ഒരൊറ്റ ക്ലിക്കിൽ വൈറലാകാം,
അല്ലേൽ എയറിലാകാം-
ജെൻസിയുടെ ഡിജിറ്റൽ വൈബ് അതാണ്. ഇതിനൊപ്പം പിടിച്ചുനിൽക്കാൻ പാടുപെടുന്നവരാണ് ഇന്നത്തെ മില്ലേനിയൽസും ഓൾഡ് ജനറേഷനും. ഡിജിറ്റൽ വിപ്ലവത്തിലൂടെ, ഒരു പതിറ്റാണ്ടിനിടെയുണ്ടായ സാമൂഹിക മാറ്റങ്ങളെ ഇന്നത്തെ 90’s കിഡ്സിന്റെ കണ്ണിലൂടെ നോക്കി കാണാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
ഐ ഫോൺ വണ്ണിൽ നിന്ന് 16 പ്രോ മാക്സ് വരെയുള്ള ഫ്ലാഷ് ബാക്ക് പോലെ അത്രയ്ക്ക് നൊസ്റ്റു അടിപിക്കില്ലെന്ന പ്രതീക്ഷയിൽ തുടങ്ങുന്നു.
പാവം 90’s കിഡ്സ്
2കെ കിഡ്സുമായുള്ള 90’s കിഡ്സിന്റെ ജനറേഷൻ ഗ്യാപ്പ് അളക്കപ്പെടുന്നതുതന്നെ പാരലൽ വേൾഡുമായുള്ള കണക്ഷന്റെ പേരിൽ കൂടിയാണ്. അതുകൊണ്ടാണ് കൊച്ചിയിലെത്തിയ നോർവീജിയക്കാരൻ അലൻ വാക്കറും ലക്ഷക്കണക്കിന് ആരാധകരുള്ള കോൾഡ് പ്ലേയും സിഗരറ്റ്സ് ആഫ്റ്റർസെക്സുമൊക്കെ ആരാ എന്ന് ചോദിക്കുന്നവരെയും, ഇതൊന്നും എന്താണെന്ന് അറിയാത്തവരെയും ന്യൂജെൻസ് തന്ത വൈബ് എന്ന് പുച്ഛിക്കുന്നത്. മലയാള മാധ്യമങ്ങളുടെ എക്സ്പ്ലേയ്നർ വീഡിയോകളായും റീലുകളായും ഇപ്പോൾ ഇവരുടെയൊക്കെ ജീവിതം നിറയുന്നതും, പലരുമിത് കണ്ടുകളയാമെന്ന് കരുതുന്നതും ഞെട്ടലിന്റെ കൂടി ഫലമായാണ്.
അറിയാത്തത് എന്തും പറഞ്ഞുതരാനും, പഠിക്കാനും പഠിപ്പിക്കാനും ആളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഇപ്പോൾ പാവങ്ങളുടെ എൻസൈക്ലോപീഡിയ. ഡിജിറ്റൽ വളർച്ച, ടെക്നോളജി അപ്ഡേഷൻ എന്നതൊക്കെ മാധ്യമവിദ്യാർത്ഥികൾക്ക് പോലും പുതുമയില്ലാത്ത സബ്ജക്ട് ആണിപ്പോൾ. കാരണം, അതൊരു പാഠ്യവിഷയമല്ല, ജീവിതത്തിന്റെ ഭാഗമാണ്. ഇതാകട്ടെ ലോകമെമ്പാടും പ്രകടമാണുതാനും.
എല്ലാം എയറിലുണ്ട്..
ഹെൽത്തി ഡയറ്റും ഈസി റെസിപ്പീസും മുതൽ പലചരക്ക് കടയിൽ പോകുമ്പോൾ വരെ എടുക്കാവുന്ന ഗെറ്റ് റെഡി വിത്ത് മീ വീഡിയോ അടക്കം നമ്മുടെ ജീവിതത്തിലെ എന്തും ഓൺലൈനിൽ കണ്ടന്റാണ്. (സ്വകാര്യതയുടെ പരിധിയെന്ത് എന്ന ചർച്ചകൾക്ക് ഇവിടെ ഇടമില്ല). പ്രസവവും കുഞ്ഞുങ്ങളുടെ പേരിടലും പിറന്നാളും അടക്കം സെലിബ്രിറ്റി ഇൻഫ്ലൂവൻസർമാരുടെ പൊന്നോമനകൾ പിറന്നുവീഴുന്നതുതന്നെ മില്യൺ ക്ലബിലേക്കാകുന്നത് ലൈഫ് മൊമ്മന്റ്സിന് നിലവിൽ മാർക്കറ്റുള്ളതുകൊണ്ടാണ്. ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെ ഡേ ഇൻ മൈ ലൈഫ് ഒക്കെ ആൽബത്തിൽ ഒളിപ്പിച്ച പണ്ടത്തെ ഫോട്ടോയും കോലവും ആരും കുത്തിപ്പൊക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന 90 കിഡ്‌സിന് ഇതൊക്കെ കാണുമ്പോൾ നിസ്സഹായത മാത്രം. സാധാരണ ജീവിതചര്യകൾ വരെ ഇങ്ങനെ അവതരിപ്പിച്ച് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കണ്ടന്റ് ക്രിയേറ്റഴ്സിന്റെ സക്സസ് മോഡൽ, പല ബഹുരാഷ്ട്ര കമ്പനികളും അനുകരിക്കുന്ന മാർക്കറ്റിംഗ് തന്ത്രമായി മാറിക്കഴിഞ്ഞു.
21 വയസ്സ് തികയും മുമ്പേ സ്വന്തമായി കാർ വാങ്ങുന്ന, ലക്ഷങ്ങളുടെ ആസ്തിയുളള കൗമാരക്കാർ നമുക്കിടയിൽ വളർന്നുവരുന്നത് അങ്ങനെയാണ്. മേക്കപ്പ് ടിപ്സ് പറഞ്ഞുതരുന്ന, നന്നായി സാരി ഉടുക്കാൻ പഠിപ്പിക്കുന്ന, ഔട്ട്ഫിറ്റുകൾക്ക് ബെസ്റ്റ് കളർ കോമ്പോ സജസ്റ്റ് ചെയ്യുന്ന ഈ കോളേജ് വിദ്യാർത്ഥികൾ പരസ്യക്കമ്പനികളുടെ കോളാബ് ഗസ്റ്റുകളാണ്. പ്രൊഡക്റ്റ് ഉപയോഗിച്ചുനോക്കിയും അല്ലാതെയും വീഡിയോ ഇറക്കാമെന്ന ഡീൽ ഉണ്ടാക്കി, കൺസപ്റ്റിന് അനുസരിച്ച് വിലപേശി പെയ്മെന്റ് ഉറപ്പിക്കും അവർ. ആ പാർട്ടണർഷിപ്പിന്റെ ക്ലൈമാക്സ് മാത്രമാണ് നാം കാണുന്ന റീലുകൾ.
സ്വതസിദ്ധമായ കഥ പറച്ചിൽ
റീലിൽ നൈസായി ക്യാഷ് തന്ന കമ്പനിയും അവരുടെ ഓഫറുകളും ഒക്കെ കടന്നുവരും, അങ്ങനെ സ്കിപ്പ് അടിച്ച് രക്ഷപ്പെടാൻ സമ്മതിക്കാതെ ആളുകളെ പരസ്യത്തിനുമുന്നിൽ പിടിച്ചിരുത്തുന്ന സാമർഥ്യം. പ്രമുഖ താരങ്ങൾക്കൊപ്പം ഹൈ ബ്രാൻഡുകളുടെ അംബാസിഡർമാരായി ഈ കണ്ടൻ്റ് ക്രിയേറ്റർമാർ പരിഗണിക്കപ്പെടുന്നു.
സാധാരണ ജീവിതചര്യകൾ വരെ ഇങ്ങനെ അവതരിപ്പിച്ച് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കണ്ടന്റ് ക്രിയേറ്റഴ്സിന്റെ സക്സസ് മോഡൽ, പല ബഹുരാഷ്ട്ര കമ്പനികളും അനുകരിക്കുന്ന മാർക്കറ്റിംഗ് തന്ത്രമായി മാറിക്കഴിഞ്ഞു.
എന്റെ കോഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 10 ശതമാനം ഡിസ്കൗണ്ട് കിട്ടുമെന്ന് പറയുന്ന ഇൻഫ്ലുവെൻസർമാരിലൂടെ, കമ്പനി ഉപഭോക്താക്കളെ ഇംപ്രസ് ചെയ്യുന്നു. വെറുതെയൊന്ന് ക്ലിക്ക് ചെയ്താൽ വരെ ഒരായിരം സജഷൻ വീഡിയോകൾ പിന്നാലെ തരും. പുതിയ ലിപ്സ്റ്റിക്കിന്റെയോ ഷൂസിന്റെയോ ആവശ്യമില്ലെങ്കിലും, ഡിസ്കൗണ്ടും സജനുകളും നമ്മളെ പ്രലോഭിപ്പിക്കും. കണ്ട് കൊതിച്ചതൊക്കെ കാർട്ടിൽ നിറയുമ്പോൾ കുറ്റബോധം കൊണ്ടും, ലൈഫ് ഒന്നല്ലേയുള്ളൂ ഇടയ്ക്കൊക്കെ കളറാക്കണ്ടേ എന്ന് സ്വയം ആശ്വസിപ്പിച്ചും ഓർഡർ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും. ബിസിനസ് ലോകത്തെ മാറ്റിമറിക്കുന്ന പേഴ്സണലൈസ്ഡ് മാർക്കറ്റിംഗിന്റെ ചെറിയൊരു പതിപ്പ് മാത്രമാണ് ഇതൊക്കെയെന്നത് ആരോർക്കാൻ?
മനസ്സിലാഗ്രഹിച്ചതെല്ലാം അങ്ങോട്ട് പോയി അന്വേഷിക്കും മുമ്പേ കൺമുന്നിൽ കൊണ്ടുതരുന്ന ഓൺലൈൻ സൈറ്റുകളുടെ ഏറ്റവും വലിയ വാഗ്ദാനമാണ്, കസ്റ്റമൈസേഷൻ. അതിനവർ എ ഐ അൽഗോരിതവും, ഐ ഒ ടിയും, ഡാറ്റാ അനലിറ്റ്ക്സും എല്ലാം ഉപയോഗിക്കും. ആമസോണും, ഫ്ലിപ്പ്കാർട്ടും മുതൽ നെറ്റ്ഫ്ലിക്സും സ്വിഗ്ഗിയും തുടങ്ങി നമ്മുടെ ഫോണിലെ സകല ആപ്പുകളും ഡാറ്റാ ശേഖരമാണ് നടത്തുന്നത്. ഒരു റീലിനുപിന്നിൽ ഇത്രയൊക്കെ വലിയ സംഭവങ്ങളുണ്ടോ, ഇതൊക്കെ ലേശം ഓവറല്ലെ എന്നൊക്കെ തോന്നിപ്പോകുന്നത്, നമുക്കതിന്റെ ഗുട്ടൻസ് പിടികിട്ടാത്തതുകൊണ്ടാണ്, അതായത് നമ്മളിപ്പോഴും ആ വേൾഡിന് പുറത്താണ്.
ട്രെൻഡ് മുഖ്യം
സൈബർ സ്പേസിലെ പ്രസൻസും ഇമേജ് ബിൽഡിംഗും അത്ര ചെറിയ കാര്യമല്ല, മാസ് ലുക്കിന് ഇടക്കിടക്ക് ട്രെൻഡിംഗിൽ ഒന്നാമതെത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി മുതൽ, ഓണത്തിന് മുണ്ടുടുത്ത് തനി മലയാളി സ്റ്റൈലിൽ മനസ്സിലായോ സ്റ്റെപ്പിടുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് വരെ പയറ്റുന്നത് ഈ തന്ത്രമാണ്. ലൈക്കിനും ഷെറയിനും അപ്പുറമുള്ള ലൈഫ് ടൈം സെറ്റിൽമെൻ്റ് ആണ് വിർച്വൽ ആത്മബന്ധം സമ്മാനിക്കുക. സിനിമാ പ്രൊമോഷനുകളിലും ഈ മാറ്റം പ്രകടമാണ്. മുൻനിര വാർത്താചാനലുകളിലോ, വമ്പൻ സ്റ്റേജ് ഷോകളിലോ പ്രതിഫലം കൈപ്പറ്റി മാത്രം, നാല് വാക്ക് മിണ്ടാൻ വന്നിരുന്ന താരങ്ങളും വൻകിട പ്രൊഡക്ഷൻ കമ്പനികളും ഇപ്പോൾ ആദ്യം സമീപിക്കുന്നത് തരക്കെടില്ലാത്ത സബ്സ്ക്രൈബേഴ്സുള്ള ഇൻഫ്ലുവെൻസർമാരെയാണ്. ട്രോളും, റാപിഡ് ഫയറും, റോസ്റ്റിംഗും തഗ്ഗും ഒക്കെയായി സംഗതി പൈങ്കിളിയെന്നൊക്കെ കമന്റ്സ് വരുമെങ്കിലും, പാർട്ട് 1 മുതൽ എത്ര വന്നാലും മില്യൺ വ്യൂ ഉറപ്പ്. പ്രൊഡ്യൂസർക്ക് ടെൻഷനുണ്ടാകില്ല, പ്രമോഷൻ വീഡിയോകൾക്ക് മാസ്സ് റീച്ച് കിട്ടും. ബിഗ് ബജറ്റ് സിനിമകളെ ഒരൊറ്റ റിവ്യൂ കൊണ്ട് ഫ്ലോപ്പാക്കുന്ന റിവ്യൂവർമാരോട് കലിപ്പുണ്ടെങ്കിലും സിനിമാക്കാർ പിണക്കാത്തത് അതുകൊണ്ടാണ്.
എന്റെ കോഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 10 ശതമാനം ഡിസ്കൗണ്ട് കിട്ടുമെന്ന് പറയുന്ന ഇൻഫ്ലുവെൻസർമാരിലൂടെ, കമ്പനി ഉപഭോക്താക്കളെ ഇംപ്രസ് ചെയ്യുന്നു. വെറുതെയൊന്ന് ക്ലിക്ക് ചെയ്താൽ വരെ ഒരായിരം സജഷൻ വീഡിയോകൾ പിന്നാലെ തരും. പുതിയ ലിപ്സ്റ്റിക്കിന്റെയോ ഷൂസിന്റെയോ ആവശ്യമില്ലെങ്കിലും, ഡിസ്കൗണ്ടും സജനുകളും നമ്മളെ പ്രലോഭിപ്പിക്കും.
സീനുകളിലെ കണ്ടിന്യുവിറ്റി, കഥാപാത്രങ്ങളുടെ പ്ലേസ്മെന്റ്, ഡയലോഗിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് തുടങ്ങി സിനിമാറ്റോഗ്രാഫിയും ലൈറ്റിംഗും എഡിറ്റും വരെ സൂക്ഷ്മമായി നിരീക്ഷിച്ച് വിശകലനം ചെയ്യാനാളുണ്ട് ഇന്നിവിടെ. ഡയറക്ടർ ബ്രില്യൺസ് കണ്ടെത്താനും, ക്രൈം ത്രില്ലറുകൾക്ക് വേറിട്ട ക്ലൈമാക്സും ട്വിസ്റ്റും നിർദേശിക്കാനും പറ്റുന്ന സിനിമാ ആസ്പിരന്റസ് അങ്ങ് ഹോളിവുഡ് മുതൽ നമ്മുടെ കൊച്ച് മോളിവുഡിന്റെ വരെ ഭാഗമാണ്. ഇങ്ങനെ സിനിമയിലേക്ക് സ്വപ്നതുല്യമായ എൻട്രി ടിക്കറ്റ് കിട്ടിയവർ നമുക്ക് ചുറ്റും തന്നെയുണ്ട്. അവരുടെ സിനിമകൾ ഹൗസ്ഫുളാണ്, കോടി ക്ലബിലും വരെ ഇടമുറപ്പിക്കുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡിഗ്രിയല്ല, കോൺഫിഡൻസാണ് ഈ ക്രഷ് ലിസ്റ്റ് താരങ്ങളുടെ പിൻബലം. ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ, എത്ര കാലം ഇതൊക്കെ ഉണ്ടാകും എന്ന് വിമര്ശിക്കുന്നവരെ കേശു അമ്മാവനായി കാണാനാണ് അവര്ക്കിഷ്ടം.
വീട്ടിലെ വൈറൽ സ്റ്റാർസ്
കേരളത്തിലെ വലിയൊരു വിഭാഗം വീട്ടമ്മാരെ ഹൗസ് വൈഫ് എന്ന പദവിയിൽനിന്ന് യൂട്യൂബ് താരങ്ങളാക്കി മാറ്റിയ വിപ്ലവചരിത്രം കൂടിയുണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് പറയാൻ. കുക്കിംഗ് വീഡിയോ പോസ്റ്റ് ചെയ്യാത്തവരും, ഡാൻസ് മുതൽ അഭിനയം വരെ റീൽസിൽ പരീക്ഷിക്കാത്തവരുമായ വീട്ടമ്മമാർ കുറവായിരുന്നു, കോവിഡ് കാലത്ത്. അടച്ചിടൽ കാലം കഴിഞ്ഞിട്ടും അവരതെല്ലാം തുടരുന്നു. അടുക്കളയിലെ പൊടിക്കൈകൾ നല്ല ലളിതമായ ഭാഷയിൽ വിവരിച്ച് ചാനൽ തുടങ്ങിയ പലരും ഇന്ന്, ഷോർട്ട് ഫിലിമിന് സമാനമായി കഥയും കഥാപാത്രങ്ങളുമൊക്കെ ഉണ്ടാക്കി കാര്യം പറയുന്ന കണ്ടന്റ് ക്രീയേറ്റർമാരായി. താരങ്ങളായി, പൊതുസാംസ്കാരിക വേദികളിൽ അതിഥികളായി.
സൈബർ അറ്റാക്കും
ബുള്ളിയിംഗും
നന്മ മാത്രം നിറയുന്ന കിനാശ്ശേരിയല്ല സൈബറിടങ്ങളെന്ന് മല്ലൂസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. വർഗീയതയും വൈകാരികതയും ആളിക്കത്തിക്കുന്ന സോഷ്യൽ മീഡിയാ പോര് നമ്മളെത്ര കണ്ടതാണ്. ഷിരൂരിൽ അർജ്ജുനെന്ന ചെറുപ്പക്കാരനുവേണ്ടി 71 ദിവസം ഒറ്റമനസ്സോടെ നിന്ന മലയാളി, നിമിഷനേരം കൊണ്ടാണ് മനാഫ്- അർജ്ജുൻ ഫാൻ ഗ്രൂപ്പുകളായി മാറിയത്. ക്യാപ്റ്റനെന്ന് വിളിച്ച മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ് തമിഴ് പഠിക്കാൻ പോയ പി.വി. അൻവറിനെ കാണാനും കേൾക്കാനും ആളുകൂടിയതിൽ സൈബറിടത്തെ സ്വാധീനം ചെറുതല്ല. സർപ്രൈസ് എൻട്രിയായിട്ടും വടകരയിൽ ഷാഫിക്കായെ വിജയിപ്പിച്ച, തൃശ്ശൂരിൽ താമരയ്ക്ക് അക്കൗണ്ട് തുറക്കാൻ ബി ജെ പിയെ സഹായിച്ച സൈബർ പോരാളികളുടെ കരുത്ത് നിസ്സാരമായി കാണേണ്ടതല്ല. പി ആർ ഏജൻസികളെയും പരസ്യ കമ്പനികളെയും വെല്ലുന്ന പഞ്ച് ഡയലോഗുകൾ മുതൽ തഗ്ഗ് വരെ, പ്രിയ നേതാക്കൾക്ക് വേണ്ടി ഒരുക്കുന്ന മാസ് വീഡിയോകൾക്കുള്ള റീച്ച് വേറെ ലേവലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള ആരോപണങ്ങളും, A.M.M.A യിലെ പൊട്ടിത്തെറിയും നടിമാരുടെ വെളിപ്പെടുത്തലുമൊക്കെ ഗൗരവമായ ചർച്ചകൾക്കപ്പുറം ക്ലിക്ക് വ്യൂവിന്റെ പേരിലും വിശകലനം ചെയ്യപ്പെടുന്നുണ്ട്. എതിരാളികളെ തറപറ്റിക്കാൻ വേണ്ടി, മനപ്പൂർവ്വം പടച്ചുണ്ടാക്കുന്ന ഇൻസ്റ്റൻറ് ക്യാപ്സൂളുകൾ മാധ്യമങ്ങൾക്ക് പോലും കടുത്ത ഭീഷണിയുമാണ്.
മനസ്സിലാഗ്രഹിച്ചതെല്ലാം അങ്ങോട്ട് പോയി അന്വേഷിക്കും മുമ്പേ കൺമുന്നിൽ കൊണ്ടുതരുന്ന ഓൺലൈൻ സൈറ്റുകളുടെ ഏറ്റവും വലിയ വാഗ്ദാനമാണ്, കസ്റ്റമൈസേഷൻ. അതിനവർ എ ഐ അൽഗോരിതവും, ഐ ഒ ടിയും, ഡാറ്റാ അനലിറ്റ്ക്സും എല്ലാം ഉപയോഗിക്കും. ആമസോണും, ഫ്ലിപ്പ്കാർട്ടും മുതൽ നെറ്റ്ഫ്ലിക്സും സ്വിഗ്ഗിയും തുടങ്ങി നമ്മുടെ ഫോണിലെ സകല ആപ്പുകളും ഡാറ്റാ ശേഖരമാണ് നടത്തുന്നത്.
മീഡിയ X മാസ് മീഡിയ
കേന്ദ്രത്തിലോ കേരളത്തിലോ മറ്റേത് സംസ്ഥാനങ്ങളിലോ ആയാലും രാഷ്ട്രീയ പാർട്ടികൾ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ, മാധ്യമങ്ങൾ സ്ഥിരം കേൾക്കുന്ന പഴി, ടാം റേറ്റിംഗിന് വേണ്ടിയുള്ള നുണപ്രചാരണം എന്നതാണ്. വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളുടെയും ഫോളോവേഴ്സിന്റെയും കരുത്തിൽ തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിപ്പിക്കുന്ന സൈബർ സംഘങ്ങൾ മുതൽ, സെൽഫി വീഡിയോകളിലൂടെ ആഞ്ഞടിക്കുന്ന യൂട്യൂബ് മുതലാളിമാരായ വിമർശകർ വരെ മലയാളികളെ മാധ്യമധർമ്മത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണുള്ളവരെല്ലാവരും മാധ്യമപ്രവർത്തകരാകുന്ന കാലത്ത് വിമർശനങ്ങൾക്കും തിരുത്തൽ പാഠങ്ങൾക്കും കുറവില്ല. വിമർശിക്കപ്പെടേണ്ട ചിലതൊക്കെയുണ്ടെന്ന് ക്യാമക്കുപിന്നിൽ സമ്മതിക്കുമ്പോഴും, വിമർശിക്കാൻ വരുന്നവരുടെ യോഗ്യതയെന്ത് എന്ന മറുചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും തേടുന്ന മാധ്യമപ്രവർത്തകരുണ്ട്. സാങ്കേതിക വളർച്ചയുടെ സാധ്യതകളെ ഇങ്ങനെ ഗുണവും ദോഷവുമായി രണ്ട് കോളം വരച്ച് മാത്രം വിലയിരുത്തുമ്പോൾ വികസനത്തിന്റെ വഴിയിലുണ്ടാക്കുന്ന അതിശയകരമായ മാറ്റങ്ങൾ കൂടി പരിശോധിക്കാം.
അൺലിമിറ്റഡ് ഡാറ്റ ലക്ഷ്വറിയല്ല
ആടുജീവിതവും അറബിക്കഥയും ആസ്വദിച്ച മലയാളികൾ, പ്രവാസലോകത്ത് എത്തുമ്പോൾ ആദ്യം ഞെട്ടുന്നത് പേടിസ്വപ്നമായ കഫീലിനെ ഓർത്താകില്ല, അറബിനാട്ടിലെ പരിഷ്കാരങ്ങൾ കണ്ടാകും. കുടിവെള്ളം പൈസ കൊടുത്ത് വാങ്ങേണ്ട ഫ്ലാറ്റുകളിൽ വരെ ഫ്രീ വൈ ഫൈ. മെട്രോയിലും ട്രാമുകളിലും ടിക്കറ്റെടുക്കാൻ കയ്യിലൊരു ചിപ് കാർഡ്, ചെക്കർ ഇല്ലെങ്കിലും ടിക്കറ്റില്ലെൽ പിഴത്തുക പിടിക്കാനുള്ള സിഗ്നലുകൾ. ജർമ്മനും ഫ്രഞ്ചും ഒന്നും പഠിച്ചില്ലെങ്കിലും ഗൂഗിൾ ട്രാൻസിലേഷനും ഓഡിയോയും വഴി മാത്രം സംവദിച്ച് ഒരു റൂമിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർ. പരസ്പരം മിണ്ടാതെ, കാണാതെ, ലോകത്തിന്റെ പല ഭാഗത്തിരുന്ന് പേയ്മെന്റ് അനുസരിച്ച് പ്രോജക്ട് കംപ്ലീറ്റാക്കി ചിൽ ചെയ്യുന്ന ടെക്കികൾ. വിർച്വൽ റിയാലിറ്റി ക്ലാസുകളിലൂടെ കോഴ്സുകൾ ക്രമീകരിക്കുന്ന അന്താരാഷ്ട്ര സർവകലാശാലകൾ. ജീവിതം ഒരു ഗെയിം പോലെ എക്സൈറ്റിംഗ് ആക്കുന്ന ഒത്തിരി പുത്തൻ ആശയങ്ങൾ.
ക്ലൈമാക്സ് ശുഭം
പുത്തൻ ലോകമെന്നാൽ ജീവിതം ഹൈടെക്കാക്കുന്ന വിർച്വൽ എലമെന്റ്സ് കൂടി ചേർന്നതാണ്. ഇവയൊക്കെ പരിചയപ്പെട്ടുവച്ചാൽ വയസ്സാൻകാലത്തും അപ്ഡേറ്റഡ് എന്ന ആശ്വാസത്തിൽ കഴിയാം. അപ്പോഴും ഓൺലൈനിൽ കണ്ടതും കേട്ടതുമെല്ലാം സത്യം മാത്രമെന്നല്ല, ചിലതൊക്കെ കണ്ടു പോകാം... ചിലതൊക്കെ മറക്കാം. ചുരുക്കത്തിൽ തൽക്കാലം ഭയം വേണ്ട, ജാഗ്രത മതി. ജെൻസിക്കൊപ്പം എത്തിയില്ലെങ്കിലും നരയ്ക്കും മുമ്പേ ഓൾഡ് ജെൻ ആകാതെ രക്ഷപ്പെടാം.
Digital Being | Being Digital - Read More
ഡോ. ബി. ഇക്ബാൽ • സച്ചിദാനന്ദൻ • എം.എ. ബേബി • ഡോ. എ.കെ. ജയശ്രീ • എതിരൻ കതിരവൻ • ജെ. ദേവിക • ദാമോദർ പ്രസാദ് • ഉണ്ണി ആർ. • റിയാസ് കോമു • സി.ജെ. ജോർജ് • Read More