21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 10
▮
കുറച്ചധികം പിന്നോട്ടുപോയാൽ, മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് യൂറോപ്പിൽ പ്രബുദ്ധതയുടെ ജ്ഞാനപരിസരങ്ങളിൽ, ലോകപ്രശസ്ത തത്വചിന്തകൻ ഇമ്മാനുവൽ കാന്റ് ശാശ്വതമായ സമാധാനത്തെക്കുറിച്ച് (perpetual war) വിഭാവനം ചെയ്തു. ശാശ്വതസമാധാനം വാണിജ്യബന്ധങ്ങളുടെ ഊഷ്മളതയുടെ സംഘാതമായാണ് കാന്റ് വിലയിരുത്തിയത്. ഇമ്മാനുവൽ കാന്റ് അവതരിപ്പിക്കുന്ന ആശയം ഇതാണ്:
"യുദ്ധവുമായി പൊരുത്തപ്പെടാത്ത വാണിജ്യത്തിന്റെ താല്പര്യത്തിന് മേൽക്കൈ ലഭിക്കുമ്പോൾ എല്ലാ ശക്തികളിലുംവെച്ച് പണത്തിന്റെ ശക്തിയാണ് ഭരണകൂടങ്ങൾക്കുപോലും ആശ്രയിക്കാനാവുന്നത്. അതിനാൽ ഭരണകൂടങ്ങൾ ധാർമികബോധമൊന്നും പ്രകടമാക്കാതെതന്നെ മാന്യമായ സമാധാനം പ്രോത്സാഹിപ്പിക്കാനും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയെ മധ്യസ്ഥതയിലൂടെ തടയാനും നിർബന്ധിതമാകുന്നു."
18-ാം നൂറ്റാണ്ടിൽ വളർച്ച പ്രാപിച്ചുതുടങ്ങിയ മുതലാളിത്തത്തിന്റെ പ്രത്യാശയാണ് കാന്റ് പ്രകടിപ്പിക്കുന്നത്. വികസ്വരമായിക്കൊണ്ടിരുന്ന വാണിജ്യബന്ധങ്ങൾ യുദ്ധത്തിനു പകരമായി സമാധാനത്തിനെയാണ് പ്രോചോദിപ്പിക്കുക എന്നതാണ് യൂറോപ്പ്യൻ പ്രബുദ്ധതയുടെ ദർശനം മുന്നോട്ടുവെച്ച ആശയം. രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധങ്ങൾ വാണിജ്യതാല്പര്യങ്ങൾക്ക് അനിവാര്യമാണ്. അതിർത്തികൾ മൂലധനത്തിന് അനഭികാമ്യവും. രാജ്യാതിർത്തികളെ ചൊല്ലിയുള്ള രാജാക്കന്മാരുടെ യുദ്ധങ്ങൾ പുത്തൻ കച്ചവടതന്ത്രങ്ങൾ ആവിഷ്ക്കരിച്ച നവജാത ബുർഷ്വാസിക്ക് അനഹിതമായിതീർന്നു. മുതലാളിത്തത്തിന്റെ വിശാലതാല്പര്യമായ സ്വതന്ത്ര വ്യാപാരം യുദ്ധങ്ങൾക്ക് അറുതിവരുത്തുമെന്ന വിശ്വാസം 18-ാം നൂറ്റാണ്ടിനുശേഷവും പിൽക്കാലങ്ങളിലേക്കും തുടർന്നു. ഈ പ്രബുദ്ധതയുടെ വിശ്വാസം അനുസ്യൂതമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു.
ബൂർഷ്വാസി യുദ്ധത്തെ വാണിജ്യവികസനത്തിന്റെ ഉപകരണമായി പരിവർത്തിപ്പിക്കുന്നതും പ്രബുദ്ധതയുടെ കാലത്തിലെ തന്നെ സൃഷ്ടിയാണ്. മൂലധനതാല്പര്യങ്ങൾ തന്നെയാണ് 18-ാം നൂറ്റാണ്ടു മുതൽ ലോകമാകെ വ്യാപകമായ അധിനിവേശങ്ങൾക്ക് നിദാനമായത്. മൂലധന സമാഹാരം ലക്ഷ്യം വെച്ച വാണിജ്യതാല്പര്യങ്ങളാണ് രാജ്യങ്ങളെ കീഴടക്കി ഭരിക്കുക എന്ന ഹിംസാത്മകമായ രാഷ്ട്രതന്ത്രം ആവിഷ്‌ക്കരിക്കാൻ ബുർഷ്വാസിക്ക് പ്രേരണയായത്.

വാണിജ്യതാല്പര്യങ്ങളാണ് യൂറോപ്പിലെ നവജാത ബുർഷ്വാസിയെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പായിച്ചത്. ചെന്നുപറ്റിയ ലോകങ്ങൾ കീഴടക്കിയത് സ്വതന്ത്രമായ മത്സരങ്ങളെ അവസാനിപ്പിച്ച് വാണിജ്യത്തിൽ കുത്തക സ്ഥാപിക്കാനും. വാണിജ്യം യൂറോപ്പിൽ ഉദയം ചെയ്ത ബൂർഷ്വാസിയുടെ കണ്ടുപിടുത്തമല്ല. ലോകത്തിന് അതിനുമുമ്പേ വാണിജ്യം എന്താണെന്നറിയാമായിരുന്നു. രാജ്യങ്ങളും ജനങ്ങളും തമ്മിൽ വാണിജ്യ ബന്ധങ്ങളുമുണ്ടായിരുന്നു. വാണിജ്യത്തിനായി കീഴടക്കി ഭരിക്കുക എന്നത് യുറോപ്പിലെ ബൂർഷ്വാസിയാണ് കണ്ടുപിടിച്ചത്. അതിനൊരു പ്രത്യയശാസ്ത്രമുഖവും നൽകാൻ ബുർഷ്വാസിക്ക് സാധിച്ചു. പാശ്ചാത്യ സംസ്കാരിക പ്രബോധനം എന്നതാണ് ആ പ്രത്യയശാസ്ത്രം. വാണിജ്യത്തിനൊപ്പം സാംസ്കാരിക വിജ്ഞാന വിനിമയങ്ങൾ എക്കാലത്തും നടന്നിരുന്നു. മനുഷ്യസമൂഹത്തിന്റെ പിറവി മുതൽക്കെ അത് വിജ്ഞാനസമൂഹമാണ്. അറിവുകളുടെ കണ്ടെത്തലും വിനിമയവും തന്നെയാണ് സമൂഹങ്ങളെ ചലിപ്പിച്ചിരുന്നതും അടുപ്പിച്ചിരുന്നതും. അറിവിന്റെ കുത്തകവൽക്കരണവും വിജ്ഞാനത്തിന്റെ ഏകപക്ഷീയമായ സാംസ്കാരികവൽക്കരണവും അധിനിവേശത്തിന്റെ സൃഷ്ടിയാണ്. പാശ്ചാത്യശാസ്ത്രം എന്ന പ്രയോഗം തന്നെ അധിനിവേശത്തിത്തിൽ നിന്ന് ഉത്ഭുതമായതാണ്.
വായിക്കാം, കേൾക്കാം: മോട്ടിവേഷണൽ
പ്രാസംഗികരുടെ
കേരളം
വിശ്വാസത്തിന്റെ
അർമാദങ്ങളേ,
വിട…
ഗൂഗ്ൾ മാപ്പിലൂടെ
ആമാശയത്തിലേക്ക്
പറന്നുവരുന്ന
ഗിഗ് മുതലാളിത്തം
കൂട്ടപിരിച്ചുവിടലിന്റെ
കാൽനൂറ്റാണ്ട്
21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm
പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ
വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം
Algo New Speak
മീമുകൾ മാത്രം മതി
നൂറ്റാണ്ടുകൾ പിന്നീടുമ്പോഴും വാണിജ്യത്തിന്റെ ഉന്മത്ത താല്പര്യങ്ങളാണ് കൊളോണിയൽ കാലഘട്ടത്തിലും നവകൊളോണിയൽ കാലഘട്ടത്തിലും വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ യുദ്ധമനസ്ഥിതിക്ക് കാരണമാകുന്നത്. മതപരമായ ഉള്ളടക്കമുണ്ടായിരുന്ന യുദ്ധങ്ങൾക്ക് ഒരു സെക്യുലർ പുറംപൂച്ചു നല്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് സാധിച്ചു എന്നതും വസ്തുതയാണ്. വാണിജ്യത്തിന്റെ വ്യാപനവും അതിനായി ആവിഷ്ക്കരിച്ച പുത്തൻ തന്ത്രങ്ങളിൽ നിന്ന് ലഭ്യമായ അറിവുകളും യുദ്ധത്തെതന്നെ വാണിജ്യ സ്രോതസ്സായി കോർപറേറ്റ് മുതലാളിത്തം പുനർക്രമീകരിച്ചു.
വാണിജ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള അധിനിവേശ യുദ്ധങ്ങളും യുദ്ധോപകരണങ്ങളുടെ നിർമാണവും വില്പനയും യുദ്ധത്തിന്റെ തന്നെ വാണിജ്യവൽക്കരണവുമാണ്, കഴിഞ്ഞ നൂറ്റാണ്ടു മുതൽക്കേ യുദ്ധം ഒരു വൻകിട വ്യവസായ മേഖലയായി വികസിതമാകാൻ കാരണം. യുദ്ധോപകരണങ്ങളുടെ ലോകകമ്പോളം നിലനിർത്താനും വികസിപ്പിക്കാനും ചെറുതും വലുതുമായ ആഭ്യന്തര യുദ്ധങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു.

വാണിജ്യലാഭങ്ങൾ അമേരിക്കൻ സാമ്രാജ്യത്വം രണ്ടു ഉപായങ്ങളിലൂടെയാണ് വ്യവസ്ഥാപിതമാക്കിയത്- ഒന്ന്, സ്വതന്ത്ര വ്യാപാര കരാറുകൾ എന്ന നിലയ്ക്കുള്ള അമേരിക്കൻ അപ്രമാദിത്വമുറപ്പിക്കുന്ന വ്യവസ്ഥകളും സ്ഥാപനങ്ങളും.
രണ്ട്, യുദ്ധം.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന ചെറുതും വലുതുമായ ഭൂരിപക്ഷം യുദ്ധങ്ങളിലെല്ലാം അമേരിക്കൻ വാണിജ്യ താല്പര്യങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്. അമേരിക്കൻ വിദേശനയത്തിന്റെ ഭാഗമാണ് അധിനിവേശ യുദ്ധങ്ങൾ. അതു നിർബാധം തുടരുന്നു.
സമാധാനത്തെ അപേക്ഷിച്ച് യുദ്ധം അയുക്തികമാണെന്ന് സാമൂഹ്യശാസ്ത്രജ്ഞൻ മൈക്കൾ മൻ വിശദീകരിക്കുന്നു. യുദ്ധത്തെക്കുറിച്ച് (Michael Mann, On Wars, Yale University Press, 2023) സമഗ്രപഠനം നടത്തിയ മൈക്കൾ മൻ പറയുന്നത്, യുദ്ധം മറ്റേതൊരു മനുഷ്യ പ്രവർത്തനത്തേക്കാളും വേഗത്തിൽ തെറ്റുകൾക്ക് തിരിച്ചടി നൽകുന്നുവെന്നാണ്. ഭരണാധികാരികൾ യുദ്ധത്തിന്റെ ചെലവുനേട്ടങ്ങൾ (cost benefit) മാത്രം ശ്രദ്ധാപൂർവ്വം കണക്കാക്കി വികാരങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും മാറ്റിവെക്കാൻ കഠിനമായി ശ്രമിക്കുകയും ആഭ്യന്തര ലോബിയിംഗ് സമ്മർദ്ദങ്ങളെ അവഗണിക്കുകയും ചെയ്തിരുന്നെങ്കിൽ മിക്ക യുദ്ധങ്ങളും സാമ്പത്തിക വിനിമയത്തേക്കാൾ താഴ്ന്നതാണ് എന്നു മനസ്സിലാക്കുമായിരുന്നു. ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനുള്ള മാർഗമായി മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും പങ്കിടൽ നയതന്ത്രമാണ് യുക്തിഭദ്രമെന്ന് മൈക്കൽ മൻ വിശദീകരിക്കുന്നു.
മൈക്കൾ മൻ വിശദീകരിക്കുന്നതുപോലെ ഭരണാധികാരികളെ യുദ്ധത്തിലേക്ക് നയിക്കുന്നത് അയുക്തികമായ വികാരങ്ങളാണെന്നും ഒരു പക്ഷമുണ്ട്. സമകാലത്ത് ഇറാനിനെതിരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന അധിനിവേശയുദ്ധം ഇസ്രായേലും അമേരിക്കയും ഭരിക്കുന്ന അധികാരഭ്രാന്തന്മാരുടെ ദുർനടപടികൾ മാത്രമെന്ന് വ്യാഖ്യാനിക്കുന്ന മുഖ്യധാരാ മാധ്യമ റിപ്പോർട്ടുകൾ പ്രചാരത്തിലുണ്ട്. അമേരിക്കൻ മാധ്യമങ്ങൾ തന്നെയാണ് ഈ വ്യാഖ്യാനാത്മക വാർത്തകളുടെ ഉറവിടം. പ്രത്യക്ഷത്തിൽ ഈ വ്യാഖ്യാനം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതുമാണ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമാക്കി ഡോണൾഡ് ട്രംപ് നടത്തുന്ന അധിനിവേശ ആക്രമണം തീർത്തും അയുക്തികവും വംശീയ പ്രത്യശാസ്ത്രത്താൽ പ്രേരിപ്പിക്കപ്പെട്ടതുമാണ് എന്നത് പ്രത്യക്ഷത്തിൽ തന്നെ കാണാം.

ഇസ്രായേൽ ഭരണാധികാരിയായ ബെഞ്ചമിൻ നെതന്യാഹു യുദ്ധവെറിയാനാണ് എന്നത് ഇതിനകം സ്ഥാപിതമായ സത്യമാണ്. എന്നാൽ, ട്രംപ് മുൻപ് വാദിച്ചിരുന്നത് യുദ്ധം അമേരിക്കയെ സാമ്പത്തികമായി തകർത്തുവെന്നും യുദ്ധങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുമെന്നുമാണ്. ട്രംപിന്റെ താരിഫ് യുദ്ധം മുതൽ എല്ലാ വിദ്വേഷജനകമായ പ്രസ്താവനകളും അവകാശവാദങ്ങളും ജല്പനമായാണ് മുഖ്യധാരാ മാധ്യമങ്ങൾ വിലയിരുത്തിയത്. അമേരിക്കൻ ശ്വേതവംശീയ (white supremacist) പ്രത്യയശാസ്ത്രത്തിന്റെ ദുർബോധ്യങ്ങളും മൂർച്ഛിച്ച ആത്മരതിയുമൊക്കെ ട്രംപിന്റെ ഇറാൻ അധിനിവേശയുദ്ധ തീരുമാനത്തിൽ ആരോപിക്കാമെങ്കിലും അമേരിക്കയിലെ ‘deep state’ യുദ്ധരംഗത്തേക്ക് കടക്കുന്നതിനുപിറകിൽ അമേരിക്കയുടെ വാണിജ്യ സാമ്പത്തിക താല്പര്യങ്ങൾ തന്നെയാണ് പ്രധാന ഘടകം.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം പലസ്തീൻ ജനതയെ അവരുടെ ജന്മസ്ഥലത്തുനിന്ന് ആട്ടിയോടിച്ച്, അവിടെ അനധികൃതമായി സ്ഥാപിച്ച രാഷ്ട്രം എന്ന നിലയിൽ ഇസ്രായേലിന്റെ നിലനിൽപ്പു ഭീതിയാണ് (existential threat) അയൽപ്രദേശങ്ങൾ പിടിച്ചെടുത്തു വികസിപ്പിക്കുക എന്ന (expansionist) സയണിസ്റ്റ് രാഷ്ട്രത്തിന്റെ പദ്ധതിക്ക് നിദാനമായത്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ എണ്ണ താല്പര്യങ്ങളാണ് യുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കുന്ന മുഖ്യ കാരണമെങ്കിൽ, ഇസ്രായേലിന്റെ അധിനിവേശപദ്ധതിയും അമേരിക്കയുടെ എണ്ണയുമായി ബന്ധപ്പെട്ട വാണിജ്യ താല്പര്യങ്ങളുമായി സംയോജിച്ചുള്ള അധിനിവേശമാണ് ആവർത്തിച്ചാവർത്തിച്ച് പശ്ചിമേഷ്യയെ ചുടലഭൂമിയാക്കുന്നത്.
തൊണ്ണൂറുകളുടെ ആദ്യം നടന്ന ഗൾഫ് യുദ്ധം മുതൽ ഇപ്പോൾ ഇറാനിൽ നടക്കുന്ന യുദ്ധം വരെ അധിനിവേശ വാണിജ്യയുക്തിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അധിനിവേശ യുദ്ധങ്ങളാണ്. ഭരണാധികാരികളുടെ വികലവിശ്വാസങ്ങളും ഹിംസാത്മക വ്യക്തിത്വവും അധികാരഭ്രാന്തും യുദ്ധവെറിയും പ്രേരകഘടകങ്ങളായിരിക്കെ തന്നെ, എല്ലാ യുദ്ധങ്ങളെയും നയിക്കുന്നത്, മുതലാളിത്ത വാണിജ്യത്തിന്റെ രാഷ്രീയസമ്പദ് വ്യവസ്ഥാ യുക്തിതന്നെയാണ്. അതുകൊണ്ട്, 2026 ഫെബ്രുവരി അവസാനം ആരംഭിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാൻ അധിനിവേശവും മുതലാളിത്ത യുദ്ധങ്ങളുടെ നൈരന്തര്യത്തിലെ ഏറ്റവും പുതിയ സംഭവമാണ് എന്നു മാത്രമാണ്.

ഓരോ യുദ്ധത്തിനും അതിന്റെ സവിശേഷ കാരണങ്ങളും കാരണമില്ലായ്‌മയും ഉണ്ടാകാമെങ്കിലും, യുദ്ധങ്ങൾക്ക് ആന്തരിക പ്രേരണയാകുന്ന വാണിജ്യയുക്തി ഓരോ യുദ്ധത്തെയും മറ്റൊന്നിന്റെ തുടർച്ചയാക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ മാത്രമായിട്ടൊരു യുദ്ധവുമില്ല, കാരണം മുൻനൂറ്റാണ്ടുകളിലെ അധിനിവേശ മുതലാളിത്തത്തിന്റെ തുടർച്ച തന്നെയാണ് സമീപകാലങ്ങളിലെ ഓരോ യുദ്ധവും. അതേസമയം, യുദ്ധത്തിന്റെ ആഘാതത്തിലും അതിന്റെ അനന്തരഫലങ്ങളിലും യുദ്ധത്തിൽ ഉപയുക്തമാക്കുന്ന ഉപകാരണങ്ങളിലും അതിന്റെ നശീകരണ ശേഷിയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
21-ാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ
പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യപാദത്തിൽ നടന്ന രാജ്യാന്തരീയ യുദ്ധങ്ങളിൽ റഷ്യ- ഉക്രൈൻ ഒഴിച്ചാൽ മധ്യപൗരസ്ത്യദേശത്തോ അല്ലെങ്കിൽ ആഫിക്കൻ ഭൂഖണ്ഡത്തിലോ ആണ് യുദ്ധങ്ങളേറെയും നടന്നിട്ടുള്ളത്. യു എസിന് വഴങ്ങാത്ത ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കെതിരെ ഭീഷണി ഉയർന്നിരുന്നുവെങ്കിലും മധ്യപൗരസ്ത്യരാജ്യങ്ങളായ ഇറാക്ക്, യമൻ, സിറിയ, ലിബിയ എന്നീ രാജ്യങ്ങൾ തന്നെയാണ് അമേരിക്ക മുഖ്യമായും ലക്‌ഷ്യം വെച്ചത്. ഭരണത്തെ അട്ടിമറിച്ച് (regime change) അമേരിക്കൻ താല്പര്യങ്ങൾക്ക് ഹിതകരമായി നിൽക്കുന്ന പാവഭരണകൂടങ്ങൾ സ്ഥാപിക്കുക എന്നതിനാണ് സൈനിക സന്നാഹങ്ങൾ ഉപയോഗപ്പെടുത്തിയത്. സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ നടന്ന കുവൈറ്റ് ആക്രമണം മുതൽക്കേ സദ്ദാംഭരണത്തെ അട്ടിമറിക്കാനുള്ള ആസൂത്രണങ്ങൾ അമേരിക്ക ചെയ്തുവരികയായായിരുന്നു. സ്ഥിരമായി അമേരിക്ക ഉന്നയിക്കുന്ന അണ്വായുധ പ്രശ്നം തന്നെയാണ് ഇറാഖിനെതിരെയും അമേരിക്ക ആദ്യം ഉപയോഗിച്ചത്. സദ്ദാം രാസായുധങ്ങൾ കുർദ് ജനതക്കെതിരെ ഉപയോഗിച്ചതിന് തെളിവുണ്ട്. ഇതിന്റെ ചുവടുപിടിച്ച് വൻനശീകരണായുധം (weapons of mass destruction) സദ്ദാമിന്റെ പക്കലുണ്ടെന്നുള്ള വ്യാജവാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂയോർക്ക് ടൈംസാണ്. ഇതിനെ മറയാക്കിയാണ് ഇറാഖിലേക്ക് അമേരിക്ക അധിനിവേശം നടത്തിയത്.

മധ്യപൗരസ്ത്യപ്രദേശങ്ങളിൽ നിന്ന് ഇൻഡിപെൻഡന്റ് പത്രത്തിന് റിപ്പോർട്ട് ചെയ്യ്തിരുന്ന പ്രശസ്ത പത്രപ്രവർത്തകനും മധ്യപൗരസ്ത്യ വിഷയങ്ങളലെ വിദഗ്ദ്ധനും Great war for Civilization: the conquest of middle east എന്ന ബൃഹത്പുസ്തകവുമെഴുതിയ റോബർട്ട് ഫിസ്‌കിന്റെ മരണാന്തരം പ്രസിദ്ധീകരിച്ച "അധികാരത്തിന്റെ രാത്രി: മധ്യപൗരസ്ത്യദേശങ്ങളോടുള്ള വഞ്ചന" (Night of Power, the Betrayal of Middle East, Robert Fisk, 2024) എന്ന പുസ്തകത്തിലെ Painting Othello Black എന്ന അധ്യായത്തിൽ, മധ്യപൗരസ്ത്യ രാജ്യങ്ങൾക്കുനേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിനുപിന്നിലെ യഥാർത്ഥ താല്പര്യമെന്താണെന്നു വ്യക്തമാക്കുന്നു:
‘‘… സദ്ദാമിന്റെ കുവൈറ്റ് അധിനിവേശത്തിനും 1991-ൽ എമിറേറ്റ്‌സിന്റെ വിമോചനത്തിനും ശേഷം, ഇറാഖിനെ അസ്ഥിരപ്പെടുത്തുന്നതിന് യുഎസ് ലക്ഷ്യമിട്ടിരുന്നു. ഉദാഹരണത്തിന്, 1995-ൽ, ഇറാഖിനെതിരായ രഹസ്യ പ്രവർത്തനങ്ങൾ തുടരാൻ സി ഐ എ കോൺഗ്രസിനോട് 50 മില്യൺ ഡോളർ ആവശ്യപ്പെട്ടു - ക്ലിന്റൺ ഭരണകൂടം ഇറാനിനെയും കൂടി ലക്ഷ്യമാക്കി 'ദ്വയ നിയന്ത്രണത്തിനായി '(dual containment) നൽകിയത് 4 മില്യൺ ഡോളർ മാത്രം. സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഇത് - പകരം അദ്ദേഹത്തെ ‘ദുർബലപ്പെടുത്താൻ’ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, 2000 നവംബറിൽ ഇറാഖി ഭരണകൂടം തങ്ങളുടെ ഡോളർ കരുതൽ ധനം യൂറോയിലേക്ക് മാറ്റാനുള്ള തീരുമാനം യു.എസ് തീരുമാനങ്ങളെ വളരെയധികം മാറ്റി. എണ്ണ എപ്പോഴും ഡോളറിനാണ് വിറ്റിരുന്നത്, അതുവഴി യു.എസിന് വിപണിയിൽ കാര്യമായ നിയന്ത്രണം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, യൂറോ എണ്ണ വിപണിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഡോളറിന്റെ ശക്തിക്ക് ഭീഷണിയാകാം. ഇറാൻ യൂറോയിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഉടനെ ഇറാനെ "തിന്മയുടെ അച്ചുതണ്ടിൽ" (axis of evil) ചേർത്തു. "ഭരണമാറ്റം" (Regime Change) മാത്രമാണ് ഏക പരിഹാരമായി യു.എസ് കണ്ടത്.
2003-ലെ ഇറാഖ് അധിനിവേശത്തിനുശേഷമുള്ള വർഷങ്ങളിൽ, ലോകമെമ്പാടും മധ്യപൗരസ്ത്യപ്രദേശത്തെക്കുറിച്ച് ഞാൻ നിരവധി പ്രഭാഷണങ്ങൾ നടത്തി. ഇറാഖ് അധിനിവേശം യഥാർത്ഥത്തിൽ എണ്ണയെക്കുറിച്ചാണോ എന്നാണ് എന്നോട് സ്ഥിരമായി ചോദിച്ചിരുന്ന ചോദ്യം. എന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു: ഇറാഖിന്റെ പ്രധാന കയറ്റുമതി ബീറ്റ്റൂട്ട് (beetroot) ആയിരുന്നെങ്കിൽ, അമേരിക്കയുടെ 82-ാമത്തെ വ്യോമസേന ഫലൂജയിലേക്കും മൊസൂളിലേക്കും പോകുമായിരുന്നുവെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?" (page 95).

അഫ്‌ഗാനിസ്ഥാനെ താറുമാറാക്കിയത് അമേരിക്കൻ സാമ്രാജ്യത്വമാണ്. രണ്ടായിരത്തിലധികം അമേരിക്കൻ സൈനികർ അഫ്‌ഗാനിൽ കൊല്ലപ്പെട്ടു. 20,000- ലധികം സൈനികർക്ക് ഗുരുതര പരുക്കേറ്റു. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിൽ കാര്യമായ കുറവ് വന്നത്, അമേരിക്കയുടെ അഫ്ഘാൻ അധിനിവേശം അവർ നടപ്പാക്കിയെന്നതുകൊണ്ടാണ്. ട്രംപിന്റെ പ്രധാന വിമർശനം തന്നെ, അമേരിക്കയുടെ യുദ്ധങ്ങൾ അമേരിക്കയ്ക്ക് ആളപായം മാത്രമല്ല, സാമ്പത്തികമായി കനത്ത നഷ്ടം വരുത്തിവെയ്ക്കുന്നു എന്നതായിരുന്നു. യുദ്ധങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ഡോണൾഡ് ട്രംപും ജി.ഡി. വാൻസും പ്രഖ്യാപിച്ചിരുന്നു.
റഷ്യ - ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ഉക്രൈന് നൽകി വരുന്ന സഹായം നിർത്തലാക്കാനും ട്രംപ് ഒരുഘട്ടത്തിൽ തീരുമാനിച്ചിരുന്നു, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം താരതമ്യേന യുദ്ധത്തിൽ നിന്ന് അകന്നുനിന്ന യൂറോപ്പിൽ, റഷ്യയുടെ ഉക്രൈൻ ആക്രമണം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അഫ്ഘാൻ പരാജയപ്പെട്ട സാഹസികതയായിരുന്നു (misadventure) എന്ന് വിലയിരുത്തിയതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോൺ ബൈഡന്റെ കാലത്തുതന്നെ അഫ്‌ഗാനിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറിയത്. ഇസ്ലാമിക ഭരണം അവസാനിപ്പിക്കാൻ പോയ അമേരിക്ക അഫ്ഘാനിലെ ഗോത്ര ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന താലിബാന് അധികാരം ഏല്പിച്ചുകൊടുത്താണ് മടങ്ങിയത്. ട്രംപിന്റെ രണ്ടാം വരവിന് അഫ്ഘാൻ എന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരാജയപ്പെട്ട സാഹസികത ഒരു പ്രധാന ഘടകമായിരുന്നു.
മധ്യ പൗരസ്ത്യ രാജ്യങ്ങളിലെ അമേരിക്കൻ ആധിപത്യത്തിന് പ്രധാന കാരണം എണ്ണയാണെങ്കിലും ഇസ്രയേലിന്റെ സാനിധ്യവും ഒരു സവിശേഷ ഘടകമാണ്. ഇസ്രായേൽ അമേരിക്കയുടെ സൈനിക പങ്കാളിയും താവളവുമാണ്. ഇസ്രായേൽ കൂടുതൽ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചുകയറുന്നത് അമേരിക്കയുടെ കൂടി താല്പര്യ സംരക്ഷണാർത്ഥമാണ്. മധ്യപൗരസ്ത്യ രാജ്യത്ത് കൃത്രിമമായി ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകത്തിൽ കുറേകൂടി സമാധാനം പുലരുമായിരുന്നു.
മധ്യപൗരസ്ത്യ ദേശത്തെ ഇത്രയും യുദ്ധഭരിതമായി നിലനിർത്തുന്നത് സയണിസ്റ്റ് രാഷ്ട്രത്തിന്റെ അസ്തിത്വമാണ്. 2005- ലും ഗാസ ആക്രമിക്കപ്പെട്ടിരുന്നു. കൂട്ടക്കുരുതി നടന്നിരുന്നു. ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു, 2025-ലെ അന്താരാഷ്ട്ര കോടതി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.

ഐക്യ രാഷ്ട്രസഭയും അന്താരാഷ്ട്രകോടതിയും അപ്രധാന സ്ഥാപനങ്ങളായി മാറാൻ പ്രധാന കാരണം, സയണിസ്റ്റ് രാഷ്ട്രത്തിനുവേണ്ടി അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുന്നതാണ്. യുദ്ധങ്ങളിൽ നിന്ന് പിന്മാറുകയാണ് എന്ന് പ്രഖ്യാപിച്ച ട്രംപ് ഐക്യ രാഷ്ട്രസഭ വെറും നോക്കുകുത്തിയാണെന്നു പ്രഖ്യാപിച്ചതിനുശേഷമാണ് യു എന്നിന് ബദലായി അമേരിക്കയുടെ നേതൃത്വത്തിൽ 'ബോർഡ് ഓഫ് പീസ്' ആരംഭിച്ചത്. വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമേ ഇതിൽ ചേർന്നുള്ളൂ.
2003- ൽ ഇറാഖിനെ ആക്രമിക്കാൻ അമേരിക്കൻ സഖ്യകക്ഷിയായ ബ്രിട്ടൻ പ്രധാനമന്ത്രി ടോണി ബ്ലൈർ മുൻപന്തിയിലുണ്ടായിരുവെങ്കിൽ ഇറാൻ അധിനിവേശത്തോടൊപ്പം ചേരാൻ ഇപ്പോഴത്തെ ലേബർ പ്രധാനമന്ത്രി സ്റ്റീഫൻ ക്രാമർ തയ്യാറായില്ല. അമേരിക്കൻ സാമ്രാജ്യത്വം വെല്ലുവിളികളില്ലാതെ തുടരുന്ന കാലത്തോളം സയണിസ്റ്റ് രാഷ്ട്രം അധിനിവേശ അതിക്രമങ്ങൾ നിർബന്ധപൂർവം നിർത്തിരിക്കുന്നടത്തോളം യുദ്ധങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും എന്നു മാത്രമല്ല, ചെറുത്തുനിൽപ് തീവ്രരൂപമാർജ്ജിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതേസമയം, മുതലാളിത്തത്തിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വത്തിന്റെ വാണിജ്യതാല്പര്യങ്ങൾ ലോകത്തിലെ യുദ്ധത്തെ ചിരസ്ഥിതമാക്കുകയും ചെയ്യുന്നു. ഇമ്മാനുവൽ കാന്റ് പ്രകടമാക്കിയ പാശ്ചാത്യ പ്രബുദ്ധതയുടെ ലോലമനസ്ഥിതിയെ അതിവർത്തിക്കുന്നതും തിരുത്തുന്നതുമാണ് പാശ്ചാത്യ മുതലാളിത്തത്തിന്റെ ദൃഢവാണിജ്യയുക്തി.
മനുഷ്യേതരമാണ്,
യുദ്ധസാങ്കേതികവിദ്യ
21-ാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ ഏറ്റവും പ്രധാനമായി വന്ന മാറ്റം നിർമിതബുദ്ധിയും അൽഗോരിതം അടിസ്ഥാനമാക്കിയുള്ള യുദ്ധ സാങ്കേതിക വിദ്യകളുടെ കടന്നുവരവുമാണ്. മനുഷ്യേതരമായി (non- human) പ്രവർത്തിക്കുന്ന ഡ്രോണുകൾ ആശുപത്രിയും സ്കൂളും ടാർഗെറ്റുകളാക്കുന്നു. മനുഷ്യരായിരുന്നെങ്കിൽ, ഒരുവേള, ബോംബ് ചെയ്യാൻ മടിക്കുന്ന സവിശേഷസ്ഥലങ്ങൾ മനുഷ്യരഹിതമായി പ്രവർത്തിക്കുന്ന ഡ്രോണുകൾക്ക് സൂക്ഷ്മ ടാർഗെറ്റുകളാണ്. കാർപെറ്റ് ബോംബിങ് ഗൾഫ് യുദ്ധത്തോടെ പ്രയോഗത്തിലുണ്ടായിരുന്നു. ഇന്ന് ഡ്രോൺ വിമാനങ്ങളാണ് കാർപെറ്റ് ബോംബ് ചെയ്യുന്നത്. ശത്രുപ്രദേശങ്ങളെ തകർത്ത് തരിപ്പണമാക്കുക എന്ന അൽഗോരിതത്തിന്റെ പ്രവർത്തനഫലമായി, അത് സിവിലിയൻ ടാർഗെറ്റുകളെ വ്യവച്ഛേദിക്കുന്നില്ല. അതുകൊണ്ടാണ് ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യയെ Automated Genocide എന്ന് വിളിക്കുന്നത്.
വൻകിട ടെക് കമ്പനികളാണ് ഇന്ന് യുദ്ധസാങ്കേതികവിദ്യയിൽ വ്യാപകമായി പങ്കാളികളാകുന്നത്. ഈയിടെ നിർമിതബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന ആന്ത്രോപിക് (Anthropic) യു.എസിന്റെ സൈനികസേവനം ഏറ്റെടുക്കുന്ന കരാറിൽനിന്ന് പിന്മാറുകയുണ്ടായി. എന്നാൽ മെറ്റയും പ്ലാന്റിറും ആൽഫബെറ്റും മൈക്രോസോഫ്റ്റും ഇസ്രായേൽ സൈനിക ശക്തിയുമായി സഹകരിക്കുന്നുണ്ട്.

അസമമായ (assymetrical) യുദ്ധങ്ങളാണ് ഇന്ന് നടക്കുന്നത്. വ്യാപകമായാണ് സിവിലിയൻ ജനസംഖ്യയെ ലക്‌ഷ്യം വെയ്ക്കുന്നത്. സൈനികരുടെ നേരിട്ടുളള പങ്കാളിത്തം കുറഞ്ഞുവരുന്നു. സിവിലിയൻ ജനസംഖ്യയെ ലക്ഷ്യമാക്കാൻ മനുഷ്യരഹിതമായ സാങ്കേതിക യുദ്ധോപകരണങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇതിന്റെ ആഘാതം ഭീമമാണ്. ഇതിനൊപ്പം, വിവരയുദ്ധവും (information war) പ്രധാനമാകുന്നു.
സൈബർ ആക്രമണങ്ങൾക്ക് രാജ്യത്തെ പരിപൂർണമായും നിശ്ചലമാക്കാൻ കഴിയും. ജി സി സി രാജ്യങ്ങളിലെ ഡാറ്റാ സെർവർ കേന്ദ്രങ്ങളെയാണ് ഇറാൻ കൂടുതലായും ലക്‌ഷ്യംവെച്ചത്. ഡാറ്റ സെർവറുകൾ തകർക്കപ്പെടുന്നതോടെ ശൃംഖലാസംവിധാനം പ്രവർത്തനരഹിതമാകും. ശൃംഖലയിലെ വിച്ഛേങ്ങൾ വഴി ഡാറ്റാസ്രോതസ്സിലേക്ക് നുഴഞ്ഞുകയറാനും പറ്റും. ഡാറ്റായുദ്ധത്തിന്റെ ആഘാവും തോതും എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഊഹം മാത്രമേ ഇപ്പോഴുള്ളൂ എങ്കിലും രാജ്യങ്ങളെ ദീർഘകാലത്തെ സ്തംഭനാവസ്ഥയിലാക്കാൻ അതുകൊണ്ട് സാധിക്കും. പഴയ യുദ്ധങ്ങളിൽ നിന്ന് വ്യതിരിക്തമായി ഒരിക്കലും അവസാനിക്കാത്ത തീരാദുരിതങ്ങൾ അവശേഷിപ്പിച്ചുപോകാൻ പുതിയ സാങ്കേതികവിദ്യാകേന്ദ്രിതയുദ്ധങ്ങൾക്ക് സാധിക്കും. അണുബോംബിനോളം ആഘാതപ്പെടുന്നതാണ് നവസാങ്കേതിക യുദ്ധോപകരണങ്ങൾ.
യുദ്ധത്തിന്റെ സ്വകാര്യവൽക്കരണമാണ് മറ്റൊരു ഭീതിതമായ യാഥാർഥ്യം. ആഭ്യന്തര യുദ്ധങ്ങൾ ഇപ്പോൾ തന്നെ സ്വകാര്യവൽക്കരിച്ചിട്ടുണ്ട്. സ്വകാര്യ സൈനികദളങ്ങൾക്ക് (private militia) ആഭ്യന്തരയുദ്ധം ഏല്പിച്ചുകൊടുക്കുന്ന ഒരു രീതി ആഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ചിട്ടുള്ളതാണ്. ഇത് സ്വകാര്യ സൈന്യമാണ്.
കേരളത്തിൽ നിന്ന് റഷ്യയുടെ ഉക്രൈയിൻ ആക്രമണത്തിൽ പങ്കെടുക്കാൻ അനധികൃതമായി നാടുകടത്തപ്പെടുന്നവർ യഥാർത്ഥത്തിൽ സ്വകാര്യ യുദ്ധ കോൺട്രാക്റ്റർമാരുടെ കരാർ സേവനത്തിലേക്കാണ് നിയോഗിക്കപ്പെടുന്നത്. Mercenaries എന്ന നിലയിൽ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളിൽനിന്ന് അന്താരാഷ്ട്ര യുദ്ധങ്ങളിലെ സൈന്യങ്ങളിൽ ചേരാൻ അനധികൃതമായി ദരിദ്രജനസംഖ്യയിൽപെട്ടവർ നാടുകടത്തപ്പെടുന്നുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വീട്ടാൻ പറ്റാത്ത കടവുമൊക്കെയാണ് അനധികൃത മനുഷ്യക്കടത്തിന് കാരണമാകുന്നത്. അത്തരമൊരു സാഹചര്യത്തിൽ സേവനവ്യവസ്ഥകൾ ആദ്യഘട്ടത്തിൽ ആകർഷണീയമായി അനുഭവപ്പെടാമെങ്കിലും യുദ്ധത്തിലേക്കാണ് വലിച്ചെറിയപ്പെടുന്നത്. ഇൻഷുറൻസ് തുക പോലും വീട്ടുകാർക്ക് ലഭ്യമാകില്ല, കാരണം അനധികൃതമായാണ് അതിർത്തി കടന്നത്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള യുവാക്കൾ വിദേശരാജ്യങ്ങളുടെ അനധികൃതമായ സൈനികവൃത്തിയുടെ കെണിയിൽ പെടുന്നുണ്ട്.

സ്വകാര്യവൽക്കരണനത്തിന്റെ ഭാഗമായാണ് കോർപറേറ്റുകൾക്ക് സൈനിക സേവനത്തിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളും ഔട്ട്സോഴ്സ് ചെയ്യുന്നത്. യുദ്ധോപകരണ നിർമാണം മാത്രമല്ല യുദ്ധ സാങ്കേതികമേഖല കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പരമാധികാരവും അടിയറവെയ്ക്കപ്പെടുന്നുണ്ട്. സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്നത് രാജ്യത്തിന്റെ സമാധാനകാംക്ഷയുടെ പ്രതീതി നൽകുമെങ്കിലും അത്രയും മേഖലകളിലേക്ക് കോർപറേറ്റുകൾ കടന്നുവരികയാണ് എന്നാണർത്ഥം.
സൈനിക മേഖലയിലെ അദൃശ്യമായ തൊഴിൽ വെട്ടിച്ചുരുക്കൽ സ്വകാര്യ മൂലധന സംരംഭകർക്ക് സൈനികരംഗത്തേക്ക് കടന്നുവരാനുള്ള വഴിയൊരുക്കലാണ്. സൈനിക ബഡ്ജറ്റ് നാൾതോറും വർധിക്കുകയല്ലാതെ കുറയുന്ന ചരിത്രമില്ല. മുതലാളിത്തത്തെ സംബന്ധിച്ച് യുദ്ധം ലാഭകരമായ വ്യവസായമാണ്. മാത്രമല്ല യുദ്ധത്തിന്റെ കാര്യത്തിൽ നിക്ഷേപിക്കുന്ന പണവും ചെലവും ഔദ്യോഗികമായ ഓഡിറ്റിനു പുറത്താണ്. ദേശീയ രഹസ്യമാകയാൽ ഒരിക്കലും വസ്തുതപരമായ വിവരവും ഡാറ്റയും പൊതുസമക്ഷം ലഭ്യമായിരിക്കുകയുമില്ല.
മലയാളിയുടെ
യുദ്ധാനുഭവങ്ങൾ
ഒന്നാം ലോക മഹായുദ്ധം മുതൽക്കേ രാജ്യാന്തരീയ യുദ്ധാനുഭവം മലയാളിക്കുണ്ട്. 1921-ലെ മലബാർ കലാപത്തിൽ, ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു മടങ്ങിവന്ന സൈനികർ കലാപകാരികൾക്ക് പരിശീലനം നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിലും, സുഭാഷ് ചന്ദ്രബോസിന്റെ ഐ എൻ എയിലുള്ള പങ്കാളിത്തംവഴി യുദ്ധാനുഭവങ്ങൾ മലയാളിക്കു പകർന്നുകിട്ടിയിട്ടുണ്ട്. നാല്പതുകൾ മുതൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്‌മയും നിമിത്തം സൈനികവൃത്തിയിലേക്ക് മലയാളികൾ റിക്രൂട്ട്മെന്റ് തേടി പോയ കഥകളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കോവിലന്റെയും നന്തനാരുടെയും എഴുത്തിലൂടെ പട്ടാള അനുഭവങ്ങളുടെ സന്ദിഗ്ദ്ധവും സങ്കീർണവുമായ തലങ്ങൾ മലയാളിയുടെ അനുഭവസീമകളെ വികസ്വരമാക്കിയിട്ടുണ്ട്. മലയാളികൾ സൈന്യത്തിൽ ചേരുന്നതിനുശേഷം അനുഭവേദ്യമായ യാഥാർഥ്യമാണ് സാഹിത്യത്തിൽ എഴുതപ്പെട്ടത്. അപ്പോഴും മലയാളിക്ക് നേരിട്ടുള്ള യുദ്ധാനുഭവം തീർത്തുണ്ടായിരുന്നില്ല എന്നുതന്നെ പറയാം, 1962-ലെ ചൈന യുദ്ധമാണെങ്കിലും 71- ലെ ബംഗ്ലാദേശ് വിമോചനയുദ്ധമാണെങ്കിലും, യുദ്ധാനുഭവം എന്ന നിലയിൽ അത് വിദൂരത്തായിരുന്നു.
യഥാർത്ഥത്തിൽ യുദ്ധക്കെടുതി മലയാളിയുടെ ജീവിതവ്യവസ്ഥകളെ സങ്കീർണമാക്കുന്നത് ഇറാക്കിന്റെ കുവൈത്ത് ആക്രമണത്തോടെയാണ്. ഗൾഫ് യുദ്ധം മലയാളി ഡയസ്പോറയെ ക്ഷതമേല്പിച്ചു. യുദ്ധത്തിന്റെ ഭീകരത അനുഭവവേദ്യമായി. നാട്ടിലേക്ക് മടങ്ങാൻ ദീർഘദൂരം വാഹനവ്യൂഹത്തിൽ ചേരേണ്ടിവന്നു. വെള്ളവും ഭക്ഷണവും ലഭിക്കാനുള്ള കഠിന ബുദ്ധിമുട്ടും പ്രവാസികൾക്ക് നേരിടേണ്ടിവന്നു. യാതനഭരിതമായ ഗൾഫ് യുദ്ധാനുഭവം പ്രവാസി മലയാളികളിലെ ഒരു വലിയ വിഭാഗമെങ്കിലും അനുഭവിച്ചു. തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മലയാളിജീവിതത്തെ ഉലച്ചു. ഈയൊരു ദൈന്യാനുഭവം പശ്ചിമേഷ്യയിൽ എപ്പോഴൊക്കെ യുദ്ധമുണ്ടാകുമ്പോഴും മലയാളിയുടെ മനസ്സിലുണ്ടാകും. ജി സി സി രാജ്യങ്ങളെ ഇറാൻ ആക്രമിക്കുമ്പോൾ ഓരോ മലയാളിയുടെ ഉള്ളിലും ഭീതി പടരുന്നുണ്ട്. ഓരോ മലയാളിയുടെ ആരെങ്കിലും ഗൾഫ് രാജ്യങ്ങളിലുണ്ടാകും. ഗൾഫ് മാത്രമല്ല, യുദ്ധത്തിന്റെ നിഴൽ യൂറോപ്പിലും അമേരിക്കയിലും വീഴുമ്പോഴും മലയാളിക്ക് ഒരു ആന്തലുണ്ടാകും.

ഇസ്രായേൽ ഗാസ ആക്രമിക്കുകയും ഹമാസ് തിരിച്ചടിക്കുകയും ചെയ്തപ്പോൾ ഇസ്രായേലിൽ കെയർ ജോലികൾക്ക് പോയ മലയാളികൾ അനുഭവിച്ച സംഘർഷാവസ്ഥ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിൽ ജോലി ചെയ്യ്തിരുന്ന സൗമ്യ സന്തോഷ് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധം മലയാളിയുടെ പ്രവാസ ജീവിതം സംഘർഷഭരിതവും യാതനാപൂർണവുമാക്കി. യുദ്ധക്കെടുതി ജീവിതവ്യവസ്ഥകളെ തകിടം മറിക്കുന്ന സമയത്ത് ഒരു വിഭാഗം മലയാളികൾ സൈബർ ലോകത്ത് യുദ്ധവെറി ആഘോഷിക്കുന്നതും കാണാം. ഇസ്രയേലിന്റെ ഗാസ ആക്രമണസമയത്ത് പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുബോൾ, അത്യാവേശത്തിൽ ഇസ്രയേലിന്റെ യുദ്ധവിജയത്തെക്കുറിച്ചും ഫുട്ബോൾ മാച്ച് കമന്റ്റി എന്ന പോലെ, ഘോര ഘോരം ആവേശം വിതറുന്ന സയണിസ്റ്റ് വിജയത്തെക്കുറിച്ചുള്ള യുട്യൂബ് വിവരണങ്ങൾ മലയാളത്തിൽ സജീവമായിരുന്നു.
ഇസ്രായേൽ വിദൂരരാജ്യമായിരുന്നിട്ടും, ഇസ്രായേലുമായി മലയാളിയുടെ സമ്പർക്കം താരതമ്യേന മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളെക്കാൾ കുറവായിരുന്നിട്ടും, സയണിസ്റ്റ് രാഷ്ട്രത്തിന് ഇത്ര ആരാധകരോ എന്ന് പലരും അത്ഭുതം കൂറിയിട്ടുണ്ടാവും. മലയാളിക്ക് യുദ്ധം നേരിട്ടുള്ള അനുഭവമല്ലാത്തതിനാൽ ഏതു യുദ്ധവും ആഘോഷിക്കാൻ മുൻപന്തിയിലുണ്ടാകും. അപര-ശത്രുവിനെ നിഗ്രഹിക്കുക എന്നൊരു വംശീയബോധം യുദ്ധാഘോഷത്തിനു ഹേതുവാകുന്നുണ്ടെന്നുവേണം അനുമാനിക്കാൻ. യുദ്ധക്കെടുതികൾ തങ്ങളുടെ ഗ്രാമീണമായ നാഗരിക ജീവിതത്തിന് ഒരു മാറ്റവും വരുത്തില്ല എന്ന മൂഢവിശ്വാസത്തിൽ യുദ്ധരംഗത്ത് തീയുമായി പായുന്ന മിസൈലുകളും ബോംബ് വർഷവും തൃശൂർ പൂരത്തിലെ വെടിക്കെട്ടിന്റെ കൗതുകത്തോടെ ഈക്കൂട്ടർ കണ്ടാസ്വദിക്കുന്നു.
മലയാളി ഏറ്റവും ഭയപ്പാടോടെ കാണുകയും വെറുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ മലയാളിയുടെ ജീവിതാനുഭവത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും വെറുക്കുന്ന മലയാളി, വലിയ സ്കെയിലിലുള്ള യുദ്ധം ആകാംഷയോടെയാണ് കാണുകയും ഒരുവേള ആസ്വദിക്കുകയും ചെയ്യുന്നതെന്നത്, മലയാളിയുടെ വിചിത്രമായ മാനസികസ്ഥിതിയെ വെളിവാക്കുന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ എപ്പോഴും സംഭവിക്കാവുന്നതും യുദ്ധം തീർത്തും വിദൂരവും അന്യവുമായ അനുഭവമായതും കൊണ്ടാകണം, യുദ്ധത്തെക്കുറിച്ച് അതിശയോക്തി കലർന്ന വാർത്തകളും ദൃശ്യങ്ങളും അർദ്ധസത്യം മാത്രമായ വിവരണങ്ങളും മലയാളികൾ ഇഷ്ടപ്പെടുന്നതും പ്രചരിപ്പിക്കുന്നതും.
നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മലയാളിയുടെ യുദ്ധാനുഭവം എന്നാൽ രാവിലെ മുതൽ വൈകീട്ട് വരെയുള്ള "യുദ്ധപ്രഭുക്കളു’’ടെ പരിചമുട്ടലും അതിനുശേഷമുള്ള കള്ളുകുടിയുമായിരുന്നു, യുദ്ധത്തെ ഇത്രയും സമാധാനപരമായി കണ്ട ഒരു പാരമ്പര്യത്ത പരിഹസിക്കുകയല്ല. യുദ്ധത്തെ ഇത്രയും 'നിർമ്മമത'യോടെ കാണാനുള്ള ഒരു മാനസികാവസ്ഥ ഒരുപക്ഷെ മലയാളിക്ക് ചരിത്രപരമായി സിദ്ധിച്ചത്, ലോകസമാധാനത്തിനു തന്നെ ഗുണകരമായിരിക്കും.
യൂറോപ്പിൽ 18-ാം നൂറ്റാണ്ടിൽ ഇമ്മാനുവൽ കാന്റ് അനുസ്യുതമായ സമാധാനത്തെക്കുറിച്ചു ചിന്തിച്ചിരുന്നപ്പോൾ അന്നത്തെ "മലയാളികൾ"ക്ക് യുദ്ധം വെറുതെ വാളും പരിചയും പിടിച്ചു നടക്കലും ജാതിജീവിതവ്യവസ്ഥയെ സംരക്ഷിക്കലും മാത്രമായിരുന്നു. ശരിക്കും ആലോചിച്ചാൽ ഹെഗൽ ഭാരതീയരെക്കുറിച്ചു പറയുന്ന ധൈര്യക്കമ്മിയോടൊപ്പം മലയാളിപ്രഭുത്വത്തിന്റെ സവിശേഷമായ സമാധാനപ്രിയത്വം കൂടി രേഖപ്പെടുത്തപ്പെടേണ്ടതാണ്.

യുദ്ധാഖ്യാനം കേന്ദ്രസ്ഥാനത്തുള്ള ഭാരതത്തിന്റെ ഇതിഹാസങ്ങൾ (epics) ഭൂരിപക്ഷമായ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും യുദ്ധവിരുദ്ധത ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നു പറയുന്നത് അഹിംസയുടേതായ ഒരു ബൗദ്ധ ബദൽ പാരമ്പര്യത്തിന്റെ സ്വാധീനം നിമിത്തമാകണം.
മലയാളികളുടെ മാധ്യമ -ദൃശ്യസമൂഹമാധ്യമ യുദ്ധാഘോഷങ്ങൾ മലയാളത്തിന്റെ മഹാപ്രതിഭ കുഞ്ചൻനമ്പ്യാർ പരിഹസിച്ചവിധം വാളേന്തി വീടിനു ചുറ്റും മണ്ഡിനടക്കലാണ്. അപ്പോഴും കടൽകടന്നുപോയ വിദേശമലയാളികളുടെ ഒരു ബൃഹത് മനുഷ്യസഞ്ചയം യുദ്ധം സൃഷ്ടിക്കുന്ന കടുത്ത യാതനകളെ അനുനിമിഷം അഭിമുഖീരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
(അവസാനിക്കുന്നില്ല)
