, പരസ്പരം ആശയവിനിമയം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളിൽ വലിയ രീതിയിൽ മാറ്റം വരുന്നുവെന്ന് വിചാരിക്കാൻ സാധിച്ചില്ല. ഒരുപക്ഷേ, 'കാടൻ ' ജീവിതത്തിൽ നിന്നും ഡിജിറ്റൽ ജീവിതത്തിലേക്കുള്ള പരിവർത്തനം. ഡിജിറ്റൽ ലോകം പൂർണ്ണമായും എത്തിക്കഴിഞ്ഞിരിക്കുന്നു.

ഡിഗ്രി ക്ലാസിൽ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടർ കീബോർഡിൽ തൊടുന്നത്. ഡിജിറ്റൽ വാച്ച് ആദ്യം കണ്ടതുപോലെ കീബോർഡിൽ തൊടുമ്പോഴും അത്ര അത്ഭുതമൊന്നും തോന്നിയില്ല.

ഡിഗ്രി ക്ലാസിൽ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടർ കീബോർഡിൽ തൊടുന്നത്. ഡിജിറ്റൽ വാച്ച് ആദ്യം കണ്ടതുപോലെ കീബോർഡിൽ തൊടുമ്പോഴും അത്ര അത്ഭുതമൊന്നും തോന്നിയില്ല. കമ്പ്യൂട്ടർ എന്താണെന്ന് മനസിലാക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതിനു മുമ്പ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ പോയിരുന്നു. ആ ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകലിന് പിന്നിൽ ഒരു പ്രണയം ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ പോയിരുന്നു.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ പോയിരുന്നു.

asdf എന്നൊക്കെ ബലമായി കട്ടകളിൽ അമർത്തേണ്ടിയിരുന്നു. പൊട്ട മെഷിനുകളിൽ കൈയ്യമർത്തൽ - നന്നായി ശീലിച്ചാലേ നല്ല മെഷിനുകളിലേക്ക് കയറ്റം കിട്ടുമായിരുന്നുള്ളു. ആ ശീലം കൊണ്ട് കമ്പ്യൂട്ടറിൽ 'ടപ്പേ ടപ്പേ' എന്ന് ഞെക്കിക്കൊണ്ടിരുന്നു.

ടൈപ്പ് പഠിച്ചതാണല്ലേ, ഇങ്ങനെ അമർത്തേണ്ട, ഒന്നു തൊട്ടാൽ മതിയെന്ന് ടീച്ചർ പറഞ്ഞു. പക്ഷേ, ഒന്നരക്കൊല്ലം ടൈപ്പ് റൈറ്റിംഗ് മെഷിൻ ഉപയോഗിച്ച ബാധ എന്നെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. യന്ത്രത്തിൽ ശീലിച്ചത് ബൈനറി കോഡ് മാത്രമാണിവിടെയെന്ന് അറിയാഞ്ഞിട്ടല്ല.പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 0, 1 എന്നീ അക്കങ്ങളാൽ തീർത്ത മാന്ത്രിക ലോകത്തിന്റെ ഭാഗമാകാൻ തുടങ്ങിരുന്നു ഞാൻ. കണക്കുകളെല്ലാം കിലോബൈറ്റും മെഗാബൈറ്റും ജിഗാബൈറ്റു ടെറാബൈറ്റുമൊക്കെയായി മാറി.

കോഴിക്കോട് മാനാഞ്ചിറയുള്ള പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇൻ്റർനെറ്റ് കഫെയിൽ നിന്നാണ് ഞാൻ റെഡിഫ്‌മെയിലിൽ ഒരു അക്കൗണ്ട് തുറന്നത്. തമാശയായിട്ടോ പരീക്ഷണമായിട്ടോ അടുത്ത ക്യൂബിക്കിളിലുള്ള സുഹൃത്തിന് ‘ഹായ്’ എന്നൊരു ഇമെയിൽ അയച്ചു. ഞങ്ങൾ പരസ്പരം തുരുതുരാ മെയിൽ അയച്ചു കൊണ്ടിരുന്നു...
പിന്നീടെപ്പോഴോ യാഹൂവിൽ അക്കൗണ്ട് തുറന്നു. ഇത് വല്ലപ്പോഴും കഫെയിൽ പോയി ചെയ്യേണ്ട ഒന്നായതുകൊണ്ട് രഹസ്യവാക്ക് മറന്നു പോയി.

കോഴിക്കോട് മാനാഞ്ചിറയുള്ള പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇൻ്റർനെറ്റ് കഫെയിൽ നിന്നാണ് ഞാൻ റെഡിഫ്‌മെയിലിൽ ഒരു അക്കൗണ്ട് തുറന്നത്.
കോഴിക്കോട് മാനാഞ്ചിറയുള്ള പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇൻ്റർനെറ്റ് കഫെയിൽ നിന്നാണ് ഞാൻ റെഡിഫ്‌മെയിലിൽ ഒരു അക്കൗണ്ട് തുറന്നത്.

പഠനാവശ്യങ്ങൾക്കായി, ഞാൻ അക്കാലത്ത് യാഹൂവിൽ സർഫ് ചെയ്യാൻ തുടങ്ങിയിരുന്നു. ജേണലിസം കോഴ്സിന് ചേർന്നപ്പോൾ ഡെസ്ക് ടോപ് പബ്ലിഷിംഗ് (DTP) പഠനം നിർബന്ധമായിരുന്നു. ടൈപ്പ് റൈറ്റിംഗ് പഠിച്ചതിന്റെ ഗുണത്തിൽ മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ എളുപ്പമായിരുന്നു. പക്ഷേ, 'ടപ്പേ ടപ്പേ' എന്ന് കീബോർഡിൽ വിരലമർത്തി എന്നു മാത്രം.

ജേണലിസം ക്ലാസിൽ വെബ് ജേണലിസം പഠിപ്പിക്കുമ്പോഴാണ് വാർത്തകളുടെ, കഥകളുടെ, കവിതകളുടെ വെബ് ലോകം പിടികിട്ടുന്നത്. അക്കാലത്ത് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിന് വലിയ തുക വേണമായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ മലയാളം പോർട്ടലുകൾ ദൃശ്യമായി തുടങ്ങി. പക്ഷേ ആ മലയാളം കാണണമെങ്കിൽ പ്രത്യേക ഫോണ്ട് കമ്പ്യൂട്ടറിൽ വേണമായിരുന്നു.

മൊബൈൽ ഫോൺ അപൂർവ്വം ചിലരുടെ കയ്യിലെ ഉണ്ടായിരുന്നുള്ളൂ. 2004-2005 കാലഘട്ടത്തിലാണ് മൊബൈൽ ഫോൺ മിക്കവരുടെ കൈയിലും എത്തുന്നത്. അതും ബിഎസ്എൻഎല്ലിൽ നിന്ന് സിം വന്നതോടു കൂടി. സർക്കാർ ജീവനക്കാർക്ക് സിം കൊടുത്ത കൂട്ടത്തിൽ അമ്മച്ചിയും ഒരെണ്ണം വാങ്ങി വെച്ചിരുന്നു. പക്ഷേ സിമ്മിടാൻ ഫോൺ വാങ്ങിയിരുന്നില്ല. ആയിടക്കാണ് ബാങ്കിൽ ജോലിക്ക് പോയ എനിക്ക് തലകറങ്ങുകയും ആശുപത്രിയിൽ പോയി ട്രിപ്പിടേണ്ടിയും വന്നത്. ട്രിപ്പ് തീർന്ന ആ ഉച്ചമുതൽ ഞാൻ പങ്കാളിയായ സുനിലിനെ കാത്ത് ആശുപത്രിയിൽ ഇരുപ്പ് തുടങ്ങി. തലകറങ്ങി ആശുപത്രിയിലേക്ക് വരുമ്പോൾ ബാഗ് എടുത്തിരുന്നില്ല. കയ്യിൽ പൈസ പോയിട്ട് ഒന്നുമില്ല. ആശുപത്രിയിലാക്കിയിട്ട് പോയയാൾ ജോലിയിൽ മുഴുകി അക്കാര്യം മറന്നു എന്നു തോന്നുന്നു. തലകറങ്ങി ആശുപത്രിയിൽ കിടന്നതിനേക്കാൾ നിരാശയും സങ്കടവുമായിരുന്നു. ഫോൺ ചെയ്യാൻ പറ്റാത്തതിൽ, കാശ് കയ്യിലില്ലാത്തതിൽ, പോയയാൾ തിരിച്ചു വരാത്തതിലൊക്കെ ഞാനാകെ പരിഭ്രമിച്ചു. വൈകിട്ടോടെ മടിച്ചുമടിച്ച് ഒരു നഴ്സിനോട് ചോദിച്ച് അവരുടെ ലാൻഡ് ഫോണിൽ നിന്ന് സുനിൽ ജോലി ചെയ്യുന്ന ബാങ്കിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. അന്ന് തീരുമാനിച്ചു എനിക്കൊരു മൊബൈൽ ഫോൺ വേണമെന്ന്...

2004-2005 കാലഘട്ടത്തിലാണ് മൊബൈൽ ഫോൺ മിക്കവരുടെ കൈയിലും എത്തുന്നത്. അതും ബിഎസ്എൻഎല്ലിൽ നിന്ന് സിം വന്നതോടു കൂടി.

കോഴിക്കോട് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ബാങ്കിൽ ജോലി കിട്ടുന്നത്. അവധിയെടുത്ത് കോഴ്സ് പൂർത്തീകരിക്കുകയായിരുന്നു. ബാങ്ക് കല്ലായി റോഡിലും ബസിറങ്ങുന്നത് മിക്കവാറും മാനാഞ്ചിറയിലുമായിരുന്നു. ചില ദിവസം അധ്യാപകരെ കാണാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കയറി ചെല്ലും. അധ്യാപകനായ ജോസഫ് ആൻറണി സർ ഒരു ദിവസം ഒരത്ഭുതം കാണിച്ചുതന്നു. സാറൊരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു.

പഠിച്ച ISM GIST-യിൽ നിന്ന് യുണീക്കോഡിലേക്ക് കൺവെർട്ട് ചെയ്യാവുന്ന Typeit പരിചയപ്പെടുത്തി. നമുക്ക് തോന്നുന്നത് എന്തും എപ്പോൾ വേണമെങ്കിലും എഴുതാമെന്നും അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്ന മലയാളികൾ വായിക്കുന്നു എന്നുമൊക്കെയാണ് സാർ അന്ന് പറഞ്ഞുതന്നത്. എന്നാൽ എനിക്കും ഇതൊന്നു തുടങ്ങണമല്ലോ എന്നായി. 2003- ൽ പേന കൊണ്ടുള്ള എഴുത്ത് നിർത്തിയിരുന്നു. എഴുത്ത് കീബോർഡിലായി കഴിഞ്ഞിരുന്നു. കമ്പ്യൂട്ടർ സ്ക്രീൻ കണ്ടാലേ ഭാവന വരൂ എന്ന അവസ്ഥയുമുണ്ടായിരുന്നു!

2003- ൽ പേന കൊണ്ടുള്ള എഴുത്ത് നിർത്തിയിരുന്നു. എഴുത്ത് കീബോർഡിലായി കഴിഞ്ഞിരുന്നു. കമ്പ്യൂട്ടർ സ്ക്രീൻ കണ്ടാലേ ഭാവന വരൂ എന്ന അവസ്ഥയുമുണ്ടായിരുന്നു! /photo:pngtree
2003- ൽ പേന കൊണ്ടുള്ള എഴുത്ത് നിർത്തിയിരുന്നു. എഴുത്ത് കീബോർഡിലായി കഴിഞ്ഞിരുന്നു. കമ്പ്യൂട്ടർ സ്ക്രീൻ കണ്ടാലേ ഭാവന വരൂ എന്ന അവസ്ഥയുമുണ്ടായിരുന്നു! /photo:pngtree

ഒരു ഗൂഗിൾ അക്കൗണ്ട് തുറന്ന് ബ്ലോഗിൽ എഴുതാൻ തുടങ്ങി. അന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഓർക്കുട്ടിൽ ചേർന്നു, അവിടെ ഒരുപാട് സുഹൃത്തുക്കളെ കണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ പരിചയപ്പെട്ടു. 'സർപ്പഗന്ധി' എന്ന ബ്ലോഗിൽ ആകാശത്തിനും ഭൂമിക്കുമിടയിലുമുള്ള എന്തിനെപ്പറ്റിയും എഴുതാൻ തുടങ്ങി. എന്തിനും ഏതിനും സഹായിക്കാൻ ബ്ലോഗർമാർ. ജി മെയിലിന്റെ ചാറ്റ് ബോക്സിൽ അരികത്തെന്നപോലെ സുഹൃത്തുക്കൾ. എന്റെ എഴുത്ത് ജീവിതം ഡിജിറ്റൽ ജീവിതവുമായി ചേർന്ന് ഒഴുകാൻ തുടങ്ങി.

സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ, വായനക്കാരെ, സഹപ്രവർത്തകരെ, ഗുരുക്കന്മാരെ, ബന്ധുക്കളെ കണ്ടെത്തി. പണ്ട് നേർക്കുനേരെ കണ്ടിട്ടും മിണ്ടാതിരുന്നിവരോട് ഒരുപാട് സംസാരിച്ചു. ചിലരോട് കലഹിച്ചു. ചിലരെ എന്നെന്നേക്കുമായി പുറത്താക്കി. വളരെ കുറച്ചുപേരോട് ഹൃദയൈക്യം പുലർത്തി.

പലതരം ആളുകൾ, പലതരം കച്ചവടങ്ങൾ, പലതരം വർത്തമാനങ്ങൾ..സത്യത്തിൽ അതൊരു പുരുഷ ഇടമായിരുന്നു. കൈവരിയിലിരിക്കുന്ന ചെറുപ്പക്കോരോട് എനിക്ക് അസൂയ തോന്നിയിരുന്നു. കാരണം അതുപോലെ എനിക്കും ഇരിക്കണമെന്നുണ്ടായിരുന്നു.

പണ്ട്, പതിവായി കവലയിലേക്ക് പോയിരുന്നു ഞാൻ. ‘മുറുക്കുന്നത്ത’ എന്നു ഞങ്ങൾ വിളിച്ചിരുന്ന മുത്തച്ഛനോടൊപ്പമായിരുന്നു ആ യാത്രകൾ തുടങ്ങിയത്. അഞ്ചോ ആറോ വയസ്സുളളപ്പോൾ തുടങ്ങിയ ആ നടപ്പ് ഇരുപത്തിയൊന്നുവയസ്സുവരെ തുടർന്നു. ആദ്യം മുറുക്കുന്നത്തയ്‌ക്കൊപ്പം ഒരു പരിപ്പുവട മോഹിച്ചായിരുന്നുവെങ്കിൽ പിന്നെയത് ഉത്തരവാദിത്വമാവുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു പോക്കുവരവുകൾ. വീട്ടിൽ ആൺകുട്ടികൾ ഇല്ലായിരുന്നതുകൊണ്ട് സ്വാഭാവികമായും കടയിൽ പോക്ക് എന്റെ തലയിൽ വന്നു വീഴുകയായിരുന്നു. ആറുവയസ്സുകാരി തലയുയർത്തിപ്പിടിച്ച് ചുറ്റുപാടുകളെ മുഴുവൻ നോക്കി തുള്ളിച്ചാടിയായിരുന്നു കവലയിലേക്ക് പോയിരുന്നത് എങ്കിൽ കൗമാരത്തിൽ ആളുകൂടിന്നിടം (പ്രത്യേകിച്ച് പാലത്തിന്റെ കൈവരിയിലിരിക്കുന്നവർക്കു മുന്നിൽ) എത്തുമ്പോൾ തലകുനിച്ച് എങ്ങും നോക്കാതെ ഒറ്റപ്പോക്കായിരുന്നു. ദിവസത്തിൽ ഒരുവട്ടമെങ്കിലും കവലയിൽ പോകേണ്ടിയിരുന്നു. വീട്ടുസാധനങ്ങൾ മേടിക്കാൻ, ആഴ്ചപ്പതിപ്പുകൾ മേടിക്കാൻ, കശുവണ്ടിയോ കുരുമുളകോ കാപ്പിയോ ഒക്കെ വിറ്റു കാശുമേടിക്കാൻ..കവല ഒരു പൊതു ഇടമായിരുന്നു. പലതരം ആളുകൾ, പലതരം കച്ചവടങ്ങൾ, പലതരം വർത്തമാനങ്ങൾ..സത്യത്തിൽ അതൊരു പുരുഷ ഇടമായിരുന്നു. കൈവരിയിലിരിക്കുന്ന ചെറുപ്പക്കോരോട് എനിക്ക് അസൂയ തോന്നിയിരുന്നു. കാരണം അതുപോലെ എനിക്കും ഇരിക്കണമെന്നുണ്ടായിരുന്നു. എന്റെ ചിന്തകളും ആശയങ്ങളും കുശുമ്പും കുന്നായ്മയുമൊക്കെ പോക്കുവെയിലേറ്റിരുന്ന് സംസാരിക്കണമെന്ന് മോഹിക്കുമായിരുന്നു. പക്ഷേ കവല എന്ന പൊതുയിടത്തിൽ നാവിനെ അടക്കി നിർത്തേണ്ടവളായിരുന്നു സ്ത്രീ എന്നും. ഞങ്ങളുടെ പൊതുവിടമായത് കുളിക്കടവ് മാത്രമായിരുന്നു. അവിടെയാണെങ്കിൽ പൊടിപ്പും തൊങ്ങലും വെച്ച കഥകൾക്കേ സ്ഥാനമുണ്ടായിരുന്നുള്ളു.

കവല എന്ന പൊതുയിടത്തിൽ നാവിനെ അടക്കി നിർത്തേണ്ടവളായിരുന്നു സ്ത്രീ
കവല എന്ന പൊതുയിടത്തിൽ നാവിനെ അടക്കി നിർത്തേണ്ടവളായിരുന്നു സ്ത്രീ

മുതിർന്നപ്പോൾ പൊതുവിടം ഇല്ലാത്തവളാണ് സ്ത്രീ എന്ന് ബോധ്യപ്പെട്ടു. പക്ഷേ, ഞങ്ങൾ ഭാഗ്യവതികളാണെന്ന് വൈകാതെ തിരിച്ചറിവായിരിക്കുന്നു. ചുമ്മാ കണ്ട സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായിരിക്കുന്നു. സോഷ്യൽ മീഡിയ എന്ന കവലിയിൽ ധൈര്യപൂർവ്വം തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു. എന്റെ ആശയങ്ങളും ചിന്തകളുമൊക്കെ കൂടെ നിൽക്കുന്നവരോട് പങ്കുവെക്കുന്നു. ഇവിടുത്തെ കൈവരിയിലിരുന്ന് വഴിയേ പോകുന്നവരെ ഇഷ്ടത്തോടെ നോക്കുന്നു (like). ചിലരെ കണ്ടില്ലെന്നു നടിക്കുന്നു. ചിലരെയൊന്ന് തോണ്ടുന്നു (poke). ചിലരയങ്ങ് കമന്റുന്നു (comments). ചിലപ്പോൾ ശക്തമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നു.

പാലത്തിന്റെ കൈവരിയിലിരിക്കുമ്പോൾ ഒരു കുഴപ്പമുണ്ട്, ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ താഴെ വെള്ളത്തിലേക്ക് വീണുപോകും. നീന്തലറിയാമെങ്കിൽകരയ്ക്കുകയറാം. ഇല്ലെങ്കിൽ ഒഴുക്കിൽപെട്ട് പോയതുതന്നെ. അതുകൊണ്ട് സോഷ്യൽ മീഡിയ കവലയിലെ കൈവരിയിലിരിക്കുമ്പോഴും ഇതെന്റെ പൊതുവിടമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിനൊപ്പം ജാഗരൂകയും കൂടിയാണ്.

സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളൊന്നും എന്റെ സ്വകാര്യമേയല്ല. ചിലരെങ്കിലും അങ്ങനെ കരുതുന്നുണ്ട്. ഒരു ഫോട്ടോ കൊടുക്കുമ്പോൾ തീർച്ചയായും അത് സ്വകാര്യ ആൽബത്തിലേക്കല്ല, കവലയിലെ മതിലിൽ പതിച്ച സിനിമാപോസ്റ്റർ പോലെയാണ്. പക്ഷേ, ആ ഫോട്ടോയുമെടുത്തൊരുവൻ കല്ല്യാണം മുടക്കാൻ വരും എന്നു വിചാരിക്കാൻ മാത്രം മണ്ടിയല്ല ഈ ഡിജിറ്റൽ യുഗത്തിൽ ഞാൻ.

മുഖത്തോടുമുഖം കണ്ടാൽ പറയാനാവാത്ത പലതും ഇവിടെ മുഖം നോക്കാതെ പറയാനാവുന്നു. തീർച്ചയായും പൊതുവിടം നഷ്ടപ്പെട്ടവർക്ക് കിട്ടുന്ന പുതുലോകമാണിത്.

യഥാർത്ഥലോകത്ത് ഒരുവൾക്ക് കിട്ടാത്ത സ്വാതന്ത്ര്യം, തുറന്നെഴുത്തിനുള്ള അവസരം ഈ പ്രതീതി ലോകത്ത് കിട്ടുന്നുണ്ട്. മുഖത്തോടുമുഖം കാണാനാവാത്തവർ തമ്മിൽ കണ്ടുമുട്ടുന്നിടമാണ്. മുഖത്തോടുമുഖം കണ്ടാൽ പറയാനാവാത്ത പലതും ഇവിടെ മുഖം നോക്കാതെ പറയാനാവുന്നു. തീർച്ചയായും പൊതുവിടം നഷ്ടപ്പെട്ടവർക്ക് കിട്ടുന്ന പുതുലോകമാണിത്.

ശരിയാണ് അപകടങ്ങളുണ്ട്. ഏകാന്തത അനുഭവിക്കുന്ന ഒരാൾക്ക്, വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ അംഗീകാരം കിട്ടാത്ത ഒരാളെ സംബന്ധിച്ച് ഇവിടെ വന്ന് ഇൻബോക്‌സ്, മെസ്സഞ്ചറിൽ ചാറ്റ് തുടങ്ങിയാൽ ഒരുപക്ഷേ അപകടത്തിൽ പെട്ടേക്കാം. ഒറ്റപ്പെടലിനെ മറികടക്കാൻ ശ്രമിക്കേണ്ടത് ചാറ്റിലൂടെ പരിചയമില്ലാത്തൊരാളുമായല്ല. സാമ്പത്തികമായി, വൈകാരികമായി, മാനസികമായി അങ്ങനെ പലതരം മുതലെടുപ്പുകൾ ഉണ്ടായേക്കാം. ഇത്രയൊക്കെ പറയുന്ന ഞാനും ചിലനേരങ്ങളിൽ ശരിയായ പരിചയമില്ലാത്തവരിൽ പെട്ടുപോയിട്ടുണ്ട്. പക്ഷേ, മറികടക്കാനുള്ള ശക്തിയുണ്ടായിരുന്നു. എത്ര ശ്രദ്ധിച്ചാലും നമ്മുടെ വഴികൾ ശരിയായിക്കൊള്ളണമെന്നില്ല. മനുഷ്യരാണ്. ഉള്ളിൽ നിർമ്മിക്കപ്പെടുന്നതാണ് ചിന്തകൾ. മനസ്സും ചിന്തയും ഒരേവഴിക്കു സഞ്ചരിക്കണമെന്നില്ല.

"അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ"-
എന്ന് സമാധാനിച്ച് ആശാനെ തൊടുന്നു.

ഈ ഡിജിറ്റൽ വനത്തിൽ മുഴുകിയപ്പോൾ, അതിന്റെ അത്ഭുതങ്ങളും അതിന്റെ കെണികളും കണ്ടു നിന്നിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, വെർച്വൽ സൗഹൃദങ്ങൾ എന്നിവ പുതിയ വാതിലുകൾ തുറന്നു തന്നിട്ടുണ്ട്. അതേസമയം വഞ്ചനയും സ്വകാര്യതാലംഘനങ്ങളുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന അനുഭവങ്ങൾ ഈ പുതിയ ലോകം അപകടങ്ങളില്ലാത്തതല്ലെന്ന് എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സ്വകാര്യതയാണ്. നമ്മുടെ ഓൺലൈൻ പ്രവർത്തനങ്ങൾ സ്വകാര്യമാണെന്ന് നമ്മൾ വിശ്വസിച്ചേക്കാമെങ്കിലും, നമ്മുടെ ഡേറ്റ വിവിധ സ്ഥാപനങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. ഡിജിറ്റൽ ലോകം ഒരു സങ്കീർണ്ണ ആവാസവ്യവസ്ഥയാണ്. നമുക്ക് അറിയാൻ പോലും കഴിയാത്ത വിധത്തിൽ നമ്മുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നു.

ഇന്ന് എന്റെ മൊബൈൽ ഫോണിൽ കിട്ടാത്ത ഒന്നുമില്ല. ചിലനേരം അനവധി ഡിജിറ്റൽ ചന്തകളിലൂടെ ഞാൻ സഞ്ചരിക്കുന്നു. പണം യഥാർത്ഥ രൂപത്തിൽ വല്ലപ്പോഴും മാത്രമാണ് കാണുന്നത്. ബസ് ടിക്കറ്റ് എടുക്കുന്നതിന്, ഓട്ടോ യാത്രയ്ക്ക്, സൈക്കിളിൽ മീനുമായി വരുന്നയാൾക്ക്... ഇങ്ങനെ ചിലയിടങ്ങളിൽ മാത്രമാണ് ഞാൻ പണം പണമായി നൽകുന്നത്. കുറച്ചുദിവസം മുമ്പ് ഒരു റീഫിൽ വാങ്ങിയപ്പോൾ അതിന്റെ വിലയായ മൂന്നു രൂപ ഗൂഗിൾപേ ചെയ്തതതോർക്കുന്നു.

മാഗ്സ്റ്ററിൽ ഞാൻ ആഴ്ചപ്പതിപ്പുകൾ വായിക്കുന്നു. സ്റ്റോറിടെല്ലിൽ നോവൽ കേൾക്കുന്നു.  /photo: nickmorrison
മാഗ്സ്റ്ററിൽ ഞാൻ ആഴ്ചപ്പതിപ്പുകൾ വായിക്കുന്നു. സ്റ്റോറിടെല്ലിൽ നോവൽ കേൾക്കുന്നു. /photo: nickmorrison

മാഗ്സ്റ്ററിൽ ഞാൻ ആഴ്ചപ്പതിപ്പുകൾ വായിക്കുന്നു. സ്റ്റോറിടെല്ലിൽ നോവൽ കേൾക്കുന്നു. രേഖകൾ ഡിജി ലോക്കറിലാക്കിയിരിക്കുന്നു. പനി വന്നാൽ ഇ സഞ്ജീവനിയിൽ ഡോക്ടറെ കാണുന്നു. പ്രൈമിലും ഹോട്സ്റ്റാറിലും യൂട്യൂബിലും മറ്റും മറ്റും സിനിമ കാണുന്നു. ക്ലാസെടുക്കാൻ ഗൂഗിൾ മീറ്റും സൂമും മറ്റും.. ഹാജറിന് മറ്റൊരു ആപ്പ്, ശമ്പളത്തിനും സർവ്വീസ് വിവരത്തിനും മറ്റൊരാപ്പ് ...
അങ്ങനങ്ങനങ്ങനെ എന്റെ മൊബൈൽ ഫോണിൽ നൂറിലേറെ ആപ്ലിക്കേഷനുകളുണ്ട്.

ഈ ലോകം മുഴുവൻ ഈ വിരൽത്തുമ്പ് കൊണ്ട് എന്റെ മൊബൈൽ സ്ക്രീനിൽ കാണാൻ സാധിക്കുന്നുവെങ്കിലും 'ആപ്പ് 'കളുടെ ലോകത്ത് കുടുങ്ങി കിടക്കുകയാണല്ലോ ഞാനെന്ന് വിചാരിക്കുന്നു.

കുട്ടിക്കാലത്തെ കാടോരം ചേർന്ന നടപ്പുകളിൽ നിന്ന് ഇന്നത്തെ ഡിജിറ്റൽ ലോകം എന്റെ ജീവിതത്തെ എണ്ണമറ്റ വഴികളിലൂടെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും, അത് സ്വകാര്യത, സുരക്ഷ, മനുഷ്യബന്ധം എന്നിവയുടെ സ്വഭാവത്തെക്കുറിച്ച് പല ചോദ്യങ്ങളും മനസിൽ ഉയർത്തിയിട്ടുമുണ്ട്.

മനുഷ്യന്റെ അസ്തിത്വത്തിന്റെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ച പാരഡൈം ഷിഫ്റ്റിന് തുടക്കമിട്ടുകൊണ്ട് ഡിജിറ്റൽ യുഗം നമ്മെ കീഴടക്കിക്കളഞ്ഞു. എന്നെ സംബന്ധിച്ചാണെങ്കിൽ ഒരിക്കൽ പരിചിതമായിരുന്ന കാടിന്റെയും കാട്ടാറിന്റെയും പ്രകൃതി, സ്ക്രീനുകളുടെയും ഉപകരണങ്ങളുടെയും വെർച്വൽ മേഖലകളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു. പ്രകൃതിയിൽ മുഴുകി ചെലവഴിച്ച മണിക്കൂറുകൾ ഇപ്പോൾ ഡിജിറ്റൽ ലോകത്തിന്റെ അനന്തസാധ്യതകൾ നാവിഗേറ്റ് ചെയ്യാൻ നീക്കിവച്ചിരിക്കുന്നു...

അപ്പോഴും ചിന്തിക്കുന്നൊരു കാര്യമുണ്ട്. കുറച്ചുകാലത്തേക്ക് ഡിജിറ്റൽ ലോകം ഇല്ലാതാവുന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ടോ? ഇൻറർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത ഒരു കാലത്തെ പറ്റി ഇനി ചിന്തിക്കാനാവുമോ? ഭാവി പ്രവചിക്കാൻ സാധ്യമല്ലെങ്കിലും ഭൂമിയിൽ ഒന്നും സ്ഥിരമല്ലെന്നും സുരക്ഷിതമല്ലെന്നും തിരിച്ചറിയുന്നു. അപ്പോൾ ഞാൻ അനന്തമായ ആകാശത്തിന് കീഴേ ചക്രവാളത്തിലേക്ക് നോക്കി വെറും കൈയ്യോടെ നടക്കാനിറങ്ങുന്നു...


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More


Summary: Writer Maina Umaiban discusses her social media presence and smartphone usage in Truecopy Think Webzine 200th edition.


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments